പ്രകാശത്തിന്റെ മഞ്ഞയുടല്

കവിത വായിച്ചു മാത്രമല്ല അറിയുന്നത്. കേട്ടുകൂടിയാണ്. കവിയേയും അങ്ങനെ തന്നെയാണ്. എപ്പോഴും വായിച്ചുമാത്രം അറിയണമെന്നില്ല. വിവിധങ്ങളായ പ്രത്യേകതകള്‍ കൊണ്ട് സാഹിത്യരൂപങ്ങളില്‍ കവിതയ്ക്കും കവിയ്ക്കും മാത്രം കൈവന്ന ഒരു അനുഗ്രഹമാണിത്. വായനയുടെ ലോകത്ത് മാത്രം കവിതയെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സന്തോഷ് കോടനാട് എന്ന കവിയെ ഒരു പക്ഷെ ഞാന്‍ കാണാതെ പോകുമായിരുന്നു. എങ്കില്‍ അതെനിക്കൊരു കുറവാകുമായിരുന്നു. സന്തോഷും സന്തോഷിന്റെ കവിതകളും തമ്മിലുള്ള ഇഴയടുപ്പം ശ്രദ്ധേയമാണ്. സന്തോഷിന്റെ കവിതയെ സന്തോഷിന്റെ നിഴലുകളെന്നോ, സന്തോഷിനെ സന്തോഷിന്റെ കവിതയുടെ നിഴലെന്നോ വിശേഷിപ്പിക്കാവുന്നതാണ്. ചിലപ്പോഴ് നീണ്ടുനിവര്‍ന്നും ചിലപ്പോള്‍ കുറുകിയും ചിലപ്പോള്‍ പടര്‍ന്ന് പന്തലിച്ചും ചിലപ്പോള്‍ ഏകാന്തവും ഏകാഗ്രവുമായ രൂപങ്ങള്‍ കൈവരിച്ചും അതെപ്പോഴും കവിതയുടെ സ്വത്വത്തെ സര്‍ഗ്ഗാത്മകമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
സമകാലീന പുതുകവിതയുടെ സാമാന്യഭാവങ്ങള്‍ ഒട്ടുമുക്കാലും പേറുമ്പോള്തന്നെ നിയതമായ മാതൃകകളില്‍ നിന്ന് സൂക്ഷ്മമായി വേര്‍പെട്ട് അനുഭകേന്ദ്രിതമായ സവിശേഷശൈലികളിലേക്ക് അന്വേഷണാത്മകമാകുന്നുണ്ട് സന്തോഷിന്റെ കവിതകള്‍. ഈവിധം തിടം വച്ചുവരുന്ന പുതുകവിതയിലെ സവിശേഷധാരയാണ് സമകാലിന കവിതയെ ചലനാത്മകവും സംവാദാത്മകവുമാക്കുന്ന ശ്രദ്ധേയ ഇടപെടലുകളിലൊന്ന്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായി വേറിട്ടൊരു സ്വത്വനിര്‍മ്മിതിയെയും ഭാവുകത്വത്തെയും തള്ളപ്പെട്ട പാര്‍ശ്വങ്ങളില്‍ നിന്ന് എഴുത്തിന്റെയും വായനയുടെയും വിചാരത്തിന്റെയും പൊതുധാരയിലേക്ക് പ്രവേശിപ്പിച്ചുവെന്നാണ് ഈ ഇടപെടലുകളുടെ പ്രസക്തി. കേവലം ഇടപെടലുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് പൊതുധാരയെ തന്നെ പുനഃക്രമീകരിക്കുകയും അതുവഴി അതിന്റെ ഭൂപടത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും നീതിപൂര്വ്വകമാക്കാനും സാമൂഹികമായി സന്തുലപ്പെടുത്താനും ഈ എഴുത്തുകള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഇതാണ് സന്തോഷിന്റെയും സന്തോഷ് കര്‍തൃത്വപരമായി പ്രതിനിധാനം ചെയ്യുന്ന എഴുത്തിടപെടലുകളുടെയും ചരിത്രപരവും സാമൂഹ്യപരവുമായ സാഗത്യം.
അനുഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ പലപ്പോഴും ജീവിതത്തെ പരീക്ഷണാത്മകതയിലേക്ക് നയിക്കാതെ സുരക്ഷിതമായ ഒരു കരയിലേക്ക് നീന്തിക്കയറാന്‍ നമ്മെ പ്രേരിപ്പിക്കാറുണ്ട്. കൈവരുമെന്ന് പേര്‍ത്തും പേര്‍ത്തും വിചാരിച്ചിരുന്ന ഒരു ലോകം എത്താതെ പോയതിനോടുള്ള വിമര്‍ശം ഈ പിടിച്ചുകയറലിലുണ്ട്. ഒരു ചെറുകിട ജീവിതത്തോടുള്ള അടങ്ങാത്ത മോഹം ആരുടെയും അവകാശമാണ്. കര്തൃരഹിതമായ തീവ്രമായ പരീക്ഷണങ്ങളുടെയും നഗ്നമായ എടുത്തുചാട്ടങ്ങളുടെയും കാലം കഴിഞ്ഞതിന്റെ സൂചനകള്‍ ജീവിതത്തിലെന്നപോലെ സന്തോഷിന്റെ എഴുത്തിലുമുണ്ട്. ‘കുടിയൊഴിക്കല്‍’ എന്ന കവിതയില്‍ ഗിത്താര്‍ മീട്ടുന്ന ഒരു വീടിനെ കവി അവതരിപ്പിക്കുന്നുണ്ട്. കാറ്റില്‍ തുള്ളിവിറച്ച് പലതരംശബ്ദങ്ങളുണ്ടാത്തി ഇപ്പോള്‍ പറന്നുപോകുമോ എന്ന മട്ടില്‍ നില്ക്കുന്ന ഒരു വീടി ഈ കവിതയിലുണ്ട്. എല്ലാ കുറവുകളോടും കൂടി ഒരാള്‍ സ്വയം നിര്‍മ്മിക്കുന്ന ഇടത്തിലാണ് അതിന്റെ നില്പ്. വറുതിയുടെ പെരുമഴക്കാലത്തും അവിടെയിരുന്ന് ‘കൂടെയില്ലാത്ത അവളെ’യോര്‍ക്കാന്‍ ഒരാള്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ് ‘അകം’ എന്ന കവിതയിലും അത്ര വ്യത്യസ്തമല്ലാത്ത രീതിയില്‍ ഈ വീട് കടന്നുവരുന്നുണ്ട്. ഒരു വീട് വരച്ചിട്ട് അതിന്റെ തിണ്ണയില്‍ തനിച്ചിരുപ്പൂ ഞാന്‍ എന്നെഴുതുമ്പോള്‍ സ്വയം നിര്‍വചനത്തിന്റെയും നിര്‍ണ്ണയത്തിന്റെയും അലകള്‍ കേള്‍ക്കാനാവുന്നുണ്ട്. ‘അകലെ കണ്ണില്‍ നിഴലായ് ഒരിഞ്ചുഭൂമി’ എന്ന് വരണ്ട കാഴ്ചയുടെ ആത്മഗതങ്ങള്‍ എന്ന കവിതയില്‍ എഴുതുമ്പോഴും വിഭവങ്ങള്‍ക്ക് മേലുള്ള ഉടമസ്ഥതാബോധത്തിന്റെ സവിശേഷമായ ലോകമാണ് തിരിച്ചറിയപ്പെടുന്നത്.
ജലമേ/നിന്നെ ഉപേക്ഷിച്ച/വേരുകളേതാണ്? (തുറമുഖത്തിന്റെ ഏകാന്തത), വീട്കൊണ്ട്/ഗിത്താര്‍/മീട്ടാനറിയാമോ? (കുടിയൊഴിക്കല്‍), പുള്ളിയെങ്ങുരപോയ്? (സമാന്തരം), മീന്‍പിടിക്കാന്‍പോയ/അപ്പന്റെ രംഗം/എപ്പോഴാണാവോ? (ഊഴം), അവരുടെ ഉടല്‍ക്കെണി/എങ്ങനെയാണാവോ? (മൈ സ്പേസ് അഥവാ ചിലന്തിജീവിതം), ഒരു പേരില്‍ എന്തിരിക്കുന്നു? (ആനന്ദന്). സന്തോഷിന്റെ ഒട്ടുമിക്ക കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും ചില ചോദ്യങ്ങള്‍ കാണാം. തെളിഞ്ഞുകണ്ടവയില് ചിലതാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ആരെയും ഏകപക്ഷീയമായി പ്രതിസ്ഥാനത്താക്കുന്ന ചോദ്യങ്ങളല്ല ഇവ എന്നതാണ് അവയുടെ പ്രത്യേകത. അടക്കിയ ഒരു സ്വയം ചോദ്യത്തിന്റെ വിവര്‍ത്തനങ്ങളാണ് അവ. ചിഹ്നങ്ങള്‍ ഇല്ലാതെ തന്നെയും ചോദ്യമാകാന് ശേഷി ഈ വരികള്‍ക്കുണ്ടെന്ന് കവിതകളുടെ മൊത്തവായന ആരെയും സാക്ഷ്യപ്പെടുത്തും. എപ്പോഴും ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയെന്നത് എത്ര കുടഞ്ഞുകളഞ്ഞാലും ജീവിതത്തില്‍ നിന്ന് തെറിച്ചുപോകാത്ത വിചിത്രാനുഭവമായിരിക്കുന്നതിന്റെ സാമൂഹിക കാരണങ്ങള്‍ ഈ കവിക്ക് അന്യമല്ല എന്നുകൂടി സൂചിതവരികള് അടയാളപ്പെടുത്തുന്നുണ്ട്.
ഏതൊരു കവിയേയും പോലെ തന്നെ സന്തോഷും എഴുത്തില്‍ പ്രണയത്തിന് അതിന്റേതായ ഇടം നല്കുന്നുണ്ട. പുറത്തേക്ക് ഒരു ചുവടുവെക്കുമ്പോള്‍ അകത്ത് രണ്ടുചുവടുകള്‍ വയ്ക്കുന്ന ഉള്‍വലിച്ചിലുകള്‍ ഉ•ാദമാക്കിയ കാമുകനാണ് സന്തോഷിന്റെ കവിതയില്‍ മിക്കവാറും സ്ഥാനപ്പെടുന്നത്. വളരെ അപൂര്‍വ്വമായി മാത്രം ഒരുമിച്ചൊരിടം പങ്കിടുന്നവരാണ് പല കവിതകളിലേയും പ്രണയികള്‍. വെളിപ്പെടാതെ പോവുകയോ, തിരിച്ചറിയപ്പെടാതെ പോവുകയോ, പ്രതികരിക്കപ്പെടാതെ പോവുകയോ ചെയ്ത പ്രണയത്തിന്റെ ഒറ്റക്കാല് നടത്തങ്ങള്‍ പല കവിതയിലും ആവര്‍ത്തിച്ചുവരുന്നുണ്ട്. നീയല്ലാതെ/ഞാന്‍/മുറിച്ചുപോകുന്നു/ഭാരങ്ങളുടെ/മഹാനദി (ഡിവൈന്‍ കോമഡി), നീ എനിക്കെപ്പോഴും/പുറംതിരിഞ്ഞു/നില്ക്കുന്നു (എങ്ങനെ ഞാന്‍ മറക്കും) എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. പ്രണയിനിയുടെ ഹൃദയത്തിലേക്കും ഉടലിലേയ്ക്കുമൊക്കെ തീവ്രമായും ഏകപക്ഷീയവുമായും കടന്നു കയറാതിരുന്നുകൊണ്ട് ഒരു സംഭാഷണത്തിനുള്ള ശ്രമങ്ങള്‍ പല കവിതകളും നടത്തുന്നുവെന്നതും സന്തോഷിന്റെ എഴുത്തിന്റെയും നികീക്ഷണങ്ങളുടെയും സൂക്ഷ്മതയാണ് സൂചിപ്പിക്കുന്നത്. ആത്മാവിന്റെ സ്കെച്ചുകള്‍ എന്ന കവിതയില്‍ ‘മിന്നാമിനുങ്ങുകള്‍/വിളഞ്ഞുപൊട്ടുന്ന/നിശാവസ്ത്രങ്ങള്‍’ എന്നെഴുതുമ്പോഴും, കൊടൈക്കനാല്‍ എന്ന കവിതയില്‍ ‘കാന്തവലയങ്ങള്‍/പിണഞ്ഞ/രണ്ട് കണ്ണുകളാണ് നീ’ എന്നെഴുതുമ്പോഴും മേല്‍പ്പറഞ്ഞ വിധമുള്ള ഒരു ഇരുലോകത്തിന്റെ സാധ്യതകള്‍ കവിനിലനിര്ത്തുന്നുണ്ട്. ഒരു നിഴലിനെ വിഴുങ്ങുന്ന മറ്റൊരു നിഴലായി പ്രണയഭൂപടത്തെ അടയാളപ്പെടുത്താതെ നിഴലുകളുടെ ഒരു സിങ്ക്രണൈസേഷന്‍ ആവിഷ്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ട് സന്തോഷിന്റെ പ്രണയകവിതകള്‍.
പ്രകാശത്തിന്റെ മഞ്ഞ ഉടല്, ഓര്‍മ്മുടെ പായല്ക്കണ്ണുകള്, (ആത്മാവിന്റെ സ്കെച്ചുകള്‍), പുഴയുടെ ഇളംനീല പുല്‍മേടുകള്‍ (പ്രവാസം) തുടങ്ങിയ പ്രയോഗങ്ങള്‍ പ്രകാശനത്തിന്റെ അനന്യതയോടൊപ്പം സന്തോഷിന്റെ കാഴ്ചപ്പാടും സമീപനവും കൂടി വെളിപ്പെടുത്തുന്നുണ്ട്. ഓരപ്പെട്ട പ്രകൃതി ദൃശ്യങ്ങളിലേക്കും, ജീവിത സങ്കീര്‍ണ്ണതകളിലേക്കും, പ്രണയാവസ്ഥകളിലേക്കും പ്രകാശം പോലെ കടന്നു ചെല്ലാനും, ഓര്‍മ്മയുടെ പായല്‍ക്കണ്ണുകളില്‍ എല്ലാം പ്രതിഫലിപ്പിച്ച്, പുഴയുടെ ഇളംനീല പുല്മേടുകളിലൂടെ ഭൂമിയാകെ പരക്കാനും കഴിയുമെന്ന് ഈ കവിതകള്‍ വിശ്വസിക്കുന്നുണ്ട്. വായന എന്ന ഹസ്തദാനം കൊണ്ട് മാത്രമാവും സന്തോഷിന്റെ കവിതകളുടെ ഈ വിശ്വാസത്തെ നമുക്ക് കാത്തുസൂക്ഷിക്കാനാവുക. ഈ കുറിപ്പിന്റെ തുടക്കത്തില്‍ നിഴലിനെപ്പറ്റി ചിലത് പറഞ്ഞിരുന്നു. ഇതവസാനിപ്പിക്കുന്നതും അതേപ്പറ്റി പറഞ്ഞുകൊണ്ടുതന്നെയാവട്ടെ. വായനയെ പലപ്പോഴും എഴുത്തിന്റെ സ്വതന്ത്രനിഴലായി ഞാന്‍ സങ്കല്പിച്ചു നോക്കാറുണ്ട്. നിഴലില്ലെങ്കില്പ്പിന്നെ എന്തുടല്. നിഴലാം വായന എപ്പോഴും കൂടെയുണ്ടാവട്ടെ.