കൊറോണക്കാലത്തെ പ്രസവം
അമേരിക്കയിലെ കണക്റ്റികട്ട് എന്ന ഒരു ഓണംകേറാമൂലയിൽ നിന്ന് ഫ്രീസറിലെ അതേ തണുപ്പും Ph.D എന്ന മഹാമാരിയും അതിജീവിച്ചു നേരെ വച്ച് പിടിച്ചത് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ റിസർച്ച് ഫെലോ എന്ന സ്വപ്നത്തിലേക്കായിരുന്നു. എല്ലാം ആകെ കളർഫുൾ ആൻഡ് ജോളി… പക്ഷേ ജീവിതത്തിനു നമ്മളെയൊക്കെ കൊണ്ട് ജ്ഞാനപ്പാന പാടിക്കാൻ അധികം നേരം ഒന്നും വേണ്ടല്ലോ. 2016 സെപ്തംബർ 26 മുതൽ ജീവിതം സ്വന്തം കുഞ്ഞിന് ചുറ്റും ആകും എന്ന് വിചാരിച്ചു ജീവിക്കുമ്പോ സ്വിച്ച് ഇട്ട പോലെ ഒരു ദിവസം അവനെ കാണാൻ പറ്റാത്ത അവസ്ഥ. ഇതൊന്നും പോരാഞ്ഞ് 2018ലെ ആദ്യമാസങ്ങളിൽ ജോലിക്കും അമേരിക്കൻ വിസക്കും കൂടെ പ്രശ്നം ആയി ദി ഗ്രേറ്റ് അമേരിക്കൻ ഡ്രീംസ് സ്വാഹ ആകുന്ന ലക്ഷണം കണ്ടു തുടങ്ങിയതോടെ സബ് ക്ലിനിക്കൽ ഡിപ്രഷന്റെ ആദ്യപടികളും തെളിഞ്ഞു തുടങ്ങി. സാധാരണ മനുഷ്യർ പരാജയങ്ങൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഉപയോഗിക്കുന്ന “ലിക്വിഡ് ഹാപ്പിനെസ്സും” കൂടെ ആയപ്പോ സംഗതി സീൻ മൊത്തത്തിൽ ഡാർക്ക്.
അങ്ങനെ തോറ്റു തുന്നം പാടി “പൊരിഞ്ഞ പോരാട്ടമായിരുന്നു അമ്മേ…” എന്ന് ജഗതി സ്റ്റൈലിൽപറഞ്ഞു ഇന്ത്യയിലേക്ക് വച്ച് പിടിക്കാൻ തീരുമാനിക്കുന്നു. ആ കാലയളവിൽ ആണ് ജീവിതത്തിൽ അവരുടെ എൻട്രി. ഈ സ്വർഗ്ഗത്തിലെ മാലാഖ സെറ്റപ്പിൽ അന്നും ഇന്നും വലിയ വിശ്വാസം ഇല്ലെങ്കിലും ഭൂമിയിൽ ചിറകും കിരീടവും ഒന്നുമില്ലാത്ത അതിജീവനം എന്ന പ്രക്രിയയെ catalyze ചെയ്യുന്ന ജിന്നുകളെ പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യം.
നമ്മുടെ പഴയ സാംബശിവൻ ശബ്ദത്തിൽ പറഞ്ഞാൽ വാഷിംഗ്‌ടൺ ഡിസി എന്ന അമേരിക്കൻ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയിൽ വെച്ച് അങ്ങനെ ചില ജിന്നുകളെ കണ്ടുമുട്ടിയതും പിന്നീട് നടന്ന അനുബന്ധ സംഭവങ്ങളും ആണ് ആണ് ഈ കഥക്കാധാരം.
പൊക്കിവിടാൻ ആളുണ്ടെങ്കിൽ ഏതു നായ്ക്കും ശൂന്യാകാശത്തിൽ വരെ എത്താം എന്ന ഫീൽഡ് ഔട്ട് ആയ തമാശ ശരിവക്കും പോലെ ഈ പറഞ്ഞ മനുഷ്യജിന്നുകൾ അതിജീവനത്തിന്റെ വഴിയിലേക്ക് സമ്മതം പോലും ചോദിക്കാതെ എന്നെ തള്ളിയിട്ടു. മകൻ ഒഴികെ എല്ലാം ഓരോന്നായി ശരിയായി എന്ന് മാത്രം അല്ല ആ സ്പ്രിങ്ങിൽ അച്ഛനും അമ്മയും അനിയനും അനിയത്തിയും കൂടെ വന്നതോടെ ജീവിതം വീണ്ടും ട്രാക്കിലായി എന്ന് പറയാം. കഥ ഇത്രയും ആയപ്പോ നിങ്ങൾ വിചാരിക്കും ഇതിലെ നായകൻ നോം ആണെന്ന്. അല്ലല്ലോ, അതാണ് ട്വിസ്റ്റ്!
പിന്നീടങ്ങോട്ട് മനുഷ്യരും ജിന്നുകളും ആയി മാറി മാറി ഒരുപാടു വേഷങ്ങൾ.. ഈ മനുഷ്യരെ ജിന്നുകൾ ആക്കുന്നത് ചില വട്ടുകൾ ആണ്. ഉദാഹരണത്തിന് രാത്രി പന്ത്രണ്ടു മണിക്ക് കൂട്ടത്തിൽ ഒരുത്തന്റെ വിഷമം മാറ്റാൻ അഞ്ചു മണിക്കൂർ വണ്ടി ഓടിച്ചു ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പോകാം എന്ന് പറഞ്ഞപ്പോ ഒരു വിധം ഉള്ള മനുഷ്യർ ഒക്കെ, “പോടാ നിന്റെ നട്ടപ്രാന്തും കൊണ്ട്” എന്ന് പറയുമ്പോ ഇവർ നേരെ ചെന്ന് ഒരു കാപ്പിയും ഒക്കെ ഇട്ടു വണ്ടിയിൽ കയറി ഇരുന്നിട്ട്, “വിട്ടോ വണ്ടി കിഴക്കോട്ട്” എന്ന് പറയും.
അങ്ങനെ കുറച്ചു സഫറോൻ കി സിന്ധ്‌ഗിയും ഒത്തിരി സന്തോഷങ്ങളും കുറച്ചു പിണക്കങ്ങളും ഒക്കെ ആയി മുന്നോട്ടു പോകുന്ന ഈ ജിന്നുകളുടെ കോക്കസിനു നമ്മൾ കൂടിയാൽ എന്തും നടക്കും എന്ന ചെറുതല്ലാത്ത ഒരഹങ്കാരം പിടിച്ചോ എന്നൊരു സംശയം. അഹങ്കരിക്കാൻ വകയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. പണ്ട് കല്യാണരാമനിൽ രാമൻകുട്ടി പറഞ്ഞ പോലെ എന്തും നടത്തി കൊടുക്കും. ഒരു കല്യാണം വരെ നടത്തി അമേരിക്കയിൽ. അങ്ങനെ എല്ലാം കരിക്ക് സ്റ്റൈലിൽ “നിസ്സാരം” എന്ന് പറഞ്ഞു പുച്ഛിക്കുന്ന ഒരു ലൈൻ. നമ്മൾ നമ്മളെ തന്നെ വല്ലാതെ അങ്ങ് സീരിയസ് ആയി കണ്ടു കോൾമയിർ കൊളളുമ്പോ ജീവിതം മൊത്തം തിരക്കഥ മാറ്റി ചില കോമഡി ട്രാക്ക് അങ്ങ് പ്ലേ ചെയ്യും.
എന്ത് വന്നാലും ഒരു കൈ നോക്കാം എന്ന് ഭീമൻ രഘു സ്റ്റൈലിൽ നിക്കുമ്പോ ആണ് ബ്രേക്ക് പൊട്ടിയൊരു പാണ്ടി ലോറി വരുന്നത്- കൊറോണ. സംഭവം ആദ്യം ഒക്കെ ചങ്കിലെ ചൈനയിലെ ഒരു ലോക്കൽ കമ്മിറ്റി പ്രതിഭാസം ആയിരുന്നെങ്കിൽ, പിന്നെ അത് ഏരിയ കമ്മിറ്റിയെയും ഡിസ്ട്രിക്ട് കമ്മിറ്റിയെയും അടിയറവു പറയിച്ചു അമേരിക്കയുടെ പോളിറ്റ് ബ്യുറോ ആയ ന്യൂയോർക്കിന്റെ മാനിഫെസ്റ്റോ വരെ ഇളക്കി.
കൊറോണ സംഗതി ഉഷാറായി ഒടുവിൽ വാഷിംഗ്‌ടണിൽ എത്തിയ അതേ സമയം തന്നെ വേറൊരു പ്രതീക്ഷിച്ച പ്രതിഭാസവും ജിന്നുകളിൽ ഒരാളിൽ വന്നെത്തി. അതിനെ പറ്റി പറയാൻ ഒരു ഫ്ലാഷ്ബാക് അത്യാവശ്യം ആണ്…
കൃത്യം പത്തു മാസം പുറകിലോട്ടു (ഭാവനാശേഷിയുള്ളവർ പഴയ സിനിമകളിലെ ആ ഫ്ലാഷ്ബാക് സീനിലെ വട്ടം വട്ടവും പ്രത്യേക ബാക്ഗ്രൗണ്ട് മ്യൂസിക്കും എഫക്ടിനു സമാസമം ആഡ് ചെയ്യാം)
സ്മോക്കി മൗണ്ടൻ മലനിരകൾ ഒക്കെ ക്യാമ്പ് ചെയ്തു കീഴടക്കി ഇറങ്ങിയപ്പോ കൂട്ടത്തിലെ ഒരു ലേഡി ജിന്നിന് കലശലായ ഛർദ്ദി. ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ കോളറ കാലത്തിൽ ഫ്ലോരെന്റിനോ പ്രേമവിവശനായി പൂക്കൾ കഴിച്ചു ഛർദ്ദിച്ചത് പോലെ ടെറിയാക്കി സോസിട്ട ചിക്കൻ വിങ്‌സിനോടുള്ള പ്രണയം ആണ് വാളിന്റെ കാരണം എന്ന് വിചാരിച്ചെങ്കിലും പ്രെഗ്നൻസി ടെസ്റ്റിൽ രണ്ടു വര കണ്ടപ്പോ മനസ്സിലായി സംഭവം അതല്ല എന്ന്. ഭർത്താവു ജിന്നും ഭാര്യ ജിന്നും കൂടെ ജിന്നുകളുടെ എണ്ണം കൂട്ടാൻ നടത്തിയ കുല്സിത പ്രവർത്തനത്തിന്റെ അനന്തര ഫലം- നല്ല പത്തരമാറ്റ് ഗർഭം.
(വീണ്ടും വട്ടം വട്ടവും പ്രത്യേക ബാക്ഗ്രൗണ്ട് മ്യൂസിക്കും എഫക്ടിനു സമാസമം ആൻഡ് കട്ട് ടു ഇന്നത്തെ കൊറോണ ടൈംസ്)
പ്രാവാചകൻ ഡിങ്കൻ അരുളിയ “വാട് ഗോസ് ഇൻ ഹാസ് ടു കം ഔട്ട്” എന്ന സൂക്തം വെച്ച് ചിന്തിച്ചാൽ തന്നെ കാര്യം വ്യക്തം. കൊറോണ അമേരിക്കയിൽ പീക്ക് ചെയ്യുന്ന ഏപ്രിൽ രണ്ടാം ആഴ്ച തന്നെ ആണ് ലേഡി ജിന്നിന്റെ പ്രസവവും. സംഭവം ജിന്നുകൾ നടത്തുന്ന കേഡി കമ്പനി ക്വട്ടേഷൻ പലതും എടുത്തിട്ടുണ്ടെങ്കിലും ഗർഭം ആൻഡ് പ്രസവം നാട്ടിൽ നിന്നും എത്തുന്ന സീനിയർ മെംബേർസ് ആണ് ഹാൻഡിൽ ചെയ്യുന്നത്. കൊറോണ കാരണം ഇന്ത്യ മൊത്തത്തിൽ ലോക്ക് ഡൗൺ ചെയ്യുകയും ഖത്തർ എയർവേസ് അവർക്കു വരാൻ ഉള്ള ഫ്ലൈറ്റ് ക്യാൻസലും ചെയ്തതോടു കൂടി അവർ പ്രസവസമയം ഇവിടെ ഉണ്ടാകില്ല എന്ന് ഉറപ്പാകുന്നു. മാത്രവുമല്ല അമേരിക്കയയുടെ ഉടയതമ്പുരാൻ താമസിക്കുന്ന വൈറ്റ് ഹൗസ് ജിന്നുകളുടെ പ്രിൻസ് ജോർജ് പഞ്ചായത്തിനെ കൊറോണ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തു. സീൻ വീണ്ടും കട്ട ഡാർക്ക്…
പക്ഷെ ജിന്നുകളുണ്ടോ വിട്ടു കൊടുക്കുന്നു. അവരുടെ സ്പെഷ്യലിറ്റി തന്നെ അതിജീവനത്തിന്റെ വഴി കണ്ടു പിടിക്കുക എന്നതാണല്ലോ…
ജിന്നുകൾക്ക് വൈറോളജി, പബ്ലിക് ഹെൽത്ത് എന്നീ വിഷയങ്ങളിൽ ആവശ്യത്തിലും അധികം അറിവുള്ളതു പലപ്പോഴും ആകാംഷ സൃഷ്ടിക്കാറുണ്ടെങ്കിലും ഈ സമയം ആ അറിവുകൾ അതിജീവനത്തിന്റെ പുതിയ വഴികൾ കണ്ടെത്താൻ സഹായിച്ചു എന്നത് വാസ്തവം.
“ഹ്യുസ്റ്റൻ, വി ഹാവ് എ പ്രോബ്ലം” എന്നത് “വാഷിംഗ്‌ടൺ. വി ഹാവ് എ പ്രോബ്ലം” എന്ന് മാറ്റി അരയും തലയും മുറുക്കി ജിന്നുകൾ പോരാളികളായി മാറിയപ്പോ എത്തനോൾ എന്ന പ്രിയപ്പെട്ട ‘ലിക്വിഡ് ഹാപ്പിനെസ്സ്’ മാർക്കറ്റിൽ കിട്ടാൻ ക്ഷാമം ഉള്ള ഹാൻഡ് സാനിറ്റൈസർ ഒക്കെ ആയി രൂപാന്തരം പ്രാപിച്ചത് ഇനിയുള്ള ജിന്നുകളുടെ നുണ സദസ്സിൽ പല തവണ മുഴങ്ങി കേൾക്കുന്ന വീരസ്യം ആയി മാറും എന്നുറപ്പ്.
കിട്ടാൻ ക്ഷാമമുള്ള ടോയ്ലറ്റ് പേപ്പറിന് പകരം പല അടിസ്ഥാന ആവശ്യങ്ങൾക്കും വേണ്ടി ഭാരതത്തിന്റെ തനതു കീഴ് വഴക്കങ്ങളെ ഇടതു കയ്യിൽ മുറുക്കെ പിടിച്ചു പട നയിച്ചത് ചരിത്രത്തിൽ പൊൻലിപികളിൽ രേഖപ്പെടുത്തും എന്നതും ഉറപ്പ്…
കട്ടും കടം മേടിച്ചും കിട്ടിയ മാസ്കും ഗ്ലൗസും കാൽസറായിയും ഒക്കെ ധരിച്ചു വീക്കിലി സ്കാനിങ്ങിനു പോയപ്പോ ഉള്ള അയൽക്കാരുടെ പുച്ഛ ചിരിയും ഒക്കെ തൃണവല്ഗണിച്ചു ജിന്നുകൾ പൊരുതി കൊണ്ടേ ഇരുന്നു. സ്വന്തം രൂപം കണ്ണാടിയിൽ കാണുമ്പോ നോക്കി സ്വയം പുച്ഛിക്കുന്ന മലയാളി ജിന്നുകളോടാണ് അവന്റെയൊക്കെ ഡ്യൂപ്ലിക്കേറ്റ് മെക്സിക്കൻ പുച്ഛം.
ചെറിയ കുട്ടികളിലും കൊറോണ കാരണം മരണം രേഖപ്പെടുത്തി തുടങ്ങിയപ്പോ ജിന്നുകളുടെ അങ്ങനെ ഒന്നും പിടക്കാത്ത കഠോര ചങ്കുകളും പടാ പടാ എന്നിടിച്ചു തുടങ്ങിയത് പുറത്തു കാണിച്ചില്ല എങ്കിലും ദിഗന്തങ്ങൾ പൊട്ടുമാറു കേൾക്കാമായിരുന്നു എന്നത് സത്യം. പലചരക്കു കടകൾ കാലിഫോർണിയയിൽ കൊറോണ വ്യാപനത്തിന്റെ കേന്ദ്രങ്ങൾ ആകുന്നതു കൂടി കണ്ടപ്പോൾ മൊത്ത കച്ചവട സ്ഥാപനമായ റസ്റ്റൻറ് ഡിപ്പോയിൽ നിന്നും പാനിക് ബയിങ് ഒഴിവാക്കി ആവശ്യത്തിന് ഭക്ഷണം വാങ്ങി ചെസ്റ് ഫ്രീസറിൽ നിറച്ചു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടാൻ ഉള്ള പിണറായി സഖാവ് സ്റ്റൈലിലുള്ള തീരുമാനം കൂടെ എടുത്തതോടെ പ്രസവദിവസം വരെ പിടിച്ചു നിൽക്കാം എന്നായി.
ഇനി പ്രതീക്ഷയുടെ മണിക്കൂറുകൾ ആണ്. ആശുപത്രികളിൽ ഒരാളെ മാത്രമേ നിർത്തുകയുള്ളു എന്നത് കൊണ്ട് ഇന്ന് രാവിലെ ലേഡി ജിന്നിനെ പ്രസവത്തിനായി ആശുപത്രിയിലാക്കി തിരിച്ചു വന്നിരുന്നു ഇതെഴുതുന്നത് അത്തറിന്റെ മണം ഉള്ള സോഫിയ അബ്ദുഉള്ള എന്ന എഴുപതുകാരി മെഡിറ്ററേനിയൻ ഡോക്ടർ “ഹോൾഡ് യുവർ ഏയ്ഞ്ചൽ നൗ” എന്ന് ഭർത്താവു ജിന്നിനോട് പറഞ്ഞു എന്ന വാർത്ത കേൾക്കാൻ ഉള്ള കാത്തിരിപ്പിലാണ്. മലയാളത്തിൽ പറഞ്ഞാൽ “അന്റെ മൊഞ്ചത്തി ജിന്നിനെ പിടിച്ചോ” എന്ന്. പിന്നെ ബാക്കിയാകുന്നത് അവളുടെ ചിരിയുടെ കൂടെ ഊർജ്ജമുൾകൊണ്ട് ഈ മഹാമാരിയെ അതിജീവിക്കുക എന്ന കടമ്പയാണ്. അതിജീവിക്കുക തന്നെ ചെയ്യും കാരണം അവർ ജിന്നുകളാണല്ലോ. വെറുതെ അങ്ങ് പ്രതീക്ഷിക്കുക അല്ല കേട്ടോ. ഇവിടെ ഇരുന്നിതെഴുമ്പോൾ ബാൽക്കണി ഡോറിലൂടെ കാണാം ജിന്നിലൊരാൾ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ തന്നാൽ കൊണ്ടാകുന്നത് പോലെ കേരള മോഡൽ ബാക്ക് യാർഡ് കൃഷി അമേരിക്കൻ മണ്ണിൽ പരീക്ഷിക്കുന്നത്.
അതിജീവനത്തിന്റെ അടയാളമായി അവൾ -Adelynn Sara Berin വരുന്നതും പ്രതീക്ഷിച്ചിരിക്കുന്ന കുറച്ചു മണിക്കൂറുകൾ ആണ് മുന്നിൽ. എല്ലാം കഴിയുമ്പോൾ, വർഷങ്ങൾക്കു ശേഷം ഒരു അമേരിക്കൻ ബാർബിക്യു പാർട്ടിയിൽ പാണൻറെ പാട്ടു പോലെ അവൾക്കു പറയുകയോ പാടുകയോ ഒക്കെ ചെയ്യാം ഒരു കൊറോണ കാലത്തെ പ്രസവത്തിന്റെയും ചില മലയാളി ജിന്നുകളുടെ അതിജീവനത്തിൻറെയും കഥ.