അപ്പൂന്റെ അമ്മ
“ലക്ഷ്മീടെ… നിന്റെ അനിയത്തി കുട്ടീടെ കല്യാണം കഴിഞ്ഞു.”
ഇടറിയ സ്വരത്തിൽ അമ്മ അത് പറയുമ്പോൾ മകൻ അമ്മയെ മിഴിച്ചു നോക്കി. മകന്റെ കണ്ണിലെ.. മനസ്സിലെ.. നിർവികാരതയിലേക്ക് അമ്മ തളർന്ന മിഴികളയച്ചു. തന്റെ മുന്നിൽ നിൽക്കുന്ന മകന്റെ പക്വതയില്ലാത്ത മനസ്സിന്റെ വികൃതിയെ ഓർത്തു. ഞാൻ പറഞ്ഞതിന്റെ അർത്ഥം ഇവൻ അറിയുന്നുണ്ടോ.? അച്ഛൻ.. അനിയത്തി അങ്ങനെയുള്ള പദങ്ങൾ അവന്റെ പക്വതയില്ലാത്ത മനസ്സിൽ എവിടെയെങ്കിലും?
ആ മുഖങ്ങൾ അപ്പു ഓർക്കുന്നത് നൊമ്പരത്തോടെ മാത്രമായിരിക്കില്ലേ. പരുപരുത്ത കൈവിരലുകളുടെ ചൂടും മൂർച്ചയേറിയ വിഷം പുരണ്ട വാക്കുകളുമായി മാറിയിരിക്കും അച്ഛന്റെ ഓർമ്മ. അപ്പൂന് ഭയമായിരുന്നു അച്ഛനെ.
മനസ്സിന്റെ വിഭ്രാന്തിയുമായി അവൻ അച്ഛനെ പകച്ചു നോക്കും.”അപ്പു എന്തു തെറ്റ് ചെയ്തു.”
തെറ്റ്..? അച്ഛന്റെ കണ്ണിൽ അപ്പു വലിയൊരു തെറ്റായിരുന്നു. ബുദ്ധി വളർച്ചയില്ലാത്ത കാണിച്ചു കൂട്ടുന്ന വികൃതികൾ. എല്ലാം.. എല്ലാം തെറ്റുകൾ മാത്രം.
അപ്പൂന് ബുദ്ധിവളർച്ചയില്ലെന്നു അറിഞ്ഞ നിമിഷം മുതൽ സമനില തെറ്റിയത് അയാൾക്ക് തന്നെയായിരുന്നു.
എന്തോ അറിയില്ല. വല്ലാത്തൊരു പകയോടെ മകനോട് പെരുമാറുന്നത് കാണുമ്പോൾ മരവിച്ചു നിന്നു പോകും. മരിച്ചു ജീവിച്ചു പോകുന്ന നിമിഷങ്ങൾ.
“അപ്പു..”അമ്മ വിളിച്ചു.
അവൻ വിളി കേട്ടില്ല. ചുമരിലെ വികൃതമായ വരകളിലേക്കു അമ്മ നിറകണ്ണുകണ്ണുകളോടെ നോക്കി. ഇവിടെ… ഈ ലോകം ദൈവത്തിന്റെ വികൃതമായ വരകൾ…
ഓരോ ചുമരിലും പക്വതയില്ലാത്ത കൈയൊപ്പോടു കൂടി അതങ്ങനെ തെളിഞ്ഞു കിടക്കുന്നു. കോറിയിട്ട മനസ്സിന്റെ താളം തെറ്റിയ വരകൾ. അമ്മക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
അവന്റെ മാത്രം സ്വന്തമായ ആ ചെറിയ മുറിയിലെ ചുമരിൽ അവൻ കോറി വരച്ച അമ്മ എന്ന വാക്കിലേക്ക് അവന്റെ കണ്ണുകൾ ഉടക്കി നിന്നു.
അടുത്ത് അവ്യക്തമായ അമ്മയുടെ രൂപം അവൻ വരച്ചിരുന്നു.
അമ്മ അവന്റെ മുടിയിഴകളിൽ മെല്ലെ തലോടി. അപ്പു… അമ്മ വീണ്ടും വിളിച്ചു.
നീണ്ട നിശബ്ദത. അമ്മ മെല്ലെ തേങ്ങി കരഞ്ഞു.എത്ര വർഷമായി എന്റെ കുട്ടി ഇവിടെ..
മന്ദബുദ്ധിയെന്നുള്ള പരിഹാസം കലർന്ന വിളിയും അച്ഛന്റെ കാല്പാദം പതിഞ്ഞ പുറത്തെ വേദനയും ഒരു പക്ഷേ അപ്പു മറന്നിട്ടില്ലെങ്കിൽ… അനിയത്തിയെ ചേർത്തു പിടിച്ചു അച്ഛൻ എന്തിന് തന്നെ അകറ്റി നിർത്തിയത് എന്തിനെന്നു അപ്പു ആലോചിച്ചിരിക്കുമോ?
നെഞ്ച് പൊട്ടി നിന്നിട്ടുണ്ട്… എന്റെ കുട്ടിക്ക് എന്തിനി വിധിയെന്ന് എത്ര പഴിച്ചിരിക്കുന്നു… പെറ്റ വയറിനെ ശപിച്ചു പോയിരുന്നു.
അപ്പു… പാവം.തനിക്കു മുന്നിൽ എന്തു സംഭവിക്കുന്നു എന്നറിയാതെ വികൃതമായ ചിരിയോടെ അമ്മയെ നോക്കും. വളരാത്ത മനസ്സിന്റെ കൗതുകങ്ങളുമായി അപ്പു അമ്മയുടെ സാരി തുമ്പു വായിൽ തിരുകും.
അമ്മ കരയുമ്പോൾ എന്തിനെന്നറിയാതെ അപ്പു കൈ കൊട്ടി ചിരിക്കും.. അച്ഛന്റെ ശാപവാക്കുകളുടെ അർത്ഥമറിയാതെ ആ കണ്ണുകളിൽ നിന്നും അമ്മയുടെ നെഞ്ചിലെ ചൂടിലേക്ക് ഒട്ടിയിരുന്നു പിറുപിറുക്കും… അപ്പൂന് പേടിയാവ്ണ്.
വർഷങ്ങൾക്കു മുൻപ് അവനെ പോലെയുള്ള കുട്ടികളുടെ ഇടയിലേക്ക് അവനായി ഒരു മുറി ഒരുക്കി പറഞ്ഞയക്കാൻ അപ്പൂന്റെ അച്ഛൻ നിർബന്ധിച്ചപ്പോൾ നെഞ്ച് പിടഞ്ഞു പോയി. ലക്ഷ്മിയുടെ നെറ്റിയിലേറ്റ മുറിവ് അപ്പൂന്റെ വികൃതികളിൽ ഒന്നായിരുന്നു.
അതായിരുന്നു കാരണം.
ഇനി അപ്പൂനെ ഇവിടെ നിർത്തിയാൽ.. അപ്പൂന്റെ അച്ഛൻ അത് പറയുമ്പോൾ തന്റെ മുഖത്ത് നോക്കിയിരുന്നില്ല. തന്റെ സാരി തുമ്പിൽ മുറുകെ പിടിച്ചു കരഞ്ഞിരുന്നു അവൻ അന്ന്. പറിച്ചെടുത്തു കൊണ്ട് പോകുന്നത് എന്റെ പ്രാണനെയായിരുന്നു. അയാൾക്ക് അത് മനസ്സിലായിട്ടും കണ്ടില്ലെന്നു നടിച്ചു.
വെറുപ്പ് തോന്നി പോയി. ആ വെറുപ്പ് അങ്ങനെ ഒരു കരടായി ഉള്ളിൽ കിടന്നിരുന്നു..
തന്നെ പറ്റി പിടിച്ചു കിടന്നിരുന്ന അപ്പു. ഒറ്റയ്ക്ക് ഒരു മുറിയിൽ.. ചുട്ടുപൊള്ളുന്ന കണ്ണുനീരായി മാറിയ ദിനങ്ങൾ.
എല്ലാ മാസവും കാണാൻ എത്തുമ്പോൾ നിറയുന്ന അപ്പൂന്റെ മിഴികൾ. അവന് മനസ്സിലായിരിക്കുമോ? എല്ലാവരും അവനെ ഉപേക്ഷിച്ചതാണെന്ന്. എന്നിട്ടും അമ്മയെന്തിന് എന്നെ കാണാൻ വരുന്നതെന്ന് അവൻ അത്ഭുതപ്പെടുന്നുണ്ടാവുമോ? കാണുമ്പോൾ സാരി മെല്ലെയെടുത്തു വായിൽ തിരുകും.. പോകുമ്പോൾ കഴിക്കാൻ എന്തെങ്കിലും കയ്യിൽ കരുതും. അത് വായിൽ വച്ചു കൊടുക്കുമ്പോൾ അവൻ തന്റെ കണ്ണുകളിലേക്കു ദയനീയമായി നോക്കി പോകാറുണ്ട്. ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി പോകും.
എന്നിലെ അമ്മയോട് വെറുപ്പ്.. അറപ്പ്.. മോനെ എന്നോട് പൊറുക്കുകയെന്ന് ഉള്ളിൽ ഒരായിരം വട്ടം തേങ്ങി പറയും..
അപ്പൂനെ കൂട്ടി എവിടെയെങ്കിലും പോയാലോ? അങ്ങിനെയും ചിന്തിക്കും.
ലക്ഷ്മിയുടെ മുഖം മനസ്സിൽ തെളിയും. അവളുടെയും അമ്മയല്ലേ. സഹിക്കും.
ഇവിടെ വന്നു കണ്ടു മടങ്ങുമ്പോൾ അപ്പൂനെ കെട്ടി പിടിച്ചു കരയും. വായിൽ തിരുകിയ സാരിയുടെ തുമ്പു കീറിയിരിക്കും. കീറിയെടുത്ത തുമ്പിലേക്കു അവൻ നോക്കി മെല്ലെ ചിരിക്കും.. പിന്നെ അവന്റെ ആ മുറിയിലെ ചെറിയ പെട്ടിയിൽ ആ തുമ്പു എടുത്തു വയ്ക്കും.
എന്തിനായിരുന്നു അത് .
ചോദിച്ചാൽ അവൻ ചിരിക്കും. ഉത്തരം അവനും അറിയില്ല. എനിക്കും. അങ്ങനെ എത്രയോ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഓരോ തവണ കണ്ടു മടങ്ങുമ്പോഴും അവശേഷിക്കുന്ന കടിച്ചു ചീന്തിയ സാരിത്തുമ്പിലെ ഉമിനീർ.. അതങ്ങനെ മനസ്സിനെ നീറ്റി നീറ്റി… ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കയാണെന്നു തോന്നി പോകും.
പലരും ചോദിച്ചു. കല്യാണത്തിന് എന്തേ അപ്പൂനെ കൊണ്ടുവരാഞ്ഞതെന്ന്. ലക്ഷ്മിക്ക് തോന്നിയിരുന്നില്ല കല്യാണത്തിന് ഏട്ടൻ വരണമെന്ന്. സദസ്സിൽ ഒരു നോക്കുകുത്തിയായി ഇരിക്കുന്ന അപ്പു. അവൾക്കത് അപമാനം തന്നെയാണ്. അപ്പു ആർക്കും ആരുമായിരുന്നില്ല. അതല്ലേ സത്യം.
അച്ഛനും മകനും തമ്മിൽ എന്തു ബന്ധം. അയാൾ എന്നോ അവനെ ഉപേക്ഷിച്ചതാണ്.
അനിയത്തിയുടെ വിവാഹം അവൻ അറിഞ്ഞിട്ടില്ല. കണ്ടിട്ടില്ല. അവൾക്കും നാണക്കേടായിരുന്നു ഇങ്ങനെ ഒരു ഏട്ടനെ പറ്റി ബന്ധുക്കളോട് പറയാൻ. അങ്ങനെ അപ്പു എന്ന ഏട്ടനെ അവൾ മനഃപൂർവം വേണ്ടെന്നു വച്ചു.
പക്ഷേ എല്ലാ മാസവും തന്റെ കീറിയ സാരിത്തുമ്പിൽ പടരുന്ന ഉമിനീരിന്റെ നനവ്. അത് എന്റെ ചോരയായിരുന്നു. എന്റെ പ്രാണൻ തന്നെയായിരുന്നു. എന്റെ മകൻ. ഉള്ളിൽ അമരുന്ന വേദന.
കരഞ്ഞു. മെല്ലെ.. അവന്റെ കൈകളിൽ മുഖം അമർത്തി. അവന്റെ വായിൽ തിരുകിയ സാരിത്തുമ്പിൽ ഉമിനീർ പടർന്നു. കൊണ്ടുവന്ന ചോറുരുട്ടി വായിൽ വച്ചു കൊടുത്തു. കഴിക്കുമ്പോൾ അവൻ എന്തിനെന്നറിയാതെ അമ്മയുടെ കൈകളിൽ തലോടി കൊണ്ടിരുന്നു.
പതിവുപോലെ തിരിക്കാൻ സമയമായിരിക്കുന്നു. സാരിത്തുമ്പ് ഇപ്പോഴും ആ കൈകളിൽ ഭദ്രം. അത് വേർപെടുത്തി ഇറങ്ങുമ്പോൾ ഹൃദയം വേർപെട്ടു പോകുകയാണ്.
അമ്മേ.. അപ്പു നീട്ടി വിളിച്ചു. അമ്മയുടെ നിറഞ്ഞ കണ്ണുകളിൽ അത്ഭുതം തിളങ്ങി. ഏറെ നാളുകൾക്കു ശേഷമാണ് അവൻ അമ്മേയെന്നു വിളിക്കുന്നത്.
“അപ്പു…”
അമ്മയുടെ സ്വരം ഇടറി.
“അപ്പൂന് അമ്മ വേണം.”
അപ്പു കരച്ചിലോടെ അമ്മയെ കെട്ടിപിടിച്ചു.
അമ്മ അപ്പൂനെ ചേർത്തു പിടിച്ചു. “അപ്പു വരുന്നോ അമ്മേടെ കൂടെ”
പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
അവൻ സന്തോഷത്തോടെ തലയാട്ടി.
“നമ്മൾ എവിടെയാ പോവാ അപ്പു”
അമ്മ ചോദിച്ചു. വലിയ ഗേറ്റിനുമപ്പുറമുള്ള നീണ്ട വഴിയിലേക്ക് അപ്പു വിരൽ ചൂണ്ടി.
അമ്മ കണ്ണുകൾ തുടച്ചു.
മനസ്സിനെ ഒന്ന് കൂടെ ഉറപ്പിച്ചു. അതേ. ഇനിയുള്ള ജീവിതം അപ്പൂന്റെ കൂടെ. തന്റെ ബാധ്യതകൾ തീർന്നിരിക്കുന്നു. മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചു. ഇനി എനിക്കൊന്നു ജീവിക്കണം. എന്റെ അപ്പൂന് വേണ്ടി..
അയാൾ.. തന്റെ ഭർത്താവ്… ആ മുഖം ഓർമ്മ വന്നപ്പോൾ മനസ്സൊന്നു കൂടി കഠിനമായി. എനിക്കിനി അങ്ങനെ ഒരു ജീവിതം വേണ്ട. ഭർത്താവ്.. അങ്ങനെ ഒരു പദത്തിന്റെ അലങ്കാരം ഞാൻ ഉപേക്ഷിക്കട്ടെ.. ഇന്ന് മുതൽ ആ വീട് എനിക്കന്യമാകുന്നു.
“അപ്പൂനെ കൂട്ടി വന്നാൽ നിനക്കിവിടെ പിന്നെ സ്ഥാനമില്ല. ഓർത്തോളൂ.”
അപ്പൂന്റെ അച്ഛന്റെ വാക്കുകൾ. ഉരുകിയൊലിച്ച മനസ്സുമായി ഇനി ഒരു ജീവിതം വേണ്ട. ഇത് എന്റെ.. എന്റെ മാത്രം തീരുമാനം. മനസ്സിന്റെ സമാധാനത്തിന്. അപ്പൂന് വേണ്ടി ഇതെങ്കിലും എനിക്ക് ചെയ്യേണ്ടേ.
എനിക്കിനി അപ്പൂന്റെ കൂടെ അപ്പൂന്റെ അമ്മയായി മാത്രം ജീവിക്കണം. ആ ഉമിനീരിന്റെ നനവുള്ള സാരിത്തുമ്പ് തന്നോട് ചേർന്നുകിടക്കട്ടെ. ഒരിക്കലും.. ഒരിക്കലും വിട്ടു പിരിയാതെ.
“അപ്പു നമുക്ക് പോകാം “
അപ്പു സന്തോഷം നിറഞ്ഞ മുഖത്തോടെ തലയാട്ടി.
എല്ലാവരോടും യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോൾ അമ്മയ്ക്കും മകനും മുന്നിൽ നീണ്ട പെരുവഴി ദൃശ്യമായിരുന്നു.
എവിടേക്ക്?
എവിടെയാണ് പോകേണ്ടത്.
അമ്മക്കറിയില്ല.
അമ്മയുടെ സാരിത്തുമ്പ് അപ്പൂന്റെ കൈകളിൽ ഭദ്രമായിരുന്നു. വല്ലാത്തൊരു സുരക്ഷിതത്വം.
അമ്മ അപ്പൂന്റെ കൈകളെ മുറുകെ പിടിച്ചു. നടന്നു. കാലടികൾ ഉറച്ചതായിരുന്നു. മനസ്സ് ശാന്തമായിരുന്നു.
ഇനി മരണം വരെ അപ്പൂന്റെ കൂടെ. മനസ്സ് മന്ത്രിച്ചത് അതൊന്നു മാത്രമായിരുന്നു.
പ്രീത സുധീര്‍