Main Menu

ലാസ്റ്റ് സീൻ; ആത്മാവിന്റെ ചില തീരാവ്യഥകൾ

Last Seen

അവരൊന്നിച്ചുള്ള അവസാനത്തെ അവധിക്കാലമായിരുന്നു അതെന്ന് നിത്യനറിയില്ലായിരുന്നു.

പാഷൻ ഫ്രൂട്ട് വള്ളികളിൽ പ്രണയം പൂക്കുന്ന കാലമായിരുന്നു അത്. ഇലപ്പച്ചകൾക്കിടയിൽ വെളുപ്പിൽ വയലറ്റ് കലർന്ന പൂക്കൾ അങ്ങനേ ചിരിച്ചുനിന്നിരുന്നു അവിടെ ചിലത് ഒളിച്ചു നിന്നു. വള്ളിപ്പടർപ്പിനു താഴെ റോഡിൽനിന്ന് തുടങ്ങുന്ന പടിക്കെട്ടുകൾ അവസാനിക്കുന്നിടത്ത്, അവസാനത്തെ പടിക്കുമേലെ ഓരോ അവധിക്കാലത്തും ചെറിയമ്മ അവനെ കാത്തു നിൽക്കാറുണ്ടായിരുന്നു. ആ തവണയും പതിവ് തെറ്റിയില്ല. താഴെ നിന്ന് നിത്യൻ പടികൾ കയറി മുകളിൽ എത്തും വരെയ്ക്കും വാത്സല്യമങ്കുരിക്കുന്ന ചിരിയോടെ അവനെ തന്നെ നോക്കി നിന്നു ചെറിയമ്മ. ഒരു പുഞ്ചിരി ഈ ലോകത്തിനു സമ്മാനിക്കണമെങ്കിൽ ഉള്ളിൽ സ്നേഹം മാത്രമേ കരുതൽ ധനമായി വേണ്ടതുള്ളൂ എന്ന് അവനാ നിമിഷം തോന്നിപ്പോയിരുന്നു.

മറ്റാരേക്കാളുമേറെ ഈ ഭൂമിയിൽ നിത്യനെ കാത്തിരിക്കാറുണ്ടായിരുന്നത് ചെറിയമ്മ മാത്രമായിരുന്നു. ചെറിയമ്മക്കഥകൾക്കുള്ളിലായിരുന്നു നിത്യൻ അനേകം ജീവിതങ്ങൾ ജീവിച്ചു തീർത്തത്. ചെറിയമ്മ കഥകളെഴുതി. നോവലുകളെഴുതി. അവ പുസ്തകങ്ങളായി. എല്ലാ കഥകളും തനിക്ക് വേണ്ടി മാത്രമാണ് ചെറിയമ്മ എഴുതുന്നതെന്ന് നിത്യൻ വെറുതേ അങ്ങനെ കരുതിപ്പോന്നു. ‘ഈ കഥകളൊക്കെ എനിക്കു വേണ്ടി എഴുത്യേതല്ലേ ചെറിമ്മ ‘? എന്ന് നിത്യൻ ചോദിക്കുമ്പോഴൊക്കെ ‘അതേ.. പുങ്കൂനല്ലാണ്ട് പിന്ന്യാർക്ക് വേണ്ടീട്ടാ ചെറിമ്മ ഇതൊക്കെ എഴുതണേ’ എന്ന് ചോദിച്ച് അവനെ ഓരോ കഥക്കുള്ളിലേക്ക് വലിച്ചിടാറുണ്ടായിരുന്നു ചെറിയമ്മ. ചെറിയമ്മയും നിത്യനും കഥകളും മാത്രമുള്ള ലോകത്ത് അവർ മിണ്ടിയും പറഞ്ഞും ചിലപ്പോൾ കഥാപാത്രങ്ങളുടെ നൊമ്പരമറിഞ്ഞും അവരുടെ വേർപാടുകളിൽ തീവ്രമായി ദുഖിച്ചും മുഖത്തോട് മുഖം നോക്കിയിരിന്നു. കഥകേട്ട് കഥകേട്ട് കഥ മാത്രം ബാക്കിയാവുന്ന നേരങ്ങളിൽ സ്വയം ഒരു കഥയാണോ എന്ന് തോന്നിപ്പോകുമായിരുന്നു നിത്യന്. അങ്ങനെയങ്ങു ചെറിയമ്മയുടെ കഥകളിൽ വീണുറക്കമാകും അവൻ. എന്തൊരു നല്ല കാലമായിരുന്നു അത്. എന്തൊരു എന്തൊരു നല്ല കാലം.

‘സ്നേഹത്തിന്റെ അപോസ്തല’ എന്നാണ് നിത്യൻ ചെറിയമ്മയെ വിളിച്ചത്. അത്തരം കഥകളെഴുതാൻ അവന്റെ ചെറിയമ്മക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. ഉദാത്തമായ സ്നേഹത്തിന്റെ സ്പർശമുള്ള ഭാഷയായിരുന്നു ചെറിയമ്മയുടേത്. അപൂർവ്വമായ രചനാപാടവം, ആത്മാവിന്റെ സൂക്ഷ്മാംശങ്ങളെ ദർശിക്കാനാവുന്ന കഥകൾ. കഥയിൽ ചെറിയമ്മ സ്നേഹത്തെയും കാരുണ്യത്തെയും സത്യത്തെയും മാത്രം അന്വേഷിച്ചു. ഏറ്റവുമൊടുവിൽ എല്ലാ സത്യങ്ങളും പക്ഷേ ചെറിയമ്മയുടെ വായനക്കാരെ വേദനിപ്പിച്ചുകൊണ്ടിരുന്നു. നുണകളുടെ വർണ്ണശബളാഭമായ ലോകമല്ല സത്യത്തിന്റെ ചാര നിറമുള്ള ലോകമെന്നും എഴുത്തിൽ എന്റെ സത്യത്തെ നുണകളുടെ വർണ്ണച്ചായങ്ങളിൽ മുക്കി നിങ്ങളെയൊന്നും വഞ്ചിക്കാൻ എനിക്ക് വയ്യ എന്നും ചെറിയമ്മ അനുദിനം തന്റെ പുസ്തകാസ്വാദകരെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ‘മിത്രയുടെ കഥകൾ’ എന്ന പുസ്തകം വായിച്ച് അവർ ചെറിയമ്മക്ക് നേരിട്ട് കത്തുകളെഴുതി. വരുന്ന കത്തുകളിലെ നീലയക്ഷരങ്ങളിൽ കണ്ണീരുപ്പു കലർന്നിരുന്നു. ‘എന്റെ ജീവിതമായിരുന്നു പ്രിയ മിത്രാ ആ കഥ ‘ എന്നും ‘ഞാൻ എന്നെ തന്നെ കണ്ടു മിത്രാമ്മേ എന്നും ‘നേരിൽ കാണാൻ ആഗ്രഹിക്കുന്നു’ എന്നുമെല്ലാം അവർ കത്തുകളിലെഴുതി. ചിലർ ‘തെറി’കത്തുകളയച്ചു. ‘കൂത്തിച്ചി. പുസ്തകത്തിൽ സെക്സ് എഴുതി നിറക്കുന്നതെന്തിന്’ എന്ന് ചോദിച്ചും’ഒരു പെണ്ണ് ഇങ്ങനെ ഒക്കെ എഴുതാമോ? ‘ എന്നും ‘ഒരു രാത്രി കൂടെ വന്നാൽ ഒരു പുസ്തകം അച്ചടിക്കുന്നതിനേക്കാൾ കൂടുതൽ പണം തരാമെന്നും’ പറഞ്ഞും ചിലർ കത്തുകളെഴുതി. അത്തരം കത്തുകളെ ചെറിയമ്മ പൂർണ്ണമായും അവഗണിച്ചു. മറ്റുള്ള കത്തുകൾക്ക് മറുപടികളയച്ചു. ആരെയും നേരിൽ കാണാൻ ചെറിയമ്മ താല്പര്യപ്പെട്ടില്ല. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും മിത്ര ആന്തരികമായ മറ്റൊരു മൗനലോകത്തിലേക്ക് ഊളിയിട്ടു പറന്നുകൊണ്ടിരുന്നു. ആഘോഷങ്ങളും, പുരസ്‍കാരങ്ങളും, സമ്മേളനങ്ങളും സദസ്സുകളും ഒന്നും അവരെ ഉലച്ചില്ല, പ്രലോഭിപ്പിച്ചുമില്ല. മറ്റേതോ ലോകത്ത് അങ്ങേയറ്റം നിർന്നിമേഷയായി മിത്ര പാഷൻ ഫ്രൂട്ട് വള്ളികൾക്ക് താഴേ നിത്യനെ കാത്തു കാത്തു നിന്നു. ‘ചെറിമ്മേടെ.. പുങ്കൂ നീ വരാറായില്ലേ’എന്ന് ചോദിച്ചുകൊണ്ട്.
‘ചെറിമ്മ എന്താ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നത്’ എന്നൊരിക്കൽ കുഞ്ഞായിരുന്നപ്പോൾ നിത്യൻ ഒരു പോസ്റ്റുകാർഡിൽ എഴുതിചോദിച്ചിരുന്നു മിത്രയോട്.
‘കല്യാണം കഴിച്ചാൽ കഥ എഴുതാൻ പറ്റില്ല’

‘ചോറും മീൻകറീം വെച്ചു വെച്ച് ചെറിമ്മേടെ വിരലുകൾ അക്ഷരങ്ങളെ മറന്നു പോകും’ എന്ന് ചെറിയമ്മ അന്ന് മറുപടി അയക്കുകയും ചെയ്തിരുന്നു, അവന്റെ സ്കൂളിലേക്ക്. ചെറിയമ്മ പറയുന്ന നുണകൾ അപ്പാടെ വിശ്വസിക്കുന്ന കാലമായിരുന്നു നിത്യനത്.അവന്റെയുള്ളിലെ ബാല്യത്തെ ഏറ്റവും മനോഹരമായ കള്ളങ്ങൾ പോസ്റ്റുകാർഡിലെഴുതി പറ്റിച്ചു കളഞ്ഞു ചെറിയമ്മ അന്നെല്ലാം.
പിന്നെയൊരിക്കൽ അവനാ ചോദ്യം നേരിട്ടാവർത്തിച്ചു. അവന്റെ പ്രീഡിഗ്രി കാലത്ത്. ഒരു കോളേജ് സമരകാലത്ത് ചെറിയമ്മയുടെ വീട്ടിലേക്ക് ചെന്നുകൊണ്ട്. അന്നായിരുന്നു നിത്യൻ ചെറിയമ്മയെ ആദ്യമായി കണ്ടത്. ആ ദിവസം മുഴുവൻ അവൻ ചെറിയമ്മയോട് സംസാരിച്ചിരുന്നു. ചെറിയമ്മയെ വിട്ടു പോകുവാൻ അവന് തോന്നിയതേയില്ല.

‘ചെറിമ്മേ.. ചെറിമ്മ കല്യാണം കഴിക്കാതെ ഇങ്ങനെ ഇരിക്കാൻ കാരണം എനിക്ക് മനസ്സിലായി ട്ടാ.. ഒരു പ്രേമം ഉണ്ടായിരുന്നില്ലേ ചെറിമ്മക്ക്.. അയാൾ ഇട്ടിട്ട് പോയ സങ്കടത്തിലല്ലേ ചെറിമ്മ കല്ല്യാണം വേണ്ടാന്ന് പറഞ്ഞത്.. ‘ എന്ന നിത്യന്റെ ചോദ്യം കേട്ടന്ന് ചെറിയമ്മ ഊറിയൂറി ചിരിച്ചു.ചിരിച്ചു ചിരിച്ച് കണ്ണിൽ നിന്ന് കുടുകുടാ വെള്ളം ചാടി.. ‘നല്ല പഷ്ട് കണ്ടുപിടിത്തം എന്റെ പുങ്കൂ.ഇതാപ്പോ നീ ആലോചിച്ചുണ്ടാക്കിയത് നന്നായിണ്ട്. ഇതൊന്നുമല്ല കാരണം. കല്യാണം കഴിച്ചാൽ പ്രസവിക്കേണ്ടി വരും. ചെറിമ്മക്ക് പേടിയാണ് അതൊക്കെ.. ഹോ. വയറും വീർപ്പിച്ചങ്ങനെ നടക്കാ.. എന്നിട്ട് എല്ലുപൊടിയണ വേദന സഹിച്ച് ഒരു കുഞ്ഞിനെ പ്രസവിക്ക്യ .. ഓർക്കാൻ കൂടി വയ്യ ചെറിമ്മക്ക്‌.. ‘ എന്ന് പിന്നെയും പറഞ്ഞു ഒരു വലിയ നുണ.

‘അപ്പോ കുട്ടികളെ ഇഷ്ടല്ലേ..കഥ എഴുതുമ്പോ മാത്രേ ഒള്ളൂല്ലേ ഈ കുട്ടികളോട് സ്നേഹം’.. എന്നായി നിത്യൻ.

‘കുട്ടികളെ ഇഷ്ടാണ്.. കല്യാണം കഴിച്ചാലേ കുട്ടികളുണ്ടാവൂ? നീയെന്റെ കുട്ടിയല്ലേ? ‘ എന്ന് മറുചോദ്യം ചോദിച്ച് ചെറിയമ്മ അവനെ നിശ്ശബ്ദനാക്കി.
പിന്നെയുമൊരിക്കൽക്കൂടി നിത്യൻ അതേ ചോദ്യം ആവർത്തിച്ചു,മറ്റൊരു രീതിയിൽ.
കഴിഞ്ഞുപോയൊരവധിക്കാലത്ത് ചെറിയമ്മയെ കാണാൻ ചെന്നപ്പോൾ ഒരിലപ്പച്ചപട്ടു സാരി ചെറിയമ്മയുടെ കൈയിൽ കൊടുത്തുകൊണ്ടങ്ങനെ നിൽക്കുകയായിരുന്നു അവൻ . ചെറിയമ്മ അതിൽ തൊട്ടും തലോടിയും കട്ടിക്കണ്ണടക്കിടയിലൂടെ നിത്യനെ നോക്കി ചോദിച്ചു -‘ഇതെത്രാമത്തെ പട്ടുസാരിയാണ് പുങ്കൂ.. ചെറിയമ്മ ഇതൊന്നും ഉടുത്ത് തീരുന്നില്ല. ഇതുടുത്ത് പോകാൻ ചെറിയമ്മക്ക് ഇടമൊന്നുമില്ല.’

ചെറിമ്മയുടെ ലോകം എന്ത് ചെറുതാണ്. ഒരു ജാലകപ്പാളിയിലൂടെ എത്തി നോക്കുന്ന ആകാശത്തിന്റെ ഒരു കീറോ, ഒരു കാറ്റലയോ, പൊഴിഞ്ഞൊരിലയോ, വിടരുന്ന ഒരു പൂവോ, പാടുന്ന ഒരു കുയിലോ തന്നെ ധാരാളമായിരുന്നു അവർക്ക്. വലിയ ലോകത്തിലെ ജീവിതത്തിനു ചെറിയ ചെറിയ ഭംഗികൾ മതിയെന്നായിരുന്നല്ലോ ചെറിയമ്മ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. നിത്യനപ്പോൾ വെറുതേ നിന്നങ്ങനെ ചിരിക്കുക മാത്രം ചെയ്തു. ചെറിയമ്മയുടെ നരച്ച മുടിയിഴകൾ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. എത്ര പെട്ടെന്നായിരുന്നു ചെറിയമ്മക്ക് നരകേറിയത്.
‘നോക്കണ്ട നീ..

നരച്ചു. വയസായി..മക്കളും പേരമക്കളുമൊക്കെ സ്വയമധ്വാനിച്ചുണ്ടാക്കുന്നതിൽ നിന്ന് വാങ്ങി തരുന്നതൊക്കെ ചുറ്റി ഒരു മുറിക്കുള്ളിൽ ഒതുങ്ങാൻ സമയായി ചെറിമ്മക്ക് ‘ എന്ന് പറഞ്ഞു ചെറിയമ്മ ഇലപ്പച്ച പട്ടുസാരിയിൽ മുഖംചേർത്തു.
‘ഒക്കെ സ്വയം വേണ്ടാന്ന് വെച്ചതല്ലേ.. ഒറ്റയ്ക്ക് തിരഞ്ഞെടുത്തതല്ലേ ഈ ഒറ്റയാൾജീവിതം.. എന്നിട്ടിപ്പോ ഓരോന്ന് പറഞ്ഞു കിന്നരിക്കുന്നു’ എന്തിനായിരുന്നു ഈ ജീവിതം തിരഞ്ഞെടുത്തത് എന്ന് നിത്യൻ മുഖംവീർപ്പിച്ചപ്പോൾ അവന്റെ നെറ്റിയിൽ ചുണ്ടുരുമ്മി ചെറിയമ്മ പറഞ്ഞു -‘ അങ്ങനെ അല്ലായിരുന്നെങ്കിൽ എനിക്ക് നിന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുമായിരുന്നോ കുട്ടപ്പാ.. എന്റെ സ്നേഹം മുഴുവൻ നിനക്കുള്ളതല്ലേ ‘ എന്ന്..താനല്ല ഈ ജീവിതം ചെറിയമ്മയെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് നിത്യനോട് അന്നും മിത്ര പറഞ്ഞില്ല. അന്നാണ് നിത്യൻ കുറെയേറെ നാളുകൾക്ക് ശേഷം കാരണമൊന്നുമില്ലാതെ കരയുന്നത്.. അവന്റെ കണ്ണു നിറഞ്ഞത് കണ്ട് ചെറിയമ്മയും കരഞ്ഞു,രണ്ടുപേരും ചേർന്നാനിമിഷത്തെ കണ്ണീരിനാൽ ഹൃദയത്തിൽ പകർത്തി വെച്ചു. പിന്നീടൊരിക്കലും അവനാ ചോദ്യം ചെറിയമ്മയോട് ചോദിച്ചതേയില്ല..

ഒരവധിക്കാലത്ത് തന്നെയാണ് ചെറിയമ്മക്ക് എഴുത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സാധ്യതകൾ നിത്യൻ പറഞ്ഞു കൊടുത്തത്..

‘പഴയ എഴുത്തുകാരുടെ പോലെ ആവരുത് ചെറിമ്മ.. ഇപ്പോഴത്തെ തലമുറമുഴുവൻ ഇന്റർനെറ്റ് ലോകത്തിലാണ്. അവരിലേക്ക് ചെറിമ്മ എത്തണം.’ എന്നു പറഞ്ഞ് അവൻ ഫോണിൽ ചെറിയമ്മക്ക് ‘മിത്ര എസ്’ എന്ന ഫേസ്ബുക് ഐഡി ‘ക്രിയേറ്റ്’ ചെയ്തു കൊടുത്തു.

ഇലപ്പച്ചപട്ടു സാരിയുടുത്ത് പാഷൻഫ്രൂട്ട് വള്ളിചുവട്ടിൽ കട്ടിക്കണ്ണടക്കുള്ളിലൂടെ ചിരിക്കുന്ന ചെറിയമ്മയുടെ മുഖമായിരുന്നു പ്രൊഫൈൽ പിക്ചർ. ‘ഈ ചിത്രൊന്നും ഇടണ്ട. നമ്മൾ രണ്ടുപേർ കൂടിയുള്ളത് ഇട്ടാൽ മതിയെന്ന് ‘ ചെറിയമ്മ പറഞ്ഞപ്പോൾ അവനും ചെറിയമ്മയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ നിത്യൻ ഫേസ്ബുക് ഐഡിയുടെ കവർ ഫോട്ടോയുമാക്കിയിട്ടു.

ഏറെ നേരം ചെറിയമ്മ പ്രൊഫൈൽ പേജും നോക്കി അങ്ങനെ ഇരുന്നു.. എങ്ങനെ ടൈപ്പ് ചെയ്യണമെന്നും ഫോട്ടോകൾ എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും സൗഹൃദാഭ്യർത്ഥനകൾ എങ്ങനെ സ്വീകരിക്കണമെന്നും ചാറ്റ് ചെയ്യാൻ എന്ത് ചെയ്യണമെന്നുമെല്ലാം അവൻ ചെറിയമ്മയെ പഠിപ്പിച്ചു കൊടുത്തു. ചെറിയമ്മ ആദ്യമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിത്യനായിരുന്നു. അപ്പോൾ തന്നെ തന്റെ ഫോണിൽ ഫേസ്ബുക് പേജിൽ ലോഗിൻ ചെയ്ത് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്ത് കാണിച്ചു കൊടുത്തു നിത്യൻ. ചെറിയമ്മയപ്പോൾ ആദ്യമായി സ്ലേറ്റിൽ ‘ശരിമാർക്ക്’ കിട്ടിയ കുട്ടിയുടെ കൗതുകത്തോടെയും ഉത്സാഹത്തോടെയും കൈയടിച്ചു, ‘ഐവാ’ എന്ന് പറഞ്ഞ് കൊണ്ട്.. പിന്നെ പതുക്കെ ഫോണിൽ ‘mithra is here ‘ എന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ്‌ ബട്ടൺ ക്ലിക്ക് ചെയ്തു.. നിത്യൻ ആദ്യത്തെ ലൈക്കുമിട്ടു. നിമിഷങ്ങൾക്കകം തുരു തുരാ ഫ്രണ്ട് റിക്‌സ്റ്റുകളും കമ്മെന്റുകളും വരാൻ തുടങ്ങി. അതിൽ ചെറിയമ്മയുടെ സമകാലീനരായ എഴുത്തുകാരും പുതിയ തലമുറ എഴുത്തുകാരും അസംഖ്യം ആരാധകരുമുണ്ടായിരുന്നു. ‘മിത്രേച്ചി’ എന്നും ‘മിത്രാ മാം’ എന്നും ‘മിത്രാമ്മാ’ എന്നുമെല്ലാം മിന്നി തെളിഞ്ഞു ചാറ്റ് ഹെഡ്.. ‘ഓൺലൈൻ സാഹിത്യ ലോകം’ അങ്ങനെ ചെറിയമ്മയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എഴുത്തിൽ അനന്തമായ സാധ്യതകളുള്ള ഒരിടം കൂടി ചെറിയമ്മ കണ്ടുപിടിച്ചു .ഏഴുകടലുകൾക്കുമക്കരെ മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ നിത്യന് ആശ്വാസമാകാറുണ്ടായിരുന്നത് ചെറിയമ്മ അയച്ചു കൊണ്ടിരുന്ന ആ
ഇ മെയിലുകളായിരുന്നു. ഇന്റർനെറ്റ്‌ ലോകത്തെത്തിയതോടെ ചെറിയമ്മ കത്തുകളുടെ എണ്ണം കുറച്ചു. പറയാനുള്ളത് തോന്നുന്ന നിമിഷത്തിൽ തന്നെ കേൾക്കേണ്ടിടത്ത് എത്തിക്കാനാവുമ്പോൾ കാത്തിരിക്കാൻ വയ്യെന്റെ കുട്ടപ്പാ എന്ന് പറഞ്ഞ് അവന് മെയിലുകൾ വരാൻ തുടങ്ങി. ചെറിയമ്മയുടെ കൈപ്പട കാണാനാവുന്നില്ല എന്നേയുള്ളൂ, കത്തിലെയും മെയിലിലെയും ഉള്ളടക്കങ്ങൾക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല.ഓരോ മെയിലും നിത്യനിൽ കരുതലിന്റെ, വാത്സല്യത്തിന്റെ മഴകൾ കോരിയൊഴിച്ചു. ചെറിയമ്മയുടെ എഴുത്തുകൾ വായിക്കുമ്പോൾ ആ ശബ്ദം കേട്ടുകൊണ്ട് മടിയിൽ കിടക്കുകയാണെന്നേ അവന് തോന്നിയിരുന്നുള്ളൂ . എന്ത് മാജിക്‌ ആണ് ചെറിയമ്മക്ക് വശമുള്ളത്, ഹൃദയത്തിൽ ചേർന്ന് നിന്നിങ്ങനെ എഴുതാൻ എന്ന് ആലോചിച്ചാലോചിച്ചു നിത്യൻ അങ്ങനെ ഇരിക്കുമായിരുന്നു . അതിനോടകം ചെറിയമ്മയുടെ ഇന്റർനെറ്റ്‌ ലോകം സങ്കല്പിക്കാനാവുന്നതിനും അപ്പുറത്തേക്ക് വളർന്ന് അവിടെ സമാന്തരമായൊരു കുടുമ്പം സൃഷ്ടിച്ചിരുന്നു ചെറിയമ്മ. ചിറകൊതുക്കി കൂടണയാനെത്തുന്ന കിളിക്കുഞ്ഞിനെപോലെ ചെറിയമ്മയുടെ അടുത്തേക്കോടിയെത്താൻ ഓരോ അവധിക്കാലം വന്നെത്തുന്നതും കാത്ത് കാത്തിരുന്നു നിത്യൻ.

അങ്ങനെയങ്ങനെയങ്ങനെ വന്നെത്തിയ അവധിക്കാലമായിരുന്നു അത്.. .പടികൾ കയറുമ്പോൾ അവൻ കണ്ടു, വള്ളിപ്പടർപ്പിനടിയിൽ, അവസാനത്തെ പടിക്കുമേൽ, നിലാവ് പോലെ പുഞ്ചിരി തൂകി ഭസ്മക്കുറി മുഖവുമായി ചെറിയമ്മ. വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ഓടിപ്പോകുന്ന അസ്തമയ സൂര്യൻ ചെറിയമ്മയുടെ നരച്ച മുടിയിലപ്പോൾ ചുവന്ന ചായം പൂശുകയായിരുന്നു.വർഷങ്ങളെത്ര പൊഴിയുന്നു, ചെറിയമ്മ കൂടുതൽ സുന്ദരിയാകുന്നു..

‘കാലങ്ങൾ എത്ര പെട്ടെന്ന് കടന്നു പോകുന്നു അല്ലേ ‘ എന്ന് ചോദിച്ചുകൊണ്ട് ചെറിയമ്മ നിത്യനെ ചുണ്ടുരുമ്മി.

‘നരച്ചു നരച്ചു അപ്പൂപ്പന്താടി പോലെ ആയി എന്റെ ചെറിമ്മ ‘ എന്ന് പറഞ്ഞു നിത്യൻ ചെറിയമ്മചുമലിലേക്ക് ചാഞ്ഞു. ഒരു കാറ്റ് വന്നവരെ തഴുകി.

‘അപ്പോ ഇനി ചെറിമ്മക്ക് പാറി പറന്നു നടക്കാലോ ‘ എന്ന് ചിരിച് ചെറിയമ്മ നിത്യനെ ചേർത്തുപിടിച്ചകത്തേക്ക് നടക്കുമ്പോൾ ആരെങ്കിലുമൊക്കെ ചേർത്തു പിടിക്കാനില്ലെങ്കിൽ ജീവിതമൊരു ആത്മഹത്യാമുനമ്പായി തീരുമായിരുന്നേനെ എന്നോർത്തിരുന്നു നിത്യൻ. ആ വരവിൽ കുപ്പിവളകളാണ് നിത്യൻ ചെറിയമ്മക്ക് സമ്മാനമായി കൊണ്ടുവന്നത്. ‘ആരെങ്കിലും കുറച്ച് കുപ്പിവളകൾ വാങ്ങി തന്നിട്ട് എത്രകാലമായി ‘എന്ന് പറഞ്ഞുകൊണ്ട് മിത്ര കുപ്പിവളകൾ കൗതുകത്തോടെ എടുത്തണിഞ്ഞിരുന്നു ‘ദൈവമേ, ചെറിയമ്മ ഇല്ലാതാകും ഒരിക്കൽ .അങ്ങനെയൊരു ദിവസം വന്നാൽ, ഒരു പേമാരിയിലോ ചുഴലിക്കാറ്റിലോ കടപുഴകിയ വൃക്ഷത്തോടൊപ്പം തകർന്നു പോയൊരു കൂട്ടിലിരുന്ന് തണുത്തുറഞ്ഞു വിറച്ചിരുന്നു കരയുന്ന കിളിക്കുഞ്ഞിനെ പോലേ, ഞാൻ ആരോടെന്നില്ലാതെ കിടന്ന് ചിലക്കും.. വെറുതേ വെറുതേ കിടന്നിങ്ങനെ ചിലക്കും.. ആര് വരും എന്നെ വന്നൊന്ന് പൊതിഞ്ഞു ചേർത്തുപിടിക്കാൻ?? അതിനുത്തരം കാലത്തിനു മാത്രമറിയാം !’ എന്ന് ചെറിയമ്മയോട് പറയാതെ പറഞ്ഞ് അചഞ്ചലമായ മിഴികളോടെ നിത്യൻ ചെറിയമ്മയുടെ മടിയിൽ കിടന്നു ആ രാത്രി. മുടിയിഴകളിൽ തഴുകുന്ന ചെറിയമ്മ വിരലുകൾക്കൊപ്പം അവന്റെ കണ്ണടഞ്ഞു തുടങ്ങിയപ്പോൾ മിത്ര പതുക്കെയെഴുന്നേറ്റ് തന്റെ എഴുത്തുമേശക്കു മുൻപിലിരുന്നു. ശീതളമായൊരു അരുവിയൊഴുക്കിന്റെ ശാന്തതയുള്ള മനസ്സുമായി റൈറ്റിംഗ് പാടിലെ കടലാസ്സിൽ ‘ആത്മാവിന്റെ ചില തീരാ വ്യഥകൾ’ എന്ന് തലക്കെട്ടെഴുതി മിത്ര കണ്ണടച്ചിരുന്നു. അങ്ങനേ ഇരുന്ന മിത്രയുടെ നെഞ്ചിലപ്പോൾ ഒരു പുസ്തകത്തിലും അച്ചടിച്ച് വരാത്ത , ആത്മാവിന്റെ ഒരേടിൽ നിന്ന് പറിച്ചെടുത്ത ഒരു കഥയുണ്ടായിരുന്നു.

ആ കഥയിൽ ഒരു വലിയ വെനീഷ്യൻ ജാലകപ്പടിമേൽ പുറത്തേക്ക് കാലുകൾ തൂക്കിയിട്ട് ചിറകിനുമേൽ ചിറകുരുമി, കൊക്കിനുമേൽ കൊക്കുരുമ്മി, മിത്രയോടൊപ്പം വേണുവുമിരുന്നിരുന്നു.. ഉള്ളിൽ ഇത്രയും കാലം പറയാതെ ബാക്കി നിർത്തിയതൊക്കെ എഴുതാൻ സമയമായെന്ന് കാലം മിത്രയെ അനുനിമിഷം ഓർമ്മപ്പെടുത്തികൊണ്ടിരുന്നു. സീമകളില്ലാത്ത സ്നേഹത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും തുറന്നു പറച്ചിലുകൾ നടത്തിയതിന് കുടുമ്പത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്നേഹത്തിൽ നിന്നും ഒരിക്കൽ നിഷ്കരുണം പുറംതള്ളപ്പെട്ട ഒരു സ്ത്രീ, കഴിഞ്ഞു പോയതൊക്കെയും വീണ്ടും ഓർത്തെടുക്കുമ്പോൾ ഒരിക്കൽ മുറിഞ്ഞ മുറിവുകളെല്ലാം അതേ വേദനകൾ തന്നെ സമ്മാനിച്ചു. മുറിവുകളിലൂടെ ഒരു കാലഘട്ടം തന്നെ മിത്ര എസിനുള്ളിലേക്ക് ഇരച്ചു കയറി വന്നു, ഒരിക്കൽ കടന്നുപോയ അതേ വഴികളിലൂടെ മിത്ര പിന്നെയും അടിവെച്ചു, ഒടുവിൽ വഴിയോരത്ത് കിതച്ചു തളർന്നു നിന്നു, ആ ദിവസങ്ങളിൽ.. മുന്നോട്ട് നടക്കാൻ അവർ ചേർത്തുപിടിച്ചത് നിത്യന്റെ കൈകളായിരുന്നു.

ഓരോ അവധിക്കാലത്തും നിത്യൻ തന്നെക്കാണാൻ മാത്രമായി വരുമ്പോൾ ഇരുവശവും ആല്മരങ്ങൾ തണൽ വിരിച്ചു നിന്നിരുന്ന ആളൊഴിഞ്ഞ ആ റെയിൽവേ സ്റ്റേഷനിലൂടെ നിത്യനോടൊപ്പം നടക്കാനിറങ്ങുമായിരുന്നു മിത്ര.’ യാത്ര പറച്ചിലുകളുടെ ഗന്ധമാണ് ഇവിടെ അല്ലേ? ‘ എന്ന് മിത്ര ചോദിക്കുമ്പോഴൊക്കെ ‘എത്തിചേരലുകളുമുണ്ടല്ലോ ചെറിമ്മേ ‘ എന്ന് തിരിച്ചു ചോദിച്ചുകൊണ്ട് ചെറിയമ്മയുടെ വിരലുകൾ മുറുകെപ്പിടിക്കാറുണ്ടായിരുന്നു നിത്യൻ. ആ അവധിക്കാലദിനങ്ങളിലും അവർ പതിവുകളൊന്നും തെറ്റിച്ചില്ല. തന്നോടൊപ്പം ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുന്ന് ദൂരേ ദൂരേക്ക് നോക്കിയിരുന്ന മിത്രയെ നോക്കി അവൻ ചോദിച്ചു -‘അങ്ങനെയൊരു തുറന്നെഴുത്തിനു സമയമായോ ചെറിമ്മക്ക്? ‘എന്ന്.
‘ആയി. സമയം കുറവാണ് എന്ന് ആരോ ഉള്ളിലിരുന്ന് ചെറിമ്മോട് പറയുന്നു നിത്യാ.’ എന്ന് മിത്ര.

‘എങ്കിൽ എഴുതൂ..’

‘ചെറിമ്മ അറിയാത്ത ഒരു രഹസ്യം പോലുമില്ലേ നിന്റെയീ ഹൃദയത്തിനുള്ളിൽ?’
എന്ന ചെറിയമ്മ ചോദ്യത്തിനപ്പോൾ  ‘ഇല്ല..ഇല്ലേയില്ല.. ‘ എന്നുത്തരം പറഞ്ഞു നിത്യൻ ചെറിയമ്മ വിരലുകളെ അവന്റെ ഉറച്ച നെഞ്ചിനുമേൽ എടുത്തു വച്ചിരുന്നു.
‘ എല്ലാവർക്കുമുള്ളിലുമുണ്ട് പുങ്കൂ ആർക്കുമറിയാത്ത രഹസ്യങ്ങൾ. രഹസ്യങ്ങളുടെ ചില പേരറിയാ തുരുത്തുകൾ.. ചെറിമ്മക്കുള്ളിലുമുണ്ട് അങ്ങനെയൊന്ന് ‘ എന്ന് പറഞ്ഞു മിത്ര ബെഞ്ചിൽ നിന്നെഴുന്നേറ്റ് നടന്നു.

 സൂര്യൻ അസ്തമിച്ചിരുന്നു അപ്പോഴേക്കും. ചെറിയമ്മയോടൊപ്പമുള്ള ദിവസങ്ങൾ ആ വിധം കൊഴിഞ്ഞു പോകുന്നത് നിത്യനു സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ കഴിഞ്ഞു പോയ അവധിക്കാലങ്ങൾ. ഈ വിധം അസ്വസ്ഥമായിരുന്നില്ലല്ലോ ഒന്നും എന്നാലോച്ചിച്ചുകൊണ്ട് നിത്യനും ചെറിയമ്മക്ക് പുറകെ എഴുന്നേറ്റ് നടക്കുകയായിരുന്നു.  കടലു കണ്ടുകണ്ടങ്ങനെ ഇരിക്കാൻ ഇഷ്ടമായിരുന്നു മിത്രക്ക്, നിത്യനോടൊപ്പം.കടൽത്തീരത്തെ വെറും മണ്ണിൽ അവൻ മിത്രയുടെ മടിയിൽ തലചായ്ച്ചു കിടക്കുമായിരുന്നു . അന്നും അങ്ങനെയൊരു കടൽത്തീരത്തായിരുന്നു അവർ, ചെറിയമ്മമടിയിൽ തല ചായ്ച്ച് നിത്യനും, അവന്റെ മുടിയിഴകളെ തലോടി ചെറിയമ്മയും. വട്ടമിട്ടു പറക്കുന്ന പരുന്തുകളെ നോക്കി കിടന്ന നിത്യൻ അന്നായിരുന്നു ആദ്യമായി വേണു എന്ന പേര് കേട്ടത്.

‘വേണു’..
‘വേണു?? ‘.എന്ന് ചോദിക്കുന്ന നിത്യൻ.
‘വേണുവിന്റെ മെസ്സേജുകൾ വരുന്നു ചെറിമ്മക്ക്.. ഒന്നും തുറന്നു നോക്കാൻ വയ്യ എനിക്ക് ‘
‘നോക്കണം..ആരാണ് വേണു.? ‘ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കടലിലേക്ക് നോക്കിയിരിക്കുന്ന ചെറിയമ്മ. അന്ന് രാത്രി ചെറിയമ്മക്കൊപ്പം എഴുത്ത് മേശക്ക് മുന്നിലിരുന്നു നിത്യൻ. ചെറിയമ്മ എഴുതുകയായിരുന്നു -‘ആത്മാവിന്റെ ചില തീരാ വ്യഥകൾ’. കഥയിൽ മരപ്പലകകൾ പാകിയ ഒരു പുരാതനമായ കോളേജിന്റെ രണ്ടാം നിലയിലെ വരാന്തയിലൂടെ സ്നേഹിക്കപ്പെടാനായി നാണമില്ലാതെ അപേക്ഷിച്ചുകൊണ്ട് ഒരിക്കൽ പലസ്നേഹങ്ങളിൽ നിന്നും നിഷ്കരുണം വലിച്ചെറിയപ്പെട്ട ഒരു പെൺകുട്ടി വേണുവിന്റെ പുറകെ നടന്നിരുന്നു. അവൾക്ക് നിത്യന്റെ ചെറിയമ്മയുടെ മുഖച്ഛായയുണ്ടായിരുന്നു. പിന്നെയൊരുന്നാൾ ഒരു വലിയ വെനീഷ്യൻ ജാലകപ്പടിമേൽ പുറത്തേക്ക് കാലുകൾ തൂക്കിയിട്ട് ചിറകിനുമേൽ ചിറകുരുമി, കൊക്കിനുമേൽ കൊക്കുരുമ്മി, അവളോടൊപ്പമിരുന്ന് സ്വപ്‌നങ്ങൾ പങ്കിടുന്ന വേണുവിനെ നിത്യൻ കണ്ടു. പരസപരം കത്തുകളെഴുതിയ ഡിഗ്രി കാലവും പി ജി കാലവും കഴിഞ്ഞ് അവർ വളർന്നു. ഓരോ പിറന്നാളിനും ‘എന്റെയാത്മാവിൽ നിന്നുറവപൊട്ടിയ മഷിയാണിതിനുള്ളിൽ ‘ എന്ന് പറഞ്ഞ് അവൾക്ക് പേനകൾ സമ്മാനമായി കൊടുക്കുന്ന വേണു. ആ മഷികൊണ്ട് കഥകളും നോവലെറ്റുകളും എഴുതുന്ന പെൺകുട്ടി വേണുവിന് കൈയെത്തിപിടിക്കാനാവാത്ത ഭാവനാലോകം സൃഷ്ട്ടിക്കുന്നു. ഒടുവിൽ വീട്ടുകാർക്കൊപ്പം വന്നെന്നെ ഔദ്യോഗികമായി പെണ്ണ് ചോദിക്ക് എന്ന് പറഞ്ഞു വേണുവിന് കത്തെഴുതി കാത്തിരിക്കുന്ന സ്ത്രീ . എത്ര കാത്തിരുന്നിട്ടും കത്തിന് മറുപടി വരാതെ വന്നപ്പോൾ പിന്നെയും എഴുതുന്നവൾ .. ഒടുവിൽ വന്ന മറുപടി ഇങ്ങനെ -‘ഒരെഴുത്തുകാരിയോടൊപ്പമുള്ള ജീവിതത്തിനു എന്റെ വീട്ടിൽ സമ്മതമല്ല മിത്ര .അതും ലോകത്തോട് മുഖം തിരിച്ചുകൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ. നിന്റെ ഭ്രാന്തിനൊപ്പം പിടിച്ചു നിൽക്കാൻ എനിക്കാവില്ല. എനിക്കു വേണ്ടി നീ എഴുത്ത് ഉപേക്ഷിക്കാമോ. നിനക്ക് വീട്ടിലേക്ക് മടങ്ങിപോകാമോ. എങ്കിൽ ഞാൻ വരും.നമ്മൾ വിവാഹം കഴിക്കും. അല്ലായെങ്കിൽ ഇതുവരെ ഒരുമിച്ചുണ്ടായിരുന്ന ദിവസങ്ങൾ മറന്നു കളഞ്ഞേക്കൂ ‘. പ്രണയബദ്ധരായിരുന്നപ്പോൾ ”നിനക്ക് ഞാനും എനിക്ക് നീയും ‘മതിയെന്ന് പറഞ്ഞ വേണുവായിരുന്നോ അത്.

-.ഉലഞ്ഞുപോകുന്ന മിത്ര. ആ ഉലച്ചിലിനെഎളുപ്പം അതിജീവിച്ചുകൊണ്ട് ചുരുട്ടിയെറിഞ്ഞ ആ കത്തിനുള്ള മറുപടിയിൽ ‘എനിക്കെഴുതാൻ നിന്റെ മഷി വേണ്ട’എന്നെഴുതി സമ്മാനമായി കിട്ടിയ പേനകൾ തിരിച്ചുകൊടുക്കുന്ന മിത്ര.
അവിടെ തീർന്നു ആ കഥ.’

എഴുതിക്കഴിഞ്ഞു നിത്യനെ വിഹ്വലയായി മിത്ര നോക്കിയിരുന്നു. ആ നിമിഷം, ഒരു മെസ്സേജ് നോട്ടിഫിക്കേഷന്റെ വെളിച്ചം മിന്നി ചെറിയമ്മയുടെ ഫോണിൽ. വേണുവായിരിക്കുമോ അത്. ആരെ കാണരുത് എന്ന് കരുതിയപ്പോഴും കാണണമെന്ന് തോന്നിയ , ആരെ ഓർക്കരുതെന്ന് കരുതിയപ്പോഴും ഓർത്തുകൊണ്ടിരുന്ന , ആരോട് മിണ്ടരുത് എന്ന് കരുതിയപ്പോഴും മിണ്ടാൻ തീവ്രമായി മിത്ര അഭിലഷിച്ചകൊണ്ടിരുന്നയാൾ, അതേയാൾ, അതേ വേണു..
ഓരോ തവണയും വേണുവിന്റെ മെസ്സേജുകൾ അവഗണിക്കുകയായിരുന്നല്ലോ മിത്ര, തുറന്നു നോക്കണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ.. ഒടുവിൽ നിത്യനരികിലിരുന്ന് അവന്റെ വിരലുകളിൽ മുറുകെപിടിച്ചുകൊണ്ടായിരുന്നു ആ രാത്രി വേണുവയച്ച മെസ്സേജുകൾ മിത്ര തുറന്നു നോക്കിയത്, താളരഹിതമായ ഹൃദയമിടിപ്പോടെ..

ശൂന്യമായ കുറേ മെസ്സേജുകളായിരുന്നു അതെല്ലാം. പക്ഷേ ഒരു തവണ അത് തുറന്നു നോക്കിയെന്ന് തിരിച്ചറിഞ്ഞ നിമിഷം ചാറ്റ് ഹെഡിൽ venu typing… എന്ന് മിത്ര കണ്ടു.
‘ഒരിക്കൽ ഒരേയൊരു തവണ എനിക്കൊന്ന് സംസാരിക്കണം’
എന്ന വേണുവിന്റെ മെസ്സേജ് വായിച്ച് മിത്ര നിർന്നിമേഷയായിരുന്നു.പിന്നെ ‘വിളിച്ചോളൂ’ എന്ന് മറുപടി നൽകി നിത്യനെ നോക്കി. നിത്യൻ ചെറിയമ്മയുടെ വിരലുകളിൽ മുറുകെ പിടിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ വേണു വിളിക്കുന്നതും കാത്തു കാത്തിരുന്നു മിത്ര. ഓരോ തവണ ഫോൺ റിങ് ചെയ്യുമ്പോഴും ഓടിച്ചെന്നു നോക്കിയിരുന്നു മിത്ര.തന്നെ വീണ്ടും വേണുവിലേക്കടുപ്പിക്കുമ്പോഴൊക്കെ വെറുപ്പിനിത്ര കരുത്തോ എന്ന് മിത്ര അതിശയിച്ചിരുന്നു.പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കാൾ വന്നു കൊണ്ടിരുന്നു.മറുതലക്കൽ പക്ഷേ ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. നിശ്ശബ്ദത. ! അത് വേണു തന്നെയായിരുന്നു. ദിവസങ്ങളങ്ങനെ പൊഴിഞ്ഞുപോയി. ഒടുവിൽ ആ ദിവസം,ആ രാത്രി ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് ശബ്ദമൊന്നും കേൾക്കതിരുന്ന് മിത്ര ചോദിക്കുകയായിരുന്നു -‘ഒന്നും പറയാനില്ലെങ്കിൽ വേണു എന്തിനാണ് വിളിച്ചു ബുദ്ധിമുട്ടുന്നത്? ‘..എന്ന്.

പെട്ടെന്നായിരുന്നു മിത്രയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണിന്റെ അങ്ങേത്തലക്കൽ നിന്നൊരു തേങ്ങിക്കരച്ചിൽ കേട്ടത്. വേണു കരയുന്നത് മിത്ര ആദ്യമായി കേൾക്കുകയായിരുന്നു. ‘വെറുക്കരുതേ.. മിത്രാ. മുന്നിൽ വന്നു നിൽക്കാൻ കെല്പില്ല എനിക്ക്.. ഏറെ കൊതിച്ചു നേരിൽ കാണാൻ.. ഇനി വേണ്ടാ .. ഏറെ കൊതിച്ചു നിന്റെ ശബ്ദം നേരിൽ കേൾക്കാൻ.. ഇനി വേണ്ടാ. ഇത് മതി. വെറുക്കരുതേ മിത്രാ.. മാപ്പെന്ന ഒരു വാക്കു മാത്രം ‘ എന്നൊന്നുകൂടി പറഞ്ഞുകൊണ്ട് ആ ഫോൺ സംഭാഷണം പൊടുന്നനെ നിലച്ചു. ഒരു സ്വപ്നമെന്നത് പോലെ വേണുവിന്റെ ശബ്ദം കേട്ട് തരിച്ചിരുന്നു മിത്ര. പ്രഞ്ജവീണ്ടെടുത്ത് അവർ ‘വേണൂ’ എന്ന് വിളിച്ചിരുന്നു.പക്ഷേ അത് കേൾക്കാനപ്പുറം വേണുവില്ലായിരുന്നു. ഒരിക്കലും പറയാത്തതെന്തോ ഒന്ന് മിത്രയുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. അത് ഒരു പൊട്ടിക്കരച്ചിലിൽ അവസാനിപ്പിച്ച് കിടക്കയിലേക്ക് ചാഞ്ഞ മിത്രയെ ഒരു കൈ പതുക്കെ തലോടി ഉണർന്നു -നിത്യൻ..
‘ചെറിമ്മാ’ എന്ന് വിളിച്ചുകൊണ്ട്.. അവൻ മിത്രയെ ചേർത്തുപിടിച്ചു. കരച്ചിലൊതുക്കി, വീണ്ടുമൊരുലച്ചിലിനെ അതിജീവിച്ച് ചെറിയമ്മ പറഞ്ഞു –‘ക്ഷമിക്കുക.. സഹിക്കുക.. ഒത്തുതീർപ്പുകൾക്ക് വഴങ്ങുക. ചരിത്രാതീത കാലം മുതൽക്കേ സ്ത്രീകൾക്കത് ശീലമായതാണ് നിത്യാ.’

അങ്ങേയറ്റം ശാന്തവും എന്നാൽ സ്പഷ്ടവും ദൃഢവുമായിരുന്നു ചെറിയമ്മയുടെ ആ ശബ്ദം.
‘എങ്കിലും എനിക്ക് പറയാമായിരുന്നു – ഇരുട്ടിന് വെളിച്ചമെന്നത് പോലെ, ആത്മാവിൽ വെറുപ്പിനാൽ മുറിഞ്ഞൊരു പാടുണ്ടായിരുന്നില്ലെങ്കിൽ അതിരുകളില്ലാത്ത സ്നേഹത്തെ കുറിച്ചെനിക്ക് എഴുതാൻ പറ്റുമായിരുന്നില്ല എന്ന് ‘.. അല്ലേ നിത്യാ.. ‘ എന്ന് ചോദിച്ചു കൊണ്ട് മിത്ര നിത്യനരികിൽ കിടന്നു.. ചെറിയമ്മയെ ചേർത്തുപിടിച്ച് നിത്യനും..
“ശരിക്കും വെറുക്കുന്നോ ചെറിമ്മ അയാളെ? ഇല്ല.. ചെറിമ്മക്ക് ആരേം വെറുക്കാൻ പറ്റില്ലാന്ന് എനിക്കറിയാം.. പറയൂ ചെറിമ്മ? ”

എന്ന നിത്യന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവന്റെ വിരലുകളെ നെഞ്ചോട് ചേർത്തുവെച്ചു കണ്ണടച്ചുകിടന്നു ചെറിയമ്മ.പിന്നീടൊരിക്കലും തുറക്കാനിടയില്ലാത്ത വിധം.

മിത്രയുടെ കണ്ണുകൾ ഈ വലിയ ലോകത്തിൽ ചെറുതുകളുടെ ഭംഗി പിന്നെ ആസ്വദിച്ചില്ല. പാതി തുറന്നിട്ട ജാലകത്തിലൂടെ ഒരുകീറാകാശം അകത്തേക്കെത്തി നോക്കിയിട്ടും മിത്ര ഉണരാതെ കിടന്നിരുന്നത് കണ്ടപ്പോഴാണ് ചെറിയമ്മയുടെ നെഞ്ചിലും നിത്യന്റെ വിരലുകൾ ചേർത്തുപിടിച്ച ചെറിയമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകളിലും ആഴത്തിൽ പരന്ന തണുപ്പ് അവനറിഞ്ഞത്.
തണുത്തുറഞ്ഞ് ഒരു മഞ്ഞുമലപോലെ ചെറിയമ്മ..

സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ചെറിയമ്മയുടെ ദേഹം ശാന്തി തീരത്തിലേക്ക് കൊണ്ടുപോകുമ്പോഴും മാധ്യമപ്രവർത്തകരുടെയും സാഹിത്യപ്രവർത്തകരുടെയും ആരാധകരുടെയുമിടയിൽ ഇരുട്ടിലേക്ക് മുഖംതിരിച്ചിരിക്കുന്നൊരു മുഖം നിത്യൻ തിരഞ്ഞുകൊണ്ടിരുന്നു..കണ്ടില്ല.
പിന്നെയും പാഷൻ ഫ്രൂട്ട് വള്ളികൾ പൂക്കുന്ന കാലങ്ങൾ വന്നുംപോയുമിരുന്നു. അപ്പോഴൊക്കെ കടപുഴകിയ വൃക്ഷത്തോടൊപ്പം തകർന്നു പോയൊരു കൂട്ടിലിരുന്ന് തണുത്തുറഞ്ഞു വിറച്ചിരുന്നു കരയുന്ന കിളിക്കുഞ്ഞിനെ പോലേ, നിത്യൻ ആരോടെന്നില്ലാതെ കിടന്ന് ചിലച്ചു .. വെറുതേ വെറുതേ കിടന്നങ്ങനെ ചിലച്ചു.. ആരും വന്നില്ല അവനെ പൊതിഞ്ഞൊന്ന് ചേർത്തുപിടിക്കാൻ.. നിത്യനപ്പോൾ ശരിക്കുമൊരു കരയുന്ന കിളിക്കുഞ്ഞിന്റെ മുഖച്ഛായയായിരുന്നു. കമ്പ്യൂട്ടറിൽ ഓപ്പൺ ചെയ്തുവെച്ച ചെറിയമ്മയുടെ ഫേസ്ബുക് പ്രൊഫൈലിലെ ‘ഇലപ്പച്ചപട്ടുസാരിചെറിയമ്മ’
മുഖത്തിലെ കണ്ണുകൾക്കുള്ളിലൂടെ അവനത് കാണുകയും ചെയ്യാറുണ്ടായിരുന്നു, കരയുന്ന അവന്റെ മുഖം !

അപ്പോഴാകട്ടെ ദൂരേ മറ്റൊരിടത്ത് ഒരാൾ ഫേസ്ബുക് ചാറ്റ് ഹെഡിൽ
മിത്ര എസ്.
ലാസ്റ്റ് സീൻ എന്നത് കലങ്ങിയ കണ്ണുകളോടെ നോക്കി നോക്കി ഇരിക്കുകയായിരുന്നു.
ശ്യാംസുന്ദർ പി ഹരിദാസ്Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: