പൂർണ്ണവിരാമങ്ങൾക്കായ്…
അർദ്ധവിരാമങ്ങൾ ആശങ്കകളായ്
മാറിയ വേളയിൽ,
അതിരുകൾ അനന്തമായ്
കൊട്ടിയടക്കുമ്പോൾ,
പാതിയൊഴുകി നിലച്ച പുഴയിലെ
ജലബിന്ദുക്കൾ കണക്കെ,
പൂർണ്ണവിരാമത്തിനായ് പ്രത്യാശിക്കുന്നു.
ആസുരനർത്തനം തുടരുന്നു.
മൺചെരാതിലെ ദീപനാളങ്ങൾ
അണയാതിരിക്കാൻ ആളിക്കത്തുന്നു.
മതിലുകൾ കെട്ടി സ്വയം സമാധിയിലാവുമ്പോഴും
പ്യൂപ്പകൾ പൂമ്പാറ്റകളായ് മാറുന്നു.
പക്ഷികൾ പാറിപ്പറക്കുന്നു.
മയിലുകൾ സ്വച്ഛന്ദനൃത്തമാടുന്നു.
കല്ലോലങ്ങളിൽ ഇക്കിളി കൂട്ടുന്ന മന്ദമാരുതനും
ജാലകത്തിനപ്പുറത്തേക്ക് പിൻവാങ്ങി.
ഞങ്ങളും ലക്ഷ്മണരേഖകൾ ഭേദിക്കില്ലെന്നറിയില്ലേ..
ദൂരെ, അങ്ങു ദൂരെ
പൂക്കാൻ മറക്കാത്ത കൊന്നകൾക്കിടയിലൂടെ
മറ്റൊരു വിഷുക്കാലമെത്തി നോക്കവേ,
വീട്ടിനകത്തു ഞാനും
വ്യഥാ കൈനീട്ടമൊരുക്കുന്നു…
അതിഥികളിക്കുറി വരില്ലെന്നറിഞ്ഞിട്ടും
നറുനെയ്ത്തിരിയുമായ് കണിയൊരുക്കവേ
പ്രത്യാശയുടെ, ആരോഗ്യത്തിന്റെ
പൊൻകിരണങ്ങൾ വാതിൽക്കലെത്തുന്നു.
ഈ നിമിഷവും കടന്നു പോവും…
ആസുരനർത്തനമമർന്നീടും..
അതിരുകൾ തുറക്കപ്പെടും..
ലക്ഷ്മണരേഖകൾ മാഞ്ഞീടും..
കാത്തിരിക്കാം ക്ഷമയോടെ
നിർഭയം ഒന്നാശ്വസിക്കാൻ…