Main Menu

മലയാളവും ക്വട്ടേഷന്‍ സംഘവും

    ഏത് ആഗോളവഴികളിലൂടെയും കരുത്തോടെ  മുന്നേറാനാകുമെന്ന് മലയാളഭാഷ തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്. ആഗോ ളതലത്തില്‍ ആശയവിനിമയാര്‍ഥം ഉപയോഗിക്കുന്ന ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ ഭാഷകള്‍ ഒഴികെ ലോകത്തിലെ അനേകം ഭാഷകസമൂഹങ്ങള്‍ നിത്യവ്യവഹാരത്തിന് ഉപയോഗിക്കുന്ന മറ്റ് ഭാഷക ളെല്ലാം അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രചരിപ്പിക്കപ്പടുന്ന ആഗോളീകരണകാലഘട്ടത്തിലെ പലവഴികളിലൂടെ നടന്നേറുകയാണ്. കോഫിഹൗസ്, കല്യാണപന്തല്‍ , ഏ. സി ബാര്‍ , കടപ്പുറം തുടങ്ങിയ പൊതുവിടങ്ങളില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ മലയാളത്തെ കൊല്ലാനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് കൊല്ലമേറെ യായി. അതൊന്നും ഏശാതെ കൊള്ളേണ്ടത് എടുത്തും തള്ളേണ്ടത് പുറന്തള്ളിയും നമ്മുടെ ഭാഷ മുന്നേറുകയാണ്. മലയാളഭാഷ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിക്കുന്ന എഴുത്തുകാരുടെ പക്ഷവും ബഹുമുഖമായ ആവിഷ്‌കാര ങ്ങളിലൂടെ മലയാളം ശക്തമായി മുന്നേറുകയാണെന്ന് പറയുന്ന ഭാഷാശാസ്ത്രജ്ഞരുടെ പക്ഷവും ഭാഷയുടെ ഇടത്തും വലത്തുമായിനിന്ന് അങ്കം വെട്ടുകയാണ്. ലാങ്‌ഗ്വേജ് കഫേയിലിരിക്കുന്ന നിങ്ങള്‍ ഏത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിച്ച് തീരുമാനിച്ചാല്‍ മതി.

  മലയാളം മരിക്കുന്നുവെന്ന് പറയുന്ന എഴുത്തുകാരുടെ അഭിപ്രായം പരിശോധിക്കുന്നതിനുമുമ്പ് ‘ഭാഷാമരണം’ എന്നതുകൊണ്ട് ഭാഷാശാസ്ത്രം കല്പിക്കുന്ന അര്‍ഥമെന്തെന്ന് നോക്കാം. ഒരു ഭാഷകസമൂഹം മാതൃഭാഷയായി ഉപയോഗിച്ചുവരുന്ന ഭാഷ അപ്രത്യക്ഷമാകു ന്നതിനെയാണ് ഭാഷാമരണം എന്ന് പറയുന്നത്.  പട്ടാളം, സമ്പത്ത്, മതം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവ മാതൃഭാഷയില്‍ ചെലുത്തു ന്ന  ആധിപത്യം എന്ന  ബാഹ്യകാരണവും ഭാഷകര്‍ മാതൃഭാഷയോട് കാണിക്കുന്ന അവഗണന എന്ന ആഭ്യന്തരകാരണവുമാണ് ഭാഷ യുടെ പ്രധാന ഭീഷണികള്‍. ആന്തരിക കാരണം പലപ്പോഴും ബാഹ്യകാരണങ്ങളുടെ സമ്മര്‍ദ്ദഫലമായി ഉണ്ടാകുന്നതാകാം.

  “പ്രാദേശികഭാഷ” (ലോകഭാഷകള്‍ ഒഴിച്ചുള്ളവയെല്ലാം പ്രാദേശികഭാഷകളാണെന്ന നിലപാടാണ് ‘ആഗോളീകരണവാദി’കള്‍ക്കു ള്ളത്) നേരിടേണ്ടിവരുന്ന മറ്റൊരു വെല്ലുവിളിയായി ആഗോളീകരണത്തെ കരുതണം. ഹവായ് യൂണിവേഴ്‌സിറ്റിയിലെ ‘ഗ്ലോബലൈ സേഷന്‍ റിസേര്‍ച്ച് സെന്ററി’ലെ ഗവേഷകര്‍ (Steger, 2003) ആഗോളീകരണകാലഘട്ടത്തില്‍ ഭാഷ മരിക്കുന്നതിന് ചില കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു:

(i) ഭാഷകളുടെ എണ്ണത്തിലുള്ള വ്യത്യാസം: സാംസ്‌കാരികശക്തികളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങ ളിലുള്ള ഭാഷകളുടെ എണ്ണം ക്രമാതീതമായി കുറയുക എന്നാണ് ഇതുകൊണ്ട്  അര്‍ഥമാക്കുന്നത്. ഭീഷണി നേരിടുന്നത് പ്രാദേശീയഭാഷക ളാണ്; മുന്നേറുന്നത് ലോകഭാഷകളും. ആംഗ്ലോ-അമേരിക്കന്‍ സാംസ്‌കാരികവ്യവസായം ഇംഗ്ളീഷിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടി ലെ ഇണക്കുമൊഴി (Lingua franca)യാക്കിത്തീര്‍ക്കാനുള്ള കഠിനശ്രമത്തിലാണ്. ആ മുന്നേറ്റത്തില്‍ പല ഭാഷകളും കൊഴിഞ്ഞു പോകുന്നു.

(ii) കുടിയേറ്റം: അന്യഭാഷാപ്രദേശങ്ങളിലേക്ക് കുടിയേറി താമസിക്കുന്നവരുടെ ഭാഷയില്‍ സമ്പര്‍ക്കഭാഷയുടെ മേധാവിത്വംമൂലം മാതൃ ഭാഷയെ വേണ്ട തോതില്‍ പരിഗണിക്കാനും സംരക്ഷിക്കുവാനും കഴിയാത്ത സാഹചര്യം ഉണ്ടാകാം. അപ്പോള്‍ മാതൃഭാഷ ഉപേക്ഷിച്ച് സമ്പര്‍ക്കഭാഷ നിത്യവ്യവഹാരത്തിനായി ഉപയോഗിക്കേണ്ടിവരികയും ചെയ്യുന്നു. അത്തരം സന്ദര്‍ഭമുണ്ടാകുമ്പോള്‍ കുടിയേറ്റക്കാരുടെ മാതൃഭാഷ മരിക്കുന്നു. കുടിയേറ്റക്കാരുടെ  ഭാഷാമരണവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം ഭാഷാദേശ(language shift) മാണ്.  തങ്ങ ളുടെ മക്കളിലേക്ക് ഭാഷ കൈമാറാതിരിക്കുകയും മക്കള്‍ സമ്പര്‍ക്കഭാഷ മാതൃഭാഷയായി ഉപയോഗിക്കുകയും അങ്ങനെ അത് തലമുറക ളിലേക്ക് മാറുന്നതുമായ പ്രക്രിയയാണ് ഭാഷാദേശം; തലമുറകളിലൂടെയാണ് ഈ പ്രക്രിയ പൂര്‍ണമാകുന്നത്.

  ഭാഷ ജീര്‍ണിക്കുന്നതിനെ ഭാഷാമരണമായി കാണുന്നവരുമുണ്ട്. ഉദാഹരണത്തിന് യു.കെയിലെ ഇംഗ്ളീഷിനെക്കുറിച്ച് അവിടുത്തുകാര്‍ ക്കുള്ള ആശങ്ക.  യു.കെയിലെ വര്‍ത്തമാനപത്രങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക്, വായനക്കാരുടെ കത്തുകളിലൂടെ കണ്ണോടിച്ചാല്‍ എളുപ്പം മനസ്സിലാകുന്നൊരു കാര്യം  ഇംഗ്ളീഷ് ഭാഷ നശിച്ചുകൊണ്ടിരിക്കുകയാണെന്നാകുന്നു. അത്രയേറെ കത്തുകളാണ് ഇംഗ്ളീഷ് ഭാഷയു മായി ബന്ധപ്പെട്ട് പത്രാധിപര്‍ക്ക് ലഭിക്കുന്നത്.  മറ്റു ഭാഷകളില്‍നിന്നുള്ള പദങ്ങള്‍ കടം കൊള്ളുന്നതും അക്ഷരത്തെറ്റും പൈതൃകപദ പ്രയോഗങ്ങളുമാണ് ഇംഗ്ളീഷ് ഭാഷയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് (Carmen, 2007:199). ഏതാണ്ട് ഇതിനു തുല്യമായൊരു അഭിപ്രായം ഇംഗ്ളീഷിനെക്കുറിച്ച് മുപ്പതുകളില്‍ ജോര്‍ജ് ഓര്‍വല്‍ (1930) പറഞ്ഞിട്ടുണ്ട്. ഭാഷ ജീര്‍ണിക്കുന്നതിന്റെ രാഷ്ട്രീയമാണ് അദ്ദേഹം പരിശോധിച്ചത്.

  ഭാഷ മരിക്കുന്നുവെന്ന തോന്നലിന് ആക്കം കൂട്ടുന്ന തരത്തിലുള്ള പഠനങ്ങളും കണക്കെടുപ്പുകളും ആഗോളതലത്തില്‍ നടക്കുന്നതും ഭാഷ കരെ അസ്വസ്ഥരാക്കുന്നുണ്ട്. ഈ അഭിപ്രായം ശ്രദ്ധിക്കുക: “ആറായിരത്തിലധികം ഭാഷകള്‍ , ലോകത്തില്‍ , സംസാരിക്കപ്പെടുന്നുണ്ട്. അപകടഭീഷണി നേരിടുന്ന ഭാഷകള്‍, ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ 90 ശതമാനമാകും. ഡേവിഡ് ക്രിസ്റ്റലിനെപ്പോലുള്ളവര്‍ കണക്ക് കൂട്ടുന്നത് ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ഭാഷ നശിക്കുന്നുവെന്നാണ്. 260 ആദിമഭാഷ നിലവിലുള്ള ആസ്‌ട്രേലിയയില്‍ 100 ഭാഷകള്‍ അപകടഭീഷണി നേരിടുകയാണ് (2007: 199).

മരണപ്രവചനം മലയാളത്തില്‍

  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളഭാഷാഭിവൃദ്ധിയെക്കുറിച്ച് 1889 സെപ്തമ്പര്‍ ഇരുപത്തിയൊന്നാം തീയ്യതി നടത്തി യ പ്രസംഗത്തില്‍ ആര്‍ച്ച് ഡീക്കന്‍ കോശി എന്ന പണ്ഡിതന്‍ മലയാളഭാഷയുടെ തെളിവുകേടിനെക്കുറിച്ചും , മലയാളികള്‍ക്ക് മലയാളം പറയാനുള്ള മടിയെക്കുറിച്ചും വിശദമായി സൂചിപ്പിക്കുകയുണ്ടായി (സേതുമാധവന്‍ , 2004:9). ഏതാണ്ട് ഇതിനു തുല്യമായ മറ്റൊരു പരാ മര്‍ശം കൂടി ശ്രദ്ധിക്കുക – 1899-ല്‍ സാഹിത്യപഞ്ചാനന്‍ . പി.കെ.നാരായണപിള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു – ഇനി വരാന്‍ പോകുന്ന നൂറ്റാണ്ട് മലയാളത്തിന് ഇംഗ്ളീഷിന്റെ പിന്നാലെ പോകാനുള്ളതാണ് (സ്‌കറിയ സക്ക റിയ, 2010:9). മലയാളത്തിലെ ‘ക്ളാസിക് കൃതിയായ ഇന്ദുലേഖ’ പിറന്ന കാലഘട്ടത്തില്‍ത്തന്നെയാണ് ഈ പ്രസ്താവനയെന്നും ഓര്‍ ക്കേണ്ടതുണ്ട്. പഴമയുടെ മണമുള്ള പല മലയാളവാക്കുകളും അന്യം നിന്നുപോകുകയും പുതിയ പദങ്ങള്‍ തല്‍സ്ഥാനം കീഴടക്കുകയും ചെയ്യുന്നതാണ് മലയാളം  മരിക്കാന്‍ കാരണമെന്ന് ചിലര്‍ കരുതുന്നു. “സായിപ്പ് ചിട്ടപ്പെടുത്തി പഠിപ്പിച്ച മലയാളം പഠിച്ച് വളര്‍ന്ന മല യാളി കണ്ടതെന്തും സ്വന്തമാക്കുന്ന ശീലം ഉറപ്പിച്ചതോടെ മലയാളം വഴിയാധാരമായി” (സേതുമാധവന്‍ 2004:9). ഇതാണ് ഭാഷാ മരണം എന്നതുകൊണ്ട് ചിലര്‍ അര്‍ഥമാക്കുന്നത്. ഇനി, അടുത്തകാലത്ത് മലയാളം മരിക്കുന്നുവെന്ന പേരില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ നോക്കാം:

1. എം. മുകുന്ദന്‍
  ഒരു ഭാഷയുടെ മരണം രണ്ടു വിധത്തിലാണ് സംഭവിക്കുന്നത്  ഭാഷ നമ്മെ വിട്ടു ദൂരെ പോകുമ്പോള്‍ അല്ലെങ്കില്‍ ഭാഷയുടെ മുകളില്‍ ആക്രമണമുണ്ടാകുമ്പോള്‍ . മലയാളഭാഷയ്ക്ക്  ഈ രണ്ട് ദുര്‍വിധികളും ഒന്നിച്ചു എറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഉപജീവനമാര്‍ഗം തേടി നാടു വിട്ടു പോകുമ്പോള്‍ സ്വന്തം ഭാഷയെ ഉപേക്ഷിക്കേണ്ടിവരുന്നവരും മാതൃഭാഷ സംസാരിക്കുന്നത് അന്തസ്സിനു ചേരാത്തതായി കരുതുന്ന വരുമാണ് വലിയൊരു വിഭാഗം മലയാളികള്‍ (മുകുന്ദന്‍ , 2008:9)

2. സച്ചിദാനന്ദന്‍
  മാറിയകാലത്തിന് അനുസൃതമായി മാതൃഭാഷയെ നവീകരിക്കുവാന്‍ നാം ഒരുമ്പെടുന്നില്ല. മലയാളം ഒരു സങ്കരഭാഷയായി അധപതി ക്കുന്നതിന് ഇതും ഒരു കാരണമാകുന്നു.

3. എം. എന്‍ കാരശ്ശേരി
  1990 ഓടെ മൂത്തുവന്ന ഉത്തരാധുനികതാകാലത്തിന്റെ നിരൂപണഗദ്യം ശരിക്കും ജനങ്ങളെ പോരിന് വിളിക്കുന്നതാണ്. സിദ്ധാന്ത ങ്ങളും നാട്യങ്ങളുംകൊണ്ട് കലുഷവും സങ്കീര്‍ണവുമായിത്തീര്‍ന്ന ഈ ഗദ്യത്തില്‍ വാക്യഘടനകളിലും സാങ്കേതികപദങ്ങളിലും ഇംഗ്ളീഷിന്റെ ദുരാധിപത്യമാണ് പുലരുന്നത്. ഈ നിരൂപകന്മാരെ അനുകരിക്കുന്ന പത്രക്കാരുണ്ട്, ലേഖകന്മാരുണ്ട്. അവരുടെ ലേഖനങ്ങള്‍ക്ക് ഇല്ലാത്ത കനം ഉണ്ടെന്ന് ഈ ഭാഷാസങ്കീര്‍ണത കാരണം ചിലര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു (കാരശ്ശേരി, 2007:13).

4. കല്‍പ്പറ്റ നാരായണന്‍
  മലയാളം പറയാതെ മലയാളിക്ക് ജീവിക്കാമെന്നായിട്ടുണ്ട് ഏറെക്കുറെ. സംസാരത്തിലാകട്ടെ വളച്ചുകെട്ടലുകള്‍ , ഉക്തിവൈചി ത്ര്യങ്ങള്‍ , ധ്വനികള്‍ കുറഞ്ഞു (കല്‍പ്പറ്റ നാരായണന്‍ 2007-15-16).

മലയാളഭാഷയുടെ നാശത്തിനുള്ള പ്രധാനകാരണങ്ങളായി ഇവര്‍ പറയുന്ന വസ്തുതകള്‍ ഇങ്ങനെ സംഗ്രഹിക്കാം:

(i) ഇംഗ്ളീഷ് ഭാഷയുടെ ഉപയോഗം
(ii) അവതാരകമലയാളം
(iii) ഉത്താരാധുനികസാഹിത്യഭാഷ

  എങ്കിലും ഇവയെല്ലാം ‘ഭാഷാശുദ്ധി’ (ഭാഷാശുദ്ധവാദം) എന്ന ഒറ്റ കാരണത്തിലാണ് ഊന്നുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ എടു ക്കുന്ന നിലപാടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കുവാനാകും. മുകുന്ദന്‍ പരാമര്‍ശിക്കുന്നത്, ദ്വിഭാഷാസാഹചര്യത്തിലുണ്ടാ കുന്ന ഭാഷാമരണത്തെയാണ്. ദ്വിഭാഷാസാഹചര്യത്തിലും സ്വന്തം നാട്ടിലും ഭാഷയ്ക്ക് നേരിടുന്ന ഭീഷണി രണ്ടുതരത്തിലാണ് വിലയിരു ത്തേണ്ടത്. കാരണം ഇവ രണ്ടും വ്യത്യസ്ത രാഷ്രട്രീയകാരണങ്ങളാല്‍ ഉണ്ടാകുന്ന വയാണ്.ഭാഷാദേശവും സംരക്ഷണവും ആഗോള പ്രതിഭാസമാണ്. ദ്വിഭാഷാ-ബഹുഭാഷാസമൂഹത്തില്‍ സമ്പര്‍ക്കഭാഷയായി ഇംഗ്ളീഷ് ഉപയോഗിക്കുന്നതും ദ്വിഭാഷാസാഹചര്യത്തില്‍ വളരുന്ന കൂട്ടി മാതൃഭാഷയോടൊപ്പം ഇംഗ്ളീഷ് സംസാരിക്കുന്നത് മലയാളഭാഷയുടെ ഭാവി തകര്‍ക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. മറിച്ച് ദ്വിഭാഷസാഹചര്യത്തിലെ മലയാളികളുടെ ഭാഷ ഇല്ലാതാക്കിയേക്കാം. ഇന്ത്യന്‍ സാഹചര്യത്തില്‍ അത്തരമൊരു സാഹചര്യം മലയാളിക്ക് വന്നിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കേണ്ട വിഷയമാണ്. ദല്‍ഹി, ചെന്നൈ, ബങ്കലൂര്‍ , മൈസൂര്‍ എന്നിങ്ങനെയുള്ള നഗരങ്ങളില്‍ മലയാളഭാഷാസ്വത്വത്തെയും സാംസ്‌കാരികസ്വത്വത്തെയും നിലനിര്‍ത്താനുള്ള ഭൗതികസാഹചര്യമുണ്ടാക്കി യെടുക്കാവാന്‍ മലയാളികള്‍ യജ്ഞിക്കുന്നത് ഒറ്റയടിക്കിത്തള്ളിക്കളയേണ്ട വിഷയമല്ല.

  ഏതാനും പദങ്ങള്‍ മാത്രം സ്വീകരിക്കുമ്പോളല്ല മറിച്ച് മറ്റൊരു ഭാഷയുടെ വ്യാകരണം സ്വീകരിക്കുമ്പോഴേ ഒരു ഭാഷയെ സങ്കരഭാഷ എന്നു വിളിക്കാനാകൂ. മലയാളത്തില്‍ സച്ചിദനാന്ദന്‍ സൂചിപ്പിച്ചതുപോലെയൊന്നും സംഭവിച്ചിട്ടില്ല. സച്ചിദാനന്ദന്‍ പറഞ്ഞ മറ്റ് അഭി പ്രായങ്ങള്‍ ശ്രദ്ധിക്കുക- “ഈ ‘ശുദ്ധ’ഭാഷാസങ്കല്‍പവും തുടര്‍ന്നുള്ള ‘ശുദ്ധീകരണ’വും നല്ല കാര്യമോ ചീത്തകാര്യമോ എന്ന് എനിക്ക് തീര്‍ച്ചയില്ല. ഒപ്പം ഇംഗ്ളീഷ് ഇത്തരം ഒരു പരിശുദ്ധിവാദം പുലര്‍ത്തിയിരുന്നെങ്കില്‍ എത്രയോ ദരിദ്രമായ ഭാഷയാകുമായിരുന്നു” – ഭാഷാശുദ്ധിസങ്കല്പത്തിന് താന്‍  എതിരാണെന്ന് മുന്‍കൂറായി പറഞ്ഞ സചിദാനന്ദന്‍ ഒടുവില്‍ ചെന്നെത്തുന്നത് ഭാഷയുടെ ശുദ്ധി നഷ്ട പ്പെടുന്നുവെന്ന കാര്യത്തില്‍തന്നെയാണ്. “നല്ല മലയാളവാക്കുകള്‍ ലഭ്യമായ ഇടങ്ങളില്‍പോലും ഇംഗ്ളീഷ് ഉപയോഗിക്കുക, മല യാളം ഇംഗ്ളീഷിന്റെ ആക്‌സന്റും ടോണും – ഊന്നലും സ്വരവും – ഉപയോഗിച്ച് ഉച്ചരിക്കുക-” ഇങ്ങനെ ഭാഷ (അവതാരകമലയാളം) വികലമാകുന്നുവെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഇതിനെ സര്‍ഗാത്മകം എന്നു വിളിക്കാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ നിരൂപണഗദ്യത്തെ അദ്ദേഹം ന്യായീകരിക്കുന്നു “ഭാഷയില്‍ പുതുസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടു മ്പോള്‍ പുത്തന്‍ വാക്കുകളും സൃഷ്ടിക്കേണ്ടി വരും. പാരമ്പര്യവാദികള്‍ക്ക് അത് അരോചകമുണ്ടാക്കുമെങ്കിലും പിന്നീട് അത്തരം പദങ്ങള്‍ പ്രചാരം നേടി കഴിയുമ്പോള്‍ അത് ഭാഷയുടെ പൊതുസ്വത്തായിത്തീരുകയാണ് ചെയ്യുന്നത്”. ആഗോള ബൗദ്ധികവ്യവഹാരത്തിന്റെ ഭാഷയാണ് അന്തര്‍ദേശീയശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ ഉപയോഗിക്കുന്നത് ആ അവസ്ഥയിലേക്ക് മലയാളവും എത്തിയേക്കാമെന്ന ശുഭസുചന സച്ചിദാന്ദന്റെ അഭിപ്രായത്തിലുണ്ട്. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കുവാന്‍ ചിലര്‍ സന്നദ്ധരല്ല. “1990 ഓടെ മൂത്തുവന്ന ഉത്തരാധുനികതാകാലത്തിന്റെ നിരൂപണഗദ്യം ശരിക്കും ജനങ്ങളെ പോരിനുവിളിക്കുന്നതാണ്. സിദ്ധാന്തങ്ങളും നാട്യങ്ങളും കൊണ്ട് കലുഷവും സങ്കീര്‍ണവുമായിത്തീര്‍ന്ന ഈ ഗദ്യത്തില്‍ വാക്യഘടനകളിലും സാങ്കേതികപദങ്ങളിലും ഇംഗ്ളീഷിന്റെ ദുരാധിപത്യമാണ് പുലരുന്നത്” (കാരശ്ശേരി, 2007:13). എഴുത്തുകാരുടെ രചനാശൈലിയിലാണ് കാരശ്ശേരി ഊന്നുന്നതെങ്കിലും മലയാളവാക്യഘടന യില്‍ ഇംഗ്ളീഷിന്റെ ദുരാധിപത്യം എങ്ങനെ വന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. കാരണം വാക്യങ്ങളുടെ കൂട്ടമാണ് ഭാഷ എന്നതിനാല്‍ അതിന് വളരെ പ്രാധാന്യമുണ്ട്. പുതുസിദ്ധാന്തങ്ങള്‍ മലയാളത്തില്‍ ആവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ ഭാഷയ്ക്കുണ്ടാകുന്ന നേട്ടത്തെക്കുറിച്ച് സച്ചിദാനന്ദന്‍ പറഞ്ഞ കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം “മലയാളം കുറെച്ചെങ്കിലും ആവിഷ്‌കാരപ്രാപ്തി – ഭാവാവിഷ്‌കാരവും വിചാരാവിഷ്‌കാരവും – നേടിയിട്ടുണ്ടങ്കില്‍ അതിനൊരു കാരണം അനേകം ഭാഷകളുമായി അതു പുലര്‍ത്തിപ്പോ രുന്ന സമ്പര്‍ക്കമാണ് (സച്ചിദാനന്ദന്‍ , 2007:6) സാര്‍ത്രിനെയും അല്‍ത്തുസറിനെയും ഫൂക്കോയേയും ദറിദയേയും ഫെമിനിസ്റ്റു സിദ്ധാന്തങ്ങളെയുംകുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രതിപാദിക്കുമ്പോള്‍ എന്റെ മുമ്പിലൊരു ഭാഷയില്ലായിരുന്നു. പലപ്പോഴും വാക്കുകളുണ്ടാക്കേണ്ടി വന്നു. പക്ഷേ അവയില്‍ പല വാക്കുകളും പിന്നീട് പൊതുവ്യവഹാരത്തിന്റെ ഭാഗമായി” (സച്ചിദാനന്ദന്‍ , 2007:6).

   ഗദ്യം പോലെ ശുദ്ധിവാദക്കാരെ അകറ്റുന്ന മറ്റൊരു വസ്തുത ടെലിവിഷന്‍ മലയാളമാണ്. ടി. വി അവതാരകരെ മലയാളത്തിന്റെ കൊലപാതകികളായിട്ടാണ് പലരും കാണുന്നത്. അവരുടെ ഉച്ചാരണത്തിലും വ്യാകരണത്തിലും വാക്യഘടനയിലുമെല്ലാം കുഴപ്പമുണ്ടെന്നതാണ് വാദം.

   മലയാളം ചാനലുകളിലെ പരിപാടികള്‍ കാണുന്നത് മലയാളികളാണ്. അവരോടെന്തിന് ടി.വി. അവതാരകര്‍ മംഗ്ളീഷില്‍ സംസാരി ക്കുന്നു എന്നാണ് മുകുന്ദന് ചോദിക്കാനുള്ളത്. കാരശ്ശേരിയാകട്ടെ ഒരു പടി കൂടി മുന്നോട്ട് കടന്ന് ഈ പ്രശ്‌നം ടി.വി. അവതാരകരുടെത് മാത്രമല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ചോദ്യത്തിനുള്ള മറുപടിയായും സംഭവത്തോടുള്ള പ്രതികരണമായും കാര്യങ്ങ ളെപ്പറ്റിയുള്ള പ്രസ്താവനയായും ടി.വി. ക്യാമറയുടെ മുമ്പില്‍നിന്ന് സംസാരിക്കുന്ന പലരും മലയാളവ്യാകരണഘടന ഉപയോഗിച്ച് ഇംഗ്ളീഷ് പറയുന്നവരാണ് (കാരശ്ശേരി, 2007:13). ഇവിടെ അദ്ദേഹം മലയാളവ്യാകരണം നിലനിര്‍ത്തികൊണ്ടുതന്നെ ഭാഷയില്‍ വന്ന ഇംഗ്ളീഷ് പദാധിക്യത്തിലാണ് ഊന്നുന്നതെന്ന് കാണാം. അതിനാലാണ് ഈ അഭിപ്രായങ്ങള്‍ ശുദ്ധിവാദത്തിലാണ് ഊന്നുന്നതെന്ന് പറയുന്നത്.      

ശുദ്ധം – അശുദ്ധം എന്ന ദ്വന്ദ്വകല്പനയിലൂടെ മലയാളഭാഷയുടെ ബഹുമുഖമായ ആവിഷ്‌ക്കാരങ്ങളെ തള്ളിക്കളഞ്ഞ് സാമൂഹികമായ അധികാരവിവേചനത്തില്‍ത്തന്നെയാണ് ഈ ശുദ്ധവാദികള്‍ നിലയുറപ്പിക്കുന്നത്.

  ‘ഉത്തരാധുനിക’ഗദ്യത്തെയും അവതാരകമലയാളത്തെയും മലയാളഭാഷയില്‍ നൂതനമായി ആവിഷ്‌ക്കരിക്കപ്പെട്ട വ്യത്യസ്ത സാന്ദര്‍ ഭികഭാഷാഭേദങ്ങളായിട്ടാണ് കാണേണ്ടത്. മലയാളഭാഷയുടെ പദസമ്പത്ത് വര്‍ധിപ്പിക്കുന്നതോടൊപ്പം ചിന്താലോകത്തെ വിശാലമാ ക്കുവാനും ‘ഉത്തരാധുനിക’ഗദ്യം സഹായിച്ചിട്ടുണ്ട്. ‘മലയാളം കൂടാതെ മലയാളികള്‍ക്ക് ജീവിക്കാമെന്നായിരിക്കുന്നുവെന്ന് കല്പറ്റ നാരായ ണന്‍ പറയുന്നത് ആലങ്കാരികാര്‍ഥത്തിലേ എടുക്കേണ്ടതുള്ളൂ. പഴമയുടെ ‘പൂതിഗന്ധ’മാണ് വാമൊഴിയുടെ ചേതസ്സെന്ന് പറയുന്ന തില്‍ അത്ര കഴമ്പൊന്നും കാണാനാകുന്നില്ല. ഇത്തരം വിഷയങ്ങളോട് ഭാഷാശാസ്ത്രജ്ഞരുടെ നിലപാട് എന്തെന്ന് പരിശോധിക്കാം

ഭാഷാശാസ്ത്രകാരന്മാരും മലയാളഭാഷയും

  മലയാളഭാഷയുടെ പുരോഗതിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നവരാണ് ഭാഷാശാസ്ത്രജ്ഞര്‍ . ഭാഷയുടെ ഓരോ സ്പന്ദന ത്തെയും സജീവമായി നിലനിര്‍ത്തുകയും ഭാഷാപഗ്രഥനത്തിന്റെ പുതുവഴികള്‍ കണ്ടെത്തുകയും ചെയ്യന്നു അവര്‍ .  അതിനാല്‍  ഇക്കൂ ട്ടരില്‍ ശുദ്ധവാദികള്‍ക്ക് പ്രസക്തിയില്ല. ഭാഷ ചലനാത്മകമാണെന്നും സമൂഹബാഹ്യമായി അതിന് അസ്തിത്വമില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. മലയാളഭാഷയുടെ സമകാലികാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണകളുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.

1. വി ആര്‍. പ്രബോധചന്ദ്രന്‍  
   വി ആര്‍ പ്രബോധചന്ദ്രന്‍  രേഖപ്പെടുത്തുന്നത് ശ്രദ്ധിക്കുക- പ്രപഞ്ചവിജ്ഞാനത്തിന്റെ ഏതു ശാഖയെയും ഉള്‍ക്കൊള്ളാൻ പോന്ന ആഴവും പരപ്പും മലയാളത്തിന് പടിപ്പടിയായിട്ടാണെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുത നിഷേധിക്കുവാനാവില്ല (1999: 33).

2. ആന്‍ഡ്രൂസ്‌ കുട്ടി
     കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ മലയാളഭാഷ പല തലങ്ങളിലും ഗണനീയമായ രീതികളില്‍ മുന്നേറിയിട്ടുണ്ട്. സാഹിത്യം, ബഹുജ നമാധ്യമങ്ങള്‍ , വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ , മറ്റു ഭാരതീയഭാഷകളെ അപേക്ഷിച്ച്, മലയാളം ഏറെ ശ്രദ്ധേയമായ കാല്‍വെ യ്പ്പുകള്‍ നടത്തിയിട്ടുണ്ട് (ആന്‍ഡ്രൂസ്‌കുട്ടി, 2004:100). കൂടാതെ ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ നവനവങ്ങളായ ചുമതലകള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാക്കത്തക്ക രീതിയില്‍ ഭാഷയെ പുനക്രമീകരിക്കുക തന്നെ വേണം. അത് ഏത് വിധത്തില്‍ വേണമെന്ന് പറയുന്നില്ലെങ്കിലും ഭാഷയുടെ കാര്യത്തില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ട്. ആന്‍ഡ്രൂസ്‌കുട്ടിയുടെ അതേ അഭിപ്രായം തന്നെയാണ് ടി.ബി. വേണുഗോപാലപ്പണിക്കര്‍ക്കുമുള്ളത്.

3. ടി.ബി.വേണുഗോപാലപ്പണിക്കര്‍
 ഒരു ഭാഷയുടെ സംവേദനശേഷി വര്‍ധിപ്പിക്കണമെങ്കില്‍ അത്യാവശ്യം വേണ്ടത് വിവിധ മേഖലകളില്‍ , പ്രയോഗരംഗങ്ങളില്‍ , ഉപയോഗിക്കലാണ്. ഈ കഴിവ് നേടണമെങ്കില്‍ ജനങ്ങള്‍ക്ക് അതിന്റെ ആവശ്യം തോന്നണം (വേണുഗോപാലപ്പണിക്കര്‍ , 2006 :10-11).

4. സ്‌കറിയ സക്കറിയ
  സമകാലിക മലയാളത്തെക്കുറിച്ചുള്ള എന്റെ അഭിമാനം വര്‍ധിക്കുന്നു. ഭാരതീയഭാഷകളില്‍ ഏറ്റവും സമകാലികമാകാന്‍ തത്ര പ്പെടുന്ന ഭാഷ മലയാളമാണ് (സ്‌കറിയ സക്കറിയ, 2010:20). അടുത്തകാലത്തായി കേരളീയര്‍ക്ക് അത്തരം തോന്നലുകള്‍ ദൃഢമായിരിക്കുന്നുവെന്നതിന്റെ തെളിവാണ്, വിവിധ വിജ്ഞാനരംഗങ്ങളെ ആസ്പദമാക്കി മലയാളത്തിലിറങ്ങിക്കൊണ്ടിരിക്കുന്ന ആനുകാലികങ്ങള്‍ . സാഹിത്യകാരന്മാരില്‍ നിന്നു ഭിന്നമായ വീക്ഷണമാണ് മലയാളഭാഷാശാസ്ത്രകാരന്മാര്‍ക്ക് ഈ കാര്യത്തിലുള്ള തെന്ന് ഈ അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും.

  മലയാളഭാഷ വളരുകയാണെന്നും വ്യത്യസ്തമായ തലങ്ങളിലുള്ള പ്രയോഗം മലയാളഭാഷയുടെ മുന്നേറ്റത്തിന് സഹായിക്കുമെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ഭാഷയേയും ഭാഷാതന്ത്രങ്ങളേയും ശാസ്ത്രീയമായി അപഗ്രഥിക്കുന്നവരായതുകൊണ്ടാണ് മലയാളഭാഷ യുടെ ബഹുമുഖമായ ആവിഷ്‌ക്കാരങ്ങള്‍ ഭാഷയുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്ന് ഭാഷശാസ്ത്രജ്ഞര്‍ പറയുന്നത്. സാഹിത്യകാരന്മാ രാകട്ടെ അതിവൈകാരികമായാണ് ഭാഷയെ സമീപിക്കുന്നത്. അതുകൊണ്ടാണവര്‍ക്ക് ‘സാമൂഹികജീവിതം ചീത്തയാകുമ്പോള്‍ ഭാഷ ചീത്തയാകുന്നുവെന്ന’ പറയേണ്ടിവരുന്നത്. മാത്രമല്ല വരമൊഴിയെ  അടിസ്ഥാനമാക്കി നിലകൊള്ളുന്ന നിര്‍ദ്ദേശാത്മകവ്യാകരണ ത്തിന്റെ ചട്ടങ്ങളില്‍നിന്നുകൊണ്ടാണ് അവര്‍ ഇപ്പോഴും  സംസാരിക്കുന്നത്. ഭാഷാഭിമാനത്തില്‍ എഴുത്തുകാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ബഹുമുഖമായ ആവിഷ്‌ക്കാരങ്ങളിലേക്ക് വളരുന്ന മലയാളഭാഷയുടെ സമകാലികാവസ്ഥയില്‍ ആത്മനിര്‍വൃതിയടയുകയാണ് ഭാഷാ ശാസ്ത്രജ്ഞര്‍ .

മുന്നേറുന്ന മലയാളം:സാന്ദര്‍ഭികഭാഷാഭേദവും അവതാരകമലയാളവും

   സാഹിത്യഭാവുകത്വത്തില്‍നിന്ന് ഭിന്നമായ ഭാവുകത്വത്തെ വളര്‍ത്തിയെടുക്കുവാന്‍ ടെലിവിഷന് സാധിച്ചിട്ടുണ്ട്. ഇതിനെ ടെലിവിഷന്‍ ഭാവുകത്വമെന്ന് വിളിക്കാം. അതിന്റെ അവിഭാജ്യഘടകമാണ് അതില്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും. ടെലിവിഷന്‍ മലയാള ത്തെ മലയാളത്തിന്റെ നുതനമായൊരു ശൈലീഭേദമായിട്ടാണ് കരുതേണ്ടത്.  സാന്ദര്‍ഭികമായ പ്രയോഗമനുസരിച്ചുള്ള ഭാഷയുടെ വ്യതിരിക്തശൈലിയാണ് അവതാരകമലയാളം. റിയാലിറ്റി ഷോ, ഫോണ്‍ – ഇന്‍ പ്രോഗ്രാം എന്നിങ്ങനെയുള്ള പരിപാടികളിലെ ഭാഷയെയാണ്  അവതാരകമലയാളം എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത്. ടെലിവിഷനിലെ മറ്റ് പരിപാടികളില്‍നിന്ന് അവതാരക മലയാളം വ്യത്യസ്തമാണ്. ഭാഷ പ്രയോഗിക്കുന്നതില്‍ അവതാരകര്‍ക്കുള്ള സ്വാതന്ത്ര്യമാണിതിന്റെ പ്രത്യേകത. ഈ നിയതസ്വതന്ത്ര്യ മുപയോഗിച്ച് അവര്‍ ഭാഷാപരവും ദൃശ്യാത്മകവുമായ ഭാവുകത്വത്തെ ഉണ്ടാക്കിയെടുക്കകയാണ്. അതുകൊണ്ട് പദതലം മുതല്‍ ഈണതലം വരെയുള്ള വ്യതിയാനം ഇവിടെ കാണാം. ടെലിവിഷന്‍ ഉണ്ടാക്കിയെടുത്ത ഭാവുകത്വത്തിനനുസൃതമായി സൃഷ്ടിച്ചെടുത്ത മലയാളവും ഇംഗ്ളീഷും ചേര്‍ന്ന  ഈ ശൈലിയെ അവതാരകമലയാളം എന്നു വിളിക്കാം. അവതാരകമലയാളത്തിന് അടിസ്ഥാന പരമായും മൂന്ന് ഘടകങ്ങളുണ്ടെന്ന് കാണാം. (i)അവതരിപ്പിക്കപ്പെടുന്ന വിഷയം (ii)അവതരണം (iii)ദൃശ്യവിന്യാസം. വാര്‍ത്തയില്‍ നിന്നും വ്യത്യസ്തമായി കാണികളോട് നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് അത് അവതരിപ്പിക്കപ്പെടുന്നത്.  ദൃശ്യഭംഗിയ്ക്ക് അനുയോജ്യ മായ അവതരണം. ഇതിന്റെ നിരന്തര പ്രയോഗം ഭാഷയില്‍ മേധാവിത്വത്തെയും അതു വഴി അധികാരത്തെയും കൊണ്ടുവരുന്നുണ്ട്.

   ഇംഗ്ളീഷ് ഭാഷാപദങ്ങള്‍ ഇടകലര്‍ത്തി പറയുന്നത് കൂടാതെ അവതാരകമലയാളത്തിന്റെ ഭാഷാപരമായ പ്രധാനപ്രത്യേകത അക്ഷരോച്ചാരകഭാഷയായ മലയാളത്തെ ബലകാലതാളത്തില്‍ ഉച്ചരിക്കുക എന്നതാണ് (ഉദാ- കനക എന്നതിലെ നകാരത്തിലൂന്നി അത് കന്നക എന്നാക്കിയായിരംക്കും ഉച്ചരിക്കുക)  ഇംഗ്ളീഷിലെ പ്രത്യയങ്ങളെ മലയാളപദങ്ങളെ ഘടിപ്പിക്കുവാന്‍ ഉപയോഗിക്കുക എന്നതാണ് മറ്റൊന്ന്. ഉദാഹരണം: ‘ശരത് സാര്‍ മിറ  ഉണ്ണിയേട്ടന്‍ ഒന്നിച്ചുവന്നു’. ഇവിടെ മലയാളത്തിന്റെ അടിസ്ഥാനവ്യാകരണം മാറുന്നില്ല. “പ്രത്യയമാണ് ഭാഷയെ നിര്‍ണയിക്കുന്ന ഘടകമെന്നതിനാല്‍ അന്യഭാഷാധാതുക്കള്‍ പ്രത്യേകിച്ചും ഇംഗ്ളീഷില്‍ നിന്നുമു ള്ളവ, പ്രയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല.ഭാഷാഗ്രഹണം എന്ന പ്രക്രിയയില്‍ പരമാവധി പ്രസക്തവും മൗലികവുമായ ഏകകമാണ് വാക്യം. അതിനാലാണ് വാക്യം മലയാളമാകണമെന്ന് പറയുന്നത് (പ്രബോധചന്ദ്രന്‍ , 1999:32).

    വിഭക്ത്യന്തപ്രത്യയവും മലയാളവും ചേര്‍ന്നൊരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട മണിപ്രവാളസാഹിത്യത്തെ അംഗീകരിച്ച മലയാളി ഇംഗ്ളീഷ് കലര്‍ന്ന മലയാളത്തില്‍ അവതരിപ്പിക്കുന്ന അവതാരകമലയാളശൈലി മലയാളത്തിലെ സാന്ദര്‍ഭി കഭാഷാഭേദ മായി അംഗീകരിച്ചുകഴിഞ്ഞുവെന്നര്‍ഥം. ആ വ്യവഹാരസന്ദര്‍ഭത്തിലല്ലാതെ അത്തരം ശൈലിക്ക് പ്രയോഗവുമില്ലെന്നും കാണാം. മലയാളത്തിലെ ഓരോ ചാനലും സാക്ഷ്യം വഹിക്കുന്നു. സംസ്‌കാരത്തില്‍ പുതിയതായി കടന്നുവരുന്നവയെ അംഗീകരിക്കുവാനുള്ള വൈമനസ്യം മലയാളികള്‍ വളരെ പെട്ടെന്ന് മറികടക്കുമെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്.

   ആദ്യകാലത്ത്  ഏതാനും ചില പരിപാടികളിലാണ് ഇംഗ്ളീഷ് ഇടകലര്‍ത്തിയുള്ള മലയാളം ഉപയോഗിച്ചിരുന്നത്.  അപ്പോള്‍ തന്നെ ബുദ്ധിജീവികള്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇടത്-വലത് പക്ഷഭേദം കൂടാതെ ഇപ്പോള്‍ എല്ലാ ചാനലുകളും ഈ ശൈലിയെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ശൈലിയോടുള്ള ജനങ്ങളുടെ പൊരുത്തപ്പെടലാണ് ഇത് കാണിക്കുന്നത്. അടുത്തകാലത്തെ ഒരു റിയാലിറ്റി ഷോയില്‍ നന്നായി മലയാളം സംസാരിക്കുന്ന അവതാരകയെ മാറ്റി മുമ്പ് ഇതേ രീതിയിലുള്ള പരിപാടിയില്‍ മലയാള-ഇംഗ്ളീഷ് ശൈലി ഉപയോഗിച്ച അവതാരകയെ തിരികെ കൊണ്ടു വന്നതും ശ്രദ്ധേയമാണ്. ഒരു സാന്ദര്‍ഭികഭാഷാഭേദമായ അവതാരകമലയാളം  മലയാളത്തിന്റെ വാക്യഘടനയെ നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുന്നുണ്ട്. ബലകാല താളത്തിലുള്ള ഉച്ചാരണം അവതാരകമലയാ ളത്തിന്റെ ശൈലീഭേദമായിവേണം കരുതാന്‍.

യഥാര്‍ത്ഥത്തില്‍ അവതാരകമലയാളത്തിന്റെ സൗന്ദര്യശാസ്ത്രമാണ് അന്വേഷി ക്കേണ്ടത്. കമേഴ്‌സല്‍കാര്യങ്ങള്‍ക്ക് മലയാളത്തെ എങ്ങനെ ഉപയോഗിക്കാമെന്ന കാര്യമാണ് അവതാരകമലയാളം തെളിയിക്കുന്നത്. മലയാളഭാഷയുടെ വ്യത്യസ്താമായ ആവിഷ്‌കാര മാണിത്

പുതുതലങ്ങളും ഭാഷയും

   സാഹിത്യ-കായിക-, സിനിമ-രാഷ്ട്രീയ-മനശ്ശാസ്ത്രമണ്ഡലങ്ങള്‍ തുടങ്ങിയ ഏതാനും രംഗത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ആനുകാലി കങ്ങള്‍ ഇപ്പോള്‍ നവവൈജ്ഞാനികമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് കാണാം. കമ്പ്യൂട്ടര്‍ , സാമ്പത്തികം, ആര്‍ക്കിടെക്ട്, വൈദ്യശാസ്ത്രം, ഇന്റീരിയർ ഡക്കറേഷന്‍ , ആട്ടോ മൊബയില്‍ എഞ്ചിനിറിയിങ്ങ്, കേബിള്‍ ടി.വി, ടെലിവിഷന്‍ , ഓഹരിവിപണി, ബാങ്കിങ്ങ്,  കാര്‍ ഷികം,  തുടങ്ങിയ ധാരാളം വിഷയങ്ങളെ ജനകീയമാക്കുന്ന ഭാഷയായി  മലയാളം മാറിയിരിക്കുന്നു. ഇത് മലയാള ഭാഷയെ സംബന്ധി ച്ചിടത്തോളം ഒരു കുതിപ്പാണ്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ മലയാളം വളര്‍ന്നിട്ടില്ല എന്ന വിലാപം തുടരുന്നവര്‍ അത് പുനപരിശോധിക്കേണ്ടതുണ്ട്.

   വളരുന്ന മലയാളത്തില്‍നിന്നു അടരുന്ന നിരവധി മനോഹരങ്ങളായ പദങ്ങള്‍ വി സ്മൃതിയിലായി എന്ന വേവലാതിയും വേണ്ട. കാരണം പഴയതും പുതിയതുമായി   ആവശ്യമുള്ള ഭാഷാരൂപങ്ങള്‍ നിലനിര്‍ത്തികൊണ്ടുതന്നെയാണ് ഭാഷ മുന്നേറുന്നത്. ഒരു പദം അടര്‍ന്നുവീഴുന്നത്  സാംസ്‌കാരികവ്യതിചലനത്തിന്റെ ഫലമായിട്ടാണ്. ‘പഴഞ്ചൊല്ലുകള്‍, കാവ്യങ്ങളിലെ ഉദ്ധരണികള്‍ എല്ലാം ഇടകലര്‍ന്ന് വന്നിരുന്ന പാരമ്പര്യം ക്ഷയിച്ചു. ഭാഷയില്‍ ആവിഷ്‌കാരസുഖം കുറഞ്ഞു’  എന്നെല്ലാം പറയുന്നതിലും വലിയ പ്രസക്തി യില്ല. അത്തരം അഭാവത്തെ ഭാഷ മറ്റൊരു തരത്തില്‍ പരിഹരിക്കുന്നുണ്ടെന്നാണ് ചരിത്രം കാണിക്കുന്നത്.

    പ്രചാരം നേടിയ പദങ്ങള്‍ അവ അന്യഭാഷാപദങ്ങള്‍ ആണെങ്കില്‍പ്പോലും മാറ്റേണ്ടതില്ല. മാറ്റിയാലും വലിയ പ്രയോജനം ഇല്ലെന്നാണ് ഭാഷാശുദ്ധിയിലും തനിമയിലും വളരെ പ്രാധാന്യം കൊടുക്കുന്ന തമിഴരില്‍നിന്നും മനസ്സിലാക്കാനാവുന്നത്. എല്ലാ പരിഷ്‌കാരവും വരമൊഴിയില്‍ ഒതുങ്ങുന്നു. അവരുടെ ഭാഷാസ്വത്വസംരക്ഷണമെല്ലാം ചെമ്മൊഴിയില്‍ ഒതുങ്ങുന്നു; വാമൊഴി കലര്‍പ്പും പിളര്‍പ്പുമായി മുന്നേറുകയാണ്.

   മലയാളത്തെ ആഗോളഭാഷയാക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് പുതുതലമുറ. ഒരു ഭാഷയെ ലോകഭാഷയായി ഗണിക്കുന്നത്  താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്:

(i) വിദേശഭാഷാപഠനത്തിനും ടൂറിസത്തിനും ഉപകരിക്കുന്ന ഭാഷ: കാരണം    വിദേശഭാഷാപഠനവും വിനോദസഞ്ചാരവും ഭാഷയെ ദേശീയവും സാംസ്‌കാരികവുമായ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നു.

(ii). ഇന്റര്‍നെറ്റ് ഭാഷ: വിവരങ്ങള്‍ വളരെ പെട്ടെന്ന് ആര്‍ജിക്കുന്നതിനും തല്‍ക്ഷണ ആശയവിനിമയത്തിനും ഉള്ള ആഗോളമാധ്യമമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന ഭാഷ പരിശോധിച്ചാല്‍ അന്തര്‍ദേശീയവിനിമയത്തിനുള്ള ഭാഷയുടെ മേധാവിത്വം മന സ്സിലാക്കാനാകും.

(iii) അന്തര്‍ദേശീയ ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ : ആഗോള ബൗദ്ധികവ്യവഹാരത്തിന്റെ ഭാഷയാണ് അന്തര്‍ദേശീയശാസ്ത്ര പ്രസിദ്ധീ കരണങ്ങള്‍ ഉപയോഗിക്കുന്നത് (Steger, 2003).  ഈ പറഞ്ഞകാര്യങ്ങളിലെല്ലാം നവമലയാളികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

കമ്പ്യൂട്ടര്‍മാധ്യമഭാഷ എന്ന നിലയില്‍ മലയാളം മുന്നേറുകയാണ്. യുണികോഡ് വന്നതോടെ മലയാളം ഏതാണ്ട് കമ്പ്യൂട്ടര്‍ ഭാഷയായി മാറി. ഇത് ഉപയോഗിച്ച് സമാന്തരമായ ഭാഷാവിഷ്‌ക്കാരങ്ങള്‍ സൈബര്‍ലോകത്തു നടന്നുകൊണ്ടിരിക്കുകയാണ്. ആഗോളീകരണസാ ഹചര്യത്തില്‍ ലോകവ്യവഹാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭാഷ എത്ര സജ്ജമാണെന്നത് നവമലയാളിക്ക് ആത്മവിശ്വാസം പകരുന്നു.

  ബഹുമുഖമായ വ്യവഹാരങ്ങളോടു താത്പര്യം കാണിക്കുന്നതാണ് മലയാളിയുടെ ഗുണം. അത് മലയാളഭാഷയെ വളര്‍ത്തുന്നു. ഒരു കാലത്ത് സാഹിത്യത്തിലും പത്രത്തിലും ശാസ്ത്രലേഖനങ്ങളിലും ഒതുങ്ങിനിന്നിരുന്ന ഭാഷ ഇന്ന് സൈബര്‍ ലോകത്തിന്റെ ചലനാത്മ കതയെ ഉള്‍കൊള്ളാന്‍ പര്യാപ്തമായിരിക്കുന്നു. വിവരസാങ്കേതികവിദ്യയും അതിന്റെ ഉപവ്യവസ്ഥകളും ചേര്‍ന്ന് പുതിയൊരു ആശയ വിനിമയത്തിന്റെ ലോകം മലയാളികള്‍ക്ക് മുമ്പില്‍ തുറന്നിട്ടിരിക്കുകയാണ്. അവയ്ക്ക് ഇണങ്ങുന്ന തരത്തില്‍ മലയാളത്തെ സജ്ജമാ ക്കാനും നവമലയാളികള്‍ തയ്യാറായിരിക്കുന്നു. ഇതിന്റെ ഓളങ്ങള്‍ സാഹിത്യത്തിലും കാണാം. എഴുത്തുകാരന്റെ രചനാപ്രതലമെന്ന നിലയ്ക്കും ഭാഷയുടെ സൂക്ഷ്മതയെന്ന നിലയ്ക്കും എസ്.എം.എസ് കഥ, കവിത, ഫലിതം, തത്ത്വചിന്ത എന്നിവയെ കാണണം. സാമൂഹിക പരിണാമങ്ങളാണ് ഭാഷയില്‍ പുതിയ ആവിഷ്‌ക്കാരങ്ങള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ സാമൂഹികസന്ദര്‍ഭങ്ങള്‍ക്ക് അനുസൃതമായി ഭാഷ യില്‍ സാന്ദര്‍ഭികഭാഷാഭേദങ്ങള്‍ ഉണ്ടാകുന്നു. അവ തമ്മില്‍ അതിവ്യാപനവുമില്ല. മലയാളഭാഷ സംസാരിക്കുവാന്‍ മലയാളികള്‍ വിമുഖത കാട്ടുന്ന ചരിത്രസംഭവത്തിലേ മലയാളം മരിക്കുന്നുവെന്ന വാദത്തിന് പ്രസക്തിയുള്ളൂ. നിത്യേന വളര്‍ന്നു കൊണ്ടിരിക്കുന്ന മലയാളികള്‍ മലയാളത്തെ വളര്‍ത്തുകയാണന്നതിനാണ്  മലയാളത്തിന്റെ എല്ലാ നവപ്രത്യക്ഷീകരണങ്ങളും കാണിക്കുന്നത്.

മലയാളം നാശോന്മുഖമായ ഭാഷകളിലൊന്നായിട്ടാണ് പാശ്ചാത്യര്‍ കരുതുന്നത്. മൂന്നാംലോകരാഷ്ട്രത്തിലെ ഭാഷകളെല്ലാം അവരുടെ കണ്ണില്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭാഷകളാണ്. അമേരിക്കയിലെ ടെക്‌സസ്സ് യൂണിവേഴ്‌സിറ്റി  മലയാളമുള്‍പ്പെടയുള്ള ഇന്ത്യന്‍ ഭാഷ കള്‍ക്കായി ‘എന്‍ഡേജേസ് ലാങ്ഗ്വജ് ഡിപ്പാര്‍ട്ടുമെന്റ്’ (വംശനാശഭാഷാവിഭാഗം) തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ചില ബുദ്ധിജീവികള്‍ ഇതേ കാഴ്ചപ്പാടാണുള്ളത്. ഇത് വളരെ പണ്ടു തന്നെയുള്ള മനോഭാവമാണ്. വംശനാശഭാഷാവകുപ്പ് പ്രാദേശിയഭാഷകള്‍ക്കുമേലുള്ള അമേരി ക്കന്‍ സാംസ്‌കാരികാധിപത്യത്തിന്റെ പ്രത്യക്ഷതെളിവാണ്.  ഈ സാഹചര്യത്തില്‍ പുതിയകാലത്തിന്റെ നൂതനങ്ങളായ വ്യവഹാര ങ്ങളെ എതിരിടാന്‍ വയ്യാതെ മലയാളം മരിക്കുന്നുവെന്ന് പറയുന്നവര്‍, സത്യത്തില്‍ ആഗോളീകരണവാദികള്‍ക്ക് പിന്നില്‍ അണിനിരന്ന് മലയാളഭാഷയെ കൊല്ലാന്‍ മുന്നില്‍ നില്‍ക്കുകയാണ്.4 Comments to മലയാളവും ക്വട്ടേഷന്‍ സംഘവും

  1. വളരെ പ്രസക്തമായ അന്വേഷണം..
    ചോദ്യങ്ങള്‍, ഉത്തരം കാണാനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം .. തിരിച്ചെത്താം..

  2. ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയായി നിലനില്ക്കുന്നതും ധാരാളം പേർ സംസാരിക്കുന്നതും എഴുതുന്നതും പ്രസിദ്ധീകരണങ്ങൾ ഉള്ളതുമായ ഭാഷ പെട്ടെന്നു മരിച്ചുപോകുന്ന ഒന്നല്ല. മാറുന്ന കാലത്തിനും സംസ്കാരത്തിനും അനുസൃതമായി പുതിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടായേക്കാം. മാറ്റത്തെ ഉൾക്കൊള്ളുന്നതിനുള്ള തയ്യാറെടുപ്പുമാത്രമായി അതിനെ കണ്ടാൽ മതി. അമ്പതുവർഷം മുമ്പത്തെ വർത്തമാനപ്പത്രവും ഇന്നത്തെ പത്രഭാഷയും നോക്കിയാൽത്തന്നെ ഈ മാറ്റം വ്യക്തമാണ്. തികച്ചും ആധികാരികമായി ഈ വിഷയത്തെ സമീപിച്ച ലേഖകന് അഭിനന്ദനങ്ങൾ.

  3. മലയാള ഭാഷ സംസാരിക്കുന്നത് കുറച്ചിലാകും എന്ന് കരുതുന്ന ഒരു പുതു തലമുറയാണ് വളര്‍ന്ന് വരുന്നത്. ഈ ലേഖനം അവരുടെ ആരുടെയെങ്കിലും മനസ്സില്‍ ഒരല്‍പ്പം ഭാഷാ സ്നേഹം ഉണ്ടാക്കിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.

    വളരെ നല്ല ലേഖനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: