Main Menu

പാറുപ്പടി

Saikatham Online Malayalam Magazine

പാറുപ്പടിയിൽ നിന്ന് പരതക്കാട് കവലയിലൂടെ നീലൻ പാറുവിനെ വലിച്ചിഴച്ചു കൊണ്ട് നടന്നത് എ ന്തിനാണെന്നോ എങ്ങോട്ടാണെ ന്നോ ആർക്കും മനസിലായിട്ടില്ല.

ആ സ്ഥലത്തിന് നാട്ടുകാർ പേരി ട്ടത് പാറുവിന്റെ ജനനം കൊണ്ട ല്ലെങ്കിലും വളർച്ചകൊണ്ടാണ്. പ ള്ളിയേലിൽ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേരെന്നും ആദ്യം നെൽകൃഷിയും പിന്നെ കവുങ്ങും വില കുറഞ്ഞപ്പോൾ കുട്ടികളുടെ മൈതാനവും ആയി എന്നൊക്കെ ചരിത്രത്തെ എന്തിനൊക്കൊയോ വേണ്ടി പുനർ വായിക്കുന്നവർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരോരത്തുള്ള കുടിയിലാണ് താണുവും കാളിയും പാറുവും പാർത്തിരുന്നത്. പാറുവിനെ പെറ്റതോടെ തുണിയല ക്കാൻ പ്രസവിച്ചവീടുകളിൽ നിന്ന് മാത്രമേകാളിയെ വിളിക്കാറുളളൂ. അച്ഛൻ താണുപണിക്കോ വൈകിട്ട് ഷാപ്പിലേക്കോ പോകാറില്ല. കളിക്കൂട്ടുകാരൻ നീലന്റെ അമ്മ കൊറ്റിയുടെ കൂടെ പുല്ലു ചെത്താൻ പാറു പോകാൻ തന്നെ കാരണംഉണക്ക പുളി ചതച്ചത് കൊറ്റിയുടെ കോന്തലക്കൽ നിറയെ ഉണ്ടാകും. അതും നീലാഞ്ചേരി തോട്ടിലെ വെളളവും കുടിക്കുക എന്നത് അവളുടെ കൊച്ചു കൊച്ചു തന്തോയങ്ങളിൽ പെട്ടതാണ്. പൊതിച്ചോറൊന്നും കൊണ്ട് പോകാൻഇല്ലാഞ്ഞിട്ടാണെന്നു കൊച്ചു പാറുവിനു അറിയില്ലായിരുന്നു.

നീലാഞ്ചേരി തോട് നിക്കുന്ന പറമ്പ് പള്ളിയേലിൽഅബ്ദുറഹിമാന്റെതാണ്. തൊപ്പിയില്ലാതെ, വലിയ നെറ്റിയിൽ അധികം നിസ്കാര തഴമ്പ് കാണാത്ത, വീതിയുള്ള ബെൽറ്റ്‌ ഉണ്ടെങ്കിലും കെട്ടാത്ത, കളസം കാണുന്ന രീതിയിൽ മടക്കി കുത്താത്ത, വൃഷ്ണത്തിനും തുടയ്ക്കും ഇടയിൽ ചൊറിയാത്ത, ഒരേയൊരു പെണ്ണിനെ മാത്രം കെട്ടിയ അബ്ദു റഹിമാനെ നാട്ടുകാർ അത്ഭുത ത്തോടെയൊന്നും നോക്കിയിരുന്നില്ല. ആരുടെയെങ്കിലും കല്യാണം ഉണ്ടാകുമ്പോ മാത്രമാണ് അന്നൊക്കെ ബിരിയാണി വെക്കുക. വെപ്പുകാരെ കോഴിക്കോട്ട് നിന്നാണ് കൊണ്ട് വന്നിരുന്നത്. പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ രാത്രി വാഴയില നീളത്തിൽ വെട്ടിയിട്ടു ഒന്നിച്ചു ബിരിയാണി വിളമ്പി കുറെ പേര് വട്ടമിട്ടിരുന്നാണ് കഴിച്ചിരുന്നത് എന്ന് പാറു കാളിയിൽ നിന്ന് കേട്ടിട്ടുണ്ട്. പെരുന്നാളിന് മോര് കറിയും പയറും പപ്പടവും പോത്തിറച്ചിയും അടുത്തായതോണ്ട് കൊറ്റിയുടെ വീട്ടിലാണെത്രെ കിട്ടിയിരുന്നത്. കാലാന്തരത്തിൽ തേങ്ങാ ചോറും പിന്നെ നെയ്ച്ചോറും എല്ലാ പെരുന്നാളിനും കൊറ്റിയുടെ വീട്ടിലെത്തിയി രുന്നു. ബിരിയാണിയൊക്കെ വരുമ്പോഴേക്ക് കൊറ്റിയുടെ കെട്ട്യോൻ കറുപ്പനെ പാലയുടെ ചുവട്ടിൽ ഒടിയൻ വെട്ടി പോയിരുന്നു.

കൗമാരത്തിൽ നീലനും പാറുവും കൊതുമ്പും ഓലയും പെറുക്കാൻ സുബിഹി ബാങ്ക് കൊടുക്കുന്നതിനു മുൻപേ പോയിരുന്നത് അബ്ദുറഹിമാന്റെ പറമ്പിലേക്കാണ്. ഒരിക്കൽ അവരുടെ പുലർകാല സംഭോഗം അബ്ദു റഹിമാന്റെ കെട്ട്യോള് കുഞ്ഞീ രുമ്മ പിടിച്ചതോണ്ടാണ് നീലൻ നാട് വിട്ടു പോയത് എന്നായിരുന്നു പാറുവിന്റെ ധാരണ. അറബിമലയാളം പഠിച്ച കുഞ്ഞീ രുമ്മ പാറുവിനെ പെട്ടെന്ന് കെട്ടിക്കാൻ കാളിയോട് പറഞ്ഞുവെന്നല്ലാതെ മറ്റു കാരണങ്ങളൊന്നും ആ വീട്ടുകാരോട് പാറു മിണ്ടാത്തതിന് ഇല്ലായിരുന്നു. നീലൻ പോയത് ഏതോ ചാർവാകന്റെ കൂടെയാണെന്നും വഴി തെറ്റി വന്ന അഗോരിയുടെ കൂടെയാണെന്നും നാട്ടുകാർ തുല്യം ചാർത്തിയ പ്രമാണങ്ങളിലുണ്ട്. ശങ്കർജി എന്ന സ്വാമിയുടെ ശിഷ്യനായി എന്നാണ് പാറുവിനു കിട്ടിയ വിവരം.

പാറുവിനെ കെട്ടിയത് സൂത്രൻ എന്ന് പേരുള്ള നീളമുള്ള ഒരാളായിരുന്നു. അധികംസംസാരിക്കില്ലെങ്കിലും നല്ലോണം പണി യെടുക്കുന്ന സൂത്രൻ മത്തി വാങ്ങാൻ കാശു തികഞ്ഞില്ലെങ്കിൽ പുഴയിൽ നിന്ന് ആരൽമീനെ കൊണ്ട് വന്നു കൊടുക്കും പാറുവിന്. എന്നിട്ടും പാറുവിനെ കാളിയുടെ കുടിയിൽ തന്നെ സൂത്രൻ കൊണ്ട് വന്നാക്കിയത്എന്തിനാണെന്ന് താണിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയിട്ടില്ല. ഏതോ ഒരു കരിംപുലർച്ച സൂത്രൻ പാറുവിനോട് : തന്തോയമായോ പാറൂ? എന്ന് ചോദിച്ചതിന് നീലേട്ടൻ തൊടുന്ന പോലെ ആയില്ല എന്ന് പറഞ്ഞതിനാണ് കൊണ്ട് വന്നാക്കിയത് എന്ന് ചാത്തന്മാർ കാളിക്ക് തോന്നിപ്പിച്ചിരുന്നു. ചിന്തകൾ കൂടിയിപ്പോയത് കൊണ്ട് താണു പെട്ടെന്ന് മേലെ പോയതിന്റെ എട്ടാമാണ്ടാണ് കാളി പശുവിനെ പറമ്പിൽ കെട്ടി തിരിച്ചു വരുന്നതിനിടയിൽ നെഞ്ചുവേദന വന്നു മരിച്ചത്.

പാറുനിവർന്നേ നടക്കാറുള്ളൂ. കാരണംപുഴയിൽ ചാടിക്കുളിക്കുന്ന പ്രായത്തിൽ വൈകുന്നേരമായിട്ടും പാറുവിനെ കാണാതെ തിരഞ്ഞിറങ്ങിയ താണുവിന്റെ അച്ഛൻ താമിതീയ്യാൻ കടവിലെ ഒക്കു കല്ലിൽ നിന്ന് തെന്നി വീണത് അവളുടെ മുന്നിലേക്കാ യിരുന്നു. രാത്രി പേടിച്ചു കരഞ്ഞ പാറുവിനോട്ചാത്തന് കുരുതി നേർന്നിട്ട് കാളി പറഞ്ഞു:

“അച്ഛാച്ച വളഞ്ഞു നടക്കുന്നോണ്ടാ ബീണെ. ഇന്റാൾ ചൊഗ്ഗിനു നീർന്നു നടന്നോണ്ടു ”

മുപ്പതിന്റെ മൂപ്പിലും പാറുവിന്റെ ആ നടത്തം പലരെയും അസ്വസ്ഥമാക്കിയിരുന്നു. പാല് വിറ്റു കിട്ടുന്ന കാശ്‌ കൊണ്ട് ജീവി ക്കാൻ ഒറ്റത്തടിയാണേലും സാധിക്കില്ലെന്നോർത്തു സഹായിക്കാൻ ജാതി മത ഭേദമന്യേരാത്രി പലരും വന്നിരുന്നു. 5രൂപക്ക് കിട്ടുന്ന പോത്തിന്റെ വസള് ( ഒഴിവാക്കുന്ന മാംസ ഭാഗങ്ങൾ ) ഇറച്ചി കൊടുത്തു പോറ്റുന്ന നാടൻ നായ്ക്കൾ പാറുവിനു കാവലായി ഉണ്ടായിരുന്നു. പാറുവിന്റെ നാക്കിന്റെ മൂർച്ചയും നായയുടെ കുരയും സഹായ മനസ്കരെ പിന്നീടങ്ങോട്ട് അടുപ്പിച്ചില്ല.

പള്ളിയേലിൽ മൈതാനത്തു ഇപ്പൊ കുട്ടികൾ കളിക്കാറില്ല. പാർട്ടികളുടെയുംമത സംഘടനകളുടെയും പരസ്പരം പഴിചാരി യുള്ള കുരകൾക്ക് സ്റ്റേജ് കെട്ടുന്ന സ്ഥലമാണ് ഇന്നത്. തലപ്പാവും വെള്ളക്കുപ്പായവുമുള്ളവർ ഒരു ദിവസമെങ്കിൽ പിറ്റേന്ന് പാറിപ്പറക്കുന്നതാടിയുള്ളവർ അടുത്ത ദിവസം. തലയിൽ ചുവന്ന കെട്ടുള്ളവർ ഒരു ദിവസമെങ്കിൽ പിറ്റേന്ന് വെള്ളക്കുപ്പായ മിട്ടവർ അടുത്ത ദിവസം. പച്ചക്കൊടിയും കാവിക്കൊടിയും മൈതാനത്തു നിന്ന് ആരും അഴിച്ചു കൊണ്ടുപോകാറില്ല. പരിപാടിക്ക് വരുന്ന ചിലർക്ക് പാറുവിന്റെയും നായ്ക്കളുടെയും കുരയും കേൾക്കേണ്ടി വരാറുണ്ട്

നീലാഞ്ചേരി തോട്ടിൽ ഇപ്പോൾ വെള്ളമില്ല. കടലുണ്ടി പുഴയിൽ ഇന്നും കെട്ടിനിർത്തിയ വെള്ളമുണ്ട്. പള്ളിയേലിലേക്ക് നേരിട്ട് റോഡില്ലെങ്കിലും ടൂറിസത്തിന്റെ ഭാഗമായി പാർക്കും തെക്കേടത്തു കുട്ടിയാപ്പുവിന്റെ അളിയന്റെ വക കോട്ടേജുകളും പുഴവക്കത്തുണ്ട്. ആ സ്ഥലമൊക്കെ പള്ളിയേലിൽ അബ്ദു റഹിമാന്റെ മകൻ പട്ടാളക്കാരൻ അബ്ദുൽ റസാക്കിൽ നിന്ന് വാങ്ങിയതാണവർ. കോട്ടേജുകളിൽഅധികമാരും വരാറില്ലെങ്കിലും അടിച്ചു വാരാനും തുണിയലക്കാനും പാറുവിനെ വിളി ക്കാറുണ്ട്. ഇടക്ക് വല്ല സായിപ്പോ മദാമ്മയെ വന്നാൽ അവരുടെ കയ്യിൽ നിന്ന് പൈസ കിട്ടുന്നതിനേക്കാൾ പാറുവിന്‌ തന്തോയം കൂടെ നിർത്തി ഫോട്ടോയെടുക്കുന്നതാണ്. ഒഴിവു കാലം ചിലവഴിക്കാൻ കഴിഞ്ഞാഴ്ചവന്ന രണ്ടു അമേരിക്കൻ മദാമ്മമാർക്ക് പാറുവിനെ നന്നേ ബോധിച്ചു. നായ്ക്കളും പശുവും മാത്രേ പാറുവിന്റെ ലോകത്തുള്ളൂ എന്ന് വളരെ പണിപ്പെട്ടു മുറി മലയാളത്തിൽ ചോദിച്ചു മനസിലാക്കി. കെട്ടിയോൻ ഇട്ടേച്ചു പോയതിൽ പിന്നെ ഒറ്റക്കാണ് പൊറുതി എന്ന് കൂടി കേട്ടതോടെ കൂടുതൽ വാല്സല്യമായി. ഇങ്ങളൊക്കെ കെട്ടിയതാണോ എന്ന ചോദ്യത്തിന്റെ ഉത്തരം പാറുവിനെ കളിയാ ക്കിയ പോലെയാണ് അവൾക്ക് തോന്നിയത്. ഇവള് തന്നെ എന്റെ കെട്ടിയോൻ എന്ന് രണ്ടു പേരും പറഞ്ഞതിന്റെ പൊരുൾ പാറുവിന്‌ പിടികിട്ടിയില്ലെങ്കിലും പോകാൻ നേരം തന്ന പൊതിയും പൈസയും തന്തോയത്തോടെ തന്നെയാണ് വാങ്ങിയത്.

കിട്ടിയ പൈസ കൊണ്ട് മീൻ വാങ്ങാൻ പോയെങ്കിലും വില കേട്ടപ്പോ വാങ്ങാതെ മുറ്റത്തെ പപ്പായ താളിക്കാൻ തീരുമാനിച്ച പാറുവിന് തലേന്നത്തെ മീൻകറി ചട്ടിയിൽ കുറച്ചു ബാക്കിയുള്ളത് വലിയ ആശ്വാസമായി. വിശപ്പൊന്നു മാറിയപ്പോളാണ് പാറുവിന്റെ കണ്ണിൽ മദാമ്മമാർ കൊടുത്ത പൊതി പെട്ടത്. തുറന്നപ്പോൾ കിട്ടിയ സാധനത്തിന്റെ ആകൃതി പാറുവിൽ ചിരിയും കൗതുകവുമാണുണ്ടാക്കിയത്. എട്ടു വരെ പഠിച്ച പാറുവിന് Real Dildo എന്ന് വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുണ്ടായില്ല അതുപയോഗിക്കാൻ. ഏഴോ പത്തോ വർഷങ്ങളുടെ കോശപരിവർത്തനം അല്ലെങ്കിൽ ഉണർവ്വ് മുഴുവൻ പാറുവിനുണ്ടായത് ആ ഒരു നിമിഷം കൊണ്ടാണ്. കണ്ണടച്ചപ്പോൾ ഈ ലോകംമുഴുവൻ ചെറുതായി തൻറെ കുടിയിലേക്ക് ഒതുങ്ങിയതായി പാറുവിനു തോന്നി. ഉപകരണത്തിന്റെ ബാറ്ററി തീരുന്നതു വരെ പാറുവിനെ പുറത്തേക്കൊന്നും ആരും കണ്ടിരുന്നില്ല. സമ്മേളനങ്ങൾ പള്ളിയേലിൽ മൈതാനത്തു പൂക്കുന്ന രാത്രികളിൽ പിന്നെ പാറുവിന്റെ നായ്ക്കൾ കുരക്കാതെയായി. പള്ളിയേലിൽ എന്ന പേര് അവിടം തൊട്ടാണ് നാട്ടുകാർ മറന്നു തുടങ്ങിയത്. മൊബൈലിന്റെ വെളിച്ചത്തിൽ പാറുവിനെ തേടി രാത്രി വരുന്നവർ തന്നെ സൗകര്യാർത്ഥം പേര് മാറ്റിയതിന്റെ ന്യായീകരണംപറഞ്ഞത് തലമുറകൾക്ക് മുൻപ് ആ സ്ഥലത്തിന്റെ പേര് അങ്ങെനെ തന്നെ ആയിരുന്നു എന്നാണ്. പുരാണത്തിന്റെവ്യാഖ്യാനത്തിലുണ്ടെന്നു ഏതോ ഒരു പണ്ഡിത പറഞ്ഞത് ചാനലിൽ എക്സ്ക്ലൂസീവും ഫേസ്ബുക്കിൽ ട്രോൾ മഴകളുമുണ്ടാക്കി.

കലി പൂണ്ട ഒരു നായ കടിച്ചത് കൊണ്ട് പാറു അവകളെ തെരുവിലേക്ക് തുറന്നു വിട്ടു എന്ന് പാറുവും തിന്നാൻ കൊടുക്കാ ത്തത് കൊണ്ട് തെരുവിലേക്കിറങ്ങി എന്ന് നാട്ടുകാരും പറഞ്ഞു. കവലകളിൽ നിന്ന് കിട്ടുന്നത് തിന്നും ചോദിയ്ക്കാൻ കേന്ദ്രത്തിൽ വരെ ആളുണ്ട് എന്ന ധൈര്യവും പാറുവിന്റെ നായ്ക്കളെ അരാജകവാദികളാക്കി. പരതക്കാട്ടുകാർക്ക് നാലാൾ കൂടുമ്പോൾ പറയാനുള്ള വിഷയമായി എന്നല്ലാതെ ആന്റി റാബീസ് മരുന്നുകളുടെ ഇറക്കുമതി തെല്ലും കുറഞ്ഞിരുന്നില്ല.

മാസങ്ങൾ ദിവസങ്ങളായും ദിവസങ്ങൾ നിമിഷങ്ങളായും മാറിയപ്പോൾ പള്ളിയേലിൽ മൈതാനത്തു നിന്ന് സംഘടനക ളുടെ കുരകൾ You Tube ഇലേക്കും Face Book ഇലേക്കും മാറി. പാറുവിനെ തേടി അധികം ആരും വരാതെയായി. വന്നാൽ തന്നെ അവരുടെ ഫേസ്ബുക് സ്റ്റാറ്റസുകളിൽ എതിർ സംഘടനക്കുള്ള മറുപടികൾക്ക് മൂർച്ച കൂട്ടാനുള്ള ചില പദങ്ങൾ മാത്രമായി പാറുവിന്റെ ശരീര ഭാഗങ്ങൾ. പണിക്ക് പോകാത്തതിന് കാളി താണുവിനെ ചീത്ത പറയുമ്പോൾ വെറ്റിലയിൽ ഭംഗിയായി ചുണ്ണാമ്പ് തേച്ചുപിടിപ്പിക്കാറുള്ളത് ഓർമ വരും പാറുവിനു അവരുടെ മൊബൈലിലുള്ള തോണ്ടൽ കാണുമ്പോൾ.

മൊബൈൽ ഉപയോഗിക്കാത്ത കുട്ടിയാപ്പു പാറുവിന്റെ കുറ്റി ആയതോടെ പാറുവിന്റെ തിളക്കം പള്ളിയേലിൽ പാടെ കുറ ഞ്ഞു. ചെമ്പകത്തിന്റെ ചുവട്ടിലെ ബീവാത്തുവിന്റെ ഒപ്പമുള്ള പൊറുതി അളിയന്മാർ ഇടപെട്ട് മാറ്റിയപ്പോൾ കുട്ടിയാപ്പു പകലും പാറുവിന്റെ കുടിയിലായി. അളിയൻ ലക്ഷ പ്രഭുവാണേലും കുട്ടിയാപ്പു ഒരു പാവം ( മരം ) ഈർച്ചക്കാരനായിരുന്നു. അളിയൻ ഈർച്ച മിൽ തുടങ്ങിയപ്പോ കുട്ടിയാപ്പു മണൽതൊഴിലാളിയായി. എന്നാലും ചുവന്നു തുടുത്ത പുതിയാപ്പിള കോര മീൻ വാങ്ങാ തെ കുട്ടിയാപ്പു പാറുവിന്റെ അടുത്തേക്ക് ചെല്ലാറില്ല. പാറുവിന്റെ മടിയിൽ കിടന്ന് കഷണ്ടി കയറിയ തലയിൽ വിരലോടിപ്പി ക്കാറുള്ള കുട്ടിയാപ്പു എന്ത് കാരണം കൊണ്ടാണ് ഒരു സുപ്രഭാതത്തിൽ പാറുവിനെ വിട്ടു പോയതെന്ന് അവൾക്കറിയില്ലാ യിരുന്നു.

ആരും തുണയില്ലാതെയായപ്പോൾ ചാത്തന്മാർ അലഞ്ഞു തിരിഞ്ഞു നടന്നനായ്ക്കളെ വീണ്ടും പാറുവിന്റെ അടുത്തേക്കയച്ചു. ഒരു ദിവസം പാല് കറക്കുമ്പോൾ നായ്ക്കളുടെ അസാധാരണമായ കുര കേട്ട് നോക്കുമ്പോൾപരുത്തിയുടെ ജുബ്ബയിട്ട ഒരാൾ കുടിലിനു മുൻപിൽ നിൽക്കുന്നു. ആ നേരത്ത് പാറുവിനെ തേടി കുട്ടിയാപ്പുവല്ലാതെ മറ്റാരും വരാറില്ല, വന്നാൽ തന്നെ പാറു ചീത്ത പറയാൻ കാരണം അവരെ കണ്ട് നായ്ക്കൾ കുരച്ചാൽ പശു പേടിച്ച് പാൽ ചുരത്തുന്നത് കുറയും. ആളെ കണ്ടപ്പോൾ പാറുവിന്റെ ദേഷ്യം തന്തോയമായി. നാട് വിട്ടു പോയ നീലൻ.

ഉണക്ക മീൻ കറിയാണ് പാറു രാത്രി ഉണ്ടാക്കിയത്. പക്ഷെ പച്ച ചോറും സുർക്കയും ഉപ്പും കൂട്ടിയാണ് നീലൻ ചോറുണ്ടത്. മീനും ഇറച്ചിയും ഒന്നും കഴിക്കാറില്ലത്രേ, നാട്ടുകാർ തുല്യം ചാർത്തിയ പ്രമാണങ്ങൾ തിരുത്തിനീലൻ തന്റെ കഥ പറഞ്ഞു. നാട് തെണ്ടി എത്തിപ്പെട്ടത്‌ വടക്കുള്ള ഒരു ദേശത്ത്. ഗാന്ധിജിയുടെ ജന്മസ്ഥലമായി വത്സലടീച്ചർ പഠിപ്പിച്ചത് കൊണ്ട് ആ സ്ഥലം പാറുവിനു അറിയാമായിരുന്നു. അവിടെ ഒരു പോറ്റിയുടെ ചായക്കടയിലായിരുന്നുവെത്രെ ഇത്രയും കാലം.

ഒറ്റത്തടിയായ പോറ്റി കാലശേഷം ചായക്കടനീലന്കൊടുക്കും എന്ന്കരുതിയാണ് ഇത്രയും കാലം കാത്തിരുന്നത്. ചായക്കട പൂട്ടി ദില്ലിക്ക് പോയ അയാൾ കുറച്ചു ശീലങ്ങളും ഇടക്ക് പിറുപിറുക്കാറുള്ള കാര്യങ്ങളും അല്ലാതെ മറ്റൊന്നും കൊടുത്തില്ലെങ്കിലും നീലന് പരാതിയില്ലായിരുന്നു. പൊളിഞ്ഞു നിലം പൊത്തിയ കൊറ്റിയുടെകുടിയും അടക്കം ചെയ്ത സ്ഥലവും നിക്കുന്നിടത്തേക്ക്തിരിഞ്ഞു നോക്കാത്ത നീലന്റെ ഓണത്തെ കുറിച്ചുള്ള പുതിയ കഥകളും വടക്ക് നിന്നുള്ള കഥകളുംപക്ഷെ പാറുവിന് സൂത്രന്റെയോ കുട്ടിയാപ്പുവിന്റെയോ കഥകളുടെ അത്ര ബോധിച്ചില്ല. എന്നാലും പാറു മീൻ വെക്കാതെ പരിപ്പും ഉരുളക്കിഴങ്ങും ചപ്പാത്തിയും മുടങ്ങാതെ വെച്ചുണ്ടാക്കി. തിരിഞ്ഞു കിടന്നുറങ്ങുന്ന നീലന്റെ മുടിയുടെപിന്ഭാഗത്തേക്ക് നോക്കി നോക്കിയിരുന്ന് ഉറങ്ങി പോയ പാറുവിനോട്”തന്തോയമായോപാറൂ”എന്ന് കിനാവിൽ സൂത്രനും കുട്ടിയാപ്പുവും ചോദിച്ചു കൊണ്ടിരുന്നു.

പിറ്റേന്ന് പട്ടാളത്തിൽ നിന്ന് വിരമിച്ച വേണു നായരുടെ വീട്ടിലേക്ക് പോകാൻ വെള്ളം ചൂടാക്കി പാത്രം കൊണ്ടമർത്തി ജുബ്ബ വടി പോലാക്കിതരാൻ നീലൻ പറഞ്ഞപ്പോഴും ഒരു ഇഷ്ടക്കേടും കാണിച്ചില്ല പാറു. നാട്ടിൽ വന്നിട്ട് ആദ്യമായി ഒരാളെ കാണാൻ പോകുന്നതല്ലേ എന്ന് കരുതി ജുബ്ബയിൽ കുറച്ചു വാസന തൈലവും തേച്ചു.

ഡ്യൂക്ക് സിഗരറ്റിന്റെ പുകയൊന്നു മാറിയപ്പോഴാണ് വേണു നീലനെ കണ്ടത്.

”നീലനോ. . നീയും വടക്കുണ്ടായിരുന്നു അല്ലെ. നീ പോയിട്ടിപ്പോ പത്തിരുപതു കൊല്ലായിട്ടുണ്ടാവില്ലേ ”

നാലു പെണ്മക്കളെ കെട്ടിച്ചു വിട്ടപ്പോഴേക്ക് വളഞ്ഞു തുടങ്ങിയ നായരുടെ രൂപം നീലനിൽ വിഷമമുണ്ടാക്കി.
“സുഖല്ലേവേണുവേട്ടാ”

അതിനു മറുപടി പറയാതെ വേണു നായർ മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.

“നീയാ @##$%പാറുവിന്റെകുടിയിൽആണല്ലേ ഇപ്പൊ പൊറുതി? എന്നാ നിനക്കവളെയങ്ങ്കെട്ടിക്കൂടെ?

തിളക്കമില്ലാത്ത, ചുറ്റും കറുപ്പ് കൂടുതലും ഉള്ള കണ്ണിൽ നിന്നുള്ള തീക്ഷണ നോട്ടവും വലിയ കുറിയും കാരണം നാട്ടുകാരിൽ അധികമാരും ഈ ചോദ്യം ചോദിച്ചിട്ടില്ല. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും വേണുവിന്റെ അടുത്ത വാചകത്തിൽ തെല്ലും അസ്വാഭാവികത തോന്നിയില്ല.

“നീ പിന്നാമ്പുറത്തു നിന്നും വല്ലതും വാങ്ങി കഴിച്ചിട്ട് പോയാ മതി”

ശത്രു രാജ്യത്തിൻറെ ഭീഷണി ,അങ്ങോട്ട് കയറി ആക്രമിക്കേണ്ടതിന്റെ ആവശ്യകത, കുറഞ്ഞു വരുന്ന രാജ്യ സ്നേഹം, കലാലയങ്ങളിൽ പോലും വർധിച്ചു വരുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഇവയെ പറ്റിയൊക്കെയുള്ള ആശങ്ക പങ്കുവയ്ക്കാൻ പോയ നീലനെ നിരാശനാക്കി പട്ടി കടിക്കാതിരിക്കാൻ ഇറയത്തു വെച്ച ചെരുപ്പെടുത്തിറങ്ങി നടന്നുകൊണ്ട് വേണു പറഞ്ഞു.

“നേരത്തെ പോയില്ലെങ്കിൽ നല്ല മീൻ കിട്ടില്ല. . ഒക്കെ കണക്കാ, അമോണിയ ചേർത്തിട്ടുണ്ടേൽ വേറെ അറിയാം, ഒരു രുചിയും ഉണ്ടാവില്ല. . . . അതിലും നല്ലത് ഉണക്ക മീനോ ബീഫോ വാങ്ങുന്നതാ”

പള്ളിയേലിൽ മൈതാനത്ത് നാളെത്തെ സമ്മേളനത്തിന് കവുങ്ങും മുളയും നാട്ടാൻ കമ്പിപ്പാരയുമായി നീലൻ ഇറങ്ങിയ പ്പോൾ പാറുവിന് തന്തോയമായി. പരിപ്പിനും ഉരുളക്കിഴങ്ങിനുംനാട്ടിൽ വിലകൂടുതലാണ് എന്ന് നീലേട്ടന് മനസിലായല്ലോ. വൈകുന്നേരം കൂലി വാങ്ങാതെ ഒരുകൊടിയുമായി വന്ന നീലനോട് പാറു പരാതിയൊന്നും പറഞ്ഞില്ല. ക്ഷീണിച്ച നീലന് രാത്രി തോളെല്ല് അമർത്തികൊണ്ടുക്കുമ്പോൾനഖം കൊള്ളാതെനോക്കിയ പാറുവിന് മുടിയിൽ ഒന്ന് തൊടണം എന്നുണ്ടാ യിരുന്നു. വടക്കുള്ള വെള്ളത്തിൽ കൊഴിഞ്ഞു തുടങ്ങിയ മുടിയിൽ തൊടാൻ പക്ഷെ നീലൻ സമ്മതിച്ചില്ല. സമ്മേളനത്തിൽ കുപ്പിവെള്ളം കൊടുക്കുന്ന ഭാരിച്ച ഉത്തരവാദിത്തം ഉള്ള നീലൻ രാവിലെ തന്നെ കർമ്മ നിരതനാകാൻ പോയപ്പോൾ പാറുവിന്റെ അടുത്ത് ഒരപ്രതീക്ഷിത അതിഥി വന്നു.

കുട്ടിയാപ്പു. “ചെയ്ത തെറ്റുകൾക്ക് ഒക്കെ പൊരുത്തപ്പെട്ട് തരണം, ഇജ്ജും മാറിക്കോ. പൊറുക്കലിനെ തേടിക്കോ. ഇത് ഞാൻ പറഞ്ഞു തന്നിട്ടില്ലാന്ന് നാളെ പറയരുത്. അനക്ക് തോന്നുന്നുണ്ടെങ്കിൽ മാത്രം”

മൈതാനങ്ങളിൽ പൂക്കുന്ന സമ്മേളനങ്ങളിൽ നിന്ന് നായയുടെ കുരയോടൊപ്പം കേൾക്കാറുള്ള പ്രസംഗളേക്കാൾ ആത്മാർത്ഥത തോന്നി തന്റെ ചെയ്തികളിൽ പശ്ചാത്തപിക്കുന്ന കുട്ടിയാപ്പുവിന്റെ വാക്കുകൾക്ക്. യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ആത്മീയതയുടെ കാന്തിക വലയം കുട്ടിയാപ്പുവിന്റെ മുടിക്ക് പിന്നിൽ തിളങ്ങുന്നതായിപാറുവിന് തോന്നി. ഇടക്ക്ചാത്തന്മാരുടെ വെളിപാടിനാൽ അർത്ഥ ഗർഭമായ മൗനത്തിലാകുന്ന ‘അമ്മ കാളിയെഓർത്തപ്പോൾ മൂക്കിൽ ചെറിയ വേദനയും കണ്ണിൽനനവുമുണ്ടായി. കണ്ണ്നീര് നിലത്തു വീണ്‌ പരന്നു നിന്ന രൂപത്തിലവൾ താമിയേയും താണുവിനേയും കണ്ടു.

ബാക്കി വന്ന കുപ്പിവെള്ളവുമായി വന്ന നീലൻ കടലുണ്ടി പുഴയിൽ നിന്ന് മുൻസിപ്പാലിറ്റി പൈപ്പിലെത്തുന്ന വെള്ളം പാറു പിടിച്ചു വച്ചതിൽ നിന്ന് തന്നെയാണ് മേൽ കഴുകിയത്. വെജിറ്റബിൾ ബിരിയാണിയുടെ ക്ഷീണത്തിൽകിടക്കാൻ നിന്ന നീലൻ പാറുവിന്റെ മുഖത്ത് അസാധാരണമായ വെമ്പൽ കണ്ടെങ്കിലും ഒന്നും ചോദിച്ചില്ല. ഉണ്ടാക്കിയ ഉള്ളിക്കറിയും ചപ്പാ ത്തിയും കഴിക്കാതെ കിടക്കാൻ നിന്ന നീലനോട്ഒരൊറ്റ ശ്വാസത്തിൽപാറു പറഞ്ഞു”

“നീലേട്ടാ. . നമുക്ക് മതം മാറിയാലോ?”

അത് കേട്ടതും നീലന്റെ സപ്ത കുണ്ഡലിനി ചക്രങ്ങളും ഉണർന്നു

“എങ്ങോട്ടാ നിനക്ക് മാറേണ്ടത്? പൂർവ്വാശ്രമം വിട്ട് എങ്ങോട്ടാ നിനക്ക് പോകേണ്ടത്.? ഏതു മ്ലേച്ച മാർഗ്ഗത്തിലേക്കാ നിന്റെ പോക്ക്? മന്വന്തരങ്ങളുടെ സംസ്കാരംമുഴുവൻ നിരാകരിക്കുന്ന ഏതു കൂട്ടത്തിലേക്കാ നിന്റെ പോക്ക്? പിറന്ന നാടിനെ മാനി ക്കാത്ത ഏതു വേദത്തിലേക്കാ നിന്റെ ഒരുപ്പോക്ക്? പരസ്പരംകാഫിറുകളാക്കുന്ന നാലാം വേദക്കാരിലേക്കോ? സാമ്രാജ്യത്വ ത്തിന്റെ ഏതു സഭയിലേക്കാ നിന്റെ @#$#@%$#%???????”

Saikatham Online Malayalam Magazineമറുപടിയായി മൈതാനങ്ങളിൽ പൂക്കുന്ന സമ്മേളനങ്ങളിൽ ആവർത്തിച്ചു പറയുന്ന ചില വാചകങ്ങൾ മനഃ പാഠമായത് തികട്ടി വന്നെങ്കിലും ‘അമ്മ കാളിയുടെ അർത്ഥ ഗർഭമായ മൗനം പാറുവിന്റെ കൂട്ടിനെത്തി. പാത്രങ്ങ ളോ മീൻചട്ടിയോ തൊടാതെ വടക്ക് നിന്ന് സ്വന്തമായി കൊണ്ട് വന്ന തകരപ്പെട്ടിയിൽമാത്രം കലികൊണ്ട് നീലൻആഞ്ഞു ചവിട്ടി. അരിശം തീരാതെ കുടിക്ക് ചുറ്റും ഉലാത്തിയ നീലൻ തളർന്ന് വന്നു കിടന്നുറങ്ങിയ പ്പോൾ അസാധാരണമായ ഒരു സ്വപ്നം കണ്ടു.

വെള്ള വസ്ത്രമണിഞ്ഞ നീണ്ട താടിയുള്ള ഋഷിമാരാണോ പാതിരിമാരാ ണോ സൂഫികളാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു പറ്റം ചെറുപ്പ ക്കാർ പാറുവിന്റെ കുടിക്ക് ചുറ്റും കൂടിനിൽക്കുന്നു. അവിടേക്ക് പള്ളിയേലിൽ മൈതാനത്തു നിന്നും പൂർണ നഗ്നയായി ഒരു പശുവിനെയും തലയിൽ ചുമന്ന് വരുന്ന പാറു.

സ്വപ്നം തീർന്നോ ഉണർന്നോ എന്ന് തിരിച്ചറിയാനാകാതെ വിയർത്തു കിടന്ന നീലൻ മത്തിയുടെ ചെതുമ്പലുകളിൽ കത്തിയോടുന്ന ശബ്ദം കേട്ടാ ണെണീറ്റത്‌. അരിശം കൊണ്ടൊരു നിമിഷത്തെ അബോധാവസ്ഥയിൽ നിന്നുണർന്ന നീലൻ പാറുവിന്റെ കൈ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് നടന്നു. എങ്ങോട്ടെന്നില്ലാതെ.. പരതക്കാട് കവലയിലൂടെ കാഴ്ചക്കാരുടെ അകമ്പ ടിയോട് കൂടി മണ്ണാത്തിപ്പാറ ക്ഷേത്രത്തിലെത്തി തുളസി മാല കയ്യിലെടുത്തു. അവരുടെ മൽപ്പിടുത്തവും അതിനിടയിൽ പുറത്തു കാണുന്ന പാറുവിന്റെ ശരീര ഭാഗങ്ങളും പ്രേക്ഷകർക്ക് ഹരമായി. ആരൊക്കെയോ തടയാനല്ലെങ്കിലും മുന്നിൽ വന്ന് പെട്ടപ്പോൾ പാറു കുതറി. പിടി വിട്ടു കിട്ടിയപ്പോൾ പ്രാണരക്ഷാർത്ഥം കവലയിലൂടെ ഓടി. നീലാഞ്ചേരി തോട് നിക്കുന്ന പറമ്പിലൂടെ ഓടി പശുവിനെ കെട്ടിയിരിക്കുന്ന തറി തട്ടി വീണു. പിന്നാലെ ശ്വാസം നിലത്തു മുട്ടി പൊടി പറക്കുന്ന വേഗതയോടെ വന്ന നീലൻ കയറും ചേർത്ത് പാറുവിന്റെ കയ്യിൽ വീണ്ടും പിടുത്തമിട്ടു.

ഉന്മാദമോ ചിത്ത ഭ്രമമോ സൈതാന്തിക അന്ധതയോ എന്ന് പിന്നീടാർക്കും ന്യായീകരണം കണ്ടെത്താനാവാത്ത വിധം ആവേശത്തോടെ കിട്ടിയ പിടി വിടാതെ നീലൻ വീണ്ടും നടയിലെത്തി. നീലന്റെ ഉഗ്ര കോപത്താൽ കരിഞ്ഞ തുളസി മാല പശുവിന്റെ കഴുത്തിലണിയിക്കുമ്പോൾ പാറു തന്റെ കുടിയിൽ മത്തി മുറിക്കുന്നത് മുഴുമിപ്പിക്കുകയായിരുന്നു.Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: