Main Menu

മൂന്ന് സഹോദരികൾ

Moonnu Sahodarigal | Three Sisters | Malayalam Story

 

“എടീ ബീനേ ,നിന്റെ പുതിയ പാവക്കുട്ടി വേണേലെടുത്തെച്ചേ! ഇന്ന് നീനു വരുംന്നാ ഉച്ചയ്ക്ക് വല്ല്യച്ചൻ വന്നപ്പം പറഞ്ഞത്. “

വൈകുന്നേരം പേൻതല ചൊറിഞ്ഞുകൊണ്ട് മുറ്റത്ത് വന്ന റീന അവിടെ അലഷ്യമായിട്ടിരിക്കുന്ന ബീനയുടെ പാവക്കുട്ടിയെ നോക്കി അകത്തേക്കു വിളിച്ചു പറഞ്ഞു.ബീനയെ പുറത്തേക്ക് കാണാതായപ്പോൾ റീന തുടർന്നു , “എടീ ,ഓളിതുകണ്ടാല് ഇതോൾക്ക് വേണ്ട്യരേ .”

” അയിനിമ്മിണി പുളിയ്ക്കും ,” ബീന മൂക്കിൽ വിരലിട്ട് മൂക്കട്ട തോണ്ടിക്കൊണ്ട് പുറത്തേക്ക് വന്നു .

” ആ ! ഓക്ക് കൊടുത്തില്ലേലോള് കിടന്നു മോങ്ങും . അന്നേരമ്മെതെടുത്തോൾക്ക് കൊടുക്കും,എണക്കമ്മേനോട് രണ്ടെണ്ണം കിട്ട്വേം ചെയ്യും .വേണേലെടുത്തെച്ചോ, സമയം അഞ്ചു മണി ആകാനായി ,ഓളിപ്പം വരും “, റീന ഒരു മുഴുത്ത പേനിനെ മുടിയിഴയിൽ നിന്ന് വലിച്ചൂരിയെടുത്ത് ഇടത്തേ തള്ളവിരലിന്റെ നഖത്തിന്റെ മുകളിൽവെച്ച് വലത്തേ തള്ളവിരലിന്റെ നഖം കൊണ്ട് ഞെരിച്ച് കൊന്നുകളഞ്ഞു.

ഒരു വലിയ മൂക്കട്ട തോണ്ടിയെടുത്ത് വിരലുകൾ കൊണ്ടുരുട്ടി ഒരു ഉണ്ടയാക്കിനു ശേഷം ബീന അത് വായിലേക്കിട്ടു ചവക്കാൻ തുടങ്ങി . “ശരിയാ… ആ കുളൂസുകാരി വരുമ്പളേക്കും പാവക്കുട്ടീനൊളിപ്പിച്ചേക്ക ” , ബീന മുറ്റത്ത് കിടക്കുന്ന പാവക്കുട്ടിയെ എടുത്ത് അകത്തേക്കോടി .

എൺപതുകളുടെ തുടക്കം. കോഴിക്കോട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് വാസു കുടുംബവുമായി താമസിച്ചിരുന്നത് .രണ്ടു ചെറിയ മുറികളും ചായ്പും പൂജാമുറിയും അടുക്കളയും കോലായും അടങ്ങിയ ഒരു ചെറിയ ഓടിട്ട വീട്.കോൺക്രീറ്റ് വത്ക്കരണം പൂർണ്ണമായി നിലവിൽ വന്നിട്ടില്ലാത്ത കാലമായതുകൊണ്ട് നാട്ടിലെ ഒരു ഭേദപ്പെട്ട വീടായി തന്നെ അത് കണക്കാക്കപ്പെട്ടിരുന്നു.വാസുവിനും ഭാര്യ വാസന്തിക്കും രണ്ടു പെൺകുട്ടികളാണ് , റീനയും ബീനയും .

റീനയായിരുന്നു പ്രായത്തിൽ മൂത്തത് (7വയസ്സ് ). മിതഭാഷിയും പക്വത നിറഞ്ഞ പെരുമാറ്റവുമുള്ളവളുമാണ് താനെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിൽ മിടുക്കിയായിരുന്നു റീന . നേരേ മറിച്ച് ഇളയവൾ ബീന ( 5 വയസ്സ്) മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നതിനെക്കുറിച്ച് ശ്രദ്ധിക്കാതെ വാതോരാതെ സംസാരിക്കുന്നവളും . ചെറിയ വായിൽ വലിയ വർത്തമാനം പറഞ്ഞ് മറ്റുള്ളവരുമായ് വാഗ്വാദത്തിലേർപ്പെടുക ബീനക്കൊരു പതിവായിരുന്നു. ബന്ധുക്കൾക്കിടയിൽ ‘പ്രാന്തത്തി’ എന്നൊരു വിളിപ്പേരുതന്നെയുണ്ടായിരുന്നു ബീനയ്ക്ക് .

ചില വൈകുന്നേരങ്ങളിൽ റീനയ്ക്കും ബീനയ്ക്കും ഒരതിഥിയുണ്ടാകും , നീനു . വാസുവിന്റെ ജേഷ്ഠന്റെ മകളാണ് നീനു . അര നാഴിക മതി അവളുടെ വീട്ടിൽ നിന്നവിടെയെത്താൻ . ചില രാത്രികളിൽ റീനയുടേയും ബീനയുടേയും കൂടെ ഉറങ്ങാൻ വരുന്നതാണ് നീനു . ബീനയുടെ സമപ്രായക്കാരിയാണവൾ .ആരെങ്കിലും കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാലോ കളിയാക്കുകയോ ചെയ്താൽ പെട്ടെന്ന് സങ്കടം വരുന്ന പ്രകൃതം.നന്നായി അണിഞ്ഞൊരുങ്ങുന്നതിൽ അതീവ തല്പര ആയിരുന്നവൾ .

വൈകുന്നേരം നീനു എത്തിക്കഴിഞ്ഞാൽ പിന്നെ ഒരുത്സവമാണ് . കക്ക് കളി , അകത്തോ പുറത്തോ , കൊത്തം കല്ല് കളി , ഒളിച്ചുകളി ……
നീനുവിന്റെ അസാന്നിദ്ധ്യത്തിൽ റീന അവളെപ്പറ്റി കുറ്റം പറയുമെങ്കിലും, അവൾ വന്നു കഴിഞ്ഞാൽ റീനയും നീനുവും ഒരു ടീമാകും. അവർ തമ്മിലുള്ള കൂട്ടുകെട്ടിന്റെ പിന്നിലെ രഹസ്യം തൊലിനിറമായിരുന്നു . റീനയും നീനുവും നല്ല വെളുത്തിട്ടാണ് ,ബീന കുറച്ച് കറുത്തിട്ടും . കളിക്കിടയിൽ രണ്ടു പേരും ബീനയെ തോല്പ്പിക്കാൻ പരസ്പരം സഹായിക്കും .അവരുടെ കള്ളക്കളി കാരണം ഇടയ്ക്ക് വെച്ച് ബീന കളി നിർത്തി പിണങ്ങി പോവുന്നത് സ്ഥിരമായിരുന്നു. അവസാനം രണ്ടു പേരും ബീനയെ അനുനയിപ്പിച്ച് രമ്യതയിലെത്തിച്ചതിനു ശേഷം നേരം ഇരുട്ടി വിളക്കു വെക്കുന്നത് വരെ കളി തുടരും .

വാസന്തിയുടെ നിർബന്ധത്തിനു വഴങ്ങി കൈയും കാലും മുഖവും കഴുകിയെന്നു വരുത്തിയതിനു ശേഷം മൂന്നാളും അകത്തെ കിടക്കയിലേക്ക് ഒരു കുതിപ്പാണ്.കിടക്കിയിലേക്ക് മൂന്നാളും ചാടി വീഴുന്നതിന്റെ ആരവം കേൾക്കുമ്പോൾ അടുക്കളയിൽ നിന്ന് വാസന്തി വിളിച്ചു പറയും, “കെടക്കവിരി ഞാനിന്നു മാറ്റിട്ടേളേള! അതൊക്കെ ചവുട്ടി നാശാക്കരുത് .മൂന്നും കാല് മര്യാദയ്ക്ക് കഴുകീട്ടുണ്ടാവൂല’ “

” ഈ അമ്മ തുടങ്ങി … “ , ബീന പിറുപിറുക്കും .

പിന്നെ വാസന്തി അത്താഴം കഴിക്കാൻ വിളിക്കുന്നത് വരെ ‘അക്കുത്തിക്കുത്ത് ‘ കളിക്കുന്നതിന്റെ തിരക്കായിരിക്കും കിടക്കയിൽ .നേരത്തെ കള്ളക്കളി കളിച്ചു തന്നെ തോല്പിച്ചതിന്റെ ദേഷ്യം തീർക്കാൻ ബീന അവൾക്ക് അക്കുത്തിക്കുത്ത് കുത്താനുള്ള അവസരം വരുമ്പോൾ നീനുവിന്റെ കൈപ്പത്തികളിൽ ആഞ്ഞു കുത്തും.അവസാനം നീനുവിന്റെ കരച്ചിലിലാണ് അധിക ദിവസങ്ങളിലും കളിയവസാനിക്കാറുള്ളത് . വൈകാതെ വാസന്തി രംഗപ്രവേശനം ചെയ്ത് ബീനയുടെ ചെവി പിടിച്ച് തിരിച്ച് പൊന്നാക്കും . ആ നേരം ഞാനിതിലൊന്നും ഭാഗഭാക്കല്ലെന്ന മട്ടിൽ മാറി നില്ക്കാറാണ് റീനയുടെ പതിവ് .

അത്താഴം കഴിഞ്ഞ് കൈ കഴുകുമ്പോൾ വാസന്തി മൂന്നാളോടുമായി പറയും , “മൂന്നാളും മൂത്രമൊഴിച്ചിട്ട് പോയിക്കിടന്നാമതി.പായേപ്പാത്യാൽ എന്നെക്കൊണ്ടാവൂലേ വിര്യൊന്നും തിരുമ്പാൻ .”
വാസന്തി പറഞ്ഞത് കേൾക്കാതെ മൂന്നാളും കിടക്കയിലേക്ക് കുതിക്കും .പോണ വഴിക്ക് നീനു വിളിച്ചു പറയും , “ഒറങ്ങാന്നേരം ഒഴിക്ക മേമേ!”

പിന്നെ മൂന്നും കൂടെ കിടക്കയിൽ കിടന്നു കഥ പറയാൻ തുടങ്ങും .നീനു അവളുടെ അമ്മാവൻ സമ്മാനമായികൊടുത്ത പാവയെപ്പറ്റി വർണ്ണിക്കാൻ തുടങ്ങും ,” അത് വർത്താനൊക്കെ പറയ്യല്ലോ !”

” കളവ് പറയല്ലേ നീനൂ “, ബീന കളിയാക്കും .

” സത്യം! നീ വീട്ടിൽവരുമ്പോ ഞാൻ കാണിച്ചു തരാം “, നീനു സമർത്ഥിക്കും .

റീന ഇsപെട്ട് രണ്ടാളേയും രമ്യതയിലെത്തിക്കും . പിന്നെയെപ്പോഴോ കഥ പറച്ചിലിനിടയിൽ മൂന്നാളും ഉറക്കത്തിലേക്ക് ഊർന്ന് വീഴും.മൂത്രമൊഴിക്കാതെയാണ് കിടക്കുക .ആ കാലത്ത് ഇടത്തരം കുടുംബങ്ങളുടെ വീടുകളിൽ എല്ലാ മുറിയിലും ഇന്നത്തെപ്പോലെ ടോയ്ലറ്റുകൾ ഇല്ലായിരുന്നു. വാസുവിന്റെ വീട്ടിലെ പൊതുടോയ്ലറ്റാണെങ്കിൽ അങ്ങ് പുറത്തും.ഒറ്റയ്ക്ക് രാത്രി പുറത്ത് പോവാൻ പിള്ളേർക്ക് പേടിയായതുകൊണ്ടാണ് വാസന്തി അത്താഴം കഴിഞ്ഞയുടനെ ടോയ്ലറ്റിൽ പോയി മൂത്രമൊഴിച്ചതിനു ശേഷം കിടക്കയിലേക്ക് പോയാൽ മതിയെന്ന് മൂന്നാളോടും പറയുന്നത് .

രാവിലെ കിടക്കയിലെ നനവ് ഉണ്ടാക്കുന്ന അസ്വസ്ഥത കൊണ്ടാണ് മൂന്നാളും ഉറക്കത്തിൽ നിന്നെഴുന്നേൽക്കുക. കിടക്കയിലെ നനവ് വാസന്തിയ റിയാതിരിക്കാനുള്ള സൂത്രം ആലോചിക്കുമ്പോഴേക്കും വാസന്തി മുറിയിലെത്തിയിരിക്കും.

” എന്താ മൂന്നാൾക്കും ഒരു പരുങ്ങൽ “, വാസന്തി ചോദ്യം ചെയ്യൽ ആരംഭിക്കും .

