പ്രിയ ഏ. എസും വിക്രം ദായും

ഇങ്ങനെ ഒരു തലക്കെട്ടുതന്നെ ഭ്രമജനകമായേക്കാവുന്നതാ ണെന്നു സമ്മതിക്കുന്നു. ഒരു ന്യുജെനെറേഷൻ സിനിമാപ്പേ രുപോലെയൊന്ന്. മരുഭൂമിയും മാധവന്നായരും, മരുഭൂമിയിലെ ആന, ആട് ഭീകരജീവിയാണ്, എന്നൊക്കെപ്പറയുംപോലെ, മൊത്തത്തിലൊരു പൊരുത്ത ക്കേട്. എന്താണിങ്ങനെ എന്ന തോന്നലായിരിക്കുമാദ്യമുണ്ടാവു ക. തലക്കെട്ടെഴുതി വായിച്ച് കഴി ഞ്ഞപ്പോൾ എനിക്കുമെങ്ങിനെത്തന്നെയാണ് തോന്നിയത്.എന്നാലിങ്ങനെയൊന്നും വിചാരിക്കേണ്ടെന്നു വഴിയേ മനസ്സിലാകും.
പേരുകാരിലാദ്യക്കാരിയെ പരിചയപ്പെടുത്തേണ്ട കാര്യമേയില്ല. പ്രശസ്ത കഥാകാരി,സാഹിത്യകാരിയായ ദേഹത്തിനെ പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെയോ, മുഖവുരയുടെയോ ആവശ്യമില്ലാതതന്നെ നിങ്ങൾക്ക് മനസ്സിലാകും, മനസ്സിലാകേണ്ടതാണ്. രണ്ടാമത്തെയാളിനെ പരിചയപ്പെടുത്തുന്നതാണു സാഹസം. എനിക്കുതന്നെ നേരെ ചൊവ്വേ അറിയില്ലാത്തയാളിനെ ഞാനെങ്ങനെ പരിചയപ്പെടുത്താനാണ്? എന്നാലും വഴിയേ പരിചപ്പെടാമെന്നുവയ്ക്കുക.
രണ്ടാൾക്കും സാഹിത്യമാണ് പണി,എന്നതാണ് ലഘുതരസാധാരണഗുണിതം. സാഹിത്യം പണിമുതലാ യുള്ള എത്രയോപേരുണ്ടിവിടെ? അതിനെന്താ ഇത്ര പറയാൻ എന്നായിരിക്കും? ഇവർക്കു രണ്ടുപേർക്കുമുള്ള രണ്ടാ മത്തെ കോമൺഫാക്ടറാണെന്നെ ത്രസിപ്പിക്കുന്നതും, സന്തോഷിപ്പിക്കുന്നതും. ഇവർ രണ്ടാളും എന്റെ അയൽ പക്കക്കാരാണെന്നുള്ളതാണ് മേൽപ്പറഞ്ഞ രണ്ടാമത്തെ സവിശേഷത. മൂന്നാമത്തെ ഞെട്ടിപ്പിക്കുന്ന കാര്യം ഈ മൂന്നുപേർക്കും പരസ്പരമറിയില്ല എന്നതും കൂടിയാണ്. അറിയേണ്ടതുണ്ടോ എന്നത് പ്രസക്തമായ വേറൊരു ചോദ്യം. ഇനിയും സഹജമായുള്ള ഒത്തിരി വിശേഷണങ്ങൾ ഉണ്ടായിരിക്കും, ഉണ്ടാവണം.
നമുക്കെന്റെ കഥയിലേക്ക് തിരിച്ചുവരാം.മേല്പ്പറഞ്ഞ രണ്ടു സാഹിത്യകാരന്മാരെപ്പോലെ തന്നെ ഞാനുമൊരു ചേർത്തല ക്കാരനാണ്. ചേർത്തലയെന്നു പറയുമ്പോൾ കൃത്യമായിപ്പറഞ്ഞാൽ തിരുവിതാംകൂറിന്റെ വടക്കേയറ്റം. കേരളത്തിന്റെ മധ്യഭാഗമെന്നതിനപ്പുറം ചേർത്തലയ്ക്കെന്തു വിശേഷണം? മന്തിന്റെ വിളനിലം എന്ന മേൽവിലാസം ഞങ്ങൾ പണ്ടേ ഉപേക്ഷിച്ചുകളഞ്ഞതാണ്. മറവിയിലലിഞ്ഞു പോയ വെക്ടർ കൺട്രോൾ സെന്ററുകൾ, ചിലരെങ്കിലും ഓര്മിക്കുന്നുണ്ടാ വണം. അതൊക്കെ എന്നേ അടച്ചുപോയിരിക്കുന്നു. കരപ്പുറം എന്നാണ് പഴയപേര്. പഴയപേരുകളാണല്ലോ ഇപ്പോൾ ഫാഷൻ. ചെന്നൈ, കോവൈ, ബംഗളൂരു എന്നൊക്കെപ്പോലെ. പണ്ട് കരപ്പുറം മിഷൻ ആശുപത്രി, കരപ്പുറം കഥകളി ക്ളബ്ബ് ഒക്കെയുണ്ടായിരുന്നു. ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇട്ടി അച്യുതൻവൈദ്യരുടെ കാലം. കാലാന്തരത്തിൽ കരപ്പുറത്തിന്റെ കേളി കഥാവശേഷമായതും കലികാല വൈഭവം.
ഇവിടെ കഥയെന്താണെന്നുവച്ചാൽ, കലാകാരമാരും, കഥാകാരന്മാരും സാഹിത്യകാരന്മാരും വാഴാത്ത, വീഴാത്ത, മണ്ണാണിത്. ഏതോ ഒരപൂർവ വിശേഷം പോലെ, നീലക്കുറിഞ്ഞി പൂക്കുമ്പോലെ, വയലാറിനെപ്പോലെ, വല്ലകാലത്തും വന്നു ഭവിക്കുന്ന ഒരസാധാരണ സംഭവമാണീ സാഹിത്യജന്മങ്ങൾ ഇവിടെ. സാഹിത്യമെന്നു വച്ചാൽ നിളാനദീ തീരത്തോ, മയ്യഴിപ്പുഴയുടെ തീരങ്ങളിലോ, തൃക്കോട്ടൂരോ, നടക്കുന്ന ദൈവിക പ്രക്രിയാണെന്നാണ്, ഞങ്ങൾ വിശ്വസിച്ചിരുന്നത്. പാലക്കാടൻ പനമ്പട്ടകളിൽ വീശിയടിചിച്ചിരുന്ന സാഹിത്യത്തിന്റെ കാറ്റുകൾ കരപ്പുറത്തെത്തുമ്പോഴേയ്ക്കും, മീൻമണമുള്ള, ഉപ്പുകലർന്ന, വിയർപ്പിന്റെ ചൂരുള്ള, കരളുരുകും, മുദ്രാവാക്യങ്ങളായി മാറിയിരുന്നു
സാഹിത്യം വായിക്കുക എന്നതിനപ്പുറം ചേർത്തലക്കാർക്ക് സാഹിത്യമെഴുതാൻ പറ്റില്ല എന്നുതന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം. വായിച്ചിരുന്ന നോവലിലും കഥയിലുമൊക്കെയും, കാണുന്ന സിനിമയിലൊക്കെയും, കഥാപാത്രങ്ങൾ സംസാരിച്ചിച്ചിരുന്നത് വള്ളുവനാടൻ ഭാഷയിലോ, മലബാറിന്റെ ഭാഷയിലോ ഒക്കെയായിരുന്നു. നിളാനദിയുടെ തീരങ്ങളും, തിരുവില്വാമലയും,വികെയെന്നും,തെയ്യങ്ങളും, ദീപാരാധന തൊഴുതുമടങ്ങുന്ന മുടിത്തുമ്പുകെട്ടിയിട്ട സുന്ദരികളും, ഇവിടെ വേറൊന്നായി പുനർജ്ജനിക്കാനുള്ള നിയോഗവുമുണ്ടായില്ല. ചേർത്തലയുടെ ഭാഷയും, സ്വപ്ങ്ങളുമൊക്കെ പൂത്തുലയുന്നതും, അവ മലയാളസാഹിത്യത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതുമെല്ലാം ഞങ്ങളുടെ സ്വകാര്യ ദുഖങ്ങളായി അവശേഷി ക്കയും ചെയ്തു. ഏതെങ്കിലും നോവലിലോ, കഥയിലോ നായികാ നായകന്മാർ, തൃച്ചാറ്റുകുളത്തമ്പലത്തിൽ പ്രദക്ഷിണം ചെയ്യുന്നതും, നാലപ്പത്തെണ്ണീശ്വരത്ത് കഥകളി കാണുന്നതും എന്റെ സ്വപ്നങ്ങളുടെ പുറമ്പോക്കുകളിൽ അലഞ്ഞു നടന്നു. പള്ളിപ്പുറത്തെ വെണ്മണലിന്റെ ധവളശോഭയിലലിയുന്ന ശരത്ക്കാല ചന്ദ്രന്റെ നറും നിലാവിന്റെ നോക്കി, എന്തേ സാഹിത്യകാരന്മാർ ഇത് കണ്ടില്ല എന്നു ആശ്ചര്യപ്പെടുകയും ചെയ്തു. അപൂർവം ചില സന്ദർഭങ്ങളിൽ, ഓണക്കോടി ഞൊറിഞ്ഞുടുത്ത്, കമുകിൻ പൊൻ പൂങ്കുലച്ചാർത്തുമായി വരുന്ന, പ്രാണപ്രേയസിയായ കാവ്യകന്യയെ സ്വപ്നം കാണുന്ന വേറൊരു കവി എന്നാണാവതരിക്കുക എന്നാശ്ചര്യം കൂറി.
സാഹിത്യത്തിന്റെ പേലവദല സ്പർശങ്ങൾക്കുമപ്പുറം, മുഷ്ടിചുരുട്ടി ആകാശത്തിലേക്കു ഉയർത്തി എറിയുന്ന, രാഷ്ട്രീയത്തിന്റെ ഗാഢ ആലിംഗനങ്ങളെ ആയിരുന്നു, ചേർത്തലയ്ക്ക് അന്നും ഇന്നും ഇഷ്ട്ടം. ചേർത്തലയുടെ ഒഴി യാത്ത ആവനാഴിയിൽ നിന്നും, അവസാനിക്കാത്ത, നേതാക്കന്മാരുടെയും രാഷ്ട്രീയക്കാരുടെയും, എം.എൽ എ മാരുടെയും, സർവീസ് സംഘടനാ നേതാക്കന്മാരുടെയും, മന്ത്രി മാരുടെയും,കേന്ദ്ര മന്ത്രിമാരുടെയും ധാരാപ്രവാഹം തുടർന്നുകൊണ്ടേയിരുന്നു. അവസാനിക്കാത്ത വായനക്കാരുടെയും.
വായന ഞങ്ങളുടെയെല്ലാം ശ്വസോഛ്വാസത്തിലന്തർഗതമായിരുന്നു. കുഞ്ഞുനാളിലെമുതൽ, ചിതല്പുറ്റ് കയറിയ, തൃച്ചാറ്റുകു ളത്തെ ആസാദ് ഗ്രൻഥശാല ആൻറ് വായനശാല യുടെ ഇരട്ടവാലൻ കയറിയ പുസ്തകങ്ങളിലാണ് ഞങ്ങളുടെ വായനാ ശീലം പിച്ചവച്ചു നടന്നത്. പിന്നീട് മാതൃഭുമിയുടെയും, കലാകൗമുദിയുടെയും, പുറങ്ങളിലേയ്ക്ക് അവ പന്തലിച്ചുകയറുകയും ചെയ്തു. അഞ്ചാം ക്ലാസ്സിലെ ഒരു സുവർണ്ണ ശ്ചവിപൂണ്ട സായന്തനത്തിൽ, അച്ഛൻ, കലാകൗമുദിയുടെ ആദ്യലക്കം കൊണ്ടുവന്നു തന്നത് ഓർമയുണ്ട്. നീലപുറംതാളിൽ, വിടർന്ന ഒരു ശംഖിലെ പുറംതാളായിരുന്നു അതിനെന്നാണോർമ്മ. “രുഗ്മിണിക്കൊരു പാവക്കുട്ടി” അതിലായിരുന്നുവോ വന്നത്? ഭഗ്നസ്മരണകളുടെ കടുത്തചായക്കൂട്ടുകളിൽ തെളിഞ്ഞും മറഞ്ഞും നിൽക്കുന്ന ഓർമ്മളെത്രയെത്ര !!!
വലുതായി, വലുതായി വന്നതോടെ, ഈ നഷ്ടബോധത്തെ പതുക്കെ പതുക്കെ മറക്കാൻ ശ്രമിച്ചു. പിന്നെയെപ്പൊഴോ ആണ്, കഥകളെഴുതിയിരുന്ന പ്രിയ.ഏ. എസ്, എരമല്ലൂർക്കാരിയാണ് എന്നെവിടെയോ വായിച്ചത്. ഒരു നിമിഷം അന്ന ത്തെ ഞെട്ടൽ എനിക്കിനിയും മറക്കാനായിട്ടില്ല. ഞങ്ങളുടെ നാട്ടില് സാഹിത്യം ജന്മമെടുക്കുമോ എന്ന് എന്നോടുതന്നെ, നൂറുപ്രാവശ്യം ഞാൻ ചോദിച്ചു. ഇതാ ഇവിടെ, എന്റെ നാട്ടിൽ, തൊട്ടടുത്ത് സാഹിത്യകാരൻമാരുണ്ട് എന്ന അറിവ് എന്നെ ആശയക്കുഴപ്പത്തിലാക്കി. ഒരു കിലോമീറ്ററെ എരമല്ലൂർക്കുള്ളൂ! ഒരു കടത്തും. ഇതാ ഞാൻ നടന്നിരുന്ന വഴികളും, തെങ്ങിൽ കുലകളും, നീലാകാശത്തിനെ ദർപ്പണോന്മുഖമാക്കുന്ന വേമ്പനാട്ടു കായലിനേയും, അനിഷ്ടഗന്ധപൂരിതങ്ങളായ ചെമ്മീൻ ഫാക്ടറികളും കഥകളിലും, നോവലിലും ഞാൻ കാണാൻ പോകുന്നു എന്ന തിരിച്ചറിവ് എനിക്കൊരു സുഖദമായ സ്വപ്നമായി മാറി. എരമല്ലൂർക്കു നടന്നു പോകുമ്പോൾ കുടപുറം കടത്ത് കഴിഞ്ഞ് നടക്കുമ്പോൾ പ്രാവുകൾക്ക് കൂട് വച്ച ഒരു വീടുണ്ടായി രുന്നു. കുത്തബ് മീനാർ പോലെ വലിയ ഒരു പ്രാവിൻ കൂട്. നൂറുകണക്കിന് ചെറിയ കിളിവാതിലൊക്കെയായി, ആ പരിസ രത്തിലൊരു അക്ഷരത്തെറ്റ് പോലെ അതാകാശത്തിലേയ്ക്ക് ഉയർന്നു നിന്നു. ഭൂതത്തിലും,വർത്തമാനത്തിലും സാധാരണ കാണാത്ത കാഴ്ചയായിരുന്നു അത്. എന്നെങ്കിലും എന്റെ നാട്ടിൽ സാഹിത്യമെഴുതുന്ന ഒരാളുണ്ടാകുമ്പോൾ അയാളോട്, ഈപ്രാവിൻകൂടിനെക്കുറിച്ചെഴുതണമെന്നു പറയാൻ ഞാൻ പണ്ടേ വിചാരിച്ചുറപ്പിച്ചതായിരുന്നു.
എരമല്ലൂർ എന്ന് പറയുമ്പോൾ, സാഹിത്യവുമായി സ്വപ്നേപി , എരമല്ലൂരിനെ ബന്ധിച്ചു കാണാൻ കഴിഞ്ഞിരുന്നതുമില്ല. നാട്ടിൽ അന്ന് അപൂർവമായ ഇംഗ്ലീഷ് മരുന്നുകടയായ,വിജി മെഡിക്കൽസ്, ലോകത്തെ ഏറ്റവും നല്ല ദോശ കിട്ടുന്ന, ഷേണായിയുടെ ചായക്കട, പപ്പുണ്ണി വൈദ്യന്റെ ആയുർവേദ ഔഷധശാല, ഇതൊക്കെയാണ് എരമല്ലൂരിലെ ഞങ്ങളുടെ പ്രധാനവ്യവഹാര കേന്ദ്രങ്ങൾ. കായലിനക്കരെ താമസിക്കുന്ന ഞങ്ങൾക്ക്, എരമല്ലൂർ പരിഷ്കാരത്തിന്റെ കേന്ദ്രമാണ്. എറണാകുളത്ത് ജോലിചെയ്യുന്നവർ, പാന്റും ഷർട്ടുമൊക്കെ നിത്യേന ധരിക്കുന്നവർ , എന്നിങ്ങനെ. കെടിഡിസി യുടെ ബിയർപാർലർ ഒക്കെ വരുന്നതിനുമുമ്പ് എരമല്ലൂരിൽ കനോപ്പി യൊക്കെവച്ച് വിദേശ മദ്യശാല വരെ ഉണ്ടായിരുന്നു. നാട്ടിലെ സാധാരണക്കാരോക്കെ അവിടെ മദ്യപിക്കാൻ പോകുന്നതിന് “കുടത്താഴെ പോകുക” എന്നാണ് പറഞ്ഞിരു ന്നത്. ഇങ്ങനെയൊരു കനത്ത വർണക്കൂട്ടുള്ള പ്രദേശത്തിന് ഒരു സാഹിത്യകാരിയെ സംഭാവന ചെയ്യാൻപറ്റുമോ എന്നായിരുന്നു എന്റെ സംശയം. ആദ്യം പറഞ്ഞപോലെ, ഒരു അസാധാരണത്വം. ശരിക്കും ഇവർ എരമല്ലൂരുകാരിയാ ണോ? പിന്നെയും സന്ദേഹം. പിന്നീടെപ്പൊഴോ അവരുടെ കഥകളിലോ ഓര്മക്കുറിപ്പിലോ മറ്റോ ചെമ്മനാടും ഒക്കെ വന്നപ്പോഴാണ് എനിക്കെന്റെ സംശയം പൂർണമായും തീർന്നത്.
വായന നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നിട്ടും, ഒരു സാഹിത്യകാരനെ പോലും ഞാൻ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. “സ്ഥിത പ്രജ്ഞസ്യ കാ ഭാഷാ” എന്ന് ചോദിച്ചതുപോലെ ഇവരെങ്ങനെയാണ് ? സാധാരണ മനുഷ്യരാണോ, നടക്കുന്നതെങ്ങിനെ, ചിന്തയ്ക്കുന്നതെങ്ങിനെ എന്നൊക്കെ എനിക്കെപ്പോഴും സംശയം. ആകെ അടുത്തു കണ്ടിട്ടുള്ളത് പ്രശസ്ത കഥാകൃത്തായ എസ്. വി വേണുഗോപൻ സാറിനെയാണ്. മുറുക്കാൻ നിരന്തരം വായിലുണ്ടാകും, നിറഞ്ഞ ചിരിയും. അധ്യാപകനായത് എന്റെ ഭാഗ്യമെന്നാണ് ഞാൻ കരുതിയത്. ക്ലാസ്സിലെ ആസ്ഥാന സാഹിത്യകുതു കികളായ ഗീതയും ജയശങ്കറുമെല്ലാം സാറിന്റെ ഇഷ്ട വിദ്യാർത്ഥികളായിരുന്നു. വേണുഗോപൻ സാറിലെ സാഹിത്യകാ രനെ അറിയണമെന്ന് എന്തോ, അന്നും തോന്നിയില്ല. ഇപ്പോഴും അതേതാണ്ട് അങ്ങനെത്തന്നെയാണ്. ദൂരെ നിന്ന്, വായിച്ചറിയുന്നതാണ് സുഖം എന്നാരോ ഉള്ളിൽ നിന്ന് പറയുന്നുണ്ടായിരുന്നു. ചെറുപ്പംമുതൽ ഒരു പുസ്തകം പോലും വിടാതെ വായിച്ച ശ്രീ സി രാധാകൃഷ്ണൻ സാറിനെ കാണാനും അടുത്തകാലത്ത് അവസരമുണ്ടായപ്പോഴും, പോയില്ല. വാരകൾക്കക ലെ നിന്ന് കണ്ട് തിരിച്ചു പോന്നു. അന്തർമുഖത്വം ആൾരൂപം പ്രാപിച്ച എനിക്കോ, ഇതൊക്കെ സാധ്യമാകുന്നു? അങ്ങനെ സാഹിത്യകാരന്മാർ എന്റെ മണ്ണിലുണ്ടാകണം എന്ന് ആശിച്ച് ആശിച്ച് ഉണ്ടായ സാഹിത്യകാരിയെയും കാണണമെന്ന് തോന്നിയില്ല. കാലത്തിന്റെ ഒരു തമാശ. കഥാകാരി അനർഹമായ സ്ഥാനത്താണ് പിറവിയെടുത്തത് എന്ന് ദൈവത്തിന് തോന്നിയതു കൊണ്ടാവാം കാലാന്തരത്തിൽ അവരെ കല്യാണം കഴിച്ച് യഥാസ്ഥാനവും കഥാസ്ഥാനവുമായ കോട്ടയത്തിന് ദൈവം നാടുകടത്തിയത്. എന്തൊരു ദീര്ഘദര്ശിത്വം!!!
പണ്ട് സ്കൂളിലെ ചില അധ്യാപകർ കടത്ത്കഴിഞ്ഞു എരമല്ലൂരിൽ നിന്ന് വരുന്നവരായിരുന്നു. ഹിന്ദി പഠിപ്പി ച്ചിരുന്ന, പിന്നീട് ഹെഡ്മിസ്സ്ട്രസ് ആയ കമലാദേവിക്കുഞ്ഞമ്മ ടീച്ചർ, അവരുടെയൊപ്പം നിഴൽ പോലെ വർത്ത മാനം പറഞ്ഞു എപ്പോഴും പുഞ്ചിരിയോടെ നടന്നുപോകുന്ന സരോജിനിയമ്മ ടീച്ചർ. പത്തുമണിയോടെ എന്നും താമസിച്ചെത്തുന്ന ഭാസ്കരകൈമൾ സാർ, ഇങ്ങനെ എരമല്ലൂരിൽ നിന്നെത്തുന്നവരൊക്കെ ആഢ്യത്തമുള്ള അധ്യാപകരായിരുന്നു.
ചെമ്മനാടിനെക്കുറിച്ചോർക്കാൻ പിന്നെയുമുണ്ട്. റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ഞങ്ങളുടെ ബാർസിലോണയും, എ സി മിലാനുമൊക്കെ. റെഡ്സ്റ്റാറിലെ ഫുട്ബോൾടീമിൽ അംഗമാകുക എന്നത് ഒളിംപിക്സ് ടീമിൽ സെലക്ഷൻ കിട്ടുന്നതിനേക്കാൾ മഹത്തരമായിരിന്നു. ഞാൻ ആദ്യമായി റെഡ്സ്റ്റാറിന്റെ ജേഴ്സി അണിഞ്ഞത് ചെമ്മ നാട്ടെ ഫുട്ബാൾ ടൂര്ണമെന്റിനായിരുന്നു. ആ കഥ വഴിയേ പറയാം. പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്ന മഞ്ജു എന്ന മഞ്ജുനാഥ് പി.ആർ. ചെമ്മനാട്ട് നിന്നും കുറെ പഠിച്ചിരുന്ന സുന്ദരിയായ ജ്യോതി ജി കെ നായർ. എന്നിങ്ങനെ ഒട്ടേറെയുണ്ട് ചെമ്മനാട് വിശേഷങ്ങൾ
പിന്നെയാണ് കഥയിലെ രണ്ടാമത്തെ കഥാപാത്രത്തിന്റെ എൻട്രി.. കാലം കുറെക്കഴിയുന്നു “മൂക്കിന് താഴെ പിരികം” മുളച്ച കാലഘട്ടവും കഴിഞ്ഞു ഒരു ദശാബ്ദക്കാലം സർക്കാർജോലി. പിന്നെതുടങ്ങിയ, ഇനിയുമവസാനിക്കാത്ത പ്രവാസ പർവ്വം. പ്രവാസിയായി നാട് വിട്ടിട്ടും വായന ഒരൊഴിയാബാധ പോലെ കൂടെക്കൂടി. ദശാബ്ദത്തിനപ്പുറം, ദുബൈ യിൽ രണ്ടു മൂന്ന് കടകളിലേ മലയാളം പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും കിട്ടിയിരുന്നുള്ളു. ഖിസൈസിലെ ഷെയ്ഖ് കോളനി, ബർ ദുബൈയിൽ അൽഫാഹിദി സ്ട്രീറ്റിലൊന്ന്. പിന്നെ സത്വയിലൊന്ന്. പിന്നെ മലയാളം കാണണമെങ്കിൽ ഷാർജയിലെ റോളയിലേ കാണാൻ പറ്റിയിരുന്നുള്ളു. ആഴ്ചകൾപലതു കഴിഞ്ഞു, ചൂരുംചൂടുമൊക്കെ പോയിട്ടാണ് കടൽ കടന്ന് പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും എത്തുക. എന്നാലും വായിക്കാതെയിരുന്നാലൊരു വിമ്മിഷ്ടം. നാട്ടിലെ വിലയേക്കാൾ അഞ്ചും പത്തുമിരട്ടി കൊടുത്തതാണത് വാങ്ങുക. ഏതാനും പ്രതികളേ വരുന്നുണ്ടാകുകയുള്ളു നേരത്തെ പറഞ്ഞു വയ്ക്കണം. ആഴ്ചപ്പതിപ്പിനു മുകളിൽ പേരെഴുതി നമ്മൾ വാങ്ങാൻ വരുന്നതിനുവേണ്ടി സൂക്ഷിച്ചുവയ്ക്കും കലാം ഭായി. അതന്തക്കാലം. എപ്പോൾ എല്ലാ പത്രങ്ങളും പരപരാവെളുക്കുന്നതിനുമുന്പ് ഗൾഫിലെ ഫ്ലാറ്റിനു മുൻപിൽ റെഡി. ആരോ പറഞ്ഞപോലെ അസ്സൽ മലയാളികളെ കാണണമെങ്കിൽ ഗൾഫിൽ പോകണം.
അങ്ങനെയൊരു മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വിക്രംദാ യെ പരിചയപ്പെടുന്നത്. ആത്മകഥാരൂപത്തിലെന്നു പറഞ്ഞുകൂടാ, ഒരു ഓർമ്മക്കുറിപ്പുകൾ എന്നരൂപത്തിൽ. മൂന്നോനാലോ ലക്കങ്ങളേ ഉണ്ടായിരുന്നുള്ളു എന്നാണോർമ്മ. പ്രശസ്ത പത്രപ്ര വർത്തകൻ , ആനന്ദബസാർ എന്ന തലയെടുപ്പുള്ള പത്രത്തിന്റെ ബംഗാളി ലേഖകൻ എന്നൊക്കെയാണ് ജനമറിയുക. എഴുതുന്നതുമതുപോലെതന്നെ. വായിക്കുമ്പോൾ “ഞാനില്ലാത്ത” ഒരു എന്റെ ലോകം. ഒരു “അരങ്ങു കാണാത്ത നടൻ” സ്റ്റൈയിലിലൊന്ന്. പെരുത്തിഷ്ടപ്പെട്ടുപോകുന്ന ഭാഷ , അപാരമായ ഗാംഭീര്യം
ആദ്യം വിചാരിച്ചത് ബംഗാളിയിലെഴുതിയ ആത്മകഥയുടെ മലയാളി വിവർത്തനമെന്നായിരുന്നു. പിന്നീടാണ് മനസ്സിലാ യത് ഇത് വിവർത്തനമല്ലല്ലോ എന്ന്. ബംഗാളി പത്രപ്രവർത്തകനും എഴുത്തുകാരനുമായ “വിക്രംദാ” യ്ക്ക് എങ്ങനെ മലയാ ളമെഴുതാൻ കഴിയുന്നു? വായനയുടെ പുറങ്ങൾ മറിച്ചുചെന്നത് അരൂക്കുറ്റികാരനായ വിക്രമൻനായരിലേക്കാണ്. ആദരവ് അത്ഭുതത്തിനും പിന്നീട് കണ്ണുകളിലെ നനവായും മാറി. ക്ളിഷ്ടബാല്യത്തിന്റെ പ്രവാസ സ്ഥലികളിൽ എന്റെ മനസ്സ് സങ്കടത്തിന്റെ കേദാരമായി. കഷ്ടപ്പാടിന്റെ, യാതനയുടെ , ജീവിതങ്ങൾ ആഴ്ച്ചപ്പതിപ്പിന്റെ പുറങ്ങളിലൂടെ നിവർന്നുവന്നു. ബംഗാളി സ്വന്തം ഭാഷയേക്കാളുപരി നന്നായി കൈകാര്യം ചെയ്യുന്നയാൾ, ബംഗാളിയിൽ സാഹിത്യമെഴുതുന്ന മലയാളി, കേരളീയൻ, സർവോപരി, അരൂക്കുറ്റിക്കാരൻ, എന്റെ നാട്ടുകാരൻ. അനഘസുന്ദരങ്ങളായ നിമിഷങ്ങൾ!!! വായിച്ച് വായിച്ചു പോകെ അരൂക്കുറ്റിയിലെവിടെയാണ് അദ്ദേഹത്തിന്റെ വേരുകൾ എന്നുനോക്കി. തങ്കേക്കാട്ട് അമ്പലത്തിനടുത്തെവിടെ യോ. അത്രയേ ഓർമ്മ വന്നുള്ളൂ. എന്തോ, മൂന്നാലു ലക്കങ്ങളിലൂടെ അദ്ദേഹത്തിന്റെ കഥ പൂർത്തിയായി. ഇന്നും പലർക്കും അജ്ഞാതനായി തുടരുന്നതാണാ ജീവിതം. മലയാളിയായ ബംഗാളി പത്രപ്രവർത്തകൻ!!!
പിന്നീടെപ്പോഴോ എറണാകുളം സ്വദേശിയായ ഒരാളെ പരിചയപ്പെടാനിടയായപ്പോൾ, വിക്രമൻ നായരെ അദ്ദേഹത്തിന് ഓർമയുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളെയും. ആത്മകഥ പുസ്തകരൂപത്തിൽ ഉണ്ടെന്നും അയച്ചുതരാമെന്നും, വാഗ്ദാനവുമുണ്ടായി. അദ്ദേഹം മനപ്പൂർവം മറന്നതല്ലെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ഒരുപക്ഷെ അമേരിക്കയിലേക്ക് പുസ്‌തകമയയ്ക്കുന്നതിന്റെ ചെലവ് മൂലവുമാകാം.
എന്തായാലും, കാലാന്തരത്തിൽ, ചേർത്തലക്കാരന്റെ സാഹിത്യ വൈഖരികൾ രണ്ടുമങ്ങനെ നഷ്ടപ്രായമായി. പിന്നെയും, സാഹിത്യത്തിന്റെ പൊടി മുളകൾക്കുവേണ്ടി കാത്തിരിക്കുന്നു, ചേർത്തലയും ഞാനും. .
Nice one..keep doing it..👍👍👍