Main Menu

ചെലിമ്പിള്ളിയിലെ ചെമ്പൂവ്

Saikatham Online Magazine

കരുണന്‍ മാഷിനെ കണ്ടതിനു ശേഷം തിരികെ വീട്ടിലേക്കു യാത്ര തിരിച്ചപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വളരെ നാളുകള്‍ ക്ക് ശേഷമാണ് കരുണന്‍ മാഷി നെ കാണണമെന്ന ചിന്ത മനസ്സി ലേക്ക് വന്നത്. മുന്‍പ് കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നതാണ്. പിന്നീട് ആ ഇടവേളകളുടെ ദൈര്‍ഘ്യം കൂടുകയും ക്രമേണ അങ്ങോട്ടുള്ള യാത്രാ ഇല്ലാതാവുകയും ചെയ്തു. പക്ഷെ ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം വീണ്ടും അദ്ദേഹത്തെ കാണണമെന്ന ചിന്തയെ മനസ്സിലേക്ക് എത്തിച്ചു. ചെറുപ്പം മുതല്‍ കണ്ടു പരിചയിച്ച ആ മുഖവും, വിപ്ളവ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അദ്ദേഹത്തില്‍നിന്നുമുള്ള വാക്കുകളേയുമൊക്കെ ഞാന്‍ എപ്പോ ഴോ മറന്നു തുടങ്ങിയിരുന്നു. അതു ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാകാം, അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിനു അലങ്കാരമായ തിരക്ക് കൊണ്ടാകാം.
ഞായറാഴ്ച്ചയുടെ ആലസ്യം എന്നെയെന്ന പോലെ റോഡിനെയും ബാധിച്ചെന്ന് തോന്നുന്നു, റോഡില്‍ അധികം തിര ക്കില്ല. കാറിന്റെ പകുതി താഴ്ത്തിവച്ച ചില്ലിലൂടെ തണുത്ത കാറ്റ് കാറിനുള്ളിലേക്ക് കടന്നു. മേടമാസത്തിലെ കനത്ത ചൂടിനെ വകഞ്ഞുമാറ്റി ഇടവത്തെ വരവേല്‍ക്കാന്‍ പ്രകൃതി തയ്യാറെടുപ്പ് തുടങ്ങി. ഉടനെ ഒരു മഴയ്ക്ക് സാധ്യതയെന്ന പോലെ ആകാശം ഇരുണ്ടു കൂടിയിരുന്നു. ‘ചുപ്കെ ചുപ്കെ രാത്ത് ദിന്‍ ആസൂ ബഹാനാ യാദ് ഹേ’ കാറില്‍ മുഴങ്ങുന്ന ഗുലാം അലി യുടെ ഗസലില്‍ മുഴുകിരിക്കുകയാണ് സുഹൃത്തായ ഹരീന്ദ്രന്‍. ഇത്രയും ദൂരം ഡ്രൈവ് ചെയ്യണമെന്നുള്ളതുകൊണ്ടാണ് അവ നെയും ഒപ്പം കൂട്ടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെറിയ ചാറ്റല്‍ മഴ തുടങ്ങി. മുന്നോട്ട് നീങ്ങും തോറും മഴയുടെ ശക്തി കൂടി കൊണ്ടിരുന്നു. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ നാദം കാറില്‍ മുഴങ്ങുന്ന ഗസലിനും അപ്പുറമായി. ആകാശത്തിന്റെ വിദൂരതയില്‍ നിന്നും നൂല് പോലെ താഴേക്ക്‌ എത്തുന്ന മഴത്തുള്ളികളെ കണ്ടിരിക്കുവാന്‍ ചെറുപ്പത്തില്‍ എനിക്ക് ഇഷ്ടമാ യിരുന്നു. മുറിയുടെ ജനാലയ്ക്കരികിലായി ഇട്ടിരുന്ന കട്ടിലില്‍ വെളിയില്‍ നൃത്തം ചെയ്യുന്ന മഴയെ നോക്കി ഞാന്‍ ഇരിക്കു മായിരുന്നു. ജനാലയ്ക്കുള്ളിലൂടെ അകത്തേക്ക് തെറിക്കുന്ന മഴത്തുള്ളികള്‍ ശരീരത്തെ എന്ന പോലെ മനസ്സിനെയും തണുപ്പിക്കും.

ചെറുപ്പത്തില്‍ ഭദ്രമാക്കി വച്ചിരുന്ന എന്റെ പല ഇഷ്ടങ്ങള്‍ക്കും ഇന്ന് സ്ഥാനഭ്രഷ്ടം സംഭവിച്ചിരിക്കുന്നു. വളരുംതോറും ചെറുപ്പത്തില്‍ നമുക്ക് ഉണ്ടായിരുന്ന പല ഇഷ്ടങ്ങളുടെയും ഗൗരവം കുറഞ്ഞുകൊണ്ടിരിക്കും. പകരം മറ്റുള്ളവരുടെ ഇഷ്ട ങ്ങള്‍ നടപ്പിലാക്കുവാന്‍ നാം നിര്‍ബന്ധിതരാകും.

രണ്ടു വ്യത്യസ്ത ദിശയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരായിട്ട് കൂടി തനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ അപ്പനും കരുണന്‍ മാഷും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്നതിലുപരി കരുണന്‍ മാഷ് നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു.

അന്ന് മുതലാണ് ഞാന്‍ കരുണന്‍ മാഷുമായി കൂടുതല്‍ അടുക്കുന്നത്. ഏഴാം ക്ലാസ്സില്‍ കണക്കു പരീക്ഷയ്ക്ക് തോറ്റതിന് അന്ന് അപ്പന്‍ എന്നെ ഒരുപാടു തല്ലി. എന്റെ കരച്ചില്‍ കേട്ട് കൊണ്ടാണ് കരുണന്‍ മാഷ്‌ വീട്ടിലേക്കു വന്നത്. അപ്പനില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം മാഷാണ് പറഞ്ഞത്,

“ഇവനെ എന്റെ അടുത്തേക്ക് വിട്ടേക്ക്… ഞാന്‍ ഇവനെ പഠിപ്പിക്കാം..”

പിറ്റേന്ന് മുതല്‍ സ്കൂളില്‍ നിന്ന് വന്നതിനു ശേഷം ഞാന്‍ പഠിക്കുവാനായി മാഷിന്റെ വീട്ടിലേക്കു പോയി തുടങ്ങി. ദൂരെ നിന്ന് കണ്ടു മാത്രം പരിചയമുള്ള മാഷിനെ അടുത്ത് അറിയുന്നത് അന്ന് മുതലാണ്. പഠിത്തം കഴിഞ്ഞുള്ള സമയങ്ങളില്‍ അതാത് ദിവസത്തെ പത്രം മാഷിനെ വായിച്ചു കേള്‍പ്പിക്കണം. പിന്നെ ഓരോ വാര്‍ത്തയെക്കുറിച്ചും മാഷ്‌ വിശദമായ് പറഞ്ഞ് തരും. ഒഴിവു ദിനങ്ങളിലെ സായാഹ്നങ്ങളില്‍ മാഷിനൊപ്പം കടല്‍ക്കരയിലൂടെ ഞങ്ങള്‍ നടക്കും. മാഷിന്റെ ഒരു കൈയ്യില്‍ ഞാനും മറു കൈയ്യില്‍ മാഷിന്റെ മകന്‍ സുജാതനും പിടിച്ചിരിക്കും. ചില ദിവസങ്ങളില്‍ ഞങ്ങളോടൊപ്പം അപ്പനും ഉണ്ടാകും. അപ്പോഴൊക്കെ മാഷ് കടലോരങ്ങളിലെ ജീവിതങ്ങളെപ്പറ്റിയും അവരുടെ കഷ്ടപ്പാടുകളെപ്പറ്റിയുമൊ ക്കെ പറഞ്ഞ് തരും. ഞങ്ങള്‍ നടക്കുമ്പോള്‍ അവിടെയുള്ള ആളുകള്‍ മാഷിനോട് വന്ന് സംസാരിക്കും. മാഷ്‌ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യും. അങ്ങനെയാണ് മാഷിന് നാട്ടിലുള്ള സ്വാധീനത്തെ പറ്റി ഞാന്‍ മനസ്സിലാക്കുന്നത്‌.

അപ്പനും മാഷും സുജാതനും ഞാനുമൊക്കെ ചേര്‍ന്നുള്ള എന്റെ കുട്ടിക്കാലം, അതു എന്റെ ജീവിതത്തിലെ വസന്തകാല മായിരുന്നു. അതിന് പ്രകൃതിയുടെ നിര്‍മ്മലതയുണ്ടായിരുന്നു. ഗ്രാമത്തിന്റെ ശാലീനതയുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ലഭിക്കാതെ പോകുന്നതും അതാണ്. പിറന്നു വീഴുമ്പോള്‍ മുതല്‍ ഫ്ലാറ്റിന്റെ നാല് ചുവരുകള്‍ക്കുള്ളിലെ ലോകത്തില്‍ തളയ്‌ക്കപ്പെടുന്ന കുരുന്നുകള്‍, അവിടെ നിന്നും പുറത്തേക്ക് എത്തുമ്പോഴേക്കും അവര്‍ക്ക് ബാല്യവും കൗമാരവും യൗവന വുമൊക്കെ നഷ്ട്ടപ്പെട്ടിരിക്കും.

“എന്താണ് കരുണന്‍ മാഷ്‌ നിങ്ങളുടെ നാട്ടില്‍ നിന്നും പോകാനുള്ള കാരണം?” ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷമുള്ള ഹരീന്ദ്രന്റെ ചോദ്യം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

“നിനക്കറിയാമല്ലോ ‘ചെലിമ്പിള്ളി’ എന്ന ഞങ്ങളുടെ നാടിനെ പറ്റി… മത്സ്യബന്ധനം മാത്രം ഉപജീവനമാര്‍ഗ്ഗമാക്കിയ ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന കടലോര മേഖലയാണ് ഞങ്ങളുടേത്. അപ്പനെ പോലെ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്ര മാണ് ഞങ്ങളുടെ നാട്ടില്‍ സര്‍ക്കാര്‍ ജോലിയുള്ളത്. ബാക്കിയുള്ള ഭൂരിപക്ഷം കുടുംബങ്ങളും ആശ്രയിക്കുന്നത് കടലിനെ യാണ്. കരുതി വയ്ക്കുവാന്‍ ഒന്നുമില്ലാതെ ഓരോ ദിവസത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളുകള്‍. കടലമ്മ കനി ഞ്ഞു നല്‍കുന്ന ചാകര ഉത്സവമാകുമ്പോള്‍ പലപ്പോഴും വറുതി ഒരു തേങ്ങലായ് മാറും. എന്നാലും അവരുടെ ഇല്ലായ്മകള്‍ ഒരിക്കലും പുറലോകം അറിഞ്ഞിരുന്നില്ല. സന്തോഷവും സങ്കടവും എല്ലാം തുറകള്‍ക്കുള്ളില്‍ തന്നെ. ഒരിക്കല്‍ സര്‍ക്കാര്‍ ഒരു തുറമുഖ പദ്ധതിയെപ്പറ്റി ആലോചന നടത്തി. ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാം എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ആ പദ്ധതിയില്‍ മൂന്നു സ്ഥലങ്ങളെ ഉള്‍പ്പെടുത്തി. അതില്‍ ചെലിമ്പിള്ളിയും ഉള്‍പ്പെട്ടിരുന്നു.

പല കൂടിയാലോചനകള്‍ക്കും ശേഷം അവര്‍ ഞങ്ങളുടെ നാടിനെ തിരഞ്ഞെടുത്തു. തുറയില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആളുകള്‍ കുഴങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായകാരായ ആളുകള്‍ക്ക് വേണ്ടി കരുണന്‍ മാഷ് രംഗത്തെത്തി. കരുണന്‍ മാഷിന്റെ നേതൃത്വത്തില്‍ തുറയിലെ ആളുകള്‍ ‘ചെലി മ്പിള്ളി ആക്ഷന്‍ കൌണ്‍സില്‍’ എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സമരം ശക്തമായതോടെ സര്‍ക്കാര്‍ ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.

ആളുകള്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത ആ പാക്കേജിനെ കരുണന്‍ മാഷിന്റെ നേതൃത്വത്തിലുള്ള സംഘടന ശക്തമായി എതിര്‍ക്കുകയുണ്ടായി. എന്നാല്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് മാറിയില്ല. സര്‍ക്കാര്‍ ജാതിമത സംഘടനകളെ കൂട്ട് പിടിച്ച് ആക്ഷന്‍ കൌണ്‍സിലില്‍ വിള്ളലുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചു. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. ആക്ഷന്‍ കൌണ്‍സിലിലെ പല ആളുകളും കരുണന്‍ മാഷിന്റെ നേതൃത്വത്തെ എതിര്‍ക്കുവാന്‍ തുടങ്ങി. ആദ്യമൊക്കെ ആ എതിര്‍പ്പുകളെ മാഷ്‌ മുഖവില്യ്ക്കെടുത്തിരുന്നില്ല.

എന്നാല്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ അദ്ദേഹത്തിന് ആക്ഷന്‍ കൌണ്‍സിലില്‍ നിന്ന് പിന്മാറണ്ടതായ് വന്നു. അദ്ദേഹം പിന്മാറിയതോടെ സര്‍ക്കാരിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. കൂടെ നിന്ന ആളുകള്‍ പോലും തള്ളി പറഞ്ഞ ത് മാഷിനെ തകര്‍ത്തു. അവര്‍ കരുണന്‍ മാഷിനെ പല രീതിയിലും വേട്ടയാടുവാന്‍ തുടങ്ങി. ഇതിനിടയില്‍ ആകസ്മികമായ ഉണ്ടായ സുജാതന്റെ മരണവും അദ്ദേഹത്തെ തളര്‍ത്തി”.

“സുജാതന്റെ മരണമോ… അതെങ്ങനെയാണ് സംഭവിച്ചത്?”

“ചെറുപ്പം മുതലേ സുജാതന് ഹൃദയസംബന്ധമായ എന്തോ അസുഖം ഉണ്ടായിരുന്നതായ് അപ്പന്‍ പറഞ്ഞിരുന്നു. സുജാതന് അമ്മയെ കാണുവാനുള്ള ഭാഗ്യവും ലഭിച്ചിരുന്നില്ല, അവന്റെ ജനനത്തോടെ ആ അമ്മ മരിച്ചു. പിന്നീട് മാഷായിരുന്നു അവന് എല്ലാം. അവനും പോയതോടെ മാഷ്‌ തീര്‍ത്തും ഒറ്റപ്പെട്ടു. വീടിന് വെളിയില്‍ ഇറങ്ങുന്നത് പോലും അപൂര്‍വ്വമായ്. പിന്നീട് അപ്പന്‍ മാഷിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ വന്ന് മാഷിനെ കൂട്ടി കൊണ്ട് പോവുകയും ചെയ്തു.”

“പക്ഷെ പിന്നെ ആ തുറമുഖ പദ്ധതിയും നടന്നില്ലല്ലോ?”

“മാറി വന്ന സര്‍ക്കാരിന് ആ പദ്ധതിയുമായ്‌ മുന്നോട്ട് പോകുവാന്‍ താത്പര്യമില്ലായിരുന്നു. ഉടന്‍ നടപ്പിലാക്കണ്ട എന്ന തീരുമാനത്തില്‍ അവര്‍ അത് താത്കാലികമായി നിറുത്തി വച്ചു. ഒരര്‍ത്ഥത്തില്‍ മാഷിന്റെ ഇടപെടലുകള്‍ ശരിയായിരുന്നു എന്നതിന്റെ തെളിവാണ് മാറി വന്ന സര്‍ക്കാരിന്റെ തീരുമാനം.”

“പിന്നീട് കരുണന്‍ മാഷിനെ കാണാന്‍ നീ പോയിരുന്നില്ലേ?”

“പോയിരുന്നു. മൂന്നോ നാലോ തവണ. അവസാനമായി കണ്ടത് മൂന്നു വര്‍ഷം മുന്‍പായിരുന്നു. നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ വച്ച്. ‘അവിചാരിതമായ പരിചയപ്പെടലില്‍ കരള്‍ ദാനം’ എന്ന പത്രവാര്‍ത്തയിലെ പരിചിതമായ മുഖം തേടിയാണ് ഞാനന്ന് ആശുപത്രിയില്‍ എത്തിയത്. ഞങ്ങളുടെ കണ്ടുമുട്ടലിലെ ചെറിയ വിരാമം അദ്ദേഹത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് അന്നെനിക്ക് ബോധ്യമായി. ദീര്‍ഘനേരത്തെ ശസ്ത്രക്രിയയുടെയോ അന്‍പത്തിയഞ്ചിലേക്ക് എത്തി നില്‍ക്കുന്ന പ്രായത്തിന്റെയോ ഒരു ക്ഷീണവുമില്ലാതെ അദ്ദേഹം എന്നോട് സംസാരിച്ചു. ഗുരുതരമായ കരള്‍രോ ഗബാധിതനായ രാജീവന്‍ എന്ന ചെറുപ്പക്കാരനെ മാഷ്‌ അവിചാരിതമായി പരിചയപ്പെടുകയും അന്നുണ്ടായ പരിചയം മാഷിനെ ആ ചെറുപ്പക്കാരന് കരള്‍ ദാനം നല്കുക എന്ന മഹത്കര്‍മ്മത്തിലേക്ക് എത്തിക്കുകയുമായിരുന്നു.”

അന്ന് ഞാന്‍ മാഷിന്റെ പ്രായത്തെ കുറിച്ചുള്ള ആശങ്ക അറിയിച്ചപ്പോള്‍ മാഷ്‌ നല്‍കിയ മറുപടി ഇതായിരുന്നു. “സ്വന്തം നന്മയേക്കാള്‍ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവനാണ് ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്. ഞാന്‍ പഠിച്ചതും വളര്‍ന്നതും പ്രവര്‍ത്തിച്ചതുമെല്ലാം ആ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ന് എന്റെ ജീവനേക്കാള്‍ ഞാന്‍ പ്രാധാന്യം നല്‍കു ന്നത് ആ ചെറുപ്പക്കാരന്റെ ജീവിതത്തിനാണ്. അവന് ജീവിതം ഏറെ ബാക്കിയുണ്ട്. മറിച്ച് ഞാനോ… ഒരു മനുഷ്യായു സ്സിന്റെ മുക്കാല്‍ഭാഗവും ജീവിച്ചു തീര്‍ത്തവന്‍. പിന്നെ ഞാനെന്തിന് ഭയപ്പെടണം.”

കരുണന്‍ മാഷിനെ കുറിച്ചുള്ള സംസാരം എന്റെയും ഹരീന്ദ്രന്റെയും ഇടയില്‍ കുറേ നേരത്തേക്കെങ്കിലും വിഷാദത്തെ തളം കെട്ടി നിര്‍ത്തി.

അപ്പോഴും വലിയ ആവേശത്തോടെ ഭൂമിയിലേക്ക്‌ പതിച്ചുകൊണ്ടിരുന്ന ഓരോ മഴത്തുള്ളിയും മണ്ണിലേക്ക് ആഴ്ന്നിറങ്ങുവാനായ് വെമ്പല്‍ കൊണ്ടു.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം ഞാന്‍ വീട്ടില്‍ എത്തിയപ്പോഴേക്കും നേരം സന്ധ്യയോടടുത്തു. വരുന്ന വഴിയ്ക്ക് ഹരീന്ദ്ര നെ അവന്റെ വീട്ടില്‍ ഇറക്കി. ദീര്‍ഘദൂരം യാത്ര ചെയ്തതിന്റെ ക്ഷീണവും വൈകുന്നേരത്തെ ചായയുടെ അഭാവവും കാര ണം ചെറിയ തലവേദന തുടങ്ങി. വന്നപാടെ ഞാന്‍ മുറിയിലേക്ക് എത്തി കട്ടിലിലേക്ക് കിടന്നു. അധികം താമസിക്കാതെ മയക്കത്തിന്റെ മടിയിലേക്ക്‌ വീണു.

“അച്ചായാ.. തൃസന്ധ്യയ്ക്ക് കിടന്നുറങ്ങാതെ… ദേ, ഹരീന്ദ്രന്‍ വിളിക്കുന്നു.” മൊബൈലുമായ് ഭാര്യ വന്ന് വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.

ഉറക്കം നഷ്ടപ്പെട്ടതില്‍ തെല്ലൊരു ഈര്‍ഷ്യയോടെയാണ് ഞാന്‍ ഹരീന്ദ്രന്റെ കോള്‍ എടുത്തത്.

“ഹലോ.. എന്താടാ…”

“എടാ.. നീയാ ന്യൂസ്‌ ചാനലൊന്ന് വയ്ക്ക്..”

“എന്താ? നീ കാര്യം പറ..”

അത് ചോദിക്കുന്നതിനിടയില്‍ തന്നെ ഞാന്‍ പോയി ടി.വി ഓണ്‍ ചെയ്തു. വാര്‍ത്തകളെ ദ്രുതമായി ജനങ്ങളിലേക്ക് എത്തി ക്കുന്ന ന്യൂസ്‌ ചാനലില്‍ ബ്രേക്കിംഗ് ന്യൂസായി ആ വാര്‍ത്ത എഴുതി വന്നുകൊണ്ടിരുന്നു.

‘സാമൂഹിക സേവകനും, ഇടതുപക്ഷ സഹയാത്രികനും, മുന്‍ ചെലിമ്പിള്ളി സമരനേതാവുമായ സഖാവ് കരുണന്‍ അന്തരിച്ചു.’
തലേ രാത്രിയില്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യമായതിന്റെ ഞെട്ടലില്‍ എന്റെ ശരീരം തണുത്ത് മരവിച്ച് നിര്‍ജ്ജീവമായതു പോലെയായി. എന്നിട്ടും മനസ്സിന്റെ ഉള്ളറയില്‍ നിന്നും കരുണന്‍ മാഷിന്റെ മുഖം എന്നെ നോക്കി ചിരിച്ചു.Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: