Main Menu

ലണ്ടൻ യുറോപ്പ് യാത്രാ വിവരണം – ഭാഗം ഒന്ന്

ലണ്ടൻ യുറോപ്പ് യാത്രാ വിവരണം | ഗീത സോമകുമാർ

വീണ്ടുമൊരു സഞ്ചാരം.. ഇപ്രാവശ്യം അത് ലണ്ടനിലേക്കും പിന്നെ യൂറോപ്പിലേക്കും ആണ്. Chest infectioന്റെ പിടിയിലമർന്നപ്പോൾ യാത്ര സഫലമാവില്ലേ എന്നൊരു ശങ്കയുണ്ടായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് യാത്ര മാറ്റി വക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങിനെ സെപ്തംബർ 6ന് രാവിലെ ഞങ്ങൾ കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തി. പരിചയമുളള ആരെങ്കിലും ഉണ്ടോ എന്നു നോക്കി. ലോഞ്ചിരിക്കുമ്പോൾ അവിചാരിതമായി മസ്കറ്റിൽ ഉണ്ടായിരുന്ന കൂട്ടുകാരിയെ കണ്ടു സൗഹൃദം പങ്കിട്ടു. അപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി. അപരിചിതത്വത്തിന്റെ വൈമുഖ്യം ഉണ്ടെങ്കിലും കുറച്ചു പേരുമായി പരിചയപ്പെട്ടു. അപ്പോഴേക്കും ഞങ്ങളുടെ team leaderഉം tour operaterഉം ആയ Mr.Rajesh എത്തി. അദ്ദേഹം യാത്രക്കാരുമായെല്ലാം പരിചയപ്പെട്ടു. ശേഷം വിമാനത്താവളത്തിലെ നടപടികൾ തീർത്ത് 10.30ക്കുളള Oman air flightൽ Somans tour packageലെ മറ്റ് നാൽപത് പേരോടൊപ്പം ഞങ്ങൾ യാത്ര പുറപ്പെട്ടു. ആദ്യം മസ്കറ്റിലേക്കാണ് പോകുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒമാന്റെ ചക്രവാളത്തിലൂടെ വിമാനം ഇറങ്ങുമ്പോൾ ഓർമ്മകളുടെ വേലിയേറ്റത്തിൽ ഞാനകപ്പെട്ടു. പെറ്റമ്മയുടെ കൈകളിൽ നിന്നും പോറ്റമ്മയുടെ മടിത്തട്ടിലേക്ക് വന്നിറങ്ങിയതു പോലെ ഒരു പ്രതീതി… മനസ്സ് സന്തോഷഭരിതമായി…

ലണ്ടൻ യുറോപ്പ് യാത്രാ വിവരണം | ഗീത സോമകുമാർമസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് വളരെ മാറിയിരിക്കുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോരുമ്പോൾ വിമാനത്താവളം വികസിപ്പിക്കുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. സ്റ്റീലിന്റെയും ഗ്ലാസ്സിന്റെയും മിശ്രണത്തിലൂടെ, സാങ്കേതിക മികവിനോടൊപ്പം കലാപരമായ സൗന്ദര്യവും തിളങ്ങി നിൽക്കുന്ന പുതിയ വിമാനത്താവളം മറ്റേതൊരു ആധുനിക വിമാനത്താവളങ്ങളോടും കിടപിടിക്കുന്നതാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപ് കണ്ട `സീബ് എയർപോർട്ടി’ൽ നിന്നും ഇന്നുകാണുന്ന അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വിമാനത്താവളത്തിലേക്കുളള മാറ്റം കൊണ്ടു തന്നെ ഒമാൻ എന്ന കൊച്ചു രാജ്യത്തിന്റെ പുരോഗതി മനസ്സിലാക്കാവുന്നതാണ്.

ഇവിടെ രണ്ടു മണിക്കൂർ വിശ്രമം മാത്രമേ അനുവദിച്ചിട്ടുളളു. എയർപോർട്ടിലെ വൈഫൈ പോയിന്റിൽ നിന്ന് എല്ലാവരും ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വളരെ കുറച്ചു പേർക്കെ അത് കിട്ടുന്നുളളു എന്നു മാത്രം. വിമാനത്താവളത്തിന്റെ കൗതുകക്കാഴ്ചകൾ കണ്ടും ചിത്രങ്ങളെടുത്തുമൊക്കെ നടക്കാനായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. കുറച്ചധികം സമയം കിട്ടിയെങ്കിൽ ദാർസെറ്റിൽ പോയി കണ്ണനേയുും മസ്കറ്റിൽ ചെന്ന് മഹാദേവനേയും കണ്ട് നന്ദി പറഞ്ഞ് പോരാമായിരുന്നു എന്ന് മനസ്സ് മന്ത്രിച്ചു. പിന്നെ ടൗണിൽ പലയിടത്തായി താമസിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാർ… എല്ലാവരോടും മനസ്സു കൊണ്ട് വന്ദനം പറഞ്ഞ് മസ്കറ്റ് നിന്നും രണ്ടര മണിയോടെ Oman Air flight ലണ്ടനിലേക്ക് പറന്നു.

അഞ്ചു മണിക്കൂർ നേരത്തെ യാത്രക്കു ശേഷം ലണ്ടൻ സമയം വൈകീട്ട് ഏഴര മണിയോടെ ഹീത്രൂ വിമാനത്താവളത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. വിമാനത്താവളത്തിൽ വലിയ തിരക്ക് തോന്നിയില്ല. ഒരേ സമയം ധാരാളം വിമാനങ്ങൾ വരുകയും പോവുകയും ചെയ്യുന്ന വലിയ വിമാനത്താവളമാണ് ഹീതു. കഥകളിലും സിനിമകളിലും കണ്ടും കേട്ടും പരിചയമുളള വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സന്തോഷം തോന്നി. എങ്കിലും കൊച്ചി, മുംബൈ, ദുബായ്, മസ്കറ്റ് തുടങ്ങിയ airportകളിലെ അത്യാധുനിക സൗന്ദര്യമൊന്നും ഇവിടെ കാണാനില്ലല്ലോ എന്നാണ് ആദ്യം തോന്നിയത്. എങ്കിലും`സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്ന നാട്ടിലേക്ക് ഞാനുമെത്തിച്ചേർന്നല്ലോ എന്ന് സന്തോഷം തോന്നിയ നിമിഷങ്ങൾ….

ലണ്ടൻ യുറോപ്പ് യാത്രാ വിവരണം | ഗീത സോമകുമാർ

അടുത്ത രണ്ടു ദിവസങ്ങളിലെ കാഴ്ചകൾ എന്തെല്ലാമായിരിക്കാം എന്ന കൗതുകത്തോടെ ഞങ്ങൾ airportന് പുറത്തു കടന്നു. അവിടെ ഞങ്ങളുടെ കോച്ചിന്റെ ഡ്രൈവർ മിസ്ററർ അലക്സ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ശേഷം Terminal 5ലുളള Hilton international ലേക്ക് ഞങ്ങളേയും വഹിച്ച് കോച്ച് യാത്രയായി. Hotelനു മുൻപിൽ ബസ്സ് നിറുത്തി എല്ലാവരും അവനവന്റെ ലഗേജുമായി ഹോട്ടൽ ലോബിയിലിരുന്നു. ഓരോരുത്തർക്കുമുളള റൂം നമ്പർ നേരത്തെ തന്നെ അലോട്ട് ചെയ്തതു കൊണ്ട് റൂം കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. റൂമിൽ ചെന്ന് fresh ആയ ശേഷം Hotel Restaurentൽ ചെന്ന് അത്താഴം കഴിച്ചു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതു കൊണ്ട് വേഗം തന്നെ റൂമിലേക്ക് മടങ്ങി. ഇതിനിടയിൽ ഹോട്ടലിലെ wifi സൗകര്യം ഉപയോഗിച്ച് സുഖമായി എത്തിയ വിവരം നാട്ടിൽ അറിയിക്കാനും കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ 6.30ന് wake up call ഉണ്ടാകുമെന്നും എല്ലാവരും എട്ടു മണിക്കു തന്നെ യാത്രക്ക് തയാറാകണമെന്നും നിഷ്കർഷിച്ചിരുന്നു. അതു കൊണ്ടു തന്നെ Internet searchനൊന്നും നിൽക്കാതെ പിറ്റേ ദിവസത്തെ ലണ്ടൻ യാതയെ സ്വപ്നം കണ്ടു കൊണ്ട് ഉറങ്ങാൻ കിടന്നു…
ഗീത സോമകുമാർ

തുടരും..



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: