ബ്‌ളഡ് ക്യാന്‍സർ
പെണ്‍കുട്ടിയുടെ വയറ്റില്‍ ഒരു ഭൂമികുലുക്കമുണ്ടായത് ഞായറാഴ്ച വൈകുന്നേരമാണ് അവധി ദിവസമായതുകൊണ്ട് അന്ന് വീട്ടില്‍ നല്ല തിരക്കുണ്ടായിരുന്നു. അവള്‍ പറമ്പില്‍ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം പന്തുകളിക്കുകയായിരുന്നു. പത്തു മിനിട്ടിനകം അമ്മ അവളെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി. പിന്നാലെ വന്ന കൂട്ടുകാരെ വിരട്ടിയോടിച്ചു. കാറ്റും വെളിച്ചവുമില്ലാത്ത ഒരു മുറിയില്‍ കൊണ്ടി രുത്തി. തിങ്കളാഴ്ച അവള്‍ സ്‌ക്കൂളില്‍ പോയില്ല. ബുധനും വ്യാഴവും പോയില്ല. അവള്‍ക്ക് പേടിയായി.
”ഇത് മറ്റൊന്നുമല്ല. ബ്‌ളഡ് ക്യാന്‍സറാണ്. രക്തം വാര്‍ന്നൊലിച്ച് മരിക്കാന്‍ പോവുകയാണ്.’ അവള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഉടുപ്പിട്ട് ഉറങ്ങാന്‍ പോയി. ഫ്രില്ല് വെച്ച ഒരു റോസുടുപ്പായിരുന്നു അത്. വലിച്ചടച്ച കതകിനപ്പുറം അമ്മയും അമ്മാവനും തമാശ പറഞ്ഞു ചിരിക്കുന്നു. പിന്നെയത് ഒരു കൂട്ടച്ചിരിയായി പടരുന്നു. അപ്പൂപ്പന്‍ മരിച്ചപ്പോഴും വല്യമ്മായി മരിക്കാന്‍ കിടന്നപ്പോഴും ആരും ചിരിച്ചിരുന്നില്ല. നിലവിളിക്കുകയും കരയുകയുമായിരുന്നു.
”ഞാന്‍ മരിച്ചാല്‍ ഇവിടെ ആരും ദു:ഖിക്കില്ല” പെണ്‍കുട്ടിയ്ക്ക് സങ്കടം തോന്നി. രാത്രികളില്‍ കരഞ്ഞ് കരഞ്ഞ് അവളുടെ തലയിണ കുതിര്‍ന്നു.
പൊടി തട്ടാതെ അടുക്കിവെച്ച അമര്‍ചിത്രകഥകളെല്ലാം ഒരാവര്‍ത്തികൂടി വായിക്കണം. സ്‌ക്കൂളിനടുത്തുള്ള കടയില്‍ നിന്നും ഒരു ലോലീപോപ്പ് വാങ്ങണം. പിന്നെ വിസിലടിക്കുന്ന ഒരു കുട, ഒരു സെറ്റ് ക്രയോണ്‍ ….ഓരോ ദിവസം കഴിയുന്തോറും ബ്‌ളഡ് ക്യാന്‍സര്‍ കൂടിക്കൂടി വന്നു.
അടുത്ത വീട്ടിലെ അപ്പു വെള്ളിയാഴ്ച വൈകുന്നേരാമാണ് ജനലില്‍ തട്ടി വിളിച്ചത്.
”നീ പേടിക്കണ്ട.. നിന്റെ വയറ്റില്‍ ഒരു കൊച്ചുകുട്ടി പൊടിച്ചുവരുന്നു.” അവന്‍ സ്‌കൂളിലെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
അപ്പു പോയപ്പോള്‍ പെണ്‍കുട്ടി വീണ്ടും വീട്ടില്‍ ഒറ്റപ്പെട്ടു. ഇടുങ്ങിയ മുറികളെയും നരച്ച ചുമരുകളെയും അവള്‍ വല്ലാതെ വെറുത്തു.
”അച്ഛനും അമ്മയ്ക്കും ഒരു തുള്ളി പോലും സ്‌നേഹമില്ല.. അവര്‍ എനിക്ക് ബ്‌ളഡ് ക്യാന്‍സര്‍ വന്നിട്ടും ഡോക്ടറെ കാണിക്കുന്നില്ല. മരുന്നു തരുന്നില്ല.കരയുന്നില്ല.” അവള്‍ക്ക് പിന്നെയും വയറു വേദനിച്ചു. പുതിയ മുണ്ട് വലിച്ചുകീറിയപ്പോള്‍ അമ്മ അവളെ പ്‌രാകി.
”ഈ വീട്ടിലെ മുണ്ടുകള്‍ മുഴുവന്‍ തീര്‍ന്നുപോയി. തുലഞ്ഞ പെണ്ണേ.. നീ ഈ അലമാര വെളുപ്പിക്കുമല്ലോ?”
എട്ടാം ദിവസം ബ്‌ളഡ് ക്യാന്‍സര്‍ ഭേദമായതറിഞ്ഞ് പെണ്‍കുട്ടി തുള്ളിച്ചാടി.
“നാല് എയിലെയും അഞ്ച് ഡിയിലെയും കുട്ടികള്‍ സ്‌ക്കൂളിലെ ചാപ്പലില്‍ മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് ഞാന്‍ മരിച്ചു പോവാതിരുന്നത്…”
പറമ്പില്‍ കളിക്കാനിറങ്ങുന്നതിനിടെയാണ് അമ്മ പിറുപിറുക്കുന്നത് കേട്ടത്.
”ഹോ..ഇനി അടുത്ത മാസത്തേക്ക് മുണ്ടിന് ഞാനെവിടെ പോകും?”
പെണ്‍കുട്ടിയ്ക്ക് പിന്നെയും പേടിയായി…
പറമ്പില്‍ കളിക്കാനിറങ്ങുന്നതിനിടെയാണ് അമ്മ പിറുപിറുക്കുന്നത് കേട്ടത്.
”ഹോ..ഇനി അടുത്ത മാസത്തേക്ക് മുണ്ടിന് ഞാനെവിടെ പോകും?”
പെണ്‍കുട്ടിയ്ക്ക് പിന്നെയും പേടിയായി…
(സൈകതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മറുക് മുട്ടായി എന്ന കഥാസമാഹാരത്തില്‍ നിന്ന്)
Link to this post!
good story
ee kalath ee kathaykk enthu prasakthi kuttikal napkin swanthamayi vangan seelichuthudangumbol
love it