വാരഫല നക്ഷത്രം
പ്രഫസര്‍ എം. കൃഷ്ണന്‍ നായരെയും അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ പംക്തിയായ ‘സാഹിത്യവാരഫല’ത്തെയും പറ്റി കേള്‍ക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. സംഗീതത്തില്‍ യേശുദാസനെപ്പോലെയോ അഭിനയത്തില്‍ മമ്മൂട്ടിയെപ്പോലെയോ അല്ലെങ്കില്‍ പ്രസംഗത്തില്‍ അഴീക്കോടിനെപ്പോലെയോ വിശേഷിപ്പിക്കാവുന്ന ഒരു ‘താര’മായിരുന്നു ജീവിച്ചിരുന്നപ്പോള്‍ സാഹിത്യവിമര്‍ശരംഗത്ത് എം.കൃഷ്ണന്‍ നായര്‍.
വാരഫലത്തിന്റെ തുടക്കം
1969 ല്‍ കൊല്ലത്തുനിന്ന് എസ്.കെ.നായരുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച മലയാള നാട് വാരികയിലായിരുന്നു സാഹിത്യവാരഫലത്തിന്റെ തുടക്കം. ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാഹിത്യസൃഷ്ടികളെ ആഴ്ചതോറും മൂല്യനിര്‍ണയം നടത്തുന്ന ഒരു പംക്തി തുടങ്ങാന്‍ മലയാള നാട് തീരുമാനിച്ചപ്പോള്‍ ആ പംക്തി കൈകാര്യം ചെയ്യാന്‍ കൃഷ്ണന്‍ നായരുടെ പേരല്ലാതെ മറ്റൊരു പേരും അവരുടെ മുമ്പില്‍ ഉയര്‍ന്നു വന്നില്ല. പംക്തിക്ക് ‘സാഹിത്യവാരഫലം’ എന്ന പേര് നിര്‍ദ്ദേശിച്ചതോ ‘ജീനിയസ്’ എന്ന വാക്കിന്റെ പര്യായമായി അറിയപ്പെട്ടിരുന്ന സാക്ഷാല്‍ കെ.ബാലകൃഷ്ണനും. രസകരമെന്ന് പറയട്ടെ, ‘സാഹിത്യവാരഫല’മെന്ന പേര്‍ കൃഷ്ണന്‍ നായര്‍ക്ക് ഒട്ടുംതന്നെ പിടിച്ചിരുന്നില്ല. ”ഈ പേരില്‍ എനിക്കെഴുതാന്‍ സാധ്യമല്ല” എന്നു പറഞ്ഞ് കൃഷ്ണന്‍ നായര്‍ ഒഴിയുകയായിരുന്നു. അവസാനം എസ്.കെ.നായരുടെയും വി.ബി.സി. നായരുടെയും സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് ‘സാഹിത്യവാരഫല’മെന്ന പേരിടാന്‍ അദ്ദേഹം സമ്മതിച്ചത്.
മലയാളനാട് വാരിക പ്രസിദ്ധീകരണം നിര്‍ത്തിയപ്പോള്‍, തിരുവനന്തപുരത്ത് പേട്ടയിൽ നിന്ന് ഇറങ്ങിയിരുന്ന കലാകൗമുദിയിലായിരുന്നു ദീർഘകാലം സാഹിത്യവാരഫലം പ്രസിദ്ധീകരിച്ച് വന്നിരുന്നത്. എസ്. ജയചന്ദ്രൻ നായരുടെ പത്രാധിപത്യത്തിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം ആരംഭിച്ചപ്പോൾ പിന്നീട് അതിലായി സാഹിത്യവാരഫലം. സുദീർഘമായ 27 വർഷക്കാലം, എല്ലാ ആഴ്ചകളിലും അതും മുടക്കം കൂടാതെ, പ്രസിദ്ധീകരിച്ചു വന്നിരുന്ന സാഹിത്യവാരഫലം (ചില ലക്കങ്ങളില്‍ അത് മുടങ്ങിയിരുന്നു. വിശേഷിച്ച് കൃഷ്ണന്‍ നായര്‍ രോഗപീഢയിലായ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍) സാഹിത്യപത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരത്ഭുതം തന്നെയായിരുന്നു. മലയാളിയുടെ വായനാസസംസ്‌കാരത്തിന്റെ ചക്രവാളത്തിന് പുതിയ അതിരുകുറിച്ച ‘സാഹിത്യവാരഫലം’ അവന്റെ വായനാസംസ്‌കാരത്തിന് പുതിയ മേച്ചില്‍പുറങ്ങളും ദിശാബോധവും നല്‍കുകയായിരുന്നു.
ഉത്തമസാഹിത്യത്തിന്റെ ഉപാസകന്‍
കൃഷ്ണന്‍ നായരെന്നും ഉത്തമസാഹിത്യത്തിന്റെ ഉറ്റതോഴനായിരുന്നു. റോമന്‍ സാഹിത്യതത്ത്വചിന്തകന്‍ ലോഞ്ജയനസിന്റെ (Longinus) ഉത്തമസാഹിത്യ (sublime literature) സങ്കല്പത്തിന്റെ ഉപാസകനായിരുന്നു അദ്ദേഹം. ദേശഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം ഉത്തമ സാഹിത്യത്തിനായുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും കണ്ടെത്തിയത് തേടിപ്പിടിച്ച് വായിക്കലും വായിച്ചത് വാരഫലത്തിലൂടെ നിരന്തരം വായനക്കാരെ അറിയിക്കലുമായിരുന്നു കൃഷ്ണന്‍ നായര്‍ക്ക് ജീവിതം. തന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍വരെയും പുസ്തകങ്ങളോടും വായനയോടും ഒടുങ്ങാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പുസ്തകങ്ങള്‍ക്കും വായനക്കുമപ്പുറം ആ ജീവിതത്തില്‍ മറ്റൊന്നിനും ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.
വിശ്വസാഹിത്യപ്രേമം
വിശ്വസാഹിത്യത്തിലെ വലുതോ ചെറുതോ ആയ ഏത് ചലനങ്ങളും കൃഷ്ണന്‍ നായര്‍ അപ്പപ്പോള്‍ മനസ്സിലാക്കിയിരുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലോ യൂറോപ്യന്‍ സാഹിത്യത്തിലോ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലോ എവിടുമാകട്ടെ പുതുതായി ഉദിച്ചുയരുന്ന ഏതു സാഹിത്യതാരകവും കൃഷ്ണന്‍നായരുടെ കാഴ്ചയ്ക്കപ്പുറമായിരുന്നില്ല. ലോകത്ത് എവിടെനിന്നുമിറങ്ങുന്ന ഉത്തമസാഹിത്യം അദ്ദേഹത്തിന്റെ കണ്‍വെട്ടത്തായിരുന്നു. ലാറ്റിനമേരിക്കന്‍ സാഹിത്യത്തോട് ഒരു സവിശേഷപ്രേമം കൃഷ്ണന്‍ നായര്‍ക്കുണ്ടായിരുന്നു. യൂറോപ്യന്‍ സാഹിത്യം ഭാഷാകളികള്‍ക്ക് (Language play) വഴിമാറിയപ്പോള്‍ പച്ചമനുഷ്യന്റെ പച്ചയായ ജീവിതം കാണാന്‍ ലാറ്റിനമേരിക്കന്‍ സാഹിത്യമാണ് ഉത്തമമെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കാം. മാര്‍ക്വേസ്, വര്‍ഗാസ് യോസ, കാര്‍ലോസ് ഫ്യുയന്തസ്, കാര്‍പന്റ്യര്‍, ഒക്‌ടേവ്യോപാസ് തുടങ്ങിയ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരുടെ പേരുകള്‍ വായനക്കാര്‍ക്ക് ഇന്ന് തകഴി, ബഷീര്‍, എംടി എന്നീ പേരുകള്‍ പോലെ സുപരിചിതങ്ങളായി മാറിയെങ്കില്‍ അതിനുകാരണം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലമല്ലാതെ മറ്റൊന്നല്ല. ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരെയും അവരുടെ സാഹിത്യസൃഷ്ടികളെയും പറ്റി അദ്ദേഹം നിരന്തരം അതിലെഴുതി മലയാളികള്‍ക്ക് അവരെ സുപരിചിതരാക്കുകയായിരുന്നു. കടലോളം വിശാലവും അഗാധവുമായ തന്റെ വായനയിലൂടെ കൃഷ്ണന്‍നായര്‍ ആര്‍ജ്ജിച്ചെടുത്ത വിശ്വസാഹിത്യവിജ്ഞാനഭണ്ഡാരം വിശ്വസാഹിത്യത്തെപ്പറ്റി ആര്‍ക്കുമുള്ള സംശയനിവാരണത്തിനും അദ്ദേഹത്തെ പ്രാപ്തനാക്കിയിരുന്നു. അതുകൊണ്ടാണല്ലോ ഇന്റര്‍നെറ്റൊക്കെ വരുന്നതിന് മുമ്പ് ഓരോ വര്‍ഷവും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനപ്രഖ്യാപനം വരുമ്പോള്‍ സമ്മാനിതനെപ്പറ്റി കൂടുതലറിയാന്‍ പത്രമോഫീസുകളില്‍നിന്നും സാഹിത്യകുതുകികളില്‍നിന്നും വരുന്ന കോളുകളാല്‍ അദ്ദേഹത്തിന്റെ ടെലഫോണ്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നത്!
സാഹിത്യത്തിലെ ഡിറ്റക്റ്റീവ്
സാഹിത്യചോരണം കണ്ടെത്താന്‍ കൃഷ്ണന്‍നായര്‍ക്ക് ഒരു സവിശേഷ വൈഭവമായിരുന്നു. സാഹിത്യചോരന്മാരെത്തേടി ഒരു ഡിറ്റക്റ്റീവിന്റെ ജാഗ്രതയോടെ അദ്ദേഹം നിലയുറപ്പിച്ചിരുന്നു. മലയാളത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും സാഹിത്യസൃഷ്ടിക്ക് അത് കഥയോ കവിതയോ നോവലോ ഏതുമാകട്ടെ താന്‍ വായിച്ചിട്ടുള്ള മറ്റേതെങ്കിലും കൃതിയോട് സാദൃശ്യം തോന്നിയാല്‍ ഉടനടി കൃഷ്ണന്‍നായര്‍ ‘ഫൗള്‍’ വിളിക്കുകയും ചോരണാരോപണ ശരങ്ങള്‍ അവര്‍ക്കുനേരെ പായിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സമീപനം സാഹിത്യകാരന്മാരുടെ വിരോധത്തിന് അദ്ദേഹത്തെ പാത്രമാക്കിയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഒ.വി.വിജയന്റെ ‘കടല്‍ത്തീരത്ത്’ എന്ന കഥ വിഖ്യാത ആഫ്രിക്കന്‍ നോവലിസ്റ്റ് അലന്‍ പേറ്റന്റെ ”Cry, the Beloved Country” എന്ന നോവലിന്റെ തനിപ്പകര്‍പ്പാണെന്നും ബഷീറിന്റെ ‘ബാല്യകാലസഖി’ നോര്‍വീജിയന്‍ സാഹിത്യകാരന്‍ ക്‌നൂട്ട്ഹംസന്റെ ‘Victoria’യുടെ ചോരണമാണെന്നും അതുപോലെ സുഗതകുമാരിയുടെ ‘അമ്പലമണി’ സരോജിനി നായിഡുവിന്റെ ‘Bell’ എന്ന കവിതയുടെ അനുകരണമാണെന്നും കൃഷ്ണന്‍ നായര്‍ എഴുതുകയുണ്ടായി. എം.മുകുന്ദന്‍, പി.വത്സല, ടി. പത്മനാഭന്‍, എന്‍.എസ്.മാധവന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ചോരണാരോപണത്തെ നേരിട്ടവരായിരുന്നു. ഇതില്‍ ചിലര്‍ അദ്ദേഹത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശത്തിന് കേസുവരെ കൊടുത്തിരുന്നു.
ക്ഷുദ്രസാഹിത്യം കുറ്റകൃത്യം
ദീര്‍ഘകാലത്തെ ഗ്രന്ഥപാരായണവും അതുപോലെ അധ്യാപനവും നല്‍കിയ ഹൃദയപരിപാകത്തിന് ഉടമയായിരുന്നു കൃഷ്ണന്‍നായരെങ്കിലും തനിക്ക് ‘മോശം’ എന്നുതോന്നുന്ന സാഹിത്യസൃഷ്ടികള്‍ക്കുനേരെ സഹിഷ്ണുത കാട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇത്തരം സാഹിത്യസൃഷ്ടികളെ അദ്ദേഹം ‘ഓടസാഹിത്യം’ അല്ലെങ്കില്‍ ‘ക്ഷുദ്രസാഹിത്യം’ എന്നാണ് വിശേഷിപ്പിക്കുക. അവയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് അദ്ദേഹം നടത്തുക. ഇത്രയും വിമര്‍ശിക്കേണ്ടതുണ്ടോ? എന്നുചോദിച്ചാല്‍ ‘Bad Literature is a crime against society. It should be annihilated’ എന്ന ആള്‍ഡസ് ഹക്‌സിലിയുടെ വചനമുദ്ധരിച്ച് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാവും അദ്ദേഹം ചെയ്യുക. ‘If you strike, strike hard’ എന്ന നയമാണ് ഇക്കാര്യത്തില്‍ തന്റേതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. സാഹിത്യരംഗത്തേക്കു കടന്നുവരുന്ന തുടക്കക്കാര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കാതെ അവരെ വിമര്‍ശിച്ച് ‘പുതുനാമ്പ് നുള്ളുന്നു’ എന്ന ആരോപണവും കൃഷ്ണന്‍ നായര്‍ നേരിടേണ്ടി വന്നിരുന്നു. പ്രായഭേദം പ്രതിഭയ്ക്കില്ലെന്നും പ്രതിഭാശാലിയുടെ പ്രതിഭ നേരത്തെ തന്നെ പ്രകടമാകും എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ‘റ്റാഗോര്‍ ആറാമത്തെ വയസ്സില്‍ പ്രേമ കവിതയെഴുതി. അറുപതാമത്തെ വയസ്സിലും പ്രേമകവിതയെഴുതി. രണ്ടും ഒരുപോലെ ഉജ്ജ്വലം’ എന്നദ്ദേഹം പറയുമായിരുന്നു.
വിമര്‍ശകരും കൃഷ്ണന്‍നായരും
ഒരു സാഹിത്യനിരൂപകനെന്ന നിലയില്‍ മലയാള സാഹിത്യവിമര്‍ശത്തില്‍ കൃഷ്ണന്‍നായരുടെ സ്ഥാനമെന്താണ്? സാഹിത്യവാരഫലം ഗൗരവതരമായ സാഹിത്യനിരൂപണത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണോ? പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങളാണിവ. കൃഷ്ണന്‍ നായര്‍ തന്നെ ഇതിന് പറയാറുള്ള മറുപടി സാഹിത്യവാരഫലം ഒരു ‘ലിറ്റററി ജര്‍ണലിസം’ ആണെന്നായിരുന്നു. സാഹിത്യനിരൂപണത്തിന്റെ പ്രാമാണിക നിയമങ്ങള്‍ക്കനുസൃതമോ അംഗീകൃത വിമര്‍ശരീതികള്‍ ഉള്‍കൊള്ളുന്നതോ ആയ ഗൗരവതരമായ ഒരു സാഹിത്യനിരൂപണമായിരുന്നില്ല സാഹിത്യവാരഫലം. വിശ്വസാഹിത്യത്തിലിറങ്ങുന്ന ശ്രദ്ധേയങ്ങളായ സാഹിത്യകൃതികളെ അപ്പപ്പോള്‍ പരിചയപ്പെടുത്തി. അതിന്റെ കലാപരവും സൗന്ദര്യാത്മകവുമായ വശങ്ങള്‍ എടുത്തി കാട്ടി ഇതാണ് ഉത്തമ സാഹിത്യമെന്നും ഇങ്ങനെയാകണം സാഹിത്യരചന നടത്തേണ്ടതെന്നും തന്റെ അനുവാചകരെയും സാഹിത്യകാരന്‍മാരെയും ‘ഒരധ്യാപകനായ’ കൃഷ്ണന്‍നായര്‍ ‘പഠിപ്പി’ച്ചിരുന്ന പംക്തിയായിരുന്നു സാഹിത്യവാരഫലമെന്ന് വേണമെങ്കില്‍ പറയാം. ദേശഭാഷാകാലവ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യജീവിതം എവിടെയും ഒരുപോലെയാണെന്നും അത്തരം മനുഷ്യജീവിതാവസ്ഥകളുടെ ചിത്രീകരണം ഒരു പ്രതിഭാശാലി കലാപരവും സൗന്ദര്യാത്മകവുമായി ചിത്രീകരിക്കുമ്പോള്‍ ഉത്തമ സാഹിത്യം ജനിക്കുന്നു എന്ന മൗലിക കാഴ്ചപ്പാടായിരുന്നു കൃഷ്ണന്‍നായര്‍ക്കുണ്ടായിരുന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം സാഹിത്യസൃഷ്ടികളെ വിലയിരുത്തിയിരുന്നത്.
ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതുപോലെ സാഹിത്യസൃഷ്ടികളെ വാരഫലത്തിലൂടെ കൃഷ്ണന്‍നായര്‍ മൂല്യനിര്‍ണയം നടത്തി ‘മാര്‍ക്ക്’ ഇടുന്നു. മാര്‍ക്ക് കുറച്ചുവാങ്ങുന്ന സാഹിത്യകാരനെ അതോടെ അദ്ദേഹം ‘പ്രഹരി’ക്കാന്‍ തുടങ്ങും. പലപ്പോഴും നിര്‍ദ്ദയവും മാരകവുമായിരിക്കും കൃഷ്ണന്‍ നായരുടെ ‘പ്രഹരം’. അത് വായിച്ച് വായനക്കാര്‍ രസിക്കുന്നു. വായനക്കാരെ നല്ലതുപോലെ കയ്യിലെടുക്കാന്‍ അറിയാവുന്ന കൃഷ്ണന്‍നായര്‍ കുറച്ച് സെക്‌സും, കൊച്ചുവര്‍ത്തമാനങ്ങളും, നിരീക്ഷണങ്ങളും, ചോദ്യവും ഉത്തരവും ഒക്കെ ചേര്‍ത്ത് സാഹിത്യവാരഫലത്തെ ആകര്‍ഷകമാക്കി അവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. പരമ്പരാഗത രീതിയിലുള്ള സാഹിത്യനിരൂപണം ഗഹനവും അരസികവുമായി വായനക്കാര്‍ക്ക് തോന്നുമ്പോള്‍ കൃഷ്ണന്‍ നായരുടെ സാഹിത്യവിമര്‍ശം രസകരവും ആസ്വാദ്യകരവുമായ ഒരനുഭവമായി അവര്‍ക്ക് തോന്നുന്നത് അങ്ങനെയാണ്.
കൃഷ്ണന്‍നായരുടെ സാഹിത്യനിരൂപണം വ്യക്തിനിഷ്ഠവും വികാരാധിഷ്ഠിതവുമാണെന്നും അതിന് ആഴമില്ലെന്നും എസ്. ഗുപ്തന്‍നായരെപോലുള്ള നിരൂപണരംഗത്തെ കുലപതികള്‍ അഭിപ്രായപ്പെട്ടിരുന്നു. കൃഷ്ണന്‍നായര്‍ അപ്പോള്‍ ഉള്ള തന്റെ ‘മൂഡി’ന്റെ അടിസ്ഥാനത്തിലാണ് സാഹിത്യസൃഷ്ടികളെ വിലയിരുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഒരു സാഹിത്യകൃതിയുടെ മൊത്തത്തിലുള്ള അതിന്റെ മേന്മകാണാതെ തനിക്കിഷ്ടപ്പെടാത്ത ഏതെങ്കിലും ഭാഗത്തിന്റെയോ വിഷയത്തിന്റെയോ പേരില്‍ അതിനെ വിമര്‍ശിച്ചുതള്ളുന്നത് ശരിയല്ലെന്നുമുള്ള പക്ഷക്കാരായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശകരില്‍ ഏറെയും. മലയാള നിഘണ്ടുക്കളില്‍ പ്രാമാണിക സ്ഥാനം വഹിക്കുന്ന ശ്രീകണ്‌ഠേശ്വരത്തിന്റെ ‘ശബ്ദതാരാവലി’യെ ഒരബദ്ധ പഞ്ചാംഗമായി കൃഷ്ണന്‍നായര്‍ ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ ‘മേന്മകാണാത്ത വിമര്‍ശ’മായി വിമര്‍ശിക്കപ്പെട്ടിരുന്നു. വിദേശഭാഷാ നാമങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍ അതിന്റെ ഉച്ചാരണം കൃത്യമായി വരണമെന്ന കൃഷ്ണന്‍ നായരുടെ നിലപാടും ഏറെ വിമര്‍ശത്തിനിടയാക്കി. മലയാള ലിപി ഉപയോഗിച്ച് ഉച്ചാരണം കൃത്യമാക്കുന്നതിന്റെ പരിമിതികളൊന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല. വിദേശഭാഷാ പേരുകള്‍ ‘തെറ്റി’ച്ചെഴുതിയതിന്റെ പേരില്‍ പലരുമായി അദ്ദേഹം കലഹിച്ചിരുന്നു.
എന്നാല്‍ എന്തൊക്കെ പോരായ്മകള്‍ കൃഷ്ണന്‍നായര്‍ക്കും അദ്ദേഹത്തിന്റെ വാരഫലത്തിനുമെതിരെ ചൂണ്ടിക്കാട്ടാനുണ്ടായാലും നീണ്ട 27 വര്‍ഷക്കാലം തന്റെ ‘ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങീടാത്ത പൊന്‍പേനയും’ കൊണ്ട് അദ്ദേഹം അത്യദ്ധ്വാനം ചെയ്ത് അനശ്വരമാക്കിയ സാഹിത്യവാരഫലം മലയാളിക്ക് വിശ്വസാഹിത്യത്തിലേക്ക് തുറന്നുവച്ച ഒരു കിളിവാതിലായിരുന്നു. വിശ്വസാഹിത്യത്തില്‍ മലയാളിയുടെ അറിവിനെയും ആസ്വാദനത്തെയും പാരാവാരമാക്കിയ ഒരത്ഭുതകൃത്യം! 2006 ല്‍ ഈ ലോകത്തുനിന്ന് അദ്ദേഹം വിടവാങ്ങി ഇപ്പോള്‍ 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിശ്വസാഹിത്യത്തിലെ ഏത് സംഭവവികാസവും അപ്പപ്പോള്‍ മനസ്സിലാക്കി നമ്മെ അറിയിച്ചിരുന്ന കൃഷ്ണന്‍നായരെപ്പോലുള്ള ഒരു പ്രതിഭാശാലിയുടെ തിരോധാനം സൃഷ്ടിച്ച ശൂന്യത നികത്താന്‍ ശേഷിയും ശേമുഷിയുമുള്ള മറ്റൊരു പ്രതിഭാശാലിയുടെ അഭാവം കൃഷ്ണന്‍നായരുടെ പ്രതിഭാവിലാസത്തെയും അദ്ദേഹം നിര്‍വ്വഹിച്ചുപോന്ന കര്‍മ്മകാണ്ഡത്തിന്റെ വലിപ്പത്തെയും അത്ഭുതാദരങ്ങളോടല്ലാതെ ഓര്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നില്ല. എം.കൃഷ്ണന്‍നായര്‍ എന്ന വാരഫലനക്ഷത്രം മിന്നിത്തിളങ്ങി നിന്ന സാഹിത്യവിമര്‍ശനഭോമണ്ഡലത്തില്‍ മറ്റൊരു താരോദയം ഇനിയെന്നാണുണ്ടാവുക? അവിടെയും കൃഷ്ണന്‍നായരുടെ വാക്കുകള്‍ കടമെടുക്കേണ്ടി വരുന്നു. ”ഒരു നക്ഷത്രത്തില്‍നിന്നും മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം അനേകം പ്രകാശവര്‍ഷമാണല്ലോ”!