മൂന്നാളും തല താഴ്ത്തിയിട്ട് മിണ്ടാതിരിക്കയേ ഉള്ളൂ . അപ്പോഴേക്കും കിടക്കയിലെ മൂത്രത്തിന്റെ ദുർഗന്ധം വാസന്തിക്ക് കിട്ടിത്തുടങ്ങും .എന്നാലും ഒന്നുറപ്പിക്കാൻ കിടക്കയിൽ കൈ കൊണ്ട് അവരൊന്ന് തപ്പി നോക്കും.

” ആരാടീ പായേപ്പാത്ത്യത് ? വേഗം സത്യം പറഞ്ഞോ,അല്ലേൽ മൂന്നിനും കിട്ടും എന്നോട് .”

മൂന്നാളും “ഞാനല്ല !” എന്നൊറ്റ സ്വരത്തിൽ പറയും.

“മൂന്നാളുമൊന്നിങ്ങോട്ട് മാറിനില്ക്ക് ” , വാസന്തി ആഞ്ജാപിക്കും .

എന്നിട്ട് വാസന്തി മൂന്നാളുടേയും അടിവസ്ത്രം പരിശോധിക്കും .അത്ഭുതം ! മൂന്നാളുടേയും അടിവസ്ത്രം നനഞ്ഞിട്ടില്ല. വാസന്തിക്കൊരെത്തും പിടിയും കിട്ടിയില്ല , അതേ പോലെ അവർ മൂന്ന് പേർക്കും .

ഈ നാടകം മാസങ്ങളോളം നീണ്ടു. അവസാനം വാസന്തി ഒരു പരിഹാരം കണ്ടു പിടിച്ചു . പിള്ളേർ കിടക്കാറുള്ള മുറിയിലെ കട്ടിലും കിടക്കയും എടുത്ത് മാറ്റി ,പകരം മൂന്നാൾക്കും തറയിൽ വേറെ വേറെ മൂന്ന് പായ വിരിച്ചു കൊടുത്തു .

പിറ്റേന്ന് രാവിലെ വാസന്തി മുറിയിലെത്തി പരിശോധന നടത്തി . മൂന്ന് പായയിലേയും വിരികൾ മൂത്രം നനഞ്ഞ് കിടക്കുന്നു .

“നിങ്ങൾ മൂന്നാൾക്കും എങ്ങനാ പിള്ളേരേ ഒരേ സമയത്തിങ്ങനെ പായേപ്പാത്താൻ പറ്റുന്നത് ? ,വാസന്തി ദേഷ്യത്തോടെ ചോദിച്ചു .

മൂന്നാളും പൂർണ്ണ നിശബ്ദർ .പെട്ടെന്ന് ബീന കരയാൻ തുടങ്ങി ,” അമ്മേ ,അതിനു രാത്രി ഞാൻ നീനൂന്റെ പായേലാ പാത്തിയത് .”

വാസന്തി നീനുവിനെ നോക്കി . നീനു പതുക്കെ പേടിയോടെ ,” ഞാൻ റീനേന്റെ പായിലാ പാത്തിയത്.”

” ഞാൻ ബീനേന്റെലും “, ചോദിക്കാൻ കാത്തു നില്ക്കാതെ തന്നെ റീന പറഞ്ഞു.

ഇതൊക്കെ കേട്ടപ്പോ വാസന്തിയുടെ ദേഷ്യം എവിടെയോ പോയി .കുറച്ച് നേരം അമ്പരന്ന് നിന്നതിനു ശേഷം അവർ സ്വല്പം ആശ്ചര്യത്തോടെ മുൻപ് പതിവായി ചെയ്യാറുള്ളത് പോലെ അവരുടെ അടിവസ്ത്രം പരിശോധിച്ചു . “എന്നിട്ടു നിങ്ങളെ മൂന്നാളേം ഷണ്ടി നനഞ്ഞിട്ടില്ലല്ലോ ? “

മൂന്നാളും പരസ്പരം നോക്കി. പതുക്കെ കരച്ചിൽ നിർത്തി ബീന പറഞ്ഞു ,” ഷണ്ടി ഊരി വച്ചാ ഞാൻ പാത്തിയത് .അല്ലേല് എന്നെ പിടിക്കൂലെ !”

വാസന്തിക്ക് പൊട്ടിച്ചിരിക്കാതിരിക്കാനായില്ല!



One Comment to മൂന്ന് സഹോദരികൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: