Main Menu

നന്മ വിതച്ചു സന്തോഷം കൊയ്യുന്നവർ

Saikatham Online Malayalam Magazine

കൊറോണ മഹാമാരി വിതച്ച ദുരന്തങ്ങൾക്കിടയിൽ അന്തംവിട്ടു നിൽക്കുന്ന നമ്മുടെയൊക്കെ മനസുകൾക്ക് കുളിർമയും ആശ്വാസവും നൽകുന്ന ചില കാഴ്ചകളുണ്ട് ചുറ്റും. അതാണ് പൂത്തുലഞ്ഞു നിൽക്കുന്ന നന്മമരങ്ങൾ. കൊറോണ കാരണം ദുരന്തങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സഹജീവികൾക്ക് വേണ്ടി സഹായ ഹസ്ഥവുമായി കടന്നു വരുന്ന നല്ലവരായ മനുഷ്യരാണ് ഈ നന്മ മരങ്ങൾ. ഇത്തരം ആളുകളുടെ ത്രസിപ്പിക്കുന്ന എത്രയെത്ര കഥകളാണ് നാം ഓരോ ദിവസവും കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്!

കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധർ വരേയും, അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്ത പാവങ്ങൾ മുതൽ ശതകോടീശ്വരന്മാർ വരേയും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം ഇത്തരം ജീവകാരുണ്യ പ്രവർത്തങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നവരും, തരം കിട്ടിയാൽ അവയ്ക്ക് പാര വെയ്ക്കുന്നവരും നമ്മുടെ കുട്ടത്തിലുണ്ട്…

എന്തുകൊണ്ടാണ് ചില ആളുകൾ ജാതി-മത, ലിംഗ വ്യത്യാസമില്ലാതെ കയ്യും മെയ്യും മറന്ന് ഇത്തരം പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുന്നത്‌? യാതൊരു ലാഭേച്ഛയുമില്ലാതെ ഇത്തരം സൽപ്രവർത്തനങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ചേതോവികാരം എന്തായിരിക്കും?

ഇവരോടൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചാൽ പ്രധാനമായും ഒരു ഉത്തരമേ ഉണ്ടായിരിക്കുകയുള്ളൂ:

മന:സംതൃപ്തി അഥവാ സന്തോഷം. “നന്മ ചെയ്യുമ്പോൾ നല്ലത് തോന്നുന്ന പ്രതിഭാസം (The Do Good, Feel Good Phenomenon) എന്നാണ് ഇത് അറിയപ്പെടുന്നത്. നാം മറ്റൊരു ജീവിക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്യുമ്പോൾ നമ്മുടെ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെടാറുണ്ട്, നമുക്ക് മാത്രമല്ല, ഇത് ലഭിക്കുന്ന ആളുകളുടെ മനസിലും ഇത് സന്തോഷവും കൃതജ്ഞതയും ജനിപ്പിക്കും. മറിച്ച്, മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ ഒരാളുടെ മനസിലുണ്ടാകുന്ന വികാരം, വെറിയും വിരസതയുമായിരിക്കും. അതുകൊണ്ടാണ് നന്മ ചെയ്യുന്നവർ സാമ്പത്തിക ശേഷി കണക്കിലെടുക്കാതെ അവ തുടർന്ന് കൊണ്ട് പോകുന്നത്. ദുഷ്ടത്തരം ചെയ്യുന്നവർ അത് ആവർത്തിച്ച് കൊണ്ടിരിക്കുന്നതും. ഇങ്ങനെ ചെയ്യുമ്പോൾ ഒരാൾ അനുഭവിക്കുന്ന ആനന്ദത്തിനാണ് “Helper’s high” എന്ന് ഇഗ്ളീഷിൽ പറയുന്നത്. നമ്മുടെ തലച്ചോർ, മനസിനാനന്ദം നൽകുന്ന endorphins എന്ന പദാർത്ഥം ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

സന്തോഷം ലഭിക്കാൻ വലിയ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. നാം നിത്യജീവിതത്തിൽ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ പോലും ഇതിന് സഹായിക്കും.

ഒരാളെ കാണുമ്പോൾ വെറുതെ ഒന്ന് പുഞ്ചിരിക്കുക, അപരിചതരോട് കുശലം പറയുക, കൈക്കുഞ്ഞുമായി ബസിൽ തുങ്ങി പിടിച്ച് നിൽക്കുന്ന സ്ത്രീക്ക് സീറ്റ്‌ ഒഴിഞ്ഞുകൊടുക്കുക, പ്രായമായ ഒരു സ്ത്രീയെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക, ഓഫിസിലെ/ഫ്ളാറ്റിലെ വാച്ചുമേനോട് ഹായ് പറയുക, പ്രായമായൊരാൾക്ക് വാതിൽ തുറന്ന് കൊടുക്കുക തുടങ്ങി നൂറായിരം കാര്യങ്ങൾ ഇതിൽ പെടുന്നു.

മന:സംതൃപ്തി മാത്രമല്ല സൽകർമ്മങ്ങൾ ചെയ്യുമ്പോൾ ഒരാൾക്കു ലഭിക്കുന്നത്. വേറെയും ഒരു പാട് ഗുണങ്ങളുണ്ടിതിന്.

മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ശീലം ഒരാളുടെ ജീവിതദൈർഘ്യം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ബഫലോ സർവകലാശാല ഇതുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണിത്. നിസ്വാർത്ഥസേവകർ വലിയ സമ്മർദ്ദത്തിന്ന് വിധേയരാകുന്നില്ല എന്നതായിരിക്കാം ഇതിന് കാരണം.

രണ്ടായിരത്തി പതിമൂന്നിൽ നടന്ന മറ്റൊരു പഠനപ്രകാരം സാമൂഹിക സേവനവും രക്തസമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നത് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുമത്രേ.

ഇത് പോലെ ജോലിസ്ഥലങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധത കാണിക്കുന്ന ആളുകൾ കൂടുതൽ സന്തുഷ്ടരാണെന്ന് കണ്ടെത്തുകയുണ്ടായി. സ്വന്തം, കാര്യം മാത്രം നോക്കുന്നവരെ അപേക്ഷിച്ച് ഇത്തരക്കാർ പൊതുവെ ആഹ്ലാദചിത്തരായിരിക്കും.

അപരനെ സഹായിക്കുന്നതും, സമൂഹത്തിന്ന് വേണ്ടി നിസ്വാർത്ഥസേവനം നടത്തുന്നതും ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സഹജീവികൾക്ക് വേണ്ടി ഒരുപകാരവും ചെയ്യാത്ത സ്വാർത്ഥമതികളായ ആളുകളുടെ കാര്യത്തിൽ മറിച്ചായിരിക്കും ഫലം.

മനസ്സമാധാനവും സന്തോഷവുമാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. ഇത് നേടാൻ ഏറ്റവും നല്ല മാർഗം പരമാവധി മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതാണ്.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: