പുസ്തക പരിചയം – “ഒരു പൂമ്പാറ്റക്കഥ”
രണ്ടു ദിവസമോ രണ്ടാഴ്ചയോ മാത്രം ജീവിതമുള്ള ഒരു പൂമ്പാറ്റയുടെ വർണ്ണശബളമായ ജീവിതത്തിലൂടെ കുട്ടികളെ വഴിനടത്തി അവരിൽ മൂല്യബോധവും ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയും വളർത്തി നന്മയിലേക്ക് നയിക്കുന്ന ഒരു സദുദ്ദേശ രചനയാണ് സംഗീത എഴുതിയ ബാലസാഹിത്യ നോവൽ, ഒരു പൂമ്പാറ്റക്കഥ.
തന്റെ ജീവിതം വളരെ കുറവാണെന്ന് നിശ്ചയിച്ച വിധിയോടും ആ കുഞ്ഞു ജീവിതത്തിനിടെ കല പില കൂട്ടി ബഹളം വെക്കുന്ന കാക്കകളോടും പരിഭവപ്പെട്ട് നിരാശ ബാധിച്ച ഒരു പൂമ്പാറ്റയുടെ ജീവിതം കുരുവി മുത്തശ്ശിയെ കണ്ടു മുട്ടുന്നതോടെ മാറുകയാണ്. “നമ്മുടെ ജീവിതം എത്ര ചെറുതായാലും എത്ര വലുതായാലും നാം ചെയ്യുന്ന നന്മ നിറഞ്ഞ പ്രവൃത്തികളിലാണ് നമ്മുടെ ജീവിത വിജയമിരിക്കുന്നത്” എന്നും, “നിന്റെ ജീവിതകാലം കുറവാണെന്നോർത്ത് വേദനിക്കാതെ, ഈശ്വരൻ തന്ന സൗന്ദര്യത്തിലഹങ്കരിക്കാതെ എങ്ങനെ മറ്റുള്ളവർക്ക് ഗുണകരമാക്കാൻ കഴിയുമെന്ന് നോക്കൂ.” എന്നൊക്കെയുള്ള കുരുവി മുത്തശ്ശിയുടെ ഉപദേശം ഉൾക്കൊണ്ട പൂമ്പാറ്റയുടെ മറ്റുള്ളവരോടുള്ള മനോഭാവം മാത്രമല്ല തന്റെ തന്നെ ജീവിതത്തോടുമുള്ള കാഴ്ചപ്പാട് കൂടിയും മാറ്റത്തിന് വിധേയമാവുകയാണ്. ഈ മാറിയ മനോഭാവവുമായി പൂമ്പാറ്റ തന്റെ ശിഷ്ട ജീവിതം എങ്ങനെ സന്തോഷപൂർണ്ണമായും മറ്റുള്ളവർക്ക് സാന്ത്വനമായും ജീവിക്കുന്നു എന്ന കഥ പറയുകയാണ് എഴുത്തുകാരി.
കൊച്ചു കുട്ടികൾക്ക് വായിച്ചാലും പറഞ്ഞു കൊടുത്താലും ഇഷ്ടപ്പെടുന്ന വിധത്തിലുള്ളതാണ് കഥയുടെ ഭാഷയും ഉള്ളടക്കവും. കുട്ടികളുടെ കണ്ണിന് ഇമ്പമേകുവാനും ഭാവനയെ സഹായിക്കുവാനും ഒട്ടേറെ ചിത്രങ്ങളും ഇതിലുണ്ട്. കഥ വായിച്ചു കഴിഞ്ഞു കളർ പെൻസിലുകളുപയോഗിച്ചു കുട്ടികൾ പൂമ്പാറ്റക്കും കഥാപാത്രങ്ങൾക്കും കൊടുക്കുന്ന വർണ്ണങ്ങൾ ഏതെന്നറിയുകയും ഒരു രസകരമായ അനുഭവമായിരിക്കുമെന്ന് തോന്നുന്നു. ആർട്ടിസ്റ്റ് കുട്ടനാണ് മനോഹരമായ മുഖചിത്രവും മറ്റു ചിത്രങ്ങളും വരച്ചിരിക്കുന്നത്.
കഥയിലുടനീളം ജിജ്ഞാസ നിലനിർത്തുന്നതോടൊപ്പം തന്നെ ഓരോ അധ്യായത്തിൽ നിന്നും ഓരോ ചിന്തയെങ്കിലും കുട്ടികളിലേക്ക് പകരാനും എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്. നോവലിന്റെ അവസാന അധ്യായങ്ങൾ അല്പം നൊമ്പരപ്പെടുത്തുന്നതാണ് എന്നത് കുട്ടികളെ വിഷമിപ്പിക്കുമെന്നുറപ്പ്. പൂമ്പാറ്റയോട് അത്രമേൽ ചേർത്ത് നിർത്തുന്ന എഴുത്തിന്റെ ഭംഗി തന്നെയാണ് അതിന് കാരണം. (എങ്കിലും അടുത്ത പതിപ്പുകളിൽ കഥയുടെ അവസാനത്തിൽ മറ്റൊരു സന്തോഷത്തിന്റെ ചിത്രം കൊടുക്കാൻ ശ്രമിക്കുമെന്ന് കരുതുന്നു.) കുട്ടികൾക്കുള്ള ഇത്തരം കഥകൾ കുട്ടികളുടെ മാത്രമല്ല, കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്ന മുതിർന്നവരുടെയും മനസ്സിനെ ആർദ്രമാക്കുകയും ചിന്തകളെ വിമലീകരിക്കുകയും ജീവിതത്തെ നവീകരിക്കാൻ സഹായിക്കുകയും ചെയ്യും.
ഒരു ചെറു പൂമ്പാറ്റ തന്റെ ചെറിയ ജീവിതത്തിനിടയിൽ ഏറെ നന്മ ചെയ്തത് കാണുമ്പോൾ, ഇത്ര ദൈർഘ്യമുള്ള ജീവിതം കൈയ്യിൽ കിട്ടുന്ന മനുഷ്യർക്ക് എത്രമാത്രം നന്മ ലോകത്തിനായി ചെയ്യാമെന്നു നമ്മെ ചിന്തിപ്പിക്കുകയും എല്ലാവരും സഹകരിച്ചും സഹായിച്ചും ജീവിച്ചാൽ ഈ ഭൂമി തന്നെ സ്വർഗ്ഗമാക്കി മാറ്റാമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്ന ഒരു പൂമ്പാറ്റക്കഥ കുട്ടികൾക്കുള്ള ഗ്രന്ഥശേഖരങ്ങളുടെ അവിഭാജ്യപുസ്തകമാകാൻ യോഗ്യതയുള്ളതാണ്.
ചെറിയ കുട്ടികൾക്കുള്ള സമ്മാനപ്പൊതിയിൽ ഒരു പൂമ്പാറ്റക്കഥ ചേർത്തുവെച്ചാൽ പുസ്തകത്തെ വായിക്കുന്ന കുട്ടികളും രക്ഷിതാക്കളും അതിന് നന്ദിയുള്ളവരായിരിക്കുമെന്നുറപ്പ്. കാരണം ഇത്ര സജീവവും ഹൃദയസ്പർശിയുമായ കുട്ടിക്കഥകൾ മലയാളത്തിൽ അധികമില്ല തന്നെ.
സൈകതം ബുക്സാണ് ആദ്യ പതിപ്പിന് അറുപത് രൂപ വിലയിട്ടിരിക്കുന്ന ഈ ബാലസാഹിത്യ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.