ഹിംസയുടെ രാഷ്ട്രീയം
ടൌണില്‍ ഇന്നു കണ്ട സുഹൃത്ത് പറഞ്ഞു:
ഒറ്റ ദിവസം കൊണ്ടാണ് ഞാന്‍ പാപ്പറായത്
എന്റെ സംസ്‌കാരം,രാഷ്ട്രീയ ബോധം,വിശ്വാസം
എല്ലാം പോയി
കീറിപ്പറഞ്ഞ ഒരു തുണ്ട് തുണികൊണ്ട് നാണം മറച്ച്
ശീതക്കാറ്റില്‍ വിറച്ചുതുള്ളുകയാണ് ഞാന്‍.
– എന്‍ പ്രഭാകരന്‍ , കവിതാ ഡയറി
വിമത നേതാവായ ടി പി ചന്ദ്രശേഖരന്റെ മുഖത്തേറ്റ 51 വെട്ടുകള്‍ കേരളത്തിന്റെ ജനാധിപത്യ ഹൃദയ ത്തിലാണ് മുറിവേല്‍പിച്ചതെന്ന് ഒരു പതിവു വിലാപ പ്രസ്താവന പോലെ പറയാം. പക്ഷേ കേരളം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ (ഒന്നായ) ടി പി വധത്തേയും അതിലുള്‍പ്പെട്ട പ്രതികളേയും കുറിച്ച് വാദപ്രതിവാദങ്ങള്‍ നീളുമ്പോഴും കേരളത്തില്‍ ആരെയെല്ലാമാണ് ഈ വധം സത്യത്തില്‍ അസ്വസ്ഥരാക്കിയതെന്ന് തിരിച്ചറിയുക ഇപ്പോഴും പ്രയാസമാണ്. ആരാണ് ഞെട്ടിയത്? ആര്‍ക്കാണ് ഹൃദയം പിളര്‍ക്കുന്ന വേദന തോന്നിയത്? ആര്‍ എം പിയിലെ സഹപ്രവര്‍ത്തകര്‍ , അടുത്ത സുഹൃത്തു ക്കള്‍ , ബന്ധുക്കള്‍ എന്നിവര്‍ക്കപ്പുറം രാഷ്ട്രീയ ഭേദമില്ലാതെ കേരളം ഏറ്റെടുത്ത ഒരു ദുരന്തമായോ ഇത്? സംശയമാണ്.
കൊലപാതകം നടത്തിയത് സി പി എം ആരോപിക്കുന്നതു പോലെ വാടക ഗുണ്ടകളോ ആര്‍ എം പി ആരോപിക്കുന്നതു പോലെ സി പി എമ്മോ ആകട്ടേ. ഇത്ര ഹീനമായ ഒരു കുറ്റകൃത്യത്തിന് കൂട്ടു നിന്നവരെ ക്രിമിനലുകളായി കണ്ട് ഒറ്റപ്പെടുത്തുകയാണ് പരിഷ്‌കൃതമായ ഒരു സമൂഹത്തിനു യോജിച്ചത്. രാഷ്ട്രീയ കൊലപാതകം എന്ന ഓമനപ്പേരിലാണ് ഇവയെല്ലാം അറിയപ്പെടുന്നതെങ്കിലും രാഷ്ട്രീയം എന്ന വാക്കിന്റെ വ്യാപ്തിയെ ഭയപ്പെടുന്നവരാണ് വടിവാളും കത്തിയുമെടുത്ത് പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഇറങ്ങാറുള്ളത്. തുടര്‍ച്ചയായ സമാന സംഭവങ്ങള്‍ കാരണം ജനങ്ങളില്‍ ഒരു നിര്‍വികാരത മാത്രം ഉണര്‍ത്തുന്ന നടപ്പു ദീനങ്ങളായി ഇത്തരം അക്രമ ങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ടു തരത്തിലാണ് ഇതിന്റെ ആഘാതം ഒരു പൊതു സമൂഹത്തില്‍ പ്രകടമാവുക – കൊലപാതക രാഷ്ട്രീ യത്തിലെ രാഷ്ട്രീയത്തെ ജനങ്ങള്‍ വെറുക്കാന്‍ തുടങ്ങുന്നു, അഥവാ അതിലൂടെ അരാഷ്ട്രീയതയിലേക്കുള്ള ചാലു കുത്തല്‍ എളുപ്പത്തിലാകുന്നു. അതിലെ കൊലപാതകമാകട്ടേ, ഒരു മനുഷ്യ ജീവനും സമൂഹത്തിനുമെതിരായ ഭീഷണി എന്ന നിലയില്‍ ശരിയായി കൈകാര്യം ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്ന, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം പാര്‍ട്ടി അവരെ സംരക്ഷിക്കും എന്നതാണ്. ചാവേറുകളോട് അത്ര കരുണയെങ്കിലും കാട്ടാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നുമുണ്ട്. മഹാകാര്യം! പക്ഷേ വെട്ടാനും കുത്താനും പഴയതു പോലെ അണികളെ കിട്ടാതെ വരുമ്പോഴാണ് ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടികള്‍ക്ക് ആശ്രയി ക്കേണ്ടി വരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധം വച്ചു തുടങ്ങി എന്ന സന്തോഷം അവസാനിക്കും മുമ്പ് ഏറെ വൈദഗ്ധ്യത്തോടെ കൃത്യം നിര്‍വഹിക്കാന്‍ വേറെയൊരു സംഘം തയാറായി മുന്നോട്ടു വരുന്നുവെന്ന കാര്യം ആശങ്കയോടെ വേണം വീക്ഷിക്കാന്‍. മൂന്നാംകിട ബോളിവുഡ് സിനിമകളിലെ കുടിപ്പകയേക്കാള്‍ അധപ്പതിക്കുന്ന തരത്തിലാണ് കേരളത്തിന്റെ സാമൂഹ്യസുരക്ഷ സംരക്ഷിക്കാന്‍ ഉത്ത രവാദപ്പെട്ടവര്‍ ക്രിമിനല്‍ സംഘങ്ങളുടെ കൈയില്‍ വടിവാള്‍ കൊടുക്കുന്നത്. അവിടെ എന്തു രാഷ്ട്രീയം? എന്തു കൊടി? എന്തു പ്രത്യയ ശാസ്ത്രം? മൃഗങ്ങളുടേതിനേക്കാള്‍ ആദിമമായ ചോദനകള്‍ മാത്രമാണ് അവിടെ പ്രസക്തം. ക്വട്ടേഷന്‍ സംഘങ്ങളാണ് ടി പി വധത്തിനു പിന്നിലെന്നും അവയെ ഒറ്റപ്പെടുത്തണമെന്നും സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞത് ഒരു ചരിത്രപരമായ തമാശയാണ്. അതിനേക്കാള്‍ എളുപ്പം അവയെ ഉപയോഗപ്പെടുത്ത പാര്‍ട്ടികളെ ഒറ്റപ്പെടുത്തുകയല്ലേ എന്ന ബ്രെഹ്തിയന്‍ ചോദ്യം ജനം ചോദിച്ചു പോയാല്‍ കുറ്റം പറയാനാവില്ല.
ജനം ചോദിക്കില്ല എന്നതാണ് ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ ഏറ്റവും വലിയ ആശ്വാസം. ജനം എന്ന അവ്യക്ത മായ ആശയത്തെ മാറ്റി നിര്‍ത്തിയാല്‍ പോലും അവരുടെ ശബ്ദം എന്നു വിശേഷിപ്പിക്കുന്ന സാംസ്‌കാരിക നായകരോ രാഷ്ട്രീയ പ്രവര്‍ത്തകരോ സിനിമാ താരങ്ങളോ ഒന്നും ഈ വിഷയത്തെ അഭിസംബോധന ചെയ്യില്ല. പാര്‍ട്ടിയിലെ അക്രമങ്ങള്‍ക്കെതിരേ ശബ്ദമു യര്‍ത്തി ഒരു സാധാരണ പ്രവര്‍ത്തകനെങ്കിലും പുറത്തു വന്നിരുന്നുവെങ്കില്‍ , അയാള്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിച്ചിരുന്നുവെങ്കില്‍ ഒരു സൂക്ഷ്മമായ ചലനം എവിടെയെങ്കിലും അനുഭവപ്പെടുമായിരുന്നു. ഇത്തരം സംഘര്‍ഷങ്ങളില്‍ അതിലുള്‍പ്പെടുന്നവര്‍ മാത്രമല്ല, ആളു മാറി ആരു വേണമെങ്കിലും കൊല്ലപ്പെടാമെന്ന സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഒരു വശത്ത് കൊള്ളാനും കൊടുക്കാനും തയാറായി നില്‍ക്കുന്ന മൂന്നാം തലത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ , അവരുടെ ബദലായി ഗോദയിലേക്കു കയറുന്ന കേവല അക്രമ പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘങ്ങള്‍ , മറുവശത്ത് ഇത്തരം വാര്‍ത്തകളുടെ മരവിപ്പും നിര്‍വികാരതയുമായി ചാനല്‍ മാറ്റിക്കൊണ്ടിരിക്കുന്ന ‘ജനം’. ഈ പക്ഷങ്ങളിലേതെങ്കിലും സംസാരിച്ചു തുടങ്ങും വരെ പ്രത്യയശാസ്ത്രമെന്ന വ്യാജേന ഹിംസയുടെ രാഷ്ട്രീയം സൂക്ഷിക്കുന്നവര്‍ അരങ്ങു വാണു കൊണ്ടിരിക്കും.