ചുംബനത്തിന്റെ സൌന്ദര്യം
നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്
അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണെന്ന്
ഷേക്‌സ്പിയര്‍ ഉത്ഘോഷിക്കുമ്പോഴും
മധുരതരമായ വിലയേറിയ ചുംബനങ്ങളെ
സദാചാരത്തിന്റെ തീച്ചൂളയിലേക്ക്
അലസമായി എറിഞ്ഞുടക്കരുത്
ചുണ്ടുകളില്‍ ചുംബിച്ചു താഴോട്ടിറങ്ങുന്ന
മഴത്തുള്ളിയുടെ രത്യാത്മക ചിത്രം എത്ര
മനോഹരമായി കാളിദാസന്‍ വര്‍ണ്ണിക്കുന്നു
ഈ നിറച്ചാര്‍ത്തുകളില്‍ അഭിരമിക്കുന്ന
ചുംബനത്തെ ക്ഷണഭംഗുരമായ
വിപ്ളവത്തിന്റെ മേമ്പൊടി ചേര്‍ത്തു
ക്ഷതചിത്രങ്ങള്‍ പൊട്ടിയ കണ്ണാടിയെന്ന
പോലെ സദാചാരത്തിന്റെ
തെരുവില്‍ വലിച്ചെറിയരുത്
വീടു വിട്ടിറങ്ങിയ രണ്ടു ചുണ്ടുകള്‍
പൊതു ഇടങ്ങളിലേക്ക് ഇടിച്ചുകയറി
അതിലോലാമായ മധുരചുംബനത്തെ
വെറുപ്പിന്റെ തലത്തിലേക്ക്
ചവിട്ടി താഴ്ത്തരുത്
ഓര്‍മ്മയാക്കി പതിഞ്ഞു
കിടക്കുന്നതാകണം ഉമ്മകള്‍
ഒരുമ്മയിലൂടെ വലിച്ചെടുക്കുന്നത്
പങ്കാളിയുടെ മനസ്സാണ്
മുത്തിനോട് യാചിക്കുന്നു കടല്‍വെള്ളം
ചിപ്പി തകര്‍ത്തു പുറത്തു വരൂ
പ്രണയചുംബനങ്ങള്‍ക്കായി
പ്രണയത്തിന്റെ വേലിയേറ്റത്തിലുയരുന്ന
തിരകള്‍ ചുണ്ടുകളുടെ കടലോരത്ത്
പെയ്യുന്ന പ്രണയ മുദ്രയാണ് ചുംബനം
ചുണ്ടുകളില്‍ നിന്ന് പ്രണയത്തിന്റെ
പൂക്കളിറുക്കുകയാണവര്‍
അവന്റെ ചുംബനം വീഞ്ഞിലും
ആസ്വാദ്യകരമത്രേ
ചിലപ്പോഴത് വഞ്ചനയുടെ
ആയുധവുമാകുന്നു
യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതും
നിറഞ്ഞ ചുംബനത്തോടെ
ഇതിന്റെ മറുവശത്ത് രാഷ്ട്രീയമോ
സദാചാരമോ എന്തായാലും
സദാചാരത്തിനെതിരെ പ്രതികരിക്കുമ്പോള്‍
നമ്മുടെയുള്ളില്‍ സദാചാരം വളരരുത്