തല്‍ക്കാലം ചന്തി കഴുകുന്നില്ല
ടോയ്‌ലറ്റിലും ഓണ്‍ലൈനായിരിക്കുന്ന ചങ്ങാതി കഴിഞ്ഞ വേനല്‍ക്കാലത്ത് ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ ആദ്യം ഒരു പിടിയും കിട്ടിയില്ല. ഒന്നമ്പരക്കുകയും ചെയ്തു. പിന്നെ കമന്റുകളില്‍ നിന്നാണു മനസ്സിലായത് തിളച്ചു തൂവുന്ന വെയിലില്‍ ചുട്ടുപൊ ള്ളിത്തുടങ്ങിയ പൈപ്പ് വെള്ളം മേത്തു തൊട്ടപ്പോഴാണ് ആ സ്റ്റാറ്റസ് അപ്‌ഡേറ്റ് പിറന്നതെന്ന്. വീണ്ടും മരുഭൂമിയില്‍ വെയില്‍ പുള്ളി കുത്തിത്തുടങ്ങി. കാലചക്രം മരുഭൂമിയിലും താളം തെറ്റിത്തന്നെയാണിപ്പോള്‍ കറങ്ങുന്നത്. വേനല്‍ സമയത്തിനല്ല വന്നിരിക്കുന്നത്. സമയത്തിനെത്താത്തവന്റെ ധൃതിയോടെ അതങ്ങു നേരെ കൊടും ചൂടിലേക്ക് പ്രവേശിക്കുകയും ചെയ്തു കഴിഞ്ഞു. വേനലെത്തുന്ന തോടെ വെയില്‍ തിന്നുന്ന പക്ഷികളായി മാറുന്നു മരുഭൂമിയിലെ പകലുകള്‍ . വെയില്‍ ചായുന്നേരത്തേക്ക് മാറ്റിവെക്കുന്നൂ ഇവിടെ ജീവിക്കുന്നവരുടെ പുറപ്പാടുകള്‍ . രാത്രി ജീവിതത്തിന്റെ നീളം കൂടുന്നു. പകല്‍ ജീവിതത്തിന്റെ പകിട്ടു മായുന്നു.
പക്ഷേ, പുറത്ത് പൊരിവെയിലത്ത് വിയര്‍പ്പു വീഴുന്ന തൊഴിലുകളില്‍ ജീവിതം പടുക്കുന്നവര്‍ക്ക് വെയിലും മഞ്ഞും രാവും പകലും തുല്യം. കെട്ടിടക്കൊടു മരങ്ങള്‍ക്കു മീതെ സൂര്യനോട് തൊട്ടടുത്തിരുന്ന് പണിയെടുക്കുന്ന അവരിലേക്കു കണ്ണയക്കുമ്പോള്‍ തന്നെ നമ്മുടെ ഇമകള്‍ വെട്ടിത്തുടങ്ങും. കണ്ണിനു സഹിക്കാനാവില്ല സൂര്യന്റെ വെളിച്ചത്തെ. അവരപ്പോഴും പടുക്കുകയാകും. വെയിലു കാഞ്ഞ് ഉരുക്കുക യാകും ഉള്ളിലെ കരുത്തിന്റെ പൊന്നിനെ. വെളിച്ചത്തിനെന്നെ സഹിക്കാനാകില്ലെന്ന് ബാലചന്ദ്രന്‍ കവിതയിലെ പരസ്വഹാരി പരിതപിക്കുന്ന പോലെ, നമ്മുടെ ജീവിത വെളിച്ചങ്ങള്‍ക്കു മീതെ ഖേദത്തിന്റെ കറുപ്പായി അവരുടെ യാതന പരക്കുമ്പോള്‍ ആത്മ നിന്ദ തോന്നും കീശയിലെ ദിര്‍ഹമുകളോട്. വേനല്‍ ചൂടില്‍ ഈന്തപ്പനയുടെ പട്ടവെട്ടിമാറ്റുന്ന പാക്കിസ്ഥാനിയോട് വേനലെങ്ങനെ എന്ന് ചോദിക്കാന്‍ തുനിഞ്ഞതേയുള്ളൂ, അവന്‍ തിരിച്ചടിച്ചു. ആപ് കോ സമ്മര്‍ സര്‍പ്രൈസ് ഹേ ബായി, സിന്ദഗീ കാ സര്‍ക്കസ് ഹേ ഹമാരാ. വെയിലത്തു പണിയുന്നവരോടിനി ഒന്നും ചോദിക്കാതിരിക്കാം. വേനലിനെ ആഘോഷമാക്കുന്ന ദുബൈ സമ്മര്‍ സര്‍പ്രൈസാവണം അയാളെ ഇത്ര കുപിതനാക്കുന്നത്.
വേനലിനെ പറ്റി പറയാമോ എന്ന ചോദ്യത്തിന് ഉത്തരമായി കൂടെ ചെയ്യുന്നവള്‍ അവളെടുക്കുന്ന മുന്‍കരുതലുകളെ കുറിച്ചാണു പറഞ്ഞ ത്. തൊലിപ്പുറത്ത് വരുന്ന കലകളെ കുറിച്ചും അതു തടയാനുള്ള ലോഷനുകളെയും മുഖത്തു പുരട്ടാനുള്ള ക്രീമുകളേയും കുറിച്ചവള്‍ വാചാല യായി. വേനലിലനേക്കാള്‍ തണുപ്പാണ് അസഹ്യമെന്നൊരു അഭിപ്രായവും അവള്‍ക്കുണ്ട്. ഋതുഭേദങ്ങളെ എത്ര വേഗത്തിലാണ് വിപ ണി അതിന്റെ കരവലയങ്ങളില്‍ അമര്‍ത്തിപ്പിടിക്കുന്നത്. പരസ്യം പ്രവര്‍ത്തിച്ചു തുടങ്ങമ്പോള്‍ ചെറിയ സംഗതികള്‍ക്ക് വല്ലാത്ത വലിപ്പം വെക്കുമെന്ന് മാര്‍ക്ക്ട്വയിന്‍ പറഞ്ഞത് പരസ്യപ്പലകകളും വിപണന തന്ത്രങ്ങളും പിറക്കുന്നതിനു മുന്നേയാണല്ലോ. ഉഷ്ണത്തെ കൊല്ലാന്‍ നിലക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അനേകായിരം ശീതീകരണ യന്ത്രങ്ങളുടെ കൃത്രിമത്തണുപ്പില്‍ മേവുന്ന നഗര ജീവികള്‍ക്ക്, വെയില്‍ തിന്നുരുകുന്നവരുടെ യാതന അറിയേണ്ടതില്ല. വേനലില്‍ കഴിക്കേണ്ടുന്ന ഭോജ്യങ്ങളേയും പ്രത്യേക പാനീയ ങ്ങളേയും കുറിച്ചുള്ള ലൈഫ് സ്റ്റൈല്‍ മാഗസിനുകള്‍ വായിച്ചാല്‍ മതി.
ഒരു മാസം മുന്നേ മഴ പെയ്യേണ്ടതായ സമയം മുഴുവന്‍ മഴക്കു വേണ്ടി പ്രാര്‍ത്ഥിച്ചു വരികയായിരുന്നു മരുഭൂമിയിലെ മനുഷ്യര്‍ . വെള്ളിയാ ഴ്ചകളിലെ സമൂഹ പ്രാര്‍ത്ഥനകളില്‍ വിശേഷിച്ചും മഴക്കു വേണ്ടി രാജ്യം ദൈവത്തോടു കേണു. നീണ്ട പ്രാര്‍ത്ഥനകള്‍ക്കുത്തരമായി വാനം അനുഗ്രഹത്തിന്റെ തുള്ളിയിട്ടു തുടങ്ങിയതോടെ മഴ കൊതിച്ചവരുടെ ഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ നനവു പടര്‍ന്നു. ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിഗ് സൈറ്റുകളിലും മഴക്കുറിപ്പുകളും മഴച്ചിത്രങ്ങളും പ്രത്യക്ഷമായി. മേഘാവൃതമായ ആകാശത്തെ നോക്കി മൊബൈല്‍ കാമറകള്‍ കണ്ണു തുറന്നു. ട്വിറ്ററിലും ഫേസ് ബുക്കിലും അതു പോസ്റ്റുകളായി വന്നു. അവരുടെ മൊബൈല്‍ ഫോണുക ളിലൂടെ മഴയുടെ വരവില്‍ ആഹ്ളാദചിത്തരാകുന്നതിന്റെ സന്ദേശങ്ങള്‍ ഒഴുകി. മബ്‌റൂക്ക്…അലൈക്കും അല്‍ റഹ്മ. ആശംസാ സന്ദേശ ങ്ങളുടെ ഉപചാരമുള്ള വാചകങ്ങള്‍ അവര്‍ പരസ്പരം കൈമാറി.
മഴയെത്തുമ്പോള്‍ മരുവാസികള്‍ എപ്പോഴും ആഹ്ളാദത്തിമിര്‍പ്പിലാവുന്നു. മലയാളികള്‍ക്ക് മഴ അപൂര്‍വ വസ്തുവല്ലാത്തതിനാല്‍ മഴയുടെ വരവിനെ അവര്‍ ആഘോഷമാക്കാറില്ല. സ്വദേശികള്‍ പക്ഷേ മാനം കറുക്കുന്നതോടെ നഗരത്തിലേക്കിറങ്ങുന്നു. കാറിന്റെ ഉയര്‍ത്തി വച്ച ചില്ലുകള്‍ താഴ്ത്തി മഴയെ അരികില്‍ കാണാന്‍ പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന കടലോരങ്ങളിലേക്കും മരുഭൂമിക ളിലേക്കും യാത്രയാകുന്നു. മഴയെ വരവേല്‍ക്കാന്‍ സ്വദേശി പൗരന്‍മാര്‍ വീടു വിട്ടിറങ്ങും. ഇതൊക്കെ മരുഭൂ നഗരത്തിലെ മഴക്കാഴ്ചകള്‍ . മഴ കൊണ്ടു വന്ന തണുപ്പ് അന്തരീക്ഷത്തില്‍ നിറഞ്ഞതോടെ കാലാവസ്ഥ സുഖകരമായിരുന്നു. നാട്ടിലെ ചൂടുപിടിച്ച പകലിനെ പറ്റി വീട്ടുകാര്‍ വിളിച്ചറിയിക്കുമ്പോള്‍ ഇവിടത്തെ നല്ല കാലാവ്‌സഥയെ കുറിച്ചായി നാട്ടിലേക്കുള്ള വിവരണങ്ങള്‍. മുന്‍ വര്‍ഷം നല്ല ചൂടായിരുന്നു ഇതേ സമയത്ത്, ഇപ്പോഴാകട്ടെ നേരിയ മഴയും കുറഞ്ഞ ഉഷ്ണവും എന്നതായി ഒത്തു കൂടുന്നിടങ്ങളിലെ ആ ദിവസങ്ങളിലെ ചര്‍ച്ചാവിഷയം. മരുഭൂമിയില്‍ മഴയും ദൈവത്തിന്റെ സന്ദേശമാണ്. ജീവിതത്തെിനാവശ്യമായെതെന്തും സ്വന്തം കരങ്ങള്‍ കൊണ്ട് നിര്‍മിക്കാനാകുമെന്നു ധരിച്ചു പോകുന്ന വിധം വളരുന്ന പുരോഗതികളുടെ ഇടയിലേക്ക് ദൈവത്തിനു മാത്രം നല്‍കാനാകുന്ന അനുഗ്രഹ വര്‍ഷങ്ങളെയാണ് മഴ ഓര്‍മിപ്പിക്കുന്നതെന്ന് ബദുക്കളുടെ വാക്കുകളെ മാധ്യമങ്ങള്‍ മൊഴിമാറ്റി എഴുതി. മഴയുടെ വരവറിയുന്നതിന് കാലാവസ്ഥാ പ്രവചനങ്ങള്‍ പോലും ആവശ്യമില്ലാത്തവരുണ്ട് ബദുക്കളില്‍. മാനം നോക്കി, നക്ഷത്രങ്ങളുടെ തിളക്കം നോക്കി, മിന്നലിന്റേയും ഇടിയുടേയും ശബ്ദവും ദൈര്‍ഘ്യവും നോക്കി അവര്‍ കാലാവസ്ഥ തിരിച്ചറിയുന്നു. മഴ കുറച്ചു കാലം കൂടെയുണ്ടാകുമോ, അതോ വേഗം തിരികെ മടങ്ങുമോ എന്നു പോലും അവര്‍ക്കു പറയാനാവും.
മൂന്നാലു ദിവസങ്ങളിലെ മഴ ഒരു മഴക്കാലമായി. പിറ്റേന്ന് ഒറ്റ രാവിനാല്‍ വേനലിന്റെ കഠിനഹൃയമായി മാറി മണലാരണ്യം. ദുബൈ യില്‍ നാല്‍പതാണ്ടു കഴിഞ്ഞ അമ്മത്ക്ക് ഇത്തവണ വെയിലുകൊള്ളാനാവില്ലെന്നു പറഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ മുതുകു പൊള്ളിയ പതിറ്റാണ്ടുകള്‍ മുമ്പത്തെ വേനല്‍ കഥകള്‍ പറഞ്ഞു. ഈന്തപ്പനയോല നനച്ച്, കുട്ടികള്‍ വേനലവധിക്കു കെട്ടുന്ന പന്തലു പോലെ കെട്ടും. ഉച്ചക്ക് ഇത്തിരി നേരം അതിനകത്തു വിശ്രമിക്കാം. അപ്പോഴും മണലിന്റെ ചൂട് പുറം പൊള്ളിക്കും. രാത്രി കട്ടിത്തോ ര്‍ത്ത് മുണ്ട് നനച്ച് നിലത്തു വിരിക്കും. തോര്‍ത്ത് ഉണങ്ങിപ്പോകുന്നതിന് മുമ്പ് ഉറക്കം വന്നാല്‍ ഭാഗ്യം. നല്ല ക്ഷീണത്തിലാകും കിട ക്കുന്നത്. ഉറക്കം വേഗം വരും. ഉറക്കമായാല്‍ പിന്നെ തോര്‍ത്തിലെ നനവുണങ്ങിയാലും ഉടലു പൊള്ളിക്കുന്ന ചൂടറിയില്ല. സൂര്യനി ല്ലെങ്കിലും മണല്‍ തീപിടിച്ച വിറകു പോലെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കും. കാലാവസ്ഥകളോടാണ് മനുഷ്യന്‍ എപ്പോഴും പൊരുതി ക്കൊണ്ടിരിക്കുന്നത്. ചിനേരം ഇന്‍വര്‍ട്ട് ചെയ്ത് ‘കാലാവസ്ഥ’ എന്നെഴുതേണ്ടി വരുന്നു എന്നു മാത്രം.
Link to this post!
വായിച്ചു രസിച്ചു…. നന്ദി.
അഭിനന്ദനം പറയാതെ തരമില്ല.
നല്ല വായന തന്നു. ഇത്രയും നല്ല ഒരു പ്രവാസ നേര്‍ക്കാഴ്ച്ചക്ക് ഒരു അഭിനന്ദനം പറയാതെ തരമില്ല.
തത്ക്കാലം ചന്തി കഴുകുന്നില്ല എന്ന് വായിച്ചപ്പോള്‍ തന്നെ സ്വന്തം നേരനുഭവം ആണ് ആദ്യം മനസ്സിലേക്കെത്തിയത്. ഒരു തവണയെങ്കിലും ഈ നിലവിളി പുറപ്പേടുവിക്കാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല.