Main Menu

കടലാസില്‍ എഴുതരുത്

ഇത്തവണ ഞാന്‍
ഹിരോഷിമയിലെ വീണപൂവു ചൊല്ലാം;
Sachidanandan Puzhankara
എന്തെന്നാല്‍
വെള്ളക്കൊക്ക് ചിറകൊതുക്കുന്നത്
ഇപ്പോഴും സഡാക്കോ എന്ന്,
അതെ
പൂക്കളുടെ ചാവേര്‍പ്പടയാണ്
അരുതേയെന്ന്
വിനാശത്തിന് എതിര്‍നിന്നത്,
യുദ്ധത്തിന്നിടയില്‍
ദൈവം ഞെട്ടറ്റു പതിച്ചത്
ഇവിടെയാണ്…
വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും.

കുഞ്ഞുങ്ങളേ,
വെള്ളക്കടലാസ്സുകള്‍ നിവര്‍ത്തുക, മടക്കുക…
ആയിരം എന്നെണ്ണി
വിശുദ്ധമായി ചിറകടിക്കുക,
നമ്മുടെ വെള്ളരിപ്രാവിനെ
കൂടെകൂട്ടാന്‍ മറക്കരുതേ…
അരിമണികള്‍ കരുതിവെക്കണേ…

എന്തെന്നാല്‍
ആകാശം പറന്നിറങ്ങുകയാണ്-
ഭൂമിയുടെ കരച്ചിലുകളിലേക്ക്,
ഇലകളില്‍നിന്ന് മണ്ണിലേക്ക്,
ജീവിതം ഇങ്ങനെയൊന്നുമല്ലെന്ന്
സ്വപ്നങ്ങളിലേക്കും മഴകളിലേക്കും.

ആയിരത്തി ഒന്നാമത്തെ കടലാസ്സുകൊറ്റിയെ
ഹൃദയത്തില്‍ സൂക്ഷിക്കുക,
എന്തെന്നാല്‍ നക്ഷത്രം മന്ത്രിക്കുന്നത്
'സഡാക്കോ, സഡാക്കോ' എന്നാണ്,
ഒരു പറവയും
ഇനി കൂട്ടിലേക്കില്ല എന്നാണ്,
കവിതയില്‍ ചോദ്യം ചോദിക്കാം എന്നാണ്.

പ്രാര്‍ത്ഥിക്കുക…!
ഇനിയൊരിക്കലും
കൊഴിയാനായി മാത്രം
ദൈവം
വിരിയാതിരിക്കട്ടെ…!

By : സച്ചിദാനന്ദന്‍ പുഴങ്കര

“പച്ചവെള്ളം” എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.

 



3 Comments to കടലാസില്‍ എഴുതരുത്

  1. പ്രാര്‍ത്ഥിക്കുക…!
    ഇനിയൊരിക്കലും
    കൊഴിയാനായി മാത്രം
    ദൈവം
    വിരിയാതിരിക്കട്ടെ…!

  2. ഇനിയൊരിക്കലും
    കൊഴിയാനായി മാത്രം
    ദൈവം
    വിരിയാതിരിക്കട്ടെ…!

  3. ഇത്തവണ ഞാന്‍
    ഹിരോഷിമയിലെ വീണപൂവു ചൊല്ലാം;
    എന്തെന്നാല്‍
    വെള്ളക്കൊക്ക് ചിറകൊതുക്കുന്നത്
    ഇപ്പോഴും സഡാക്കോ എന്ന്,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: