വൃദ്ധപദവിക്കായുള്ള ചതുരംഗക്കളികള്‍

ഇന്ത്യാമഹാരാജ്യത്ത് രാഷ്ട്രപതി സ്ഥാനം എത്രമാത്രം പ്രസക്തമായ പദവിയാണ്? അധികാരത്തിന്റെ കാര്യത്തില്‍ രാഷ്ട്രപതിക്ക് ഈ ജനാധിപത്യത്തില്‍ വലിയ പങ്കൊന്നുമില്ലെങ്കിലും റൈസീന കുന്നില്‍ വൈസ്രോയി ഉപേക്ഷിച്ചു പോയ കൊട്ടാരവും പൂന്തോട്ടവും അലങ്കാരങ്ങളും ഒന്നാം പൗരപദവിയും തെളിമയോടെ നിലനില്‍ക്കുന്നുണ്ട്. ബാബുരാജേന്ദ്രപ്രസാദിന്റെ കാലം മുതല്‍ എല്ലാക്കാലത്തും ഉന്നതരാഷ്ട്രീയാധികാരത്തില്‍ നിന്നുള്ള അടിത്തൂണ്‍ പറ്റലാണ് ഈ പദവി. എന്‍ .ഡി.എ അധികാരത്തില്‍ തുടരാന്‍ ബി.ജെ.പി ആസൂത്രണം ചെയ്ത വിഫലസമവാക്യ രൂപവത്കരണത്തിന്റെ ഭാഗമായി ശാസ്ത്രസാങ്കേതിക വിദ്യയിലും പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് കലയിലും വലിയ ജ്ഞാനമുള്ള ഡോ.അബ്ദുള്‍ കലാം ഈ സ്ഥാനത്തെത്തിയത് ഒഴികെ എല്ലാം അങ്ങനെ തന്നെയായിരുന്നു. പേരിന് മാത്രം അധികാരമുള്ള ഈ വൃദ്ധപദവിക്ക് രാജ്യത്തെ മുന്നണികളുടെ സമവാക്യങ്ങള്‍ തെറ്റിക്കാന്‍ മാത്രം കരുത്തുള്ളതാണോ? ആണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്.
എന്‍.ഡി.എയിലെ ഭിന്നത പുതിയ വാര്‍ത്തയൊന്നുമല്ല. കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു തുടരുകയാണെങ്കില്‍ 2014 ലെ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകും. നരസിംഹറാവു സര്‍ക്കാരിന് ശേഷം സംഭവിച്ചത് പോലെ ആകെ അനശ്ചിതാവസ്ഥയായിരിക്കും. ഐ.കെ.ഗുജ്‌റാളുമാരുടേയും ദേവഗൗഢമാരുടെയും സുവര്‍ണ്ണകാലം. ഇത് വളരെ മുമ്പേ മുന്‍ കൂട്ടിക്കണ്ട് എന്‍ . ഡി. എയുടെ അകത്തു നിന്ന് തന്നേ രണ്ട് തത്പരകക്ഷികള്‍ യുദ്ധം നടത്തുന്നുണ്ട്. ഒന്നാമന്‍ ബി.ജെ.പിയിലെ ഒരേയൊരു നേതാവും ഗുജറാത്തിന്റെ സ്ഥിരം മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി. രണ്ടാമന്‍ ബീഹാര്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും ജനപ്രിയരായ നേതാക്കളിലൊരാളുമായ നിതീഷ് കുമാര്‍ . പരസ്പര വിരുദ്ധമാണ് നിലപാടുകളെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന് ഇരുവരും കരുതുന്നു. അതുകൊണ്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുവരും ഒരേ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം ആക്രമിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ആശ്ലേഷിച്ചും ഭാവി കണക്കൂകൂട്ടലുകള്‍ നടത്തുന്നു.
