രണ്ടിലക്കവിതകൾ

1
ഇലചെന്നു മുള്ളിൽ പതിയേ വീണാലും
ഇലയിൽ മുള്ളുചെന്നിരുന്നാലും
ഇലയ്ക്കുതന്നെ കേടെന്നിടയ്ക്കിടയ്ക്കമ്മ
മുള്ളിൻമുന ചൂണ്ടി മുറിപ്പെടുത്തുമ്പോൾ
മുറിയുവാനിലകളത്രയും നനുത്തതും
കുത്തിമുറിയ്ക്കുവാൻ മുള്ളുമുനച്ചതു,
മൊരേയുടലിലാണമ്മേ,
അടുത്തടുത്തായിണങ്ങിനില്പതും
2
ഇലയ്ക്കുംമുള്ളിനും കേടുതട്ടാതെ
ഇല, ഇലയായി
മുള്ളു, മുള്ളായി
വേറേവേറേ മാറ്റിനിറുത്തിയതാണ്
ഇളംകാറ്റിലോ പുതുമഴയിലോ
ഇലയൊന്നു തുള്ളിയോ
മുള്ളു മുനനീട്ടിയോ
മുച്ചൂടും മുള്‍ക്കാടായിതെപ്പൊഴോ!
Link to this post!