Main Menu

വിഭ്രമകലയുടെ വിധി

Saikatham Online Malayalam Magazine
 

മരണവും ഭീതിയും
ഈ കാലഘട്ടത്തിലെ
ഏറ്റവും സുന്ദരമായ കളി!
മഹാമാരിയുടെ കല
മനസുകളുടെ വിഭ്രമങ്ങളായി
അഹങ്കാരത്തിന്റെ
തീന്മേശകളെപ്പോലും
ചൊടിപ്പിക്കുന്നു..

ശംഭോ മഹാദേവ!

നിസഹായതയുടേയും
ഭയത്തിന്റെയും,
ആലയില്‍ ഹൃദയമുരുകി
പരിണാമം പ്രാപിക്കുന്നതുവരെ
കാത്തിരിക്കുവാൻ
യമന് കഴിയില്ല..
ആവാഹിച്ചു
ആലയിൽ കെട്ടുവാനുള്ള
താക്കീത് നൽകി
പോത്തിന്റെ
തീവ്ര മുന്നേറ്റം!

സൂറെന്ന കാഹളത്തിലെ
ഊത്തിനുമുൻപ്
എല്ലാം തീരണം
അത് കഴിഞ്ഞുള്ള
പുനർജ്ജനിയിൽ
കോവിഡും
വിചാരണ ചെയ്യപ്പെടും

ശാസ്ത്രം മുട്ടുമടക്കി
വിങ്ങിപ്പൊട്ടുമ്പോൾ
പാപമോചന പ്രാർത്ഥനാലയങ്ങൾ
പിണ്ഡം വെച്ച് പൂജാരിയും
കോറൻഡേൻ ആകുമ്പോൾ
ജപമാലകൾ തേങ്ങുന്നതുകണ്ട്
ചിരിക്കുന്നത് സൂക്ഷ്മാണുമാത്രം.

വാക്കുകളിൽ ശാരീരിക അകലം
കാരണം വൈറസിനു
ചാട്ടുളിപോലെ
തറഞ്ഞു കയറുവാനും
മതിലുകൾക്കുള്ളിൽ നിന്ന്
വാക്കുകളുടെ കനം
റൂഹുകളായി മാറി
ആഡംബരമില്ലാത്ത
അന്ത്യകൂദാശയോടെ
ജഡഭേരിയില്ലാതെ
ആഴമുള്ള കുഴിയിൽ
അനാഥമാകാനും വിധി!

ചുറ്റുമുള്ള ചലനങ്ങളെ
വിരൽക്കൊടിയിൽ
നിയന്ത്രിച്ചെടുത്ത്
കാല്‍ച്ചുവട്ടില്‍
ചവിട്ടിമെതിക്കാന്‍
ഓര്‍മ കളമൊരുക്കും

രാത്രിയുടെ ജാലകം തുറന്ന് പ്രാര്‍ത്ഥന
ഏഴെട്ടു ലോകത്തിനുമപ്പുറത്തെ
ഉടയോന്റെ വാതിലിൽ മുട്ടി
ക്ഷീണിക്കുന്നതിനിടയിൽ
മൗനമുറഞ്ഞവഴികളെ തലോടി
ദുഃഖഭാരങ്ങളെ തലോടി
ഒരു ഇളം കാറ്റ്
എവിടെയോ
മണ്ണിനെ കീറിമുറിക്കുന്ന
പുൽനാമ്പുപോലെ
ജനിക്കുവാൻ
വെമ്പൽ കൊള്ളുന്നുണ്ട്!!!

 

 



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: