Main Menu

ഹരിദാസന്റെ  വണ്ടികള്‍

ഹരിദാസന്‍ ആദ്യമായി ഉരുട്ടിയ ടൂവീലറിന്റെ ചക്രങ്ങള്‍   ഈര്‍ക്കിലിയില്‍ കോര്‍ത്ത  വെള്ളക്കകളാ യിരുന്നു.  പിന്നീടാണ്   വിഷുമാറ്റച്ചന്തയില്‍  നിന്ന്  അച്ഛന്‍ വാങ്ങിക്കൊടുത്ത  ചുവന്ന ചെറിയ മരച്ചക്രങ്ങളും  മഞ്ഞവടിയുമുള്ള  വണ്ടി ഉന്തിയത്. അത് ഒരു കാലഘട്ടം.

           വീട്ടിലെ സ്ഥിരംകടയില്‍പോക്കുകാര നായപ്പോള്‍  കേടായ സൈക്കിള്‍ ടയര്‍ ആയിരുന്നു വാഹനം.   റേഷന്‍ ഷാപ്പിലേക്കും പലചരക്കു കടയിലേക്കും മറ്റും ദിവസത്തില്‍ പലപ്രാവശ്യം ഓടിയിരുന്നത്  ഒരു ചെറിയ വടിക്കഷണം കൊണ്ട്  ടയറില്‍ തട്ടി ഒപ്പം ഓടിച്ചുകൊ ണ്ടായിരുന്നു.  അതും ഒരു  കാലഘട്ടം.

          തുടര്‍ന്ന്   കൌമാരത്തില്‍  ഓടിച്ചത് അച്ഛന്റെ ഹെര്‍ക്കുലീസ് . (ഇടംകാലിട്ട്,  ഒളിച്ച്). മണിക്കൂറിനു മുപ്പതു പൈസ നിരക്കില്‍ ഒടന്‍കൊല്ലി വാടകസൈക്കി ളില്‍ നാടുചുറ്റി നടുഉളുക്കി. ദുരിതംപിടിച്ച കാലഘട്ടം.

            എങ്കിലും അയാളെ ഒരു ‘വാഹനമൊതലാളി’യാ ക്കിയത്   അച്ഛന്‍ അര്‍ദ്ധമനസ്സോടെ വാങ്ങിക്കൊടുത്ത ഹീറോ സ്പോര്‍ട്സ് സൈക്കിളാണ്. അനന്തരം ഹരിദാ സന്‍ വിജയ്‌ സൂപ്പര്‍, ലാംബ്രട്ട സ്കൂട്ടറുകളിലൂടെ,പി ന്നെ  ജാവബൈക്കിലൂടെ യൌവനചഷകം കുടിച്ചുതീ ര്‍ക്കുകയോ അടിച്ചുപൊളിക്കുകയോ അങ്ങനെയേതാ ണ്ടൊക്കെയോ ചെയ്തു. ഏറ്റവും സുന്ദരകാലഘട്ടം  .

              മധ്യവയസ്സെത്തിയപ്പോള്‍ അയാള്‍  അതുവരെ സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന പ്രീമിയര്‍ പത്മിനിയി ല്‍ എത്തുകയായിരുന്നു.  അകലെയുള്ള ക്ഷേത്രങ്ങളിലും  ബന്ധുഗൃഹങ്ങളിലും  കുടുംബസമേതം  സന്ദര്ശിക്കേണ്ട തിന്റെ  അനിവാര്യത  അയാള്‍ക്കോര്‍മ്മ വന്നത്  വീട്ടി ല്‍  പത്മിനി വന്നപ്പോഴാണ്.  അതൊരു  കിടുക്കന്‍   കാലഘട്ടം.

            വലിപ്പം, സി.സി., സസ്പെന്‍ഷന്‍, മൈലേജ്   എന്നീ  കാര്യങ്ങളില്‍  കുറച്ചുകൂടി മെച്ചപ്പെടണമെന്ന   ‘ബാഹ്യസമ്മര്‍ദ്ദം’ ശക്തമായപ്പോള്‍ അയാള്‍ പത്മിനി വിട്ട് അംബാസഡറിലേക്ക് മാറി.  അതോടെ  തനിക്കു ഏതാണ്ടൊക്കെ പത്രാസ്  കൈവന്നുവെന്നും, അത്  ‘ചെലരെ’യൊക്കെ  ഞെട്ടിച്ചുവെന്നും   ഹരിദാസന് തോന്നി.  അംബാസഡര്‍ പുതിയ തലമുറയ്ക്ക് ‘പോരാഴിക’ യായപ്പോ ള്‍   മകന്‍  വാങ്ങിയ ന്യൂ ജെന്‍  കാര്‍   അംബാസഡറിനെ ആദേശം ചെയ്യുകയും ഹരിദാസ ന്‍   ആദ്യമായി പിന്‍സീറ്റ്‌ യാത്രികനാവുകയും ചെയ്തു.  ഒരിക്കലും തീരില്ലെന്നു കരുതിയിരുന്ന ഒരു കാല ഘട്ടത്തി ന്റെ ഒടുക്കവും മറ്റൊന്നിന്റെ തുടക്കവുമായിരുന്നു, അത്.  

           പിന്‍സീറ്റ് യാത്ര തുടരാന്‍ അയാള്‍  ഇഷ്ടപ്പെട്ടില്ല.  കാരണം ആ ഇരിപ്പില്‍ ഒരുതരം സുപ്താവസ്ഥയാണ്.     ‘പഴയത് ‘ ഓര്‍മ്മ വരും. ആ  ഓര്‍മ്മയില്‍  മുഴുകിയാല്‍   ജീവിതാന്ത്യം ചിന്തിക്കും. മുന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ്  ചെയ്യുമ്പോഴേ ജീവിതമുള്ളൂ. കണ്ണും കാതും കൂര്‍പ്പിച്ച്  ജാഗ്ര തയില്‍ മുന്നോട്ടാണ് യാത്ര.  ചരൈവേതി. പക്ഷെ,  സ്റ്റിയറിംഗ് നഷ്ടപ്പെട്ടാല്‍  പിന്നെ പിന്‍ സീറ്റല്ലേ,ഗതി! 

            ആ കാലഘട്ടത്തിന്റെ  അന്ത്യത്തില്‍  പിന്‍സീറ്റ്‌ യാത്ര മതിയാക്കി  അയാള്‍ സ്വയം ഡ്രൈവിംഗ്  ആരം ഭിച്ചു. രണ്ടു  കൈകള്‍ കൊണ്ടും ചക്രങ്ങള്‍ തിരിച്ചു  മുമ്പോ ട്ടും പുറകോട്ടും  സവാരി ചെയ്യാവുന്ന  മുച്ചക്രവണ്ടി.

          ജീവിതത്തില്‍  ഒരാള്‍ ആവശ്യത്തിനും അനാവശ്യ ത്തിനുമായി  എത്രതരം  വാഹനങ്ങള്‍  ഉപയോഗിക്കുന്നു! പിന്നീട് ഒരുനാള്‍  അയാള്‍ തലയില്‍  കറങ്ങുന്ന ചുവപ്പ് വെളിച്ചവും ‘നിലവിളി’ശബ്ദവുമായി  പായുന്ന  വെളുത്ത  വണ്ടിയില്‍ കിടന്നു.

         തീര്‍ന്നില്ല,  ചെറിയ ഇരുമ്പു ചക്രങ്ങള്‍  നാലെണ്ണം പിടിപ്പിച്ച മേശവണ്ടിയില്‍  മലര്‍ന്നു കിടന്നാണ്  അയാള്‍  ഓപ്പറേ ഷന്‍  തീയറ്ററിനകത്തേയ്ക്കും  പിന്നെ ജീവിതത്തിനു പുറ ത്തേയ്ക്കും   സഞ്ചരിച്ചത്.

           പിന്നീട്  ഒരു വണ്ടി മാത്രമേ  ഹരിദാസനു വേണ്ടി ചക്രമുരുട്ടിയുള്ളൂ.  അതുപക്ഷേ, അവശിഷ്ടങ്ങള്‍  തൂത്തുവാരി  നിറച്ച  മൂന്നു  ഭസ്മച്ചാക്കുകള്‍ക്കകത്തായിരുന്നതിനാല്‍  വണ്ടിയേതാണെന്ന്  അറിയാന്‍ കഴിഞ്ഞില്ല.  ടെമ്പോവാനോ, ബീയെം ഡബ്ലിയുവോ എന്ന്.

   


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: