കറുപ്പ്
കറുപ്പ് ഒരു നിറമാണത്രെ!
അതെങ്ങനെയാണ് ശരിയാവുക?
തന്നിലേക്ക് നിപതിക്കുന്ന
നിറമൊന്നിനെപ്പോലും
ഉള്ളിലേക്ക് വലിച്ചെടുക്കാതെ,
ഒന്നു ചേർത്തമർത്തുക
പോലും ചെയ്യാതെ,
സ്വതന്ത്രമായി പറക്കാൻ വിട്ട്,
ആരെയും ചാരാതെ
തനിച്ചു
തലയുയർത്തിയങ്ങനെ…
നേർത്തൊരു കീറുപോലും
പുറത്തു കാട്ടാതെ
ചന്ദ്രതാരകൾ പോലും
ഒളിച്ചിരിക്കുന്ന രാവുകളുടെ
മുഖപ്പ്;
ആ മുഖപ്പിന് കനം കൂട്ടി
അടക്കിവെക്കപ്പെട്ട
ശബ്ദങ്ങൾ ഇടതിങ്ങുന്ന
മൂകത;
മതിലിനപ്പുറം
മരണം പറന്നിറങ്ങുമ്പോൾ
ഇട നെഞ്ച്
കിടുക്കിമരവിപ്പിക്കുന്ന
തണുപ്പ്;
കണ്ണൊന്നടച്ചാൽ
അകമേ ബാക്കിയാകുന്ന
നിറവ്;
അങ്ങനെയിങ്ങനെ
ഒക്കെയായ
കറുപ്പ്
കേവലം ഒരു നിറമാണത്രെ!
കണ്ണിൽപ്പെടുന്നതെന്തിനെയും
എന്നോ തയ്ച്ച
ചട്ടയ്ക്കുള്ളിലൊതുക്കി
സ്വയമേ ബോധിച്ചൊരു
പേര് വച്ചും
വിളിച്ചും
ശീലിച്ചുപോയല്ലോ നമ്മൾ!
Link to this post!