പൂച്ച
വീട്ടിലൊരു പൂച്ചയുണ്ടായിരുന്നു.
ഉറങ്ങാത്ത ഇടവേളകളിൽ
പൂച്ച വെയിൽ കായുകയോ
മീൻ കുഴച്ച ചോറുണ്ണുകയോ ചെയ്തു,
ടി.വിയിൽ പരസ്യത്തിന്റെ ഇടവേളകളിലെ
മനുഷ്യരെപ്പോലെ.
ഇടനേരങ്ങളിൽ,
മുറ്റത്ത് കൊത്തിപ്പെറുക്കുന്ന
പ്രാവുകളെ നോക്കി,
അവറ്റകൾ
സ്വന്തം പേരെഴുതി വച്ച
പയർ മണികൾ
മാത്രം തിരഞ്ഞ് പിടിച്ച്
തിന്നുന്നതായി
സങ്കൽപിച്ച് ഉള്ളാലെ ചിരിച്ചു.
വെയിൽ മൂത്തു തുടങ്ങിയ
ഒരു പതിനൊന്നു മണി നേരത്ത്
ഒക്കെയും കീഴ്മേൽ മറിഞ്ഞു.
വീട്ടുകാരി കറിക്കഷണങ്ങൾ
ഉപ്പു നോക്കുന്ന,
സ്കൂളിൽപ്പോയ കുഞ്ഞുങ്ങൾ
അമ്മയെയും വീടിനെയും
ഓർക്കുന്ന
അതേ പതിനൊന്നു മണി നേരത്ത്,
കുഞ്ഞൊരു കാറ്റ് വന്ന്
ഉണക്കിലകളെ അടർത്തിയിട്ട
അതേ നേരത്ത്,
പൂച്ചയൊന്ന് ചെവി കൂർപ്പിച്ചു
പ്രാവുകൾ ചിതറിപ്പറന്നു
പൂച്ച നഖങ്ങളിലൊരു
പ്രാണൻ, കണ്ണ് തുറിച്ചു
പൂച്ച പുതിയ കളിയിൽ
രസം പിടിച്ചു വന്നു…
പിടച്ചിലവസാനിച്ചതോടെ
പൂച്ചയ്ക്ക് മടുക്കുകയും
പൂച്ച പതിവുപോലെ
കുറുകിയിരുന്നുറങ്ങുകയും
വെയിൽ പടിഞ്ഞാറ്
ചാഞ്ഞതോടെ
ചോരമണത്തിനു ചുറ്റും
ഉറുമ്പുകൾ
റെയിൽപ്പാളമുണ്ടാക്കിക്കളിക്കു കയും ചെയ്തു.
Link to this post!
