തൊഴുത്തില്‍കുത്ത് സ്‌പോണ്‍സേര്‍ഡ് ബൈ എ. ഐ. ടി. എ
യൂറോ കപ്പിന്റെ ആവേശങ്ങള്‍ ക്കിടയിലും കഴിഞ്ഞ രണ്ടാഴ്ചയായി ദേശീയപ്രാദേശിക ഭേദമില്ലാതെ മാധ്യമങ്ങള്‍ ആവേശത്തോടെ കൊണ്ടാടിയ വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ടെന്നീസിലെ പോര്‍വിളികള്‍ . ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍ ) മല്‍സരങ്ങള്‍ക്ക് ശേഷം വിദേശിയായ യൂറോ കപ്പില്‍ നിന്നു വട്ടം കറങ്ങുകയായിരുന്ന കായിക പത്രപ്രവര്‍ത്തനം ചൂടു പിടിച്ചത് പെട്ടെന്നായിരുന്നു. എന്തായാലും ഇന്ത്യന്‍ ടെന്നീസിലെ എക്കാലത്തേയും മികച്ച കളിക്കാരും ലോക ഒന്നാം നമ്പര്‍ വരെ എത്തിയ ജോടികളുമായ ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും പരസ്പരം ചെളി വാരിയെറിയുന്നത് മാധ്യമങ്ങള്‍ നന്നായിട്ടുതന്നെ ആഘോഷിച്ചു.
സാനിയാ മിര്‍സയും രുഷ്മി ചക്രവര്‍ത്തിയും സോംദേവ് ദേവവര്‍മ്മനും കൂടി ഒളിപിംക്‌സ് യോഗ്യത നേടിയതോടെ ഇന്ത്യയുടെ എക്കാലത്തേയും വലിയ ടെന്നീസ് ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തയാറെടുക്കു മ്പോഴാണ് ഈ ‘തൊഴുത്തില്‍കുത്ത്’ എന്നതാണ് ഏറെ ദുഖകരം. രണ്ടു ദശാബ്ദത്തോളമായി ഇന്ത്യന്‍ ടെന്നീസിലെ നിറ സാന്നിധ്യമായ പേസ് ഭൂപതി സഖ്യം തങ്ങളുടെ ഈഗോയുടെ കൂടു തുറന്നുവിട്ട സന്ദര്‍ഭമാണ് ഏറെ അപലപനീയം. ഇരുവരും നാല് തവണ ഒളിപിക്‌സില്‍ പങ്കെടുത്തെങ്കിലും വെറും കയ്യോടെ മടങ്ങാനായിരുന്നു ഇതുവരെ വിധിക്കപ്പെട്ടിരുന്നത്.
എന്നാല്‍, തങ്ങളുടെ കരിയറിന്റെ രണ്ടാം പകുതിയില്‍ പൊട്ടിപ്പുറപ്പെട്ട പിണക്കങ്ങളെല്ലാം മാറ്റിവച്ച് ബംഗാളിയായ പേസും കന്നടികനായ ഭൂപതിയും ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ ലക്ഷ്യമിട്ട്, വീണ്ടും ഒത്തു ചേര്‍ന്നപ്പോള്‍ മുതല്‍ മെഡല്‍ പ്രതീക്ഷകള്‍ ചേര്‍ത്തുവച്ച് കാത്തിരുന്ന 120 കോടി ജനങ്ങളാണ് ഇവിടെ ഇളിഭ്യരായി മാറിയത്. കഴിഞ്ഞ ഒരു ദശാബ്ദമായി ഈ ‘ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘ വിങ്ങിക്കൂടിയ ഈഗോ മൊത്തത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പിലും അതുവഴി പൊതുജനത്തിന് മുന്നിലേക്കും ഒഴുക്കി വിട്ടതോടെ ‘പിന്നില്‍ നിന്ന് കുത്തിയവന്‍ ‘ എന്നും ‘നുണയന്‍ ‘ എന്നും മറ്റുമുള്ള ആക്ഷേപങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു.
ഈ വിഴുപ്പലക്കലിനിടയില്‍ ഏറ്റവും മ്ളേച്ഛകരമായ സമീപനം സ്വീകരിച്ചത് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ (എ ഐ ടി എ) ആയിരുന്നു. ഇരുകൂട്ടരും ചേരി തിരിയുകയും ഭൂപതിയുടെ സഹായത്തിന് രോഹന്‍ ബൊപ്പണ്ണ എത്തുകയും ചെയ്തപ്പോഴും രാഷ്ട്രീയക്കാരേക്കാള്‍ മികച്ച മെയ് വഴക്കത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ‘ഡിപ്ളോമസി’ പുറത്തെടുത്ത എ ഐ ടി എ തന്നെയാണ് പ്രശ്‌നത്തെ ഇത്രയും വഷളാക്കിയത്. ഒരു കായിക സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ മധ്യസ്ഥന്റെ കുപ്പായം എടുത്തണിഞ്ഞ എ ഐ ടി എ ആദ്യം പേസിനു പിന്നിലും പിന്നീട് മലക്കം മറിഞ്ഞ് ഇരു കൂട്ടരുടേയും കൂടെയും നിന്നു. ഒരിക്കല്‍ പോലും ശക്തമായ ഒരു നിലപാട് എടുത്ത് അച്ചടക്ക ലംഘനത്തിന്റെ ഏറ്റവും കൂടിയ തലത്തിന് തടയിടാന്‍ എ ഐ ടി എ ശ്രമിച്ചില്ല എന്നത് തീര്‍ത്തും അപലപനീയമാണ്.
ലിയാന്‍ഡര്‍ പേസിനെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ എ ഐ ടി എ ഈ ഒളിംപിക്‌സിന് ഒരു പുരുഷ ഡബിള്‍സ് ടീം മാത്രമാണ് പങ്കെടുക്കുക എന്ന് നിലപാട് തുടക്കത്തില്‍ സ്വീകരിച്ചു. എന്നാല്‍ ഭൂപതി ഇപ്പുറത്ത് കടുംപിടുത്തം തുടരുകയും കൂട്ടിന് രോഹന്‍ ബൊപ്പണ്ണ കൂടി എത്തുകയും ചെയ്തതോടെ അയഞ്ഞ് രണ്ടു ടീം ആകാമെന്ന നിലയിലേക്ക് എത്തി. ലോക ഡബിള്‍സ് റാങ്കിങ്ങില്‍ ഏഴാം റാങ്കുകാരനായ പേസിനൊപ്പം 206ആം റാങ്കുകാരനായ വിഷ്ണുവര്‍ദ്ധനേയും 14ആം സ്ഥാനക്കാരനായ ഭൂപതിയേയും 12ആം സ്ഥാനക്കാരനായ രോഹന്‍ ബൊപ്പണ്ണയേയും ചേര്‍ത്ത് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്ഷുഭിനായി ഒളിംപിക്‌സ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പേസിനെ തണുപ്പിക്കാന്‍ ഇവിടുന്ന് പ്രത്യേക ദൂതനെ അയക്കുകയായിരുന്നു എ ഐ ടി എ ചെയ്തത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പരിശീലനത്തിലുള്ള പേസിന്റെ അടുത്തേക്ക് മുതിര്‍ന്ന സെലക്ടര്‍ രോഹിത് പാലിനെയാണ് എ ഐ ടി എ അയച്ചത്.
തങ്ങളുടെ നിര്‍ബന്ധം സാധിച്ചെടുത്തതോടെ ഭൂപതിയും ബൊപ്പണ്ണയും ശാന്തരായെങ്കിലും പേസിന് 206ആം റാങ്കുകാരന്റെ ഒപ്പം ഒളിംപിക്‌സിന് ഇറങ്ങാന്‍ അഭിമാനം അനുവദിക്കുമായിരുന്നില്ല. 40കാരനായ പേസിന് 39കാരനായ ഭൂപതി ‘ചേരുന്ന പങ്കാളി അല്ലെന്ന’ പേസിന്റെ അഭ്യര്‍ത്ഥന കണിക്കിലെടുത്താണോ എ ഐ ടി എ 19കാരനായ വിഷ്ണുവര്‍ദ്ധനെ സഖ്യത്തിലെത്തിച്ചത് എന്നറിയില്ല. എന്തായാലും അഞ്ച് ഒളിംപിക്‌സില്‍ പങ്കെടുത്ത് ആറാം ഒളിംപിക്‌സില്‍ കൂടി പങ്കെടുത്ത് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്ന പേസിന്റെ ഭാവി ഇനി ‘ടെന്നീസ് സെന്‍സേഷന്‍ ‘ സാനിയ മിര്‍സയുടെ കൈകളിലാണ് എന്ന് പറയപ്പെടുന്നു.
വിഷ്ണുവര്‍ദ്ധന് ഒപ്പമിറങ്ങാം പകരം മിക്‌സഡ് ഡബിള്‍സില്‍ സാനിയയെ ജോടി ആക്കി തരണമെന്നായിരുന്നുവത്രെ പേസിന്റെ ഉപാധി. തന്റെ ഒപ്പം കളിക്കണമെന്ന് ആവശ്യപ്പെട്ട് പേസ് സാനിയക്ക് കത്തും നല്‍കിയിരുന്നു. ഇത്രയും ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് വേണ്ടി കാത്തിരുന്ന സാനിയയ്ക്ക് ഇന്നലെ (ചൊവ്വാഴ്ച) അത് ലഭിച്ചതോടെ ഇനിയെല്ലാം സാനിയയുടെ കൈകളിലാണ്. എന്തായാലും സാനിയ ഉടന്‍ മനസ്സു തുറക്കുമെന്നു കരുതാം. ടെന്നീസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ പേസിന്റെ ആവശ്യം സാനിയ നിരാകരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണുക തന്നെ.
എത്രയൊക്കെ പണത്തിന്റെ അഹങ്കാരം കാട്ടിയാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പടലപ്പിണക്കങ്ങള്‍ ഇതുവരെ രാജ്യ താല്‍പര്യങ്ങള്‍ക്ക് വില ഇട്ടിട്ടില്ല എന്നത് രാജ്യത്തിന്റെ നേട്ടങ്ങളേക്കാള്‍ വലുതാണ് തങ്ങളുടെ ഈഗോ വിജയിക്കണമെന്നു കരുതുന്ന ഈ ടെന്നീസ് താരങ്ങള്‍ കണ്ടുപഠിക്കേണ്ടതു തന്നെയാണ്.
കളിയിലും രാഷ്ട്രീയം
ഇന്ന് ഏഷ്യാ നെറ്റില്‍ “ഉഷ ഇന്ത്യയെ ചതിച്ചോ എന്നൊരു പ്രോഗ്രാം കണ്ടൂ. താരങ്ങളും ചിലപ്പോളൊക്കെ അനീതി കാട്ടുന്നില്ലെ എന്ന ചിന്ത ഉണ്ടാകുന്നുണ്ട്. അതോടൊപ്പം കായിക രംഗത്തിന് ഒരു പ്രോത്സാഹനവും നല്‍കാന്‍ തയ്യാറല്ലാത്ത ഭരണ കൂടവും.
കായിക രംഗത്ത് എന്തെങ്കിലും മികവ് കിട്ടണമെങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം. അല്ലാതെ കായിക രംഗം എന്നത് ചിലരുടെ മാത്രം സ്വപ്നങ്ങളില്‍ ഒതുങ്ങേണ്ടതും സ്വയം പ്രയത്നം കൊണ്ടു മാത്രം ഉണ്ടാകേണ്ടതുമല്ല.
കളിയുടെ മികവല്ല മാധ്യമങ്ങള്‍ പോലും ഹൈലൈറ്റ് ചെയ്യുന്നത്. പിന്നെ സര്‍ക്കാര്‍ എന്ത് ചെയ്യാന്‍. സൈകതം കൊടുത്തിരിക്കുന്ന ഫോട്ടോസ് നോക്കു.