ഒരു മതിഭ്രമ അനുഭവം
കാറിന്റെ സൈഡ്ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികൾക്കിടയിലൂടെ സുധ പുതിയ നഗരത്തെ വീക്ഷിച്ചു. കൂറ്റൻ കെട്ടിട സമുച്ചയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, റോഡിൽ നൂറ് കണക്കിന് വാഹനങ്ങൾ, അവയ്ക്കിടയിലൂടെ തിക്കിത്തിരക്കി നടന്നു നീങ്ങുന്ന ആൾക്കൂട്ടങ്ങൾ. മഴ ചെറുതായി ഞാറുന്നുണ്ട്. വീട് വിട്ടാൽ മറ്റൊന്നു കാണാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട തന്റെ ഗ്രാമവുമായി ഈ നഗരത്തെ ഒരു തരത്തിലും താരതമ്യം ചെയ്യാൻ സുധയ്ക്ക് സാധിച്ചില്ല. വളരെ ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചതിനു ശേഷം അവളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും മുത്തച്ഛനും മുത്തച്ഛിക്കുമൊപ്പം അവളാഗ്രാമത്തിലാണ് ചിലവഴിച്ചത്. തുടർ വിദ്യാഭ്യാസത്തിന് നല്ലത് ഈ നഗരമാണ് എന്ന മുത്തച്ഛന്റെ ആശയമാണ് സുധയെ ഇവിടെയെത്തിച്ചത്.
കാറ്, നഗരത്തിന്റെ കുറേക്കൂടി തിരക്ക് കുറഞ്ഞ പ്രദേശത്തേക്ക് കടന്നിരിക്കുന്നു. മുത്തച്ഛൻ ടാക്സി ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുന്നുണ്ട്. മുത്തച്ഛന്റെ ചെറുപ്പകാലം പൂർണ്ണമായും ഈ നഗരത്തിലായിരുന്നു. നേരത്തെ കണ്ട വലിയ വലിയ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ ചെറിയ പീടികനിരകളാണ് റോഡിനിരുവശവും. അവയ്ക്കിടയിലും പിന്നിലുമായി പെട്ടികൾ അടുക്കി വെച്ചതു പോലെ വീടുകളുടെ നിരയും കാണാം. പതുക്കെ ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. തെരുവുവിളിക്കുകൾ പ്രകാശിച്ചു തുടങ്ങി. കടകളിലും വീടുകളിലും എല്ലാം ബൾബുകൾ പ്രകാശിക്കുന്നു. അവയുടെ വെളിച്ചത്തിൽ റോഡിൽ തങ്ങി നില്ക്കുന്ന മഴവെള്ളം വെട്ടിത്തിളങ്ങുന്നു. ഡ്രൈവർ അതുവരെ വെച്ചിരുന്ന തമിഴ് ഗാനത്തിന്റെ ഫോൾഡർമാറ്റി ഒരു പഴയ ഹിന്ദി ഗാനം വെച്ചിരിക്കുന്നു. മുത്തച്ഛന്റെ നിർദ്ദേശപ്രകാരമാണ്. മുത്തച്ഛന് പഴയ ഹിന്ദി ഗാനങ്ങളുടെ വലിയ ഒരു ശേഖരം തന്നെയുണ്ട്.
കാറ്, കടൽത്തീരത്തുള്ള ഏതോ ഒരു ആവാസ കേന്ദ്രത്തിലേക്ക് കടന്നിരിക്കുന്നു. അവിടെ എവിടെയോ ആണ് താമസം ശരിയാക്കിയിരിക്കുന്നത്. റോഡിന് വീതി വളരെ കുറവാണ്.
പെട്ടെന്ന് ഒന്ന് രണ്ട് ആളുകൾ കാറിനു മുന്നിലേക്ക് വന്ന് കൈകാണിച്ചു. ഡ്രൈവർ കാർ പതുക്കെ നിർത്തി.
“ഛെ!… എന്താണിത്? ശല്യം.”
അവർ മുഖത്തേക്ക് ടോർച്ചടിക്കുകയാണ്. ഡ്രൈവർ പുറത്തിറങ്ങി അവരോടെന്തൊക്കെയോ സംസാരിക്കുന്നു. പിന്നെ അയാൾ പതുക്കെ കാറിൽ വന്ന് കയറി, അവർ യാത്ര തുടർന്നു. പോലീസാണ്… ഡ്രൈവറും മുത്തച്ഛനും തമ്മിലുള്ള സംസാരത്തിൽ നിന്നാണ് സുധയ്ക്കത് മനസ്സിലായത്. ഇതേ അനുഭവം അടുത്തടുത്തായി 12 സ്ഥലങ്ങളിൽ ആവർത്തിച്ചു. സുധയ്ക്ക് ഒന്നും മനസ്സിലായില്ല. മുത്തച്ഛന്റെ മുഖത്തെ ഉത്സാഹമെല്ലാം പോയിരിക്കുന്നു. ഇപ്പോൾ ഭയങ്കര ഗൗരവമാണ്.
ഇപ്പോൾ കടലിനോട് വളരെ അടുത്തുള്ള റോഡിലൂടെ ആണ് അവർ സഞ്ചരിക്കുന്നത്. കടൽത്തീരത്തെ ഗ്രൗണ്ടിൽ നിന്ന്, കളി കഴിഞ്ഞ് കുട്ടികൾ സൈക്കിളുകളിൽ യാത്രയാകുന്നു. നങ്കൂരമിട്ടു കിടക്കുന്ന ബോട്ടുകളുടെ നിര അങ്ങു ദൂരെ കടലിൽ കാണാം. അവയ്ക്ക് മുകളിലായി പരുന്തുകൾ വട്ടമിട്ട് പറക്കുന്നുണ്ട്. കടലിനോട് വളരെ അടുത്തുള്ള ഒരു പഴയ വീടിന്റെ മുന്നിൽ കാർ ചെന്നു നിന്നു. സുധ പതുക്കെ പുറത്തിറങ്ങി. വല്ലാത്തൊരു കാറ്റ്, അവൾക്കിക്കിളിയാവുന്നത് പോലെ തോന്നി. മുമ്പൊന്നും ഉണ്ടാവാത്തതുപോലെ.
അവരുടെ വീട്ടിൽ നിന്ന് നോക്കിയാൽ കടലും അതിനോട് ചേർന്ന് കിടക്കുന്ന പാറക്കൂട്ടങ്ങളും വ്യക്തമായ് കാണാം. അകലെ കടലിൽ മീൻപിടുത്തക്കാരുടെ ബോട്ടിന്റെ വെളിച്ചം. ഈർപ്പമുള്ള കാറ്റ് ജനവാതിലിലൂടെ വന്ന് അവളെ തഴുകി. മഴ ഇപ്പോഴും ചെറുതായ് ഞാറുന്നുണ്ട്. തിരമാലകൾ അവൾക്കായ് ഇരമ്പിക്കൊണ്ടിരിക്കുന്നതായവൾക്കു തോന്നി. ദീർഘയാത്ര അവളെ തളർത്തിയിരുന്നു. അവൾ കട്ടിലിൽ ചെന്ന് കിടന്നു. പതുക്കെ നിദ്രയിലാണ്ടു.
“തനിക്ക് തോന്നുകയാണോ?”
“എയ്, അല്ല” അവൾ ശ്രദ്ധയോടെ കാതോർത്തു.
അതെ, അവൾക്കിപ്പോൾ വ്യക്തമായ് കേൾക്കാം. സുധ കിടക്ക വിട്ട് ജനാലക്കരികിലേക്ക് ചെന്നു. കടൽത്തീരത്തെ പാറക്കൂട്ടങ്ങളിൽ നിന്നാണ്. ഇരുട്ടിനാൽ ഒന്നും വ്യക്തമല്ല. കടുത്ത വിഷാദം നിറഞ്ഞ സംഗീതം, അതവളെ വല്ലാതെ അലോസരപ്പെടുത്തി. മിന്നലിൽ കടൽത്തീരം തെളിഞ്ഞ് കണ്ടു. അവിടെ പാറക്കൂട്ടങ്ങളിലിരുന്ന് ആരോ വയലിൻ വായിക്കുന്നു. അത്രയും വിഷാദം സഹിക്കാൻ പറ്റാഞ്ഞിട്ടാവാം പെട്ടെന്ന് ശക്തിയായ മഴ പെയ്തു. സംഗീതം നിലച്ചു. മഴത്തുള്ളികൾ ശക്തിയായ് സുധയുടെ മുഖത്തേക്ക് വന്ന് പതിക്കാൻ തുടങ്ങി. സുധ ചെന്ന് കിടന്നു. അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആ കടുത്ത വിഷാദം നിറഞ്ഞ സംഗീതം അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
പ്രഭാതമാവുവാൻ കാത്തു നില്ക്കുകയായിരുന്നു അവൾ. വെട്ടം വീഴാൻ തുടങ്ങിയപ്പോൾ സുധ പതുക്കെ എഴുന്നേറ്റ് കടപ്പുറത്തേക്ക് നടന്നു. മഴ നിലച്ചിരിക്കുന്നു. വല്ലാത്ത തണുത്ത കാറ്റ്. സുധ കടലിലേക്കും നോക്കി കുറേ നേരം അവിടെ തന്നെ നിന്നു. വളരെ ശാന്തമായ തിരകൾ, പ്രഭാതത്തിന്റെ സുഗന്ധം. ഇത്രയും മനോഹരമായ സ്ഥലത്തിരുന്ന് ആരാണിന്നലെ, അത്രയും വിഷാദാത്മകമായി വയലിൻ വായിച്ചത്?
പാറകളിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികൾ അവളുടെ നഗ്നമായ പാദങ്ങളെ ചുംബിച്ചു. സുധ അവയുടെ തണുപ്പ് ആസ്വദിച്ചുകൊണ്ട് പതുക്കെ ഓരോ അടികൾ വച്ചു.
“സുധാ…”
മുത്തച്ഛനാണ്. തന്നെ കാണാഞ്ഞിട്ടാവണം! സുധ വീട് ലക്ഷ്യമാക്കി ഓടി.
പിന്നീട് തുടർച്ചയായ രാത്രികളിൽ അവളാ സംഗീതം കേട്ടു. കടുത്ത വിഷാദം നിറഞ്ഞ സംഗീതം.
പകൽ ഒഴിവുസമയങ്ങളിൽ സുധ അവിടെയെല്ലാം ഇറങ്ങി നടന്നു. തിരക്കുപിടിച്ച ചന്തകളിൽ, കുട്ടികൾ ആർത്തുവിളിക്കുന്ന കളിക്കളങ്ങളിൽ, ബോട്ടുകൾ നിറഞ്ഞു കിടക്കുന്ന ഹാർബറിൽ, ലഹരി മണക്കുന്ന ഇടവഴികളിൽ, ആളെഴിഞ്ഞ കടൽത്തീരത്ത്. എല്ലായിടത്തും സുധ ഒരു കാര്യം ശ്രദ്ധിച്ചു. നിറയെ വൃദ്ധരും കുട്ടികളും സ്ത്രീകളും മാത്രം! യുവാക്കളെ ആരേയും കാണാനില്ല.
നിലാവുള്ള ഒരു രാത്രി. സുധ കാത്തിരുന്നു, അതാ ആരംഭിച്ചു കഴിഞ്ഞു. പാറക്കെട്ടുകളിലിരുന്ന് ആ മനുഷ്യൻ വയലിൻ വായിക്കുന്നു, കടുത്ത വിഷാദം നിറഞ്ഞ സംഗീതം. സുധ ഒന്നും ആലോചിക്കാൻ നിന്നില്ല, അവൾ സംഗീതം ലക്ഷ്യമാക്കി ഓടി. വിജനമായ കടൽത്തീരം. സുധ ചുറ്റും നോക്കി, ആരുമില്ല. കടലിന്റെ ഇരമ്പൽ മാത്രം കേൾക്കാം. അവൾ പതുക്കെ അവിടെക്കിടന്നു. ചന്ദ്രൻ ആകാശത്ത് നിന്ന് അവളെ നോക്കിച്ചിരിച്ചു, ഒപ്പം നക്ഷത്രങ്ങളും. കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു. ആ പാറക്കൂട്ടങ്ങൾക്ക് ഒരു മനം മയക്കുന്ന തീഷ്ണമായ ഗന്ധം. അവൾ പതുക്കെ എഴുന്നേറ്റു. വലിയ ഒരു പാറയുടെ മുകളിൽ ചെറിയ പാറക്കഷ്ണം കൊണ്ടെഴുതി.
“തിരമാലകൾ കാറ്റായി വന്ന് തലോടുകയും ചന്ദ്രനും നക്ഷത്രങ്ങളും പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്ന ഇത്രയും ശാന്തവും മനോഹരവുമായ സ്ഥലത്ത് നിന്ന് നിങ്ങൾക്കെങ്ങനെ ഇത്ര വിഷാദാത്മകമായ സംഗീതം പുറപ്പെടുവിക്കാൻ സാധിക്കുന്നു? എനിക്കു വേണ്ടിയെങ്കിലും അത് നിർത്തൂ. നിങ്ങളുടെ സംഗീതം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. നിങ്ങൾക്ക് ആളുകളെ ആഹ്ളാദിപ്പിക്കുന്ന സംഗീതം വായിച്ചുകൂടെ?
തുടർന്ന് രണ്ട് മൂന്ന് ദിവസത്തേക്ക് അവളാ സംഗീതം കേട്ടില്ല. നാലാം ദിവസം വൈകുന്നേരം അവൾ കടപ്പുറത്തേക്ക് വെറുതെ നടക്കാനിറങ്ങിയതാണ്. അവൾ എഴുതിവെച്ചതിന്റെ അടിയിലായി ആരോ എന്തോ എഴുതിയിരിക്കുന്നു. അവൾ അടുത്ത് ചെന്ന് വായിച്ചു,
“എനിക്ക് വിഷാദത്തിലാവാൻ നൂറു കണക്കിന് കാരണങ്ങൾ കാണും. അത് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവണം എന്നില്ല. പിന്നെ ഈ സ്ഥലത്തെ ശാന്തത, അതൊരു കൊടുംങ്കാറ്റിനു മുമ്പുള്ള ശാന്തതയാണ്. അത് നിങ്ങൾക്ക് വഴിയേ മനസ്സിലായിക്കോളും. എന്തായാലും എന്നോടാദ്യമായി ആഹ്ളാദം നിറഞ്ഞ സംഗീതം ആവശ്യപ്പെടുന്ന വ്യക്തി നിങ്ങളാണ്. ഇന്ന് രാത്രി ഞാൻ നിങ്ങൾക്കായിട്ട് സംഗീതം വായിക്കാം. നിങ്ങൾക്ക് വേണ്ടി മാത്രം!”
അന്നു രാത്രി സുധ കാത്തിരുന്നു. അന്ന് പതിവിലും ശാന്തമായിരുന്നു കടൽ. നേർത്ത കാറ്റ് അവളുടെ മുടിയിഴകളെ തലോടി തലോടി മുഖത്തേക്ക് തള്ളിയിട്ടു. അവൾ പതുക്കെ കിടക്കയിൽ വന്ന് കിടന്നു. അവൾ കാതോർത്തിരുന്നു .
… അതാ, ആരംഭിച്ചുകഴിഞ്ഞു. തീവ്രമായ പ്രണയം നിറഞ്ഞ സംഗീതം.
സുധ, അവൾക്ക് പിന്നാലെ ഒരു ചെറുപ്പക്കാരനും അങ്ങു ദൂരെ കടൽത്തീരത്ത് കൂടെ ഓടുന്നു. അവർ കടലിനു മുകളിൽ വെട്ടിതിളങ്ങി നില്ക്കുന്ന ചന്ദ്രനിലേക്ക് ഓടി അടുക്കുന്നു. ശാന്തമായ കടൽ, അതിന്റെ തീരത്ത് കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുകളിലായി സുധ. അവളുടെ മുടി അവന്റെ മുഖം മറച്ചിരിക്കുന്നു. തിരകൾ പതുക്കെ അവരെ വന്ന് തഴുകുന്നു. സുധയുടെ ശരീരത്തിലൂടെ വയലിന്റെ ‘ബോ’. അവളുടെ വയറിൽ, മാറിൽ, കഴുത്തിൽ, അധരങ്ങളിൽ, കണ്ണുകളിൽ … പതുക്കെ ‘ബോ’യിൽ രക്തം പടരുന്നു. സുധ ഞെട്ടി എഴുന്നേറ്റു. സംഗീതം ഒന്നും കേൾക്കാനില്ല.
ആളുകളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കാം. എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം. സുധയ്ക്ക് വല്ലാതെ പേടി തോന്നി. അവളുടെ നെഞ്ചിടുപ്പു വല്ലാതെ ഉയർന്നു. ആകെ വിയർത്ത് കുളിച്ചിരിക്കുന്നു . മുത്തച്ഛൻ അവളുടെ മുറിയിലേക്ക് കടന്നു വന്നു. അദ്ദേഹം അവളെ ചേർത്ത് പിടിച്ചു. പുറത്ത് ആളുകളുടെ ദീനരോദനങ്ങൾ ഉച്ചത്തിലായി.
പിറ്റേ ദിവസത്തെ മാധ്യമങ്ങളിലെ പ്രധാന വാർത്ത ആ കടലോരത്തെ കലാപത്തെക്കുറിച്ചായിരുന്നു. ഇരുപതോളം ആളുകൾ മരിച്ചിരിക്കുന്നു. നൂറു കണക്കിന് ആളുകൾക്ക് പരിക്ക്. ആ പ്രദേശം ആകെ തകർന്നു തരിപ്പണമായിരിക്കുന്നു. ആളുകൾ കൂട്ടത്തോടെ അവിടം വിട്ട് പോവാൻ തുടങ്ങി.
സുധ അതിരാവിലെ എഴുനേറ്റ് കടൽത്തീരത്തേക്ക് ഓടി. അയാളിരിക്കാറുള്ള പാറക്കൂട്ടങ്ങളിൽ ചെന്ന് നോക്കി. അവിടെ നിറയെ ചോരത്തുള്ളികൾ, അത് നീണ്ടുപോകുന്നു. സുധ പിന്തുടർന്നു. അത് കടലിലേക്ക് നീളുന്നു. കടലിനാകെ ചുവപ്പ് നിറമാണ്.
“സുധേ…”, മുത്തച്ഛനാണ്.
കാറിന്റെ സൈഡ് ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോരത്തുള്ളികൾ. അവയ്ക്കിടയിലൂടെ സുധ ആ കടലോരത്തെ വീക്ഷിച്ചു. ആ പ്രദേശം പതുക്കെ അവളിൽ നിന്നകന്ന് തുടങ്ങി. സുധ പതുക്കെ കണ്ണുകളടച്ചു. അവളുടെ കാതുകളിൽ ഇപ്പോൾ അവൾ തലേദിവസം രാത്രി കേട്ട പ്രണയ സംഗീതം മാത്രമേ ഉള്ളൂ.
പെട്ടെന്ന് ഡ്രൈവർ കാർ സഡൻ ബ്രേക്കിട്ടു നിർത്തി. സുധ ഞെട്ടിയുണർന്നു . പുറത്ത് ശക്തിയായ മഴ. ആരോ റോഡിന്റെ നടുവിൽ നിന്ന് വണ്ടി തടഞ്ഞതാണ്. അയാൾ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. ഡ്രൈവർ ഗ്ലാസ് താഴ്ത്തി അയാളോട് കാര്യമന്വേഷിച്ചു. ലിഫ്റ്റിനാണ്, അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ പട്ടണം വിട്ട് പോയി. അയാൾക്ക് അവരുടെ കൂടെ പോകാൻ സാധിച്ചില്ല, അയാളിവിടെ ഒറ്റപ്പെട്ടുപോയിരിക്കുന്നു. ഒറ്റ വണ്ടിയും കൈ കാണിച്ചിട്ട് നിർത്തുന്നില്ല, അതാണ് റോഡിന്റെ നടുവിലേക്ക് ചാടി കൈകാണിച്ചത്. മുത്തച്ഛനു പാവം തോന്നിക്കാണണം, അയാളോട് കയറിക്കോളാൻ പറഞ്ഞു. മുത്തച്ഛൻ പിൻ സീറ്റിൽ സുധയ്ക്കരികിലേക്ക് മാറിയിരുന്നു, അയാൾക്ക് മുൻ സീറ്റിൽ ഇടം നല്കി.
സുധ ഇപ്പോഴാണ് ശ്രദ്ധിച്ചത്, അയാളുടെ നെറ്റിയിൽ ഒരു പരുക്ക്. അത് തുണി വെച്ച് കെട്ടിയിരിക്കുന്നു. മുഖം വ്യക്തമല്ല. ഇടയ്ക്ക് സ്ട്രീറ്റ് ലൈറ്റുകളുടേയും എതിരെ വരുന്ന വാഹനങ്ങളുടെയും വെളിച്ചത്തിൽ അയാളുടെ പാറിപ്പറന്ന മുടി തിളങ്ങുന്നു, കുറ്റിത്താടിയുണ്ട്. എന്തോ ഒരു സാധനം ചെറിയ ഒരു തുണിയിൽ പൊതിഞ്ഞു നെഞ്ഞോട് ചേർത്ത് പിടിച്ചിരിക്കുന്നു. അതിന്റെ മുകൾഭാഗം തുണിക്ക് പുറത്തേക്ക് തള്ളി നില്ക്കുന്നു, പക്ഷെ എന്താണെന്ന് വ്യക്തമല്ല. സുധ സൂക്ഷിച്ച് നോക്കി. എതിരെ വന്ന വണ്ടിയുടെ വെളിച്ചത്തിൽ അത് തെളിഞ്ഞു വന്നു, ചതഞ്ഞരഞ്ഞ ഒരു വയലിൻ! കടൽത്തീരത്തെ പാറക്കൂട്ടങ്ങളിൽ അവൾക്ക് അനുഭവപ്പെട്ട മനം മയക്കുന്ന തീഷ്ണമായ ആ ഗന്ധം കാറിലാകെ നിറഞ്ഞു.
ഡ്രൈവർ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു. തലേ ദിവസം രാത്രി അവൾ കേട്ട പ്രണയ സംഗീതം സ്പീക്കറിൽ നിന്ന് ഒഴുകിവരാൻ തുടങ്ങി. കോരിച്ചൊരിയുന്ന മഴയിൽ സുധയുടെ ഗ്രാമം ലക്ഷ്യമാക്കിക്കൊണ്ട് കാർ നീങ്ങിത്തുടങ്ങി.