ഫേസ് ആപ്പ്
ഉറക്കം കടന്നു വരാൻ മടിച്ച ഏതോ രാത്രിയിലായിരിക്കണം ഞാൻ അവന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. അന്നും അവൾ ഒന്നും മിണ്ടാതെ തൊട്ടടുത്ത്, നേരത്തെ കിടക്കുകയും അപ്പോൾ തന്നെ ഉറക്കത്തിലേക്ക് പോവുകയും ചെയ്തിരുന്നു. പതിവുപോലെ ഒന്നും സംസാരിക്കാതെയാണ് അവൾ കിടക്കയിലേക്ക് ചാഞ്ഞത്. അങ്ങനെ ഞങ്ങൾ കൂടുതലായി സംസാരിക്കാതിരിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ച് വർഷങ്ങളായി. കൃത്യമായി പറഞ്ഞാൽ കല്യാണം കഴിഞ്ഞ് നാലു വർഷത്തിന് ശേഷം ഡോക്ടറെ കണ്ട് മടങ്ങിയ അന്ന്.
സ്പേം പരിശോധിച്ച് എനിക്ക് കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ അസന്നിഗ്ദ്ധമായി വിധി പ്രസ്താവിച്ച അന്ന്, പുറത്ത് മഴ തിമിർത്തു പെയ്ത ആ വൈകുന്നേരത്തെ മടങ്ങിവരവിലാണ് അവൾ എന്നോട് സംസാരിക്കാൻ മടി കാണിക്കാൻ തുടങ്ങിയത്.
ആ മഴയ്ക്ക് ശേഷം,
രണ്ട് പ്രളയം കൺമുന്നിലൂടെ ഒലിച്ചുപോയി.
വാക്കുകൾ കയറി വരാൻ മടിക്കുന്ന ഒരു മാന്ത്രിക കുന്ന് പോലെ വീട് എന്റെ മുന്നിൽ എപ്പോഴും നിവർന്നു നിന്നു. അലമാരകളും മേശകളും മനുഷ്യ ശബ്ദത്തിനായ് കാത് കൂർപ്പിച്ചിരുന്നു..
“കാണാറേ ഇല്ലല്ലോ….?” മെസഞ്ചറിൽ അവന്റെ മെസേജ് തുള്ളിത്തെറിച്ചു വീണു.
“തിരക്കിലായിരുന്നു.” ഞാൻ മറുപടി നൽകി.
എന്റെ എല്ലാ ഫോട്ടോസിനും പോസ്റ്റിനും അവൻ ഉപേക്ഷ കൂടാതെ കമന്റിടുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.എന്റെ അതേ പ്രായമുള്ള ഒരു സുഹൃത്ത്. പലപ്പോഴും പറയാതെ ഒരു പാട് കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ആത്മ സുഹുത്തുക്കളെ പോലെ ആയിരുന്നു നാം.
അവന്റെ ജോലി എന്താണെന്നോ വീട് എവിടെയാന്നെന്നോ അറിയില്ല. ഞാനും അവനും രണ്ട് പുരുഷന്മാർ ആയിരുന്നു എന്നത് മാത്രമാണ് സത്യം. വീടിനകത്ത് പൊട്ടി മുളക്കാത്ത വാക്കുകൾ നമ്മൾ സുഹൃത്തുക്കൾക്കിടയിൽ ആവോളം വിതയ്ക്കുകയും കായ്ക്കുകയും ചെയ്തു. ഒരിക്കൽ പോലും നേരിട്ട് കാണണം തോന്നിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. അവന് അങ്ങനെ തോന്നിയോ എന്നറിയില്ല. എങ്കിലും അവൻ ഒരിക്കലും നേരിട്ട് കാണണം എന്ന് പറഞ്ഞിട്ടില്ല.
“സ്വന്തം കുഞ്ഞിന് ഉമ്മ കൊടുക്കാൻ കഴിയാതെ മരിക്കണം എന്നായിരിക്കും എന്റെ വിധി.” നട്ടുച്ചയിലെ വെയില് പോലെ അവളുടെ വാക്കുകൾ ശരം പോലെ വന്നു തറച്ചു കൊണ്ടിരുന്നു. ഒന്നും പറയാൻ എന്നിലില്ല എന്ന് എനിക്കറിയാം. എന്റെതെന്ന് പറഞ്ഞ് നീക്കിവെക്കാൻ ഒന്നുമില്ലാതിരിക്കുന്ന ഞാൻ എന്താണ് അവളോട് പറയേണ്ടത്.
മെസഞ്ചറിൽ നീലവെളിച്ചം കത്തി.
അവൻ ഒരു ഫോട്ടോ അയച്ചിരിക്കുന്നു. തുറന്നപ്പോൾ പുഞ്ചിരിക്കുന്ന ഒരു യുവതി…! എവിടെയോ കണ്ട് മറന്ന മുഖം. അതീവ സുന്ദരി..!
ഓർത്തെടുക്കാൻ നന്നേ പണിപ്പെട്ടു.
എങ്കിലും ആ മുഖത്ത് നോക്കി കുറേ നേരമിരുന്നു. ജീവിതത്തിന്റെ പാതി വഴിയിൽ ഇറങ്ങിപ്പോയ ഒരു സുഗന്ധം പതിയെ കാറ്റിൽ ലയിച്ചത് പോലെ തോന്നി. ഏതാണ് ആ ഗന്ധം…? ആരുടേതായിരുന്നു ആ ഗന്ധം…?
ഓർമ്മകൾ ആ സുഗന്ധിൽ പൊതിഞ്ഞു.
കോളേജ് വരാന്തയിലെ അങ്ങേ അറ്റത്ത് തൂണ് ചാരി അവൾ നിൽപ്പുണ്ടായിരുന്നു. കയ്യിൽ എന്തോ ഒരു പൊതിയുണ്ട്.
അവൾ ചിരിച്ചു കൊണ്ട് അത് നീട്ടി.
ഏറ്റുവാങ്ങിയപ്പോൾ പടിഞ്ഞാറ് നിന്നും ഒരു കാറ്റ് വരികയും മുല്ലപ്പൂവിന്റെ ഗന്ധം അന്തരീക്ഷത്തിൽ തളിക്കുകയും ചെയ്തു.
വെളുത്ത മുല്ലപ്പൂക്കൾ,
ഇപ്പോൾ പറിച്ചെടുത്ത ഹൃദയം പോലെ എന്റെ കൈവെള്ളയിൽ കിടന്ന് പിടച്ചു. ആ മുല്ലപ്പൂ ഗന്ധത്തിന് വേണ്ടി മാത്രം ഞാൻ കോളേജിലേക്ക് പോയി. കൺമുന്നിൽ ആരെയും കണ്ടില്ല. അവളെയും..!
മുല്ലപ്പൂവിന്റെ മണം ഒരു ലഹരി പോലെ എന്നെ മത്തു പിടിപ്പിച്ചിരുന്നു. ആ മണത്തിനായ് എനിക്ക് സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു.
ഒരിക്കൽ, വരാന്തയിൽ ചതഞ്ഞരഞ്ഞ മുല്ലപ്പുക്കൾ കണ്ട ആ നശിച്ച ദിവസത്തിന് ശേഷം അവളെ കണ്ടില്ല. മുല്ലപ്പൂ മണത്തില്ല.
തടിച്ച കണക്ക് പുസ്തകങ്ങൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചപ്പോൾ എനിക്ക് മുല്ലപ്പൂമണത്തു..! പിന്നീട് കുറെ കാലത്തേക്ക് ഒരു മണവും തിരിച്ചറിയാത്തവനെ പോലെ ആയിരുന്നു ഞാൻ.
അരികത്ത് കിടന്നുറങ്ങുന്നവൾ മുല്ലപ്പൂ ചൂടി കതിർ മണ്ഡപത്തിലേക്ക് മന്ദം നടന്ന് വലം വെച്ചപ്പോൾ ആരോ മണ്ണെണ്ണ വിളക്ക് കത്തിച്ചത് പോലെ ഒരു മണം എന്നെ ചൂഴ്ന്ന് നിന്നു.
ഞാൻ മെസഞ്ചറിലെ ഫോട്ടോയിലേക്ക് നോക്കി കുറേ നേരമിരുന്നു. അപ്പോൾ പുറത്ത് എവിടെയോ മുല്ല പൂത്തു…!
“ഇത് ഞാൻ തന്നെ…” അവന്റെ അടുത്ത മെസേജ് ഒരു പൂച്ചക്കുട്ടിയെ പോലെ അവൻ അയച്ച ഫോട്ടോയ്ക്ക് താഴെ വന്ന് വാല് ചുരുട്ടിയിരുന്നു. ഞാൻ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു.
അവൻ അയച്ച അക്ഷരങ്ങളിൽ മുല്ലപ്പൂ മണത്തു. ഉള്ളിലെവിടെയോ നിറഞ്ഞു കവിയുമ്പോലെ തോന്നി. ഉൽക്കടമായ എന്തോ തിരിച്ചറിയാനാകാത്ത ഒരാഗ്രഹം എന്നിൽ അലയടിക്കുന്നതായി തോന്നി.
ഒരു സ്മൈലി തിരിച്ചയച്ചു.
വീണ്ടും മറ്റൊരു ഫോട്ടോ മുന്നിൽ വന്ന് നാണം കുണുങ്ങിയത് പോലെ ഒന്ന് വട്ടം കറങ്ങി തെളിഞ്ഞു നിന്നു. അതിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു. മുല്ലപ്പൂവിന്റെ മണം എന്നെ ഉന്മത്തനാക്കുന്നത് പോലെ തോന്നി.
“എങ്ങനെയുണ്ട്…? ഫേസ് ആപ്പാണ് “
ഒരു ഫോട്ടോ അയച്ചു തന്നാൽ ഇത് പോലെ ആക്കി അയച്ചു തരാം.
“വേണ്ട” എന്ന് ഞാൻ മറുപടി നൽകി.
നെറ്റ് ഓഫ് ചെയ്ത് കിടന്നു.
അവൾ മനസ്സിൽ നിന്നും ചിരി നിർത്തുന്നില്ല.
അവളെ കാണണമെന്ന അതിയായ മോഹം. വീണ്ടും മൊബൈൽ എടുത്ത് L എന്ന് വരച്ചപ്പോൾ സ്ക്രീൻ തെളിഞ്ഞു. മൊബൈലിന്റെ പ്രകാശത്തെ നേരിടാൻ കണ്ണൊന്ന് മടിച്ചു. എങ്കിലും മെസഞ്ചറിൽ പോയി അവൻ അയച്ച ഫോട്ടോ നോക്കി കുറച്ച് നേരം കൂടിയിരുന്നു.
പുറത്ത് മുല്ല പൂത്തു എന്ന് തോന്നി.
മുല്ലപ്പൂവിന്റെ മണം ആ രാത്രിയെ വീണ്ടും തരളിതമാക്കി.
“ഒരു ഫോട്ടോ കൂടി അയക്കൂ” എന്ന് മെസേജ് അയച്ച് ഞാൻ കിടന്നു.
മണ്ണെണ്ണയുടെ മണമായിരുന്നു രാവിലെ എന്നെ എതിരേറ്റത്. ഇറയത്ത് കിടന്നിരുന്ന ഏതോ ഇഴ ജന്തുവിനെ അവൾ മണ്ണെണ്ണ ഒഴിച്ച് കൊല്ലുകയായിരുന്നു.
നെറ്റ് ഓൺ ചെയ്തപ്പോൾ മെസഞ്ചറിൽ നീല വെളിച്ചം കത്തി. അവൻ ഫോട്ടോ അയച്ചിരിക്കുന്നു. ഞാൻ ആർത്തിയോടെ തുറന്ന് നോക്കിയപ്പോൾ അവന്റെ യഥാർത്ഥ ഫോട്ടോ..!
“മണ്ണെണ്ണയൊഴിച്ച് ഈ വീടിന് തീയിടണം. എങ്കിലേ ഇവറ്റകൾ ചാവൂ.” അവൾ വീണ്ടും മണ്ണെണ്ണ ഒഴിക്കുകയാണ്..
അവന്റെ ഫോട്ടോ നോക്കിയിരുന്നപ്പോൾ അവൾ ഇഴ ജന്തുവിന് മേൽ തീ കത്തിച്ചെറിഞ്ഞിരുന്നു. അവ പുലരിയിൽ മണ്ണെണ്ണയിലും തിയിലും കിടന്നു വെന്തു.
ഞാൻ അവന്റെ ഫോട്ടോ ഡിലിറ്റ് ചെയ്തു.
ഇന്നലെ അയച്ച, അവന്റെ – അവളുടെ ഫോട്ടോ നോക്കിയിരുന്നു.
“സുന്ദരിയായിരിക്കുന്നു.” ഞാൻ ഒരു മെസേജ് കൂടി അയച്ചതിന് ശേഷം നെറ്റ് ഓഫ് ചെയ്തു.
പിണങ്ങിപ്പോയ മകനെ പോലെ പ്രഭാതം മടിച്ച് മടിച്ച് മുറ്റത്ത് കാല് കുത്തി.
മനസ്സിന് ഒരു കനം വെച്ചത് പോലെ.
രണ്ട് ദിവസത്തേക്ക് ലീവിന് അപേക്ഷിച്ച് വീണ്ടും കട്ടിലിൽ പോയി കിടന്നു.
“ഞാൻ ഇന്ന് വീട്ടിലേക്ക് പോകുന്നു, അവിടെ ഇന്ന് സ്വത്ത് അളന്ന് ഭാഗം വെക്കുകയാ… നേരത്തെ ചെല്ലണം ” അവൾ പോയി.
ഭാഗം വെച്ച് കൊടുക്കാൻ തനിക്ക് ആരുമില്ല.
കുറച്ച് നേരം കൂടി അതേ കിടപ്പ് കിടന്നു.
മുല്ല പൂത്തത് പോലെ വീട് മുല്ലപ്പൂ മണം കൊണ്ട് നിറഞ്ഞിരിക്കുന്നു. എങ്ങും കളിയും ചിരിയും. കുട്ടികൾ ഓടിക്കളിക്കുന്നു. ഞാൻ മണിയറയിൽ ഇരിക്കുകയായിരുന്നു. കിടക്കയിൽ മുല്ലപ്പൂ വിതറിയിരിക്കുന്നു. അവൾ മുല്ലപ്പൂവും ചൂടി വാതിൽ തുറന്ന് അകത്ത് വന്നു. മെസഞ്ചറിൽ കണ്ട ഫോട്ടോയിലെതിനെക്കാൾ സുന്ദരിയായിരിക്കുന്നു. അവൾ അടുത്ത് വന്നിരുന്നപ്പോൾ കോളേജ് വരാന്തയിലെ ആ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കൾക്കെയും ജീവൻ വെക്കുകയും അവ ആകാശത്തിൽ വന്ന് നമ്മളിലേക്ക് വർഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവ നിൽക്കാതെ പെയ്ത് കൊണ്ടിരുന്നു. പ്രളയം ജലം പോലെ മുല്ലപ്പൂക്കൾ മുറിയിൽ നിറഞ്ഞു. കഴുത്തോളം മുല്ലപ്പൂക്കൾ നിറഞ്ഞിരിക്കുന്നു. അവ വർഷിച്ചു കൊണ്ടേയിരുന്നു.
ഞാൻ അതിൽ മുങ്ങി താണുപോയി.
അകത്ത് നിന്നും ആരും പോയി തുറക്കാനില്ലാതെ ആ കതകിന് പുറത്ത് വീട്ടിലേക്ക് പോയവൾ മടങ്ങി വന്ന് ശക്തിയായി മുട്ടിക്കൊണ്ടിരുന്നു.