Main Menu

നിലപാടുകളിലെ ധീരത വീണ്ടും വായിക്കപ്പെടുമ്പോള്‍…

Saikatham Online Malayalam Magazine

കോവിഡ് കാലമായതിനാല്‍ ട്രെയിൻ യാത്ര നടന്നില്ല. അത് ‌കൊണ്ട് തന്നെ കാട് കയറുന്ന തോന്നലുകളും ഇല്ല. ഞാനും ഫൈസിയും നച്ചുവും ‘എന്നെക്കുറിച്ച് പറയാതെ ഇവര്‍ എന്തൊക്കെയാണ് ഈ പറയുന്നത് എന്നാലോചിച്ച്’ ഞങ്ങളെ പരസ്പരം മാറിമാറി നോക്കുന്ന കൊച്ചുണ്ടാപ്രിയും കൂടി കാറിലാണ് യാത്ര. വായിച്ച് മനസ്സിലാക്കിയ കാര്യങ്ങള്‍ക്ക് ഒരു ഓര്‍ഡര്‍ നഷ്ടപ്പെടാതിരിക്കാന്‍ അവരോട് സംവദിച്ചാണ് യാത്ര. ഓരോ ചരിത്രവും ഓരോര്‍മ്മപ്പെടുത്തലാണ്. അവ വര്‍ത്തമാനകാലത്തെ വിശകലനം ചെയ്യാനും അങ്ങിനെ ഭാവിയിലേക്കുള്ള ഒരു പാത ഒരുക്കലിനും വഴിതുറക്കുന്ന ചരിതങ്ങള്‍. വിദ്യാഭ്യാസം മാറ്റത്തിന്നു പരിചയാവുന്നത്, ഒരാള്‍ ആർജ്ജിച്ചെടുത്ത അറിവും അനുഭവവും ഒരു സമൂഹത്തെ ആകെ സ്വാധീനിക്കുമ്പോഴാണ്. ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നതിലല്ല, ചേര്‍ത്തുവെക്കലിലാണ് . അങ്ങിനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്, മുസ്ലിംസ്ത്രീ വിദ്യാഭ്യാസചരിത്രത്തിലും സമൂഹത്തിന്റെ വിവിധതലങ്ങളിലും തങ്ങളുടെതായ കയ്യൊപ്പ് ചാര്‍ത്തിയ തലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ വായിച്ചറിഞ്ഞ കാര്യങ്ങളിലേക്കും അതിന്റെ വിശദാംശങ്ങളിലേക്കുള്ള ഒരന്വേഷണവും തുടര്‍ന്ന്‌ വര്‍ത്തമാനകാലം ആ ചരിത്രത്തെ എത്രമാത്രം ഉള്‍ക്കൊണ്ടു എന്നതിലേക്കുള്ള ഒരെത്തി നോട്ടവുമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം.


ഗൂഗിളിനോട് വഴിചോദിക്കണംഎന്ന്ചിന്തിക്കുമ്പോഴേക്കും തലശ്ശേരി മുന്‍നഗരസഭ അദ്ധ്യക്ഷ ആമിന മാളിയേക്കല്‍ വ വഴികൃത്യമാക്കിതന്നു. തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജില്‍ഗസറ്റ്‌ലക്ചററായിരിക്കെ റെയില്‍വെപ്ലാറ്റ്‌ഫോമിലെ പുസ്തകക്കടയില്‍ പുസ്തകങ്ങള്‍ തിരിയുമ്പോള്‍സെക്കന്റ്പ്ലാറ്റ്‌ഫോമിലൂടെ ഇറങ്ങി, കുറച്ച് മിനുട്ടുകള്‍ നടന്നാല്‍ തലശ്ശേരിയുടെ ചരിത്രത്തിലെ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഒരേടിന്റെ ജീവിക്കുന്ന അടയാളങ്ങള്‍ ഉണ്ടെന്നുള്ള കാര്യം എന്നെ തൊടാതെ പോയി, പക്ഷെ, ഒരു നിയോഗം പോലെ ഗവേഷണം അതിന് വഴിവെച്ചു.


പ്രൗഢഗംഭീരമായമാളിയേക്കലിന് മുമ്പില്‍ ഞങ്ങള്‍ എത്തി.


മുകളിലത്തെ കിളിവാതിലിലൂടെ പ്രത്യക്ഷപ്പെട്ടവരോട്, ‘ആമിന മാളിയേക്കല്‍ എന്ന എന്റെ അന്വേഷണത്തിന് സൗമ്യമായ ഭാഷയില്‍ ‘തൊട്ടപ്പുറത്ത് ‘ എന്ന വാക്കുകളില്‍ ഞങ്ങള്‍ പ്രവാസിലോഡ്ജിന് പിറകിലുള്ള ‘നഫീസത്തില്‍’ (ആമിന മാളിയേക്കലിന്റെവീട്) എത്തിച്ചേര്‍ന്നു. തലശ്ശേരിയിലെ കാടാം കണ്ടി തറവാട്ടിലെ ഖാന്‍ ബഹദൂര്‍കുട്ട്യാമുഹാജി പ്രിയ പത്‌നി ടി.സി. കുഞ്ഞാച്ചുമ്മ (ആമിന മാളിയേക്കലിന്റെവല്ല്യുമ്മ) യ്ക്ക്‌വേണ്ടി 1919 ല്‍ നിര്‍മ്മിച്ച മണിമാളികയാണ്, മാളിയേക്കല്‍ തറവാട്. മാളികയുടെ സൗകര്യങ്ങളില്‍ അഭിരമിച്ച് ചുറ്റുമുള്ളവരെ മാറ്റി നിര്‍ത്തിയവരല്ല, മറിച്ച് അവരെ ചേര്‍ത്ത് നിര്‍ത്തിയതാണ് മാളിയേക്കലിന്റെ ചരിത്രം.
ആധുനിക വിദ്യാഭ്യാസത്തോട്‌ സമുദായം കാണിച്ചിരുന്ന വിമുഖതയെ കണക്കിലെടുത്തില്ലെന്ന് മാത്രമല്ല, അന്ന് നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളോടും മാളിയേക്കല്‍ വിമുഖത കാണിക്കുകയും, അത്തരംദുരാചാരങ്ങളെ ശക്തമായി സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അപലപിക്കുകയും ചെയ്തു. നിരവധി സ്വാതന്ത്ര്യ സമര നേതാക്കന്മാര്‍ക്ക് ആതിഥ്യമരുളുകയും, രാഷ്ട്രീയ നേതാക്കന്മാരുടെ അഭയകേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട് മാളിയേക്കല്‍.
ആഢ്യത്വമുള്ളവരാണ്, അധികാരമുളളവരാണ്, ഒരു നാടിന്റെ സ്പന്ദനമാണ്, എങ്ങിനെയായിരിക്കും തുടക്കം തുടങ്ങിയ കാര്യങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിട്ട് കുറച്ച് സമയമായി. പക്ഷെ സകല അലട്ടലുകള്‍ക്കും വിരാമമിട്ടുകൊണ്ട് ഏറ്റവും ലാളിത്യമാര്‍ന്ന ഒരു ഇടപെടലിന് ഞങ്ങള്‍ സാക്ഷിയായി.


ഭക്ഷണമൊക്കെ കഴിച്ചോ, ഇല്ലെങ്കില്‍ കഴിക്കാം എന്ന് പറഞ്ഞ്, കുറച്ച് നേരം ഞങ്ങളുടെ സംസാരം ഭക്ഷണത്തെക്കുറിച്ചായി. അതിന് ഒരു ഉപസംഹാരമെന്നപോലെ എത്തിച്ചേര്‍ന്നത് ഉച്ചഭക്ഷണത്തിലാണ്. അപ്പോള്‍കുട്ടുസാഹിബ് എന്ന പി.വി.ഘമീദ് (ആമിന മാളിയേക്കലിന്റെ ഭര്‍ത്താവ്) ഏറെകൗതുകം നിറഞ്ഞ ചരിത്രങ്ങളുടെ കവാടം മെല്ലെ തുറന്നു, രണ്ട് കുടുംബങ്ങളിലേക്കാണ്‌ വഴി തുറക്കുന്നത്. മാതാവ്‌ വഴി വി.സി. മായന്‍ എന്ന പുരോഗമനവാദിയിലേക്കും പിതാവ്‌ വഴി മാളിയേക്കല്‍ ചരിത്രത്തിലേക്കും. പി.വി.ഘമീദ് എന്ന കുട്ടുസാഹിബിന്റെ ജീവിതസഖിയും മാളിയേക്കലില്‍ നിന്ന് തന്നെയാണ്.


ഉമ്മയിലൂടെ.. ചരിത്രത്തിലേക്ക്…
എന്റെ ഉമ്മ അലീമ അബൂട്ടി, പണ്ട് ചോറ് ഉണ്ടാക്കാനായി അരി അടുപ്പത്തിട്ട് തിളക്കുമ്പോഴായിരിക്കും അടുത്തുള്ള മത്സ്യത്തൊഴിലാളാകളുടെ വരവ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരത്തിനുളള വരവാണ്, പോലീസ്‌സ്റ്റേഷനില്‍ പോകണം, പരാതി എഴുതിക്കൊടുക്കണം, പക്ഷെ മത്സ്യത്തൊഴിലാളികള്‍ക്ക് വശമുള്ള ഭാഷ സായിപ്പിന്റെ പോലീസ്‌ കാര്‍ക്ക് പരിചയമില്ല. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലമല്ലേ, എന്നാല്‍ പോലീസിന്റെ ഭാഷഅറിയാവുന്ന ഒരാള്‍ അവര്‍ക്ക് തൊട്ടരികിലുണ്ട്, വീട്ടിലും നാട്ടിലുമായി പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ വി.സി. കുഞ്ഞിമായന്റെ മൂന്നാമത്തെ മകള്‍ അലീമ. അലീമയെ വിവാഹം കഴിച്ചത് മാളിയേക്കല്‍ കുഞ്ഞാച്ചുമ്മയുടെ മകന്‍ അബൂട്ടിയാണ്. ” 1940 കളുടെ തുടക്കത്തില്‍ തലശ്ശേരി മുനിസിപ്പല്‍ വൈസ്‌ചെയര്‍മാനായിരുന്നു അബൂട്ടി”(1) സാധാരണക്കാരുടെ പ്രയാസം മനസ്സിലാക്കാനും അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും അലീമയെ പ്രാപ്തയാക്കിയത്‌ വി.സി. മായന്‍ എന്ന പിതാവിന്റെ സ്വതന്ത്ര ചിന്താഗതിയും പുരോഗമന കാഴ്ചപ്പാടുമാണ്.


” മലബാറിലെ ചില ഭാഗങ്ങങ്ങില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് പോലും ആധുനിക വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലാത്തായിരുന്നു വയ്യപ്രത്ത് കുന്നത്ത് കുഞ്ഞിമായന്‍ ( വി.സി. മായന്‍) തന്റെമൂന്ന് പെണ്‍മക്കളെ 1920-30കളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി വിട്ടത്. അക്കാരണത്താല്‍യാഥാസ്ഥിതികര്‍ അദ്ദേഹത്തെ കാഫിര്‍* കുഞ്ഞിമായന്‍ എന്ന്‌ വിളിച്ചു”.(2)

ആധുനികവിദ്യാഭ്യാസം അന്നത്തെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഒരു പൊതു അംഗീകാരമില്ലാത്തതായിരുന്നിട്ടും, ആരുടെയും അംഗീകാരത്തിന് കാത്ത് നില്‍ക്കാതെ, കാലത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ്, ആണ്‍- പെണ്‍ ഭേദമില്ലാതെ, വീടെന്നും നാടെന്നും വ്യത്യാസമില്ലാതെ നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടേയിരുന്ന ഒരു കര്‍മ്മധീരനായിരുന്നു വി.സി. കുഞ്ഞിമായിന്‍ എന്ന വലതുപക്ഷ രാഷ്ട്രീയക്കാരന്‍.


മാറ്റം മക്കളില്‍ നിന്ന് തന്നെയാണ്…
മാറ്റം ആദ്യം വീട്ടില്‍ നിന്ന് തന്നെ എന്ന തത്വത്തോട് നീതി പുലര്‍ത്തിക്കൊണ്ട് മൂത്ത മകള്‍ ആമിനയെ 1932 ല്‍ പഞ്ചാബിലേക്ക് എം.ബി.ബി.എസ് പഠനത്തിന് വിട്ടു. പഠനം പൂര്‍ത്തിയായെന്നും ഇല്ലെന്നും രണ്ട് അഭിപ്രായമുണ്ട്. പിതാവ് കുഞ്ഞിമായന്റെ അസുഖത്തെ തുടര്‍ന്ന് , 1936 ല്‍ നീലഗിരി ഡെപ്യൂട്ടി കളക്ടറായിരുന്ന ഹാഷിമുമായി ആമിനയുടെവിവാഹം നടന്നു. വി.സി. കുഞ്ഞിമായിന്‍ എന്ന പിതാവിന്റെ തീരുമാനങ്ങള്‍ എത്രമാത്രംസാമൂഹിക പ്രതിബദ്ധതയുളളതായിരുന്നുവെന്ന് ആമിനാ ഹാഷിമിന്റെ പിന്നീടുള്ള ജീവിതം നമുക്ക് പറഞ്ഞ്തരും.


സമന്വയങ്ങളുടെ സമവാക്യമായി മായന്‍ പുത്രി
വിവാഹം, നിറമുള്ള സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഒരു മാധ്യമമായിട്ടല്ല ഡെപ്യൂട്ടി കലക്ടര്‍ ഹാഷിം മനസ്സിലാക്കിയത്. അളന്ന് മുറിച്ച അതിരുകള്‍ക്കുള്ളില്‍ആയിരുന്നില്ല തന്റെ ജീവിതസഖി എന്ന് ഉത്തബോദ്ധ്യം അദ്ദേഹത്തിന് ഉണ്ടായത്‌ കൊണ്ടായിരിക്കണം, ആമിനയുടെ കഴിവുകള്‍ക്ക് മുകളിലൂടെ ഒരു മറയിടാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ലെന്ന് നിരവധി മേഖലകളിൽ അവര്‍ നേടിയ അംഗീകാരത്തില്‍ നിന്നും മനസ്സിലാവും, ഊട്ടിയിലെ ജീവിതത്തിനിടയില്‍ ആമിന ഹാഷിമിനെത്തേടിയെത്തിയ പുരസ്‌കാരങ്ങളിലൂടെയും പദവികളിലൂടെയും ഒന്ന് കണ്ണോടിച്ചാല്‍ അവരുടെ കഴിവിനെ നമുക്ക്‌ വീണ്ടും വീണ്ടും വായിക്കാതിരിക്കാന്‍ കഴിയില്ല.


“തമിഴ് ജനങ്ങളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും റെഡ്‌ക്രോസിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി നല്‍കിയിരുന്ന ‘കൈസര്‍ഹിന്ദ് ‘ അവാര്‍ഡ് ആമിനയ്ക്ക്‌ ലഭിച്ചു”(3) വായിച്ചറിഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനിടയില്‍ കുട്ടുസാഹിബ് ഒരു കാര്യം കൂട്ടിച്ചേര്‍ത്തു. ഊട്ടിയിലെ ടെന്നീസ് ക്ലബ്ബിന്റെ പ്രസിഡണ്ട് പദവിയും ഉമ്മയുടെ ജ്യേഷ്ഠത്തി (ആമിനാ ഹാഷിം) അലങ്കരിച്ചിരുന്നു. ഒരല്പം ആശ്ചര്യത്തോടെ അദ്ദേഹം പറഞ്ഞു ആ ക്ലബ്ബിന്റെ വൈസ്പ്രസിഡണ്ട് ഇന്ദിരാഗാന്ധിയായിരുന്നെന്ന്. രണ്ട് മിനുട്ട് നേരത്തെ നിശ്ശബ്ദതയെയും ഞാൻ ഇവിടെ കുറിക്കുന്നു. കലക്ടറുടെ താമസം മാറുന്നതിനനുസരിച്ച് ആമിന ഹാഷിമിന്റെ പ്രവര്‍ത്തന മേഖലകളുംവികസിച്ചു കൊണ്ടിരുന്നു.


”1940 കളില്‍ ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നുംഡിപ്ലോമ നേടിയ ആമിന ചവിട്ടു ഹാര്‍മോണിയത്തില്‍ വിദഗ്ദയായിരുന്നു.”(4) ലഭ്യമാവുന്ന അറിവുകളൊക്കെ സ്വീകരിച്ച അവര്‍ ആ അറിവിനെ മറ്റുള്ളവരിലേക്ക് പകര്‍ത്തിക്കൊണ്ടിരുന്നു. തലശ്ശേരിയില്‍എത്തിയിരുന്ന സമയങ്ങളിലെല്ലാം സേക്രഡ് ഹാര്‍ട്ട്‌ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പിയാനോ പഠിപ്പിച്ച്‌ കൊടുക്കുമായിരുന്നു.
സംഗീതവുമായി ഏറ്റവും പ്രശംസനീയമായത്‌ സൂഫി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സൂഫി ബൈത്തുകള്‍ക്ക് അവര്‍ ട്യൂണുകള്‍ നല്‍കാറുണ്ട് എന്നുള്ളതാണ്.
പ്രവാചകകീര്‍ത്തനങ്ങളും പാടാറുണ്ടെന്ന് കുട്ടു സാഹിബ് ഓർമ്മിപ്പിച്ചു.
കുട്ടുസാഹിബും ആമിന മാളിയേക്കലുംചേര്‍ന്ന്‌ ചെറുതായി പാടുകയും ചെയ്തു.


ടെന്നീസുംസംഗീതവും ഇഴ ചേര്‍ന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഇനി സോഷ്യലിസത്തിലൂടെ. മദ്രാസ് അസംബ്ലിയിലേക്കാണ്‌ തെരഞ്ഞെടുപ്പ്, 1952 ല്‍ ഡോക്ടര്‍ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്‌ രാഷ്ട്രീയപ്രതലം. മത്സരിക്കേണ്ടത്‌ വി.ആര്‍. കൃഷ്ണയ്യറോടും. മത്സര വിധി അനുകൂലമായില്ലെങ്കിലും അന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ അതൊരു ചുവടുവെയ്പ് തന്നെയായിരുന്നു.
വിവിധ ഭാഷകള്‍ സായത്തമാക്കിയ ആമിന ഹാഷിമിന് ഇന്ദിരാഗാന്ധിയുടെ കാലത്ത്‌ റഷ്യയിലേക്കുള്ള വനിതാസംഘത്തെ നയിക്കാനും അവസരം ലഭിച്ചിരുന്നു. വെവിധ്യമാര്‍ന്ന ഇടങ്ങളെ സമന്വയിപ്പിച്ച ഒരു സമവാക്യം തന്നെയായിരുന്നു ആമിനാ ഹാഷിമിന്റെ ജീവിതം.


അതിരുകളില്ലാത്ത അധ്യാപനവും നേതൃപാടവവും
വി.സി. കുഞ്ഞിമായന്‍ എന്ന പിതാവിന്റെഉയര്‍ന്ന ചിന്താഗതികളെ വീണ്ടും അടാളപ്പെടുത്തുകയാണ് രണ്ടാമത്തെ മകൾ ആയിശയിലൂടെയും. തലശ്ശേരിയിലെ പഠനത്തിന് ശേഷം വിദ്യാഭ്യാസം തുടര്‍ന്നത് മദ്രാസ്‌ ക്വീന്‍മേരീസ്‌ കോളേജിലും ബാംഗ്ലൂര്‍ സെന്റ്‌ ജോസഫ്‌ കോളേജിലുമായിരുന്നു. മികച്ച ടെന്നീസ്‌ കളിക്കാരിയും നല്ല പ്രാസംഗികയുമായിരുന്നു അവര്‍.


പഠനത്തിന് ശേഷം തലശ്ശേരി വനിത ട്രെയിനിംഗ്‌ സ്‌ക്കൂള്‍ അധ്യാപിക, മലബാര്‍-തെക്കന്‍ കര്‍ണ്ണാടക മുസ്ലിം വിദ്യാഭ്യാസ സ്‌പെഷല്‍ ഓഫീസര്‍… ഇങ്ങിനെ പ്രത്യേക സ്ഥാനങ്ങളില്‍ നിയുക്തമാക്കപ്പെടുമ്പോഴും മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയുള്ള പൊതുപ്രവര്‍ത്തനങ്ങളും തുടര്‍ന്ന്‌ കൊണ്ടേയിരുന്നു. ഇങ്ങിനെ പൊതുപ്രവര്‍ത്തനങ്ങളുടെ ഇടയില്‍ ഒരു തോണിയപടകത്തില്‍ നിന്ന് രക്ഷപ്പെട്ട കാര്യവും കുട്ടുസാഹിബ് ഓര്‍മ്മിപ്പിച്ചു.


വ്യാപാരപ്രമുഖന്റ ഊഫുമായുള്ള വിവാഹത്തോടെ ആയിശമായന്‍ കൊളംബോയിലെത്തി. വിശാലമായകാഴ്ചപ്പാടുംഉയര്‍ന്ന വിദ്യാഭ്യാസവും കൊളംബോയിലുംതന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവര്‍ക്ക് കരുത്തേകി.
കൊളംബോയില്‍സ്ഥാപിച്ച മുസ്ലിംലേഡീസ്‌കോളേജിന്റെ പ്രിന്‍സിപ്പലായി(5) സേവനമനുഷ്ഠച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്നതോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍തുടക്കംകുറിച്ചിരുന്നു. 1949 ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന മത്സരത്തില്‍ കൌണ്‍സിലാറായി മത്സരിക്കുകയുംവിജയിക്കുകയുംചെയ്തു. പിന്നീട് 1952 ല്‍ കൊളംബോ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയര്‍ പദവിയില്‍ (6) എത്തി. ഈ നേതൃപാടവംഅവര്‍ക്ക് നേടിക്കൊടുത്ത അംഗീകാരംചെറുതല്ല. എലിസബത്ത് രാജ്ഞി കൊളംബോയില്‍ വന്നപ്പോള്‍ അവരെ ഔദ്യോഗികമായി സ്വീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ (7) ആയിശ റഊഫിന് സാധിച്ചു. ആയിശാ റഊഫിന്റെ രാഷ്ട്രീയാധികാരം സിലോണ്‍ ശ്രീലങ്ക) ലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏറെ സഹായകരമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.


രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെങ്കിവും, അനുയോജ്യമായത്‌ വിദ്യാഭ്യാസ മേഖല തന്നെയാണെന്നുള്ള വിശ്വാസം കൊണ്ടായിരിക്കണം വീണ്ടും തന്റെ കര്‍മ്മമേഖലയിൽ തിരിച്ചെത്തിയത്. അങ്ങിനെ ”1961”(8) ല്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ഒരു വനിതാകോളേജിന്റെ പ്രിന്‍സിപ്പലായി ക്ഷണം ലഭിക്കുകയും വീണ്ടും വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുകയും ചെയ്തു.


പ്രവര്‍ത്തനങ്ങളെ മികവുകളെ കൂട്ടിച്ചേര്‍ത്ത ഒരു നികാഹ് .
വി.സി.കുഞ്ഞിമായന്റെ മൂന്നാമത്തെ മകൾ അലീമയുടെവിദ്യാഭ്യാസം, സഹോദരിമാരെപ്പോലെ ഉന്നതമായിരുന്നില്ല. പക്ഷെ, ലഭിച്ച ഇംഗ്ലീഷ്‌ വിദ്യാഭ്യാസം കൊണ്ട് തന്നെ, വിപുലമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിക്കൊണ്ട് സമൂഹത്തെയും സമുദായത്തെയും സ്വാധീനിക്കാന് അവര്‍ക്ക് കഴിഞ്ഞു.


മാളിയേക്കലിലെ ടി.സി. കുഞ്ഞാച്ചുമ്മയുടെ മകന്‍ അബൂട്ടിയുമായുള്ള വിവാഹം, അലീമയുടെ സാമുഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേദിയായിരുന്ന മാളിയേക്കല്‍, വി.സി.കുഞ്ഞിമായന്റെ മകള്‍ അലീമയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ ഇടം തന്നെയായിരുന്നു. നെയ്ത്‌വെച്ച സ്വപ്നങ്ങള്‍ക്കും, ചെയ്ത്‌കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ക്കും ഒരു തുടര്‍ച്ചയുണ്ടാവുക എന്നുള്ളത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും മഹത്തരം തന്നെയാണ്. അലീമ അബൂട്ടിയുടെ മകന്‍ പി.വി.ഘമീദ് എന്ന കുട്ടുസാഹിബിന്റെ ജീവിതസഖിയും മാളിയേക്കലില്‍ നിന്നാണ്. ആമിന മാളിയേക്കല്‍, ചുവപ്പ്‌ സാരിയില്‍ തിളങ്ങി ഇടത് പക്ഷത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വളര സൗമ്യമായി സംസാരിക്കുന്ന തലശ്ശേരിയുടെ മുന്‍ നഗരസഭാദ്ധ്യക്ഷ.


മാളിയേക്കലിന്റെ പടിവാതിൽ മെല്ലെ തുറക്കുകയാണ്
ആമിന മാളിയേക്കലിന്റെ വല്ല്യുമ്മ ടി.സി. കുഞ്ഞാച്ചുമ്മ തന്റെ മാളിയേക്കലിന്റെ അകവും പുറവും ഭംഗിക്കൂട്ടിയത്, അവരുടെകാര്‍മ്മികത്വത്തില്‍ നടന്ന പ്രവൃത്തികളിലൂടെയാണ്. ഒതുങ്ങിക്കൂടാനും ഒതുക്കി നിര്‍ത്താനും അങ്ങേയറ്റം സാധ്യതകളുണ്ടായിരുന്ന കാലത്ത് അസാധ്യമായതിനെ സാധ്യമാക്കിയ മഹതിയാണ്, മാളിയേക്കലിന്റെ സ്വന്തം കുഞ്ഞാച്ചുമ്മ എന്ന ആത്ത. വിശ്വാസം വ്യതിചലിക്കാനുള്ളതെല്ലെന്നും അത് മനസ്സിനെയും ശരീരത്തിനെയും ശാക്തീകരിക്കാനുളളതാണെന്നും തന്റെ പ്രവര്‍ത്തികളിലൂടെ ചുറ്റുമുള്ളവരെ ഉദ്‌ബോധിപ്പിച്ചു.


തലശ്ശേരി മുസ്ലിം മഹിളാ സമാജം സ്ഥാപിച്ചു കൊണ്ട് കുഞ്ഞാച്ചുമ്മ തന്റെ കര്‍ത്തവ്യങ്ങളെ ഒന്നുകൂടി ചിട്ടപ്പെടുത്തി. സമാജത്തിന്റെ കീഴില്‍ തയ്യല്‍ പരിശീലനവും സാക്ഷരതാ ക്ലാസ്സും നടത്തിയിരുന്നു. 1934ലെ കൊടുങ്കാറ്റിനെത്തുടര്‍ന്ന് നടത്തിയ സാമൂഹ്യസേവനത്തിന് മദ്രാസ് ഗവര്‍ണര്‍ സര്‍ ആര്‍തര്‍ ഹോപ്പില്‍ നിന്ന്അവാര്‍ഡ്‌ലഭിച്ചിട്ടുണ്ട്”(9)


സാക്ഷരതാ ക്ലാസ്സിന്റെയും തയ്യല്‍ പരിശീലന ക്ലാസുകളുടെയും ഓര്‍മ്മ പുതുക്കിക്കൊണ്ട് ആമിന മാളിയേക്കലും ”ഇംഗ്ലീഷ് ” മറിയുമ്മയുംതുടര്‍ന്നു.
ഗാക്ഷരതാ ക്ലാസില്‍ വരാന്‍ മടിയുള്ള കുട്ടികളെ അവരുടെ വീടുകളില്‍ പോയി നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. മാത്രമല്ല നല്ല രീതിയില്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവരുടെ സാമ്പത്തികം മനസ്സിലാക്കി, അവര്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗമെന്ന നിലയില്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യാറുണ്ടെന്നു രണ്ടു പേരും കൂട്ടിച്ചേര്‍ത്തു. കൂടാതെ അന്ന് തറവാട്ടിലെ മുഴുവന്‍ കുട്ടികളും നീന്തലും കോല്‍ക്കളിയും പഠിച്ചവരായിരുന്നെന്ന് അവർ ഓര്‍മ്മപ്പെടുത്തി. നിരവധി പ്രശ്‌നങ്ങളെയും മാളിയേക്കലിന്റെ മുറ്റത്ത്‌ വെച്ച് കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. വല്ല്യുമ്മ (ആത്ത) യുടെ വിഷചികിത്സാരീതികളും പ്രസിദ്ധമായിരുന്നെന്ന് കേട്ടിട്ടുണ്ടെന്ന് ആമിന മാളിയേക്കല്‍ പറഞ്ഞു. ഈ വിഷചികിത്സാരീതി ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ ഇന്നും മാളിയേക്കലിലെ ചില്ലലമാരയില്‍ ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട്. അലമാരയുടെ ഗ്ലാസിന് ”ആത്ത വിഷചികിത്സയുടെകിത്താബുകള്‍” എന്നെഴുതി ഒട്ടിച്ചുവെച്ചിട്ടുണ്ട്.


പേരിലെ പെരുമ; ഇംഗ്ലീഷ് മറിയുമ്മ
മാളിയേക്കലിലെ ഓരോ തലമുറയ്ക്കും പെരുമകൾ ഏറെയാണ്. എന്നാല്‍ ഈ പെണ്‍പെരുമ ഒരല്പം കനത്തിലുള്ളതാണ്. മുസ്ലിം സ്ത്രീകള്‍ പുറത്തിറങ്ങുന്നതും ആധുനിക വിദ്യാഭ്യാസം നേടുന്നതും സാമുദായികമായിട്ട് തന്നെ ഏറെ തടസ്സം നില്‍ക്കുന്ന ആ കാലഘട്ടത്തില് അഞ്ചാം ക്ലാസിന്റെ തുടര്‍പഠനം പോലും എളുപ്പമുള്ള കാര്യമല്ല. പഠിക്കണമെന്ന മറിയുമ്മയുടെ ഇഷ്ടവും മക്കള്‍ പഠിക്കണമെന്ന അബ്ദുള്ള എന്ന പിതാവിന്റെ നിലപാടും കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷ്‌ സ്‌ക്കൂളിന്റെ വാതില്‍മറിയുമ്മയുടെ മുമ്പില്‍ തുറക്കപ്പെട്ടു. അവരുടെതായ വാക്കുകളില്‍ പറഞ്ഞാല്‍ ‘When I was a student I was the only Muslim girl in the convent’.

കളിയാക്കുന്നവരുടെയും കാര്‍ക്കിച്ചു തുപ്പുന്നവരുടെയും ഇടയിലൂടെ ഇംഗ്ലീഷ് പഠിക്കാന്‍ പോയ മറിയുമ്മയ്ക്ക് ഇംഗ്ലീഷിലുള്ള ആശയ വിനിമയം ഏറെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ തളരാന്‍ പിതാവ് അനുവദിച്ചില്ല. ട്യൂഷന് ഏര്‍പ്പാട്‌ ചെയ്ത്‌ കൊണ്ട് പഠനത്തെ പ്രോത്സാഹിപ്പിച്ചു. സായിപ്പിന്റെ ഭാഷ മനസ്സിലാക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങിനെ മാളിയേക്കലിലെ മറിയുമ്മയ്ക്ക് കടല്‍ കടന്ന ഒരു ഭാഷയുടെ പേരും ചാര്‍ത്തിക്കിട്ടി. ‘ഇംഗ്ലീഷ് മറിയുമ്മ’.

പുസ്തകത്തിലൂടെ മാത്രം സഞ്ചരിക്കാനുള്ളതല്ലല്ലോ മാളിയേക്കലിലെ ജന്മം. ഉമ്മയും ഉമ്മാമയും തുടങ്ങി വെച്ച മുസ്ലിംമഹിളാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും മഹദ്‌വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും മറിയുമ്മയുടെ കാലത്ത്‌ സമ്പന്നമായി. സമാജത്തിന് സമാധാനത്തിന്റെ കഥയും പറയാനുണ്ട്. 1971 ലെ കലാപസമയത്ത്‌ സമാജത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ആ പ്രദേശങ്ങളില്‍ സമാധാന സന്ദേശവുമായി പോകുകയും ആവശ്യക്കാര്‍ക്ക് മാളിയേക്കല്‍ ഒരഭയ കേന്ദ്രമായിമാറുകയും ചെയ്തു.


എഴുപതുകളില്‍ കോഴിക്കോട് മനാഞ്ചിറ മൈതാനം സാക്ഷിയായി നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ സംസാരിച്ചപ്പോൾ അവര്‍ കാണിച്ചിരുന്ന ഉത്സാഹവും (മുസ്ലിം സ്ത്രീ വിദ്യാഭ്യാസമാണ്‌ വിഷയം) ഇന്നും മുടങ്ങാതെ ഈ പത്രം (കയ്യില്‍ ദി ഹിന്ദു ഉണ്ടായിരുന്നു) വായിക്കാന്‍ എനിക്ക് തുണയായത് എന്റെ പിതാവാണെന്നും ഉറച്ച് പറയുമ്പോള്‍, ഒരു വ്യക്തിയോ ഒരു കൂട്ടമോ അല്ല , തലമുറകളോളം നെഞ്ചേറ്റേണ്ട ചരിത്രം തന്നെയാണ് 95 കാരിയായ മാളിയേക്കല്‍ മറിയുമ്മയുടേത്, ഒരു നാടിന്റചരിത്രമായി, ഒരു ജനതക്ക് കാവലായ മാളിയേക്കലിന്റെ പ്രഭ എന്നും ജ്വലിച്ചു നില്‍ക്കട്ടെ. മണിക്കൂറുകളോളം ഒരു നീരസവുംകാട്ടാതെ സംസാരിച്ച കുട്ടുസാഹിബ്, ആമിനമാളിയേക്കല്‍, മറിയുമ്മ ,ആയിശ ഇവരുടെയൊക്കെ ഏറ്റവും ലാളിത്യമാര്‍ന്ന പെരുമാറ്റം മനസ്സില്‍കുറിച്ചിട്ട്‌ കൊണ്ട് മാളിയേക്കലിന്റെ പടിവാതില്‍ മെല്ലെ ചാരാം…
മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസവും സാമൂഹിക ഇടപെടലും ഇന്നും ഒരു ചര്‍ച്ചാവിഷയം തന്നെയാണ്. അത്‌ കൊണ്ട് തന്നെയാണ് ആമിനാ ഹാശിമും, ആയിഷ റഊഫും, അലീമ അബൂട്ടിയും മാളിയേക്കലും വീണ്ടും വീണ്ടും വായിക്കേണ്ട ഇടങ്ങള്‍ ആകുന്നത്. അവര്‍ പ്രഭ ചൊരിഞ്ഞ ഇടനാഴികള്‍ ഇന്നും എത്രമാത്രം പൂര്‍ത്തീകരിക്കപ്പെട്ടുഎന്നുള്ളത് ഒരു ചോദ്യം തന്നെയാണ്.

പശ്ചാത്തലത്തെയുംസന്ദര്‍ഭത്തെയുംഅടര്‍ത്തിമാറ്റി, ചില പ്രമാണവാക്യങ്ങളുടെ പ്രയോഗങ്ങളിലൂടെ, മുസ്ലിം സ്ത്രീയുടെ സാമൂഹീക ഇടപെടലുകളെ ചിലര്‍ നിരുത്സാഹപ്പെടുത്തുമ്പോള്‍ നിരന്തര പ്രയത്‌നം കൊണ്ട്‌ രചിച്ച ചരിത്രങ്ങള്‍ക്ക് നേരെ മറ പിടിക്കലാണ്. അറിവ്‌ കൊണ്ട് ഉദ്‌ബോധിപ്പിക്കപ്പെട്ട ഒരു സമുദായത്തെ അതിന്റെ അര്‍ത്ഥതലങ്ങളും വിശകലനങ്ങളെയും വികലമാക്കി, ഒരു കാലത്ത് ജ്ഞാന സമ്പാദനത്തില്‍ നിന്നും അവരെ മാറ്റി നിര്‍ത്തി.


സാമ്പത്തിക ഭദ്രതയുള്ളവരില്‍ചിലർ ആണ്‍കുട്ടികളെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിലും പെണ്‍- വിദ്യാഭ്യാസം (ആധുനികം) അജണ്ടയ്ക്ക് പുറത്തായിരുന്നു, പക്ഷെ മതപരിജ്ഞാനം കൊണ്ടും ഭൗതിക വിദ്യാഭ്യാസം കൊണ്ടും സമന്വയിപ്പിക്കപ്പെട്ട ഒരു ചെറുനേതൃനിര, അടുത്തുള്ളവരെയും അകലെയുള്ളവരെയും ചേര്‍ത്ത് നിര്‍ത്തി ഒരു സമൂലമായമാറ്റത്തിന് ശ്രമിച്ചു.


കാലംകടന്ന് പോയി, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സമുദായവും വിവിധ തലങ്ങളില്‍ പ്രതിനിധീകരിക്കാന്‍ മുസ്ലിം പെണ്ണും തയ്യാറായി. തയ്യാറാകുമ്പോഴും അന്യമായ ഇടങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്, പ്രൊഫണഷണല്‍ വിദ്യാഭ്യാസത്തിന്റെ അവസാന സെമസ്റ്ററുകളില്‍ പടിയിറങ്ങുന്നവരും, പഠനം പൂര്‍ത്തിയാക്കി ഉള്‍വലിയുന്നവരും ഏറെയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയായ കുറച്ച്‌ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ പങ്കുവെച്ച ആശങ്കകള്‍ ഏറെയാണ്. മാറ്റമുണ്ടെന്ന് ചിന്തിക്കുമ്പോഴും മാറ്റമില്ലാത്ത ചില ഇടങ്ങള്‍ അവര്‍ക്കരികിലുണ്ട്.


ഒരു കാലത്ത് ആധുനികവിദ്യാഭ്യാസത്തിനാണ് മറ ഇട്ടതെങ്കില്‍ ഇന്ന് അതിന്റെ ഇടപെടലുകളിലേക്കാണ് മറ വീണ്‌കൊണ്ടിരിക്കുന്നത്. ഇസ്ലാം ഒരു ആദര്‍ശം മാത്രമല്ലെന്നുംഅതൊരു ഭരണരീതിയാണെന്നും, അതില്‍ പ്രസംഗപീഠത്തിലെ ഖലീഫയോട് സംവദിച്ച പെണ്ണും, നിയമപരിജ്ഞാനം നേടിയ സ്ത്രീകളും പ്രായം മറന്ന് അധ്യാപനം നടത്തിയവരും ഉണ്ടായിരുന്നുവെന്നുള്ളത് മറയില്ലാത്ത സത്യമാണ്. കഴിവും താല്പര്യമുള്ളവും അവരുടെ മേഖലകളില്‍വിജയിക്കട്ടെ; താല്പര്യമില്ലാത്തവര്‍ അവരുടെ ഇഷ്ടങ്ങളിലും ജീവിക്കട്ടെ..ചരിത്രംരചിച്ച മഹതികള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാതിരക്കുകളുമുണ്ടാവും, പക്ഷെ നിങ്ങള്‍ക്ക് മാറണോ, സ്വയം തയ്യാറാവുക.


References
ആമിന മാളിയേക്കലുമായുളള അഭിമുഖം; നവംബര്‍, 2020
പി.വി ഹമീദ് ( കുട്ടുസാഹിബ്) മായുമുളള അഭിമുഖം; നവംബര്‍, 2020
പി.എം.മറിയുമ്മയുമായുള്ളഅഭിമുഖം; നവംബര്‍, 2020
Dr. Vasanthi.V, Women in Public life in Malabar (1900-1957),Kozhikode.
https://www.researchgate.net/publication/320058918-AYESHA-UF-A-PIONEER-OFMUSLIM-WOMEN’S-
EMANCIPATION-IN-SRI-LANKA

1. വി.കെ കുട്ടു, തലശ്ശേരി ഒരു മുസ്ലിംചരിത്രം, കോഴിക്കോട്, 2014, P.115
2. ibid.,p.113
3. ibid.,p.113
4. ibid.,p.113
5. https://youtu.be/N5Dt8EQp-V4
6. https://youtu.be/N5Dt8EQp-V4
7. https://youtu.be/N5Dt8EQp-V4
8. വി.കെ. കുട്ടു, തലശ്ശേരി ഒരു മുസ്ലിംചരിത്രം, കോഴിക്കോട്, 2014, P.114
9. ibid.,p.54

 

.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: