ഒരു വിക്ഷോഭം
“ആത്മാവിലലിഞ്ഞൊരാൾ കൂടെയുള്ളപ്പൊഴാണ് എനിയ്ക്ക് ഹൃദയത്തോടു ചേർത്തു വയ്ക്കാൻ ഒരു കൂട്ടു കിട്ടുന്നത്. അദൃശ്യമായ ഒരു സ്നേഹവായ്പ്. എന്തു ചെയ്യേണ്ടൂ, എന്ന ധർമസങ്കടത്തിലായിപ്പൊയി ഞാൻ. എന്തപൂർണതയാണ് ഈ ഭ്രാന്തൻവികാരം ഉടലെടുക്കാൻ കാരണം എന്ന അന്വേഷണത്തിലായിരുന്നു പിന്നെ. തിരിച്ചും മറിച്ചും ഗണിച്ചു നോക്കി.ശൂന്യതയായിരുന്നു ഫലം. മാനസികാരോഗ്യവും യൌവനവും ഊർജസ്വലതയും നിലനിർത്താൻ ഈ വികാരം നല്ലതെന്നു തീർപ്പു കല്പിച്ചു അവസാനം.”
ഡയറിയിൽ ഇങ്ങനെയാണവൾ തന്റെ ഉന്മത്തചിത്തത്തെ എഴുതിച്ചേർത്തത്.
എന്താണിതിന്റെ ഒരു സാംഗത്യം എന്ന് എത്രയായിട്ടും അവള്‍ക്കു പിടികിട്ടുന്നില്ലായിരുന്നു . അങ്ങനെ പൊടുന്നനെ ഒരാള്‍ക്ക് മറ്റൊരാളുടെ മനസ്സില്‍ കയറിയിരിക്കാന്‍ പറ്റുമോ ? അതും കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ള ഈ പ്രായത്തില്‍.
ഏതെങ്കിലും രീതിയില്‍ ഒരു അപര്യാപ്തതയുള്ള ചുറ്റുപാടാണെങ്കില്‍ വേണ്ടില്ല എന്ന് വയ്ക്കാം . ഇതൊന്നുമില്ലാതെ വെറുതെ ഒരു ചാഞ്ചാട്ടം .
പണ്ടൊരു നാല് ചുമരുകള്‍ക്കുള്ളില്‍ ഇരുന്നെന്നും നിറമേറെ മങ്ങിയ ഓര്‍മകളില്‍ ഒരു പേരും മുഖവുമുണ്ടെന്നും അല്ലാതെ ഒരു മുൻപരിചയവുമില്ലായിരുന്നു അയാളെ !
പക്ഷെ,കുറെ കിന്നാരം പറച്ചിലിനും ആത്മവിശകലനത്തിനും സാമൂഹ്യച്ചർച്ചകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ ആ ബന്ധത്തെ ഒരു സന്തുലിതാവസ്ഥയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഇപ്പോള്‍ രണ്ടു പേര്‍ക്കും . ആത്മസുഹൃത്തുക്കള്‍ എന്ന് നാമകരണം ചെയ്യാം തല്‍ക്കാലം .
സൗഹൃദമേ വേണ്ടെന്നു വയ്ക്കാനാണ് അവള്‍ ഒരുപക്ഷെ ഇത് എഴുതിത്തീര്‍ക്കാം എന്ന് തീരുമാനിച്ചത് .അത് സംഭവിക്കുമോ എന്ന് വലിയ തീര്‍ച്ചയൊന്നുമില്ലെങ്കിലും.
ഇത്രനാളും എഴുതണ്ടെന്നു വച്ചത് , എഴുതിയാലങ്ങ് തീര്‍ന്നു പോകുമോ എന്ന ഭയത്തിലായിരുന്നു എന്ന് ചെറിയൊരു മന്ദഹാസത്തോടെ അവള്‍ ഓര്‍ത്തു ..
രസകരമായിരുന്നു തുടക്കം .. കലാലയത്തിന്റെ ഓര്‍മകളിലേക്ക് തിരിച്ചുകൊണ്ട് പോയ നൂതനസാങ്കേതിക വിദ്യ തീര്‍ത്ത കൂട്ടായ്മ .വാട്സ്അപ് ഗ്രൂപ്പ് ! പരിചിതരായ വളരെ കുറച്ചു വ്യക്തികള്‍ .മിക്ക ആളുകളുടെ കാര്യവും അങ്ങിനെത്തന്നെ . എന്നാലും കൌമാരം തിരിച്ചുകിട്ടിയ ആവേശമായിരുന്നു എല്ലാവര്ക്കും . എങ്കിലും,ഒരു പ്രത്യേക പരിഗണന ലഭിച്ചിരുന്നു അവൾക്ക്.
പിരിഞ്ഞതിനു ശേഷവും പലരോടും ഒരുപാട് നാള്‍ സൗഹൃദം സൂക്ഷിച്ചതിനാലാവാം . വലിയ പരിചയമില്ലെങ്കിലും അവനും അവളും പലപ്പോഴും ഗ്രൂപ്പില്‍ പരസ്പരം സംസാരിച്ചു.വളരെ നാളത്തെ പരിചയമുള്ളത് പോലെയോഇതുപോലെയൊരു കൂട്ടായിരുന്നല്ലോ ഞാന്‍ പലയിടത്തും തിരഞ്ഞിരുന്നത് എന്നോ അവളറിയാതെ തോന്നിക്കൊണ്ടിരുന്നു . മറ്റുപലരും അയക്കുന്നപോലെ ഒരു സന്ദേശം വ്യക്തിഗതമായി കിട്ടുമെന്ന് പ്രതീക്ഷിക്കുമായിരുന്നു .. അതുണ്ടായി .
രസകരമായിത്തന്നെയാണ് അവിടെയും പരസ്പരം സംസാരിച്ചത് . കോളേജ് വിദ്യാര്‍ഥിനിയുടെ കുസൃതിയായിരുന്നു അവനോടു സംസാരിക്കുമ്പോഴൊക്കെ അവള്‍ക്കു തോന്നാറ് . “വിവാഹത്തിനു മുന്‍പ് പ്രേമിക്കാന്‍ അവസരം കിട്ടിയില്ലെന്ന “
നിര്‍വ്യാജമായ ദുഃഖ പ്രകടനം അവളെ ഏറെ രസം പിടിപ്പിച്ചു. പാവം ചെറുക്കനെ ഒന്ന് പ്രേമിച്ചു , അതിന്റെ സുഖം മനസ്സിലാക്കിക്കൊടുക്കണം എന്ന മറ്റൊരു കുസൃതി അവള്‍ക്കു മനസ്സില്‍ തോന്നി .
കുറച്ചു കടന്ന കുസൃതിയാണെന്ന തിരിച്ചറിവുണ്ടെങ്കിലും. പക്ഷേ, ഒരു ദിവസം അറിയാതങ്ങു പറഞ്ഞു പോയി . അവളുടെ പാട്ടിനു മറുപാട്ടുമായ് അവന്‍ വന്നപ്പോള്‍ .
പാട്ടുകേട്ടപ്പോള്‍ ഒരു വേള നിന്നെ ഞാന്‍ പ്രണയിച്ചു പോയെന്നു .
ജീവിതത്തിൽ ധാർമികത വച്ചു പുലർത്തുന്ന,തികച്ചും സാധാരണ ജീവിതം നയിയ്ക്കുന്ന ഒരാളുടെ . സദാചാരബോധത്തോടെ അവന്‍ അതിനെ അവഗണിക്കും എന്നാണു അവള്‍ കരുതിയത്.പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മറുപടി .
അത്തരം വികാരങ്ങളോന്നുമില്ലെങ്കില്‍ നമ്മള്‍ മനുഷ്യരാവില്ലെന്നു ! ഇതെല്ലാം സ്വാഭാവികതയായി കരുതാന്‍ മാത്രം വിശാലമനസ്കതയുണ്ടെന്നറിഞ്ഞപ്പോള്‍ അവള്‍ക്കു ശരിക്കും ചെറിയൊരിഷ്ടം തോന്നി..
പിന്നെയങ്ങോട്ട് തോരാത്ത വര്‍ത്തമാനമായിരുന്നു . സൗഹൃദമോ , പ്രണയമോ അതില്‍ കൂടുതലുള്ള എന്തൊക്കെയോ ആയിത്തീര്‍ന്ന ആഘോഷം .
ഉറക്കത്തിലും ഉണർച്ചയിലുമെല്ലാം അവര്‍ കൂടെയായിരുന്നു ! അഗ്നിയായ് , തരംഗവേഗമായ്‌തീര്‍ന്ന ഒരാവേശം .
തീര്‍ത്തും അപകടകരമായ ഒരു മനോനിലയിലെക്കാന് പോകുന്നതെന്ന് ഒരു വീണ്ടുവിചാരം ഉണ്ടായി ഒരുനാളവള്‍ക്ക്…..ഒരു പാതിരാപ്പാട്ടായ് അവന്‍ വന്നപ്പോള്‍. ഹൃദയം കൊണ്ട് കളിക്കുന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന വീണ്ടുവിചാരം .അതോടു കൂടി സ്വയം തോന്നിയ ആധിയേക്കാള്‍ അവനെക്കുറിച്ചായി അവളുടെ ആധി .
ചുറ്റും ഉറ്റവരുള്ള തന്റെ നില ഇതാണെങ്കില്‍ തനിച്ചിരിക്കുന്ന അവന്റെ അവസ്ഥ എന്താകും ?!
കുറ്റബോധം കൊണ്ടും സങ്കടം കൊണ്ടും ഭ്രാന്തു പിടിച്ച പോലെയായി അവള്‍ക്കു .സ്വത്വബോധമില്ലാത്ത അര്‍ത്ഥശൂന്യമായ ഒരു ഭ്രാന്തന്‍ വികാരം . സ്വയമേറെ പഴിച്ചു. വേണ്ടായിരുന്നു . തുടക്കമിടെണ്ടായിരുന്നു .
ആ വികാരവിക്ഷോഭത്തില്‍ രണ്ടു നാള്‍ മിണ്ടാനേ കഴിഞ്ഞില്ല അവള്‍ക്കവനോട് . പക്ഷെ അവന്‍ വിളിച്ചു ..വികാരഭരിതമായിരുന്നു സ്വരം . വേദന കലര്‍ന്നതും . ഇനിയെന്തു നിവർത്തി എന്ന ദുഃഖഭാരത്തിലായി അവള്‍ . വീണ്ടും മിണ്ടാതിരുന്നു .. രണ്ടുനാള്‍ കഴിഞ്ഞു അവനെ വിളിച്ചു പറഞ്ഞു , വേണ്ട.. നമുക്കിവിടെ നിറുത്താം .. പ്രതികരണം വളരെ സ്വാഭാവികമായിരുന്നു .
“ നിന്റെ ഇഷ്ടം “
ഒന്ന് പകച്ചു പോയി അവള്‍ . അവനു വേണ്ടി ഇത്ര ആധി പിടിച്ച താനാണോ വിഡ്ഢി വേഷം കെട്ടിപ്പോയത് ?!
ചെറിയൊരു ഈര്‍ഷ്യ തോന്നാതിരുന്നില്ല അവള്‍ക്ക് . അങ്ങനെയെങ്കിലും സാരമില്ല,തുടങ്ങി വച്ച ഒരു കുട്ടിക്കളി,അല്ലെങ്കില്‍ ചാപല്യം ഇങ്ങനെയങ്ങ് തീരട്ടെ എന്നു സമാധാനിച്ചു.
മീര