മരങ്ങൾക്ക് വളമിട്ട് നന്മ മരങ്ങളാക്കും മുമ്പ്..
വേരുകളാണ് ഓരോ മരത്തിന്റെയും ശക്തി. ചെളിയും മാലിന്യവും നിറഞ്ഞ മണ്ണിൽ നിന്ന് വേരുകൾ വലിച്ചെടുക്കുന്നത് ഇലകളായും കായ്കളായും പൂക്കളായും ചില്ലകളിൽ നിറയുമ്പോൾ വാനിൽ പരക്കുന്ന സുഗന്ധം മണ്ണിലെ ദുർഗന്ധത്തെ മറയ്ക്കും. അത് പോലെ തന്നെയാണ് നല്ല പ്രവൃത്തികളുടെ പേരിൽ പൊതുബോധം ജന്മം കൊടുക്കുന്ന നന്മമരങ്ങളും.
ഒരിക്കൽ പോലും തെറ്റ് ചെയ്യാത്ത, യാതൊരുവിധ ദൗർബല്യങ്ങളുമില്ലാത്ത, തീരെ നാവ് പിഴക്കാത്ത, സമൂഹം കല്പിച്ച വഴികളിൽ നിന്നും വ്യതിചലിക്കാത്ത മനുഷ്യർ ഇല്ല, ഉണ്ടെങ്കിൽ തന്നെ അതീ ലോകത്ത് അപൂർവ്വവുമായിരിക്കും. പിന്നെ എന്തിനാണ് നമ്മൾ നന്മ നിറഞ്ഞ പ്രവർത്തനങ്ങളെ മാത്രം പ്രകീർത്തിക്കാതെ നന്മയുടെ മാത്രം വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്?
നന്മയെന്ന കെട്ടിപ്പടുത്ത വിശേഷണമില്ലാത്തവരുടെ വലിയ തെറ്റുകളോ പക്വതയില്ലാത്ത വാക്കുകളോ പ്രയോഗങ്ങളോ പലതും നമ്മൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ സോഷ്യൽ മീഡിയകളിലെ നന്മയുടെ മൊത്തക്കച്ചവടക്കാരുടെയും മനസ്സിൽ നേർ വഴികളുടെയും നല്ല വാക്കുകളുടെയും സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതിരൂപമായവരുടെയോ അല്ലെങ്കിൽ ഒരു തെറ്റ് പോലും കാണാൻ ആഗ്രഹിക്കാത്ത വിധം മനസ്സിൽ പ്രതിഷ്ട നേടിയവരുടെയും ഒരു ചെറിയ തെറ്റ് പോലും നാക്ക് പിഴ പോലും നമുക്ക് അസഹ്യമായി മാറുന്നു.
അപ്പോഴാണ് നന്മ നിറഞ്ഞ മരങ്ങളുടെ സൗരഭ്യത്തെ മറച്ചു കൊണ്ട് ഒരു കാലത്ത് മണ്ണിനടിയിൽ കിടന്നലിഞ്ഞവയുടെ ദുർഗന്ധം പരക്കുന്നത്.. അത് പരക്കുക ചില്ലകളിലെ സൗരഭ്യത്തെക്കാൾ വേഗത്തിലും വ്യാപ്തിയിലുമായിരിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്ത നന്മകൾ മാഞ്ഞു പോവില്ലെങ്കിലും അതിന്റെ ഗുണകാംഷികലൊരിക്കലും തള്ളിപ്പറയില്ലെങ്കിലും മനസ്സിൽ കെട്ടിപ്പൊക്കിയ വിഗ്രഹങ്ങളുടെ തകർച്ച സൃഷ്‌ടിച്ച വേദനയിൽ നെഞ്ചേറ്റിയവരിൽ പലരും സുഗന്ധം മറക്കും.
അതെ, വളമിടുന്നതും വളർന്നു വളർന്നു ചില്ലകളുണങ്ങുമ്പോൾ മഴുവെറിയുന്നതും നമ്മൾ തന്നെയാണ്. രമണനിലെ ചങ്ങമ്പുഴയുടെ വരികൾ പോലെ “കുറ്റപ്പെടുത്താൻ ഇല്ലതിൽ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ….”
റഫീസ് മാറഞ്ചേരി