മടക്കം

തിളക്കും വെയിൽ കോരിയൊഴിച്ച പകലിലും
വിയർത്തൊലിച്ച വരണ്ട രാവിലും
നഗരമേ നിന്നെ പണിതുയർത്തുമ്പോൾ
ദൂരെയെൻ മൺകുടിലിന്നോർമ്മയിൽ
ഇറ്റ് കിനാവ് നുണഞ്ഞിരുന്നു ഞാൻ
നീ വളർന്നു മാനം തൊടുമ്പോൾ
ഞാനും വളർന്നു മടങ്ങുമെൻ മണ്ണിലേ,ക്കാ,യതിന്നായ്
ഉഴച്ചു ദേഹം
കായപ്പെടാതെ കാത്തു ദേഹിയും
എത്ര സ്വപ്നങ്ങൾ, എത്ര സങ്കടങ്ങൾ
എത്ര വ്യാമോഹ, മെത്ര വ്യാകുലതകൾ
ഒക്കെ കൂട്ടിപിടിച്ചെത്ര വ്യാധികളിൽ
നിൻ നിഴൽകൂടിൽ ചുരുണ്ടുറങ്ങി ഞാൻ
എത്ര പരിചിതം,എനിക്കീ വഴി, വെയിൽ, ഉപ്പുകാറ്റു രുചിക്കും
തിരക്കുള്ള സന്ധ്യകൾ
അത്രമേൽ അപരിചിതമായ് ഇന്നെന്നെ നോക്കുവാൻ
ഒട്ടുമേ കൈവിട്ടിട്ടില്ലല്ലോ നഗരമേ ഇന്നോളം, നിന്നെ ഞാൻ
ഇന്നിതാ കൂട്ടരോടൊത്തു നിൻ വഴിയിലൂ, ടന്യനെ പോലെ
നടന്നു നീങ്ങവെ
എത്തി നോക്കുന്നോ അംബരം
കുഴിയിലേക്കിട്ടു മൂടുന്നോ ദയ തേടും കണ്ണുകൾ
നീ തിരിച്ചു വിളിക്കുമെന്നോർത്ത്
കാറ്റിൽ പറക്കുകയാണെന്റെ കുഞ്ഞുങ്ങൾ
നീ കൊടുത്ത നിറങ്ങൾ ചാലിച്ച്
വാനോളം
വരച്ച മോഹങ്ങൾ
പോയ്വരാം, നഗരമേ
എനിക്ക് ജീവചിറകുകൾ തന്ന മഹാവിസ്മയം നീ
ആ ചിറകിന്റെ കീഴിലല്ലോ
കാലമിത്രയും ചേർത്തു വെച്ചതെൻ പ്രിയരെ ഞാൻ
കൂട്ടി വെച്ചതും കൈയ്യിൽ തടഞ്ഞതും
തോളിലേറ്റി ഞാൻ തിരികെ നടക്കുന്നു
ചോര വാർന്ന് തളരുമ്പോഴൊക്കെ
ഇറ്റ് സ്നേഹം തന്നുണർത്തിയ മണ്ണൊന്നു,ണ്ടവിടെ ഒടുങ്ങുവാനല്ലോ പൊരുതിയതിത്രയും യുദ്ധങ്ങൾ
എത്രയോ കിനാക്കണ്ട ഗ്രാമമേ
എത്ര നടന്നാലുമെത്താത്ത ദൂരെ നീയെങ്കിലും….