Main Menu

മാള്‍ വാക്കിങ്ങും കാണിയുടെ ഏകാന്തതകളും

നഗരമെന്നാല്‍ അവിടുത്തെ റോഡുകളും വാഹനങ്ങളുമല്ല, ആളുകള്‍ തന്നെയുമല്ല, ഷോപ്പിംഗ് മാളുകളാണ്. നഗരത്തിന്റെ ഏറ്റവും ‘മുന്തിയ’ ശീലങ്ങളെ മാളുകളാണ് ആദ്യം വിളംബരം ചെയ്യുന്നത്. ബാര്‍ട്ടര്‍  സിസ്റ്റം മുതല്‍ തുടങ്ങുന്ന ‘ചന്ത’ എന്ന മനുഷ്യന്റെ  പ്രാക്തന സങ്കല്‍പം തന്നെയാണ് കാലദേശങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് മാളുകളിലെത്തിച്ചേര്‍ന്നിരിക്കുന്നത്. എല്ലാറ്റിന്റെയും ആദിമൂലം ഒന്നു തന്നെ, കച്ചവടം. വില്‍ക്കുകയും വാങ്ങുകയും ചെയ്യുക എന്ന വിനിമയത്തിനപ്പുറം കച്ചവടം ഉണ്ടാക്കുന്ന ഒരു സംസ്‌കാരം കൂടിയുണ്ട്, ശീലങ്ങളുണ്ട്. ‘മാങ്ങ മാങ്ങ ആര്‍ക്കും വാങ്ങാം, അഞ്ചെടുത്താല്‍ പത്ത്, പത്ത് എടുത്താല്‍ പതിനഞ്ച്’ എന്ന് താളത്തില്‍ ചൊല്ലുന്ന കവലയിലെ പച്ചക്കറിക്കച്ചവടക്കാരന്റെ  ശരീരഭാഷയല്ല തുണിക്കടയില്‍  തുണി മുറിക്കുന്നവന്റെ.  തുണി മുറിക്കുന്നവന്റെ ഭാഷയല്ല ഹോട്ടല്‍ സപ്‌ളയറുടേത്. സപ്‌ളയറുടേതല്ല മെഡിക്കല്‍ റെപ്പിന്റേത് . എല്ലാത്തരം കച്ചവടങ്ങള്‍ക്കും കാരണഭൂതരാകുന്ന ജനവും വ്യത്യസ്തമാണ് . എങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ ഉപഭോക്തൃത്വത്തിന്റെ കുടക്കീഴില്‍ ഈ ജനതയെ നിര്‍വ്വചിക്കാവുന്നതാണ്. നഗരം പൌരധര്‍മ്മത്തിന് അനുസരിച്ചല്ല പുലരുന്നത്. അവിടുത്തെ പ്രജ കണ്‍സ്യൂമറാണ്. ആ അര്‍ത്ഥത്തില്‍ നിമിഷം പ്രതി കണ്‍സ്യൂം ചെയ്‌തെടുക്കുന്ന വലിയ ഭാവനയുടെ എളിയ സ്രോതസ്സുകളാണ് ഓരോ കണ്‍സ്യൂമറും.

ഷോപ്പിംഗ് മാളുകളും സമകാലികകലയും തമ്മിലെന്ത് എന്ന്! ന്യായമായും ചോദിക്കാവുന്നതാണ്. പ്രത്യക്ഷത്തില്‍ അവ തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും ആശയതലത്തില്‍ പരസ്പരം വെച്ചു മാറാവുന്ന ഒരനുഭൂതി മണ്ഡലം ഇവ രണ്ടും തമ്മിലുണ്ട്. കല നഗരകേന്ദ്രീകൃതവും ഗാലറികേന്ദ്രീകൃതവും ആയ സാഹചര്യത്തില്‍ കലയുടെ ഉപഭോക്തൃത്വവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അലങ്കരിച്ചു നിര്‍ത്തിയ ഉല്‍പ്പന്നങ്ങള്‍ക്ക് ചുറ്റും വലം വെക്കുന്ന കസ്ടമറും ഗാലറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ കലാവസ്തുവിനു ചുറ്റും  വലം വെക്കുന്ന കാണിയും കാഴ്ചയുടെയും കാഴ്ച്ചപ്പെടലിന്റെയും പ്രതിനിധാനപരമായ നിയോഗങ്ങളില്‍ സന്ധി ചേരുന്നുണ്ട്. വാങ്ങാനോ അനുഭവിക്കാനോ കെല്‍പ്പില്ലാതെ വരുമ്പോള്‍ രണ്ടിടത്തും കാണിയുടെ/കസ്റ്റമറുടെ ശരീരസാന്നിധ്യം തന്നെ സ്വയം ഒരപകര്‍ഷതയിലേക്ക് നയിക്കും. വിപണിയുടെ നിയാമകങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്ന ഉപഭോക്താവിനെ സംബന്ധിച്ച് ഈ അന്യവല്കരണം സ്വാഭാവികമാണ്. എന്നാല്‍ കലയില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന കാണിയെ അത്ര സ്വാഭാവികമായി കാണുക വയ്യ.

1917 ല്‍ തന്നെ മാര്‍ഷല്‍ ദുഷാങ്ങ് കലയും കമ്മോഡിറ്റിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്.  കലാവ്‌സ്തുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെയും ആശയപരമായി നേരിട്ട ദുഷാങ്ങിന്റെ എീൗിമേശി എന്ന സൃഷ്ടി കാലദേശങ്ങള്‍ക്കിപ്പുറവും പ്രസക്തമാവുന്നത് അതിലെ അടങ്ങിയിരിക്കാത്ത സൌന്ദര്യശാസ്ത്ര സന്ദേഹം കൊണ്ടുമാത്രമാണ്. കല എന്ന ദൃശ്യാനുഭവം അതിന്റെ സാംസ്‌കാരികവും മാനുഷികവുമായ സന്ദര്‍ഭങ്ങളില്‍ നിന്നും വിമുക്തി നേടുകയും പണമൂല്യത്തിന്റെ തോതനുസരിച്ച് ക്രമപ്പെടുത്താവുന്നതുമായി. അതുകൊണ്ട് തന്നെ കലയെ കുറിച്ചുള്ള ഏത് എഴുത്തും ഇന്ന്! കലാചരിത്രത്തോടു തന്നെയുള്ള വെല്ലുവിളികളാണ്. കലയില്‍ അന്തര്‍ലീനമായിരിക്കുന്ന ബാഹ്യ ഇടപെടലുകളെ അതിജീവിച്ച്  കൊണ്ട് അതിന്റെ ഭാവുകത്വത്തെ രേഖപ്പെടുത്തുക എന്നതും ശ്രമകരമാണ്. വിപുലമായ അര്‍ത്ഥത്തില്‍ സമകാലിക കല ഒരു പാക്കേജായാണ് നമുക്ക് ലഭിക്കുന്നത്, അതില്‍ ഗാലറിയുടെയും ക്യൂറേറ്റരുടെയും ഇംഗിതങ്ങള്‍ ഉണ്ട്, അതിവ്യഖ്യാനങ്ങളുടെ അകമ്പടിയുണ്ട്. കൂടെ നിഷ്‌കാസിതനായ കാണിയുടെ നിര്‍ജീവശരീരവും. ചിത്രകാരന്റെയോ കലാനിരൂപകന്റെയോ കണ്ണടയിലൂടെയുള്ള നോട്ടത്തിനുപരി  സമകാലിക കലയില്‍ നിന്ന്! തിരസ്‌കൃതനായ ആ കാണിയെ തിരിച്ചു പിടിക്കാനുള്ള എഴുത്ത് കൂടിയാണ് ഈ കലയെഴുത്ത്.

അടിക്കുറിപ്പ്: ഇന്ത്യ ആര്‍ട്ട് ഫെയർ 2012 ൽ നിന്നുള്ള കാഴ്ച



3 Comments to മാള്‍ വാക്കിങ്ങും കാണിയുടെ ഏകാന്തതകളും

  1. മാള്‍ വക്കിങ്ങിംഗ് ഇനിയും ചെര്കേണ്ട പലതും കണ്ടില്ല, മാളുകള്‍ നിര്‍മിക്കുമ്പോള്‍ പുറം ചുമരില്‍ വരുത്തുന കല, നടവരയിലെ കല ശില്പങ്ങള്‍, ആള്കൂട്ടതിലും തനിയെ ആകുന്ന വ്യക്തിയെന്ന ( കസ്റ്റമര്‍ ) എന്ന ഒട്ടതുരതുകളെ തടങ്ങ്‌ നിര്‍ത്തുന്ന വിരഹ, വിശദ ചിത്ര സൌക്യ്മര്യ്ങ്ങള്‍, അവയുടെ സന്നിവേഷിപ്പുകള്‍ , വാട്ടര്‍ പൈന്ടിലും കാര്യൂന്സിലും തുണിയിലും വരചിട്ടിരിക്കുന്ന കല കൂട്ടുകള്‍ എന്നിവയോടും ഈ യാത്രയില്‍ സല്ലപിക്കംയിരുന്നു

    സ്ന്ഹെഹത്തോടെ, ആശംസകളോടെ

    മുഹമ്മദ്‌ അലി വളാഞ്ചേരി
    തനിമ കല സാഹിത്യ വേദി
    യു എ ഇ

Leave a Reply to Ihsanul haqueCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: