എന്റെ ഛായാമുഖിയിൽ

അവനെ ഓർക്കുമ്പോഴെല്ലാം
ഒരു കറുത്തപക്ഷിയുടെ
തൂവലുകളിൽ പുരണ്ട
വെള്ളഛായം പോലെ
ഞാനെന്നെ എന്നിൽനിന്നും
കുടഞ്ഞ്കളയുവാൻ
ശ്രമിച്ച്കൊണ്ടിരുന്നു
അവനപ്പോഴും പ്രപഞ്ചത്തിന്റെ
നിശ്ചലതയിൽ പെരുവിരലുകളൂന്നി
ഇരുണ്ടഗർത്തങ്ങൾ താണ്ടി
ചലിക്കുന്ന കാലത്തിന്റെ
വേഗം അടയാളങ്ങളാൽ
രേഖപ്പെടുത്തിക്കൊണ്ടിരുന്നു
ശൂന്യമായ പ്രകമ്പനങ്ങൾ
അകത്തേക്കും പുറത്തേക്കും തുറക്കുന്ന
മനസ്സിന്റെ ഒരൊറ്റവാതിൽ
തകർത്തെറിഞ്ഞു
ഇനി എവിടെ നിന്നാലെന്ത്
ചുറ്റുവാനുള്ളത്
വെറുമൊരു വൃത്തം മാത്രം
പകലോന്റെ വെളിച്ചത്തുണ്ടുകൾ
പരന്ന്കിടക്കുന്നയിടങ്ങളുടെ
ആത്മാവിനുമപ്പുറ-
ത്തുറങ്ങുന്ന ആ കറുത്ത
പക്ഷിയുടെ നിഴലൊന്ന്
കാണുവാനായെങ്കിൽ
ഇതുവരെ എന്റെ ഛായാമുഖിയിൽ
ഞാൻ,ഞാൻമാത്രം.
Link to this post!