പഴയ സഖ്യകക്ഷികളായ ജയലളിതയേയും ബിജു ജനതാദളിനേയും ആകര്‍ഷിച്ച് കൂടെ നിര്‍ത്താനാണ് മോഡിയുടെ ശ്രമം. ജയലളിതയ്ക്ക് മോഡിയോടുള്ള താത്പര്യം ഒരുഘട്ടത്തിലും മറച്ചു വച്ചിട്ടില്ല. മോഡിയുടെ നേതൃത്വത്തില്‍ നടന്ന വംശഹത്യ ജയലളിതയെ ഒരിക്കലും ചൊടിപ്പിച്ചിട്ടുമില്ല. തമിഴ്‌നാട്ടിലെ അത്ര ഗണ്യമല്ലാത്ത മുസ്ലീം വോട്ടുകള്‍ മോഡിയുടെയോ വടക്കേ ഇന്ത്യന്‍ പള്ളി-ക്ഷേത്ര സങ്കല്പങ്ങളുടേയോ പേരിലല്ല, ദ്രാവിഡ മൂപ്പിളമ തര്‍ക്കത്തിന്റെ പേരിലാണ് വിഭജിക്കപ്പെടുന്നതെന്നും അയ്യങ്കാരായ ജയലളിതയ്ക്കറിയാം. ബിജു ജനതാദളും വ്യത്യസ്തമല്ല. കാര്യം ഇടത്പക്ഷക്കാരുമായൊക്കെയാണ് ചങ്ങാത്തമെങ്കിലും അയോധ്യയില്‍ ഉടനടി ക്ഷേത്രം പണിയണെമെന്ന് വാദിക്കുന്നവരാണ് സോഷ്യലിസ്റ്റ് നേതാവ് ബിജുപട്‌നായിക്കിന്റെ പേരില്‍ രൂപപ്പെട്ട പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാക്കള്‍ . പുരിജഗന്നാഥന്റെ പേരില്‍ അഭിവാദ്യം പറയുന്ന ബി.ജെ.ഡിക്കാര്‍ക്ക് നരേന്ദ്രമോഡി പ്രിയപ്പെട്ട നേതാവായിരിക്കുകയും ചെയ്യും. പശ്ചിമ ബംഗാളില്‍ നിന്ന് മമതയുടെ പിന്തുണ തിരഞ്ഞെടുപ്പിന് ശേഷം ലഭിക്കുക കൂടെ ചെയ്യുകയാണെങ്കില്‍ ബാക്കി ചാക്കുകളില്‍ പലരും കയറും. നരേന്ദ്രമോഡിയുടെ സ്വപ്‌നങ്ങളുടെ സഞ്ചാരപഥം അങ്ങനെയാണ്. മറുവശത്ത് നിതീഷ് കുമാറാകട്ടെ മതേതര സഖ്യത്തിന്റെ പേരിലാണ് ആവേശം കൊള്ളുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യമനുസരിച്ച് ഇടത്പക്ഷം/മമത, എസ്.പി/ബി.എസ്.പി, ചന്ദ്രബാബുനായിഡു/ജഗന്‍മോഹന്‍ റെഡ്ഢി എന്നിങ്ങനെയുള്ള ആരെങ്കിലുമെല്ലാം ചേര്‍ന്ന് യു.പി.എ ഇതര, എന്‍.ഡി.എ ഇതര മതേതര സഖ്യമെന്ന പേരില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മറ്റൊരു യോഗ്യനില്ല എന്ന് നിതീഷിനറിയാം.
യു.പി.എയുടെ അകത്തുള്ള കലാപത്തിനെ ആരും കാര്യമായി എടുക്കുന്നതേയില്ല. മമതയുടെ വിഘടിക്കല്‍ അനിവാര്യതയാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി ഉണ്ടാകുന്നതിന് എതിരു നിന്നുകൊണ്ട് മമത പടിയിറങ്ങിയാല്‍ കോണ്‍ഗ്രസിന് അത്രയും സന്തോഷമേയുള്ളൂ. ഇടത്പക്ഷം പിന്തുണച്ചിരുന്ന ഒന്നാം യു.പി.എ സര്‍ക്കാര്‍ എത്രമാത്രം മനോഹരമായിരുന്നുവെന്ന് പ്രധാനമന്ത്രിയും സോണിയഗാന്ധിയും ഇടയ്ക്കിടെ നെടുവീര്‍പ്പിടുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും. ആണവക്കാരാര്‍ അല്ലാതെ ഒരു തലവേദനയും ഇടത്പക്ഷം കോണ്‍ഗ്രസിന് ഉണ്ടാക്കിയിട്ടില്ല. മറുവശത്ത് മമത യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് അധ്യക്ഷക്കെതിരെ പരസ്യമായ വെല്ലുവിളികളും നടത്തി. സര്‍ക്കാരിന്റെ നയപരിപാടികളെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍ സഹിക്കും, പക്ഷേ സോണിയഗാന്ധിയേയോ രാഹുല്‍ഗാന്ധിയേയോ നിന്ദിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അതുകൊണ്ട് തന്നെ വൈകാതെ മമത പുറത്തു പോകും. മുലായംസിങ്ങിന്റെ പിന്തുണ ഉറപ്പായ സ്ഥിതിക്ക് പ്രത്യേകിച്ചും.
ശേഷിക്കുന്നത് ഇടത്പക്ഷമാണ്. ഇവര്‍ക്കിത് എന്തു പറ്റി?
പാര്‍ലമെന്റില്‍ ആണവക്കരാര്‍ അടക്കമുള്ള അതിരൂക്ഷമായ സംഭവങ്ങളില്‍ ചര്‍ച്ചയും കലാപവും നടക്കുന്ന കാലത്ത് ഒരു ദിവസം ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ അനിഷേധ്യനേതാവായ എ.ഐ.റ്റി.യു.സി ജനറല്‍ സെക്രട്ടറിയും സി.പി.ഐ ലോകസഭ നേതാവുമായ ഗുരുദാസ്ദാസ് ഗുപ്ത പത്രസമ്മേളനം വിളിച്ചു. യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുവെന്നോ മറ്റോ ആണോ എന്നറിയാന്‍ പാഞ്ഞെത്തിയ പത്രലേഖകര്‍ക്ക് മുന്നില്‍ പൊതുവേ ഗൗരവക്കാരനായ ദാസ് ഗുപ്ത പുഞ്ചിരിച്ചു നില്‍ക്കുന്നു. ‘സന്ദേശ് (ബംഗാളികളുടെ പ്രിയ മധുരപലഹാരം) അന്വേഷിച്ച് ബംഗാളി മാര്‍ക്കറ്റില്‍ പോയിരുന്നു. പക്ഷേ അടിയന്തിരമായി നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്‍കാനുള്ളത് ലഭിച്ചില്ല. പക്ഷേ ഈ ജിലേബി കഴിച്ചു സന്തോഷം പങ്കിടൂ’- അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു.
എന്താണ് സംഭവിച്ചത് എന്ന പത്രക്കാരുടെ അമ്പരപ്പ് തുടരുമ്പോള്‍ അദ്ദേഹം അറിയിച്ചു. ‘ഞങ്ങളുടെ ദാദ-സൗരവ് ഗാംഗുലി- ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി’. ഇതാണ് പൊതുവേ ഇടത്പക്ഷത്തിന്റെ ഒരു രീതി. ബംഗാളിനപ്പുറമുള്ള കാര്യങ്ങളെ അമേരിക്ക-ചൈന-വീരവിയറ്റ്‌നാം-നിക്കരാഗ്വ-ചിലി-പാരീസ് കമ്മ്യൂണ്‍ എന്നുള്ള മട്ടില്‍ വികാര രഹിതമായാണ് അവര്‍ നേരിടുക പതിവ്. ഉദാഹരണത്തിന് കഴിഞ്ഞ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസില്‍ സംഭവിച്ചത് കണ്ടില്ലേ? പാര്‍ട്ടികോണ്‍ഗ്രസിന് മുമ്പു നടന്ന പ്രധാനസംഭവങ്ങള്‍ പശ്ചിമബംഗാള്‍-കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളാണ്.
പശ്ചിമബംഗാളില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ഭരണം കൈവിട്ടു പോയതിനൊപ്പം മുഖ്യമന്ത്രിമാരും ഭൂരിപക്ഷം മന്ത്രിമാരും ദാരുണമായി പരാജയപ്പെട്ടു. കേരളത്തിലാകട്ടെ ഭരണത്തുടര്‍ച്ച എന്ന ചരിത്രവിജയത്തിന് പരിസരം വരെ എത്തി. രണ്ടേ രണ്ട് സീറ്റുകളില്‍ മെച്ചപ്പെട്ട പ്രചരണം നടത്തിയിരുന്നുവെങ്കില്‍ ചരിത്രമായേനെ. പാര്‍ട്ടികോണ്‍ഗ്രസിന് പിമ്പും പി.ബി. അംഗം കൂടിയായ ബുദ്ധദേബ് പി.ബി-കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്ക് എത്താറില്ല. കോഴിക്കോട് കോണ്‍ഗ്രസിനും അദ്ദേഹം എത്തിയില്ല. പകരം പാര്‍ട്ടി നേതൃത്വത്തിന് ഒരു കത്തുനല്‍കി. ആരോഗ്യകാരണങ്ങളാല്‍ പ്രവര്‍ത്തനകേന്ദ്രം ബംഗാളാക്കി ചുരുക്കി കേന്ദ്ര, പി.ബി. സമിതിയില്‍ നിന്ന് ഒഴിവാക്കിത്തരണം. ബംഗാളിലെ പരാജയത്തിന് കാരണം ബുദ്ധദേബിന്റെ നയങ്ങളായിരുന്നുവെന്നുള്ള വിമര്‍ശനം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നതും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോടുള്ള ബംഗാള്‍ ഘടകത്തിന്റെ അഭിപ്രായവ്യത്യാസവുമാണ് പ്രശ്‌നങ്ങളെന്നും പറയുന്നു. പക്ഷേ കേരളത്തിലെ അവസ്ഥനോക്കൂ. കേരളത്തിലെ ഭരണ തുടര്‍ച്ചയോളം പോന്ന വിജയത്തിന്റെ ശില്പി മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്റെ ജനപിന്തുണയാണെന്ന് പാര്‍ട്ടി വരെ അംഗീകരിക്കുന്നു. പാര്‍ട്ടിയിലെ ഏതുയുവാവിനേക്കാളും ഊര്‍ജ്ജ സ്വലനായ അദ്ദേഹം ഒരു കമ്മിറ്റിയും മുടക്കിയിട്ടില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുമുണ്ട്. പക്ഷേ കോഴിക്കോട് കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ പതിവ് പോലെ ബുദ്ധദേബ് പി.ബിയിലുണ്ട്. വി.എസ് അച്യുതാനന്ദന്‍ ഇല്ല. വി.എസിനെ ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ബി.യില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് നേതൃത്വം തമാശയും പറഞ്ഞു. പറഞ്ഞു വന്നത് ഇടത്പാര്‍ട്ടികള്‍ക്ക് ബംഗാളെന്ന് പറയുന്നത് മറ്റൊരു വികാരമാണെന്നാണ്.
ഈ സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥത്തെ ചൊല്ലി ഇടത് മുന്നണിയില്‍ എന്തുകൊണ്ടാണ് രണ്ട് ശബ്ദം? പി.ചിദംബരം ധനമന്ത്രിയായിരുന്ന ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മടിയില്ലായിരുന്ന സി.പി.ഐ എന്തിനാണ് പ്രണബ് മുഖര്‍ജിയുടെ തലയില്‍ രാജ്യത്തെ സാമ്പത്തിക താന്തോന്നിത്തിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കുന്നത്? ഇടത് പക്ഷത്തിന്റെ പ്രത്യേക താത്പര്യത്തില്‍ അഞ്ചുവര്‍ഷം രാഷ്ട്രപതി ഭവനില്‍ പ്രതിഷ്ഠിച്ച പ്രതിഭാദേവി സിങ്ങ് പാട്ടിലിനേക്കാളും കൂടിയ എന്തപരാധമാണ് പ്രണബ് മുഖര്‍ജി പ്രത്യേകമായി ചെയ്തത്? രാജ്യത്തെ ഒട്ടുമിക്ക സാംസ്‌കാരിക-രാഷ്ട്രീയനേതാക്കളുടെയും ജന്മസ്ഥാനമായ വംഗനാട്ടില്‍ നിന്ന് സ്വാതന്ത്രം ലഭിച്ച് 65 വര്‍ഷമായിട്ടും ഒരു പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ഉണ്ടായിട്ടില്ല എന്ന കുറവു നികത്താനുള്ള അവസരമെങ്കിലും ആയി ഇവര്‍ ഇതിനെ കാണാത്തതെന്ത്? പോട്ടെ, കോണ്‍ഗ്രസില്‍ നിന്ന് മമതബാനര്‍ജിയെ അകറ്റി എന്‍ .ഡി.എയുടെ കൂടാരത്തില്‍ എത്തിച്ചാല്‍ ബംഗാളിലെ കൈവിട്ടു പോയ മുസ്ലീം വോട്ടുകളില്‍ പത്തെണ്ണങ്കെിലും തിരിച്ചു പിടിക്കാമെന്ന സാമാന്യബുദ്ധി ഇല്ലാത്തതെന്തേ? സി.പി.ഐയുടെ കാര്യം ആര്‍ക്കുമറിയില്ല.
അതിലും വലിയ തമാശയാണ് പ്രസേന്‍ജിത്ത് ബോസ് എന്ന സി.പി.എം സൈദ്ധാന്തികന്റെ രാജി. ബംഗാളില്‍ നിന്നുള്ള പ്രസേന്‍ജിത്തും കാശ്മീരില്‍ നിന്നുള്ള അല്‍ബിന ഷക്കീലും സി.പി.എമ്മിലെ അടുത്ത പ്രകാശ്-ബ്രിന്ദമാരാകും എന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളിലെ ശ്രുതി. കേരളവും ബംഗാളും സി.പി.എമ്മിന് കൈവിട്ടു പോയതുപോലെ മറ്റൊരു കോട്ടായായ ജെ.എന്‍ .യുവും കൈവിട്ടു പോകുമ്പോഴും സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ ചമച്ചിരുന്നത് പ്രസേന്‍ജിത്തായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആണവക്കരാര്‍ മാത്രം ചര്‍ച്ച ചെയ്ത് ജെ.എന്‍ .യുവിലെ എസ്.എഫ്.ഐ അടിത്തറ ഇളക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ബുദ്ധികേന്ദ്രം. ഇക്കാലത്തൊന്നും ഇല്ലാതിരിക്കുകയും നന്ദിഗ്രാം-സിംഗൂര്‍ കലാപകാലങ്ങളില്‍ നിശബ്ദമാക്കുകയും ചെയ്ത വൈകാരിക വിക്ഷോഭമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പേരില്‍ പ്രസേന്‍ ജിത്തിനും അദ്ദേഹത്തിന്റെ കത്ത് ഇന്റര്‍സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്ന എസ്.എഫ്.ഐ ബുദ്ധിജീവികള്‍ക്കും ഉണ്ടായിരിക്കുന്നത്. ചരിത്രപരമായ അത്ഭുതങ്ങളായി ഇതും നിലനില്‍ക്കും.
vridhanmaar sookshikkuka. Ninagale njangal presidentakkum.
ഇന്ത്യാമഹാരാജ്യത്ത് രാഷ്ട്രപതി സ്ഥാനം എത്രമാത്രം പ്രസക്തമായ പദവിയാണ്?
ellavarum parasparam chodikkarulla chodyamanithu.
പക്ഷെ ആ പദവിയിലേക്ക് പോലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതിന്റെ പിന്നിലും രാഷ്ട്രീയ കള്ളക്കളികളും കുതിരക്കച്ചവടവും ചരട് വലികളും ഉണ്ടാകുമ്പോള്‍ ഒരു സാധാരണ പൌരന് പോലും ആ പദവി എന്തിന് എന്ന ചോദ്യം ഉണ്ടാകുക സ്വാഭാവികം.
വൃദ്ധപദവി എന്ന് പറഞ്ഞ് പുഛിച്ച് തള്ളേണ്ട ഒരു പദവിയല്ല രാഷ്ട്രപതി പദം. പാര്‍ട്ടി രാഷ്ട്രീയം എന്ന ഭൂതത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച് നിര്‍ത്തുന്ന പാരലല്‍ സിസ്റ്റത്തിന്റെ തലസ്ഥാനമാണത്.