വല്മീകം
4
ആധി കുറഞ്ഞു കുറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന ചിന്തയില്‍ വസുമതി വീണ്ടും ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തിലങ്ങനെ ഒഴുകിത്തുടങ്ങിയപ്പോഴാണ് രത്നാകരന്‍ രംഗത്തെത്തിയത്. ഉമ്മറത്ത് പരുങ്ങി നില്‍ക്കുന്ന രത്നാകരനെ കണ്ടപ്പോള്‍ തേങ്ങയിടാനും തൊടി നന്നാക്കാനുമൊക്കെ വന്ന ആളാണെന്നാണ് വസുമതി കരുതിയത്. ‘പിന്നിലേയ്ക്ക് പൊയ്ക്കോളൂ, ഞാന്‍ അച്ഛനെ വിളിയ്ക്കാം’ എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് വിഡ്ഢിച്ചിരി ചിരിച്ചു നില്‍ക്കുന്ന രത്നാകരന്റെ പിറകെ ഒരു വയസ്സായ സ്ത്രീയും രണ്ടു മൂന്നു കാരണവന്മാരും കയറി വരുന്നത് കണ്ടത്. പ്രഭാകരന്‍ ആവോളം ചിരിച്ച് അവരെയൊക്കെ ക്ഷണിച്ചിരുത്തുന്നത് കണ്ടതോടെ വസുമതിയ്ക്ക് കാര്യങ്ങള്‍ ഏകദേശം ബോധ്യമായി. പ്രഭാകരന് വസുമതിയുടെ സൌന്ദ ര്യത്തില്‍ വലിയ അഭിമാനമുണ്ടായിരുന്നു, അത് മറിയയുടെ സംഭാവനയാണെങ്കിലും. ആ ഗ്രാമത്തില്‍ത്തന്നെ ഇത്രയും സുന്ദരി വേറെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രഭാകരന്‍ വസുമതിയ്ക്ക് എപ്പോഴും ഉടുപ്പുകളും ആഭരണങ്ങളും വാങ്ങിക്കൊടുത്തിരുന്നു. കറുത്തു തടിച്ച് കഷണ്ടിത്തലയും മലച്ച ചുണ്ടുകളും പൊന്തിയ പല്ലുകളുമുള്ള രത്നാകരനുമായുള്ള വിവാഹം അച്ഛന്‍ അംഗീകരിയ്ക്കില്ലെന്നൊരു ധൈര്യം വസുമതിയ്ക്കുണ്ടായി. പക്ഷേ ആ ധൈര്യത്തെ പാടേ തകര്‍ത്തു കൊണ്ട് പ്രഭാകരന്‍ ആ കല്യാണം ഉറപ്പിച്ചു.
വസുമതിയുടെ കരച്ചില്‍ കണ്ടു സഹിയ്കാനാകാതെ അച്ഛമ്മ “എന്തിനാ പ്രഭാകരാ നീയീ പെണ്ണിന്റെ ജീവിതം ഇങ്ങനെ നശിപ്പിയ്ക്കണ്. എന്തെങ്കില്വൊരു ചേര്‍ച്ചണ്ടോ? അവള്‍ക്കാ ഷാജഹാനെ ഷ്ടാത്രെ. കണ്ടാലും നല്ല പയ്യനല്ലേ അവന്‍?നീയതങ്ങ്ട് നടത്തിയേയ്ക്ക് ” എന്നു പറഞ്ഞ് മദ്ധ്യസ്ഥയാകാന്‍ ശ്രമിച്ചു.
“ങ്ങക്കെന്താ ഒരു ബോധോം ല്യേ. ഒരന്യമതക്കാര നെക്കൊണ്ടാ മകളെ കെട്ടിയ്ക്കണ് ?” എന്ന് പ്രഭാകരന്‍ ആക്രോശിച്ചപ്പോള്‍ “അപ്പൊ നീയൊരന്യമതക്കാര്യെല്ലേ കെട്ട്യേ. ന്ന്ട്ട് പ്പൊ ന്തേ കൊഴപ്പണ്ടായേ?” എന്നൊരു മറുചോദ്യം അമ്മ പതിവില്ലാതെ ചോദിച്ചു.
“ഏയ് …ഒരു കൊഴപ്പോം ല്യ. ഞാനല്ലേ അനുഭവിയ്ക്കണ് ” എന്ന പ്രഭാകരന്റെ വെറുപ്പും നിരാശയും കലര്‍ന്ന മറുപടി കേട്ട അച്ഛമ്മ “അനുഭവിയ്ക്കണതാ പാവം പെണ്ണാ. അതും പോരാഞ്ഞിട്ടാ പ്പോ മകള്ടെ കാര്യം കൊഴപ്പത്തിലാക്കാന്‍ നോക്കണ്. വെറുതെ സ്ത്രീ ശാപം വരുത്തി വെയ്ക്കല്ലേ പ്രഭാകരാ” എന്ന് സഹിയ്ക്കാനാകാതെ പറഞ്ഞു പോയി.
അച്ഛമ്മ ഇത്രയും സംസാരിയ്ക്കുന്നത് വസുമതി ആദ്യമായി കേള്‍ക്കുകയായിരുന്നു.“പെണ്ണിനെ എങ്ങനെങ്കിലും പറഞ്ഞു സമ്മതിപ്പിയ്ക്കാതെ അവള്‍ടെ താളത്തിനു തുള്ളാന്‍ നിന്നാ തള്ളേ… കാര്യം വേറെണ്ട് ” എന്നൊരട്ടഹാസം കേട്ടതോടെ ആ പാവം വര്‍ത്തമാനം നിര്‍ത്തി.
ശ്രീരാമനെപ്പോലെ ഒരു ഭര്‍ത്താവ് വേണമെന്നായിരുന്നു വസുമതിയുടെ പണ്ടു മുതലേയുള്ള ആഗ്രഹം. രാമന്‍ സീതയെ ഉപേക്ഷിച്ചത് മാത്രം അവള്‍ക്കിഷ്ടപ്പെട്ടില്ല. ‘ശ്രീരാമനെപ്പോലെ ഷാജു ന്നെ വേണ്ടാന്നു വെയ്ക്ക്വോ?’ എന്ന് തന്റെ മഷിയെഴു തിക്കറുപ്പിച്ച വലിയ കണ്ണുകള്‍ വിടര്‍ത്തി ഒരിയ്ക്കല്‍ അവള്‍ ചോദിച്ചപ്പോള്‍ ഷാജഹാന്‍ ആകെ വിവശനായി ‘നെന്നെ വേണ്ടാ ന്നു വെയ്ക്കാന്‍ ന്നെ ക്കൊണ്ടു കഴിയ്വോ വസൂ?’ എന്ന് ഗദ്ഗദകണ്ഠനായി തിരിച്ചു ചോദിച്ചു.
“എപ്പോള്‍ വേണമെങ്കിലും, ഈ നിമിഷമായാലും, എല്ലാവരും അറിഞ്ഞു കൊണ്ടാണെങ്കിലങ്ങനെ, ആരുമറിയാതെയാ ണെങ്കിലങ്ങനെ ഞാന്‍ കൂടെ വരാന്‍ തയ്യാറാണ് ” എന്നറിയിച്ചുകൊണ്ട് ഒരു കത്ത് വസുമതി ഒരു വിശ്വസ്ത സുഹൃത്തിന്റെ കൈവശം ഷാജഹാന് കൊടുത്തയച്ചു.
തിരിച്ചു വന്ന സുഹൃത്തിന്റെ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നു. ഷാജഹാന്‍ എന്തു പറഞ്ഞു എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോള്‍ “ഒന്നും പറഞ്ഞില്ല, ഒരു നെടുവീര്‍പ്പോടെ ഈ പൊതി എന്റെ കയ്യില്‍ തന്നു” എന്ന് സുഹൃത്ത് വികാരാധീന യായി പറഞ്ഞു. ആ പൊതിയ്ക്കുള്ളില്‍ ഒരു മാര്‍ബിള്‍ താജ്മഹലായിരുന്നു. ആ നെടുവീര്‍പ്പും ആ താജ്മഹലും അവള്‍ പ്രണ യാര്‍ദ്രമായ കണ്ണുകളോടെ സ്വീകരിച്ച് അതിലേറെ പ്രണയാര്‍ദ്രമായ മനസ്സോടു ചേര്‍ത്തുപിടിച്ചു. ഇനിയൊരു രക്ഷയുമി ല്ലെന്നു കണ്ട വസുമതി ഒരു സന്ധ്യയ്ക്ക് പ്രാര്‍ത്ഥന കഴിഞ്ഞെഴു ന്നേല്‍ക്കുന്ന മറിയയ്ക്ക് മുന്നിലെത്തി.
‘അമ്മേ’ എന്ന് അവള്‍ വിളിച്ചപ്പോള്‍ മറിയ അപരിചിതമായ എന്തോ ഒന്ന് കേട്ട ഭാവത്തില്‍ അവളുടെ മുഖത്തേയ്ക്കുററുനോ ക്കി. കഴിഞ്ഞ ഇരുപതു കൊല്ലമായി അവര്‍ അങ്ങ നെയൊരു വിളി കേട്ടിട്ടില്ലായിരുന്നു. വസുമതി ആദ്യമായി ‘അമ്മേ’ എന്നു വിളിച്ചത് അച്ഛമ്മയെയായിരുന്നു. “അമ്മേ, അമ്മ എല്ലാം കാണുന്നില്ലേ? എന്നെക്കൊണ്ടാവില്ല. അമ്മേ…ഞാനെന്തു ചെയ്യും?” എന്ന് അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചപ്പോള്‍ മറിയ അവളുടെ തലയിലൊന്നു തലോടി. അമ്മയുടെ ആ സമ യത്തെ മുഖഭാവം ദേഷ്യമോ, സങ്കടമോ, പരിഹാസമോ, നിരാശയോ എന്നൊന്നും തിരിച്ചറിയാന്‍ വസുമതിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ ആ സ്പര്‍ശനത്തിലൂടെ തന്നിലേയ്ക്കെന്തൊ ക്കെയോ ഇരച്ചുകയറുന്നതായവള്‍ക്ക് തോന്നി.
5
“പ്രഭാകരാ, ആ ഷാജഹാന് ഒരു തൊഴിലില്യേ, വരുമാനല്യേ? പിന്നെപ്പെന്താ?” അച്ഛമ്മ ഒരു ശ്രമം കൂടി നടത്തി നോക്കി.
“തള്ളേ, ഓനുള്ളത് ഒരു വര്‍ക്ക് ഷോപ്പാ. ഈ ഓണംകേറാമൂലേല് ആരക്കാ വണ്ടിളളത്. എനിയ്ക്കും കൊറച്ചു പേര്‍ക്കും സൈക്ക്ള്ണ്ട്. ബൈക്ക്ള്ളത് ഓനന്ന്യാ. കാറ് ഓന്റെ വാപ്പയ്ക്കും. നല്ല വരുമാനാ യിരിയ്ക്കും.” പ്രഭാകരന്‍ അയഞ്ഞില്ല.
“കാശാ കാര്യംന്ന്വച്ചാ ആ ചെക്കന്റെ വാപ്പ അസ്സനാജി നല്ല പൈസക്കാരനല്ലേ ? നമ്മടെ കുട്ടിയ്ക്ക് അവടെ ഒരു കൊറവൂ ണ്ടാവില്യ. നെണക്കൂണ്ടാവും അയിന്റെ ഗുണം.” അച്ഛമ്മ മകനെ പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിച്ചു.
“ങും…കാശ് ളള വീട്ട്ന്ന് ഒരുത്ത്യേ കൊണ്ട്വന്ന്ട്ട് പ്പെന്തായി? അയിന്റെ ചെലവും കൂടി നോക്കാറായി. അത്രേന്നെ.” ഇനി യൊരു ഭാഗ്യപരീക്ഷ ണം വയ്യെന്ന മട്ടില്‍ പ്രഭാകരന്‍ പറഞ്ഞു. എന്തായാലും തനിയ്ക്കോ ഷാജഹാനോ ആങ്ങളമാരില്ലാ ത്തതിനാല്‍ ആരെങ്കിലും കയ്യും കാലും തല്ലിയൊടിയ്ക്കുമോ എന്ന് പേടിയ്ക്കാനില്ല എന്നോര്‍ത്ത് വസുമതി ചിരിച്ചു.
“രത്നാകരന് പ്പെന്താ കൊഴപ്പം? ഓന് ടൌണില് പലചരക്ക് കടണ്ട്. വീട്ടില് തെങ്ങ്ന്തോപ്പും അഞ്ചാറു പൈക്കളൂണ്ട്. ഓന്‍ നല്ല അദ്ധ്വാന്യാ. നല്ലോം സമ്പാദിയ്ക്കുണൂണ്ട്. കാണാന്‍ ത്തിരി മോശാന്നല്ലേ ള്ളൂ. അത് സാരല്യ. കാണാന്നന്നായിട്ട് പ്പെന്താ വിശേഷം ?” ഉറപ്പുള്ള സ്വത്തില്‍ തന്നെയായിരുന്നു പ്രഭാകരന്റെ നോട്ടം.
“ഷാജഹാനെപ്പറ്റില്യാന്ന്വച്ചാ നീയ് സ്വജാതീന്നു കണ്ടാ ത്തിരി മനുഷ്യപ്രകൃതിളള ഒരാളെ കണ്ടു പിടിയ്ക്ക്. ഇങ്ങനെ മഹാപാപം ചെയ്യല്ലേ പ്രഭാകരാ” എന്ന് അച്ഛമ്മ ഒന്നു കൂടി അപേക്ഷിച്ചു.
“തള്ളേ…പെണ്ണ് അരുതാത്തത് വല്ലോം ചീത് ചീത്തപ്പേര് ണ്ടാക്കണേനു മുമ്പ് ഒന്ന് പിടിച്ചു കൊടുക്കാം ന്ന്വച്ചിട്ടാ. അപ്പഴാ മൊടക്കോം കൊണ്ട് വരണ്. മിണ്ടാണ്ടെ പൊയ്ക്കൊളിന്‍. ന്റെ വായേലിരിയ്ക്കണത് വെര്‍തെ കേക്കണ്ട.” എന്നും പറഞ്ഞ് പ്രഭാകരന്‍ ആ വര്‍ത്തമാനം അവസാനിപ്പിച്ചു. വെറുതെ വര്‍ത്തമാനം പറഞ്ഞ് പാട്ടും പാടിയിരുന്ന നേരത്ത് അരുതാത്തത് വല്ലതും ചെയ്യാമായിരുന്നു എന്നോര്‍ത്ത് വസുമതി വീണ്ടും ചിരിച്ചു.
“കല്യാണത്തിന് തുണീം പണ്ടോമോക്കെ എട്ക്കണം. എന്താ വേണ്ട്ന്ന് വെച്ചാ പറഞ്ഞോളാന്‍ പറയു” എന്ന് പ്രഭാകരന്‍ കുറച്ച് സൌമ്യമായി അമ്മയോട് പറഞ്ഞു. അത് വരെയുണ്ടായിരുന്ന മറഞ്ഞു നിന്നുള്ള വര്‍ത്തമാനം മതിയാക്കി വസുമതി നേരെ മുന്നില്‍ വന്നു. “അച്ഛാ സാരി എര്‍ണാകുളത്ത് ന്ന് മതി. സ്വര്‍ണ്ണം തൃശ്ശൂര് ന്ന് ”.
പ്രഭാകരന്‍ ഒരമ്പരപ്പോടെ സമ്മതിച്ചു. കാശ് മാല, മുല്ലമൊട്ടു മാല, നാഗപടത്താലി, പാലയ്ക്കാ മോതിരം, ഷോ ചെയിന്‍, നെക് ലെയ്സ്, സാധാരണ ഇടാന്‍ പറ്റീത്, കയ്യിലിയ്ക്ക് പന്ത്രണ്ട് വള, ദശാവതാരോം അഷ്ടലക്ഷ്മീം കൊത്തീതും, കടക വളേം വേറെ, കല്ല് വെച്ച മോതിരം, ക്രിസ്റ്റല് കെട്ടിച്ച സ്വര്‍ണ്ണ പാദസരം – ഇങ്ങനെ ഒരു നീണ്ട പട്ടിക തന്നെ വസുമതി ജ്വല്ലറിയിലെത്തിയപ്പോള്‍ നിരത്തി. ഇത്രയും ആഭരണങ്ങളുടെ പേര് ഇവള്‍ക്കെങ്ങനെ അറിയാം എന്ന പ്രഭാകരന്‍ അന്തം വിട്ടു നിന്നു. കുറച്ചൊക്കെ വാങ്ങിക്കൊടുത്തു.
“ബാക്കി തട്ടാനെക്കൊണ്ട് ണ്ടാക്കിയ്ക്കാം, ഈ സ്വര്‍ണ്ണൊന്നും വിശ്വസിയ്ക്കാന്‍ കൊള്ളില്ല” എന്നു പറഞ്ഞ് അയാള്‍ ആ ഷോപ്പിങ് അവസാനിപ്പിച്ചു. ജയലക്ഷ്മിയിലും ശീമാട്ടിയിലുമൊക്കെ മാറിമാറിക്കയറി കല്യാണസ്സാരി, കസവു കൂടിയത്, കുറഞ്ഞത് എന്നൊക്കെ പറഞ്ഞ് ഒരു പത്ത് സാരിയെ ങ്കിലും വസുമതി വാങ്ങിപ്പിച്ചു.
“വാങ്ങി ക്കൊടുത്തേയ്ക്ക് പ്രഭാകരാ, ഇന്യൊന്നിനെ കെട്ടിച്ചയയ്ക്കാന്‍ല്യലോ, ഒന്നന്ന്യല്ലേ ള്ളൂ” എന്ന അമ്മയുടെ ഇടപെടല്‍ കേട്ടപ്പോള്‍ മറിയയുമായി പിണങ്ങി നിന്നത് നന്നായി, ഇതു പോലെ മൂന്നു നാലെണ്ണം കൂടി ഉണ്ടായിരുന്നെങ്കില്‍ കടംകേറി മുടിഞ്ഞേനെ എന്ന് അയാളോര്‍ത്തു. പിറുപിറുത്തും, പേഴ്സ് പല തവണ തുറന്നും അടച്ചും പൊറുതികേടു കാണിച്ചും അയാള്‍ മകളാവശ്യപ്പെട്ടതൊക്കെയും വാങ്ങിക്കൊടുത്തു.
ഒരു ദിവസം അച്ഛന്‍ അലമാരയില്‍ എന്തോ തുണിയില്‍ പൊതിഞ്ഞു രഹസ്യമായി സൂക്ഷിച്ചു വെയ്ക്കുന്നത് വസുമതി കണ്ടു. ഒരു തിളക്കം മാത്രമേ കണ്ടുള്ളൂ. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ വിളിച്ച് അവള്‍ ആവശ്യപ്പെട്ട ബാക്കി ആഭരണ ങ്ങള്‍ കൂടി “തട്ടാനെക്കൊണ്ട് ണ്ടാക്കിച്ചതാ” എന്നു പറഞ്ഞ് അവളുടെ കയ്യില്‍ കൊടുത്തു. ഇതെങ്ങനെ അച്ഛനെക്കൊണ്ട് സാധിച്ചു എന്ന് അവള്‍ ചോദിച്ചതേയില്ല , ചിന്തിച്ചതു പോലുമില്ല.
6
വലിയ ബഹളങ്ങളൊന്നുമില്ലാതെ ആ വിവാഹം നടന്നു. പോകാനിറങ്ങുമ്പോള്‍ വസുമതി അമ്മയോട് യാത്ര പറയാന്‍ അകത്തേയ്ക്ക് ചെന്നു. പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന മറിയ അവളെക്കണ്ടപ്പോള്‍ പതുക്കെ എഴുന്നേറ്റ് കര്‍ത്താവിന്റെ ഫോട്ടോയ്ക്ക് മുന്നിലിരുന്ന ചുവന്ന സാറ്റിന്‍ തുണിയില്‍ പൊതിഞ്ഞ ഒരു പൊതിയെടുത്ത് അവള്‍ക്കു സമ്മാനിച്ചു. എന്തോ അത് കയ്യില്‍ വാങ്ങിയ ആ നിമിഷം അവളുടെ ഇടംകണ്ണ് വല്ലാതെ തുടിച്ചു. ഹനുമാന്‍ ലങ്കയിലെത്തിയ നിമിഷം സീതയു ടേയും രാവണന്റേയും ഇടം കണ്ണ് തുടിച്ചു എന്ന് പറയും പോലെ ഇനി മറ്റാര്‍ക്കെങ്കിലും ഇങ്ങനെയൊരു തുടിപ്പുണ്ടായിക്കാ ണുമോ എന്ന് അവള്‍ ചിന്തിച്ചു. ആ സമയം രത്നാകരന്റെ വലംകണ്ണ് തുടിച്ചത് അയാള്‍ പോലുമറിഞ്ഞില്ല.
കിടപ്പുമുറിയിലെ മേശപ്പുറത്ത് സാമാന്യം വലുതാക്കി ലാമിനേറ്റ് ചെയ്ത വെഡ്ഡിങ് ഫോട്ടോ വെച്ച് രത്നാകരന്‍ വസുമതിയെ നോക്കി ചിരിച്ചു. അവള്‍ ആ ഫോട്ടോയ്ക്ക് മുന്നില്‍ത്തന്നെ താജ്മഹല്‍ എടുത്തു വെച്ച് അതിനെ ആകെയൊന്നു തലോടി നിര്‍വൃതിയോടെ ചിരിച്ചു. അതിന്റെ മറവില്‍ വസുമതിയുടെയും രത്നാകരന്റെയും ഫോട്ടോ ഇരുണ്ടു കിടന്നു.
രത്നാകരന്‍ പ്രഭാകരനെപ്പോലെയായിരുന്നില്ല.അയാള്‍ വസുമതിയെ പ്രാണനു തുല്യം സ്നേഹിച്ചു. അവള്‍ക്കെപ്പോഴും ഫോറിന്‍ സാരിയും, സോപ്പും, പെര്‍ഫ്യൂമും, ഷാമ്പൂവുമെല്ലാം വാങ്ങിക്കൊടുത്തു. ഇത്രയും കാലം അച്ഛന്‍ തന്ന സാധനങ്ങ ളൊക്കെയും ഇതൊക്കെത്തന്നെയായിരുന്നതിനാല്‍ അവള്‍ക്കതില്‍ യാതൊരു പുതുമയും തോന്നിയില്ല. പെര്‍ഫ്യൂമിന്റെ മണം അവള്‍ക്കിഷ്ടമല്ലാതിരുന്നതിനാല്‍ ഷാജഹാന് സമ്മാനിയ്ക്കുകയായിരുന്നു പതിവ്. ഇനിയത് പറ്റില്ലല്ലോ എന്നൊരു സങ്കടം തോന്നിയെന്ന് മാത്രം.
പ്രഭാകരന്‍ പറഞ്ഞപോലെ രത്നാകരന്‍ കഠിനാദ്ധ്വാനിയായിരുന്നു. പല ദിവസവും അയാള്‍ രാത്രി വളരെ വൈകിയോ നേരം പുലര്‍ന്നോ ചിലപ്പോള്‍ ഒരു ദിവസം കൂടി കഴിഞ്ഞോ ആണ് തിരിച്ചെത്തിയിരുന്നത്. സ്റ്റോക്കെടുക്കുന്ന ദിവസമായി രുന്നു, അല്ലെങ്കില്‍ കണക്ക് ശരിയാക്കാനുണ്ടായിരുന്നു എന്നൊക്കെ അയാള്‍ അതിനുള്ള കാരണം പറയും, വസുമതി ഒരിയ്ക്കലും ചോദിച്ചിരുന്നില്ലെങ്കിലും. രത്നാകരന്‍ അവളെ സന്തോഷിപ്പിയ്ക്കാന്‍ പലപ്പോഴും സ്വര്‍ണ്ണാഭരണങ്ങള്‍ കൊടുത്തു. അവളതെല്ലാം എടുത്തുവെയ്ക്കുമെന്നല്ലാതെ ഒരയവും അയാളോട് കാണിച്ചില്ല. സീത രാവണന്റെ നേര്‍ക്കൊന്നു നോക്കുക പോലും ചെയ്യാതെ ഒരു പുല്‍ക്കൊടിയെടുത്തിട്ട് അതിനെ നോക്കി സംസാരിച്ച പോലെയേ താന്‍ രത്നാകരനോടു പെരുമാറൂ എന്നവള്‍ നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
രാത്രിയായാല്‍ മാഞ്ഞുപോകാന്‍ സമ്മതിയ്ക്കാതെ സൂക്ഷിച്ചു വെച്ച കിനാവുകള്‍ കൂടുതല്‍ തെളിമയോടെ വസുമതിയുടെ മനസ്സിലുദിയ്ക്കും. ‘മാനസമൈനേ വരൂ…’ എന്നു പാടിക്കൊണ്ട് പരീക്കുട്ടിയെപ്പോലെ ഷാജഹാന്‍ അവിടെയെല്ലാം നടപ്പുണ്ടെന്ന് അവള്‍ക്കു തോന്നും. അവള്‍ സ്വയമറിയാതെ വാതില്‍ തുറന്നു പുറത്തിറങ്ങും.
“എന്തിനാ മതീ, രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി നിക്കണ്. വാ, അകത്തു വന്നു കെടക്ക് ” എന്ന് ദീനമായി അപേക്ഷിച്ച് അവളെ കൂട്ടിക്കൊണ്ടു പോകും രത്നാകരന്‍, അയാള്‍ വീട്ടിലുള്ള ദിവസങ്ങളില്‍. അനുനയിപ്പിച്ച് അവളുടെ മുടിയിഴകളില്‍ തഴുകി അവളെ അയാള്‍ ഉറക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ആ കറുത്തുതടിച്ച, പലകപ്പല്ലുകളും കഷണ്ടിത്തലയുമുള്ള രൂപം വെളുത്തുതുടുത്ത, മിനുത്ത കവിളുകളും ചുരുണ്ട മുടിയും ഇളം ചുവപ്പ് നിറത്തിലുള്ള ചുണ്ടുകളുമുള്ള ഒരു രൂപമായി മാറുന്നതായി അവള്‍ക്ക് തോന്നും.
തുടരും….