Main Menu

ഈ മഴയെക്കൊണ്ടു തോറ്റു

ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലി, കനത്തശമ്പളം, സുഖസൗകര്യങ്ങള്‍ എന്നിങ്ങനെ ജീവിതം സന്തോഷകരമാക്കുവാന്‍ വേണ്ടതെല്ലാം കൈപിടിയിലൊതുക്കിവച്ചിട്ടും യഥാര്‍ത്ഥ ജീവിതാനന്ദത്തിന്റെ ഒരു തുള്ളി പോലും നുകരാനാവാതെ ഏകാന്തതയുടെയും നിരാശയുടെയും നിഴലിടങ്ങളില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ സമകാലീനസമൂഹത്തിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളിലൊന്നാണ്. മറ്റൊന്നിന്റെയും കുറവല്ല, ഉപാധികളില്ലാതെ പരസ്പരം സ്‌നേഹിക്കാന്‍ നിര്‍ബന്ധിതമാകുന്ന ശക്തമായ ഹൃദയബന്ധങ്ങളുടെ അഭാവം പേറുന്ന കുടുംബങ്ങളാണ് ഇത്തരം മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് അനുവാചകരെ ഓര്‍മ്മിപ്പിക്കുന്നതാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘ഈ മഴയെക്കൊണ്ട് തോറ്റു’ എന്ന കഥ.
തകര്‍ന്ന ദാമ്പത്യത്തിന്റെ ഭാരം പേറി ജീവിക്കുന്ന നഗരവാസിയായ ഒരു യുവാവും ഇരുനൂറ് കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ അവനെ തേടിയെത്തുന്ന അച്ഛനുമാണ് പ്രധാന കഥാപാത്രങ്ങള്‍.
‘ഞാനിനി തിരിച്ച് നിന്റമ്മേടടുത്ത് അടുത്തൊന്നുമില്ല. മടുത്തു.’ എന്നും ‘ഞാനിവിടെ കുറേക്കാലം താമസിക്കുന്നത് നിനക്ക് അസൗകര്യമാകുമോ’ എന്നും ‘ഞാന്‍ ചാവുന്നത് അനാരോഗ്യം കൊണ്ടാവില്ല, മടുപ്പുകൊണ്ടാവും’ എന്നും വലിയ പ്രഖ്യാപനങ്ങള്‍ നടത്തി ഒരു ചെറിയ ‘ഇട്ടെറിഞ്ഞുപോരലിന്റെ’ എല്ലാ സംഘര്‍ഷങ്ങളും നിറച്ച് മകന്റെ ഫ്‌ളാറ്റിലെത്തുന്ന ആ നാട്ടുമനുഷ്യന്‍ ഒരു രാത്രിപോലും അവിടെ മുഴിമിക്കാനാവാതെ വീട്ടുവിചാരങ്ങളുടെ ശക്തിയാല്‍ അവിടം വിട്ടിറങ്ങി, കുറ്റങ്ങളും കുറവുകളും അനുസരണക്കേടും അശ്രദ്ധയുമൊക്കെ വേണ്ടുവോളമുള്ള ‘അവളുടെ’ ചാരത്തേക്ക് മടങ്ങുന്നിടത്താണ് കഥ അവസാനിക്കുന്നത്.
തിരക്കും യാന്ത്രികതയും നിറഞ്ഞ നഗരജീവിതവും പൊരുത്തക്കേടുകളുടെ പെരുപ്പങ്ങള്‍ക്കിടയില്‍ പൊലിഞ്ഞുപോയ ദാമ്പത്യവും ചേര്‍ന്നു തച്ചുടച്ച ഒരു ജീവിതത്തിന്റെ ഉടമയാണ് ബാലു. സിവിലൈസ്ഡാണെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചവന്‍, ബര്‍മുഡ ധരിച്ചു നടക്കുമ്പോഴും ഉള്ളില്‍ ലുങ്കിയെ പേറിനടന്നവന്‍, റെയിന്‍ സീസണില്‍ സിറ്റിയിലെ ഓടയില്‍ നിറയുന്ന ചപ്പുചവറുകള്‍ പോലെ വിലകെട്ടവന്‍, മാര്യേജിനു മുന്‍പു താന്‍ പറഞ്ഞ ‘കണ്ടീഷന്‍സെല്ലാം’ കാറ്റില്‍ പറത്തിയവന്‍, ബാലുവിനെ ഇട്ടെറിഞ്ഞുപോകുന്നതിനു മുന്നോടിയായി ‘അവള്‍’ നടത്തുന്ന വിചാരണയിലെ പ്രധാന വിശേഷണങ്ങളാണിവ. ഒരു മുറിയില്‍ ജീവിച്ചിട്ടും ഒരേ ഭാഷയില്‍ സംസാരിച്ചിട്ടും പരസ്പരം മനസ്സിലാക്കാനാവാത്തവിധം ഏതു മതില്‍ക്കെട്ടാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്? പരിഷ്‌ക്കാരിപ്പെണ്ണിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അര്‍ബന്‍-വില്ലേജ് ഡിഫ്രന്‍സ്’. അഭിരുചികളില്‍, ശീലങ്ങളില്‍, കാഴ്ചപ്പാടുകളില്‍ ഒക്കെ പ്രതിഫലിക്കാനിടയുള്ള ഇത്തരം ‘ഡിഫ്രന്‍സുകളില്‍’ തട്ടിത്തകര്‍ന്ന് അല്പായുസ്സുകളായിത്തീര്‍ന്ന എത്രയോ ദാമ്പത്യങ്ങള്‍ ഇന്നു നമ്മുടെ കണ്‍മുന്നിലുണ്ട്! നീ നീയായി ജീവിക്കുക എന്നതല്ല, എന്റെ സങ്കല്പത്തിലെ നീയായി മാറാന്‍ നിനക്കു കഴിയുമെങ്കില്‍ മാത്രം നമുക്കൊന്നിച്ചൊരു ജീവിതം, അല്ലെങ്കില്‍ നിനക്കു നിന്റെ വഴി, എനിക്കെന്റെ വഴി എന്ന ചെറുതും വലുതുമായ സാക്ഷ്യങ്ങളുടെ എണ്ണം കൂടിവരുന്ന ഒരു സംസ്‌കാരത്തില്‍ ഈ കഥയുടെ വായനയ്ക്കു വലിയ മൂല്യമാണുള്ളതെന്നു പറയാതെ വയ്യ.
മരണംവരെ ഒന്നിച്ചു ജീവിക്കാമെന്നുറച്ച് പരസ്പരം കരംഗ്രഹിച്ച്, ഒരുപോലെയുള്ള സ്വപ്നങ്ങള്‍ കണ്ട് ജീവിതമാരംഭിച്ച രണ്ടുപേര്‍ പാതിവഴിയില്‍ വച്ചു പിരിഞ്ഞകലുന്നതിന് നാം നല്കുന്ന പേര് ‘മോചനം’ എന്നാണ്. എന്തില്‍ നിന്നൊക്കെയാണ് മോചനം സംഭവിക്കുന്നത്. അവന്റെ/അവളുടെ സ്വന്തം വ്യക്തിത്വത്തില്‍നിന്ന്, അല്ലെങ്കില്‍ കാഴ്ചപ്പാടുകളില്‍നിന്ന്, ജീവിത പരിസരങ്ങളില്‍ നിന്ന് ഒക്കെയല്ലേ ഒരാള്‍ വിടുതല്‍ പ്രാപിക്കുന്നത്? അങ്ങനെ ഒറ്റയാകുന്ന അവസ്ഥയെ നോക്കി ചിരിച്ചുകൊണ്ട് ‘ഞാനിപ്പോള്‍ ഫ്രീ ആയി’ എന്നു സ്വയം അഭിമാനിക്കുന്ന വ്യക്തികളെ സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ നാമിന്നൊരുപാടു കാണുന്നുമുണ്ട്. ബാലുവിന്റെ അച്ഛനെ അവതരിപ്പിക്കുന്നതില്‍ കഥാകൃത്ത് പുലര്‍ത്തുന്ന ശ്രദ്ധയും സൂക്ഷ്മതയും വിലമതിക്കപ്പെടേണ്ടത് ഈ പശ്ചാത്തലത്തിലാണ്. കുടുംബത്തിനു വേണ്ടി, സഹോദരങ്ങള്‍ക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി സ്വയം ത്യജിച്ച ഒരു മനുഷ്യന്റെ മിഴിവുറ്റ ചിത്രമാണ് ഇവിടെ തെളിഞ്ഞുവരുന്നത്.
‘ഒരു ഭാഗത്ത് എത്ര പണിയെടുത്താലും ഒരു ഫലോം കാണാത്ത കൃഷിഭൂമി; മറ്റേഭാഗത്ത് ഈ പണിയുണ്ടാക്കുന്ന അര്‍ത്ഥശൂന്യതയും ഒടുങ്ങാത്ത ആശങ്കകളും. ”ന്റെയൊന്നിച്ചു പഠിച്ച മമ്മു ദുബായില്‍ പോകാന്‍ വിളിച്ചതാ. ഞാനീ കെട്ടുപാട് വിട്ട് എങ്ങോട്ടുപോകാന്‍…..” സ്വന്തം സ്വപ്നങ്ങളിലേക്കും കണക്കുകൂട്ടലുകളിലേക്കും മാത്രം നോക്കിയാല്‍ നഷ്ടങ്ങള്‍ മാത്രം കുറിക്കാന്‍ വിധിക്കപ്പെട്ട ഒരു ജീവിതത്തിന്റെ ഉടമ. മറ്റുള്ളവരെ ഓര്‍ത്തുള്ള അശാന്തിയുടെ ഒരു ചെറുകൂടാരം. ഭാര്യയോടും മൂത്തമകനോടുമാണ് അയാള്‍ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയിട്ടുള്ളതെന്ന വസ്തുതയെ സമീപിക്കേണ്ടതും ഈ മനഃശാസ്ത്രതലത്തില്‍ നിന്നുകൊണ്ടാവണം. തന്റെ ഇല്ലായ്മകളുടെയും ആശങ്കകളുടെയും പങ്കുപറ്റാന്‍ വന്ന നല്ല പാതി. തനിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് ജീവിതത്തോടു പൊരുതേണ്ടവള്‍. ചെറിയ അശ്രദ്ധകളുടെ പേരില്‍ പോലും അവളെ വല്ലാതെ ശാസിക്കുമ്പോഴും ഒച്ചപ്പാടുണ്ടാക്കുമ്പോഴും അയാളുടെയുള്ളില്‍ അവളോടുള്ള കരുതലും സ്‌നേഹവും മാത്രമായിരുന്നു എന്നതാണു വാസ്തവം. ”അരി കഴുകിയ കാടിവെള്ളം അശ്രദ്ധമായി കളഞ്ഞാല്‍ ഞാനൊച്ചയിടും സത്യാണ്. കാരണം അതു പശുക്കള്‍ക്കു കുടിക്കാനുള്ളതാ. കോട്ടന്‍തുണി വെയിലത്തിട്ടുണക്കിയാ എളുപ്പം നിറം മങ്ങും. തണലത്തിടണമെന്ന് എത്ര കാറിയാലും അവളുടെ നടപ്പാണ്.” വെറുപ്പോ വിദ്വേഷമോ അല്ല തന്റെ കുടുംബത്തിന്റെ നാളെകളെക്കുറിച്ചുള്ള ചിന്തകളാണ് അയാളുടെ വാക്കുകളെ നയിച്ചിരുന്നതെന്നു വ്യക്തം.
ഇതുതന്നെയാണ് മൂത്തമകന്റെ കാര്യത്തിലും സംഭവിച്ചത്. മൂത്തവനെന്നാല്‍ ഭാരം ചുമക്കേണ്ടവന്‍ എന്നാണര്‍ത്ഥമെന്ന് സ്വന്തം ജീവിതത്തില്‍നിന്നു മനസ്സിലാക്കിയ ആ അച്ഛന്‍ അവനെ നോക്കുമ്പോഴും ലാളിക്കുമ്പോഴും ചെറിയ കാര്യങ്ങളുടെ പേരില്‍ അവനെ ശിക്ഷിക്കുമ്പോഴുമെല്ലാം അനുഭവിച്ചിരുന്നത് ഈ അറിവിന്റെ വേദനയായിരുന്നു. മറ്റു മക്കളെ ഒരു ഈര്‍ക്കിലി കൊണ്ടുപോലും വേദനിപ്പിക്കാത്ത അച്ഛന്‍ എന്തിനാണ് ഏട്ടനെമാത്രം കഠിനമായി ശിക്ഷിച്ചത് എന്നു ബാലു ചോദിക്കുമ്പോഴാണ് ഈ അച്ഛന്റെയുള്ളിലെ അശാന്തിയുടെ നെരിപ്പോടുകള്‍ നാം കാണുന്നത്. ബെല്ലും, ബ്രേക്കുമില്ലാതെ ഓടിച്ചാടിയതിന്, കളിപ്പാട്ടങ്ങള്‍ പെട്ടെന്നു നശിപ്പിച്ചതിന്, ചെങ്കുത്തായ വീട്ടുപടിക്കലേക്ക് മുട്ടിലിഴഞ്ഞുപോയതിനൊക്കെ ആ അച്ഛന്‍ മൂത്തമകനെ ഒരുപാട് തല്ലിയിട്ടുണ്ട്. ഒന്നരവയസ്സുള്ളപ്പോള്‍ അവനെ അച്ഛന്‍ തല്ലിയപാട് കണ്ട് അമ്മ കരഞ്ഞിട്ടുണ്ട്. തന്റെയുള്ളില്‍ അവനെയോര്‍ത്തുള്ള അശാന്തിയുടെ പൊരിച്ചിലുകളിലൂടെയാണ് അയാള്‍ മകനെ നോക്കിയിരുന്നതെന്നും ആ നോട്ടത്തിന്റെ വ്യാഖ്യാനമാണ് അച്ഛനും മകനും തമ്മിലുള്ള പില്ക്കാലബന്ധമെന്നും കഥയില്‍ നിന്നു മനസ്സിലാക്കാം. ‘ഏറെ സ്‌നേഹിച്ചത് അവനെയാ, അവനെച്ചൊല്ലി മാത്രം ഞാന്‍ തിന്ന തീയ്ക്ക് കണക്കില്ല. അവനെവിടെയെങ്കിലും വീണ് അപകടം വരുമോ എന്നോര്‍ത്ത് വേവലാതി മൂത്ത് ഞാന്‍ രണ്ടുവര്‍ഷത്തോളം പുറത്തിറങ്ങിയിട്ടില്ല. വയലില്‍ വിത്തുപോലുമിറക്കിയിട്ടില്ല. എനിക്ക് കണക്കിനു തന്നതും അവന്‍ തന്നെയാ. ചത്തോ ജീവിച്ചോ എന്നറിയാനെങ്കിലും ഒന്നു തിരിഞ്ഞുനോക്കുന്നുണ്ടോ അവന്‍?’ സങ്കടങ്ങളുടെ കെട്ടിറക്കിവച്ചതിനുശേഷം ഉറങ്ങാന്‍ ചായുന്നതിനു മുമ്പ് അച്ഛന്‍ മകനോടു ചോദിക്കുന്നു; ‘ഞാന്‍ നിങ്ങളെയൊന്നും സ്‌നേഹിച്ചിട്ടില്ലേ മോനേ?’ മൂന്നു പെണ്‍മക്കളെയും രണ്ടു ആണ്‍മക്കളെയും വളര്‍ത്തി വലുതാക്കി നല്ല ജീവിതമുണ്ടാക്കിക്കൊടുത്ത അച്ഛന്‍ തെല്ലു സന്ദേഹത്തോടെ ഇങ്ങനെ ചോദിക്കുമ്പോള്‍ അനുവാചകരുടെ കണ്ണുനിറയും. കാരണം വര്‍ത്തമാനകാലത്തെ എത്രയോ കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളിയുടെ സ്വരമാണ് ഈ ചോദ്യത്തിലുള്ളത്.
പൊരുത്തമില്ലാത്ത ദാമ്പത്യംപോലെതന്നെയായിരുന്നു ബാലുവിന്റെ നഗരജീവിതവും. ഒരു നിമിഷത്തിന്റെ പോലും ശാന്തത പകരാനാവാത്ത, പതിമൂന്നാം നിലയിലെ മുറിയില്‍ നിന്നു താഴേക്കു നോക്കുമ്പോള്‍ ഇരുട്ടുപിടിച്ച വലിയ ആഴക്കിണര്‍പോലെ തോന്നിക്കുന്ന, കനത്ത ശമ്പളം തന്ന് തന്റെ ശരീരത്തിലെ അവസാനത്തുള്ളി ചോരയും ഊറ്റിയെടുക്കുന്ന, തിന്മയുടെ വ്രണങ്ങള്‍ പഴുത്തുനാറി തൊലിപൊളിച്ച് പുറത്തേക്കുനോക്കുന്ന, മനുഷ്യരുള്ള നഗരം ബാലുവിനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഗ്രാമത്തിലേക്കുള്ള യാത്രയെ വല്ലപ്പോഴും കിട്ടുന്ന ഒരു മഴയായി അയാള്‍ക്കു തോന്നുന്നത്. ഈ ഏകാന്തതയിലേക്കും വീര്‍പ്പുമുട്ടലിലേക്കുമാണ് ഒരു മഴയായ് ബാലുവിന്റെ അച്ഛന്‍ പെയ്തിറങ്ങുന്നത്.
ഒന്നിച്ചുണ്ടാക്കിക്കുടിച്ച ഒരു കട്ടന്‍ ചായയില്‍, സ്റ്റൗവില്‍ തീ താഴ്ത്തിവച്ചു ചുട്ടെടുത്ത പപ്പടത്തില്‍, ഇത്തിരി പൊടിയരിക്കഞ്ഞിയില്‍, ‘തുറന്നുനോക്കെടാ’ എന്നു പറഞ്ഞ് അച്ഛന്‍ വച്ചുനീട്ടിയ ചെറിയ കടലാസുപൊതിയിലെ നാരങ്ങാമിഠായികളില്‍, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അച്ഛന്റെ ഗന്ധം കൊതിയോടെ വലിച്ചെടുത്ത് അദ്ദേഹത്തോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്നതില്‍ ഒക്കെ ബാലു മറികടന്നത് സ്വന്തം ഉള്ളിലെ ശൂന്യതകളെയാണ്. അതുകൊണ്ടാണ് നാട്ടില്‍വന്ന് വയലിലും പറമ്പിലുമൊക്കെ അച്ഛനു സഹായവും ചെയ്തു കഴിയാന്‍ ബാലു ആഗ്രഹിക്കുന്നതും. അതിനു അച്ഛന്‍ നല്‍കുന്ന മറുപടിയില്‍ വര്‍ത്തമാനകാലത്തെ തൊഴില്‍ സാമ്പത്തികമേഖലകളുടെയും സാമൂഹികബന്ധങ്ങളുടെയുമെല്ലാം നേരിന്റെ നൊമ്പരം പ്രതിഫലിക്കുന്നുണ്ട്. ‘ഇന്നു നാട്ടിന്‍പുറമെന്നു പറേണത് ഒരു തള്ളക്കോഴിയെപ്പോലെയാ. വിരിഞ്ഞ് കുറച്ചുകാലം കൂടെ കൊണ്ടുനടന്നേക്കും. പിന്നെ വല്ല ബാംഗ്ലൂര്‍ ക്കോ ദുബായിക്കോ അമേരിക്കയിലേക്കോ കൊത്തി ആട്ടിയകറ്റും.’
ഭാര്യ തന്നെ ഉപേക്ഷിച്ചുപോയ കാര്യം അച്ഛനില്‍നിന്ന് മറച്ചുവയ്ക്കു ന്ന ബാലു ചിരിച്ച മുഖവുമായാണ് അച്ഛനെ യാത്രയാക്കുന്നത്. തര്‍ക്കിച്ചും ഒച്ചയെടുത്തും ഈഗോയെ മുറിവേല്പിച്ചും തുടര്‍ന്ന നരകതുല്യമായ ദാമ്പത്യത്തിനൊടുവില്‍ പരിത്യക്തനായ ബാലു. ഭാര്യയെ പിരിഞ്ഞ് ഒരുദിവസംപോലും കഴിയാനാവാതെ പാതിരാത്രിയില്‍ത്തന്നെ വീട്ടില്‍ മടങ്ങിയെത്തുന്ന അച്ഛന്‍. ‘കണ്ടില്ലേ നീ. അവളുടെ മുറിയില്‍ ലൈറ്റ് ഓഫ് ചെയ്തിട്ടില്ല. ഒരു ശ്രദ്ധയുമില്ല അസത്തിന്, കറന്റ് ബില്ല് വരുമ്പോളറിയുന്നത് ഞാനാ…’ എല്ലാം മറന്ന് വഴക്കിന്റെ പതിവുപല്ലവികളുമായി അച്ഛന്‍ വീട്ടിലേക്കു കയറുമ്പോള്‍ ബാലു ഇത്രമാത്രം പറയുന്നു; ‘അച്ഛനെ കാണാതെ പരിഭ്രമിച്ച് അമ്മ ഒരുപോള കണ്ണടച്ചിട്ടുണ്ടാവില്ല.’
അല്ലലറിയാത്ത ജീവിതസാഹചര്യങ്ങളുടെയും ആവശ്യത്തിലേറെയുള്ള പണത്തിന്റെയും പിന്‍ബലത്തില്‍, സൗകര്യംപോലെ മാറ്റിയെടുക്കാവുന്ന ഒന്നായി ദാമ്പത്യത്തെ കരുതുകയും വേര്‍പിരിയല്‍ മാത്രമാണ് ഏക പരിഹാരമാര്‍ഗ്ഗമെന്ന തീരുമാനത്തിലേക്ക് വേഗത്തില്‍ ഓടിയെത്തുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധയോടെ വായിക്കേണ്ട ഒരു കഥയാണിത്.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: