Main Menu

മുത്തപ്പൻ

Muthappan | Malayalam story

മുത്തപ്പനെ മുണ്ടൂർക്കരയിൽ അവസാനമായി കണ്ടത് അന്നായിരുന്നു. ഇഞ്ചി ചതച്ചു ചേർത്ത പതിവുള്ള ചായയും വാങ്ങികുടിച്ച് ബർക്കത്തിന്റെ പീടികയിൽ നിന്ന് അയാൾ മുണ്ടൂർക്കടവിലേക്ക് നടന്നു- ഉരുളൻ കല്ലുകൾക്ക് മേൽ, കരിയിലകൾക്ക് മേൽ- ദൃഢമായി ചുവടുകൾ വെച്ച്. മുണ്ടൂർപ്പുഴ പുണർതം ഞാറ്റുവേലയിൽ ഭീതിദമായ ഭംഗിയോടെ കരകവിഞ്ഞൊഴുകിയിരുന്നു. എത്രയടിയൊഴുക്കിലും മുണ്ടൂർ പുഴ നീന്തിക്കടക്കാൻ കെൽപ്പുള്ള രണ്ടുപേരേ ഇതുവരെയ്ക്കും മുണ്ടൂർക്കരയിൽ ജീവിച്ചിരുന്നിട്ടുള്ളൂ .ഒന്ന് മുത്തപ്പനാണ്. പിന്നെയൊരാൾ ഔതയും. പണ്ടിതുപോലെ കരകവിഞ്ഞൊഴുകിയ ഇതേ പുഴയുടെ തീരത്താണ് കോലാഞ്ചി എന്ന നായാടിപ്പെണ്ണ് മുത്തപ്പനെ പെറ്റിട്ടത്. ചോരയിൽ പൊതിഞ്ഞു കിടന്ന മുത്തപ്പനെ മഴ അതിന്റെ നീളൻ വെള്ളിനൂലുകളാൽ തുടച്ചെടുത്തു.

മുത്തപ്പൻ ആഞ്ഞുവീശി നടന്നു. നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്ന മഴയിൽ മുണ്ടൂർക്കടവ് വിജനമായിക്കിടന്നു. മുത്തപ്പന്റെ അരക്കെട്ടിൽ ഒരു കൊലക്കയർ, അവനത് ഒന്നുകൂടി വരിഞ്ഞു മുറുക്കി കെട്ടി പതുക്കെ പുഴയിലേക്കിറങ്ങി.കൂടുതൽ ആഴങ്ങളിലേക്ക്, കൂടുതൽ കൂടുതൽ ആഴങ്ങളിലേക്ക്. വെള്ളത്തിന്നടിയിൽ എത്രനേരം വേണമെങ്കിലും ശ്വാസം പിടിച്ചു നിൽക്കാൻ മുത്തപ്പനാവും.മുണ്ടൂർപ്പുഴയുടെ അടിത്തട്ടുകളിൽ എത്രയോ തവണ, എത്രയോ നേരം മുങ്ങിക്കിടന്നിട്ടുണ്ട് മുത്തപ്പൻ. അവനെ ആ വിദ്യ പഠിപ്പിച്ചതും പുഴ തന്നെയാണ്. ഇടയ്ക്കിടെ അവന്റെ ആത്മാവിലെ പകയുടെയും പ്രതികാരത്തിന്റെയുമലകൾ കുമിളകളായി തികട്ടി അടിത്തട്ടിൽ നിന്നും മേലോട്ടുയർന്ന്, മുകൾപരപ്പിൽ വന്നു പൊട്ടിത്തെറിച്ചു.

വരും ! ഔത കടവിൽ കുളിക്കാൻ വരും.ഒറ്റയിഴ തോർത്ത്മാത്രം ചുറ്റി, മേലാസകലം എണ്ണതേച്ചു പിടിപ്പിച്ച് ദീർഘകായനായ ഒരാൾ . മഴയിൽ മുണ്ടൂർപ്പുഴയിൽ കുളിക്കുന്നതാണ്, പറയത്തി പെണ്ണുങ്ങളുടെ കൊഴുത്ത ശരീരങ്ങളുടെ നിന്മോന്നതങ്ങളിൽ മുഖം പൂഴ്ത്തുന്നത് കഴിഞ്ഞാൽ പിന്നെ അയാൾക്ക് ഏറ്റവും പ്രിയമുള്ള വിനോദം . ഇന്ന് ഔതയുടേത് അവസാനത്തെ കുളിയാണ്. ഔതക്ക് അന്ത്യകൂദാശ മുണ്ടൂർപ്പുഴയിൽ തന്നെ . റാണിമോളുടെ മൃദുമേനിയെ ആർത്തിയോടെ നുകർന്ന സമയത്ത് അവളുടെ കണ്ണീർ കണ്ട് ക്രൂരമായാനന്ദിച്ച ഔത ഇന്ന് ശ്വാസമെടുക്കാനാകാതെ പുഴയുടെ നിലകിട്ടാത്ത ആഴങ്ങളിൽ പിടഞ്ഞു കരയും. ഇരയെ കാത്തുകിടക്കുന്ന വന്യമൃഗത്തിന്റെ ജാഗ്രതയോടെ മുത്തപ്പൻ പുഴവെള്ളത്തിൽ ഒളിച്ചു. പുഴ മുത്തപ്പനെ അമ്മയെപ്പോലെ അവളുടെ ഞൊറിവുകൾക്കിടയിൽ ഒളിപ്പിച്ചു പിടിച്ചു.

അങ്ങനെയങ്‌ മുണ്ടൂർക്കരക്കാരനാവുകയായിരുന്നു മുത്തപ്പൻ, അവന്റെ പിറവിക്കും നാളുകൾക്ക് മുൻപേ . മുണ്ടൂർക്കരയുടെ കാവൽക്കാരനാവുക എന്നതായിരുന്നു അവന്റെ നിയോഗം തന്നെ. നാട്ടുവഴികളിൽ, മുണ്ടൂർ പുഴയുടെ ഓളങ്ങളിൽ, അനേകമനേകം കാറ്റേറ്റ്, മഴയിലും വെയിലിലും, നിശബ്‌ദമായ ഇരുട്ടിലും നിലാവിലും മുണ്ടൂർക്കരയിലെ പാപവിത്തുകൾക്ക് മേലേ അവൻ വളർന്നുവന്നു.

കാലാന്തരങ്ങൾക്കപ്പുറത്ത് ഒരു മഴക്കാലത്ത് തന്നെയായിരുന്നു കോലാഞ്ചി നിറവയറുമായി മുണ്ടൂർക്കരയിലെത്തിയത്. നനഞ്ഞ് ദേഹത്തോടൊട്ടിയ വെളുത്ത ഉടുമുണ്ടിനിടയിലൂടെ അവളുടെ വയറിലേക്കും വെള്ളം നിറഞ്ഞ പൊക്കിൾകുഴിയിലേക്കും മുണ്ടൂർക്കരയിലെ ആണുങ്ങളെല്ലാം കൊതിയോടെ നോക്കി നിന്നു. കൂട്ടത്തിൽ ഔതയും. മുണ്ടൂർക്കരയിൽ പാപങ്ങളുടെ വിത്ത് പാകിയ വരത്തനാണ് ഔത. ദാവീദ് മരണപ്പെട്ടപ്പോൾ ഒരുദേശം മുഴുവനായും മേരിയെയും അവളുടെ പൊടിക്കുഞ്ഞ് റാണിമോളെയും നോക്കി നിന്ന് സഹതപിച്ചു. പാവങ്ങൾ. അവള്ടെയാകെയുള്ള ആൺ തുണയല്ലേ പോയത്. ഇനി ഒറ്റക്ക് ഈ പെണ്ണെങ്ങനെ? എന്ന് ചോദിച്ചുകൊണ്ട് വ്യസനിച്ചു. അപ്പോഴാണ് ഇട്ടുമൂടാനുള്ള സമ്പാദ്യവുമായി രക്ഷന്റെ വേഷത്തിൽ ഔത പ്രത്യക്ഷപ്പെട്ടത്. . മേരിയെ ഔതക്ക് ബോധിച്ചു. അവളെ കെട്ടി.നാട്ടുകാർ ഔതയെ വാനോളം പുകഴ്ത്തി, എന്ത് നല്ല മനുഷ്യൻ, എന്തൊരു ദയാവായ്പ്പ്.. പിന്നെപ്പിന്നെ രക്ഷകൻ ശിക്ഷകനായി മാറിയത് മുണ്ടൂർക്കരക്കാർ തിരിച്ചറിഞ്ഞു. ആദ്യമറിഞ്ഞത് പറയത്തി പെണ്ണുങ്ങളും അവരുടെ ഭാർത്താക്കന്മാരുമായിരുന്നു. അപ്പോഴേക്കും വെട്ടിയിടാനാവാത്ത വിധം മുണ്ടൂർക്കരയെയാകെ നിഴലിൽ വീഴ്ത്തിക്കൊണ്ട് ഔത ഒരു വന്മരമായി പടർന്നുപന്തലിച്ചു . ഔത വിതച്ച പാപത്തിന്റെ വിത്തുകൾ കരിമ്പന കാറ്റുകളിൽ അവിടമാകെ പാറി നടന്നു. നനവുള്ളിടത്ത് വീണ് മുളപൊട്ടി. ഇനി മുണ്ടൂർക്കരക്ക് ഒരു രക്ഷകൻ വേണം. മുത്തപ്പനാണ് മുണ്ടൂർക്കര കാത്തിരുന്ന ആ രക്ഷകൻ. കോലാഞ്ചിയുടെ വയറിനുള്ളിൽ കിടന്ന് തന്നെ അവനത് തിരിച്ചറിഞ്ഞു.

കൊതിയോടെ നിന്ന ഔതയെ നോക്കി മുറുക്കാൻ കാർക്കിച്ചു തുപ്പി നിറവയറും തുണിഭാണ്ഡവുമായി കോലാഞ്ചി പതുക്കെ മുണ്ടൂർക്കരയുടെ നാട്ടുവഴികളിൽ അലിഞ്ഞു ചേർന്നു. ‘എന്തൊരു മൊതലാടാ ആ പെണ്ണ് ! ഒന്ന് വീശി നോക്കണമല്ലോ’ ഔത ശിങ്കിടികളോട് പറഞ്ഞു. ‘മൊതലാളി ആശിച്ചാൽ നടക്കാത്തതായി ഈ കരയിൽ എന്തുണ്ട്’ എന്ന് ശിങ്കിടി സംഘം മുറുമുറുക്കെ ചിരിച്ചു. ഔതയും.

വയറും താങ്ങി പിടിച്ച് മുണ്ടൂർക്കരയിലെ വീട്ടുമുറ്റങ്ങളിൽ ഏഴടി മാറി നിന്ന് കോലാഞ്ചി ‘ഏയ്‌ അമ്മോ’ എന്ന് നീട്ടി വിളിച്ചു. അകത്തളങ്ങളിൽ നിന്ന് കെട്ടിലമ്മമാരോ പണിക്കാരിത്തികളോ വന്ന് നായാടിപ്പെണ്ണിന് ഭിക്ഷ നൽകി. ചിലർ മാറിയുടുക്കാൻ തുണി, ചിലർ ഒന്നോ രണ്ടോ രൂപ, മറ്റു ചിലരോ, വാഴയിലയിൽ ഒരുനേരത്തെ ഭക്ഷണം. തരുന്നത് എന്ത് തന്നെയായാലും അത് സവിനയം സ്വീകരിച്ച് നായാടിമുത്തി അനുഗ്രഹിക്കുമെന്ന് ചൊല്ലി കോലാഞ്ചി അടുത്ത വീടുകളിലേക്ക് നടന്നു ചെല്ലും. വീടുകൾ തോറുമങ്ങനെ കയറിയിറങ്ങും. ഔതയുടെ പറമ്പിൽ മാത്രം അവൾ കയറിയില്ല .മറച്ചു കെട്ടിയ വളപ്പിനകത്തേക്ക് നോക്കുക പോലും ചെയ്തില്ല. അവിടെ പാപത്തിന്റെ ഇരുട്ട് മൂടി നിന്നു. ഇടയ്ക്കിടെ റാണിമോളെ മാത്രം ഇരുട്ടിലെ ഒരുതരി പ്രകാശമെന്നപോലെ പടിപ്പുരയിൽ കണ്ടു. കോലാഞ്ചിയെ കാണുമ്പോൾ അവൾ പടിപ്പുരയിൽ ചാരി നിന്ന് അവളുടെ നിറവയറിലേക്ക് കൗതുകത്തോടെ നോക്കി ചിരിച്ചു. അവൾക്കറിയാം, അതിനുള്ളിൽ ഒരു ജീവനുണ്ട്. അതിന് ഭൂമിയിലേക്ക് വരണം. എപ്പോഴായിരിക്കും അത് സംഭവിക്കുക. ചായപ്പീടികക്കാരൻ ബർക്കത്ത് ദാനം നൽകിയ മൂന്ന് കെട്ട് ഓല മറച്ചു കെട്ടിയാണ് കോലാഞ്ചി മുണ്ടൂർപ്പുഴയുടെ തീരത്ത് ഒരു കുടിൽ കെട്ടിയത് . രണ്ടുപേർക്ക് കഷ്ടിച്ച് നിന്നു തിരിയാൻ മാത്രമിടമുള്ള ഒരു കൂര. അങ്ങനെ കോലാഞ്ചി മുണ്ടൂർക്കരക്കാരിയായി, പിറവിക്ക് ശേഷം മുത്തപ്പനും.

മഞ്ഞ് മുണ്ടൂർക്കരയെ പൊതിയുന്ന ചില തണുത്തുറഞ്ഞ രാത്രികളിൽ പനങ്കള്ള് കുടിച്ച് ലക്കുകെട്ട് ഔതയോ ഔതയുടെ ശിങ്കിടികളോ കോലാഞ്ചിയുടെ ഓലപ്പുരക്ക് പിറകിൽ ഒളിച്ചിരിക്കാറുണ്ട്. ഓലപ്പുരയുടെ വിടവുകളിലൂടെ അവൾ മലർന്നു കിടന്നുറങ്ങുന്നത് നോക്കി നിന്ന് അവർ വെള്ളമിറക്കും. ചിലപ്പോൾ നഗ്‌നമായ അവളുടെ മുലക്കണ്ണികളിൽ ചപ്പി വലിക്കുന്ന മുത്തപ്പനെ കാണാം. ‘എടിയേ.. നെന്റെ മൊല ഇച്ചിരി ഞങ്ങക്കും കൂടി താട്യേ..ഒന്ന് ചപ്പാനാണ്ടി ‘എന്ന് ഓലവിടവുകളിലൂടെ കണ്ണെത്തി പറയും ഔതയും കൂട്ടരും. മുത്തപ്പനെ നെഞ്ചത്ത് നിന്ന് മാറ്റി കിടത്തി കോലാഞ്ചി വലിഞ്ഞു മുറുകിയ പേശികളും കോട്ടിപ്പിടിച്ച ചുണ്ടുമായി സർവ്വശക്തിയുമെടുത്ത് ഓലപ്പുര വാതിൽ തുറന്ന് പുറത്ത് വരും .. വളഞ്ഞ തലയുള്ള അവളുടെ നീളൻ വാക്കത്തി ആഞ്ഞു ചുഴറ്റിവീശി ‘പ്ഫാ.. മയിരോളേ.. ന്നാണ്ടാ.. കാണ്റാ ന്റെ മൊല. വന്ന് ചപ്പെറാ ‘ എന്ന് പറഞ്ഞ് മുല കാണിച്ചു നിൽക്കും. അപ്പോൾ അവളുടെ പനങ്കുലത്തലമുടി മുണ്ടൂർകാറ്റിൽ അഴിഞ്ഞുലയും.പാറിപ്പറക്കും.’ഇവളാരാപ്പാ.. യക്ഷിയാണ്ടാ..ദേവ്യാണ്ടാ ? ‘കാറ്റിൽ മുടിയഴിച്ച്, മുലകൾ പ്രദർശിപ്പിച്ച് വാളോങ്ങി നിൽക്കുന്ന കോലാഞ്ചിയെ നോക്കി നടുക്കത്തോടെ അവർ ചോദിക്കും. അവളുടെ ശബ്ദത്തിന്റെ തീവ്രതയിൽ മുണ്ടൂർക്കരയിലെ ആണുങ്ങളെല്ലാം അടിമുടി നിന്നു വിറച്ചു .കോലാഞ്ചിയുടെ തീപ്പൊരി ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി നിൽക്കാനുള്ള ധൈര്യമില്ലാതെ ആൺകൂട്ടം മുണ്ടും പൊക്കിയോടുന്നത് നോക്കി നിന്ന് കോലാഞ്ചി പറയും -‘ഒന്ന് പോയേണ്ടാ.. നെന്റെയൊക്കെ തന്തമാര് ന്റെ മുന്നിലാ നിന്ന് തൂറ്റും.പിന്നെയല്ലേ.. തായോളി മക്കളെ നേയൊക്കെ ‘.. വാതിലും ചാരി അഴിഞ്ഞുവീണ മുടി വാരിക്കോതി കോലാഞ്ചി പിന്നെയും മുത്തപ്പനെ നെഞ്ചത്ത് കിടത്തും. ഒരു കൈയിൽ വാക്കത്തി. ഒരു കൈ മുത്തപ്പന്റെ പുറത്ത്. അമ്മയുടെ മാറോട് ചേർന്ന് കിടന്ന് മുത്തപ്പനുറങ്ങും. ഉറങ്ങുമ്പോൾ അവൻ കേൾക്കുന്നത് അമ്മയുടെ നെഞ്ചിടിപ്പാണ്. കാരിരുമ്പിന്റെ കരുത്തുള്ള മിടിപ്പ്. അങ്ങനെ കിട്ടിയതാണ് മുത്തപ്പനീ ധൈര്യം. കുത്തിയൊലിച്ചുവരുന്ന മുണ്ടൂർപ്പുഴ മുറിച്ചു കടക്കാനും , ഔതയെ ആഴങ്ങളിൽ കെട്ടിത്താഴ്ത്താനുമുള്ള ധൈര്യം.

പേറുകഴിഞ്ഞനാളുകളിൽ ഒരിക്കൽ കോലാഞ്ചിയെ കാണാതെ റാണിമോൾ, അവളെ തിരക്കിയാവണം, അല്ലെങ്കിൽ കുഞ്ഞിനെ കാണാനുള്ള കൗതുകംകൊണ്ടാവണം, മുണ്ടൂർക്കടവിലെ അവരുടെ കുടിലിൽ വന്നു. അപരിചിതത്വത്തോടെ വാതിലിനരികെ കാത്ത് നിന്നിരുന്ന അവളെ കോലാഞ്ചി അകത്തേക്ക് വിളിച്ചു കുഞ്ഞിനെ കാണിച്ചു. റാണിമോൾ മുത്തപ്പന്റെ വിരലുകളിൽ സ്പർശിച്ചു. കുഞ്ഞുവിരലുകളുടെ മാർദ്ദവം അവളെ ഇക്കിളിപ്പെടുത്തി. അവൾ കോരിത്തരിച്ചുകൊണ്ട് കൈപിൻവലിക്കാൻ ശ്രമിച്ചു. പക്ഷേ മുത്തപ്പൻ അവളുടെ വിരലുകളിൽ മുറുകെ പിടിച്ചു കിടന്നു..

‘കണ്ടാ.. വാവേണ്ടീ.. ചേച്ച്യേ ഇഷ്ടായീട്ടാ.. എടുത്തോട്യേ നീയ്യ് . ‘കോലാഞ്ചി പറഞ്ഞു. അവൾ മുത്തപ്പനെ റാണിമോളുടെ മടിയിൽ വെച്ചുകൊടുത്തു. തുണിയില്ലാതെ കിടക്കുന്ന മുത്തപ്പന്റെ ‘കിണിമണിയിൽ’ നോക്കി റാണിമോൾ നാണത്തോടെ ചിരിച്ചു. കോലാഞ്ചി അതുകണ്ടു പൊട്ടിച്ചിരിച്ചു. ‘പേരെന്താ വാവക്ക്? ‘ റാണിമോൾ ചോദിച്ചു.

‘നായാടിമുത്ത്യാ തന്ന കുട്ട്യാണെ.. അപ്പൊ എന്താണ്ടീ വിളിക്ക്യാ.. മുത്തപ്പാ ന്ന് ‘..

‘മുത്തപ്പാ.. മുത്തപ്പാ. മുത്തപ്പാ’ റാണിമോൾ വിളിച്ചു. പക്ഷേ മുത്തപ്പൻ പ്രതികരിച്ചില്ല, അവളെ വെറുതേ തുറിച്ചുനോക്കിയതല്ലാതെ . റാണിമോളോട് മാത്രമല്ല, ആര് വിളിച്ചാലും മുത്തപ്പന് സംസാരിക്കാൻ കഴിയില്ലായിരുന്നു. മുത്തപ്പന്റെ വായിൽ നാക്കിന് പകരം നൂലു പോലെയെന്തോ തൂങ്ങിനിന്നാടി. എല്ലാം കണ്ടും കേട്ടും വീശിയടിക്കുന്ന മുണ്ടൂർക്കാറ്റിൽ കരിമ്പനയോലയിളക്കങ്ങൾക്കൊപ്പം നിശബ്ദനായി മുത്തപ്പൻ അങ്ങനേ വളർന്നു. പിന്നെയൊരു മലമ്പനിക്കാലത്ത് കോലാഞ്ചി മരിച്ചുപോകുമ്പോഴും മുത്തപ്പൻ നിശബ്ദനായി നിന്നു.ഒരജ്ഞാത ജീവിപുറപ്പെടുവിക്കും വിധമൊരു മുരൾച്ച മാത്രം അവന്റെ അടഞ്ഞുപോയ തൊണ്ടക്കുഴിയിൽ നിന്ന് പുറത്ത് വന്നു. അതവന്റെ കരച്ചിലായിരുന്നു. കോലാഞ്ചി അവസാന ശ്വാസം വലിക്കുന്ന നിമിഷം അവരുടെ ഓലക്കൂരക്കുള്ളിൽ റാണി മോളുമുണ്ടായിരുന്നു. തന്നോളം വളർന്ന മുത്തപ്പനെ അടുത്തേക്ക് വിളിച്ച് കോലാഞ്ചി അവളുടെ മാറിൽകിടത്തി.അമ്മയുടെ ഹൃദയമിടിപ്പ് കേട്ടുകൊണ്ട് മുത്തപ്പൻ ഏറെനേരം കണ്ണുകളടച്ച് കിടന്നു. ഒടുവിൽ ആ നിമിഷത്തിന്റെ അവസാനമാത്രയിൽ കോലാഞ്ചി അവളുടെ വളഞ്ഞതലയുള്ള വാക്കത്തിയും തുമ്പിൽ വെള്ളികെട്ടിയ ചൂരലും മുത്തപ്പന് നേരെ നീട്ടി പറഞ്ഞു -‘നേര് കെട്ട് ജീവിക്കരുത്.. നീ മുത്തപ്പനാണ്. മുണ്ടൂർക്കരയുടെ മുത്തപ്പൻ. ചേച്ച്യേ നോക്കിക്കോളോട്ടാ’. മുത്തപ്പൻ ചൂരലും വാക്കത്തിയും കൈകളിൽ വാങ്ങി. കോലാഞ്ചിയുടെ കണ്ണുകൾ പതുക്കെയടഞ്ഞുപോയി . തനിക്ക് കൈമുതലായി ആകെയുണ്ടായിരുന്ന ചങ്കിലെ ഊറ്റം മുഴുവൻ മുത്തപ്പന് പകർന്നു കൊടുത്ത് കോലാഞ്ചി മരിച്ചുപോകുകയാണ്. ശവം മുണ്ടൂർപ്പുഴയുടെ തീരത്ത് കുഴിച്ചിട്ട് മുത്തപ്പൻ പുഴയിൽ മുങ്ങി. മുങ്ങി നിവർന്നു. പൊങ്ങി വരുമ്പോൾ അവന്റെ ഒരു കൈയിൽ വാക്കത്തി, മറുകൈയിൽ ചൂരൽ. മുത്തപ്പൻ മുണ്ടൂർക്കരയുടെ രക്ഷകനായി മാറുകയായിരുന്നു.

കോലാഞ്ചി മരിച്ചുപോയ രാത്രിയാണ് മുത്തപ്പനെ എന്നെന്നേക്കുമായി ഔത ശത്രുവായി പ്രഖ്യാപിച്ചത്. ഇരുട്ട് പരന്ന ഓലപ്പുരയിലിരുന്ന് നിശബ്ദം കരയുകയായിരുന്നു അവൻ. ഓലപ്പുരയുടെ വാതിൽ തള്ളി തുറന്ന് ഔത അകത്ത് കയറി. മുത്തപ്പൻ പേടിച്ചൊരു കോണിലേക്കൊതുങ്ങി.

‘നീ പേടിക്കണ്ടടാ ചെർക്കാ. നിനക്ക് ഞാനില്ലേ. ‘ഔതയുടെ വിരലുകൾ മുത്തപ്പന്റെ ചുണ്ടുകളെ സ്പർശിച്ചു. പിന്നെ കഴുത്തിലൂടെ. പതുക്കെ താഴേക്ക്. ‘നെന്റെ അമ്മ ഒരു മൊതലായിരുന്നു.. അതോ കിട്ടീല.. യ്ക്ക് നേയായാലും മതിട ചെർക്കാ ‘ മുത്തപ്പൻ ഔതയുടെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. ഔത അവന്റെ കൈകളിൽ കടന്നു പിടിച്ചു. ‘നേയാ യ്ക്കൊന്നാ പിടിച്ചു തായോടാ.. എത്ര നാളായീടാ ആരെങ്കിലുമൊന്ന് പിടിച്ചു തന്നിട്ട്. നല്ല കുളിര്.. വാ ‘. ഔത നാക്ക് നീട്ടി ചുണ്ടുകൾ നനച്ചുകൊണ്ട് മുണ്ടഴിച്ചു.മുത്തപ്പന്റെ കൈകൾ ബലമായി പിടിച്ചു വലിച്ച് അയാളുടെ വഴുവഴുത്ത ആണവയവത്തിൽ പിടിപ്പിച്ചു. മുത്തപ്പൻ സർവ്വശക്തിയുമെടുത്ത് കുതറിമാറി, പിന്നെ വാക്കത്തിയെടുത്ത് വീശി. ഔതയുടെ കവിളിൽ നിന്ന് ചോര പൊടിഞ്ഞു. കൈയിൽകിട്ടിയ തുണിഭാണ്ഡവും ചൂരലും വാക്കത്തിയും കൊണ്ട് അവൻ മുണ്ടൂർക്കരയുടെ ഇരുൾവീണ ഇടവഴികളിലൂടെ ലക്ഷ്യമില്ലാതെ ഓടി.ഒരു തരി വെളിച്ചമില്ലാതെ. അന്ന് മുതൽ പുഴയുടെ തീരത്തെ കുടിൽ അവന് എന്നെന്നേക്കുമായി നഷ്ടമായി.ഔത അവന്റെ കുടിലിന് തീവെച്ചു. ഓലക്കൂമ്പാരത്തിൽ നിന്നുയർന്ന് വന്ന തീനാളം ഔതയുടെ കൃഷണമണികളിൽ നിന്ന് ജ്വലിച്ചു . മുണ്ടൂർക്കരയിലെ പീടികത്തിണ്ണകളിലും മരക്കൊമ്പുകളിലുമായി ഇരുട്ടിൽ മുത്തപ്പൻ പിന്നെയും വളർന്നു. മഴയിൽ കരപിന്നെയും പുഴയെടുത്തു. കോലാഞ്ചിയെയും. അമ്മയെ കുഴിച്ചിട്ട മണ്ണും പുഴകൊണ്ടുപോയതോടെ പുഴയായി മുത്തപ്പന്റെ അമ്മ. മുണ്ടൂർക്കര ഉണരുംമുൻപേ മുത്തപ്പൻ പുഴയിൽ മുങ്ങും. ഏറെനേരം പുഴയിൽ നീന്തും.മുങ്ങിക്കിടക്കും. അമ്മയുടെ മാറിൽ തലചേർത്തു വെച്ചതുപോലെ അപ്പോഴൊക്കെ മുത്തപ്പന് തോന്നുമായിരുന്നു.പുഴയുടെ അടിത്തട്ടിൽ ഇളംചൂടുണ്ടായിരുന്നു . അത് കോലാഞ്ചിയുടെ ചങ്കിലെ ചൂടാണ്. പകൽ സമയം ബർക്കത്തിന്റെ ചായപ്പീടികയിൽ അവൻ സഹായിയായി കൂടി. രാത്രി ഏതെങ്കിലും മരക്കൊമ്പിൽ ഉറങ്ങാതെയിരിക്കും . അവൻ മുണ്ടൂർക്കരയുടെ കാവൽക്കാരനായിരുന്നുവല്ലോ. മോഷണത്തിനിറങ്ങുന്ന കള്ളന്മാരുടെ മുന്നിൽ വാക്കത്തിയും ചൂരലുമേന്തി ഭസ്മം വാരിപ്പുതച്ച് വിചിത്രമായൊരു ശബ്ദവും പുറപ്പെടുവിച്ച് ഇരുട്ടിൽ മുത്തപ്പൻ പ്രത്യക്ഷപ്പെടും. മുത്തപ്പനെ കണ്ടു പേടിച്ചു പലരും മുണ്ടൂർക്കരയിൽ ബോധരഹിതരായി വീണു.പേടിച്ചു പനിച്ചു. രാത്രിയിൽ മുണ്ടൂർക്കരയിൽ പേക്കൂത്ത് നടത്താൻ സമൂഹ്യദ്രോഹികൾ ഭയന്നു. അവിടെ ഇരുട്ടിലൊരാൾ കാവലുണ്ട്. .. മുത്തപ്പൻ.. നായാടിമുത്തപ്പൻ. നോക്കി നിൽക്കെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്നവൻ.

ടൈപ്പ് ക്ലാസ്സിന് പോകുമ്പോൾ റാണിമോൾ മുത്തപ്പനെ കാത്ത് നിൽക്കുമായിരുന്നു. അവൾക്കറിയാം മുത്തപ്പൻ എവിടെയുണ്ടാകുമെന്ന്. അവൾക്ക് മുൻപിൽ അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ കൃത്യമായി പ്രത്യക്ഷപ്പെടും. ‘ന്നാ.. ഔലോസുണ്ട. പിന്നെ പൊകലെം’.അവൾ നീട്ടുന്ന ഔലോസുണ്ട നുണഞ്ഞുകൊണ്ട് മുത്തപ്പൻ ടൈപ്പ് ക്ലാസ്സ്‌ വരെ നടക്കും. ക്ലാസ്സ്‌ കഴിയും വരെ കാത്ത് നിൽക്കും. തിരിച്ചു മുണ്ടൂർക്കവല വരെ കൂടെ നടക്കും. മുത്തപ്പൻ കൂടെയുള്ളത് അവൾക്ക് ധൈര്യമായിരുന്നു. വഴിയിൽ പൂവാലന്മാരെല്ലാം മാറി നിന്നു. പേടിയോടെ മുത്തപ്പനെ നോക്കി. ‘അവളെയണ്ട് വിട്ടോട്ട്റാ . അവൾക്ക് മുത്തപ്പൻ സേവണ്ട്’ എന്ന് പറഞ്ഞു. കുർബാന കൊള്ളാൻ പോകുമ്പോഴും അവൾ മുത്തപ്പനെ കൂടെ വിളിക്കും. മുത്തപ്പനാ നേരം പുഴയിൽ മുങ്ങികിടക്കുകയായിരിക്കും. പുഴക്കടവിൽ നിന്ന് അവൾ ‘മുത്തപ്പാ’ എന്ന് നീട്ടി വിളിക്കുമ്പോൾ അവൻ പൊന്തിനിവരും,മുണ്ട് മാറിയുടുത്ത് കൂടെ ചെല്ലും. ‘ടൈപ്പ് ക്ലാസ്സ്‌ പാസായാൽ യ്ക്ക് എവടെങ്കിലും ഒരു പണി കിട്ടും. ന്നട്ട് ഞാൻ നെനക്കൊരു കുഞ്ഞ് വീടാ പണിതു തരും. അവടെ ഒരുത്തീനേം കെട്ടി നേയങ്ങനെ കഴിയും.. ഇല്ലെടാ.. മുത്തപ്പാ ‘ എന്ന് ചോദിക്കുമ്പോൾ മുത്തപ്പൻ ശബ്ദമില്ലാതെ ചിരിക്കും. അപ്പോൾ അവന്റെ മുഖം നാണംകൊണ്ട് തുടുക്കുമായിരുന്നു. മതത്തിനും ജാതിക്കും വർഗ്ഗത്തിനും വർണ്ണത്തിനുമതീതമായി ഊഷ്മളമായൊരു ബന്ധം മുത്തപ്പനും റാണിമോൾക്കുമിടയിൽ, മുണ്ടൂർക്കരക്ക് മേലേ പടർന്നു പന്തലിച്ചത് കാലം നിർവൃതിയോടെ നോക്കി നിന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, മേരി ജീവിച്ചിരുന്നിടത്തോളം വരെ മാത്രമായിരുന്നു റാണിമോളുടെ നല്ലകാലം. പൊടുന്നനെ ഒരു രാത്രി മേരിയുടെ മരണത്തോടെ വെളിച്ചം റാണിമോളുടെ ജീവിതത്തിൽ നിന്നും ഇനിയൊരിക്കലും തിരിച്ചുവരികയില്ലാത്തൊരു ദൂരത്തേക്ക് എന്നെന്നേക്കുമായി പിൻവലിഞ്ഞു . ഔത അവളെ വീട്ടിനുള്ളിൽ പിടിച്ചു വെച്ചു.റാണിമോളുടെ പഠിത്തം മുടങ്ങി. അവൾ പള്ളിയിൽ വരാതെയായി. അവളുടെ ശരീരത്തിന്റെ വളർച്ച ഔതയിലെ ആസക്തികളെ ഉദ്ധരിപ്പിച്ചു. അവിടെ, വളച്ചുകെട്ടിയ മതിൽക്കെട്ടിനുള്ളിൽ നടക്കുന്നതെന്തെന്ന് ആരുമറിഞ്ഞില്ല. മുണ്ടൂർക്കരയുടെ ദൈവവുമറിഞ്ഞില്ല. കാലം മാത്രമായിരുന്നു ഏക ദൃക്‌സാക്ഷി.

എന്നെങ്കിലുമൊരിക്കൽ റാണിമോൾ പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മുത്തപ്പൻ മുണ്ടൂർക്കരയങ്ങാടിയിലെ ഇലഞ്ഞികൊമ്പിലിരുന്ന് എണ്ണിയാൽ തീരാത്ത രാത്രികളെ ഉറങ്ങാതെ വെളുപ്പിച്ചു. പള്ളിപ്പെരുന്നാളിന് അവൾ വരുമെന്ന് ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. റാണിമോൾ വന്നു. പ്രദക്ഷിണം പള്ളിയിലേക്ക് പ്രവേശിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നും ഔതയുടെ കണ്ണുവെട്ടിച്ച് അവൾ മുത്തപ്പനരികിലെത്തി.നീരും കാമ്പും വറ്റി അവളാകെ ഉടഞ്ഞു പോയിരുന്നു. മുത്തപ്പൻ അവളെ വിഷമത്തോടെ നോക്കി നിന്നു. മൗനമായിരുന്നു അവർക്കിടയിൽ ഭാഷ. മുത്തപ്പന്റെ കൈ പതുക്കെ തന്റെ വയറിനോട് ചേർത്തുപിടിച്ചു റാണിമോൾ വിതുമ്പി -ഔത… ഔത ചീത്തയാണ് ‘. മുണ്ടൂർക്കരയുടെ ദൈവത്തിന്റെ കണ്ണിലൂടെ ഇരുട്ട് ആ നിമിഷം തുളച്ചു കയറി. മുഖമുയർത്താതെ അവൾ തിരിഞ്ഞുനടക്കുകയായിരുന്നു. അടുത്ത പകലുദിക്കുമ്പോൾ മുണ്ടൂർപുഴയുടെ മാറിൽ മനസ്സിന്റെ ഭാരമെല്ലാം ഒഴുക്കി കളഞ്ഞുകൊണ്ട് റാണിമോൾ പൊന്തിക്കിടന്നു.ഒഴുകിയൊഴുകി കടവിലടിഞ്ഞു. അവളുടെ വയറാകട്ടെ, വിസ്മയകരമായ വലുപ്പത്തിൽ വീർത്തു നിന്നിരുന്നു. മുത്തപ്പൻ ഇലഞ്ഞികൊ മ്പിലിരുന്ന് ശബ്ദമില്ലാതെ തേങ്ങി. റാണിമോളെയും വഹിച്ചു വിലാപയാത്ര അങ്ങാടിയിലൂടെ കടന്നു പോയി. വഴിയിൽ ഇലഞ്ഞിപ്പൂക്കൾ പൊഴിഞ്ഞു കിടന്നു, ഒപ്പം മുത്തപ്പന്റെ കണ്ണീരും. ദൈവം നിസ്സഹായനായി നോക്കി നിന്നു. രൂപക്കൂട്ടിലെ രൂപങ്ങൾക്കോ കൽപ്രതിമകൾക്കോ മുണ്ടൂർക്കരയെ രക്ഷിക്കാനായില്ല.ചൂരും ചൂടുമുള്ള ഒരു ഗർഭപാത്രത്തിൽ നിന്ന് പിറവിയെടുത്ത ഒരു മനുഷ്യനേ ഇനിയത് സാധിക്കൂ. ഞാൻ തന്നെയാണ് അവൻ. മുണ്ടൂർക്കരയുടെ മുത്തപ്പൻ.ഇനി അന്തിമ വിധി.പ്രായശ്ചിത്തമില്ലാത്ത പാപത്തിന്റെ ഫലം മരണമാണ്. അതു നടപ്പാക്കേണ്ടത് ഞാൻ തന്നെയാണ്. മുത്തപ്പന്റെ മേല്കോരിയേറ്റി.രോമങ്ങൾ എഴുന്നുനിന്നു. തിരിച്ചറിവിന്റെ നിമിഷം വെള്ളികെട്ടിയ ചൂരൽ വടിയും കത്തിയും ഇലഞ്ഞിചുവട്ടിൽ ഉപേക്ഷിച്ച് മുത്തപ്പൻ മുണ്ടൂർ പുഴയിലിറങ്ങി. പുഴയിൽ കോലാഞ്ചിയുണ്ട്. കോലാഞ്ചിയെ അടക്കം ചെയ്ത മണ്ണ് പുഴയുടെ അടിത്തട്ടിൽ അവനെ പുണരാൻ കാത്ത് കിടന്നു. അമ്മയുടെ മാറിലെ ചൂടുമായി..

ഔത വന്നു.
ജലത്തിന്റെ സുതാര്യമായ പാളികളിലൂടെ മുത്തപ്പൻ വ്യക്തമായി ഔതയെ കണ്ടു. ഒറ്റയിഴ തോർത്ത് ചുറ്റി അയാൾ വരികയാണ്. മുണ്ടൂർക്കരയുടെ മണ്ണിൽ എന്നെന്നേക്കുമായി അടക്കം ചെയ്യപ്പെട്ട പറയത്തി പെണ്ണുങ്ങളുടെ ഗദ്ഗദങ്ങളെയും നെഞ്ചുകീറിയ പ്രാക്കുകളെയും ആവാഹിച്ച മഴ കലിതുള്ളി ഔതയുടെ പുറത്ത് വീണു. ഔത പുഴയിലേക്കിറങ്ങാൻ തുടങ്ങുകയാണ്. ഒരു നിമിഷം. അത്രയും വേണ്ടി വന്നില്ല. രണ്ടു കണ്ണിമവെട്ടലുകൾക്കിടയിലെ ഒരു മാത്ര നേരം, അത്രയും നേരമേ വേണ്ടി വന്നുള്ളൂ. ചാട്ടുളി പോലെ മുത്തപ്പൻ ഔതയുടെ കാലിൽ പിടുത്തമിട്ടു, ആഞ്ഞു വലിച്ചു. ഒരിക്കലുമയയാത്ത പിടുത്തം. നിലതെറ്റി ഔത തല തല്ലി വീണു. കണ്ണിൽ ഇരുട്ട് പടർന്നു. ഇരുട്ടിലും അയാൾ മുത്തപ്പന്റെ മുഖം വ്യക്തമായി കണ്ടു. മല്പിടുത്തത്തിൽ ഔതയുടെ കഴുത്തിലെ കൊന്ത പൊട്ടിവീണു. തോർത്തഴിഞ്ഞു. അയാളുടെ കഴുത്തിൽ പല്ലുകൾ ആഴ്ന്നിറങ്ങി.ഒന്ന് പൊന്തി നിവർന്ന് മുത്തപ്പൻ ഔതയുടെ ചുടുരക്തം വായിൽ നിന്നും പുഴവെള്ളത്തിലേക്ക് തുപ്പിക്കളഞ്ഞു. ഓളപ്പരപ്പുകളിൽ ചുവന്ന ചിത്രങ്ങൾ തീർത്ത് രക്തം മുണ്ടൂർപ്പുഴയിൽ കലർന്നു. മുണ്ടൂർക്കര പാപവിമുക്തയാകുന്ന നിമിഷം, കാലത്തിന്റെ അനിവാര്യത. ഔതയുടെ കണ്ണുകൾ മലർന്നു. കൈത ചെടികൾക്കിടയിലേക്ക് അയാളെ വലിച്ചു നീക്കി മുത്തപ്പൻ കാത്തിരുന്നു. നഗ്നനായി കിടന്ന് രക്തം വാർന്ന് ഔത മരിച്ചു. ഔതയുടെ ശവം കല്ലിൽ കെട്ടി മുണ്ടൂർപ്പുഴയിൽ താഴ്ത്തി മുത്തപ്പൻ ഒന്നുകൂടി മുങ്ങി നിവർന്നു. ഇരുട്ടുവോളം കടവിലിരുന്നു. ഒടുവിൽ ഒരുപിടി മണ്ണ് വാരി നെഞ്ചിൽ തേച്ചു പിടിപ്പിച്ച് കരകവിഞ്ഞൊഴുകുന്ന മുണ്ടൂർപ്പുഴ നീന്തികടന്ന് ഇരുട്ടിൽ അലിഞ്ഞു പോയി.

മുണ്ടൂർക്കരയിലെ ഇരുട്ടിന് മേൽ പ്രകാശം പരന്നു. ഔതയുടെ തോർത്തും കൊന്തയും കൈതചെടികൾക്കിടയിൽ കുടുങ്ങി കിടന്നു. ഔത പുഴയിൽ മുങ്ങിയ വാർത്ത നാട് നീളെ പരന്നു. ആയുധങ്ങൾ ഉപേക്ഷിച്ച് മുത്തപ്പൻ അപ്രത്യക്ഷനായത് വിശ്വസിക്കാനാകാതെ മുണ്ടൂർക്കരക്കാർ പരസപരം വാ പൊളിച്ചു നിന്നു. മുണ്ടൂർപ്പുഴ നീന്തി കടക്കാൻ കെൽപ്പുള്ള ഔത എങ്ങനെ മുങ്ങി.? മുങ്ങിയതല്ല. മുക്കിയതാണ്.. ആര്? മുത്തപ്പൻ…? ! ഔതയുടെ ശവം പൊന്തുന്നതും കാത്ത് അവർ പുഴക്കടവിൽ അക്ഷമരായി നിന്നു. ഔതയൊരിക്കലും പൊന്തി വന്നില്ല.. ‘ആരായിരുന്നു മുത്തപ്പൻ?’ ‘എവിടേക്കാണ് മുത്തപ്പൻ അപ്രത്യക്ഷനായത്? ‘ആരായിരുന്നു കോലാഞ്ചി.?’ ‘ ഇതൊക്കെ സ്വപ്നമായിരുന്നോ?’, അല്ലെന്ന് ഇലഞ്ഞിചുവട്ടിൽ ഉപേക്ഷിക്കപ്പെട്ട ചൂരലും കത്തിയും പറഞ്ഞു കൊണ്ടിരുന്നു.

‘ദൈവം. മുണ്ടൂർക്കരയെ രക്ഷിക്കാൻ വന്ന ദൈവം. എന്റെ മുണ്ടൂർക്കര മുത്തപ്പാ ‘. ചോദ്യങ്ങൾക്കും ആശങ്കകൾക്കുമുള്ള ഉത്തരം ഒടുവിൽ മുണ്ടൂർക്കരക്കാർ തന്നെ കണ്ടെത്തി. ഇലഞ്ഞിച്ചുവട്ടിലെ ചൂരൽ വടിയിലും കത്തിയിലും മുണ്ടൂർക്കരയിലെ ‘വിശ്വാസികൾ’ തൊട്ട് വണങ്ങി.

കാലമൊരുപാട് കൊഴിഞ്ഞു പോയി. മുണ്ടൂർക്കരയങ്ങാടിയിലെ പഴയ ഓട് മേഞ്ഞ കെട്ടിടങ്ങളുടെ സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ ഇടംപിടിച്ചു. ആഡംബര ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഉയർന്നു. മുണ്ടൂർപ്പുഴക്കു കുറുകെ പാലം വന്നു. ഔത രക്തം വാർന്ന് കിടന്ന പഴയ കടവ് ബസ്സ്റ്റാൻഡ് ആയി മാറി.ഒന്ന് മാത്രം മാറിയില്ല. കഠിനമായ ഏകാന്തതകളിലും പ്രതിസന്ധികളിലും മുണ്ടൂർക്കരയിലെ പുത്തൻ തലമുറയും ‘എന്റെ മുത്തപ്പാ’ എന്ന് തന്നെ നിശബ്ദം നിലവിളിച്ചു. അതൊരു മന്ത്രമായി മാറി. ഒരു ജനതയുടെ പ്രതിരോധത്തിന്റെ മന്ത്രം. മുത്തപ്പനു വേണ്ടി പണികഴിപ്പിച്ച അമ്പലത്തിൽ ദർശനത്തിന് വേണ്ടി ആഗോളമലയാളികൾ മൊത്തമായും അന്യദേശക്കാരും ക്ഷമയോടെ വരി നിന്നു.കാഴ്ചകൾ സമർപ്പിച്ചു. കള്ളും പുകയിലയും നടയിൽ വെച്ച് തൊഴുതു. പണക്കിഴികളും സ്വർണ്ണക്കിഴികളും വഴിപാടുകളായി കുന്നുകൂടി.ചൂരൽ വടിയും കത്തിയും പുതിയ വിശ്വാസ പ്രതീകങ്ങളായി. വിധിയെ പിടിച്ചു നിർത്താനാകാതെ, ജീവിതത്തെ അങ്ങേയറ്റം വെറുത്തുപോകുന്ന ആത്മഹത്യാമുനമ്പുകളിൽ നിന്ന്
‘മുത്തപ്പാ ശരണം.. എന്റെ മുണ്ടൂർക്കര മുത്തപ്പാ ശരണം’ എന്ന് ഉച്ചത്തിൽ ശരണം വിളിക്കുമ്പോഴെല്ലാം കണ്ണുകൾക്ക് അപ്രാപ്യനായ ആരോ ഒരാൾ വന്ന് തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുമെന്ന് അവർ അകമഴിഞ്ഞു വിശ്വസിച്ചു. പക്ഷേ അപ്പോഴും ഔതയെന്ന തിന്മയുടെ കൈയിൽ നിന്നും റാണിമോളെ രക്ഷിക്കാനാവാതെ പോയതിന്റെ കുറ്റബോധത്തിൽ നീറി നീറി, ജരാനരകൾ ഏറ്റുവാങ്ങി മുണ്ടൂർക്കരയുടെ ദൈവം, നിസ്സഹായനായി, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത, പേരറിയാത്ത അജ്ഞാതമായ ഏതോ ഒരു ദേശത്ത് അലഞ്ഞു കൊണ്ടിരുന്നു. നിശബ്ദനായി.. മുണ്ടൂർക്കരയിൽ ശരണം വിളികൾ മുഴങ്ങുന്നുണ്ടായിരുന്നു. അവിടെ പുതിയചരിത്രം നിർമ്മിക്കപ്പെടുകയാണ്. പുതിയ വിശ്വാസങ്ങൾ, ആചാരങ്ങൾ, കീഴ് വഴക്കങ്ങൾ.. എന്നെങ്കിലുമൊരിക്കൽ മുത്തപ്പൻ ഇനിയും മുണ്ടൂർക്കരയിൽ പ്രത്യക്ഷപ്പെടും. അന്ന് വിശ്വാസത്തിന്റെ ഈ നവയുഗ പരിണാമദൃശ്യങ്ങൾക്കിടയിൽ ഒരു വാക്ക്പോലും ഉച്ചരിക്കാനാകാതെ മുത്തപ്പനങ്ങനെ വാ പൊളിച്ചു നിൽക്കുമായിരിക്കും. . മുത്തപ്പന് സംസാരശേഷിയില്ലായിരുന്നുവല്ലോ..

ശ്യാംസുന്ദർ പി ഹരിദാസ്Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: