Main Menu

എഴുത്തുകാരാ, സത്യമായും പ്രസാധകന്‍ നിന്നെ കൊന്നിരിക്കുന്നു

Iyya Valappattanam
ഇയ്യ വളപട്ടണം

ചില പ്രസാധകര്‍ക്ക് ഇപ്പോഴും എഴുത്തുകാരെ ദന്തഗോപുരത്തിലിട്ട് വാതിലടച്ചില്ലെങ്കില്‍ ആ സാംസ്‌കാരിക ദൗത്യം നിറവേറ്റാനാവില്ല എന്ന സ്ഥിതിയാണ്. പുസ്തകങ്ങളില്‍ നിന്ന് എഴുത്തുകാരുടെ വിലാസവും ഫോണ്‍ നമ്പരുമെല്ലാം പതിയെ മാഞ്ഞു മാഞ്ഞു പോകുന്നത് ഇതിനൊരു ഉദാഹരണം. ആരാണ് ഈ ലഭ്യതയെ ഭയക്കുന്നത്? സ്വകാര്യത ആഗ്രഹിക്കുന്ന എഴുത്തുകാരാണോ അതോ എഴുത്തുകാര്‍ ഒരു തരം സ്വകാര്യ സ്വത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങണമെന്നാഗ്രഹിക്കുന്ന പ്രസാധകരോ?

എഴുത്തുകാരന്റെ അദൃശ്യത ഒരു സവിശേഷ സാംസ്‌കാരികാവസ്ഥയാണ്. ഷെര്‍ലക് ഹോംസിന്റെ വ്യക്തിപ്രഭാവത്തില്‍ കോനന്‍ ഡോയലിനെ വായനക്കാര്‍ മറന്നു പോയതു പോലെ ലളിതമോ ഉദാത്തമോ ആയിരിക്കില്ല പലപ്പോഴും കാര്യങ്ങള്‍ എന്നു മാത്രം. വായനക്കാരുള്‍പ്പെടുന്ന പൊതുജന സമൂഹത്തില്‍ നിന്നു വേര്‍പെട്ട്, ദന്തഗോപുര നിവാസികളായി നിലകൊള്ളുന്ന എഴുത്തുകാര്‍ എന്ന സങ്കല്‍പമൊക്കെ മറ്റേത് ഉദാത്തതയേയും പോലെ വായനാ സമൂഹം അട്ടത്തു കയറ്റി വച്ചിട്ട് കാലമേറെയായി. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ അത്തരം സ്വകാര്യതകള്‍ക്ക് ഇടമില്ലാതായി എന്നതാണ് മറ്റൊരു വസ്തുത. ഫേസ് ബുക്കിലെ പ്രൊഫൈലിലൂടെ പ്രാപ്യരാണ് ഇന്ന് എഴുത്തുകാരിലേറെയും. എങ്കിലും ചില പ്രസാധകര്‍ക്ക് ഇപ്പോഴും എഴുത്തുകാരെ ദന്തഗോപുരത്തിലിട്ട് വാതിലടച്ചില്ലെങ്കില്‍ ആ സാംസ്‌കാരിക ദൗത്യം നിറവേറ്റാനാവില്ല എന്ന സ്ഥിതിയാണ്. പുസ്തകങ്ങളില്‍ നിന്ന് എഴുത്തുകാരുടെ വിലാസവും ഫോണ്‍ നമ്പരുമെല്ലാം പതിയെ മാഞ്ഞു മാഞ്ഞു പോകുന്നത് ഇതിനൊരു ഉദാഹരണം.

ആരാണ് ഈ ലഭ്യതയെ ഭയക്കുന്നത്? സ്വകാര്യത ആഗ്രഹിക്കുന്ന എഴുത്തുകാരാണോ അതോ എഴുത്തുകാര്‍ ഒരു തരം സ്വകാര്യ സ്വത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങണമെന്നാഗ്രഹിക്കുന്ന പ്രസാധകരോ? ഒരു എഴുത്തനുഭവം കഥ, കവിത, നോവല്‍, ലേഖനം, കുറിപ്പ്, ജീവിതം, അനുഭവം, വീക്ഷണം, നാടകം, പരിസ്ഥിതി, പ്രതിരോധം ഇവയൊക്കെ വായിച്ചശേഷം അതില്‍ നിന്നുണ്ടാകുന്ന സന്തോഷം, ആശങ്ക, സ്‌നേഹം, പ്രതികരണം, എന്നിവ എഴുത്തുകാരനെ അറിയിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ കഴിയരുതെന്നായിരിക്കും പ്രസാധക ലക്ഷ്യം. അതോ, വിപണിയുടെ തന്ത്രമോ? ഇതിനെക്കുറിച്ച് മലയാളത്തിലെ ഒരു എഴുത്തുകാരനും മിണ്ടാത്തത് എന്തുകൊണ്ടാണ്? ചില പ്രസാധകര്‍ ഒരു എഴുത്തുകാരന്റെ കൃതികള്‍ ചേര്‍ക്കേണ്ടിടത്ത് ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ എന്നുമാത്രമാണ് ചേര്‍ക്കുന്നത്. പ്രമുഖരായ പല എഴുത്തുകാരുടെ പോലും പുസ്തകങ്ങള്‍ ഇങ്ങനെ പേരും മേല്‍വിലാസവുമില്ലാതെയാണ് പുറത്തിറങ്ങുന്നത്. പ്രസാധകന് വില്പനാവകാശം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ എഴുത്തുകാരന്‍ മരിക്കുന്നു. അവന് പിന്നെ വായനക്കാരനുമായി യാതൊരു ബന്ധവുമില്ല. എന്തേ ഇക്കാര്യം ആരും പറയാത്തത്… ചര്‍ച്ച ചെയ്യാത്തത്?

വില കൊടുത്ത് പുസ്തകം വാങ്ങുന്ന വായനക്കാരെ ആര്‍ക്കാണ് ഇത്രയും പേടി?



One Comment to എഴുത്തുകാരാ, സത്യമായും പ്രസാധകന്‍ നിന്നെ കൊന്നിരിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: