Main Menu

നിറങ്ങൾ

നിറങ്ങൾ | പ്രീത സുധീര്‍

ദസറ ഗ്രൗണ്ടിലെ വർണ്ണ കാഴ്ചകൾക്കിടയിലൂടെ രൂപാലി ബലൂണുകൾ ഏറ്റി നടന്നു.. മുൻപിൽ വരുന്ന കുട്ടികൾ ആരെങ്കിലും ബലൂണിനായി കൈ നീട്ടിയാൽ നിറയുന്നത് മൂന്ന് വയറുകളാണ്.. അമ്മയുടെയും അനിയന്റെയും കണ്ണുകൾ മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ വിശന്ന വയറിനെയും തളർന്ന ശരീരത്തെയും അവഗണിച്ചു വീണ്ടും നടന്നു.. പതിവുപോലെ എല്ലാവരും ഇത്തവണയും എത്തിയിട്ടുണ്ട്.. ഓരോ കടകളുടെയും വർണ്ണങ്ങളിലേക്കു കണ്ണുകൾ പായുമ്പോൾ മനസ്സൊന്നു തുടിക്കും.. മിന്നുന്ന രാജസ്ഥാനി ഉടുപ്പുകൾ.. അതിലെ കല്ലുകളുടെ ഭംഗി കണ്ണിൽ തിളങ്ങും.. അത് തനിക്കു ചേരും.. വെറുതെ അതിലൊക്കെ ഒന്ന് തൊട്ടു നോക്കും.. പിന്നെ തെല്ലു വേദനയോടെ നടക്കും..

നാദിയയിലെ തന്റെ ഗ്രാമത്തിലെ കൃഷ്ണ വിഗ്രഹങ്ങൾ വിൽക്കുന്നവരും അവിടെ ഉണ്ട്.. അവരുടെ കൂടെയാണ് അവൾ ഇത്തവണയും വന്നത്..
മണിപ്പുരികളുടെ ഭംഗിയുള്ള മാലകൾ തൂക്കിയിട്ടിരിക്കുന്ന കടയ്ക്കു മുന്നിൽ നിന്നു പോയി.. അതിലെ ചുവന്ന മുത്തുകൾ കോർത്ത മാല.. കൊതിയോടെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.. “അത് കഴുത്തിലിട്ടാൽ തന്നെ കാണാൻ ഭംഗിയുണ്ടാവും.. “

അവിടെ കടയിലെ കണ്ണാടിയിൽ മുഖം നോക്കി.. പാറിപ്പറന്ന മുടിയിഴകൾ .. വാടിയ മുഖം.. നിറയാറായ കണ്ണുകൾക്കിടയിൽ തളർന്നു കിടക്കുന്ന അമ്മയുടെയും അഞ്ചു വയസ്സുള്ള അനിയന്റെയും മുഖം തെളിഞ്ഞു.. അവൾ നടന്നു.. മുന്നിൽ നീട്ടുന്ന കൈകളിലേക്ക് ബലൂൺ വച്ചു കൊടുക്കുമ്പോൾ അവരുടെ മുഖം നോക്കിയില്ല.. കൈക്കുള്ളിൽ വച്ചു തരുന്ന നോട്ടുകൾ മാത്രം കണ്ടു.. അത് ചുമലിലെ തുണി സഞ്ചിയിൽ തിരുകി നടന്നു..

ജയ്‌പുരിൽ നിന്നുള്ള വള കടയ്ക്കു മുന്നിൽ നിന്നു.. കഴിഞ്ഞ തവണ മോഹിപ്പിച്ച ആ മുത്തു പതിപ്പിച്ച സ്വർണ്ണ നിറമുള്ള വളകൾ..ഭംഗിയിൽ അടക്കി വച്ചിരിക്കുന്ന വളകൾക്കിടയിൽ കണ്ണുകൾ പരതി..ആ വളകളിൽ കണ്ണുകൾ പതിഞ്ഞു. മനസ്സൊന്നു തുടിച്ചു.. കൈകൾ മേലോട്ടുയർന്നു.. തന്റെ കൈകളിൽ അത് ചേർന്നു കിടന്നാൽ നന്നായിരിക്കും..

മുഷിഞ്ഞ വേഷവും രൂപവും കൊണ്ടായിരിക്കണം അവൾ പറഞ്ഞിട്ടും കടക്കാരൻ വള കാണിക്കാൻ കൂട്ടാക്കിയില്ല.. അവൾ നിറഞ്ഞ കണ്ണുകളോടെ നടന്നു.. ഇനിയെത്ര ബലൂണുകൾ ബാക്കിയുണ്ട്.. മുന്നിലെ രൂപങ്ങൾക്കിടയിൽ ബലൂണുകൾ നീട്ടി നടക്കുമ്പോൾ അവൾ ഓർത്തു..താനൊരു നാടോടിയാണ്… വർണ്ണ കാഴ്ചകൾക്കിടയിൽ നിറം നഷ്ടപ്പെട്ട രൂപം.. തിരക്കിൽ നിന്നൊഴിഞ്ഞു ഒരു മരത്തിന്റെ ചുവട്ടിൽ അവൾ ഇരുന്നു.. പെട്ടെന്ന് മുന്നിലേക്ക്‌ മുഷിഞ്ഞ വേഷത്തിൽ ഒരു ചെറിയ ആൺകുട്ടി ഓടി വന്നു..നിറമുള്ള ബലൂണുകളിൽ തൊട്ടു തലോടി നിന്നു..

അവന്റെ കൈയിൽ നിറയെ കീ ചെയിനുകൾ ഉണ്ടായിരുന്നു.. തന്നെ പോലെ അത് വിറ്റിട്ട് വേണ്ടി വരും അവനും വിശപ്പ്‌ മാറ്റാൻ..
അവന്റെ കണ്ണുകൾ മഞ്ഞ നിറമുള്ള ബലൂണിൽ തങ്ങി നിന്നു.. അതൊന്നു തൊട്ടു തലോടി.. പിന്നെ എന്തോ ആലോചിച്ചു നിറഞ്ഞ കണ്ണുകളോടെ അവൻ മെല്ലെ തിരിഞ്ഞു നടന്നു..

അവളുടെ ഉള്ളൊന്നു പിടഞ്ഞു.. രൂപാലി എഴുന്നേറ്റു അവനരികിലേക്കു നടന്നു.. അവൾ ഒന്നും ചോദിച്ചില്ല. ആ കുട്ടിയും..
അവൾ ആ മഞ്ഞ ബലൂൺ അവന്റെ കൈകളിൽ വച്ചു കൊടുത്തു.. കവിളത്തൊന്നു തട്ടി.. പിന്നെ വർണ്ണ കാഴ്ചകളിൽ നിന്നും പുറത്തേക്ക്.. നിറമില്ലാത്ത ലോകത്തേക്ക് മെല്ലെ നടന്നു.

പ്രീത സുധീര്‍Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: