വീട്
ചില നേരങ്ങളിൽ
വീടു് നിശബ്ദമാകും
വാക്കിന്റെ വാതിലുകളെല്ലാം
കൊട്ടിയടച്ചു്
പകൽവെളിച്ചം കയറാത്ത
ഇരുൾമുറികളിലേയ്ക്കു്
അത് പിൻവാങ്ങും
ഊർന്നു വീഴുന്ന
നേർത്ത വെളിച്ചങ്ങളെപ്പോലും
മറയ്ക്കാൻ വേണ്ടി
ജലകത്തിരശ്ശീ ലകൾ
നിവർത്തിയിടും
താക്കോൽ പഴുതിലൂടെ
കിനിഞ്ഞിറങ്ങുന്ന
ശബ്ദങ്ങളെ
പ്രതിരോധിയ്ക്കാൻ
തുണി തിരുകി വയ്ക്കും
തലയിണയിൽ
മുഖം ചേർത്തു്
അറിയാതെ തേങ്ങും
എപ്പോഴും ചിലയ്ക്കുന്ന
കുട്ടികളെപ്പോലും
അടുപ്പിയ്ക്കില്ല
വൈകിയെത്തുന്ന
ഗൃഹനാഥൻ
ഈ വീട് എന്താണിങ്ങനെ
നിശബ്ദമെന്നു്
ചോദിയ്ക്കുമ്പോഴും
അവർ
ചുണ്ടിൽ വിരൽ വയ്ച്ചു്
നിശബ്ദമാകാൻ ഉപദേശിയ്ക്കും
കിളിപ്പാട്ടുകൾ പോലും
എത്തിനോക്കാതെ
പറന്നുപോകും
മഴ നനഞ്ഞെത്തുന്ന
കാറ്റുകളെപ്പോലും
ആരും ഉള്ളിൽ പ്രവേശിപ്പിയ്ക്കില്ല
കനലിന്റെ ശൗര്യങ്ങളെല്ലാം
തിരിച്ചെടുത്ത്
അടുപ്പും മൗനം വരിക്കും
കുറിഞ്ഞിപ്പൂച്ച വെളുക്കും വരെ
കുറുകാതെ
വെളിയിൽ കറങ്ങി നടക്കും
എപ്പൊഴോ
ചീർത്ത കണ്ണുകളുമായി
വീടു് തനിയേ
വാതിൽ തുറക്കും
നഷ്ടപ്പെട്ടുപോയ
ശബ്ദങ്ങൾ പതിയെ
പടി കയറി വരും
കാറ്റുകൾ ജനൽ വിരികൾ
വകഞ്ഞുമാറ്റി
കുശലം ചോദിയ്ക്കും
മഴയുടെ ചുണ്ടുകൾ വീണ്ടും
ചുവരുകളെ
ശബ്ദത്തോടെ
ഉമ്മ വയ്ക്കും
വെയിൽ നാളങ്ങൾ
വാതിൽ വിടവുകൾക്കിടയിലൂടെ
വിരൽ നീട്ടും
പക്ഷിപ്പാട്ടുകൾ
മരച്ചില്ലകളിലേയ്ക്ക്
തിരിച്ചുവരും
വീട്
വീണ്ടും വീടാകും