Main Menu

സുൽത്താന്റെ സുന്ദര സാമ്രാജ്യത്തിൽ‍…

Saikatham Online Malayalam Magazine

(2011 ഒമാൻ സന്ദർശനവേളയിൽ പ്രശസ്ത എഴുത്തുകാരൻ സക്കറിയ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിന്റെ കവി സെറീന നിർവ്വഹിച്ച സ്വതന്ത്ര പരിഭാഷ. – )

എന്നും ആഹ്‌ളാദകരമായ ഒരനുഭവമാണ് ഒമാനിലെ മസ്‌ക്കറ്റ് സന്ദർശനം. സ്വന്തം നാട് പോലെ ആ നഗരം നമ്മളെ തൊടുന്നു. കൂട്ടിലകപ്പെട്ടതുപോലൊരു തോന്നൽ‍ ആർക്കും ഉണ്ടാവാതിരിക്കുതിനായി ദുബായിലേയോ അബൂദാബിയിലേയോ പോലെ അംബരചുംബികളായ കെട്ടിടസമുച്ചയങ്ങൾ‍ കൊണ്ട് മസ്‌ക്കറ്റിനെ നിബിഡമാക്കുകയില്ലെന്ന് ഒമാൻ‍ സുൽ‍ത്താൻ ഖാബൂസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് ശരാശരി രണ്ടോ മൂന്നൊ നിലകളേ ഉണ്ടാകൂ. ഏഴ് നിലകൾ‍ വരെ പണിയാനുള്ള അനുമതി സമീപകാലത്താണ് നല്‍കപ്പെട്ടത്.

ദുർ‍ഘടമായ തരിശ്ശ് മലകളോട് ചേർന്ന് നാനാ വർണ്ണങ്ങളിൽ‍ വരച്ചുണ്ടാക്കിയത് പോലെ നഗരം പരന്നു കിടക്കുന്നു അപ്രതീക്ഷിതവും അസ്പഷ്ടവുമാണത്. പരിസ്ഥിതിയുടെ അടിത്തറയായി നിലകൊള്ളുന്ന ഈ മലകൾക്ക് വെല്ലുവിളി സൃഷ്ടിക്കാതെ അതിന്റെ ചിറകുകൾ‍ക്കടിയിൽ തന്നെ നഗരം പണിതുയര്‍ത്തുകയാണ് സുൽ‍ത്താൻ‍ ഖാബൂസ് ചെയ്തത്. ഗൾഫ് മേഖലയിലെ അദ്ദേഹത്തിന്റെ സമകാലികരായ ഭരണാധികാരികളെപ്പോലെ ഒന്നിലും തിടുക്കം കൂട്ടാത്ത സുൽ‍ത്താൻ അതു കൊണ്ട് തന്നെ ഒരല്പം അപ്രശസ്തനാകുന്നത് തികച്ചും മാതൃകാപരമാണ്. 1970 ൽ‍, 30 -ാം വയസ്സില്‍ പിതാവിൽ‍ നിന്നും രാജ്യാധികാരം ഏറ്റെടുത്തശേഷം സാവധാനം എാന്നാൽ നിശ്ചയദാര്‍ഢ്യത്തോടെ ആ പഴയകാല ഫ്യൂഡല്‍ രാജ്യത്തിനെ,
അഭിവൃദ്ധമായ സാമ്പത്തിക മേഖലയിൽ‍ ജനങ്ങൾ സമാധാനപൂർ‍ണ്ണമായി ജീവിക്കുന്ന ഒരു
ആധുനിക ക്ഷേമ രാജ്യമാക്കി അദ്ദേഹം മാറ്റി. എപ്പോഴും ആഢംബരങ്ങളുടെ വെള്ളി വെളിച്ചത്തിൽ‍ നിൽക്കാനുതകുന്ന ദുബായ് പോലുള്ള ഗൾ‍ഫ് നഗരങ്ങളുടെ സാമ്പത്തികാശയങ്ങളിലോ കടംകൊണ്ട പണം വിനിയോഗിച്ചുള്ള ജീവിതത്തിലോ അദ്ദേഹം വിശ്വസിക്കുന്നില്ല. ഇപ്പോഴും മറികടക്കാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിൽ‍ എമിറേറ്റ്‌സിലെ മറ്റെല്ലാ രാജ്യങ്ങളും മൂക്കുകുത്തി വീണപ്പോഴും ഒമാൻ മാത്രം അതിൽ‍ നിന്നൊഴിഞ്ഞ സ്വച്ഛമായി ശ്വസിക്കാനായത് സുൽ‍ത്താന്റെ ഈ നയങ്ങൾ കൊണ്ട് മാത്രമാണ്.

ലളിതമായ വസ്ത്രധാരണം സുല്‍ത്താൻ ഖബ്ബൂസിന് ഒരു യോഗിയുടെ ഛായ പകരുന്നു. ജനസമ്പർ‍ക്കത്തിലൂടെ മാത്രമല്ല ഒട്ടേറെ ജനാധിപത്യ രാജ്യങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തിൽ. ജനങ്ങൾ‍ക്കാവശ്യമായ നിരവധി കാര്യങ്ങൾ‍ നടപ്പാക്കിക്കൊണ്ടാണ് വ്യതിരിക്തമായ ഖ്യാതി അദ്ദേഹം സ്വായത്തമാക്കിയിരിക്കുത്. താഴ്‌വാരങ്ങളും പര്‍വ്വത നിരകളും മലയിടുക്കുകളും നിറഞ്ഞ വിസ്മയകരമായ ആ ഭൂപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മനോജ്ഞമായ ആ വന്യതയുടെ ഹൃദയഭാഗങ്ങളിൽ ‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് വൈദ്യുതി ഉൾ‍പ്പെടെയുള്ള സൗകര്യങ്ങളോടെ ഒരു സ്‌ക്കൂളോ പോസ്‌റ്റോഫീസോ ക്ലിനിക്കോ പ്രത്യക്ഷപ്പടും. സുൽ‍ത്താൻ‍ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുമ്പോൾ‍ അവിടെ രണ്ട് സ്‌ക്കൂളുകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നാല്‍പത് വര്‍ഷങ്ങൾക്ക് ശേഷം 4000 സ്‌ക്കൂളുകളുണ്ട്. 2.3 മില്ല്യൺ‍ വരും ജനസംഖ്യയിൽ‍ ഓരോ 600 പേർ‍ക്കും ഒരു സ്‌ക്കൂൾ‍ വീതം. ഏഴ് കിലോ മീറ്ററിൽ‍ തുടങ്ങിയ റോഡ് നിർ‍മ്മാണം ഇപ്പോൾ‍ രാജ്യത്തിലുടനീളം ആയിരക്കണക്കിന് കിലോമീറ്ററുകളുള്ള മനോഹരമായ റോഡുകളായി വളർന്നിരിക്കുന്നു.

ഒമാനിൽ‍ ഇപ്പോൾ‍ സുല്‍ത്താൻ‍ ഖബ്ബൂസിന്റെ ഭരണത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കപ്പെടുകയാണ്. സുൽ‍ത്താൻ‍ ഖബ്ബൂസിനും അദ്ദേഹത്തിന്റെ രാജ്യത്തിനും അവിടെ ജോലി ചെയ്ത് മികച്ചതും സമാധാനപരവുമായ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്കും ഒരു കടുത്ത ജനാധിപത്യ വിശ്വാസി എന്ന നിലയില്‍ അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതിൽ‍ എനിക്ക് ഒരു സന്ദേഹവും ഇല്ല. ജനാധിപത്യം ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെങ്കിൽ‍ സുല്‍ത്താൻ‍ ഖബ്ബൂസ് വ്യത്യസ്തനായ ഒരു ജനാധിപത്യ വാദി തന്നെയാണ്.
സുൽ‍ത്താൻ കടുത്ത മത വിശ്വാസിയാണ്, പക്ഷേ ഒമാൻ‍ ഭീതിദമായ ഒരു മതരാഷ്ട്രമല്ല. മറ്റുള്ളവരുടെ വിശ്വാസങ്ങൾ‍ക്ക് അതിന്റേതായ ഇടം അനുവദിക്കുന്ന വിശാലമായ മനസ്സുള്ള രാജ്യമാണ് ഒമാൻ‍. നിങ്ങൾ‍ക്ക് ധൈര്യപൂര്‍വ്വം ഒരു ബാറില്‍ പോയിരുന്ന് ഡ്രിങ്ക് ഓര്‍ഡർ ചെയ്യാം.

സുല്‍ത്താന്റെ പ്രശസ്തമായ പരിപാടിയാണ് വര്‍ഷത്തിലൊരിക്കലുള്ള ജനസമ്പർക്കം. അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാർ‍ക്കൊപ്പം വിവിധ പ്രദേശങ്ങളിൽ‍ സഞ്ചരിച്ച് ജനങ്ങൾക്ക് പറയാനുള്ളത് കേൾ‍ക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയക്കാർ ‍ ചെയ്യുന്നത് പോലെയുള്ള ഒരു പ്രഹസന നാടകമല്ല അത്. അദ്ദേഹം ജനങ്ങൾക്ക് നല്കുന്ന വാഗ്ദാനം തീർച്ചയായും പാലിക്കപ്പെ‌ട്ടിരിക്കും. അദ്ദേഹം ഒരു കുതിര പ്രേമിയും ഡ്രൈവിംഗ് തല്‍പ്പരനുമാണ്. പക്ഷേ മറ്റ് ഭരണാധികാരികളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മനോഹരമായ മറ്റൊരു സവിശേഷത അദ്ദേഹത്തിനുണ്ട്. മിനാ ഖബ്ബൂസ് തുറമുഖത്ത് മനോഹരമായ ഒരു കപ്പൽ‍ സദാ നങ്കൂരമിട്ട് കിടക്കുന്നുണ്ട്… തിരകളുടെ താരാട്ടു കേട്ട് സുൽത്താന് ഉറങ്ങുവാൻ‍..

ഹാ എത്ര കാല്പനികം!



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: