ചില സത്യങ്ങൾ
“കുട്ടോളെ ഇങ്ങനെ കിടന്നോടാതെ എവിടേലും വീഴും” ഉമ്മറക്കോലായിലിരുന്ന് മുത്തശ്ശി തന്റെ പതിവു പറച്ചില്‍ തുടങ്ങി. കുറേ വർഷങ്ങൾക്ക് ശേഷാ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി ഓണാഘോഷത്തിന് തറവാട്ടിലങ്ങട് ഒത്തുകൂടണത്. അതിന്റെ സന്തോഷം രാവുണ്ണി മുത്തശ്ശന്റെയും അമ്മാളു മുത്തശ്ശിടേയും മുഖത്ത് കാണാനുമുണ്ട്.
“രാഘവാ ….! ആതോട്ടി ഇങ്ങെടുത്തേ കുറച്ചു മാങ്ങവലിക്കട്ടെ.. മാമ്പഴപുളിശ്ശേരിക്ക് എടുക്കാലോ”. രാവുണ്ണി നായർ ചാരു കസേരയിൽ നിന്ന് മെല്ലെ എഴുന്നേറ്റു.
“ അച്ഛനൊന്ന് അവിടിരുന്നേ, അതെല്ലാം ഞങ്ങള് നോക്കിക്കോളാം”. രാഘവന്റെ മറുപടിയിൽ രാവുണ്ണിക്ക് അഭിമാനം തോന്നി. വാർദ്ധക്യ കാലത്ത് താങ്ങും തണലുമായി മക്കളുള്ളത് ഏതൊരച്ഛന്റെയും ധൈര്യമല്ലേ .
“ മുത്തശ്ശാ… എനിക്ക്ഓലകൊണ്ടുള്ള പീപ്പിയും കണ്ണടയും ഉണ്ടാക്കിതരാന്ന് പറഞ്ഞില്ലേ”
“ ഉവ്വ് … ഓല വലിക്കട്ടെ”
“ ദാ ഓല ഇനി ഉണ്ടാക്കിതന്നേ പറ്റൂ”
ഇളയ മകൾ രാജിയുടെ മോളാണ് മാളു, രാവിലെ മുതൽ ഓരോന്ന് പറഞ്ഞ്മുത്തശ്ശന്റെ വിന്നാലെ കൂടിയിരിക്കാണ്.
“ അമ്മേ….!”
“ ഓ…. നീ ഇവിടെത്തിയോ , ഇത്രേം നേരം മുത്തശ്ശനെയിട്ട് വട്ടം കറക്കുവായിരുന്നല്ലോ …?”
മാളൂന് കുറച്ചെങ്കിലും പേടിയുള്ളത് അമ്മ രാജിയെയാണ്. കുരുത്തക്കേടെന്തെങ്കിലും കാണിച്ചാൽ ചെമ്പരത്തിക്കോൽ പൊട്ടിച്ച് നല്ല അടികിട്ടും പിന്നെ കരച്ചിലായി ബഹളമായി…
ഒരു നിമിഷം ചിന്തിച്ചു നിന്ന മാളൂനോട് മുത്തശ്ശി കാര്യം തിരക്കി.
“ മുത്തശ്ശി …എനിക്കൊരു സംശയം”.
“ അമ്മക്ക് വേറെ പണിയില്ലേ” രാജി വിലക്കി .
“നീ മിണ്ടാതിരിക്ക് അവളെന്തോ കാര്യമായിട്ട് ചോദിക്കാൻ വന്നതാ”.
“ മോള് ചോദിക്ക് …”
“മുത്തശ്ശി … ഈ ഉപ്പ് വെറു തിന്നാൻ കയ്പ്പല്ലേ പിന്നെ ഉപ്പേരിയിലിടുമ്പോ എന്താ ടേസ്റ്റ് കിട്ടണേ”.
എന്തേ പറഞ്ഞു കൊടുക്കണില്ലേ എന്ന മട്ടിൽ രാജി ഒരു നോട്ടം നോക്കി.
“ മാളൂ നീ ഇവിടെ നിൽക്കാ ദാ അവിടെ അപ്പുവും കണ്ണനുമൊക്കെ ഊഞ്ഞാലാടു വാട്ടോ”.
പിന്നെ പറയണോ അവളൊറ്റ ഓട്ടം.
“ എന്താ രാജി ഊണായോ ?”
“ പിന്നില്ല ഇനി ഇഞ്ചിപ്പുളി കൂടി വച്ചാ എല്ലാം റെഡി”
“ എന്താ മാളൂ നീ പോയില്ലേ?”
“ ഇല്ല… മുത്തശ്ശി കൂടി വാ ഊഞ്ഞാലാടാൻ”
“ ഈ വയസ്സാൻ കാലത്തോ,വിട് മാളു ഞാൻ വരണില്ല”.
“അമ്മാളു അമ്മാളു ….എന്തു പറ്റി നിനക്ക്”
ഉറക്കത്തീന്ന് ഞെട്ടിയെഴുന്നേറ്റ് രാവുണ്ണി ചോദിച്ചു.
“ മാളുനെ …, ഓ അത് സ്വപ്നമായിരുന്നോ”
പെട്ടെന്ന് ഫോൺ ബെല്ലടി കേട്ട് രാവുണ്ണി ചെന്ന്നോക്കി , കുറേ നേരം സംസാരിച്ച് അമ്മാളുവിന്റെ അടുത്ത് ചെന്നിരുന്നു.
“ആരായിരുന്നു ഫോണിൽ”
അമ്മാളുവിന്റെ ചോദ്യത്തിന് രാവുണ്ണി കുറച്ചു നേരത്തെ മൗനത്തിനു ശേഷംമറുപടി നൽകി.
“ രാഘവനായിരുന്നു….”
“എന്താ, അവർ എത്ര മണിക്കെത്തും ന്നാ പറഞ്ഞേ”
മുത്തശ്ശിക്ക് ആകാംക്ഷയായി.
“ അവർ വരുന്നില്ലെന്ന് ഇവിടുത്തെക്കാളും ഓണാഘോഷത്തിന് അമേരിക്കയാണത്ര നല്ലത്” .
അമ്മാളുമുത്തശ്ശീടെ കണ്ണുകൾ രാവുണ്ണി നായർ പറഞ്ഞു തീരും മുമ്പേ നിറഞ്ഞു തുടങ്ങി.
“ നമുക്ക് ആരേയും പ്രതീക്ഷിക്കണ്ട അമ്മാളു … നമ്മൾ മാത്രം മതി”.
രാവുണ്ണി അമ്മാളുവിനെ ചേർത്തുപിടിച്ചു.
ഭാവന പ്രകാശ്