തെരുവോരത്ത് ഒരു പുസ്തകപ്രകാശനം
പുസ്തക പ്രസാധനത്തേക്കാള്‍ ചെലവു കൂടിയ ഒരു ഏര്‍പ്പാടാണ് പുസ്തക പ്രകാശനം പുതിയ കാലത്ത്. എന്നാല്‍ കണ്ണൂര്‍ സ്വദേശിയായ സാബിര്‍ വളപട്ടണത്തിന്റെ മരണഘടികാരം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഈ കീഴ്‌വഴക്കങ്ങളെയൊക്കെ വെല്ലുവിളിച്ച് വേറിട്ട കാഴ്ചയായി. കണ്ണൂരിലെ യോഗശാല റോഡില്‍ തെരുവോരത്തു വച്ചായിരുന്നു ഈ സമാഹാരത്തിന്റെ പ്രകാശനം. സാംസ്‌കാരിക ജാഡകളോ നീണ്ടു നില്‍ക്കുന്ന പ്രസംഗങ്ങളോ ഒന്നുമി ല്ലാതെ, ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്നുള്ള ഈ പ്രകാശനച്ചടങ്ങ് കാഴ്ചക്കാര്‍ക്കും കൗതുകമായി. ഇയ്യ വളപട്ടണം എം ബി ജാഫറിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഓരോ വാരാന്ത്യത്തിലും ഒത്തുചേരുന്ന അതേ സ്ഥലത്തുവെച്ചായിരുന്നു കണ്ണൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സഹൃദയരും പങ്കെടുത്ത ഈ ചടങ്ങു നടന്നത്. കഥാകൃത്ത് അശ്രഫ് ആഡൂര് , ഒ എം രാമകൃഷ്ണന്‍ , ഇയ്യ വളപട്ടണം, സാബിര്‍ വളപട്ടണം, ബിജു അഴീക്കോട് , സുജിത്ത്, ശുക്കൂര്‍ പെടയങ്ങോട്, മനോജ് കാട്ടാമ്പള്ളി, അംബുജം കടമ്പൂര്‍ , ഭാഗ്യലക്ഷ്മി ടീച്ചര്‍ തുടങ്ങിയ എഴുത്തുകാരാണ് കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന തെരുവിലെ ഈ കൂട്ടയ്മയില്‍ സജീവമായുള്ളത്. കൂട്ടായ്മയിലേക്ക് സാഹിത്യ തല്‍പരരായ കൂടുതല്‍ ആള്‍ക്കാര്‍ എത്തിയതോടെ ‘കൂട്ടെഴുത്ത്’ എന്ന പേരില്‍ ഒരു സാംസ്‌കാരികകൂട്ടായ്മയ്ക്കും ഇവര്‍ തുടക്കം കുറിച്ചു. തിരക്കുകളെല്ലാം മാറ്റിവച്ച്, എല്ലാ ഞായറാഴ്ചയും സജീവമായ സാംസ്‌കാരിക ചര്‍ച്ചകളുമായി ഇവര്‍ ഒത്തുചേരുന്നു. ടി പത്മനാഭന്‍ , സിവിക് ചന്ദ്രന്‍ , ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്, എം.എ റഹ്മാന്‍ , അംബികാസുതന്‍ മാങ്ങാട് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാര്‍ ഇവരുടെ സംവാദങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.
നാസര്‍ കൂടാളിയുടെ ഐസ്റ്റീന്‍ വയലിന്‍ വായിക്കുന്നു, അശ്രഫ് ആഡുരിന്റെ മരിച്ചവന്റെ വേരുകള്‍, ഇയ്യവളപട്ടണത്തിന്റെ കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം, മനോജ് കാട്ടാമ്പള്ളിയുടെ ട്രാഫിക് ഐലന്റ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഈ കൂട്ടായ്മയില്‍ നിന്നു പിറവിയെടുത്തിട്ടുണ്ട്. ഇതിനു പുറമേ ഒ എം രാമകൃഷ്ണന്റെ തലക്കാവേരി, വളപട്ടണം എന്ന ദേശത്തിന്റെ സര്‍ഗാത്മക ചരിത്രമായ വളപട്ടണം കഥകള്‍ എന്നിവ അടുത്ത മാസം സൈകതം ബുക്‌സ് പുറത്തിറക്കും. സൈകതം ബുക്‌സ് ആണ് മരണഘടികാരത്തിന്റെ പ്രസാധകര്‍ . 40 രൂപയാണ് പുസ്തകത്തിന്റെ വില.