Main Menu

ആശുപത്രി മുഴുവൻ ഞെട്ടിച്ച ഡോക്ടറുടെ അലർച്ച

ആശുപത്രി മുഴുവൻ ഞെട്ടിച്ച ഡോക്ടറുടെ അലർച്ച

അന്നൊരു ബുധനാഴ്ച ആയിരുന്നു. ഞാൻ കേരള ഹൈക്കോർട്ടിൽ ജോലി ചെയ്യുന്ന സമയം. താമസം ചാലക്കുടിയിലാണ്. ഉച്ചക്ക് രണ്ട് മണിയായപ്പോൾ വക്കീലിന്റെ (എന്റെ ഹസ്ബന്റ്) ഫോൺ വന്നു. പെട്ടെന്ന് ലീവ് എടുത്ത് വരാമോ? എന്റെ സുഹൃത്ത് ഫൈസലിന്റെ ഭാര്യയെ തൃശൂർ ഹോസ്പിറ്റലിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരിക്കുന്നു. അല്പം കോംപ്ലിക്കേറ്റഡ് ആണ്. ആദ്യ പ്രസവമായതിനാൽ പുള്ളിക്കാരി വലിയ ടെൻഷനിൽ ആണ്. വേഗം എത്തിയാൽ നമുക്ക് തൃശൂരിലെ ഹോസ്പിറ്റലിൽ പോകാനാണത്രേ.

ഉടനെ തന്നെ ലീവ് എഴുതിക്കൊടുത്ത് അടുത്ത ട്രെയിനിൽ തന്നെ ഞാൻ ചാലക്കുടിയിലേക്ക് പുറപ്പെട്ടു. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വക്കീലും, മകനും എന്നെ കാത്ത് നിൽപുണ്ടായിരുന്നു. ഫൈസലിന്റെ സംസാരത്തിലെ ടെൻഷൻ കാരണമാകാം വക്കീലും വലിയ വെപ്രാളത്തിലായിരുന്നു. ചാലക്കുടിയിൽ നിന്നും ഞങ്ങൾ കാറിൽ തൃശൂരിലെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും വക്കീൽ ഫൈസലിനെ വിളിച്ച് കാര്യങ്ങൾ തിരക്കി കൊണ്ടിരുന്നു. കാരണം അയാൾ അത്രക്ക് ടെൻഷനിൽ ആയിരുന്നു. ഞങ്ങൾ പകുതി ദൂരം എത്തിയപ്പോഴേക്കും ഫൈസലിന്റെ കോൾ വന്നു. ഭാര്യയുടെ സിസേറിയൻ കഴിഞ്ഞു. കുട്ടി ആൺകുഞ്ഞ്. പക്ഷെ ഒരു പ്രശ്നം, കുട്ടിക്ക് തീരെ തൂക്കം ഇല്ല. ആകെ 900 ഗ്രാം ഉള്ളു. അത് കൊണ്ട് ഡോക്ടേഴ്സ് വലിയ പ്രതീക്ഷയൊന്നും വേണ്ട എന്ന് പറഞ്ഞിരിക്കുന്നു. കുട്ടിക്ക് തീരെ അനക്കവുംഇല്ല. അത് കൊണ്ട് കുട്ടി വെന്റിലേറ്ററിലും, ഭാര്യ ഐ സി യുവിലുമാണ്‌.

ഫൈസലും കുടുംബക്കാരും ആകെ വിഷമിച്ച് നെട്ടോട്ടമോടുന്നതിനിടയിലാണ് ഞങ്ങൾ കയറി ചെല്ലുന്നത്. ഞങ്ങൾ ചെന്നപാടെ ഫൈസൽ ഓടി വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. എല്ലാവരും മാറി മാറി അദ്ദേഹത്തെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഏവരെയും മുഖത്ത് ദു:ഖത്തിന്റെ കരിനിഴൽ വീണിരുന്നു. പെട്ടെന്ന് തന്നെ അകത്ത് നിന്നും ഒരു നേഴ്സ് വന്നു പറഞ്ഞു – കുട്ടിയെയും അമ്മയെയും എറണാകുളം ലിസ്സി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്. കുട്ടിയുടെ കാര്യം അൽപം സീരിയസ് ആണ്. അമ്മക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിലും അമ്മയെയും കൊണ്ടു പോവാതെ വയ്യല്ലോ. വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറഞ്ഞു.

എന്തിനു പറയുന്നു – ആകെ ടെൻഷനായി. പെട്ടെന്ന് തന്നെ സജ്ജീകരണങ്ങളും റെഡിയാക്കി – എറണാകുളത്ത് ലിസ്സി യിലേക്കുള്ള മരണപ്പാച്ചിൽ. കുട്ടിയെയും, അമ്മയേയും ആംബുലൻസിലും ഞങ്ങളെല്ലാവരും , പല കാറുകളിലായി ആംബുലൻസിന് പുറകെ വച്ചുപിടിച്ചു. ഞങ്ങൾ ചെല്ലും മുമ്പേ കുട്ടിയെ വെൻറിലേറ്ററിലേക്കും, അമ്മയെ ഐ.സി.യുവിലേക്കും മാറ്റി. ഡോക്ടർമാരും, നേഴ്സുമാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്- പുറത്തിരുന്ന് ഞങ്ങൾക്ക് കാണാം. ഇടക്ക് ഒരു നേഴ്സ് പെട്ടെന്ന് വാങ്ങിക്കൊടുക്കേണ്ട ഒരു മരുന്നിന്റെ സ്ലിപ്പ് തന്നു. പറയുന്നത് എല്ലാം അപ്പപ്പോൾ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. എല്ലാവരും പരിഭ്രമവും, വേവലാതിയുമായി ശ്വാസം അടക്കം പിടിച്ചു കൊണ്ടിരുന്നു. ഫൈസലാകട്ടെ ഏന്തി ഏന്തി കരഞ്ഞുകൊണ്ടിരിക്കുന്നു. ഒരു പുരുഷൻ ഇത്രയധികം കരയുന്നത് ഞാൻ ആദ്യമായി കണ്ടത് അന്നാണ്.

സ്വതവേ മെലിഞ്ഞ ശരീര പ്രകൃതമുള്ള (ഏകദേശം 40 – 45 kg തൂക്കം) ഫൈസൽ ഒന്നൂടെ മെലിഞ്ഞ് കറുത്ത് വിറങ്ങലിച്ച് ഒരു വടി പോലെയായി.
ചുണ്ടൊക്കെ വരണ്ടുണങ്ങി – കണ്ണാക്കെ കുഴിഞ്ഞ് – ഒരു വല്ലാത്ത കോലം. ഇതിനിടയിൽ അതിലെ വന്ന ഒരു അറ്റൻഡറോട് ഞാൻ ചോദിച്ചു – എന്താ ഇപ്പോഴത്തെ അവസ്ഥ? വല്ലതും പറയാറായോ? പുള്ളി പറഞ്ഞു – ഒന്നും പറയാറായിട്ടില്ല. ഒരു സീനിയർ ഡോക്ടർ കൂടെ വരാനുണ്ട്. ഇപ്പോൾ അദ്ദേഹം ഓപ്പറേഷൻ തിയറ്ററിലാണ്. പുള്ളിയെ വെയിറ്റ് ചെയ്യുകയാണ്. പുള്ളി കൂടെ വരട്ടെ.

വീണ്ടും മുൾമുനയിൽ നിർത്തും നിമിഷങ്ങൾ. ഫൈസലിന്റെ ഭാര്യയാകട്ടെ അനസ്തേഷ്യ മാറാത്തത് കൊണ്ടാവാം നല്ല മയക്കത്തിൽ തന്നെയാണ്. പുള്ളിക്കാരി ഈ പുകിലുകളൊന്നും അറിയുന്നില്ല. പെട്ടെന്നായിരുന്നു നേഴ്സിന്റെ നീട്ടിയുള്ള ചോദ്യം ????? ആരാ ഫൈസൽ????? കുട്ടിയുടെ അച്ഛൻ.. ഡോക്ടർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു. കരഞ്ഞ് തളർന്ന ഫൈസലിന് ഒറ്റക്ക് നടക്കാനുള്ള ത്രാണിയില്ലായിരുന്നത് കൊണ്ട് വക്കീലാണ് പിടിച്ച് അകത്തേക്ക് കൊണ്ടു പോയത്. സീനിയർ ഡോക്ടറാണ് വിളിച്ചത്. ഇവർ അകത്ത് ചെന്ന് 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടറുടെ മേശപ്പുറത്തെ ബെൽ നിർത്താതെ അടിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം, ഡോക്ടറിന്റെ ഇടിമുഴക്കം പോലുള്ള ഗർജ്ജനവും…….. നേഴ്സ് – – – – – – – – അതൊരു വല്ലാത്ത വിളിയായിരുന്നു.

ആശുപത്രിയാകെ ഞെട്ടിവിറച്ചു. ഞങ്ങൾ എല്ലാവരും ഒരു കാര്യം ഉറപ്പിച്ചു. കുട്ടി കൈവിട്ട് പോയി. കാരണം അത്രക്കും നിർണ്ണായക ഘട്ടങ്ങളിലൂടെയാണല്ലോ ഞങ്ങൾ കടന്നു പോയി കൊണ്ടിരുന്നത്. നേഴ്സുമാർ നാലുപാടു നിന്നും ഡോക്ടറിന്റെ മുറിയിലേക്ക് ഓടുന്നും ഉണ്ട്. എന്റെ ഒരു തോളിൽ കുഞ്ഞ് ഉറങ്ങുന്നത് കൊണ്ട് എഴുന്നേൽക്കാനും വയ്യ. ഞാൻ ഫൈസലിന്റെ ഉമ്മയെ എന്റെ മറ്റേതോളിലേക്ക് പതിയെ ചാരി കിടത്തി. അവർ അത്രക്കും തളർന്നിട്ടുണ്ടായിരുന്നു.

ഈ സമയത്ത് അകത്ത് നിന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വക്കീലിന്റെ ചിരി കേൾക്കുന്നു. എന്തായിത്? ഒന്നും മനസ്സിലാവാത്ത ഞങ്ങൾ ചാടിയെണീറ്റ് ഡോക്ടറുടെ മുറിയിലേക്കോടി. എന്താ കണ്ടതെന്നോ??????????

ഫൈസലിനെ കണ്ട പാടേ ഡോക്ടർ ചോദിക്കയാണത്രേ – ഇതാണോ കുട്ടിയുടെ അച്ഛൻ? ഇത്രയും എല്ലു പോലിരിക്കുന്ന ഈ മനുഷ്യന് ഇത്ര വലിപ്പം ഉള്ള കുട്ടിയേ ഉണ്ടാവൂ. ഇത് തന്നെ ധാരാളം. കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ല. കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ പറയാൻ നേഴ്സിനെ വിളിച്ച ഒച്ചയാണ് കേട്ടത്. ആ അലർച്ച. ഞങ്ങളെല്ലാം സ്തംഭിച്ചു പോയി. ചിരിക്കണോ? കരയണോ?

ഇന്ന് ആ മോൻ സുഖമായിരിക്കുന്നു. എഞ്ചിനിയറിംഗ് വിദ്യാർത്ഥി. ഇന്നും ഫൈസലിനെ കാണുമ്പോൾ ഈ കാര്യം പറഞ്ഞ് കളിയാക്കി ചിരിക്കാറുണ്ട്.

ഒരുപാട് വിഷമിച്ചു എങ്കിലും, അവസാന നിമിഷങ്ങൾ ഓർക്കുമ്പോൾ അറിയാതെ ഊറി ചിരിച്ചു പോകാറുണ്ട് ഇപ്പോഴും. ജീവിതത്തിൽ ആദ്യമായി ആശുപത്രിയിൽ ശ്വാസം പിടിച്ചിരുന്ന് – അവസാനം ചിരിച്ച നിമിഷം.

ഡോ. ഹസീനാ ബീഗം



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: