Main Menu

ബഷീറിന്റെ ജ്ഞാനപീഠം

Saikatham Online Malayalam Magazine

സംഗതി അറിഞ്ഞോ… 

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ… നമ്മുടെ ബഷിറിനു ജ്ഞാനപീഠം കിട്ടിയത്രേ!. ഇതു പറഞ്ഞു ഞാനൊന്നിളകിയിരുന്നു.

അപ്പേട്ടന്റെ ചായക്കടയിൽ ആളുകൾ പൂച്ചം പൂച്ചം വരുന്നതേയുള്ളു. ചാറ്റൽ മഴ നിന്നപ്പോൾ നാണിച്ചു നിന്ന സൂര്യൻ ചിരിച്ചുകൊണ്ട് പൊന്നുവിതറി കറങ്ങി നടന്നു.

ആർക്ക്‌?  നമ്മുടെ സുൽത്താനോ…?

നേരോ…?

ആരുടെയോ സ്വരം, ആനവാരിയാണോ?

ഒരുകൂട്ടം കണ്ണുകൾ എന്റെ നേരെ തിരിഞ്ഞ സന്തോഷത്തോടെ ഞാൻ സംഗതി വിവരിച്ചു തുടങ്ങി. ഒരീണത്തോടെ.

അതേന്നേ… നമ്മുടെ ബേപ്പൂർ സുൽത്താന് തന്നേ…

സ്ഥലത്തെ ദിവ്യന്മാരെല്ലാം അവിടവിടെയായി ചിതറി നിൽപ്പുണ്ടായിരുന്നു. ശർക്കരത്തുണ്ടം മണത്ത ഉറുമ്പുകളെ പോലെ അവർ പതുക്കെ അപ്പേട്ടന്റെ കടയിൽ കൂടി.

പ്രേക്ഷകരെ കിട്ടിയപ്പോൾ, നാടകീയമായി തൊണ്ടയുടെ മുരടനക്കി മേലാകെയൊന്നിളക്കി, അപ്പേട്ടന് ഒരുചുടു ചായക്ക് ആർഡർ കൊടുത്ത് ഞാൻ എന്റെ സ്വപ്നം കൂവിത്തുടങ്ങി… 

ഒരായിരം കാതുകളുടെ കതകു തുറന്ന് ആത്മാക്കൾ പല മാളങ്ങളിൽ നിന്നും പുറത്തു വന്നു ചുറ്റും നിരന്നു സ്വപ്നത്തിന്റെ നിറമറിഞ്ഞു തരം തിരിക്കാനും വ്യാഖാനിക്കാനും പിന്നെ പരത്താനും തയ്യാറെടുത്തു!

ബഷീറങ്ങിനെ മാങ്കോസ്റ്റെയിന്റെ ചോട്ടിൽ പൂച്ചയും, പട്ടിയും പാത്തുമ്മാടെ ആടുമായ് പയ്യാരം പറയണ നേരം… ഇടയ്ക്ക് മ്പിച്ചീടെ പരാതിയും കേൾക്കുന്നുണ്ട്.

കാളേജ് കുമാരികൾ ഇടംകണ്ണിട്ട് വേലിത്തലപ്പിലൂടെ വെളുത്തുംച്ചോന്നുമിരിക്കണ ചാമ്പങ്ങാക്കുലകളെ കൊതിയോടെനോക്കി നുണഞ്ഞും ആരെയൊക്കെയോ കടക്കണ്ണെറിഞ്ഞും കിലുകിലെ ചിരിച്ചും  പുസ്തകെട്ടു മാറോടൊന്നമർത്തി നെഞ്ചിനകത്തെ വിങ്ങലുകളെ തഴുകിയും ബഷീറിന്റെ വീടിന്നപ്പുറത്തെ വഴിയിറമ്പിലൂടെ പോകണനേരം, അന്നേരമത്രെ, പോസ്റ്റുമാൻ പടികടന്നെത്തിയത്!

അയാൾ ചുറ്റും നോക്കണ കണ്ട് സുൽത്താൻ ചോദിച്ചു, ഇത്തിരി കനത്തോട് തന്നെ,  കേട്ടോ! ആനമക്കാരിന്റെ കൊമ്പനെ നോക്കേണാ..

പിന്നെ, എടുത്തടിച്ച പോലെ അലറി മണിയാർഡറിൺഡാ?

കൊതിയോടെ ചാമ്പങ്ങാക്കുലകളിലും (അതോ മാനത്തെ വെട്ടിത്തെളങ്ങണ ഇമ്മിണിബല്യചോന്ന പൊട്ടിനെയോ,  ആവോ… )

സുൽത്താന്റെ കയ്യിൽ തെളങ്ങണ, സുലൈമാനി തുളുമ്പണ സ്ഫടികത്തിലേക്കും ഇടയ്ക്കിടെ പേടിയോടെ ബ്രൂണോയെയും നോക്കി കയ്യിലെ തുണിസ്സഞ്ചിയിൽ പരതി, തത്ത ചീട്ടെടുക്കുംപോലെ ഒരു കവറെടുത്തു, എന്നിട്ട്… ഞാനൊന്നു പോസ് ചെയ്തു. ആഡിയൻസിന്റെ പ്രതികരണം അറിയാനായിട്ട്, മാത്രയൊന്നു കഴിഞ്ഞ് ഒരീണത്തിൽ ചൊല്ലി,

നമ്മടെ, ഏത് നമ്മടെ സുൽത്താന് നേരെ നീട്ടി, കവറു, പോസ്റ്റ്‌മാനേയ്…!

അതും പറഞ്ഞു ഞാൻ ചുറ്റും ഒന്നുനോക്കി, ചുടുചായ ഒന്നു നുണഞ്ഞു.

ആരും ഒന്നും മിണ്ടാതെ എന്റെ ചായഗ്ലാസിലും എന്നെയും, ഇടയ്ക്കു അപ്പേട്ടനെയും മാറിമാറി നോക്കി,  ചായ തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ‘ഗ്‌ളും ഗ്‌ളും’ എന്ന ശബ്ദതരംഗങ്ങൾക്കായി അക്ഷമയോടെ കാത്തിരുന്നു, ആഡിയൻസ്!

അപ്പേട്ടനോ,  ഇതിലൊന്നും താല്പര്യമെടുക്കാതെ പാലിന്റെ അളവിൽ വെള്ളംചേർന്നതിനെക്കുറിച്ച് എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു. സമോവറിൽ വെള്ളം തിളച്ചു. ഗ്ലാസ്‌ മോറണ ചെക്കൻ ചായയടിച്ചു തുടങ്ങി.

ഞാനെന്റെ സ്വപ്നകഥനം തുടർന്നു, അൽപ്പം നീരസത്തോടെ…

കവറു നിസ്സംഗതയോടെ സുൽത്താൻ കൈനീട്ടി വാങ്ങി പോസ്റ്റ്‌മാനേ നോക്കി. സുൽത്താന്റെ തിരുനെറ്റിയിലൊരു ചോദ്യചിഹ്നം വിരിഞ്ഞൂ പാത്തുമ്മായുടെ ആടിനെ പോലെ, ഇനിയെന്താ…എന്നു തിരക്കി.

പോസ്റ്റുമാൻ തല ചൊറിഞ്ഞപ്പോൾ നമ്മുടെ സുൽത്താൻ ഉത്കണ്ഠാകുലനായി വിളിച്ചു,

എടിയേ…

അകത്തേതോ കുപ്പിവള ചിലമ്പി, ഒരു മൈലാഞ്ചിവിരൽ തുമ്പുനീണ്ടുവന്നു. കസവിന്റെ കവണി വാതിൽപ്പടിക്കപ്പുറം ഇളകിയാടി,  സുൽത്താന്റെ കയ്യിലേക്കൊരു വെള്ളിനാണയം പറന്നു വീണൂ തലചൊറിഞ്ഞു പോസ്റ്റ്‌മാൻ യാത്രയായി. പിന്നെയല്ലേ രസം…  ഞാനൊന്നു നിർത്തി.

ആകാംക്ഷയുടെ മാപിനിയെടുത്തു ചുറ്റുംനോക്കി.  ഒന്നു ചിരിച്ചു. ആഡിയൻസ് വായും തുറന്നിരിപ്പാണ്… സന്തോഷമായി,  ഞാൻ തുടർന്നു.

സുൽത്താന് കടലാസ്സു കിട്ടിയ കാര്യം മാലോകരറിഞ്ഞു. ഉമ്മായും, പാത്തുമ്മയും, ജമീലാബീവിയും,  സാറാമ്മയും അറിഞ്ഞു. അവർ വീട്ടിലെ അടുപ്പിൽ വെള്ളം തളിച്ച്, അടുക്കളയും പൂട്ടി കൊതിയോടെ കഥയറിയാൻ ഓടിവന്നു. കേശവൻനായർ പക്ഷെ അപ്പോഴും എന്തോ വായിക്കുന്ന തിരക്കിലും മജീദ് പേരറിയാത്തൊരു നൊമ്പരത്തിന്റെ വാസ്തവം തേടി അലയുകയും നാരായണി ഒരു ചങ്ങലയുടെ തുമ്പിൽ പിടിച്ചു ലോകത്തിന്റെ അങ്ങേയറ്റത്തേക്കു നടക്കുകയുമായിരുന്നൂ… ബുദ്ദൂസ്, അട്ട കടിച്ച നാണക്കേടിൽ പുളിഞ്ചോട്ടിൽ,  തണലിൽ മയങ്ങുകയായിരുന്നു. വന്ന പെണ്ണുങ്ങളെല്ലാം പുച്ഛത്തോടെയൊന്നു ചാരുകസാലയിലിരിക്കുന്ന കണ്ണടക്കാരനെയൊന്നു തുറിച്ചുനോക്കി അകത്തേക്ക് പോയി.

ഉമ്മ മാത്രം എന്തോ ആലോചിച്ചു മകന്റെ കണ്ണുകളിലേക്കുറ്റുനോക്കി. അവരുടെ കണ്ണിലെ ആഴക്കടലിൽ സൂര്യനൊളിച്ചിരുന്നു.ആകാംക്ഷയുടെ തിരമാലകൾ അവരുടെ നെഞ്ച് തള്ളി ആമയുടെ തലപോലെ ഉയർന്നുവന്നു…

കടലാസുകെട്ടു തുറക്കുന്നത് കാത്തു കാടിറങ്ങി ചില മൃഗങ്ങൾ വേലിക്കെട്ടുകൾ പൊളിച്ചിഴഞ്ഞു വന്നിരുന്നു, സുൽത്താന്റെ മുൻപിൽ.. കേൾവിക്കാർ അവരുടെ വായ് ഒന്നുകൂടി  തുറന്നു വച്ചു, എല്ലാ വാക്കുകളും വിഴുങ്ങാൻ. എനിക്കുത്സാഹം ഏറിവന്നു.

കണ്ണടയ്ക്കിടയിലൂടെ എല്ലാരേം അങ്ങേരു നോക്കി കേട്ടാ. കട്ടീള്ള തവിട്ടുനിറമുള്ള കവറു ഒന്നുതടവി നോക്കി, സുൽത്താൻ..  വാതിൽപ്പടിക്കപ്പുറം വളകളായിരം കിലുങ്ങി അസ്വസ്ഥമായ് പലരും ശ്വാസമടക്കി എന്തോ പിറുപിറുത്തൂ…

സുൽത്താൻ കവറു സൂക്ഷിച്ചു നോക്കി കനമില്ല! മണത്തു നോക്കി,  വല്ല പ്രേമലേഖനവുമാണെങ്കിലോ? സൂക്ഷിച്ചു മെല്ലെപ്പൊളിച്ചു ഉള്ളിലെ കടലാസ്സ് പുറത്തെടുത്തു,  കണ്ണട മൂക്കിലൊന്നുറപ്പിച്ചു നിലത്തിരിക്കണ ജീവജാലങ്ങളെയെല്ലാം കണ്ണിറുക്കി കാണിച്ച് മെല്ലെ കയ്യിലെ കടലാസിലെ അക്ഷരങ്ങളെ പെറുക്കിയെടുത്തു, അതിൽ സ്വർണ്ണ ലിപികളിൽ എഴുതിയിട്ടുണ്ടല്ലോ ഭാരതസർക്കാരിന്റെ ജ്ഞാനപീഠ സമ്മാനം ഇനി താങ്കൾക്കത്രേ…

സുൽത്താൻ പൊട്ടിപ്പൊട്ടി ചിരിച്ചു പ്രപഞ്ചമാകെ കുലുങ്ങുംവണ്ണം ചിരിച്ചു.

മ്പിച്ചി പേടിച്ച് കരഞ്ഞു,  ആട് വാപൊളിച്ചു കടലാസ്സു തിന്നാൻ തുനിഞ്ഞു. പൂച്ച ങ്യാവൂ എന്നു കരഞ്ഞു ബഷീറിന്റെ കാലുകൾക്കിടയിൽ സ്വയം തിരുകിക്കിടന്നു.

ബ്രൂണോ ഒന്നും മിണ്ടാതെ ഉമ്മറകോലായിൽ ചുരുണ്ടു.

ബഷീർ അകത്തേക്ക് നോക്കി വിളിച്ചൂ, 

എടിയേ…

കസവുതട്ടം തുള്ളിത്തുളുമ്പി, കുപ്പിവളകൾ കിലുങ്ങി വിരൽത്തുമ്പുകൾ വാതിൽപ്പടി കടന്നുനീണ്ടുവന്നു, സുൽത്താൻ ഒന്നും പറയാതെ കടലാസ്സു നീട്ടി. അവൾ നിലാവ് പൊഴിച്ച് വാതിൽ പടിക്കപ്പുറം നിറഞ്ഞു നിന്നൂ… പ്രപഞ്ചമാകെ സുൽത്താന്റെ സ്വരം പ്രതിധ്വനിച്ചൂ, 

എടിയേ,  എടിയേ,  എടിയേ…   

എന്തോ നേടിയത് പോലെ ഞാൻ കഥക്കു വിരാമമിട്ടു…

അങ്ങനെ നമ്മുടെ സുൽത്താന് ജ്ഞാനപീഠം കിട്ടി, ഇതാ ഞാൻ കണ്ട സ്വപ്നം. പിന്നെ സ്വരത്തിൽ അല്പം ഉത്കണ്ഠ കലർത്തി പറഞ്ഞു, രാവിലേ കണ്ടതാ…

 എന്നാ അച്ചട്ടാ,  ഫലിക്കും.

ആൾകൂട്ടത്തിൽ നിന്നും ഏതോ ഒരുസ്വരം പൊന്തിവന്നു, 

നീർക്കുമിള പോലെ പൊട്ടി അന്തരീക്ഷമാകെ അതു പടർന്നു..

ബഷീറിന് ജ്ഞാനപീഠം…!

അണ്ഡകടാഹം മുഴുവൻ അതേറ്റു പാടി ബഷീറിനു ജ്ഞാനപീഠം.

എന്റെ കാതുകളിൽ കസവുത്തട്ടമിളകുന്ന മർമ്മരം കേട്ടുവോ…?  

ആമ്പൽപൂവിന്റെ മന്ദഹാസം അവിടമാകെ പരന്നു!



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: