ഒഴുകി നേര്‍ത്ത് ഇല്ലാതായ ഒരു കറുത്ത പുഴ…
എത്രയൊക്കെ കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടും പിന്നെയും പലപ്പോഴും പ്രശ്‌നങ്ങളെ അതിന്റെ കുടില സാധ്യതകളോടെ മനസ്സിലാക്കാനാവുന്നില്ലല്ലോ എന്ന് എന്റെ അമ്മ എന്നെപ്പറ്റി എന്നോട് ആര്‍ദ്രമായ മനസ്സോടെ പറയാറുണ്ട്. അത് ശരിയാണെന്നു ഞാന്‍ സമ്മതിക്കാറില്ലെങ്കിലും അത് അങ്ങനെത്തന്നെയാണ്. ശോഭനയുടെ മരണവുമായി ബന്ധപ്പെട്ട് എനിക്കത് ഒരു പാടുതവണ ബോധ്യപ്പെട്ടതാണ്.
ശോഭന എന്റെ സഹപ്രവര്‍ത്തകയായിരുന്നു. ഇരുള പെണ്‍കുട്ടി. മിടുക്കി. സുന്ദരി. ബി. എസ്സി ഫിസിക്‌സ് ബിരുദധാരിണി. ഇളയ സഹോദരങ്ങളെ പഠിപ്പിക്കാനാണ് അവള്‍ പഠനം നിര്‍ത്തി ജോലിക്കുവന്നത്. ജോലിക്കു ചേര്‍ന്ന് അധികം താമസിയാതെ അവള്‍ പതിവായി യാത്രചെയ്യുന്ന ബസിലെ തമിഴ് ഡ്രൈവറുമായി പ്രണയത്തിലായി. അയാളെക്കുറിച്ച് പല ചീത്തകാര്യങ്ങളും ആളുകള്‍ പറഞ്ഞറിഞ്ഞതു കൊണ്ട് എനിക്കവളുടെ പ്രണയത്തെ പിന്തുണക്കാനായില്ല. തന്നോട് വളരെ പ്രിയമാണെന്നു പറഞ്ഞ് അവള്‍ അയാളെ ന്യായീകരിച്ചു. ഒടുവില്‍, ഒട്ടേറെ പൊട്ടിത്തെറികള്‍ക്കു ശേഷം അവര്‍ വിവാഹിതരായി. താമസിയാതെ അയാളെപ്പറ്റി അവള്‍ പറഞ്ഞതെല്ലാം അസത്യങ്ങള്‍ മാത്രമായിരുന്നുവെന്ന് ബോധ്യമായി. പല തവണ ഓഫിസില്‍ വന്ന് അയാള്‍ അവളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു, ചീത്ത പറഞ്ഞു. അപ്പോഴൊന്നും അവള്‍ പരാതി പറഞ്ഞില്ല. എല്ലാറ്റിനെയും ഇല്ലാതാക്കുന്ന സ്‌നേഹമുണ്ടാകണം അവര്‍ക്കിടയില്‍ എന്നു സമാധിക്കാന്‍ ഞാന്‍ ശ്രമിച്ചു.
അവള്‍ പ്രസവാവധിയില്‍ പോയി. ഒരു ഞായറാഴ്ച പകല്‍ അവള്‍ ഓടിക്കയറിവന്നു. എന്നും വൃത്തിയില്‍ വസത്രം ധരിച്ച് ഓഫീസില്‍ വരാറുള്ള അവള്‍, വീട്ടില്‍ ധരിക്കുന്ന ഉടുപ്പിട്ടാണ് വന്നത്. കരഞ്ഞ് കണ്ണുകലങ്ങി വീര്‍ത്തിരിക്കുന്നു. പിടിച്ചു വലിച്ച രീതിയില്‍ മുടിക്കെട്ട്. ചുരന്ന മുലകളില്‍ നിന്നൊഴുകുന്ന മുലപ്പാലിന്റെ പാടുകള്‍ അവളുടെ ഉടുപ്പില്‍ നൃത്തം വരച്ചിരിക്കുന്നു. എന്താ ഉണ്ടായതെന്ന് ചോദിച്ച് അവളുടെ ചുമലില്‍ കൈവെക്കാന്‍ നോക്കിയപ്പോഴേക്കും അവള്‍ എന്റെ മാറിലേക്കു ചാഞ്ഞു.
പിന്നാലെ അവളുടെ അനിയത്തി വന്ന് കാര്യങ്ങളെല്ലാം പറഞ്ഞു. ഭര്‍ത്താവിന്റെ അച്ഛന്‍ അവളെ വലിയ വടികൊണ്ടടിച്ച് ഇറക്കിവിടുകയായിരുന്നു. കുഞ്ഞിനെ അവള്‍ക്കു കൊടുത്തില്ല. ആണ്‍കുട്ടിയാണ്, അതിനെ അവള്‍ക്കു വേണം.
അവള്‍ക്ക് കുഞ്ഞിനെ എങ്ങനെ തിരിച്ചു കിട്ടും? പാല്‍ ചുരന്ന് അവളുടെ ഉടുപ്പില്‍ വലിയ നനഞ്ഞ വൃത്തങ്ങളുണ്ടായിക്കൊണ്ടിരുന്നു. അവള്‍ തളര്‍ന്നു കിടന്നു. ഇടയ്ക്കിടക്ക് തേങ്ങിക്കൊണ്ട് എന്നോട് കുഞ്ഞിനെ ചോദിച്ചു കൊണ്ടിരുന്നു. കുഞ്ഞിനെ കിട്ടാന്‍ വേറൊരു മാര്‍ഗവുമില്ല. ഞങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി. കുഞ്ഞിനെ വേണമെന്നു മാത്രം പരാതിയിലെഴുതി. അടിച്ചതോ ഉപദ്രവിച്ചതോ ആക്ഷേപിച്ചതോ ഒന്നുമെഴുതിയില്ല. അപ്പോഴേക്കും അച്ഛനും മകനും പോലീസ് സ്റ്റേഷനിലെത്തി. പോലീസുകാരുടെ മുന്നില്‍ വെച്ചും ശോഭനയെക്കുറിച്ച് അച്ഛന്‍ ചീത്തപറഞ്ഞു കൊണ്ടിരുന്നു. പോലീസ് അതൊരു സ്വാഭാവിക സംഭവം പോലെ അതിനെ നിസ്സാരമായിക്കണ്ടു. ഒടുവില്‍, ഞാന്‍ കയര്‍ത്തു സംസാരിച്ചപ്പോള്‍ ശോഭനയുടെ ഭര്‍ത്താവ് അച്ഛനെ നിയന്ത്രിച്ചു. തുടര്‍ന്ന്, ഞങ്ങള്‍ പോയ ജീപ്പില്‍ ഞങ്ങളും പോലീസ് ജീപ്പില്‍ അവരുമായി ശോഭനയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി. അവിടെ രണ്ടു വൃദ്ധസ്ത്രീകള്‍ കന്നടഭാഷയില്‍ വല്ലാതെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ അരയിലും കഴുത്തിലുമുള്ള ആഭരണങ്ങളെല്ലാം അവര്‍ ഊരിയെടുത്തു. കുഞ്ഞിനെ എടുത്ത് ഞാന്‍ ശോഭനയെ ഏല്‍പ്പിച്ചു. വീടിനടുത്തുള്ള മരച്ചുവട്ടില്‍ ഇരുന്ന് അവള്‍ കുഞ്ഞിനു പാലുകൊടുത്തു. കുഞ്ഞ് തളര്‍ന്നിരുന്നു. ശോഭനയെയും കുട്ടിയെയും അനിയത്തിയെയും കൂട്ടി ഞാന്‍ ശോഭനയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഇടയ്ക്ക് പലതവണ ഞാന്‍ ശോഭനയുടെ ഭര്‍ത്താവിനോട് സംസാരിച്ചിരുന്നു. അപ്പോഴെല്ലാം ശോഭനയ്ക്ക് ഭയങ്കര ‘ആണിമ’ (ആണത്തം)യാണെന്ന് അയാള്‍ കുറ്റപ്പെടുത്തി. അയാള്‍ക്ക് കിട്ടാവുന്ന നല്ല സമ്പന്നരായ സ്ത്രീകളെക്കുറിച്ചു മാത്രം പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പുള്ള ഒരു വിഷുപ്പിറ്റേന്നാണ് കേള്‍ക്കുന്നത്, ശോഭനയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന്. ആംബുലന്‍സ് ഞങ്ങളുടെ ഓഫീസുപടിക്കല്‍ നിര്‍ത്തി വാച്ച്മാനോട് കാര്യം പറഞ്ഞു. എവിടേക്ക്, ഏതു ആശുപത്രിയിലേക്ക് പോയെന്നൊന്നും അയാള്‍ക്കറിയില്ലായിരുന്നു. പോലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ഇതുപോലുള്ള മറ്റൊരു കേസില്‍ എസ്. ഐ കോയമ്പത്തൂര്‍ ആശുപത്രിയിലാണ്. രാവിലെയാവുമ്പോഴേക്കും പാലക്കാട് ജനറല്‍ ആശുപത്രിയിലാണെന്നറിഞ്ഞു. രാവിലെത്തന്നെ ഞങ്ങള്‍ രണ്ടുമൂന്നു പേര്‍ ആശുപത്രിയിലെത്തി. ഒരു കോറിഡോറില്‍ ഒരു സാരി വലിച്ചു കെട്ടി ശോഭന കിടക്കുന്നു. നീരുകെട്ടി വീര്‍ത്തുപൊള്ളിയ ആ ശരീരം തിരിച്ചറിയാനാവുന്നില്ല. സംസാരിക്കുന്നുമില്ല. ആളെ തിരിച്ചറിയുന്നതായി മനസ്സിലായി. ശോഭനയെ നോക്കി ഡോക്ടറെ കണ്ടു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നൊക്കെ അഭ്യര്‍ത്ഥിച്ചു. പൊളളലിന് ഇത് ചികിത്സയുള്ളു. ഡോക്ടര്‍ നിസ്സഹായത ഭാവിച്ചു. ശോഭനയുടെ സഹോദരിയും അമ്മയും ഒന്നു രണ്ടു ബന്ധുക്കളുമെല്ലാം ആശുപത്രിയുടെ സമീപത്തുണ്ടായിരുന്നു. കുഞ്ഞ് അമ്മയുടെ പാലുകുടിക്കാനാവാതെ കരഞ്ഞു. തളര്‍ന്ന അമ്മ മില്‍മ പാല്‍ വാങ്ങിച്ച് കുടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സ്റ്റൗ തട്ടി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ശോഭന പറഞ്ഞുവെന്നാരോ പറഞ്ഞു. പക്ഷേ, അവളുടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീവെച്ചതായിരുന്നു. വെന്തു നീരുവെച്ചു വീര്‍ത്ത ആദിവാസി സ്ത്രീശരീരം കാണാന്‍ ആളുകള്‍ വന്ന് എത്തിനോക്കിക്കൊണ്ടിരുന്നു. അവള്‍ക്കുമേലൊരു തുണിപോലുമിടാനാവാത്ത വേദന. നേര്‍ത്തു വീശുന്ന കാറ്റുപോലും വേദനിപ്പിക്കുന്നതായി അവളുടെ കണ്ണുകള്‍ പറഞ്ഞു. പൊള്ളലേല്‍ക്കാത്ത കൈവിരലുകള്‍ അവള്‍ തൊട്ടു. കൂര്‍ത്ത നോട്ടങ്ങളേറ്റ് നോവുന്നു എന്നവള്‍ പറയാതെ പറഞ്ഞു. എനിക്കു നിസ്സഹായത തോന്നി. കുറച്ചു സ്വകാര്യതയുള്ളിടത്തേക്ക് മാറ്റാന്‍ ശ്രമിച്ചു. പക്ഷേ, സാധ്യമായില്ല. അവള്‍ക്ക് എപ്പോഴും പരിചരണം സാധ്യമാവണമെങ്കില്‍ അവിടത്തന്നെ കിടത്തണം. കനം തൂങ്ങിയ മനസ്സുമായി ഞങ്ങള്‍ മടങ്ങി. അവളുടെ ചികിത്സക്കാവശ്യമായ പണം സഹപ്രവര്‍ത്തകര്‍ സംഭരിച്ചു കഴിഞ്ഞിരുന്നു. രണ്ടുമൂന്നു ദിവസം അവളവിടെ ആ സാരി വലിച്ചുകെട്ടിയ വഴിയില്‍ കിടന്നു. പിന്നെ ഞങ്ങള്‍ തന്നെ അവളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ഇതിനിടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തോ എന്നന്വേഷിച്ചിരുന്നു. അവളുടെ ഭര്‍ത്താവ് എവിടെയാണെന്നറിയില്ല, അയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട് എന്നൊക്കെ പോലീസ് പറഞ്ഞു. പട്ടികജാതി – പട്ടിക വര്‍ഗ അതിക്രമനിയമം ബാധകമല്ല, കാരണം അതവളുടെ ഭര്‍ത്താവാണല്ലോ. പിന്നെ, അവളുടെ മൊഴി മണ്ണെണ്ണ മറിഞ്ഞു പോയതാണെന്നൊക്കെയാണെന്ന് അവര്‍ വിശദീകരിച്ചു. എന്റെ നാട്ടുകാരനായ എസ്. ഐ സഹതാപത്തോടെ സംസാരിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനിടക്ക് ഭാര്യക്ക് അപകടമോ മറ്റോ സംഭവിച്ചാല്‍ പോലും ഭര്‍ത്തവിനു ഉത്തരവാദിത്തമില്ലേ എന്ന് ഞാന്‍ മുഷിഞ്ഞു ചോദിച്ചപ്പോള്‍ ആ അങ്ങനെയുണ്ടോ എനനയാള്‍ നിഷ്‌കളങ്കനായി. 14 ദിവസത്തിനുശേഷം അയാളെ ഒരു സ്വാകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റു ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകവിഭാഗത്തില്‍ ശോഭനയെ പ്രവേശിപ്പിച്ചു. യാത്രയും പാലക്കാടുനിന്നു തന്നെ തുടങ്ങിയ അണുബാധയും കാരണം വേദന കൊണ്ടു പുളഞ്ഞു. കൂടെ വന്ന സഹപ്രവര്‍ത്തകരെയും എന്നെയും വിളിച്ചവര്‍ കരഞ്ഞു. മെഡിക്കല്‍ കോളജില്‍ ഉണ്ടായ തീവ്രപരിചരണവും സ്വകാര്യതയും അവളുടെ അത്മവിശ്വാസം കൂട്ടിയിരിക്കാം. അവള്‍ കുറെക്കൂടി സംസാരിക്കാനും മറ്റും തുടങ്ങി. അവള്‍ക്കാശ്വാസമായി എപ്പോഴും കൂടെ നിന്നു. ശോഭനയുടെ അനിയത്തി സ്‌നേഹയാണ് ഇടമാറാതെ അവളുടെ കൂടെ നിന്നത്. സമീപിക്കാവുന്ന എല്ലാ സ്ഥാപനങ്ങളെയും വ്യക്തികളെയും അവളുടെ ജീവന്‍ രക്ഷിക്കാനായി ഞങ്ങള്‍ സമീപിച്ചു കഴിഞ്ഞിരുന്നു. അവളുടെ ദുര്‍ഗന്ധം വമിച്ചുകൊണ്ടിരുന്ന ശരീരമായിരുന്നു എന്റെ മനസ്സു മുഴുവന്‍. പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി. കെ. ശിവാനന്ദന്‍, അവിടത്തെ എം. എല്‍. എ പ്രദീപ് കുമാര്‍, അജിത തുടങ്ങിയവര്‍ എപ്പോഴും സഹായിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്കൊരു ദിവസം പോയപ്പോള്‍ അവള്‍ പറഞ്ഞു, അവള്‍ക്ക് എന്റെ അമ്മയുണ്ടാക്കിയ ചോറും കറികളും വേണം. ഒരു കുഞ്ഞിനെപ്പോലെ അവള്‍ വിതുമ്പി. അന്നാണ് അവളുടെ കണ്ണില്‍ പൊള്ളലുണ്ടെന്നറിയുന്നത്. എന്തോ ഒരു മരുന്നു പുരട്ടാന്‍ പറഞ്ഞു. അതു പക്ഷേ, ലഭ്യമായില്ല. അടുത്ത തവണ ഞാന്‍ ചെന്നപ്പോഴേക്കും അവളുടെ ഒരു കണ്ണ് എന്റെ സാന്നിധ്യത്തില്‍ത്തന്നെ കടുത്ത വേദനയോടെ എടുത്തുമാറ്റി കണ്ണില്ലാത്ത ഞാന്‍ ഇനി എവിടെപ്പോകും? ആരെന്നെ നോക്കും? അവള്‍ വേദനയോടെ വിതുമ്പിക്കൊണ്ട് ചോദിച്ചു.
ഇതിനിടെ ഐ. ടി. ഡി. പി പ്രോജക്ട് ഓഫീസര്‍ ഈ സംഭവത്തില്‍ ഇടപെട്ടിരുന്നു. ചികിത്സക്ക്
ആ ഓഫീസര്‍ക്ക് പരമാവധി ലഭ്യമാക്കാവുന്ന പണം ആഴ്ചയില്‍ 500 രൂപയായിരുന്നു എന്നദ്ദേഹം ആണയിട്ടു കൊണ്ടിരുന്നു. അതിനു തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം അച്ഛനോ ഭര്‍ത്താവോ വരണമെന്നും പറഞ്ഞിരുന്നു. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ അദ്ദേഹത്തെ തെല്ലൊന്ന് അസ്വസ്ഥനാക്കിയിരുന്നു. ആദിവാസി സ്ത്രീക്ക് 500 രൂപയാണോ വില എന്ന ചോദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ശോഭനയുടെ അച്ഛന്‍ തികഞ്ഞ മദ്യപനാണ്, അതുകൊണ്ട് സഹായമായി നല്‍കാവുന്ന പണം സഹോദരനെ ഏല്‍പ്പിക്കണമെന്ന് ഞാന്‍ പറഞ്ഞു.
അടുത്തൊരു ദിവസം അതിരാവിലെ ശോഭനയുടെ അച്ഛന്‍ എന്റെ ക്വാര്‍ട്ടേഴ്‌സില്‍ വന്നു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ” മാഡം പി. ഒയോട് പൈസ എനിക്ക് തരരുതെന്ന് പറഞ്ഞിരുന്നല്ലോ. പ്രൊജക്ട് ഓഫിസറും ഞാനുമൊക്കെ ആണാണ്. അതുകൊണ്ട്, അയാള്‍ അതെന്നോട് പറഞ്ഞു. പണവും തന്നു. അതുകൊണ്ടു തന്നെയാ ഞാന്‍ രണ്ടു ഗ്ലാസടിച്ചത്. ഞാനാപ്പെണ്ണിന്റെ അച്ഛനാ. അത് മാഡത്തിന് മനസ്സിലായോ” എന്നു പറഞ്ഞ് അയാള്‍ കലിതുള്ളി. അതോടെ ആദിവാസി വകുപ്പിലെ പ്രൊജക്ട് ഓഫിസറുടെ നിലപാട് എനിക്കു വ്യക്തമായി. എന്നാല്‍, ശോഭനയുടെ കാര്യത്തില്‍ പണത്തിന്റെ ഒരു കുറവുമുണ്ടാവില്ല എന്ന് സഹപ്രവര്‍ത്തകര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. അഹാഡ്‌സിലെ ജീവനക്കാരെല്ലാവരും അക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്നു. ഞങ്ങളുടെ പ്രോജക്ട് ഡയറക്ടറും ജോയന്റ് പ്രോജക്ട് ഡയറക്ടറും എന്തു സഹായവും ചെയ്യാവുന്നതാണെന്ന് വിശ്വാസമുണ്ടാക്കി.
കണ്ണുപോയതിനുശേഷവും ശോഭനയ്ക്ക് ആത്മവിശ്വാസം തീര്‍ത്തും നഷ്ടപ്പെട്ടിരുന്നില്ല. കുഞ്ഞിനെ കൊണ്ടു വരണം. അവന്റെ ഒച്ച കേള്‍ക്കണമെന്നൊക്കെ അവള്‍ പറയുമായിരുന്നു. കുഞ്ഞിനെ എടുത്തോമനിക്കാന്‍ അവള്‍ക്കാവുമായിരുന്നില്ല. കുഞ്ഞിനെ ഒരു ബന്ധു വീട്ടില്‍ ഏല്‍പ്പിച്ചിരിക്കയായിരുന്നു. ശോഭനയുടെ സഹോദരി സ്‌നേഹ അവളുടെ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമാ പഠനം ഉപേക്ഷിച്ച് ശോഭനയോടൊപ്പം രാപ്പകല്‍ കണ്ണിമ പൂട്ടാതെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. സഹോദരന്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി സഹോദരിയുടെ ദുരന്തത്തിലുള്ള ആഘാതം താങ്ങാനാവാതെ പഠനമുപേക്ഷിച്ച് സഹോദരിയോടൊപ്പം വന്നുനിന്നു.
അവസാനം ഞാനവളെക്കാണുമ്പോള്‍ പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം സുഖം പ്രാപിച്ചു വരുന്ന പോലെയായിരുന്നു. അവള്‍ പറഞ്ഞു, ” ഞാന്‍ നടക്കാനൊക്കെ പോകുകയാണ്. അപ്പോള്‍ നടക്കുമ്പോള്‍ ഇടാന്‍ എനിക്ക് ഗൗണ്‍ മേടിച്ചു തരണം” ഞാന്‍ യൂണിവേഴ്‌സിറ്റിയിലെ എന്റെ സുഹൃത്തിന്റെ കൈയില്‍ ഗൗണ്‍ വാങ്ങി ഏല്‍പ്പച്ചു. പിറ്റേന്നും എന്നെ വിളിച്ചു. ആ ഗൗണിട്ട് അവള്‍ ഇത്തിരി നടന്നു.
പിന്നീട് അവളുടെ സംസാരം കുറഞ്ഞു. മാനസികമായ അസ്വാസ്ഥ്യത്തിന് മരുന്നു നല്‍കാന്‍ തുടങ്ങി. അതിനടുത്ത ദിവസം ഞായറാഴ്ച രാവിലെ 11 മണിയോടെ ശോഭനയുടെ സഹോദരന്‍ എന്നെ വിളിച്ചു: ” ചേച്ചി പോയി.” ലോകമാകെ നിശ്ചലമായതായി എനിക്ക് തോന്നി.
മരണം എന്ന യാഥാര്‍ഥ്യം അംഗീകരിച്ച് മറ്റു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം അങ്ങനെ നൂറായിരം നൂലാമാലകള്‍ മറികടക്കേണ്ടതുണ്ട്. ഞായറാഴ്ച സാധാരണയായി പോസ്റ്റുമോര്‍ട്ടം നടക്കാറുമില്ല. ജില്ലാ കലക്ടര്‍ പ്രത്യേക ഉത്തരവു നല്‍കിയാല്‍ നടത്താമെന്നറിഞ്ഞു. കലക്ടറുമായി ബന്ധപ്പെട്ടു. പ്രത്യേക ഉത്തരവുണ്ടായി. അപ്പോഴും പ്രശ്‌നം. പകല്‍ വെളിച്ചത്തിലേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യൂ എന്നുണ്ട്. അഞ്ചു മണിക്കു മുമ്പ് പോസ്റ്റുമോര്‍ട്ടത്തിനു മുമ്പുള്ളതെല്ലാം ചെയ്യണം. ഇന്‍ക്വസ്റ്റ് നടത്താനുള്ളവര്‍ ഞങ്ങളുടെ ഓഫീസ് വാഹനത്തില്‍ നേരത്തേ പുറപ്പെട്ടു. ശോഭനയുടെ അച്ഛനെയും കൂട്ടി ഞങ്ങള്‍ പിറകെയും. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാമെന്ന് യൂണിവേഴ്‌സിറ്റിയിലെ സുഹൃത്തുക്കള്‍ പറഞ്ഞു. ശോഭന ആത്മഹത്യാശ്രമത്തിനിടെയാണ് പൊള്ളലേറ്റത് എന്നാണ് എഴുതിയിരുന്നത്. അതിനാല്‍ അവര്‍ അതില്‍ ഒപ്പിട്ടില്ല. ശോഭന കുന്ദമംഗലം മജിസ്‌ട്രേറ്റിനോട് ഭര്‍ത്താവാണ് ഇത് ചെയ്തതെന്ന് പറഞ്ഞ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം പിന്നീടാകട്ടെ എന്ന നിലപാടിലായി പിന്നെ ഉദ്യോഗസ്ഥര്‍. പലരും എന്നെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എപ്പോഴാണ് പോസ്റ്റുമോര്‍ട്ടം, ഞായറാഴ്ച നടക്കുമോ, രാത്രി നിങ്ങള്‍ ശവത്തിന് കാവലിരിക്കാന്‍ പോവുകയാണോ എന്നിങ്ങനെയായിരുന്നു സംസാരങ്ങള്‍. വല്ലാത്തൊരവസ്ഥയായിരുന്നു അത്. ഇന്‍ക്വസ്റ്റ് നടന്നിട്ടില്ല. അതിനിടക്ക് പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന്‍ വഴി ഉയര്‍ന്ന പോലീസുദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. ബോധ്യപ്പെട്ട കാര്യത്തിലേ ഒപ്പിടേണ്ടതുള്ളു എന്ന് അവര്‍ പറഞ്ഞതനുസരിച്ചാണ് ഇന്‍ക്വസ്റ്റ് നടത്തേണ്ടത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വലിയ കാര്യമാക്കേണ്ടതില്ലെന്നും അങ്ങനെ എഴുതിയെന്നു മാത്രമേയുള്ളൂവെന്നുമൊക്കെ എസ്. ഐയും തഹസില്‍ദാരും എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, ഞങ്ങള്‍ അറിഞ്ഞ കാര്യത്തിലേ ഒപ്പിടുകയുള്ളു എന്ന് ഞങ്ങളും. അങ്ങനെ കുറച്ചു നേരം സംസാരമായി. അപ്പോള്‍ ഞങ്ങള്‍ മുമ്പു സൂചിപ്പിച്ച പോലീസുദ്യോഗസ്ഥനെ ബന്ധപ്പെട്ടു. അദ്ദേഹം എസ്. ഐക്ക് നിര്‍ദേശം നല്‍കി. അതനുസരിച്ച് അദ്ദേഹം ഞങ്ങളുടെ വാദം അംഗീകരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. അപ്പോഴാണ് അടുത്ത പ്രശ്‌നം. പോസ്റ്റ് മോര്‍ട്ടത്തിനായി പ്രത്യേക ഉത്തരവ് ഇറക്കിയെങ്കിലും ആരും തന്നെ ആ ഉത്തരവ് കൈപ്പറ്റിയിരുന്നില്ല. അവരെയെല്ലാം ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ആരോടും സംസാരിക്കാനായില്ല. സൂപ്രണ്ടിനോട് ഞങ്ങള്‍ വീണ്ടും അപേക്ഷിച്ചപ്പോള്‍ അദ്ദേഹം രാമനാട്ടുകരയില്‍ താമസിക്കുന്ന ഒരു ഡോക്ടറുടെ നമ്പര്‍ തന്നു. അദ്ദേഹത്തോട് ഞങ്ങളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി. അപ്പോഴെല്ലാം കനത്ത മഴയായിരുന്നു. അങ്ങോട്ട് വാഹനമയച്ചു കൊടുത്തു. അദ്ദേഹം വന്ന് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തുടങ്ങി. രാത്രി ഒരു പാട് വൈകിയപ്പോള്‍ എല്ലാം തീര്‍ന്നു.
ഞങ്ങള്‍ അട്ടപ്പാടിയിലേക്ക് യാത്രയായി. എല്ലാവരും ക്ഷീണിച്ചു മടുത്തു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വെന്തളിഞ്ഞ മനുഷ്യമാംസത്തിന്റെ മണമായിരുന്നു. ആരും പരസ്പരം സംസാരിച്ചിരുന്നില്ല. യൂണിവേഴ്‌സിറ്റിയിലെ എന്റെ സുഹൃത്ത് പറഞ്ഞ കാര്യം എന്നെ വേദനിപ്പിച്ചു. ശോഭന മരിച്ചുവെന്നറിഞ്ഞ് ആദിവാസി വികസന വകുപ്പില്‍ നിന്നെത്തിയ പ്രൊജക്ട് ഓഫീസര്‍ പറഞ്ഞത് അദ്ദേഹത്തിന് അപ്പോഴാണ് ശ്വാസം നേരെ വീണത് എന്നത്രെ. ഇടയ്ക്കിടക്ക് ഞങ്ങളെല്ലാം നെഞ്ചോടു ചേര്‍ത്തുവെച്ചിട്ടും ഞങ്ങളെ വിട്ടുപോയ ആദിവാസി പെണ്‍കുട്ടിയുടെ അഴുകിയ മാംസത്തിന്റെ മണം പിടിച്ചു കുലുക്കി, എത്രയൊക്കെയായാലും ആരൊക്കെയോ അവള്‍ മരിക്കാനാഗ്രഹിച്ചപോലെ…
മറ്റൊരാവശ്യത്തിനായി താലൂക്ക് ഓഫീസില്‍ പോയപ്പോള്‍ തഹസില്‍ദാര്‍ പറഞ്ഞു: ” അന്നത്തെ ആ സംഭവത്തിന്റെ പേരില്‍ നിങ്ങളെയൊന്ന് അഭിനന്ദിക്കണമെന്ന് ഞാന്‍ വിചാരിച്ചിരുന്നതാണ്. ഇതു വരെ ആര്‍ക്കും ഇങ്ങനെയൊരു കാര്യം ചെയ്യാനായിട്ടില്ലല്ലോ, ഞായറാഴ് രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുക എന്നത്.” ഞാന്‍ ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചരിത്രം മാറ്റിയെഴുതണമെന്നൊന്നും എനിക്കുണ്ടായിരുന്നില്ല എന്നു മാത്രം പറഞ്ഞു. ആ പെണ്‍കുട്ടിയെ ജീവിതത്തിന്റെ പച്ചപ്പില്‍ നിലനിര്‍ത്താനായിരുന്നല്ലോ ഞങ്ങള്‍ പടവെട്ടിയത്. എന്നിട്ടും എന്റെ മുന്നിലെ ആ കറുത്തു മെലിഞ്ഞ സുന്ദരിയായ പെണ്‍കുട്ടി വരണ്ടുണങ്ങിയ പുഴയുടെ പാട് അവശേഷിപ്പിച്ചുകൊണ്ട് ഈ ലോകത്തുനിന്ന് മറഞ്ഞുപോയി.
പി.ഇ. ഉഷയുടെ അരികുജീവിതങ്ങള്‍ എന്ന ലേഖന സമാഹാരത്തില്‍ നിന്ന്.