വീണ്ടും നിലാവും നക്ഷത്രങ്ങളും
1
“സായാ, നിനക്കറിഞ്ഞു കൂടെ എന്തിനാണ് ഞാന്‍ വന്നിരിയ്ക്കുന്നതെന്ന്?” അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിക്കൊണ്ട് ചോദിയ്ക്കെ അദിതിയ്ക്ക് പെട്ടെന്ന് ആ വരണ്ട കണ്ണുകളുടെ കോണുകളൊന്നു നനയുന്നതായും തുടുക്കുന്നതായും തോന്നി. “നീ കുറെ ദിവസമായി എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട് എന്നോര്‍ത്ത് വിഷമിയ്ക്കുകയാണ് നിന്റെ അമ്മ. നീ നിന്റെ കൃഷ്ണനെ നോക്കിയിരിയ്ക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി ഇവിടെയൊരു വര്‍ത്തമാനം നടക്കുന്നുണ്ടെന്ന്. ആ മനസ്സിന്റെ ഭാരമൊന്നു കുറയുമല്ലോ എന്നു കരുതിയാ ണ് ഞാന്‍ മിണ്ടാതെ നിന്നത്. നീ ‘മനസ്സ് വേദനിയ്ക്കുന്നല്ലോ കൃഷ്ണാ, എന്തിനാ എന്നോടിങ്ങനെ?’എന്ന് ചോദിച്ചത് ഞാന്‍ കേട്ടു. അടുത്തു നിന്ന ഞാന്‍ അതു കേട്ടുവെങ്കില്‍ നിന്റെ ഉള്ളില്‍ത്തന്നെ എപ്പോഴുമുള്ള കൃഷ്ണന്‍ അത് കേള്‍ക്കാതിരിയ്ക്കുമോ സായാ? ഇനി പറ, എന്താണ് നിന്റെ പ്രശ്നം? ഉണ്ണാതെയും ഉറങ്ങാതെയും മിണ്ടാതെയും നീ എന്തിനാണ് എല്ലാ വരെയും ഇങ്ങനെ വേദനിപ്പിയ്ക്കുന്നത്?” എന്ന് വീണ്ടും അദിതി ചോദിച്ചപ്പോഴും സായ ഒന്നും മിണ്ടിയില്ല. പക്ഷെ ‘ഞാന്‍ എല്ലാവരെയും വേദനിപ്പിയ്ക്കുക മാത്രമല്ലല്ലോ, സ്വയം വേദനിയ്ക്കുക കൂടിയല്ലേ?”എന്ന് ആ മൌനം ചോദിയ്ക്കുന്നതായി അദിതിയ്ക്ക് തോന്നി.
“നീ സ്വയമെടുത്ത തീരുമാനമല്ലേ? ആ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് നീ തന്നെ പറയുകയും ചെയ്തു. പിന്നെ ഇത്രയും വിചാരിയ്ക്കുന്നതെന്തിന്? ആശ്വസിയ്ക്കുകയല്ലേ വേണ്ടത്? ഇതൊക്കെ കഴിഞ്ഞാല്‍ നമുക്ക് ചേര്‍ച്ചയുള്ള മറ്റൊന്ന് നോക്കാം” എന്ന് പറഞ്ഞപ്പോള്‍ സായ വേദന കടുത്തു നില്‍ക്കുന്ന ഒരു നോട്ടം നോക്കിപ്പോയി. ‘എങ്ങനെ നിനക്കെന്നോടിങ്ങനെ പറയാന്‍ കഴിയുന്നു’ എന്നൊരു ചോദ്യം ആ നോട്ടത്തില്‍ എരിഞ്ഞു നില്‍ക്കുന്നതായി അദിതിയ്ക്ക് തോന്നി. കുറ്റബോധം തോന്നിയെങ്കിലും ആ ചലനം അനുകൂലമായ ഒരു നീക്കമായി കണ്ട് അതില്‍ കയറി പിടിയ്ക്കാമെന്ന് അദിതി തീരുമാനിച്ചു. “അല്ലെങ്കില്‍ നീ പറ സായാ, നിനക്കിനി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് നീ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. നീ ഒരു പാട് സഹിച്ചും ക്ഷമിച്ചുമൊക്കെ നോക്കിയെന്നും പറഞ്ഞു. ഇനിയാവില്ലെന്ന് അത്ര പറഞ്ഞതു കൊണ്ടല്ലേ എല്ലാവരും നിന്റെ കൂടെ നിന്നത്? ഇനി രക്ഷപ്പെട്ടുവല്ലോ എന്നോര്‍ത്ത് സമാധാനിയ്ക്കുക. അതോ, ഇനി വീണ്ടും ഒരു കൂടിച്ചേരല്‍ നീ ആഗ്രഹിയ്ക്കുന്നുണ്ടോ? അതിനായാലും ഇനിയും ധാരാളം സമയമുണ്ടല്ലോ?” എന്ന് അവളുടെ മൌനത്തിന്റെ ആവരണം പതിയെ നീക്കി ആ മനസ്സിലേയ്ക്കൊന്നിറങ്ങി ആഴങ്ങളില്‍ പരതാനൊരു ശ്രമം തുടങ്ങി അദിതി. പക്ഷെ അങ്ങനെയൊന്നിനി ചിന്തിയ്ക്കാനേ വയ്യ എന്നൊരു ഭാവം പ്രകടമാക്കി സായയുടെ മുഖം വീണ്ടും പഴയ മുഖപടമെടുത്തണിഞ്ഞു.
“നോക്ക്, നീ അഭിരൂപിന്റെ എഫ് ബി പോസ്റ്റുകള്‍ കണ്ടിരുന്നോ?” അദിതി ചോദിച്ചപ്പോഴാണ് തന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യാതെ കിടക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി, നെറ്റ് കണക്ഷന്‍ ഇല്ല എന്ന് സായ ഓര്‍ത്തത്. അഭി അത് ശ്രദ്ധിച്ച് കൃത്യമായി ചെയ്യാറുണ്ടായിരുന്നു. പക്ഷെ, ഇനി… ? അച്ഛനോട് എങ്ങനെ പറയും? കുറെ ദിവസമായി താനതോര്‍ത്തിട്ടേയില്ല. ആരുമായും ഒരു ബന്ധവുമുണ്ടായിരുന്നില്ലല്ലോ? എന്തിനിനി… എന്നൊരു മടുപ്പാണ് ഉള്ളില്‍ തോന്നിയത്. എങ്കിലും ‘നോക്ക്’ എന്നു പറഞ്ഞ് അദിതി കാണിച്ചു കൊടുത്തപ്പോള്‍ സായയ്ക്ക് നോക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. ‘മൂന്നു നേരവും കഞ്ഞിയാണ് ഭക്ഷണം, അങ്ങനെ കഞ്ഞി വെയ്ക്കാന്‍ പഠിച്ചു’ എന്നൊരു കുറിപ്പോടെ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ഫോട്ടോ അവള്‍ കണ്ടു. ‘ആദ്യപരീക്ഷണം കൈ പൊള്ളിയ്ക്കുന്നതായി’ എന്ന കുറിപ്പോടെ കൈയിലെ രണ്ടു വിരലുകള്‍ പൊള്ളിയതിന്റെ ഫോട്ടോയുമുണ്ട് കൂടെ. ചായയ്ക്കൊരല്പം ചൂട് കൂടിപ്പോയാല്‍ ബഹളം വെയ്ക്കുന്ന അഭി! പൊള്ളലിനുള്ള മരുന്ന് അടുക്കളയിലെ ഷെല്‍ഫിലുണ്ട് എന്ന് അഭിയ്ക്കറിയാനിടയില്ലല്ലോ എന്നോര്‍ത്ത് അവളുടെ മനസ്സൊന്നു നടുങ്ങി. മുഖത്തത് പ്രകടമായില്ലെങ്കിലും അദിതി അതറിഞ്ഞു. “സാരമില്ല, രണ്ടാഴ്ച മുന്‍പത്തെ പോസ്റ്റാണ്. പൊള്ളലൊക്കെ ഉണങ്ങിയിട്ടുണ്ടാകും എന്ന് സമാധാനിപ്പിച്ചു കൊണ്ട് അദിതി വീണ്ടും അഭിരൂപിന്റെ കുറിപ്പുകളിലേയ്ക്ക് തിരിഞ്ഞു. ‘ഇതുവരെ കാണാത്ത അത്ഭുതങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ കൊടുത്ത കുറെ ഫോട്ടോകള്‍. അടുക്കളത്തോട്ടം നനച്ചുകൊണ്ട് നില്‍ക്കുന്ന അഭി. തക്കാളിച്ചെടി കായ്ച്ചു തുടങ്ങിയിട്ടുണ്ട്. മൂന്നു നാല് തക്കാളി നന്നായി തുടുത്തു നില്‍ക്കുന്നു. ഇനി തനിയ്ക്കിതിലെന്തു കാര്യം എന്ന നിരാശ അവളുടെ മനസ്സില്‍ പെട്ടെന്നുണര്‍ന്ന കൌതുകത്തെ തുടച്ചുമാറ്റി. നല്ല മഞ്ഞനിറത്തില്‍ വിളഞ്ഞു കിടക്കുന്ന വെള്ളരി കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ ഒരു കരച്ചില്‍ കിടന്നു പിടഞ്ഞു. ആ കരച്ചില്‍ തന്നെ ഉലയ്ക്കുന്നതായി തോന്നിയപ്പോള്‍ അദിതി ഫോണ്‍ മാറ്റി വെച്ചു.
“സായാ, നിനക്ക് അഭിരൂപിനെ മറക്കാന്‍ കഴിയുമോ?” എന്ന് അദിതി ഒരു ചോദ്യമെയ്തു, മറുപടി പ്രതീക്ഷിയ്ക്കാതെ. “നീ പലപ്പോഴും അവനെപ്പറ്റി പരാതികള്‍ പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ചിലപ്പോള്‍ ഒരു തമാശ പോലെ, പിന്നീട് പിന്നീട് അത് ഗൌരവമുള്ള കുറ്റപ്പെടുത്തലുകളായി, ഒടുവില്‍ അത് മാത്രമേയുള്ളൂ എന്ന അവസ്ഥയുമായി. ഇപ്പോള്‍ നിങ്ങള്‍ പിരിയാനും തീരുമാനിച്ചു. ഇപ്പോള്‍, ഈ നിമിഷം നീയൊന്നോര്‍ത്തുനോക്ക് സായാ, തെറ്റ് മുഴുവന്‍ അഭിരൂപിന്റെ ഭാഗത്താകാം. പക്ഷെ, ന്യായീകരിയ്ക്കാന്‍ കഴിയുന്ന ഒന്ന്, എന്തെങ്കിലുമൊന്ന്, നിനക്ക് അവനില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയുന്നുണ്ടോ? നിനക്കവനോട് നല്ല ദേഷ്യമുണ്ട്, പക്ഷെ വെറുപ്പില്ലല്ലോ? എന്താണതങ്ങനെ? അവനില്ലാത്ത ജീവിതത്തിനിപ്പോള്‍ നീ തയ്യാറായിരിയ്ക്കുന്നു. പക്ഷെ മറ്റൊരാളോടു കൂടി ജീവിയ്ക്കാന്‍ നിനക്കാകുമോ? അവന്‍ മറ്റൊരു വിവാഹം ചെയ്ത് ജീവിയ്ക്കുന്നത് നിനക്ക് സഹിയ്ക്കാന്‍ കഴിയുമോ? അതൊക്കെ പോട്ടെ, അവനില്ലാത്ത ലോകത്തെപ്പറ്റി നിനക്ക് സങ്കല്‍പിയ്ക്കാന്‍ കഴിയുമോ? നിന്നെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് വാശി പിടിച്ചവനാണ് അഭിരൂപ്. അന്ന് ആ സ്നേഹമല്ലേ അവനെ വേണ്ടെന്ന് പറഞ്ഞു നിന്ന നിന്റെ മനസ്സ് മാറ്റിയത്? നീ പിരിഞ്ഞാല്‍ അവനത് ചെയ്യില്ലെന്നുറപ്പുണ്ടോ? നീയെപ്പോഴും പറയാറില്ലേ, സ്നേഹത്തിനു മുന്നില്‍ എന്തും നിസ്സാരമാണെന്ന്? ആ സ്നേഹത്തെ മുന്‍നിര്‍ത്തി നീയൊന്നു ചിന്തിച്ചു നോക്ക്” ഇനി തനിയ്ക്കൊന്നും പറയാനില്ലെന്ന ഭാവത്തില്‍ അദിതി നിര്‍ത്തി. മനഃപൂര്‍വ്വം സായയുടെ മുഖത്തേയ്ക്ക് നോക്കിയില്ല. സായയെ അവളുടെ ആകുലതകളിലേയ്ക്ക് തന്നെ തിരിച്ചയച്ച്, ഒരു പക്ഷെ ആ അടഞ്ഞ വാതിലിനപ്പുറം അവളിപ്പോള്‍ പൊട്ടിച്ചിതറിയേയ്ക്കും, അത് തനിയ്ക്ക് കാണണ്ട എന്നൊരു തീരുമാനത്തോടെ, മുഖം നിറയെ ആകാംക്ഷയുമായി കാത്തുനിന്ന സായയുടെ അമ്മയുടെ നേര്‍ക്ക് പ്രതീക്ഷ കൊടുക്കുന്ന ഒരു നോക്ക് നോക്കി, നേര്‍ത്തൊരു നെടുവീര്‍പ്പോടെ അദിതി നിന്നു.
2
സായ തന്റെ സ്വന്തമായെത്തിയ ആദ്യ ദിവസങ്ങളില്‍ തന്റെ പ്രധാന വിനോദം അവളുടെ നൃത്തം കാണുകയായിരുന്നു എന്ന് അഭിരൂപ് ഓര്‍ത്തു. സായയ്ക്കും അത് വലിയ ഇ ഷ്ടമായിരുന്നു. എന്നിട്ടും… എത്ര സന്തോഷത്തോടെയാണ് അന്ന് സായ “അഭിയ്ക്കിഷ്ടപ്പെട്ട കൃഷ്ണകവിത ഞാന്‍ കമ്പോസ് ചെയ്തു. കാണണ്ടേ?”എന്നു ചോദിച്ചുകൊണ്ട് ഓടിവന്നത്. ഓഫീസില്‍ കൂടെയുള്ളവരുടെ നിസ്സഹകരണം കൊണ്ടുണ്ടായ പ്രശ്നങ്ങളും ചെയ്യാത്ത തെറ്റിന് സീനിയര്‍ ഓഫീസറുടെ താക്കീത് ആദ്യമായേല്‍ക്കേണ്ടി വന്നതിന്റെ ദേഷ്യവുമൊക്കെയായി വീട്ടില്‍ ചെന്നുകയറുമ്പോഴാണ്… അവളുടെ ചിലങ്കകള്‍ തട്ടിപ്പറിച്ച് വലിച്ചെറിയുമ്പോള്‍ ഒന്നും ചിന്തിച്ചില്ല. ആ ചിലങ്കകളുടെ നേരെ നോക്കി അവളന്നു നിന്ന വിറങ്ങലിച്ചുള്ള നില്പ് കണ്ടപ്പോഴും ഒന്നും തോന്നിയില്ല. പക്ഷെ ഇന്ന്… ഒരു ചായ കുടിച്ച് അതിന്റെ അരുചിയോട് പിണങ്ങി നില്‍ക്കുന്ന നാവിനെ ഇനി അടുത്തതായി കഞ്ഞിയുടെ അരുചി കൂടി അറിയിയ്ക്കണ്ടേ എന്നൊരു മടുപ്പിലൂടെ ഇരുന്നും നടന്നും കൊടുംചൂടില്‍ വിയര്‍ത്തപ്പോള്‍ അഭിരൂപിന് പഴയ ഡയറികള്‍ ഒന്നു വായിയ്ക്കണമെന്നു തോന്നിപ്പോയി. അലമാര തുറന്ന് ഡയറികള്‍ സൂക്ഷിച്ചു വെച്ച കവര്‍ കണ്ടുപിടിച്ച് എടുത്തപ്പോള്‍ എന്തോ കിലുങ്ങിയ പോലെ തോന്നി. നോക്കിയപ്പോള്‍ കവറിനുള്ളില്‍ ഡയറിയല്ല, ഒരു ബോക്സായിരുന്നു. അതിനുള്ളില്‍ സായയുടെ ചിലങ്കകള്‍ ! എവിടെ സായ? എന്ന് ആ ചിലങ്കകളിലെ മുത്തുകള്‍ മുഴുവന്‍ അവന്റെ മുഖത്തുറ്റുനോക്കി കിലുങ്ങി.
അത് മാത്രമല്ലല്ലോ, വിളിച്ചുണര്‍ത്താന്‍ അഞ്ചു മിനിറ്റ് താമസിച്ചാല്‍, ചായയ്ക്കല്പം ചൂടു കൂടിയാല്‍, ഭക്ഷണം താനുദ്ദേശിച്ച അതേ രുചിയിലെത്തിയില്ലെങ്കില്‍, തന്നോടൊപ്പം വന്നിരുന്ന് തനിയ്ക്കിഷ്ടപ്പെട്ട ടി വി പരിപാടികള്‍ കാണാന്‍ മടി കാണിച്ചാല്‍, വീട്ടില്‍ പോയി രണ്ടു ദിവസം നില്‍ക്കാമെന്നു ആഗ്രഹം പറഞ്ഞാല്‍, പഴയ കൂട്ടുകാരുടെ കഥ പറഞ്ഞാല്‍… ഒക്കെ ദേഷ്യത്തോടെയും മടുപ്പോടെയും മാത്രമേ താന്‍ പെരുമാറിയിട്ടുള്ളൂ. അവളുടെ ഇഷ്ടങ്ങള്‍ക്കെന്നും എതിര് നിന്നു. തന്റെ ഇഷ്ടങ്ങള്‍ തന്നെയാകണം അവളുടെയും എന്ന് വാശി പിടിച്ചു. ഒരുപാട് സഹിച്ചും ക്ഷമിച്ചും മതിയായപ്പോഴല്ലേ അവളെതിര്‍ത്തു തുടങ്ങിയത്.
ഒരു ജോലി വേണമെന്ന് വലിയ മോഹമായിരുന്നില്ലേ സായയ്ക്ക്. “രണ്ടു പേര്‍ക്കും ജോലിയുണ്ടാകുന്നത് നല്ല കാര്യമല്ലേ? ഒന്ന് സമ്മതിയ്ക്ക് അഭീ, ഞാനും പഠിച്ചതല്ലേ?” എന്ന് അവള്‍ ഒരുപാട് അപേക്ഷിച്ചതാണ്. “ഇവിടെ നിന്റെ സമ്പാദ്യമൊന്നും വേണ്ട, സ്വന്തം കാലില്‍ നില്‍ക്കണമെന്ന ദുരഭിമാനവും വേണ്ട. തല്‍ക്കാലം നീ എന്റെ കാലില്‍ പിടിച്ച് നിന്നാല്‍ മതി” എന്ന് പറയാനാണ് തോന്നിയത്. തിരക്കുകളും ഉത്തരവാദിത്തങ്ങളും അസ്വസ്ഥതകളുമൊക്കെ അനുഭവിയ്ക്കാതെ അവള്‍ സമാധാനമായിരിയ്ക്കട്ടെ എന്നായിരുന്നു തന്റെ മനസ്സില്‍ എന്നു പറഞ്ഞില്ല. നര്‍ത്തകിയാകണമെന്ന മോഹവും സമ്മതിച്ചില്ല. “ഡാന്‍സ് പ്രോഗ്രാമെന്നും പറഞ്ഞ് നേരവും കാലവും നോക്കാതെ നടന്നാല്‍ പറ്റില്ല. ഈ വീട്ടിലെ കാര്യങ്ങള്‍ നോക്കാനാണ് ഞാന്‍ നിന്നെ കൂടെ കൊണ്ടുവന്നത്. അതാണ് നിന്റെ ഉത്തരവാദിത്തം” എന്നുപറഞ്ഞ് അവളുടെ വീട്ടിലേയ്ക്ക് പോകാനുള്ള മോഹവും കൂടി തട സ്സപ്പെടുത്തി.
ഒഴിവുസമയങ്ങളില്‍ അവള്‍ക്കിഷ്ടം ചെടികളുടെ ഇടയില്‍ അവയെ താലോലിച്ചും വര്‍ത്തമാനം പറഞ്ഞും നില്‍ക്കാനായിരുന്നു. കൂടെ വന്നിരുന്ന് ടി വി കാണാന്‍ വിളിച്ചാല്‍ വരുമെങ്കിലും കുറച്ചു സമയം കഴിയുമ്പോഴേയ്ക്കും മടുക്കും. ബാല്‍ക്കണിയിലേയ്ക്ക് ഒരു മുല്ലവള്ളി പടര്‍ത്തിയിട്ടുണ്ടായിരുന്നു അവള്‍. “വരൂ അഭീ, ഒരല്പനേരം നമുക്ക് ഇവിടെയിരിയ്ക്കാം” എന്ന് ഒരപേക്ഷാ ഭാവത്തില്‍ എപ്പോഴും വിളിയ്ക്കുമായിരുന്നു. താന്‍ ചെല്ലില്ലെന്നു കണ്ടാല്‍ ഒറ്റയ്ക്ക് പോയിരിയ്ക്കും. അതായിരുന്നു അവള്‍ക്കിഷ്ടം എന്നാണ് അപ്പോള്‍ തോന്നിയത്. അവിടെ നിലാവും നക്ഷത്രങ്ങളും കണ്ട് മുല്ലപ്പൂവിന്റെ മണവുമാസ്വദിച്ച് എത്ര നേരം വേണമെങ്കിലും ഇരിയ്ക്കും. മഴയും കൂടെയുണ്ടെങ്കില്‍ പിന്നെ അകത്തേയ്ക്ക് കയറാന്‍ ഒരു പാട് നിര്‍ബ്ബന്ധിയ്ക്കേണ്ടി വരും.
ഒരു മണ്‍ചട്ടിയില്‍ വെള്ളം നിറച്ച് എന്നും രാവിലെ അവള്‍ ചെടികള്‍ക്കിടയില്‍ കൊണ്ടു വെയ്ക്കുമായിരുന്നു. കിളികള്‍ വെള്ളം കുടിയ്ക്കാന്‍ വരും, അത് കാണാം, ആ ശബ്ദം കേള്‍ക്കാം എന്നൊക്കെ പറഞ്ഞ് എന്തൊരാവേശമായിരുന്നു അവള്‍ക്ക്. കിളികള്‍ കൂട്ടമായി വന്ന് വെള്ളം കുടിയ്ക്കുന്നതും, പാത്രത്തില്‍ കയറി നിന്ന് ചിറകടിച്ച് വെള്ളം തല്ലിത്തെ റിപ്പിയ്ക്കുന്നതുമൊക്കെ അവള്‍ ഫോട്ടോയും, വീഡിയോയുമൊക്കെ എടുത്ത് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്യും. അതിനെഴുതുന്ന അടിക്കുറിപ്പുകളും വരികളുമൊക്കെ എല്ലാവര്‍ക്കും നല്ല ഇഷ്ടമായിരുന്നു. അത് വായിയ്ക്കാനാണെന്നു പറഞ്ഞ് തന്റെ സുഹൃത്തുക്കള്‍ പലരും അവള്‍ക്ക് ഫ്രന്റ് റിക്വസ്റ്റ് അയച്ചിരുന്നു. മറ്റുള്ളവര്‍ അവളെ പുകഴ്ത്തുന്നതൊന്നും തനിയ്ക്കിഷ്ടമല്ലായിരുന്നുവെന്ന് ഓര്‍ത്ത് അഭിരൂപ് അസ്വസ്ഥനായി. അവള്‍ എല്ലാം തനിയ്ക്ക് മാത്രം ആസ്വദിയ്ക്കാനായി ചെയ്യണമെന്നായിരുന്നു തന്റെ താല്പര്യം.
താന്‍ സായയെ ഇഷ്ടപ്പെടാതിരുന്നിട്ടില്ലല്ലോ. തനിയ്ക്കെത്ര സ്നേഹമുള്ളതുകൊണ്ടാണ് അവളെത്തന്നെ വേണമെന്നു പറഞ്ഞ് വാശി പിടിച്ചത്. ആ സ്നേഹം തിരിച്ചറിഞ്ഞല്ലേ അവളും സമ്മതിച്ചത്. പിന്നെന്തേ മനസ്സ് മാറാന്‍. ഓരോ ദിവസവും തന്റെ ഇഷ്ടങ്ങള്‍ പറഞ്ഞ് ക്ഷമ ചോദിച്ച് താനെഴുതിയ ഡയറി എന്നും അവള്‍ക്ക് കാണാന്‍ പാകത്തിന് താന്‍ കൊണ്ടുവെയ്ക്കുമായിരുന്നല്ലോ. എന്നിട്ടുമെന്തേ അവള്‍ തന്റെ മനസ്സ് കാണാഞ്ഞത് എന്ന് വല്ലാത്തൊരു വിങ്ങലോടെ അഭിരൂപ് ഓര്‍ത്തു.
“എന്നും ഞാന്‍ നെന്റെ കൂട്യല്ലേ നിന്നിട്ട്ള്ളൂ. കുട്ടിക്കാലം തൊട്ടേ നെന്റെ ദുര്‍വ്വാശിയ്ക്ക് കൂട്ട് നിന്ന് ഞാനാണ് നെന്നെ ഇങ്ങന്യാക്കീത് ന്ന് പറഞ്ഞ് അച്ഛന്‍ എപ്പഴും എന്നെ ചീത്ത പറയും. എന്നിട്ടും ഞാന്‍ നെന്റെ ഭാഗത്തന്നെ നിന്നു. കല്യാണപ്രായായിട്ട്ണ്ടോ നെനക്ക്? ഇപ്പഴേ വേണ്ടാന്ന് എല്ലാരും പറഞ്ഞതല്ലേ? സായയ്ക്ക് നെന്നെക്കാളും അഞ്ചാറു മാസ ത്തെ എളപ്പല്ലേള്ളൂ? ആണിന്റെ ഇരുപത്തിമൂന്ന് വയസ്സും പെണ്ണിന്റെ ഇരുപത്തിമൂന്ന് വയസ്സും ഒരു പോല്യല്ല. അവള്‍ക്ക് നെന്നെക്കാളും പക്വതണ്ട്. അവളെത്ര വേണ്ടാന്നു പറഞ്ഞതാ. പിന്നെ നെന്റെ വാശീം, ഭീഷണീം കണ്ട് അത്രയ്ക്ക് സ്നേഹണ്ട് ന്നു വിചാരിച്ചിട്ടാ അവള് സമ്മതിച്ചത്. പാവല്ലെടാ അവള്? അവളെത്ര നെന്റെ ഇഷ്ടത്തിനനുസരിച്ച് നിന്നിട്ട്ണ്ട്? അമ്മടെ ക്ഷമേം സഹനൊന്നും ഭാര്യടേന്ന് പ്രതീക്ഷിയ്ക്കര്ത്. ഇനി അമ്മേപ്പോലെ ചീത്ത പറയാനും ചെവിയ്ക്ക് പിടിയ്ക്കാന്വൊക്കെ അവളെക്കൊണ്ട് പറ്റ്വോ? അതൂല്യ. ഇക്കാര്യത്തില്‍ എനിയ്ക്ക് നെന്നെ മാത്രേ കുറ്റം പറയാന്‍ ള്ളൂ. എന്നെങ്കില്വൊരു ഉത്തരവാദിത്തം നീ നേരാംവണ്ണം ഏറ്റെടുത്തു ചെയ്തിട്ട്ണ്ടോ? എല്ലാരും നെന്റെ കല്പനേം കേട്ട് ചുറ്റും നിക്കാന്‍ള്ളോരാണോ? കല്യാണോം ദാമ്പത്യോം ഒന്നും കുട്ടിക്കള്യല്ല. സായ എത്ര സ്നേഹംള്ള കുട്ട്യായിര്ന്നു? ഇന്യെന്താ പറഞ്ഞിട്ട് കാര്യം? അനുഭവിയ്ക്കാനും വേണം യോഗം.” കുറ്റമല്ലാതെ മറ്റൊന്നും പറയാനില്ലെന്ന മട്ടില്‍ അമ്മ എപ്പോഴും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. സായ പോയപ്പോള്‍ മകന്‍ ഒറ്റയ്ക്കല്ലേ എന്നു കരുതി വന്നതായിരുന്നു അമ്മ. ഒന്നും പറയാനാകാതെ താന്‍ മിണ്ടാതെ നില്‍ക്കുന്നത് കണ്ടിട്ട് പിന്നെ കരച്ചിലും തുടങ്ങും.
ഇടയ്ക്ക് അച്ഛനെ വിളിച്ചും സങ്കടം പറയുന്നത് കേള്‍ക്കാം. “ദൊക്കെ ഞാന്‍ വെച്ച്ണ്ടാ ക്കണത് ആരക്ക് വേണ്ടീട്ടാ? ഒന്നും കഴിയ്ക്കൂല്ല്യ, മിണ്ടൂല്ല്യ. നിര്‍ബന്ധിച്ചാ കഴിച്ചൂന്ന് വര് ത്തിക്കൂട്ടും. അതും ചെലപ്പോ. ജോലി കഴിഞ്ഞ് വന്നാപ്പിന്നെ ഏതുനേരോം ആ ബാല്‍ക്കണീലങ്ങനിരിയ്ക്കും. രാത്രി മുഴ്വോനേം ചെലപ്പോ അവടെത്തന്ന്യായിരിയ്ക്കും”
പിന്നെപ്പിന്നെ അമ്മ ഒന്നും പറയാതെയായി. എപ്പോഴും ഫോണെടുത്ത് സംസാരിച്ചുകൊണ്ടിരിയ്ക്കുന്നത് കാണാം. അതാണ് നല്ലതെന്ന് തോന്നി. വിഷമിച്ചും കരഞ്ഞും കുറ്റപ്പെടു ത്തിയുമിരിയ്ക്കുന്നതിനേക്കാള്‍ ആരോടെങ്കിലും സംസാരിയ്ക്കുമ്പോള്‍ ശ്രദ്ധ കുറച്ചെങ്കിലും മാറിപ്പോകുമല്ലോ. ബന്ധുക്കളാരോടെങ്കിലുമാകും. ആരെന്നറിയാന്‍ താല്പര്യമൊന്നും തോന്നിയില്ലെങ്കിലും അവരുടെയൊക്കെയിടയില്‍ താന്‍ ഒരു സംസാരവിഷയമാകുമല്ലോ എന്നോർത്തപ്പോള്‍ വിഷമം തോന്നി. “ആ കുട്ടി വിചാരിച്ചാ കാര്യം നടക്ക്വോ? നിയ്ക്ക് വല്യ പ്രതീക്ഷ്യൊന്നും ഇല്ല്യാട്ടോ. മനസ്സ്ണ്ടായിട്ടല്ല. ഇനിപ്പോ അങ്ങന്യൊരു ശ്രമം നടത്തീല്യലോന്നൊരു മനസ്താപം വേണ്ടലോച്ചിട്ടാ. ചെയ്തുനോക്ക്വന്നെ ല്ലേ?” എന്നൊക്കെ ആരോടോ സംസാരിയ്ക്കുന്നത് കേട്ടു. ഇടയ്ക്ക് നിര്‍ത്തലും മൂളലുമൊക്കെയായുള്ള വര്‍ത്തമാനം കേട്ടപ്പോഴേ എന്തോ കാര്യമായൊരു വിഷയമുണ്ടെന്നു തോന്നി.
“അച്ഛനവടെ ഒറ്റയ്ക്കായിട്ട് വല്യ പ്രയാസായിരിയ്ക്ക്ണൂത്രെ. ഇപ്പൊ കൊറേ ദിവസായില്യെ അമ്മ വന്നിട്ട് ? ഇത്രേം ദിവസം അച്ഛനെ പിരിഞ്ഞു നിന്നിട്ട്ല്യ ഇത് വരെ. അച്ഛന് ഞാന്‍ തന്നെ കൂടെണ്ടായാലേ ഒക്കെ ശര്യാവ്ള്ളൂന്ന് നെനക്കറീല്യെ? അമ്മയ്ക്കിനി പോണം.”എന്ന് അമ്മ വന്നു പറഞ്ഞതോടെ വര്‍ത്തമാനം എന്തായിരുന്നുവെന്ന് ബോദ്ധ്യമായി.
“അച്ഛനും അമ്മേം കൂടി കാര്യായൊന്ന് കലഹിയ്ക്കണത് നീയ് കണ്ടിട്ട് ണ്ടോ? അച്ഛന്‍ ന്നെ ചീത്ത പറഞ്ഞിട്ട്ള്ളതൊക്കെ നെന്റെ കാര്യം പറഞ്ഞിട്ടാ. ഇപ്പൊ നിയ്ക്കും തോന്നണത് ഞാനെപ്പഴും നെനക്കരു നിന്നില്യായിരുന്നൂന്ന്വച്ചാ ഈ കഷ്ടപ്പാടൊന്നും വരില്യായിരുന്നൂന്നാ” എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടാണ് അമ്മ പോയത്.
അമ്മ പോയപ്പോള്‍ സങ്കടം തോന്നി, ആശ്വാസവും. ഭക്ഷണമാണ് പ്രശ്നത്തിലായത്. നേരാംവണ്ണം ഒരു ചായയുണ്ടാക്കാന്‍ പോലും അറിയില്ല. “ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡുമൊക്കെ കഴിച്ച് തടി കേടാക്കണ്ട, വാ” എന്നൊക്കെ പറഞ്ഞ് അയലത്തുള്ളവര്‍ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോയി ഭക്ഷണം തരാറുണ്ടെങ്കിലും അവിവാഹിതനായി ഒറ്റയ്ക്കു ജീവിയ്ക്കുന്നവനും ഭാര്യ പിണങ്ങിപ്പോയി ഒറ്റയ്ക്കായവനും തമ്മില്‍ വ്യത്യാസമുണ്ടെന്നു മനസ്സിലായി പലരുടെയും പെരുമാറ്റത്തില്‍ നിന്ന്. സായ അവര്‍ക്കൊക്കെ പ്രിയപ്പെട്ടവളായിരുന്നു. ‘തനിയ്ക്കോ?’ എന്ന് ചിന്തിച്ചപ്പോള്‍ അഭിരൂപിന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി.
3
“എനിയ്ക്കൊന്ന്വറീല്യ എന്റീശ്വരാ, ഒരു സമാധാനോല്യ, ഇപ്പൊ കല്യാണൊന്നും വേണ്ട, പഠിയ്ക്കണം, ജോലി വേണം ന്നൊക്കെ പറഞ്ഞോണ്ടിരുന്ന കുട്ട്യേ ആണലോ നിര്‍ബ്ബന്ധിച്ച് കെട്ടിച്ചത്. ന്ന്ട്ട് അതിന്റെ ജീവിതം ങ്ങന്യായീലോന്നോര്‍ക്കുമ്പോ…” എന്ന് പറഞ്ഞ് കരയുന്ന സായയുടെ അമ്മയെ “എല്ലാം ശരിയാവും അമ്മേ, എനിയ്ക്ക് സായയെപ്പോലെത്തന്നെ അഭിരൂപിനെയും അറിയാമല്ലോ. അവന്‍ എത്ര പാവമായിരുന്നെന്നോ? എന്തോ വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ ഒരു ഗൃഹനാഥനായെന്ന വിചാരം കൊണ്ടോ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നപ്പോഴുണ്ടായ പരിഭ്രമം കൊണ്ടോ മറ്റോ സംഭവിച്ചതാണിത്. പരസ്പരം മനസ്സിലാക്കുന്നതില്‍ വരുന്ന ഒരു കാലതാമസം. അത്രേയുള്ളൂ അമ്മേ, ഇവര്‍ക്ക് പിരിയാനൊന്നുമാകില്ല. അവിടെ അഭിരൂപിന്റെ അവസ്ഥയും ഇതു പോലൊക്കെത്തന്നെ. ഞാനവന്റെ അമ്മയെ വിളിച്ചു സംസാരിയ്ക്കാറുണ്ട്. അമ്മ ഇപ്പോള്‍ തിരിച്ചുവന്നിരിയ്ക്കുന്നു. ഞാന്‍ തിരിച്ചുവരാന്‍ പറഞ്ഞു. അവന്‍ അവിടെ ഒറ്റയ്ക്കാണ്. അവര്‍ക്ക് നല്ല വിഷമമുണ്ട് അവനെ ഒറ്റയ്ക്കാക്കി പോന്നതില്‍. എങ്കിലും അങ്ങനെ ഒറ്റയ്ക്കാവുമ്പോള്‍ ജീവിതത്തിനെപ്പറ്റി ചിന്തിച്ചുകൊള്ളും, അപ്പോള്‍ തീരുമാനങ്ങളിലും മാറ്റമുണ്ടാകാം എന്നു പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. ഞാനവന് മെസേജ് അയയ്ക്കുന്നുണ്ട്. ഇപ്പോള്‍ നേരിട്ടുപോകാന്‍ നിവൃത്തിയില്ലല്ലോ. ഈ ലോക്ക്ഡൌണൊന്നു കഴിയട്ടെ, ഞാന്‍ അഭിരൂപിനെ ചെന്നു കണ്ട് സംസാരിയ്ക്കാം. പക്ഷെ എന്റെ വിചാരം അതുവരെയൊന്നും ഇത് നീണ്ടുനില്‍ക്കില്ല, അവരധികം താമസിയ്ക്കാതെ ഒന്നാകുമെന്നുതന്നെയാണ്.” എന്നൊക്കെ വിസ്തരിച്ചു പറഞ്ഞുകൊണ്ട് അദിതി സമാധാനിപ്പിയ്ക്കാന്‍ ശ്രമിച്ചു.
അടച്ചിട്ട വാതിലിനപ്പുറം അമ്മയും അദിതിയും തമ്മില്‍ എന്തായിരിയ്ക്കും സംസാരിയ്ക്കുന്നതെന്ന് സായ ചിന്തിച്ചതേയില്ല. മേശപ്പുറത്തിരുന്ന കൃഷ്ണപ്രതിമയുടെ മുഖത്ത് സാന്ത്വനത്തിന്റെ ലാഞ്ഛന ആഗ്രഹിച്ചുകൊണ്ട് നോക്കിയിരിയ്ക്കെ അവളുടെ മനസ്സിലാകെ അദിതിയുടെ വാക്കുകളായിരുന്നു. എപ്പോഴും എല്ലാവരും പക്വതയുള്ളവള്‍ എന്ന് പറയുന്ന തന്റെ തീരുമാനത്തില്‍ പിഴവു പറ്റിയോ? അഭി തന്നോടു ചെയ്ത തെറ്റെന്തായിരുന്നു? പെട്ടെന്ന് അവള്‍ക്ക് അഭിയെ കാണണമെന്ന് തോന്നി. അവന്റെ കൈവിരലുകള്‍ പതിയെ നീങ്ങിയടുക്കുന്നതും തന്റെ വിരലുകള്‍ക്കിടയിലൂടെ കടന്നുവന്ന് മുറുകുന്നതായും തോന്നി. അവന്റെ വിരലുകള്‍ക്കെന്തു നീളമായിരുന്നു! “നിന്റെ വിരലുകളും നീണ്ടതല്ലേ? അതാ ഞാന്‍ പറഞ്ഞത് നമ്മള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്ന്” എന്ന് അഭി ഒരിയ്ക്കല്‍ പറഞ്ഞപ്പോള്‍ താന്‍ കളിയാക്കുകയുണ്ടായി. “പിന്നേ, വിരലിന്റെ നീളം നോക്കിയല്ലേ പൊരുത്തം നിശ്ചയിയ്ക്കപ്പെടുന്നത്”
“അതെ, വിരലിന്റെ മാത്രമല്ല, മനസ്സിന്റെയും. ഞാന്‍ നിന്നെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച സമയത്തെല്ലാം നീ എന്റെ മുന്നിലെത്തിയിട്ടുണ്ട്. ആന്വല്‍ ഡേയ്ക്ക് നീ വരില്ല, നൃത്തം ചെയ്യില്ല എന്നുറപ്പിച്ചു പറഞ്ഞിരുന്നില്ലേ? എന്നിട്ടും സമയമായപ്പോള്‍ നീ സ്റ്റേജിലെത്തിയില്ലേ? നിനക്കു തോന്നിയില്ലേ, ആരോ നിന്നോടു പറയുന്നതായിട്ട്, ആ നൃത്തം കാണാന്‍ ഒരാള്‍ വല്ലാതെ ആഗ്രഹിയ്ക്കുന്നുണ്ടെന്ന്? ഇല്ലെങ്കില്‍ ഇല്ലെന്നു പറ” എന്ന് അഭി പറഞ്ഞപ്പോള്‍, ഓര്‍ത്തു നോക്കിയപ്പോള്‍ ശരിയെന്നു തോന്നിപ്പോയി. അഭി അവന്റെ താല്പര്യം അന്ന് തുറന്നുപറഞ്ഞിരുന്നില്ല. തനിയ്ക്കങ്ങനെയൊരു താല്പര്യം ഇല്ലായിരുന്നെങ്കിലും അവനെ ഇഷ്ടമായിരുന്നു. പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നെങ്കിലും അവനെല്ലാവരോടും സ്നേഹമായിരുന്നു. ‘പാവം പെണങ്ങുണ്ണി’ എന്ന് താന്‍ അവനൊരു പേരിട്ടിരുന്ന കാര്യം അവനിപ്പോഴും അറിയില്ല.
“നിനക്കെന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ നിന്റെ മനസ്സിലെ തരംഗങ്ങള്‍ എന്റെ ചിന്തകള്‍ നിനക്ക് പറഞ്ഞു തരുമായിരുന്നു. അന്നെനിയ്ക്ക് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലൈസ്ഡ് ആയി രുന്ന സമയത്ത് നിന്നെ കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടായി. നീ വന്നല്ലോ?” എന്ന് അവന്‍ വീണ്ടും സംഭവങ്ങള്‍ നിരത്തിത്തുടങ്ങിയപ്പോള്‍ തനിയ്ക്കെതിര്‍ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഓരോന്നു പറഞ്ഞ് തന്റെ തോളില്‍ താളമിട്ട് അവന്‍ കാതില്‍ പതുക്കെ മൂളും, “അളിവേണീ, എന്ത് ചെയ്‌വൂ…” ആ താളം പതുക്കെ തന്റെ മനസ്സിലേയ്ക്കും കാലുകളിലേയ്ക്കും പടര്‍ന്നിറങ്ങും. തന്റെ നൃത്തം കണ്ണുനിറയെ കണ്ടുകൊണ്ട് അവനിരിയ്ക്കുന്നത് കാണുന്നതു തന്നെ തനിയ്ക്കൊരാനന്ദമായിരുന്നു.
“ഇപ്പോള്‍ നിന്റെ കണ്ണുകളില്‍ നിറയെ പ്രണയമാണ്, ഞാനതെന്റെ കണ്ണുകള്‍ കൊണ്ട് തുടച്ചെടുക്കട്ടെ” എന്ന് അവന്‍ തന്റെ കണ്ണുകളിലേയ്ക്ക് ആഴത്തില്‍ നോക്കിക്കൊണ്ട് പറയും. സ്നേഹം കൂടുമ്പോഴെല്ലാം അവന്‍ ‘എന്റെ പെണ്ണേ’ എന്ന് വിളിച്ചു കൊണ്ട് തന്നെ ചേര്‍ത്തുപിടിയ്ക്കുമായിരുന്നു. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് പെട്ടെന്ന് ഒരു ശൂന്യത തന്നെ വലയം ചെയ്തിരിയ്ക്കുന്നതായി തോന്നി. ആ ചിലങ്കകളൊന്നു കാണണമെന്ന് മനസ്സ് വല്ലാതൊന്നു മോഹിച്ചതും അപ്പോഴാണ്.
അന്ന് അഭി വലിച്ചെറിഞ്ഞ ശേഷം ചിലങ്കകള്‍ തൊട്ടിട്ടില്ല. പിന്നെ അഭിയ്ക്ക് വേണ്ടി നൃത്തം ചെയ്തിട്ടുമില്ല. അവന്‍ ആവശ്യപ്പെട്ടിട്ടുമില്ല. അവള്‍ അലമാര തുറന്ന് ചിലങ്ക വെച്ച കവര്‍ പുറത്തെടുത്തു. പക്ഷേ അതില്‍ നിന്നും കിട്ടിയത് അഭിയുടെ ഡയറികളായിരുന്നു. അഭി ഒരിയ്ക്കലും അത് അലമാരയില്‍ വെയ്ക്കില്ല. ചിലപ്പോള്‍ അഭിയുടെ മേശപ്പുറത്ത്. ചിലപ്പോള്‍ ബെഡ്റൂമിലെ സൈഡ് ടേബിളില്‍, ചിലപ്പോള്‍ ബാല്‍ക്കണിയില്‍. ‘ഇതിങ്ങനെ ശ്രദ്ധയില്ലാതെ എവിടെയെങ്കിലും വെച്ചാല്‍ പറ്റില്ല. ആധാര്‍ നമ്പര്‍, അക്കൗണ്ട്‌നമ്പര്‍, എ ടി എം കാര്‍ഡിന്റെ പിന്‍, പല പാസ് വേഡുകളടക്കം എഴുതി വെച്ചിട്ടില്ലേ? ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത് മാത്രം പുറത്ത് വെച്ച് പഴയതൊക്കെ എടുത്തുവെയ്ക്കണം’ എന്നു പറഞ്ഞ് താന്‍ തന്നെയാണൊരു കവറിലാക്കി എടുത്തു വെച്ചത്. ഒരിയ്ക്കലും അത് വെറുതെയൊന്നു മറിച്ചുനോക്കിയിട്ടു പോലുമില്ല. മറ്റുള്ളവരുടെ ഡയറി വായിയ്ക്കുന്നത് മോശമല്ലേ എന്നു വിചാരിച്ചു. പക്ഷെ ഇപ്പോള്‍… അഭി അടുത്തിരുന്ന് വിളിയ്ക്കും പോലെ തോന്നുന്നു.
ആദ്യം കൈയിലെടുത്തത് ഒരു പഴയ ഡയറിയായിരുന്നു. രണ്ടു കൊല്ലം മുന്‍പത്തെയാണ്. ഒന്നു മറിച്ചു നോക്കിയപ്പോള്‍ ആദ്യം കണ്ടത് പ്രത്യേകമൊരു ബുക് മാര്‍ക്ക് വെച്ച കുറിപ്പായിരുന്നു. ‘നാളെ സായയുടെ പിറന്നാളാണ്. അവളെ കസവുസാരിയുടുത്ത് കാണണമെന്ന് തോന്നുന്നു. ഇന്ന് പറഞ്ഞാലോ എന്ന് കരുതി, പക്ഷെ പറഞ്ഞില്ല. എന്റെ മോഹങ്ങളേ, ചെന്ന് അവളോടു പറയൂ, നാളെ വരണമെന്ന്, കസവുസാരിയുടുത്തു തന്നെ വരണമെന്ന്’ ഇതെന്താ പെണ്ണുങ്ങളെപ്പോലെ, അഭി ഇങ്ങനെയൊന്നും പറയാറില്ലല്ലോ എന്നാണ് ആദ്യം തോന്നിയത്. അപ്പോള്‍ത്തന്നെ താനന്ന് കസവുസാരിയുടുത്താണ് പോയതെന്നും അഭി തന്നെ കണ്ടപ്പോള്‍ ജയിച്ച മട്ടില്‍ ചിരിച്ചു നിന്നെന്നതും അവളുടെ ഓര്‍മ്മയില്‍ വന്നു. മറ്റൊരു കുറിപ്പെടുത്തു നോക്കിയപ്പോള്‍ തന്റെ ആന്വല്‍ ഡേയിലെ നൃത്തത്തെക്കുറിച്ചാണ്. ‘അവളുടെ നൃത്തം എനിയ്ക്ക് വേണ്ടി മാത്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്ന വാക്യത്തില്‍ സായയുടെ മനസ്സുടക്കി. പിന്നെ കുറേ പേജുകള്‍ ഒന്നുമെഴുതാതെ ഒഴിഞ്ഞു കിടക്കുന്നു. ആ കാലത്തായിരുന്നു അഭിയ്ക്ക് ആക്സിഡന്റ് പറ്റിയത്. വളരെ ക്രിറ്റിക്കലായ ഒരവസ്ഥയിലായിരുന്നു. പേടിയായിരുന്നു കാണാന്‍. കൂട്ടുകാരെല്ലാം പോയിക്കണ്ട് പിന്നെ അവരെല്ലാവരും നിര്‍ബന്ധിച്ചിട്ടും പോയില്ല. പോകാന്‍ വയ്യെന്ന് തോന്നി, പിന്നെ പോകാതിരിയ്ക്കാനും. തന്നെ കണ്ടപ്പോള്‍ അവന്‍ പതിയെ കൈ നീട്ടി തന്റെ വിരല്‍ത്തുമ്പില്‍ തൊട്ടത് അവളോര്‍ത്തു. അവന് മിണ്ടാന്‍ വയ്യായിരുന്നു. ക്ഷീണം കൊണ്ട് മയങ്ങിയ ആ കണ്ണുകള്‍ നനഞ്ഞത് തന്നെ കണ്ടപ്പോള്‍ മാത്രമായിരുന്നുവത്രേ. ‘ഇന്നവള്‍ വന്നു. വന്നില്ലെങ്കിലോ എന്ന് പേടിയുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പ്രതീക്ഷയ്ക്ക് വകയില്ല എന്നു പറഞ്ഞ തൊക്കെ എനിയ്ക്ക് കേള്‍ക്കാനുണ്ടായിരുന്നു. എന്റെ കണ്ണില്‍ പതിയുന്ന അവസാനത്തെ കാഴ്ച അവളുടെ രൂപമായിരിയ്ക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷെ ഇപ്പോള്‍ തോന്നുന്നു അവള്‍ വന്നത് കൊണ്ടായിരിയ്ക്കാം ജീവിതം എന്നെ തിരിച്ചുവിളിച്ചതെന്ന്’ എന്നൊരു കുറിപ്പ് ഇടയിലൊരു ദിവസം എഴുതിയത് അവള്‍ കണ്ടു. ആ ദിവസം ഓര്‍ത്തു വെച്ച് പിന്നീടെപ്പോഴോ എഴുതിയതാണ്. അന്നേ അവന്റെ മനസ്സില്‍ താനിത്രയും ഇടം പിടിച്ചിരുന്നുവല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെ ഉള്ളു നീറി. ‘ഇന്ന് അവസാനത്തെ ദിവസമായിരുന്നു. ഇനി ഓരോരുത്തരും തമ്മില്‍ കാണുമോ എന്നുപോലുമറിയില്ല. സായ എല്ലാവരോടും സംസാരിയ്ക്കുന്ന തിരക്കിലായിരുന്നു. ഒറ്റയ്ക്കൊന്നു കാണാനോ മിണ്ടാനോ കഴിഞ്ഞില്ല. ഇതുവരെയും തുറന്നുപറയാന്‍ കഴിഞ്ഞില്ല. ഇനി എന്ന്… ?’ എന്നൊരു കുറിപ്പ് അവന്റെ അക്കാലത്തെ അസ്വസ്ഥതയ്ക്ക് മുഴുവന്‍ താനായിരുന്നു കാരണക്കാരി എന്നവള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. താനെന്തെങ്കിലും പറയുമ്പോഴൊക്കെ അവനു പ്രത്യേകമായുണ്ടായിരുന്ന പരിഭവത്തിനും, ദേഷ്യത്തിനും, സങ്കടത്തിനുമൊക്കെ ഇതായിരുന്നു കാരണമെന്നിപ്പോഴാണ് മനസ്സിലാവുന്നത്. ഒരിയ്ക്കലെന്തോ പറഞ്ഞതിന് മാറിനിന്നു കണ്ണുതുടയ്ക്കുന്നതും പിന്നെ ഒരു ധിക്കാരിയെപ്പോലെ തിരിച്ചുവന്ന് ബലം പിടിച്ചിരുന്നതുമൊക്കെ ഓര്‍മ്മ വന്നു. ‘പാവം പെണങ്ങുണ്ണി’ എന്ന് ചിന്തിച്ചുകൊണ്ട് അന്ന് താന്‍ തന്റെ വായാടിത്തത്തെ ശപിച്ചിട്ടുണ്ട്. പിന്നെയും പല ദിവസങ്ങള്‍… കുറിപ്പുകള്‍… ജോലി കിട്ടിയ സന്തോഷം, പ്രൊപ്പോസല്‍, വീട്ടുകാരുടെ എതിര്‍പ്പ്, തന്റെ എതിര്‍പ്പ്, നിരാശ – ഇങ്ങനെ ഇക്കഴിഞ്ഞ കുറച്ചു കാലം അഭി തന്നെപ്പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ എന്ന് സായയ്ക്ക് തോന്നി.
വിവാഹശേഷമുള്ള ഡയറിയില്‍ കടലിനെക്കുറിച്ചെഴുതിയിരിയ്ക്കുന്നു. ‘സായയെ കണ്ട ശേഷമാണ് കടല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അവളുടെ കണ്ണുകളും, നീളന്‍ മുടിയും, വാചാലതയും, ഉത്സാഹവുമൊക്കെ കാണുമ്പോള്‍ അവളൊരു കടല്‍ തന്നെയാണെന്ന് തോന്നിപ്പോകും. ഒരു ദിവസം പോകണം, അവളെയും കൊണ്ട്… കടല്‍ കാണാന്‍… ഒരു കടലങ്ങനെ എന്റെ കൈയിലൊതുക്കിപ്പിടിച്ചുകൊണ്ട് മറ്റൊരു കടല്‍ കാണണം. ’
ആ കടല്‍യാത്ര അവളോര്‍ത്തു. അഭി വല്ലാത്ത ആവേശത്തിലായിരുന്നു. കയറിവന്ന് കാല്‍ നനച്ച് തിരിച്ചുപോയി വീണ്ടും വാശിയോടെ തിരിച്ചുവരുന്ന തിരകളെ നോക്കിക്കൊ ണ്ട് അവന്‍ തന്നെ ചേർത്തുപിടിച്ച് ചോദിച്ചു. “ഇഷ്ടമല്ലേ, കടല്‍?” “ഇഷ്ടമാണല്ലോ” എന്ന് പറഞ്ഞുവെങ്കിലും “പിന്നെന്താ നിന്റെ മുഖത്തൊരു സന്തോഷമില്ലാത്തത്?” എന്നാ യി അഭി. “ഇഷ്ടമൊക്കെയുണ്ട്. പക്ഷെ കൂടുതലിഷ്ടം പുഴയാണ്. പുഴവെള്ളത്തിന്റെ തണുപ്പ് കാലിലൊന്നു തൊട്ടാല്‍ മതി അത് ശരീരത്തിലെന്നല്ല, ആത്മാവിലേയ്ക്ക് കൂടി പടര്‍ന്നു കേറും. ആഴം കുറഞ്ഞയിടങ്ങളിലൂടെ നടക്കുമ്പോഴുണ്ടല്ലോ താഴെ മണലും ഉരുളന്‍കല്ലുകളും കാണാം. ചെറിയ മീനുകള്‍ കാലില്‍ വന്നു മുട്ടിയുരുമ്മും. കാലിന്നിടയിലൂടെ വെള്ളമങ്ങനെ പതുക്കെ ഒഴുകിപ്പോകുമ്പോള്‍ മനസ്സില്‍ മോഹങ്ങളങ്ങനെയിരുന്ന് തഴുകുന്നതു പോലെ തോന്നും. ഒറ്റയ്ക്ക് പുഴക്കരയില്‍ കാലുകളില്‍ ഓളങ്ങളുടെ ലാളനയുമേറ്റിരിയ്ക്കുമ്പോള്‍ പുഴ നമ്മളോടു സംസാരിയ്ക്കും.” അഭി ഒന്നും ശ്രദ്ധിച്ചിരുന്നില്ലേ? എന്തോ ചിന്തിച്ചെന്ന പോലെ നിൽക്കുകയായിരുന്നു. താന്‍ പറഞ്ഞുകൊണ്ടേയിരുന്നു. “പിന്നെ കുളക്കരയിലെ അമ്പലം, കുളിയ്ക്കാനും അലക്കാനുമൊക്കെ വരുന്നവരുടെ വര്‍ത്തമാനം – അവിടെയൊരു ജീവിതമുണ്ട്. വിജനമായിരിയ്ക്കുമ്പോള്‍ പുഴയൊരു കവിതയാണ്, അല്ലാത്തപ്പോള്‍ ജീവിതവും. കടലിന് സൌന്ദര്യമുണ്ടെങ്കിലും ഈ ഉപ്പുവെള്ളത്തിന്റെ തണുപ്പ് എന്റെ മനസ്സിനെ തൊടാറില്ല. കടലിന് ഒഴുക്കില്ലല്ലോ, അലകളല്ലേയുള്ളൂ. ഒഴുകണം –മനസ്സും, ജീവിതവും. നിലയ്ക്കാത്ത അലകള്‍ കാണുമ്പോള്‍ എന്റെ മനസ്സിലെന്തോ വല്ലാത്ത അസ്വസ്ഥതയാണ് തോന്നുക. കടല്‍ത്തിരകള്‍ കാലിലൂടെ ഒഴുകിപ്പോകുമ്പോള്‍ കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്ന ഒരു നടുക്കമാണ് ഉണ്ടാകാറുള്ളത്.” എന്ന് താന്‍ ചേര്‍ന്നുനിന്ന് പറഞ്ഞപ്പോള്‍ അഭി തന്നെ ഒന്നുകൂടി മുറുകെ പിടിച്ച് “പക്ഷെ, എന്റെ പെണ്ണേ, എനിയ്ക്ക് കടലിനോട് അടങ്ങാത്ത ഇഷ്ടമാണ്. അതിന്റെ ഗഹനതയും, നിഗൂഢതയും, ശാന്തതയും, ഓര്‍ക്കാപ്പുറത്തെ പ്രക്ഷുബ്ധതയും, തിരമാലകളുടെ വാശിയും ഒക്കെ എനിയ്ക്ക് വല്ലാത്ത ഇഷ്ടമാണ്.” എന്ന് പറഞ്ഞുകൊണ്ടിരിയ്ക്കെ അവന്റെ കൈകള്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. കടല്‍ക്കരയിലെ വിജനതയും, ആ പാതിരാവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവന്റെ ഹൃദയത്തുടിപ്പുകള്‍ ആ അലകളുടെ ശബ്ദത്തേക്കാള്‍ ഉയര്‍ന്നു കേള്‍ക്കുന്നതായി തോന്നിയപ്പോള്‍ താന്‍ അസ്വസ്ഥതയോടെ കിതച്ചു. കടല്‍ക്കാറ്റില്‍ പറക്കുന്ന തന്റെ മുടിയിഴകളിലൂടെ അവന്‍ വിരലോടിച്ചങ്ങനെ നിന്നപ്പോള്‍ എപ്പോഴോ തങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ ശാന്തമായതും അവളോര്‍ത്തു… കൈയിലിരുന്ന ഡയറിയുടെ താളുകള്‍ വിറച്ചപ്പോള്‍… അപ്പോഴാണ് അവളുടെ മനസ്സില്‍ നിലയ്ക്കാത്ത അലകള്‍ ആര്‍ത്താര്‍ത്തിരമ്പിയത്.
പ്രൊജക്റ്റ് ശരിയ്ക്ക് ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത വിഷമം, ചിലങ്കകള്‍ വലിച്ചെറിഞ്ഞ തിന്റെ സങ്കടം, ജോലി ചെയ്യുകയാണെങ്കില്‍ തനിയ്ക്കനുഭവിയ്ക്കേണ്ടി വരുന്ന പ്രയാസങ്ങളോര്‍ത്തുള്ള വേവലാതി, താനെപ്പോഴും കൂടെയിരിയ്ക്കാത്തതിന്റെ പരാതി, തന്നെ ആര്‍ക്കും ഒരു മുല്ലവള്ളിയ്ക്ക് പോലും അല്‍പനേരം വിട്ടു കൊടുക്കാനാവാത്ത സ്വാര്‍ത്ഥത, അവന്റെ അസ്വസ്ഥതകള്‍ തന്നോടു പറഞ്ഞാല്‍ തനിയ്ക്ക് വിഷമമാകുമെന്ന ഭയം – അങ്ങനെ പലതും ആ താളുകള്‍ പരിഭവിച്ചും, കണ്ണ് നിറഞ്ഞും, വിതുമ്പിയും അവളോടു പറഞ്ഞു. രാത്രി ഏറെ വൈകി വീടിനു പിന്നില്‍ പവിഴമല്ലിത്തറയില്‍ ചെന്നിരുന്നപ്പോള്‍ ഉതിര്‍ന്നു വീണ പവിഴമല്ലിപ്പൂക്കള്‍ അവളോടു ചോദിച്ചു , “ഇപ്പോഴെന്താ മനസ്സില്‍?” പെട്ടെന്ന് അവൾക്ക് അഭിയുടെ നീണ്ട വിരലുകള്‍ തന്റെ മനസ്സില്‍ ‘ഞാന്‍ കാത്തിരിയ്ക്കുന്നു’ എന്ന് താളമിടുന്നതായി തോന്നി. ബാല്‍ക്കണിയില്‍ തന്റെ മുല്ലവള്ളിയുടെയടുത്ത് അഭി തന്നെക്കുറിച്ച്, തന്നെ മാത്രം കുറിച്ച് ചിന്തിച്ചിരിയ്ക്കുന്നുണ്ടെന്ന് അവള്‍ക്ക് ആ നിമിഷം സംശയമല്ല, ഉറപ്പു തന്നെയുണ്ടായി.
4
“സായാ, നമുക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് സന്തോഷത്തോടെ വിവാഹ ത്തിനൊരുങ്ങാന്‍ കഴിയുക” അദിതി സ്വന്തം കാര്യം തന്നെ ഉദാഹരണമാക്കിക്കൊണ്ട് പറഞ്ഞു. “ദുശ്ശീലങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ ഞാന്‍ സഹിയ്ക്കുമായിരുന്നു. എത്ര വേദനിയ്ക്കാനും ഞാന്‍ തയ്യാറായിരുന്നു, ഭാര്യയെന്ന നിലയ്ക്ക് അയാള്‍ എന്നെ മാത്രമേ കണ്ടിരുന്നുള്ളൂ എങ്കില്‍. പക്ഷെ അയാള്‍ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഡൈവോഴ്സാകാമെന്നു വെച്ചത്. രണ്ടാമതൊരു വിവാഹം എനിയ്ക്ക് പേടിയായിരുന്നു. വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിക്കൊടുത്തെന്നേയുള്ളൂ. ഇന്നെനിയ്ക്ക് സന്തോഷം മാത്രമേയുള്ളൂ. പക്ഷെ കഴിഞ്ഞതൊന്നും മറക്കാന്‍ എനിയ്ക്കായിട്ടില്ല, കഴിയുമെന്ന് തോന്നുന്നുമില്ല. ആ ഓര്‍മ്മകള്‍ ഇടയ്ക്ക് മനസ്സിലേയ്ക്ക് കയറി വരുമ്പോഴുള്ള പിടച്ചില്‍…” എന്നുപറഞ്ഞുകൊണ്ട് അദിതി ചോദിച്ചു,
“അഭിരൂപിനത്രത്തോളം കുഴപ്പമൊന്നുമില്ലല്ലോ? നിന്നെയല്ലാതെ മറ്റാരെയെങ്കിലും അവനിഷ്ടപ്പെടുമോ?” സായയ്ക്കതിനും മറുപടിയുണ്ടായിരുന്നില്ല. അവളൊന്നും പറയാതെ മുറിയില്‍ കയറി വാതില്‍ ചാരിയപ്പോള്‍ അദിതി വല്ലാത്തൊരു വിഷമത്തോടെ “അവളൊന്നു കരയുന്നുമില്ലല്ലോ അമ്മേ” എന്ന് ചോദിച്ചു.
“അവളങ്ങനെ കരയണ മട്ടൊന്ന്വല്ല. കുട്ട്യാവ്മ്പഴേ അങ്ങന്യാ. എത്ര വേദനിച്ചാലും കരയില്യ. ഇങ്ങന്യൊരു കുട്ടി” എന്ന് അമ്മ പറയുന്നത് കേട്ടു. അതാണെല്ലാ വരുടെയും ധാരണ. കരയാത്ത ജന്മം! അതുകൊണ്ടാര്‍ക്കും എത്ര വേദനിപ്പിയ്ക്കാനും ഒരു മടിയുമില്ല. കരയുന്നത് മനസ്സല്ലേ? അകത്തേയ്ക്കൊഴുകിവീഴുന്ന കണ്ണീരില്‍ അതങ്ങനെ നീറി നീറി… ആരുമറിയില്ല. ഒരു കടല്‍ മനസ്സിലാകെ നിറഞ്ഞ് അലയടിച്ച് ആര്‍ത്തിരമ്പി ഞരമ്പുകള്‍ വലിഞ്ഞുമുറുകി, ഹൃദയം നൊന്ത്, മനസ്സ് വേദനിയ്ക്കുന്നല്ലോ എന്ന് അലറിവിളിയ്ക്കുമ്പോഴും കണ്ണുകള്‍ വരണ്ടിരിയ്ക്കും. പക്ഷെ ഇപ്പോഴെന്തോ താന്‍ കരഞ്ഞുപോകുമെന്നു സായയ്ക്ക് തോന്നി. അഭിയ്ക്ക് നിസ്സാരകാര്യം മതി കണ്ണ് നിറയാന്‍. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതിന്റെ തണുപ്പ് പെട്ടെന്ന് അവള്‍ക്ക് തന്റെ കണ്ണുകളിലും കവിളുകളിലും അനുഭവപ്പെട്ടു.
ആ സമയത്താണ് അവളുടെ ഫോണൊന്ന് പ്രകാശിച്ചത്. ഒരു മെസേജ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ്. താല്പര്യമൊന്നുമുണ്ടായില്ലെങ്കിലും എന്തോ പതിവിനു വിപരീതമായതൊന്നു നോക്കാന്‍ തോന്നി. “ഏയ്, എന്താ മിണ്ടാത്തത്?” എന്നൊരു ചോദ്യമായിരുന്നു അത്. അഭിയല്ലാതെ മറ്റാരും അങ്ങനെ ചോദിയ്ക്കില്ലെന്ന നടുക്കത്തില്‍ നില്‍ക്കുന്ന സായയുടെ മുന്നിലേയ്ക്ക് ചാരിയ വാതില്‍ തുറന്ന് കടന്നുവന്ന അദിതി ആ നില്പ് കണ്ട് സംശയിച്ച് മെസേജ് വായിച്ചു നോക്കി. “അഭി, അല്ലേ?” എന്ന് സായയോട് ചോദിച്ചു. മറുപടിയ്ക്ക് കാക്കാതെ ഒരു പുഞ്ചിരിയോടെ പോകുകയും ചെയ്തു. നോക്കിയപ്പോള്‍ തന്റെ കൃഷ്ണന്റെ മുഖത്തും ഒരു കള്ളച്ചിരിയുണ്ടോയെന്ന് അവള്‍ക്ക് സംശയം തോന്നി. ഒരഞ്ചുമിനിറ്റിനുള്ളില്‍ സായയ്ക്ക് “വാട്സ്ആപ്പ് നോക്കൂ” എന്നൊരു മെസേജ് കൂടി കിട്ടി. റീചാര്‍ജ് ചെയ്തിരിയ്ക്കുന്നു. വാട്സ്ആപ്പ് എടുത്തതോടെ ആ പുതിയ നമ്പറില്‍ നിന്ന് ഒരുപാടു സന്ദേശങ്ങള്‍ അവള്‍ കണ്ടു. ആ നമ്പര്‍ അഭിയുടെ പേരില്‍ സേവ് ചെയ്തതോടെ പ്രൊഫൈല്‍ ഫോട്ടോ തെളിഞ്ഞു. അഭിയുടെ വീടിനടുത്തുള്ള പുഴക്കരയില്‍ ഇരുവരുമിരിയ്ക്കുന്ന ഫോട്ടോ. അഭിയെടുത്ത ഒരു സെൽഫിയായിരുന്നു അത്. ആ നിറഞ്ഞൊഴുകുന്ന പുഴ തന്റെ മനസ്സിലേയ്ക്കേന്തിയതുപോലെ ഒരു തോന്നലില്‍ അവളാ സന്ദേശങ്ങള്‍ വായിച്ചു തുടങ്ങി. കുറേ ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയിരിയ്ക്കുന്നു. “സുഖമല്ലേ?” എന്നൊരു ചോദ്യത്തിലാണ് തുടക്കം.
“വെറുതെയിരിപ്പല്ലേ, എന്തെങ്കിലും എഴുതി അയയ്ക്കൂ. വെറുതെ വായിയ്ക്കുകയെങ്കി ലും ചെയ്യാമല്ലോ?” തന്റെ മറുപടി കാണാഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് വീണ്ടുമെഴുതിയിരിയ്ക്കുന്നു. “ജോലിയൊക്കെ ഇപ്പൊ വീട്ടിലിരുന്നാണ്. അടുക്കളപ്പണിയും ഒരുവിധം പഠിച്ചു. അമ്മ ഒന്നരമാസം ഇവിടെയുണ്ടായിരുന്നു. ലോക്ക് ഡൌണിനു മുന്‍പേ പോയി. അമ്മയില്ലാഞ്ഞിട്ട് അച്ഛന്‍ അവിടെ കലാപം തുടങ്ങി. വേറിട്ടു നിന്നാല്‍ രണ്ടു പേര്‍ക്കും ഒരു സമാധാനവും ഉണ്ടാകില്ല അല്ലേ?”എന്ന് അഭി ആരെക്കുറിച്ചെന്നില്ലാതെ എഴുതിയിരിയ്ക്കുന്നു. ചില ദിവസങ്ങളില്‍ ‘എഫ് ബി നോക്കൂ’ എന്ന് മാത്രമേ ഉണ്ടാകൂ. അടുക്കളത്തോട്ടമായിരിയ്ക്കും പ്രധാനമായും. “ഒന്നും നഷ്ട പ്പെട്ടിട്ടില്ലാട്ടോ” എന്ന് വാട്സ് ആപ്പില്‍ എഴുതുകയും ചെയ്യും. ‘രാത്രി വിരിയുന്ന വെളുത്ത പൂക്കള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കു വേണ്ടി ഇന്ന് നട്ട നിശാഗന്ധി’ എന്ന പരിചയപ്പെടുത്തലോടെ ഒരു ഫോട്ടോ കണ്ടു. അന്നേ ദിവസം വാട്സ് ആപ്പില്‍ ഒരു മെസ്സേജും, “എന്റെ പെണ്ണിന്റെ പിറന്നാളിന് ഞാനൊരു നിശാഗന്ധി നട്ടിട്ട്ണ്ട് ട്ടോ. നീയെന്റെ പിറന്നാളിന് നട്ട ചെമ്പരത്തിയില്‍ ഇപ്പോള്‍ നിറയെ പൂക്കള്‍” – അത് കണ്ടിരുന്നു, എഫ് ബിയില്‍ കൊടുത്തത്. “ആരക്തമിഴികളിലൊന്നു തൊട്ടെന്നാല്‍ താനേയുയരും ആത്മഹര്‍ഷത്തിന്റെ സങ്കീർത്തനങ്ങള്‍” എന്ന വരികളുടെ അകമ്പടിയുമുണ്ട്. “പൊട്ടക്കവിത! എന്തെങ്കിലുമെഴുതുകയാണെങ്കില് അതൊരു പുസ്തകത്തിലെഴുതി വെച്ചു കൂടെ? ഇതോരോ കടലാസുകഷണത്തിലെഴുതി അതീ മേശപ്പുറത്തിടും, മെനക്കെടുത്താന്‍” എന്ന് അഭി എപ്പോഴും ദേഷ്യപ്പെടാറുള്ളതായിരുന്നു. അപ്പോള്‍ അതൊക്കെ എടുത്തു സൂക്ഷിച്ചുവെച്ചിരുന്നു! ഓരോ വിശേഷദിവസത്തിന്റെയും പേരില്‍ താനോരോ ചെടികള്‍ വെച്ചിരുന്നു. അന്നൊന്നും അഭി എത്ര വിളിച്ചാലും കൂടെ വരില്ല. “നിനക്കെല്ലാ ദിവസവും വിശേഷദിവസമല്ലേ? എനിയ്ക്ക് വേറെ പണിയുണ്ട്.” എന്നൊരു താല്പര്യവുമില്ലാത്ത മട്ടില്‍ പറഞ്ഞൊഴിയും.
“വിഷുവിന് ഞാനൊരു കൊന്നത്തൈ നട്ടിട്ടുണ്ട് ട്ടോ. ഇപ്രാവശ്യത്തെ വിഷു കൊറോണ കൊണ്ടുപോയില്ലേ? എങ്കിലും ഞാന്‍ നെറ്റ് നോക്കി വിവരങ്ങളൊക്കെ സമ്പാദിച്ച് കണിയൊരുക്കി. പാകത്തിനൊരു വെള്ളരിയുണ്ടാവുകയും ചെയ്തു.” എന്നൊക്കെ വിഷുവിശേഷങ്ങള്‍ എഴുതിയതിനു താഴെ അനുബന്ധമായി ‘അദിതി വെള്ളരിയെപ്പറ്റി പറഞ്ഞത് ഓര്‍മ്മ യുണ്ടോ?’ എന്നൊരു ചോദ്യവും. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിഷു. ‘നിന്റെ ആദ്യത്തെ വിഷുവിനു സദ്യയുണ്ണാന്‍ ഞാന്‍ വരും’ എന്നു പറഞ്ഞ് കുടുംബസമേതം എത്തിയിരുന്നു അദിതി. അന്ന് കണിവെച്ചിരുന്ന വെള്ളരി നോക്കി ‘അടുത്ത വിഷുവാകുമ്പോഴേയ്ക്കും ഈ കണിവെള്ളരി പോലൊന്ന് നിന്റെ മടിയിലുണ്ടാകണം’എന്ന് അവള്‍ പറഞ്ഞത് അഭിയും കേട്ടിരുന്നു.
വായിച്ചുകൊണ്ടിരിയ്ക്കെ അഭി എന്തോ എഴുതും പോലെ തോന്നി. “എന്തെങ്കിലുമൊന്നു പറയെടോ” എന്ന് തെളിഞ്ഞപ്പോള്‍ എന്തെഴുതണമെന്നറിയാതെ അവള്‍ കുഴങ്ങി. “ഇതാ, നിന്റെ ഇത്തിരിക്കുഞ്ഞന്‍” എന്നൊരു വരിയുടെ കൂടെ ഫോട്ടോ. കറിവേപ്പിന്റെ ചാഞ്ഞ കൊമ്പില്‍ വാലുമുയര്‍ത്തിപ്പിടിച്ചിരിയ്ക്കുന്ന അണ്ണാന്‍കുഞ്ഞ്. ആളൊന്ന് വലുതായിട്ടുണ്ടല്ലോ എന്നു തോന്നി. “നീയെന്റെ ഡയറിയൊന്നും വായിച്ചിരുന്നില്ലേ?” എന്തോ ഓര്‍ത്തെടു ത്തിട്ടെന്ന പോലെ അഭി ചോദിച്ചു. “ഇല്ല അല്ലേ? എന്തേ?” മറുപടി കാണാഞ്ഞപ്പോള്‍ അഭിയ്ക്ക് മനസ്സിലായി വായിച്ചിട്ടില്ലെന്ന്. “മറ്റുള്ളവരുടെ ഡയറി എങ്ങനെ വായിയ്ക്കുമെ ന്ന് കരുതി” എന്ന സായയുടെ വാക്കുകള്‍ അഭിയെ വല്ലാതെ വേദനിപ്പിച്ചു എന്ന് അവള്‍ ക്കും മനസ്സിലായി, “ഞാന്‍ അന്യനാണോ?” എന്ന ചോദ്യം കണ്ടപ്പോള്‍.
“സായാ, ഇന്നലെ രാത്രി മഴ പെയ്തല്ലോ. ആര്‍ദ്രമായൊരു ഗാനം പോലെ. രാത്രി മുഴു വന്‍ ആ പാട്ട് കൂട്ടിനുണ്ടായിരുന്നു. നീയെവിടെ എന്ന് അന്വേഷിയ്ക്കുകയാണെന്നു തോന്നി. പിന്നെ പിണങ്ങിപ്പോയി. ഇപ്പോള്‍ ഇവിടെ ചുറ്റും പ്രണയം പെയ്തു കിടപ്പുണ്ട്, നടുക്ക് ഞാനൊറ്റയ്ക്കും” അഭിയുടെ മെസേജ് കണ്ടപ്പോള്‍ സായയ്ക്ക് തോന്നിയത് ഇവനിപ്പോള്‍ പഴയ അഭിയായല്ലോ എന്നാണ്. പണ്ട് അവനങ്ങനെയായിരുന്നു. എന്ത് മിണ്ടിയാലും കവിത പോലെ. പക്ഷേ… പിന്നീടുണ്ടായ മാറ്റം… ഒരിയ്ക്കല്‍ രാത്രി ഇങ്ങനെയൊരു മഴ പെയ്തപ്പോള്‍ താന്‍ സന്തോഷിയ്ക്കുന്നതു കണ്ട് അഭിയ്ക്ക് ദേഷ്യം വന്നു.
“നാളെ റോഡ് നിറയെ ചെളിവെള്ളമായിരിയ്ക്കും. ഓഫീസില്‍ പോയി വന്നാല്‍ കാറ് കഴുകാനുള്ള നേരമേ കാണൂ, മനുഷ്യനെ മെനക്കെടുത്താന്‍ ഒരു മഴ.” അഭി ഇപ്പോള്‍ ഒരു മടക്കയാത്ര നടത്തുകയാണ് എന്ന് അവൾക്കു തോന്നി.
“മിണ്ടുവാനൊരു വാക്ക് കൂട്ടു വന്നില്ല, മിണ്ടുവാന്‍ വാക്കൊന്നു പറയുന്നുമില്ല അക്ഷരത്തുള്ളിയെന്‍ ചിപ്പിയില്‍ വീണത് വാക്കായി മാറുവാന്‍ കാതോര്‍ത്തിരിയ്ക്കട്ടെ” വിരസമായൊരു ദിവസത്തിന്റെ ഓര്‍മ്മയ്ക്കെന്ന പേരില്‍ അഭി പോസ്റ്റ് ചെയ്ത, വെള്ള ത്തില്‍ വീണ് പകുതി മുങ്ങിക്കിടക്കുന്ന ഒരു പൂവിന്റെ ചിത്രത്തിനായി അടിക്കുറിപ്പായി കൊടുത്ത വരികള്‍ ! ‘കൊറോണക്കാലത്ത് ഇതാണല്ലേ പണി?’ എന്ന ഏതോ സുഹൃത്തിന്റെ ചോദ്യത്തിന് ‘ഇതെന്റേതല്ല, എന്റെ നല്ലപാതിയുടേതാ, എന്ന് വെച്ചാല്‍ ഞാന്‍ ചീത്തപാതി അല്ലേ?’ എന്നൊരു മറുപടിയും കമന്റുകളുടെ കൂട്ടത്തില്‍ കണ്ടു. പലപ്പോഴും ഓരോ കുറിപ്പിന്റെയും അവസാനം അഭി ഒരു ചിരിയടയാളം കൊടുക്കുന്നുണ്ട്. ആ അടയാളങ്ങള്‍ ചിരിയുടേതല്ല ഉള്ളുനീറുന്ന കരച്ചിലിന്റേതാണെന്ന് അത് കാണുമ്പോഴുണ്ടാകുന്ന നീറ്റലില്‍ സായ സ്വയമറിഞ്ഞുകൊണ്ടിരുന്നു.
“എന്റെ പെണ്ണേ നിന്റെ പേരറിയാക്കിളി ഇപ്പോള്‍ എന്റേയും കൂട്ടുകാരിയായി” എന്നു കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഒരു വാലാട്ടിക്കിളി എപ്പോഴും തൊടിയില്‍ വരാറുണ്ടായിരുന്നു. പക്ഷെ ആളുണ്ടെന്നറിഞ്ഞാല്‍ അടുത്ത് വരില്ല. മണ്‍ ചട്ടിയില്‍ വെള്ളം നിറച്ച് ഒരു ചിരട്ടയില്‍ കുറച്ച് ഗോതമ്പുമണികളും വെച്ച് താന്‍ ഒളിച്ചിരിയ്ക്കും. കിളി ആരും അടുത്തില്ലെന്നുറപ്പായാല്‍ വന്ന് ഗോതമ്പുമണികള്‍ തിന്നുകയും വെള്ളം കുടിയ്ക്കുകയും കളിയ്ക്കുകയുമൊക്കെ ചെയ്യും. ആളെ കണ്ടാലപ്പോള്‍ പറക്കും. പതുക്കെ പതുക്കെ താനും കിളിയും ചങ്ങാത്തത്തിലായി. എന്തു പക്ഷിയാണെന്ന് തനിയ്ക്കറിയില്ല. അതു കൊണ്ട് പേരറിയാക്കിളി എന്നു പേരിട്ടു. അങ്ങനെത്തന്നെ വിളിയ്ക്കുകയും ചെയ്യും. മനസ്സിലായി ട്ടെന്ന പോലെ അത് തല ചെരിച്ചു നോക്കും, എന്നിട്ട് ചിറകടിയ്ക്കും. ‘നമ്മള്‍ ചിരിയ്ക്കുന്നതിനു പകരമാണ് അത് ചിറകടിയ്ക്കുന്നത്’ താന്‍ പറയുമ്പോള്‍ ‘നിന്റെ നേരം ഇതിനൊക്കെ കളയാനുള്ളതാണല്ലോ’ എന്നു പറഞ്ഞ് അഭി ദേഷ്യപ്പെടുമായിരുന്നു. എങ്കിലും തന്നെ തെരഞ്ഞെത്തിയ കൂട്ടുകാരിയെ ഉപേക്ഷിയ്ക്കാന്‍ അഭിയ്ക്ക് കഴിഞ്ഞില്ലല്ലോ എന്ന സന്തോഷത്തോടെ അഭിയുടെ കൈത്തണ്ടയിലിരുന്ന് ചെരിഞ്ഞുനോക്കുന്ന കിളിയെ സായ കൌതുകത്തോടെ നോക്കി. “നിന്നെയാണ് സായ, ഈ വാലാട്ടി നോക്കുന്നത്. നീ കൂടെയുണ്ടായിരുന്നെങ്കില്‍ ഈ സെല്‍ഫി ഇപ്പോള്‍ ഒരു ഫാമിലി ഫോട്ടോ ആയേനെ. നീയും ഞാനും നമ്മുടെ കിളിയും…” എന്നൊരു മെസേജ് വന്നപ്പോള്‍ പെട്ടെന്ന് സായയുടെ മുഖം മ്ലാനമായി. അറിയാതെ അയച്ചുപോയ മെസേജിനെക്കുറിച്ചോര്‍ത്തപ്പോള്‍ അഭിയുടെയും – ഇനി അങ്ങനെ സംഭവിയ്ക്കില്ലല്ലോ…
“ഇതു കണ്ടോ, നിന്നെ ഓര്‍ത്തിട്ടായിരിയ്ക്കും ഇവളിപ്പോഴും ഇങ്ങനെ പൂക്കുന്നത്?” അഭി തന്റെ പ്രിയപ്പെട്ടവളുടെ ഫോട്ടോ അയച്ചപ്പോള്‍ സായയുടെ സന്തോഷത്തിനതിരില്ലാതായി. ആ വള്ളിച്ചെടി അദിതി സമ്മാനിച്ചതായിരുന്നു. അതിന്റെ പേര് അദിതിയ്ക്കുമറിയില്ലായിരുന്നു. “ഒരു വീട്ടില്‍ കണ്ടതാ. നീ സസ്യപ്രേമിയല്ലേ? നിന്റെ ഹരിതവല്‍ക്കരണത്തില്‍ പങ്കാളിയാകാമെന്നു കരുതി ഞാന്‍ ഇരന്നു വാങ്ങിക്കൊണ്ടു വന്നതാ” അങ്ങനെ ഒരു പേരറിയാച്ചെടിയുമായി! സായ അതിനുകൊടുത്ത പേര് പ്രിയംവദ എന്നായിരുന്നു. ഇടയ്ക്കതിനോടു സല്ലപിച്ചിരിയ്ക്കുന്നതു കാണാം. “ആരെങ്കിലും കണ്ടാല്‍ വട്ടാണെന്ന് വിചാ രിയ്ക്കും. വേറെ ആരെയും കിട്ടിയില്ലല്ലോ മിണ്ടാന്‍?” എന്ന് അഭി ദേഷ്യപ്പെടുമായിരുന്നു. “ചെടികളായാലും മൃഗങ്ങളായാലും നല്ല സ്നേഹം കൊടുക്കണം. അപ്പോള്‍ അത് തിരിച്ചും തരും” സായയുടെ വാക്കുകള്‍ ഓര്‍മ്മയില്‍ വന്നപ്പോള്‍ അഭിരൂപിന് വല്ലാത്ത കുറ്റബോധം തോന്നി. അവള്‍ക്ക് സ്നേഹം തിരിച്ചുകൊടുക്കാതിരുന്നത് താന്‍ മാത്രമാണല്ലോ.
“സായാ, അദിതി അവിടെ വരാറുണ്ടോ? അടുത്തല്ലേ വീട്?” പെട്ടെന്നെന്തേ ഇങ്ങനെ യൊരു ചോദ്യമെന്ന വിചാരത്തോടെ “ഇടയ്ക്കെപ്പോഴെങ്കിലും വരാറുണ്ട്. ഇപ്പോള്‍ ഇവി ടുണ്ട്” എന്നൊരു മറുപടി കൊടുത്തതോടെ “ഇപ്പോള്‍ അവിടെയുണ്ടെന്ന് എനിയ്ക്കറിയാം. നിന്റെ ഫോണ്‍ റീചാര്‍ജ്ജ് ചെയ്തിട്ടില്ലെന്ന് പറഞ്ഞത് അദിതിയാണ്. എനിയ്ക്കൊരു തോന്നല്‍… അദിതി വീണ്ടും നമ്മുടെ ഇടയിലേയ്ക്ക് കടന്നു വരികയാണെന്ന്. നിനക്കോര്‍ മ്മയില്ലേ, അന്ന് സംശയിച്ചു നിന്ന നിന്റെ മനസ്സ് മാറ്റിയതും വിവാഹത്തിന് സമ്മതിപ്പിച്ച തും അദിതിയായിരുന്നു. ഇപ്പോഴും അതുപോലൊരു ശ്രമം നടത്തുകയാണോ? എനിയ്ക്ക് എന്നും മെസേജ് അയയ്ക്കാറുണ്ട്. ശകാരിച്ചും, സമാധാനിപ്പിച്ചും, പ്രേരിപ്പിച്ചുമൊക്കെ. നമ്മുടെ അച്ഛനമ്മമാര്‍ക്കും ഈ ശ്രമത്തെക്കുറിച്ചറിയാമെന്നാണ് എന്റെ തോന്നല്‍” എന്ന് അഭി വിസ്തരിച്ചെഴുതിയപ്പോള്‍ ഒന്നും ശ്രദ്ധിയ്ക്കുകയോ ചിന്തിയ്ക്കുകയോ ചെയ്യാതിരു ന്ന സായയ്ക്ക് ആകെയൊരമ്പരപ്പാണ് തോന്നിയത്.
“അവിടെ എല്ലാവര്‍ക്കും എന്നോട് ദേഷ്യമായിരിയ്ക്കും, അല്ലേ?” എന്നൊരു ചോദ്യം സായയെ ഒന്നുലച്ചു. യഥാര്‍ത്ഥത്തില്‍ സായ അങ്ങനെയൊന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. മാസങ്ങളായി താന്‍ ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചിട്ട് എന്നവളോര്‍ത്തു. അമ്മ മാത്രമാണ് കുളിയ്ക്കാനും, കഴിയ്ക്കാനുമൊക്കെ നിര്‍ബ്ബന്ധിച്ചുകൊണ്ട് ഇടയ്ക്കൊന്നു വരാ റുള്ളത്. അവര്‍ക്കൊക്കെ ഇപ്പോള്‍ താന്‍ ഒരപമാനമായിട്ടുണ്ടാകും, ഒരു ഭാരമായി തോന്നുന്നു ണ്ടാകും. മറുപടി പറയാനാകാതെ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന സായയുടെ മുഖം അഭിരൂപ് വ്യക്തമായി കണ്ടു. കഷ്ടപ്പെടുത്താന്‍ വയ്യെന്ന് തോന്നി അവന്‍ തന്നെ എഴുതി. “സായാ, എല്ലാവരും നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ അച്ഛനും, അമ്മയും, നമ്മുടെ അയല്‍പക്ക ക്കാരും, നിന്റെ ഇത്തിരിക്കുഞ്ഞനും പേരറിയാക്കിളിയുമൊക്കെ. നിനക്കറിയാമോ, ഞാനി പ്പോള്‍ രാത്രി മുഴുവന്‍ ചെലവഴിയ്ക്കുന്നത് ബാല്‍ക്കണിയിലാണ്. അവിടെയാകുമ്പോള്‍ ചൂടി നൊരാശ്വാസമുണ്ട്. നീ പറയും പോലെ എ. സി. യുടെ മരവിച്ച തണുപ്പല്ല, ജീവനുള്ള ഒരു കുളിരാണീ കാറ്റിന്. ഇവിടെയിരുന്ന് പറയാതെ പോയ വര്‍ത്തമാനങ്ങളൊക്കെ നിന്നോട് പറ ഞ്ഞുകൊണ്ടിരിയ്ക്കെ അറിയാതെ ഇടയ്ക്കല്പം മയങ്ങിപ്പോകും. അത്രയേയുള്ളൂ ഉറക്കം. ഇടയ്ക്കുണരുമ്പോള്‍ മാനത്ത് ആയിരം നക്ഷത്രങ്ങള്‍ കണ്‍ മിഴിച്ച് എന്നെ കുറ്റപ്പെടുത്തും പോലെ നോക്കും. നിന്റെ നിലാവും മുല്ലവള്ളിയുമൊക്കെ എന്നോട് പരിഭവത്തിലാണ്. ഞാനെത്ര സ്നേഹം കൊടുത്തിട്ടും അവരതൊന്നും ശ്രദ്ധിയ്ക്കുന്നേയില്ല. പിന്നെ നിന്റെ കൃഷ്ണനും. സന്ധ്യക്ക് ‘ഒരു ദീപനാളത്തിന്റെ നുറുങ്ങു വെളിച്ചം’ ഞാന്‍ കൊടുക്കുന്നുണ്ട്, എന്നും. പക്ഷേ എന്റെ നേരെ നോക്കാറേയില്ല.” ഒരിയ്ക്കല്‍ താന്‍ സന്ധ്യയ്ക്ക് വിളക്കു വെയ്ക്കുന്നതിന് അഭി കളിയാക്കിയിട്ടുണ്ട്. അന്ന് “ഇത് സ്നേഹദീപമാണ്. ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കായി ഒരു ദീപനാളത്തിന്റെ നുറുങ്ങു വെളിച്ചം കൊടുക്കുന്നതില്‍ ഒരു തെറ്റു മില്ല. പിന്നെ ഞാനീ കൊണ്ടുവെച്ചിരിയ്ക്കുന്നതേയ് എന്റെ മാത്രം കൃഷ്ണനാ. എന്റെ കൃഷ്ണനിതിഷ്ടമാണെന്ന് എനിയ്ക്ക് നന്നായി അറിയാം” എന്ന് താന്‍ പറഞ്ഞിരുന്നു. അതൊക്കെ അഭി ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ എന്ന് തോന്നിയ മനസ്സ് സായയോട് ‘ഒന്ന് അഭിയെ വിളിയ്ക്ക്’ എന്നു പറഞ്ഞു. മേശപ്പുറത്തിരുന്ന കൃഷ്ണപ്രതിമയും അതു തന്നെ പറയുന്നതായി അവള്‍ക്ക് തോന്നി. അപ്പോഴാണ് അഭി “എത്ര കാലമായി പെണ്ണേ നിന്റെ ശബ്ദമൊന്നു കേട്ടിട്ട്, ഞാനിപ്പോള്‍ വിളിയ്ക്കാം, ഫോണെടുക്കണേ” എന്നെഴുതിയത്.
‘അഭീ… ’ എന്ന് സായയൊന്നു വിളിച്ചപ്പോള്‍ത്തന്നെ അലകളിളകിയ മനസ്സോടെ സംസാരിയ്ക്കാനാകാതെ അവന്‍ പ്രയാസപ്പെട്ടു. “എന്തേ അഭീ നിന്റെ ശബ്ദമിടറിയല്ലോ” എന്ന വ്യാകുലതയോടെയുള്ള സായയുടെ ചോദ്യത്തിന്
“ഏയ്, പ്രശ്നമൊന്നുമില്ല, എനി യ്ക്കൊരു ചെറിയ തൊണ്ടവേദന”എന്ന് പറഞ്ഞൊഴിയാന്‍ അവന്‍ ശ്രമിച്ചു. ‘നീ കരയുകയാണെന്നെനിയ്ക്ക് നന്നായി അറിയാം’ എന്ന് മനസ്സില്‍ പറഞ്ഞുവെങ്കിലും സായയ്ക്ക് വല്ലാത്തൊരു പരിഭ്രമം പെട്ടെന്ന് തോന്നി.
“തണുത്ത വെള്ളം കുടിച്ചിട്ടുണ്ടാകും അല്ലേ? തൊണ്ടവേദന വന്നാല്‍ പിന്നാലെ ചുമയും പതിവല്ലേ? ഇങ്ങനെയൊരു കാലത്ത് അശ്രദ്ധ കാണിച്ചാലോ? ഒരു ഡോക്ടറെ കാണാന്‍ പോലും എളുപ്പമല്ല എന്നോര്‍ക്കണം, മാസ്ക് ഉപയോഗിയ്ക്കാറില്ലേ?” സായയുടെ നിര്‍ത്താതെയുള്ള ചോദ്യങ്ങളും ആ പരിഭ്രമവുമൊ ക്കെ അഭിയെ വല്ലാതെ സന്തോഷിപ്പിച്ചു.
“പിന്നില്ലാതെ, മാസ്കില്ലാതെ പറ്റില്ലല്ലോ? ഞാന്‍ യുട്യൂബ് നോക്കി മാസ്ക് തുന്നാന്‍ പഠിച്ചു. നിന്റെ ആ കീറിയ വെള്ള ഷോളില്ലേ, അതുകൊണ്ട് ഞാന്‍ മാസ്ക് ഉണ്ടാക്കി. ഇപ്പോള്‍ ശരിയ്ക്കും എന്റെ പ്രാണവായുവില്‍ നീയുണ്ട് പെണ്ണേ… അന്നുള്ളതിലുമെത്രയോ അധികം”എന്ന് അവന്‍ പറഞ്ഞതോടെ സായയ്ക്കിനി ഒന്നും പറയാനാവില്ലെന്നായി.
അത് മനസ്സിലാക്കി “നിന്റെ വാലാട്ടിയെപ്പോലെ ചിരിയ്ക്കു പകരം മറ്റെന്തെങ്കിലുമൊരു മാര്‍ഗ്ഗം കാണേണ്ടിയിരിയ്ക്കുന്നു. എല്ലാവരുടെയും ചിരി ഇപ്പോള്‍ മാസ്കിന്റെ ഉള്ളില്‍ പെട്ടില്ലേ?”എന്നു ചോദിച്ച് അഭി ചിരിയ്ക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ പ്രശ്നങ്ങളൊക്കെ കുറഞ്ഞുതുടങ്ങിയെന്നു തോന്നുന്നു അല്ലേ? ഇനി ഇവിടെ ലോക്ക് ഡൌണ്‍ നീട്ടുന്നുണ്ടാവില്ല, എന്തായാലും റിലാക്സേഷന്‍ ഉണ്ടാകും. യാത്ര ചെയ്യാനുള്ള തടസ്സമൊക്കെ മാറും” അവന്‍ വിഷയം മാറ്റാന്‍ പറയുകയാണോ എന്ന് സായയ്ക്ക് സംശയം തോന്നി. അതോ ഇനി വല്ല യാത്രയും ഉദ്ദേശിയ്ക്കുന്നുണ്ടോ എന്നൊരു പേടിയും.
“സായാ… തിരിച്ചുവന്നൂടെ? ഞാനിനി വേദനിപ്പിയ്ക്കില്ല, ഒട്ടും.” പെട്ടെന്നായിരുന്നു അഭിയുടെ ചോദ്യം.
“ങും… ഞാന്‍ വരും. എനിയ്ക്കീ അഭിയെ വേണം. അഭിയുടെ കൂടെ ബാല്‍ക്കണിയില്‍ മുല്ലവള്ളിയുടെ അടുത്തിരുന്ന് നിലാവിലലിയണം, നക്ഷത്രങ്ങള്‍ കാണണം, മഴയുടെ സംഗീതം കേള്‍ക്കണം, പ്രിയംവദയോട് സംസാരിയ്ക്കണം, പേരറിയാക്കിളിയുടെ കൂടെ കളിയ്ക്കണം… അഭിയുണ്ടെങ്കിലല്ലേ എനിയ്ക്കെല്ലാമുള്ളൂ. ഞാന്‍ വരും.” അഭിയുടെ ചോദ്യം ഓര്‍ക്കാപ്പുറത്തായിരുന്നെങ്കിലും സായ അറിയാതെത്തന്നെ പറഞ്ഞുപോയി. കൃഷ്ണന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നത് അവള്‍ കണ്ടില്ല.
“പൂട്ടൊക്കെ തുറന്ന് യാത്ര ചെയ്യാറാകട്ടെ, ഞാന്‍ വരും നിന്നെ കൂട്ടികൊണ്ടുവരാന്‍.” എല്ലാം… എല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തോടെ അഭി നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് പറയുമ്പോള്‍ സായയുടെ നിലാവും നക്ഷത്രങ്ങളും അഭിയെ നോക്കി ചിരിയ്ക്കുകയായിരുന്നു. ഇനി വരാതെ വയ്യെന്ന പോലെ ചിരിച്ചു ചിതറിക്കൊണ്ട് പൊടുന്നനെ ഒരു മഴയും.