കാലം തെറ്റി പെയ്തിറങ്ങിയവര്‍
മഴ വരും പോകും, ശക്തമായും അശക്തമായും.
ശക്തമായൊരു മഴക്കുവേണ്ടി കൊതിച്ച് അശക്തമായൊരു മഴയില്‍ ലയിച്ച് ഓസ്‌കാര്‍ വൈല്‍ഡിന്റെ കഥകള്‍ വായിച്ചിരിക്കുകയായിരുന്നു ഹാരി തോംസണ്‍.
ഡബ്ലിന് അകലെയല്ലാത്ത ഒരു ചെറു പട്ടണത്തിലെ വായനാശാലയിലെ ചില്ലു ജനാല യിലൂടെ അവന്‍ ഇടയ്ക്കിടെ മഴയെ നോക്കും. മനസ്സ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമ യങ്ങളില്‍ ഓസ്‌കാര്‍ വൈല്‍ഡിനെ ധ്യാനിച്ചിരിക്കുക അവന്റെ പതിവായിരുന്നു.
റോമന്‍ ചരിത്ര വിദ്യാര്‍ത്ഥിയും, ഡബ്ലിനിലുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പാര്‍ട്ട് ടൈം ക്ലാര്‍ക്കുമായ ഹാരി, എമിലി ബ്രൗണിനെ ആദ്യമായി കാണുന്നത് ഈ വായനാ ശാലയില്‍ വച്ചാണ്.
ഹാരി എമിലിയെ കാണുമ്പോള്‍ അവള്‍ മഴ കാണുകയായിരുന്നു. അവളെയും മഴയെയും വേര്‍തിരിച്ചെടുക്കാന്‍ അയാള്‍ നന്നേ പ്രയാസപ്പെട്ടു. മഴയോടുള്ള അവളുടെ പ്രണയം ഹാരി തിരിച്ചറിഞ്ഞ നിമിഷം അയാളില്‍ ഉടലെടുത്ത പ്രണയം അവരുടെ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.
പ്രണയം ചുട്ടുപഴുക്കുന്ന മഴ ദിനങ്ങളിലൂടെ അവരുടെ ദാമ്പത്യം കടന്നു പോയി. മാസത്തില്‍ പലവട്ടം പെയ്യുന്ന മഴയില്‍ അവര്‍ എന്നും ശക്തമായ ഒരു മഴ സ്വപ്നം കണ്ടു. മഴയുടെ ശബ്ദം മാത്രം മുഴങ്ങുന്ന കാതുകള്‍, മഴയിലൂടെ മറ്റൊന്നും കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. കണ്മുന്നില്‍ പെയ്തിറങ്ങുന്ന മഴയിലൂടെ ഊളിയിട്ടു ചെല്ലുമ്പോള്‍ മറ്റൊരു മഴ, അതിലൂടെ വേറൊന്ന്.
പതിവിലേറെ മഴക്കാറുകള്‍ മൂടി നിന്ന ഒരു സായാഹ്നം. ഹാരി വായനശാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മഴയില്‍ എമിലിയുടെ സാമീപ്യം അയാള്‍ ആഗ്രഹിക്കുന്നു. പ്രതീക്ഷിച്ചതുപോലെ മഴ പെയ്തിറങ്ങുന്നതിനു മുന്‍പ് അയാള്‍ വീടെത്തി.
തൂവെള്ള ഫ്രോക്കില്‍ അവള്‍ക്ക് വര്‍ണനകള്‍ക്കപ്പുറം സൗന്ദര്യം ഉണ്ടെന്ന് ഹാരിക്ക് തോന്നി. എന്നാല്‍ എമിലിയുടെ തലയില്‍ കണ്ട കറുത്ത തൊപ്പി അരോചകമായി തോന്നുകയും ചെയ്തു. അയാള്‍ തൊപ്പി എടുത്തു മാറ്റി അവളുടെ നെറുകയില്‍ ചുംബിച്ചു.
മഴയുടെ നേര്‍ത്ത ശബ്ദം പോലെ അവള്‍ അയാളുടെ കാതുകളിലേക്ക് ഇരച്ചു കയറി.
''ഹാരി, നിങ്ങളൊരു അച്ഛനാകാന്‍ പോകുന്നു.''
എവിടെ നിന്നോ ഒരു വെള്ളി വെളിച്ചം അവരെ കടന്നുപോയി. ഇടിമുഴക്കം. ജനാലകള്‍ വിറയ്ക്കു മ്പോള്‍ അവര്‍ അതിലൂടെ പുറത്തേക്കു നോക്കി. ഉയര്‍ന്നു നിന്നിരുന്ന കെട്ടിടങ്ങള്‍ കാണാനി ല്ല, പൈന്‍ മരങ്ങള്‍ കാണാനില്ല. കണ്മുന്നിലെ മഴയിലൂടെ ഊളിയിട്ടു ചെല്ലുമ്പോള്‍ മറ്റൊരു മഴ, അതിലൂടെ വേറൊന്ന്. കാതുകളില്‍ മഴയുടെ ശബ്ദം മാത്രം.
പതിവ് അളവില്‍ കൂടുതല്‍ മദ്യം കഴിക്കാന്‍ എമിലി സമ്മതം മൂളി. ജനാലകളും വാതിലുകളും തള്ളിത്തുറന്നു വന്ന കാറ്റ് ഹാരിയെ കിടക്കയില്‍ തള്ളിയിട്ടു. അവള്‍ അയാളുടെ നെഞ്ചില്‍ ചെവികള്‍ ചേര്‍ത്തു, അയാള്‍ക്ക് തന്നോട് പറയാനുള്ളത് സസൂക്ഷ്മം ശ്രദ്ധിച്ചു. മദ്യം ഹാരിയെ മയക്കത്തിലേക്ക് തള്ളിയിട്ടു, ഹൃദയത്തുടിപ്പിന്റെ താളം നുകര്‍ന്ന് എമിലിയും എപ്പൊഴോ സഹയാത്രികയായി.
എങ്ങും മുഴങ്ങി കേള്‍ക്കുന്ന കൂട്ട നിലവിളികള്‍ കേട്ടാണ് ഹാരി കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചത്. ഓരോ മഴത്തുള്ളിയുടെയും കാഠിന്യം അയാള്‍ മനസ്സിലാക്കി. കണ്ണുകള്‍ തുറക്കാന്‍ കഴിയാതെ അയാള്‍ എമിലിയെ മുറുകെ ചേര്‍ത്തു പിടിച്ചു.
ഒരു നിമിഷം കൊണ്ട് അയാള്‍ എല്ലാ സാധ്യതകളും ആലോചിച്ചു. ഒന്നുകില്‍ വീടിന്റെ മേല്‍ക്കൂര ഇളകി പറന്നു പോയിരിക്കുന്നു. അല്ലെങ്കില്‍ വീട് പൂര്‍ണമായും നശിച്ചിരിക്കുന്നു. എമിലിയുടെ മുഖത്ത് അയാളുടെ വിരലുകള്‍ പരതി. അവളുടെ ശ്വാസോച്ഛ്വാസം അയാള്‍ അറിഞ്ഞു.
അവളെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മഴ ശമിക്കുകയായിരുന്നു. ശരീരത്തില്‍ നിന്ന് എമിലിയെ അടര്‍ത്തി മാറ്റുമ്പോള്‍ അവള്‍ പരിസരബോധം നഷ്ടപ്പെട്ട് നിലവിളിക്കു കയായിരുന്നു. അമ്മയുടെ മാറില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട കുഞ്ഞിന്റെ കരച്ചില്‍ അവിടെയാകെ അലയടിച്ചു കൊണ്ടിരുന്നു.
ചാറ്റല്‍ മഴയില്‍ മൂന്നാമതൊരു മനുഷ്യ ജീവനു വേണ്ടി കൊതിച്ച് അവര്‍ ഭ്രാന്തരായി. നെഞ്ചിടി പ്പിന്റെ വേഗത ഭൂമി ഏറ്റെടുത്തിരുന്നു. നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ. മണല്‍ പരപ്പിലിരു ന്ന് അവര്‍ കണ്ണെത്താ ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളില്‍ പരിഭ്രാന്തിയോടെ നോക്കി. അവ തങ്ങളെ കൊന്നു തിന്നാന്‍ പോകുന്ന സത്വങ്ങളായി ഉയിര്‍ഴെത്തഴുന്നേല്‍ക്കുമെന്ന് എമിലിയ്ക്ക് തോന്നി. അവള്‍ കണ്ണുകള്‍ മുറുകെ അടച്ച് ഹാരിയെ പറ്റിപ്പിടിച്ച് ഇരുന്നു.
മുന്നിലെ കാഴ്ച്ചകള്‍ മാത്രം കാണാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അവരെ വേട്ടയാടിക്കൊണ്ട് ഒരു സ്ത്രീയുടെ നിലവിളി കാതുകളില്‍ മുഴങ്ങി. എമിലി അതിനെ ഗ്രഹിച്ചത് വിഷാദ സ്വരത്തില്‍ തേങ്ങുന്ന പള്ളി മണികളായിട്ടാണെന്ന് തോന്നുന്നു. അവള്‍ നിശ്ചലയായി ഒരായിരംവട്ടം കുരിശുവരച്ചു.
പുറകില്‍ കുറച്ചകലെ മാറി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി അവര്‍ ആ ചിലമ്പിച്ചവസാനിച്ച ശബ്ദത്തിന്റെ ഉറവിടം തേടി ചെന്നെത്തിയത് കലാപത്തി ന്റെ ബാക്കി പത്രമെന്നോണം പടര്‍ന്നു കിടക്കുന്ന വികൃതമായ നിഴലുകള്‍ക്കിടയിലായിരുന്നു.
കാതടപ്പിക്കുന്ന ശബ്ദത്തോടെയും നിശബ്ദമായും നിലവിളിച്ചു കൊണ്ട് പരക്കം പായുന്ന നിരവ ധി ജീവനുകള്‍. അവരാരും ഹാരിയെയും എമിലിയെയും കാണുന്നില്ല അഥവാ കണ്ടതായി ഭാവിക്കുന്നില്ല. ഇരുകൂട്ടര്‍ക്കുമിടയില്‍ അപരിചിതത്വത്തിന്റെ രോദനം പോലെ മഴ ചാറി ക്കൊണ്ടിരുന്നു.
മിഴിയടക്കാതെ ഗാഢനിദ്രയുടെ ആരോഹണത്തില്‍ വിലസുന്ന ഒരു പിഞ്ചു കുഞ്ഞിനെ മടി യില്‍ എടുത്തു വച്ച് മാറത്തടിക്കുന്ന സ്ത്രീയെ കടന്ന്, തങ്ങളെ രക്ഷിക്കാന്‍ പോന്ന ഒരു മനുഷ്യ നുവേണ്ടി അവര്‍ തിരക്കിട്ടു. ഓരോ ചുവടിലും അവര്‍ക്കു പുറകില്‍ പള്ളി മണികളുടെ മുഴക്കം നേര്‍ത്തുകൊണ്ടിരുന്നു. തകര്‍ന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങള്‍ പോലെ ചിന്നിച്ചി തറി കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ മറികടന്ന് അവര്‍ സുരക്ഷാവലയം തേടുന്നു.
''കനത്ത മഴയില്‍ തീ കെട്ടു പോയിട്ടുണ്ടാവണം, അല്ലെങ്കില്‍ ഇങ്ങനെ നിലവിളിക്കാന്‍ ആരും ഉണ്ടാകുമായിരുന്നില്ല.'' എമിലി ആശ്വസിപ്പിച്ചു.
കരി പുരളാത്ത അവശിഷ്ടങ്ങള്‍ ഹാരിയെ മറുപടി പറയുന്നതില്‍ നിന്ന് പിന്‍തിരിച്ചു.
കടപുഴകി വീണ മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഒരു യുവാവ് തുറിച്ച കണ്ണുകളോടെ അവരെ നോക്കി. എമിലിയുടെ ശ്രദ്ധ പതിഞ്ഞത് യുവാവിന്റെ കൈപ്പി ടിയില്‍ കണ്ട വയലറ്റ് പൂക്കള്‍ തുന്നിപ്പിടിപ്പിച്ച വെള്ളഷാളില്‍ ആയിരുന്നു. ഹാരി ആ ഷാള്‍ എമിലിയെ പുതപ്പിക്കുമ്പോള്‍ അവള്‍ വിറയ്ക്കുകയായിരുന്നു. അവള്‍ക്കത് നന്നായി ഇണങ്ങുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി.
തകര്‍ന്നടിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെ സാഹസിക മായി അവര്‍ രക്ഷ തേടുമ്പോള്‍ എമിലിയില്‍ നാമ്പെടുത്തിരുന്ന ജീവന്‍ അവര്‍ ബോധപൂര്‍ വ്വമോ അല്ലാതെയോ മറക്കുകയായിരുന്നു.
പൊട്ടിവീണ മുളകളും വള്ളികളും കൊണ്ട് താല്‍ക്കാലിക കൂരകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാ യിരുന്നു ഒരു കൂട്ടര്‍. അവരുടെ പ്രയത്‌നം നോക്കി മൗനം പൂണ്ട് നില്‍ക്കുന്ന ഹാരിയില്‍ എമി ലിക്ക് ആദ്യമായി വെറുപ്പ് തോന്നി; അയാള്‍ക്കങ്ങനെ തോന്നിയതുമാകാം.
''ഞങ്ങളെ സഹായിക്കാമോ?''
എമിലിയുടെ അഭ്യര്‍ത്ഥന അവര്‍ കേട്ടില്ല, അഥവാ കേട്ടതായി ഭാവിച്ചില്ല.
ആര് ആരെയാണ് ഈ അവസരത്തില്‍ സഹായിക്കേണ്ടത്? ആരുടെ അവസ്ഥയാണ് ഇപ്പോള്‍ സഹതാപം അര്‍ഹിക്കുന്നത്?
ഹാരിയുടെ ചിന്തകളെ കാടുകയറാന്‍ അനുവദിക്കാതെ ഒരു വലിയ തടി കഷ്ണം വലിച്ചിഴച്ചു കൊണ്ട് ഒരു പെണ്‍കുട്ടി അവരെ കടന്നുപോയി. പെണ്‍കുട്ടിയുടെ കീറിയ വസ്ത്രങ്ങള്‍ക്കിട യിലൂടെ ഹാരി അവളുടെ നഗ്നത കാണാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു എമിലിയുടെ സംശയം. അവള്‍ അയാളുടെ കൈകളില്‍ മുറുകെ പിടിച്ച് മുന്നോട്ട് നടത്തിച്ചു.
പകുതിയോളം തകര്‍ന്ന ചുവര്‍ ചാരിയിരുന്ന് രണ്ട് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുകയായിരുന്നു തളര്‍ന്നവശയായ ഒരു സ്ത്രീ. ഒരാള്‍ ഇഴഞ്ഞു നടക്കാന്‍ പോലും പ്രായമനുവദിക്കാതെ കൈക്കുഞ്ഞ്, രണ്ടാമന്‍ ഇഴഞ്ഞു നടക്കാന്‍ പോലും പ്രായമനുവദിക്കാത്ത വൃദ്ധന്‍. മഴ യും കണ്ണീരും മുലപ്പാലും സമ്മിശ്രങ്ങളായി ഒരുധാരയായി ഒഴുകുന്നു. വൃദ്ധന്റെയും കുഞ്ഞിന്റെയും ചുണ്ടുകളില്‍ ചോര കിനിയുന്നതായി അവര്‍ക്കു തോന്നി.
ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുമാറി കുറച്ചു കുട്ടികള്‍ ഒരു മരച്ചുവട്ടില്‍ വട്ടം കൂടിയിരുന്ന് തീ കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ടോ അവര്‍ക്ക് തണുപ്പ് അസ്സഹനീയമായി തോന്നി തുടങ്ങി. എമി ലിയുടെ വിറകൊള്ളുന്ന ശരീരവും മനസ്സും അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ ആ ചൂട് ലക്ഷ്യമാക്കി നടന്നു.
ചളിയില്‍ പുതഞ്ഞു കിടക്കുന്ന ബ്രഡിന്റെയും മറ്റും അവശിഷ്ടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു ഒരു കൂട്ടര്‍. കിട്ടുന്ന മുറക്ക് അവര്‍ അത് വിഹിതം വച്ച്, കൂടെയുള്ള കുട്ടികളെ തീറ്റിക്കുകയും അവര്‍ കഴിക്കുകയും ചെയ്യുന്നു. അവരെ കടന്നു പോകുമ്പോള്‍ ഹാരി നിര്‍വികാരനായിരുന്നു. എമിലി ഛര്‍ദ്ദിച്ചു.
''എനിക്ക് വിശക്കുന്നു…''
അയാള്‍ അവളെ തന്റെ ശരീരത്തോട് മുറുകെ ചേര്‍ത്തു പിടിച്ച് കുട്ടികള്‍ തീ കാത്തിരിക്കുന്ന തിനടുത്ത് കൊണ്ട് പോയി നിര്‍ത്തി. എവിടെയോ കണ്ടു മറന്ന പുസ്തകങ്ങള്‍ കത്തിയെരിയു ന്നത് അയാള്‍ നോക്കി നിന്നു. അയാള്‍ ബാല്യത്തിലെവിടെയോ തങ്ങി നില്‍ക്കുമ്പോള്‍ ആരോ ഒരു പുസ്തകം കൂടി ആ തീക്കുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞു. മഞ്ഞയും നീലയും ചുവപ്പും കലര്‍ ന്ന നിറങ്ങളില്‍ ആ പുസ്തകത്തിന്റെ തലക്കെട്ട് ഹാരി വായിച്ചു; 'ദി പിക്ച്ചര്‍ ഓഫ് ഡോറിയന്‍ ഗ്രേ'. മരിക്കുന്നതിനു മുമ്പ് ആ പുസ്തകം ഒരിക്കല്‍ കൂടി വായിക്കാനുള്ള വിശപ്പ് അയാള്‍ക്കു ണ്ടായി.
മഴ പിന്നെയും ശക്തിയാര്‍ജ്ജിക്കുന്നു. പണി മുക്കാലും പൂര്‍ത്തിയായ കൂരക്കു കീഴിലേക്ക് എമി ലിയും ഹാരിയും ഓടിക്കയറി. അപ്പോഴും മറ്റുള്ളവര്‍ അവരവരുടെ പ്രവര്‍ത്തികളില്‍ ഏര്‍ പ്പെട്ടിരുന്നു. എവിടെ നിന്നോ ഒരു വൃദ്ധനും വൃദ്ധയും മണ്‍വെട്ടികളുമായി അവരുടെ മുന്‍പില്‍ എത്തി. അസാമാന്യമായ മെയ്‌വഴക്കത്തോടെ അവര്‍ വലിയ കുഴികള്‍ ഉണ്ടാക്കി. ഒരാനയെ കൊള്ളിക്കാവുന്ന വലിപ്പം ഉണ്ടാകുമെന്ന് എമിലി ഊഹിച്ചു.
കനത്ത മഴയിലും കുട്ടികള്‍ക്കു നടുവില്‍ കെടാതെ നില്‍ക്കുന്ന തീ ജ്വാലകള്‍ എമിലിയെ പരിഭ്രാന്തയാക്കി.
''ഹാരി, ആ തീ കെടുന്നില്ല, അത് ആളിപ്പടരും… നമുക്ക് രക്ഷപ്പെടണം.''
പിന്നില്‍ നിന്നും ആരോ ഹാരിയെ മുന്നിലെ കുഴികളിലൊന്നിലേക്ക് തള്ളിയിടുന്നത് അയാള്‍ അറിഞ്ഞു.
''ഹാരി, ഹാരി…''
അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു.
''മഴക്ക് കലാപത്തിന്റെ മുഖമുണ്ടോ?''
''രാവിലെ ഭ്രാന്ത് പറയാതെ എഴുന്നേല്‍ക്കൂ ഹാരീ…!!''
''എമിലീ, ഞാന്‍ ചോദിച്ചതിന് മറുപടി തരൂ… മഴയ്ക്ക് കലാപത്തിന്റെ മുഖമുണ്ടോ?''
''പ്രണയത്തിന് കലാപത്തിന്റെ മുഖമുണ്ടോ ഹാരീ?''
By : രാജീവ് സോമശേഖരന്‍
[…] Read more here: https://saikatham.com/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82-%E0%B4%A4%E0%B5%86%E0%B4%B1%E0%B5%8D%E0%B4… […]
വീണ്ടും നന്ദി മാത്രം… 🙂
നന്നായിട്ടുണ്ട്.
നന്ദി… 🙂
vyathyasthamaya ezhuthu. Kollam.
വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്‍ക്കും നന്ദി…. 🙂
മനോഹരമായ കഥ. പ്രേമത്തിന്റെ മസ്മരികത ഏറ്റവും ചുരുങ്ങിയ വരികളില്‍ നന്നായി എഴുതി. പശ്ചാത്തലം കണ്മുന്നില്‍ നിന്ന് പോകുന്നില്ല.
നന്ദി…
Nannayittundu
എന്താണ് മഹാനായ താങ്കള്‍ കണ്ടെത്തിയ ആ കാലം തെറ്റല്‍ എന്നു കൂടി വിശദീകരിച്ചു കൂടെ സാര്‍.
വാഗ്വാദങ്ങള്‍ വേണോ
ഇതെന്താ കാലം തെറ്റി പെയ്ത കഥയോ.. നന്നാക്കാമായിരുന്നു.
ചില മഴകള്‍ക്ക് കലാപത്തിന്റെ മുഖം ഉണ്ട്.