പുസ്തക പരിചയം – മനുഷ്യനു വേണ്ടി ഒരു വക്കാലത്ത്

വായന തുടങ്ങും മുമ്പ് “മനുഷ്യനു വേണ്ടി ഒരു വക്കാലത്ത് ” എന്ന ഈ പേര് എന്നെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വായന കഴിഞ്ഞപ്പോഴാണ്, മനുഷ്യന്റെ മാനവികത എന്ന ഗുണവുമായി ഈ പുസ്തകം എത്ര മാത്രം ചേർന്നു നിൽക്കുന്നു എന്ന് മനസ്സിലായത്.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്ന വാക്പ്രയോഗം ഓർമ വെച്ച കാലം മുതൽ നാം കേട്ടു ശീലിച്ചതാണ്. പക്ഷെ , സാമൂഹ്യ ജീവിതത്തിന്റെ മാനദണ്ഡങ്ങളും സവിശേഷതകളും എന്തൊക്കെയാണ്? അവനവന് ഉചിതം എന്നു തോന്നുന്ന ചെയ്തികളും സ്വന്തം വികാരങ്ങളെ ശമിപ്പിക്കാൻ ഉതകുന്ന പ്രവൃത്തികളും ജീവിത രീതികളായി സ്വീകരിച്ചവരെ സാമൂഹിക ജീവികളായി ഗണിക്കാമോ? ഇല്ലെങ്കിൽ എന്തു കൊണ്ട്?
വലിയൊരു ശാസ്ത്ര മേഖലയായി വികാസം പ്രാപിച്ച പരീക്ഷണ ഇടമാണിന്ന് സാമൂഹിക ശാസ്ത്രം. താൻ ജീവിക്കുന്ന സമൂഹത്തിലെ സഹജീവികളെ കുറിച്ചും വ്യവസ്ഥകളെ കുറിച്ചും കൃത്യമായ ധാരണ ഓരോരുത്തർക്കും ഉണ്ടായിരിക്കൽ അനിവാര്യമാണ്. സുഹൃത്ത് കെ.വി.നദീറിന്റെ ഓരോ രചനകളിലും എനിക്ക് കാണാൻ കഴിഞ്ഞത് ഈ ദിശാ നിർണയമാണ്.
രാഷ്ട്രീയം, സാംസ്കാരം, വിദ്യഭ്യാസം, കായികം ,ആരോഗ്യം ,വിനോദം , മതം , വൈവാഹികം , തുടങ്ങീ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ സംസർഗ ഇടങ്ങളെയും സൂക്ഷ്മവായനക്ക് വിധേയമാക്കുകയും തന്റെ തോന്നലുകളെ കൃത്യമായി കുറിച്ചു വെക്കുകയും വഴി നന്മ തിന്മകളുടെ തെരെഞ്ഞെടുപ്പിന് ഏറ്റവും മികച്ച മാനദണ്ഡങ്ങളുടെ പട്ടിക പ്രകാശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് കെ.വി. നദീർ എന്ന എഴുത്തുകാരന്റെ സവിശേഷത.

നാടും നഗരവും ഒരു പോലെ കീഴടക്കി സ്വസ്ഥജീവിതം നശിപ്പിക്കുന്ന വർഗ്ഗീയതയും ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്ത് മാനവികതയ്ക്ക് നേരെ വെല്ലുവിളിയായിത്തീരുന്ന എകശിലാ വാദവും ഇന്ത്യൻ ജനാധിപത്യത്തിന് എങ്ങനെയാണ് ഭീഷണിയായിത്തീരുന്നതെന്ന് ” ഹൈജാക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം” എന്ന അധ്യായത്തിൽ വിവരിക്കുന്നു.
ജാതിഭൂതം വിടവാങ്ങി എന്ന് വിശ്വസിക്കുമ്പോഴും സമൂഹത്തിന്റെ പല കോണുകളിൽ ഇന്നും സജീവമായി കൊണ്ടാടപ്പെടുന്ന ജാതീയ കാർക്കശ്യങ്ങൾ ഉദ്ബുദ്ധ പ്രഖ്യാപനങ്ങൾക്ക് നേരെ ഉയർത്തുന്ന വെല്ലുവിളികൾ നമുക്ക് കാണാതിരുന്നു കൂടാ..
അരാഷ്ട്രീയതയെ വളർത്തുന്ന നവ സാമൂഹിക ക്രമങ്ങളും മൂഢ ചിന്തകളും തികഞ്ഞ അരാജകത്വത്തിലേക്കാവും നമ്മുടെ വിദ്യാർത്ഥി സമൂഹത്തെ നയിക്കുക എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.
മദ്യമുൾപ്പെടെയുള്ള ലഹരികൾ സാമ്പത്തിക സ്രോതസ്സുകളായി കണ്ടു മദ്യ വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിലെ നിരർത്ഥകതയും ഗവൺമെന്റിന്റെ തല തിരിഞ്ഞ മദ്യ നയങ്ങളും വായനയ്ക്ക് വെക്കുന്നുണ്ട് രചയിതാവ്.
നവ സാമൂഹിക ക്രമങ്ങളെ സംവാദവത്ക്കരിക്കുന്നതോടൊപ്പം ചരിത്രത്തിന്റെ നേരറിവുകളെ തന്മയത്വത്തോടെ പങ്ക് വെക്കാനും പ്രിയ സുഹൃത്ത് സമയം കണ്ടെത്തിയിട്ടുണ്ട്.
മലബാർ കലാപവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണവും വസ്തുതകളുടെ അവതരണവും പുതിയ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. സാങ്കേതിക ജ്ഞാനങ്ങളിൽ മുഴുകി ഭൂതകാലത്തിനു നേരെ കണ്ണ് പൂട്ടിയടക്കുന്ന ന്യൂ ജനറേഷൻ ചരിത്ര വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കൽ നിലനിൽപിനു അനിവാര്യമാണിന്ന്. പുസ്തകത്തിലെ വിഷയ വൈവിധ്യങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
എഴുത്തുകാരന്റെ ഇതു വരെ ഇറങ്ങിയ മുഴുവൻ പുസ്തകങ്ങളും വായിക്കാൻ ഈ വിനീതന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ,രാഷ്ട്രീയ വിഷയങ്ങളെ ചർച്ച ചെയ്യുന്ന കാലിക പ്രാധാന്യങ്ങളായ ലേഖനങ്ങളാണ് എല്ലാം.
ലേഖന സമാഹാരത്തിനപ്പുറം വിഷയ കേന്ദ്രീകൃതമായ ഒരു സമഗ്ര പഠന ഗ്രന്ഥം എഴുത്തുകാരന്റേതായി ഞാൻ ഇനിയും പ്രതീക്ഷിക്കുകയാണ്.
പ്രസാധനം: സൈകതം ബുക്സ്
പുസ്തകം ഇവിടെ നിന്നും വാങ്ങാം