എന്റെ വായനാനുഭവം
എന്റെ സഹപാഠിയും സുഹൃത്തും സർവോപരി മികച്ച ഒരു കഥാകൃത്തുമാണ് ശ്രീ സുരേഷ് ഐക്കര. ഇദ്ദേഹത്തിന്റെ നോവലുകളും കഥാസമാഹാരങ്ങളുമായി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏതാനും പുസ്തകങ്ങൾ എനിക്ക് വായിക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്.
സൈകതം ബുക്ക്സ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച “ഐൻസ്റ്റീന്റെ കണ്ണുകൾ ” എന്ന പുസ്തകമാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്.
പേരുപോലെതന്നെ പ്രത്യേകതകൾ നിറഞ്ഞ കഥകൾ കോർത്തിണക്കിയുള്ള നല്ല ഒരു കഥാസമാഹാരമാണിത്.
ഐൻസ്റ്റീന്റെ കണ്ണുകൾ പ്രദർശനത്തിന് വച്ചിരിക്കുന്ന ഒരു ഹാളിൽ നടക്കുന്ന സംഭവങ്ങളാണ് ആദ്യകഥയിലെ പ്രമേയം.
കണ്ണുകൾ കാണാനായി ബുദ്ധിജീവികളും ഗവേഷകരും അടക്കം ഒരു വൻജനാവലി തന്നെ എത്തിച്ചേരുന്നു. കൂട്ടത്തിൽ പത്രലേഖകരും. എല്ലാവർക്കും ചോദിക്കുവാനുള്ളത് ഒരേചോദ്യമാണ്. “കണ്ണുകൾ എവിടെനിന്നു കിട്ടി” ?
അതിനുള്ള മറുപടി, ചോദിക്കാത്ത ചോദ്യങ്ങളുടെ സങ്കീർണതകൾ നിറഞ്ഞ ഉത്തരമാണ് നൽകിയതെന്നു പറഞ്ഞത്, അഭിനവ ബുദ്ധിരാക്ഷസന്മാരെ അനുസ്മരിപ്പിക്കും വിധം കഴമ്പുള്ളതായി തോന്നി. ഇന്ന് ബുദ്ധിജീവികളെന്നു നടിക്കുന്ന പലരും ചോദിക്കാത്ത ചോദ്യങ്ങൾക്കുള്ള മനസ്സിലാകാത്ത ഉത്തരങ്ങളാണല്ലോ നൽകുന്നത് !!
ഇങ്ങനെയൊരു പ്രദർശനം നടത്താൻ സംഘാടകൻ ഉദ്ദേശിച്ചതെന്തിനാണൊ, അതിൻപടി കാര്യങ്ങൾ അവസാനിക്കുകയാണ്. ജിം മനോഹറിന്റെ വാക്കുകൾ അനുവാചകരെ വല്ലാത്ത ഒരു മാനസിക വിക്ഷുബ്ധതയിലേയ്ക്കാണ് നയിക്കുന്നത്. അത്ഭുതകരമായ ഒരു ഭാവനാലോകത്തുകൂടി സഞ്ചരിച്ചാണ് കഥാകൃത്ത് ഈ കഥയുടെ പര്യവസാനം നടത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.
‘ഹോട്ടൽ’ എന്ന കഥയിലെ രംഗൻ, ഇന്നത്തെ ദുഷിച്ച സാമൂഹികവ്യവസ്ഥിതിയിൽ പെട്ടുഴലുന്ന ഒരു പാവം പൗരനായി തോന്നി.
ഒരു പ്രളയത്തിന്റെ തീഷ്ണത അടുത്തറിഞ്ഞവർക്ക്, മറക്കാനാവാത്ത ഒരു കഥാപാത്രമാണ് ‘ഇരുളേ വിഴുങ്ങ് ‘ എന്ന കഥയിലെ റാഹേൽ.
ഒരു അപസർപ്പകകഥ പോലെ തോന്നുമെങ്കിലും അവയിൽനിന്നെല്ലാം വ്യത്യസ്തമായി ഒരു പുതിയ ആവിഷ്‌ക്കാരശൈലിയാണ് “കഴുകൻ” എന്നകഥയിൽ സ്വീകരിച്ചിരിക്കുന്നത്.
ആസന്നമരണനായി ആശുപത്രിയിൽ കഴിയുന്ന ഐസക്ക് എന്ന ഭർത്താവിനെ കരുതലോടെ പരിചരിക്കുന്ന റോസി, “മരണമെത്തുന്ന നേരം” എന്നകഥയിൽ മിഴിവാർന്ന ഒരു കഥാപാത്രമായി നിലകൊള്ളുന്നു.
സർക്കാർ ആശുപത്രി ആയതുകൊണ്ട് ദിവസേന ലഭിക്കുന്ന റൊട്ടിയും പാലും കുഞ്ഞിന്റെ വിശപ്പടക്കാൻ സഹായിക്കുമല്ലോ എന്ന ആശ്വാസമാണ് അവൾക്ക്.
ഒടുവിൽ ഭർത്താവിന്റെ മരണം ഡോക്ടറിൽനിന്നറിയുമ്പോൾ, അവൾ അതെങ്ങനെ നേരിടുമെന്ന ആശങ്കയും ദുഃഖവും അനുവാചകരിൽ രൂപപ്പെടുമ്പോഴാണ്, അതിലൊക്കെ ഉപരിയായി ഹൃദയഭേദകമായ ആ ചോദ്യം അവൾ ഡോക്ടറോട് ചോദിക്കുന്നതും, അതിനുള്ള ന്യായീകരണം നിരത്തുന്നതും.
വർത്തമാനകാല സമൂഹത്തിന്റെ നേർക്കാഴ്ചകളാണ് സുരേഷിന്റെ മിക്കകഥകളിലും കാണാൻ കഴിയുന്നത്. ലളിതമായ പദപ്രയോഗങ്ങളും വിവരണങ്ങളും വായനക്കാർ നന്നായി വായിച്ചു മനസ്സിലാക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കഠിനപദപ്രയോഗങ്ങളും കടുകട്ടിയിലുള്ള ഭാഷാശൈലിയുമാണ് ഒരു യഥാർത്ഥ സാഹിത്യകാരന് വേണ്ടതെന്ന് വിശ്വസിക്കുന്നവരാണേറെയും.
അവിടെയാണ് സുരേഷിന്റെ കഥകൾ വേറിട്ടുനിൽക്കുന്നത്. പച്ചയായ ജീവിതയാഥാർഥ്യങ്ങളെ ഒട്ടും കലർപ്പില്ലാതെ വായനക്കാർക്കു മുൻപിൽ തുറന്നുകാട്ടുവാൻ ഇദ്ദേഹത്തിന് ഒട്ടും മടിയില്ല.
“ഐൻസ്റ്റീന്റെ കണ്ണുകൾ ” അത്തരത്തിലുള്ള ഒരു വായനാനുഭവം നിങ്ങൾക്ക് നേടിത്തരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.
മായാരാജ്
പുസ്തകം വാങ്ങാം